ബാല്‍ഫര്‍: ഒരു ദേശം കവര്‍ന്നെടുത്തതിന്റെ പ്രഖ്യാപനം

ബാല്‍ഫര്‍: ഒരു ദേശം കവര്‍ന്നെടുത്തതിന്റെ പ്രഖ്യാപനം

വാഗ്ദാനങ്ങളുടെ താഴ്‌വരയാണ് നമ്മുടെ ലോകം. ചില വാഗ്ദാനങ്ങള്‍ നിറവേറ്റപ്പെടും. ചിലത് പാടെ വിസ്മരിക്കപ്പെടും. എന്നാല്‍ അന്നത്തെ ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറി ആര്‍തര്‍ ജെയിംസ് ബാല്‍ഫറിന്റെ വാഗ്ദാനം- ബാല്‍ഫര്‍ ഡിക്ലറേഷന്‍- പൂര്‍ണമായും നിറവേറ്റപ്പെട്ടുമില്ല, പിന്‍തള്ളപ്പെടുകയുമുണ്ടായില്ല. ഇന്നേക്ക് നൂറുവര്‍ഷങ്ങള്‍ക്ക് മുമ്പ് അദ്ദേഹം ബ്രിട്ടനിലെ സയണിസ്റ്റ് യഹൂദ സമുദായത്തിന് നല്‍കിയ വാഗ്ദാനമനുസരിച്ച് ജൂതരാഷ്ട്രത്തിന്റെ സംസ്ഥാപനം നടക്കുക തന്നെ ചെയ്തു. എന്നാല്‍ യഹൂദേതരുടെ മൗലികാവകാശങ്ങള്‍ക്ക് ഒരു  റലുമേല്‍പ്പിക്കാതെയാവും ഇത് സംഭവിക്കുക എന്ന വാഗ്ദാനഭാഗം കാറ്റില്‍പറത്തപ്പെടുകയും ഫലസ്തീന്‍ എന്ന ദേശരാഷ്ട്രത്തെ തന്നെ ഭൂമുഖത്ത് നിന്ന് തുടച്ചുനീക്കാനുള്ള ഭീകരമായ ശ്രമങ്ങള്‍ നിരന്തരം അരങ്ങേറുകയുമാണ് ഒപ്പമുണ്ടായത്.

84 വാക്കുകളില്‍ തന്റെ ചരിത്രപ്രസിദ്ധമായ പ്രഖ്യാപനം നടത്തുന്ന കാലത്ത്( 2 നവംബര്‍ 1917) ബാല്‍ഫര്‍, തന്റെ മറ്റ് പല കൂട്ടാളികളെയും പോലെ ഒരു സെമിറ്റിക് വിരുദ്ധനായിരുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ജൂത സമുദായത്തെക്കുറിച്ച് തരിമ്പും ഉത്കണ്ഠയുണ്ടായിരുന്നില്ല അദ്ദേഹത്തിന്. ഫലസ്തീന്‍ എന്ന ജനനിബിഡവും സമ്പുഷ്ടവും ചരിത്രത്തിന്റെ ആഴങ്ങളിലേക്ക് വേരാഴ്ത്തി നില്‍ക്കുന്നതുമായ ഒരു രാഷ്ട്രത്തിനുള്ളില്‍ ഒരു ജൂതരാഷ്ട്രം സ്ഥാപിക്കുക എന്ന പദ്ധതി മുന്നോട്ട് വെക്കുമ്പോള്‍ പോലും ജൂത സ്‌നേഹമായിരുന്നില്ല, മറിച്ച് ഒന്നാം ലോക മഹായുദ്ധത്തിനായുള്ള ബ്രിട്ടീഷ് സൈനിക സന്നാഹങ്ങളുടെ ബൃഹദ് പട്ടികയില്‍ അതിസമ്പന്നരായ ജൂത നേതാക്കന്മാരുടെ കൂടി പേര് ചേര്‍ക്കുക എന്ന നിക്ഷിപ്ത താല്‍പര്യമായിരുന്നിരിക്കണം ബാല്‍ഫറിനെ ഭരിച്ചിട്ടുണ്ടാവുക. കുറച്ചുകൂടി കൃത്യമായി നോക്കിക്കാണുകയാണെങ്കില്‍, പില്‍ക്കാലത്ത് ഫലസ്തീന്‍ എന്നൊരു രാഷ്ട്രത്തെ തന്നെ തങ്ങളുടെ പിതൃഭൂമികകളില്‍നിന്ന് പിഴുത് മാറ്റുന്നതിലും അനവധി തലമുറകളെ തന്നെ ഉന്മൂലനം ചെയ്യുന്നതിലും താന്‍ ബ്രിട്ടനിലെ യഹൂദ നേതാവായിരുന്ന വാള്‍ട്ടര്‍ റോഥ്ഷീല്‍ഡിന് എഴുതി നല്‍കിയ ആ വാഗ്ദാന പത്രം എത്രമേല്‍ സ്വാധീനിക്കാനിരിക്കുന്നു എന്ന് ബാല്‍ഫറിന് അറിവുണ്ടായിരുന്നോ എന്ന് ഉറപ്പിച്ചുപറയാന്‍ സാധിക്കില്ല എന്ന് വ്യക്തമാണ്. അതേസമയം, അദ്ദേഹത്തിന്റെ പിന്മുറക്കാര്‍ ഇപ്പോഴും ജൂതരാഷ്ട്രത്തിന് നല്‍കിവരുന്ന കനത്ത പിന്തുണയെ ആസ്പദമാക്കി ഒരവസാന തീര്‍പ്പുകല്‍പിക്കുവാനാഗ്രഹിക്കുന്നവര്‍, ഫലസ്തീന്റെ ദുരന്ത പൂര്‍ണമായ വിധിയെ കണ്ടില്ലെന്ന് നടിക്കുകയും ഇസ്രയേലിനെയോര്‍ത്ത് അഭിമാനിക്കുകയും ചെയ്യുന്നവരുടെ കൂട്ടത്തില്‍ തന്നെയായിരുന്നു ബാല്‍ഫര്‍ എന്ന് അനുമാനിച്ചാല്‍ അവരെ കുറ്റപ്പെടുത്താനും സാധിക്കില്ല.

ഒരു നൂറ്റാണ്ട് മുമ്പ് ബാല്‍ഫര്‍ നടത്തിയ ആ പ്രഖ്യാപനം ഇപ്രകാരമാണ്: ഫലസ്തീനില്‍ യഹൂദ ജനങ്ങള്‍ക്കായി ഒരു ദേശീയ വാസകേന്ദ്രം സ്ഥാപിക്കുന്നതിനെ നമ്മുടെ ബഹുമാനപ്പെട്ട ഭരണകൂടം പ്രീതിയോടെ വീക്ഷിക്കുന്നു. ഈ ലക്ഷ്യ സാധ്യത്തിനായി നമ്മുടെ ശക്തമായ ഉദ്യമം ഉണ്ടായിരിക്കുന്നതാണ്. ഫലസ്തീനില്‍ നിലവില്‍ ജീവിക്കുന്ന യഹൂദേതര ജനവിഭാഗങ്ങളുടെ സിവിലും മതപരവുമായ അവകാശങ്ങളെയോ മറ്റേതെങ്കിലും രാജ്യങ്ങളില്‍ താമസിക്കുന്ന ജൂതരുടെ അവകാശങ്ങളെയോ രാഷ്ട്രീയാസ്തിത്വത്തെയോ വിപ്രതിപത്തിയോടെ ബാധിക്കുന്ന ഒന്നുംതന്നെ ഇതുമായി ബന്ധപ്പെട്ട് സംഭവിക്കുവാന്‍ പാടുള്ളതല്ല എന്നും ഈ സന്ദര്‍ഭത്തില്‍ വ്യക്തമായി ബോധ്യപ്പെടേണ്ടതാണ്. ഈ പ്രഖ്യാപനം സയണിസ്റ്റ് ഫെഡറേഷന്റെ സമക്ഷത്തിലെത്തിക്കണമെന്ന് ഞാന്‍ അങ്ങയോട്(വാള്‍ട്ടര്‍ റോഥ്ഷീല്‍ഡ്) സവിനയം അഭ്യര്‍ത്ഥിക്കുകയാണ്. വലിയൊരു ബാഹ്യ സൈനിക സന്നാഹത്തിന്റെ സഹായത്തോടെ ഒരു നൂറ്റാണ്ടായി ഫലസ്തീനിലരങ്ങേറുന്ന കൊളോണിയല്‍ യുദ്ധത്തിന്റെ പ്രാരംഭം അടയാളപ്പെടുത്തുന്ന ഒരു സംഭവമായിരുന്നു ഈ പ്രഖ്യാപനമെന്നാണ് ഈ അടുത്ത കാലത്ത് ന്യൂയോര്‍ക്ക് യൂണിവേഴ്‌സ്റ്റിയെ അഭിസംബോധന ചെയ്തുകൊണ്ട് ഫലസ്തീനിയന്‍ പ്രൊഫസര്‍ റാഷിദ് ഖാലിദി അഭിപ്രായപ്പെട്ടത്. സാമാന്യവത്കരിക്കപ്പെടുന്ന അക്കാദമിക ഭാഷയും പ്രബുദ്ധവും അതിസൂക്ഷ്മവുമായി അവതരിക്കുന്ന രാഷ്ട്രീയ അവലോകനങ്ങളും സാധാരണക്കാരായ മനുഷ്യരുടെ ജീവിത ദുരന്തങ്ങളെ വലിയൊരളവോളം മറച്ചുവെക്കുകയാണ് ചെയ്യുക എന്നത് വേദനാജനകമായ ഒരു യാഥാര്‍ത്ഥ്യമാണ്. അപ്പോഴും ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ അധീനതയിലായിരുന്നു ഒരുതുണ്ട് ദേശത്തിന്റെ കൈമാറ്റം വഴി സയണിസ്റ്റുകളെ ബ്രിട്ടീഷ് യുദ്ധനിരയിലേക്ക് ആനയിക്കുവാന്‍ സാധിച്ചു. തന്റെ രാഷ്ട്രീയ കൗശലമോര്‍ത്ത് സ്വയം തോളില്‍തട്ടി അഭിനന്ദിച്ചുകാണും ബാല്‍ഫര്‍! എന്നിട്ടും മുസ്‌ലിംകളും ക്രിസ്ത്യാനികളുമുള്‍പ്പെടുന്ന ദശലക്ഷക്കണക്കിന് ഫലസ്തീനി അറബികളോട് യാതൊരു ദാക്ഷിണ്യവും അദ്ദേഹത്തിനനുഭവപ്പെട്ട് കാണുന്നില്ല എന്നതാണ് ഏറെ സങ്കടകരം. അന്ന് അടിച്ചേല്‍പ്പിക്കപ്പെട്ട ദുര്‍വിധിയുടെ തുടര്‍ച്ചയായി, ഒരു നൂറ്റാണ്ടിലേറെക്കാലമായി യുദ്ധത്തിന്റെയും വംശീയ ശുദ്ധീകരണത്തിന്റെയും അപമാനത്തിന്റെയും നോവ് പേറുകയാണ് ആ ജനത. ഫലസ്ത്വീനികളുടെ നിര്‍ജനീകരണത്തിനുള്ള ഒരു രാജശാസനം തന്നെയായിരുന്നു ബാല്‍ഫര്‍ പ്രഖ്യാപനം. അതിന്റെ ഭീകര പ്രത്യാഘാതങ്ങളില്‍നിന്ന് സുരക്ഷിതമായ അകലം പാലിച്ചുകൊണ്ട് ജീവിക്കുവാന്‍ സാധിച്ച ഒരൊറ്റ ഫലസ്തീനിയെ പോലും ചൂണ്ടിക്കാണിക്കുവാന്‍ സാധ്യമല്ല.

ജീവിതം ബാല്‍ഫര്‍ കീറിമുറിച്ച ദശലക്ഷക്കണക്കിന് ഫലസ്തീനികളില്‍ ഒരാളാണ് തമാം നാസ്സര്‍. ദക്ഷിണ ഫലസ്തീനിലെ ജൗലിസ് ഗ്രാമത്തില്‍ നിന്ന് തന്റെ അഞ്ചാം വയസ്സില്‍ 1948-ല്‍ ആട്ടിയോടിക്കപ്പെട്ട തമാമിന് ഇപ്പോള്‍ 75 വയസ് പ്രായമുണ്ട്. തന്റെ മക്കളോടും പേരക്കുട്ടികളോടും ഒപ്പം ഗസ്സയിലെ നൂസയിറത്ത് അഭയാര്‍ത്ഥി കാമ്പിലാണ് അവര്‍ താമസിക്കുന്നത്. ഹൃദയശൂന്യമായ ഒരു നെടുങ്കന്‍ കറുത്തകാലം സമ്മാനിച്ച് എല്ലാ നൊമ്പരങ്ങളെയും തോളിലേറ്റി രോഗാതുരയായി കഴിയുന്ന തമീമിന്റെ മനസ്സില്‍ ഒരിക്കലും വീണ്ടെടുക്കാന്‍ കഴിയാത്ത തന്റെ ഭൂതകാലം മഞ്ഞുപോലെ ഘനീഭവിച്ചുകിടക്കുകയാണ്. ആര്‍തര്‍ ജെയിംസ് ബാല്‍ഫര്‍ എന്നൊരു മനുഷ്യനാണ് തങ്ങളുടെ ജീവിതയാത്രക്ക് താഴിട്ടതെന്നോ നിതാന്തമായ നിരാനന്ദത്തിന്റെയും നോവിന്റെയും പടുകുഴികളിലേക്ക് തലമുറകളെ തന്നെ തള്ളിയിട്ടതെന്നോ തമാമിന് അറിയുകപോലുമില്ല. സാധാരണക്കാരായ മനുഷ്യരുടെ സ്വകാര്യ സ്മരണകളിലൂടെ ഫലസ്തീന്റെ ദേശീയ ഭൂതകാലം ഡോക്യുമെന്റ് ചെയ്യുക എന്ന ലക്ഷ്യത്തോടെ പലരെയും കണ്ട കൂട്ടത്തില്‍ തമാമിനോടും എനിക്ക് സംസാരിക്കാന്‍ സാധിക്കുകയുണ്ടായി. ബ്രിട്ടീഷ് കാവല്‍ പടയുടെ പിന്നാലെ മിഠായിക്ക് വേണ്ടി യാചനാപൂര്‍വം ഓടിപ്പോയിരുന്ന നിഷ്‌കളങ്ക ബാല്യമാണ് അവരുടെ ഏറ്റവും പഴയ ഓര്‍മകളില്‍നിന്ന് കണ്‍തുറന്നത്. മണ്ണ് കൊണ്ടായിരുന്നു തമാമിന്റെ വീട് നിര്‍മിക്കപ്പെട്ടിരുന്നത്. വീടിന്റെ മുമ്പില്‍ ഒരു കൊച്ചു മുറ്റവുമുണ്ടായിരുന്നു. സൈനിക വാഹനങ്ങള്‍ ഗ്രാമത്തില്‍ ഇരമ്പിയെത്തുമ്പോള്‍ താനും സഹോദരന്മാരും മുറ്റത്ത് പതുങ്ങിയിരിക്കാറുണ്ടായിരുന്നെന്നും ക്രമേണ അതൊരു നിത്യസംഭവമായി മാറിയെന്നും തമാം പേടിയോടെ ഓര്‍ത്തെടുക്കുന്നു. അതിനെത്തുടര്‍ന്നാണ് ബ്രിട്ടീഷ് സൈന്യവും സയണിസ്റ്റ് പടയും ചേര്‍ന്ന് സായുധാക്രമണത്തിലൂടെ ജൗലിസ് പിടിച്ചടക്കുന്നതും തമാമിനെയും കുടുംബാംഗങ്ങളെയും ഉള്‍പ്പെടെ പ്രദേശവാസികളെ മുഴുവന്‍ ഗസ്സയിലേക്ക് തുരത്തുന്നതും. ഗസ്സയിലെ അഭയാര്‍ത്ഥി കാമ്പിലെ ഈ സുദീര്‍ഘ വാസത്തിനിടയില്‍ ബോംബ് വര്‍ഷങ്ങളും കടന്നാക്രമണങ്ങളും ഉപരോധങ്ങളും പട്ടിണിയും പലവുരു കണ്ടുകഴിഞ്ഞു തമാം. പ്രായം ശരീരത്തിനും തന്റെ സഹോദരന്‍ സാലിമിന്റെയും മകന്‍ കമാലിന്റെയും അകാല വേര്‍പാടുകള്‍ മനസ്സിനും ക്ഷതമേല്‍പ്പിച്ചിട്ടുണ്ടെങ്കിലും അവരുടെ നിശ്ചയദാര്‍ഢ്യത്തിന് ഇന്നും അല്‍പം പോലും പോറലേറ്റിട്ടില്ല. 1956ലെ ഇസ്രയേലി അധിനിവേശക്കാലത്ത് ഗസ്സമുനമ്പില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കവെ സാലിമിനെ ഇസ്രയേല്‍ സൈന്യം വെടിവെച്ച് കൊല്ലുകയായിരുന്നു. ഇസ്രയേലി തടവറകളിലെ ദണ്ഡനങ്ങളുടെ ആഘാതത്താല്‍ ആരോഗ്യം നഷ്ടപ്പെട്ട് മരിച്ചുപോകുകയായിരുന്നു കമാല്‍. ഫലസ്തീനില്‍ ജീവിക്കുന്ന യഹൂദേതര ജനവിഭാഗങ്ങളുടെ സിവിലും മതപരവുമായ അവകാശങ്ങള്‍ക്ക് ഒരു കോട്ടവും സംഭവിക്കരുതെന്നായിരുന്നു പ്രഖ്യാപനമെങ്കിലും ബ്രിട്ടീഷ് ഗവണ്‍മെന്റ് പ്രതിബദ്ധത കാണിച്ചത്/ കാണിക്കുന്നത് ഇസ്രയേലിനോട് മാത്രമാകുമ്പോള്‍ തമാമിനെപ്പോലുള്ളവരുടെ ഓര്‍മകളില്‍ മറ്റെന്തുണ്ടാകാന്‍? തകര്‍ന്ന ഹൃദയവും പലവിധ ശാരീരിക പീഢകളുമായി അഭയാര്‍ത്ഥി കാമ്പില്‍ നരകിച്ചു ജീവിക്കുമ്പോഴും മനസ്സുകൊണ്ട് ജൗലിസിലേക്ക് മടക്കയാത്ര നടത്താറുണ്ട് തമാം. ജീവിക്കുവാന്‍ പ്രേരിപ്പിക്കുന്നതായി മറ്റെന്തുണ്ട് അവര്‍ക്കീ ഭൂമിയില്‍.

ബാല്‍ഫര്‍ പ്രഖ്യാപനത്തിന്റെ ശതാബ്ദിയാഘോഷിക്കുവാന്‍ തയാറെടുക്കുകയാണ് ബ്രിട്ടീഷ് ഗവണ്‍മെന്റ്. ഫലസ്തീനികളുടെ ചെലവില്‍ ജൂതരാഷ്ട്രം നിര്‍മിക്കുക എന്ന വിപത്സൂചകമായ പ്രഖ്യാപനം നടന്ന് നൂറ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കാര്യങ്ങള്‍ക്ക് ഒരു മാറ്റവുമുണ്ടായിട്ടില്ല. സാമ്രാജ്യത്വം ഒന്നും പഠിച്ചിട്ടില്ല. ഒരു നിലപാടും മാറ്റിയിട്ടുമില്ല. അതേസമയം സ്വാതന്ത്ര്യത്തിനും അന്തസ്സിനും അസ്തിത്വത്തിനും വേണ്ടി നൂറുകൊല്ലങ്ങളായി പോരാടുന്ന ഫലസ്തീന്റെ ഇച്ഛാശക്തിക്ക് ഒരു ചെറിയ പോറല്‍ പോലുമേല്‍പ്പിക്കുവാനും അവര്‍ക്ക് സാധിച്ചിട്ടില്ല. അതാവട്ടെ സുപ്രധാനമാണ് താനും.

(ഡോ. റംസി ബാറൂദ്: രണ്ട് ദശകങ്ങളിലേറെയായി മധ്യേഷ്യന്‍- അന്താരാഷ്ട്ര വിഷയങ്ങളെക്കുറിച്ച് എഴുതിക്കൊണ്ടിരിക്കുന്നു. ലോകപ്രസിദ്ധ ഗ്രന്ഥകാരനും കോളമിസ്റ്റും പാലസ്റ്റൈന്‍ ക്രോണിക്കിളിന്റെ സ്ഥാപക പത്രാധിപരുമാണ്).
കെ സി ശൈജല്‍

You must be logged in to post a comment Login