ചരിത്രവും അനുഭവവും തമ്മില്‍ കാണുമ്പോള്‍

ചരിത്രവും അനുഭവവും തമ്മില്‍ കാണുമ്പോള്‍

ജോര്‍ദാനിലെ അമ്മാനില്‍നിന്നാണ് ഞങ്ങള്‍ ഫലസ്തീനിലേക്ക് പോവുന്നത്. വിദ്യാര്‍ത്ഥിയായിരുന്ന കാലത്ത് വലിയ സ്വപ്‌നങ്ങളിലൊന്നായിരുന്നു യാത്ര. എത്രയോ തവണ യാസര്‍ അറഫാത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ വിമാനമിറങ്ങുന്നത് മനക്കണ്ണില്‍ സങ്കല്‍പിച്ചിട്ടുണ്ട്. 1995ലാണ് ഫലസ്തീന്‍ അതോറിറ്റിക്കുകീഴില്‍ ഫലസ്തീന്‍ എയര്‍ലൈന്‍സ് സ്ഥാപിക്കപ്പെട്ടത്. മൊറോക്കോയിലെ പ്രസിദ്ധമായ കാസബ്ലാങ്കാ വിമാനത്താവളത്തിന്റെ മോഡലില്‍ 86 മില്യണ്‍ ഡോളര്‍ മുടക്കിയാണ് ഫലസ്തീന്‍ മനോഹരമായ എയര്‍പോര്‍ട്ട് നിര്‍മിച്ചത്. ഹസന്‍ രാജാവ് അയച്ചുകൊടുത്ത എന്‍ജിനീയര്‍മാരുടെ നേതൃത്വത്തിലായിരുന്നു നിര്‍മാണം. 1998 നവംബര്‍ 14ന് യാസര്‍ അറഫാതും ബില്‍ക്ലിന്റനും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. ഒരു രാഷ്ട്രത്തിന്റെ മൊത്തം സ്വപ്‌നങ്ങളായിരുന്നു ഇവിടെ നിന്ന് ചിറകടിച്ചുയര്‍ന്നത്. എന്നാല്‍ 2001ല്‍ ഇസ്രയേലിന്റെ കിരാത സൈന്യം വിമാനത്താവളം ബോംബിട്ട് നശിപ്പിച്ചു. ബുള്‍ഡോസറുകള്‍ ഉപയോഗിച്ച് റണ്‍വേ ഇളക്കിമറിച്ചിട്ടു. വാനോളം ഉയരത്തില്‍ പറന്ന ഫലസ്തീനികളുടെ ആത്മാഭിമാനത്തിന്റെ ചിറകുകളാണ് ഇസ്രയേല്‍ അന്നരിഞ്ഞിട്ടത്. ഇപ്പോഴും ഗസ്സയില്‍ റഫഹ് ബോര്‍ഡര്‍ ക്രോസിംഗിന്റെ തൊട്ടടുത്ത് വിശാലമായൊരു വിമാനത്താവളത്തിന്റെ അവശിഷ്ടങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. തങ്ങളുടെ വിമാനത്താവളത്തെ ലോകശ്രദ്ധയില്‍ കൊണ്ടുവരാന്‍ 2010 ജൂലൈ 22ന് 7203 ഫലസ്തീനി കുട്ടികള്‍ ചേര്‍ന്ന് തകര്‍ക്കപ്പെട്ട റണ്‍വേയില്‍ ബാസ്‌കറ്റ് ബോള്‍ കളിച്ചത് ഗിന്നസ് ബുക്കില്‍ ഇടം നേടിയിരുന്നു. ഇസ്രയേല്‍ ഉപരോധം രൂക്ഷമായ കാലഘട്ടത്തില്‍ തകര്‍ന്നടിഞ്ഞ വീടുകള്‍ പുനരുദ്ധരിക്കാന്‍ ഇഷ്ടികക്കഷ്ണം പോലും കിട്ടാതായപ്പോള്‍ ഫലസ്തീനികള്‍ വിമാനത്താവളത്തിന്റെ കെട്ടിടാവശിഷ്ടങ്ങള്‍ വാരിക്കൊണ്ടുപോകുന്ന ചിത്രങ്ങള്‍ അറബ് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്നിരുന്നു.

ഇസ്രയേല്‍ വിമാനത്താവളം നശിപ്പിച്ചതിന് ശേഷം ഈജിപ്ഷ്യന്‍ നഗരമായ അല്‍അരീശിലാണ് ഫലസ്തീന്‍ എയര്‍ലൈന്‍സിന്റെ ആസ്ഥാനം. ഒരു രാജ്യത്തിന്റെ വിമാന സര്‍വീസുകള്‍ക്ക് സ്വന്തം രാജ്യത്ത് പ്രവേശിക്കാന്‍ അനുമതിയില്ലാതിരിക്കുകയും മറ്റൊരു രാജ്യത്ത് നിന്ന് ഓപറേറ്റ് ചെയ്യപ്പെടേണ്ടി വരികയും ചെയ്യുന്ന ലോകത്തിലെ ഏക അനുഭവം ഫലസ്തീനികളുടെതായിരിക്കണം. റഫഹ് അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന ഈജിപ്ഷ്യന്‍ നഗരമാണ് അല്‍ അരീശ്. മരുഭൂമിയുടെ മണവാട്ടി എന്ന് വിളിക്കുന്ന നഗരം. ഞങ്ങള്‍ താമസിച്ചിരുന്ന ജോര്‍ദാന്‍ തലസ്ഥാന നഗരമായ അമ്മാനിലേക്ക് ദിവസവും ഹജ്ജ് സീസണില്‍ സഊദിയിലെ ജിദ്ദയിലേക്കും ഫലസ്തീനിന്റെ വിമാനങ്ങള്‍ പറന്നുപൊങ്ങുന്നത് ഇവിടെനിന്നാണ്. ഞങ്ങളുടെ സ്വപ്‌നങ്ങളുടെ ചിറകരിയാന്‍ നിങ്ങള്‍ക്ക് സാധിക്കില്ലെന്ന കരുത്തുറ്റ ഇച്ഛാശക്തിയുടെ സന്ദേശവുമായി.

ഫലസ്തീനും ഇസ്രയേലും സന്ദര്‍ശിച്ചുവേണമായിരുന്നു ഞങ്ങള്‍ക്ക് ഈജിപ്തിലേക്ക് പോകാന്‍. അതിനാല്‍ അല്‍ അരീശിലേക്ക് വിമാനം കയറി തിരിച്ച് ഫലസ്തീനിലേക്ക് റോഡുമാര്‍ഗം വരുന്നതിനേക്കാള്‍ നല്ലത് അമ്മാനില്‍നിന്ന് ടൂറിസ്റ്റ് ഏജന്‍സി തരപ്പെടുത്തുന്ന ബസില്‍ അതിര്‍ത്തി കടക്കുന്നതാണെന്ന് ഞങ്ങള്‍ മനസ്സിലാക്കി. 2016 ഏപ്രില്‍ 15 വെള്ളി, അമ്മാനിലെ അര്‍റാബിയയില്‍നിന്ന് സുബ്ഹി നിസ്‌കരിച്ചയുടനെ ഞങ്ങളിറങ്ങി. എങ്ങനെയെങ്കിലും മസ്ജിദുല്‍അഖ്‌സയില്‍ ജുമുഅക്കെത്തണം. ഒരു ഘട്ടത്തില്‍ വിശ്വാസികളുടെ ഖിബ്‌ലയായിരുന്ന പുണ്യഗേഹം. മൂന്നാം ഹറം. ഞങ്ങള്‍ ഓരോരുത്തരുടെയും ഹൃദയം തുടിച്ചുകൊണ്ടിരുന്നു. എട്ടുമണിക്കുമുമ്പ് ബോര്‍ഡര്‍ കടക്കണം. ഇല്ലെങ്കില്‍ പ്രതീക്ഷകള്‍ തകിടം മറിയും.
ഒരു മതതാരതമ്യ പഠന വിദ്യാര്‍ത്ഥിയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ളതാണ് ഫലസ്തീന്‍. ജൂത, ക്രൈസ്തവ, ഇസ്‌ലാം വിശ്വാസികള്‍ക്കെല്ലാം മതപരമായ പ്രാധാന്യവും സവിശേഷതകളും പറയാനുള്ള നാട്. ഇബ്‌റാഹീമും ലൂഥും ഇസ്ഹാഖും ഇസ്മാഈലും യഅ്ഖൂബും യൂസുഫും സഹോദരങ്ങളും മൂസയും ഹാറൂണും ദാവൂദും സുലൈമാനും- വഅലൈഹിമുസ്സലാം- പോവുന്നതും വരുന്നതും ഉറങ്ങുന്നതും ഉണരുന്നതും ഭക്ഷിക്കുന്നതും ഉപവസിക്കുന്നതുമെല്ലാം എത്രയോ വായിച്ചിട്ടുണ്ട്. അപ്പോഴെല്ലാം ആ രംഗങ്ങള്‍ കണ്‍മുന്നില്‍ കാണുന്നതുപോലെ തോന്നിയിട്ടുണ്ട്. ബൈബിളില്‍ മസ്ജിദുല്‍ അഖ്‌സയില്‍ വാണിഭം നടത്തിയിരുന്നവരെ യേശു ചമ്മട്ടി കൊണ്ട് അടിച്ചോടിക്കുന്ന രംഗങ്ങള്‍ വായിച്ചും പറഞ്ഞും എഴുതിയും ആവിഷ്‌കരിക്കുമ്പോഴെല്ലാം ഒരു വീഡിയോയില്‍ കാണുന്ന പോലെ മനക്കണ്ണില്‍ മിന്നിമറഞ്ഞിട്ടുണ്ട്. ആ സ്വപ്‌ന ഭൂമിയിലേക്കാണ് ഞാനിപ്പോള്‍ കാലെടുത്തുവെക്കാന്‍ പോകുന്നത്. ജീവിതത്തിലെ അനര്‍ഘ സുന്ദരമായ നിമിഷങ്ങളിലൊന്ന്.

സമയം രാവിലെ ഏഴരയോടടുക്കുന്നേയുള്ളൂ. ഞങ്ങള്‍ ജോര്‍ദാനേയും വെസ്റ്റ് ബാങ്കിനെയും പരസ്പരം ബന്ധിപ്പിക്കുന്ന കിംഗ് ഹുസൈന്‍ പാലത്തിനടുത്തെത്തി. ഇമാമുനശ്ശാഫിഈയുടെ ജന്മനാടായും ഹമാസിന്റെ ശക്തികേന്ദ്രമായും പലതവണ നമുക്ക് കേട്ടുപരിചയമുള്ള ഗസ്സ വെസ്റ്റ് ബാങ്കിലാണ്. പുരാതന ഇസ്‌ലാമിക ചരിത്ര ഗ്രന്ഥങ്ങളില്‍ കാണുന്ന ഗസ്സതുഹാശിം. നബിതിരുമേനിയുടെ ഉപ്പുപ്പയായ ഹാശിം നിരന്തരം കച്ചവടാവശ്യങ്ങള്‍ക്കുവേണ്ടി യാത്ര ചെയ്യുകവഴി സുപരിചിതമായതിനാലാണ് അറബികള്‍ ഗസ്സതുഹാശിം എന്ന് വിളിച്ചത്.
ജോര്‍ദാനെയും വെസ്റ്റ് ബാങ്കിനെയും ബന്ധിപ്പിക്കുന്നത് എന്ന് പറയുന്നതിനെക്കാള്‍ ഈസ്റ്റ് ബാങ്കിനെയും വെസ്റ്റ് ബാങ്കിനെയും എന്ന് പറയുന്നതായിരിക്കും കൂടുതല്‍ ശരി. ജോര്‍ദാന്‍ നദിയുടെ കിഴക്ക് ജോര്‍ദാനും വടക്ക് ഫലസ്തീനുമാണ്. 1885ല്‍ ഉസ്മാനിയ്യ ഭരണകൂടമാണ് ഇവിടെ പാലം പണിതത്. പിന്നീട് ഒന്നാം ലോക മഹായുദ്ധ കാലത്ത് ബ്രിട്ടീഷുകാര്‍ പുതുക്കിപ്പണിതു. ജോര്‍ദാന്‍കാര്‍ ഹുസൈന്‍ രാജാവിന്റെ പാലമെന്നും ഇസ്രയേലികള്‍ അലന്‍ബീ ബ്രിജെന്നും വിളിക്കുന്നു. ജോര്‍ദാനെയും ഇസ്രയേലിനെയും റോഡുമാര്‍ഗം ബന്ധിപ്പിക്കുന്ന ഒരേയൊരു ബോര്‍ഡര്‍ ക്രോസിംഗാണിത്. ഇസ്രയേല്‍ എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിയന്ത്രണത്തിലുള്ള അലന്‍ബി ബ്രിജ് ടെര്‍മിനലിലെ കര്‍ശനമായ ചെക്കിംഗ് മുറകള്‍ നേരത്തെ ഇതുവഴി യാത്ര ചെയ്ത പലരില്‍നിന്നും ധാരാളം കേട്ടിട്ടുണ്ട്. ഏതാണ്ട് മുക്കാല്‍ മണിക്കൂര്‍ സമയം വെസ്റ്റ് പാലം കടക്കുന്നതിനുള്ള അനുമതിക്കായി കാത്തുകിടക്കുന്നു. തോക്ക് പിടിച്ച ഇസ്രയേല്‍ പട്ടാളം ഡ്രൈവറോട് എന്തെല്ലാമോ ചോദിക്കുന്നുണ്ടായിരുന്നു. അനന്തരം ബോംബ് സ്‌ക്വാഡിന്റെ പരിശോധന. വീണ്ടും പത്തുമിനിറ്റിനുശേഷം ബസ് ടെര്‍മിനല്‍ കാമ്പൗണ്ടിലേക്ക് കയറ്റിയിട്ടു. ടെര്‍മിനലിലെ അഗ്നിപരീക്ഷക്ക് ശേഷം മറ്റൊരു ബസിലാണ് യാത്ര തുടരാനുള്ളത്. ഞങ്ങള്‍ ഡ്രൈവറോടും സഹായിയോടും യാത്ര പറഞ്ഞിറങ്ങി.

ഇതുവഴിയായിരിക്കുമോ തിരുമേനിയുടെ പിതാമഹന്‍ ഹാശിമും ഗസ്സയിലേക്ക് വന്നത്. അന്നീ നദി മുറിച്ചുകടക്കാന്‍ എന്ത് സംവിധാനമാണാവോ ഉണ്ടായിരുന്നത്. അതെന്താണെന്നറിയില്ലെങ്കിലും അറിയുന്ന ഒന്നുണ്ട്; ബ്രിട്ടീഷ് പട്ടാള ജനറല്‍ എഡ്മണ്ട് അലന്‍ബീ ഈജിപ്തില്‍നിന്ന് വന്നത് ഇതുവഴിയായിരുന്നു. ഒന്നാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ട കാലം. അറബുപട്ടണങ്ങള്‍ ഒന്നൊന്നായി പിടിച്ചെടുക്കുവാനുള്ള ബ്രിട്ടന്റെ ചതിപ്രയോഗങ്ങള്‍ ഏറെക്കുറെ വിജയിച്ചു. 1915ല്‍ ഇറാഖ് വീണു. 1917 മാര്‍ച്ചില്‍ ബഗ്ദാദും കീഴടക്കി. പട്ടാള ജനറല്‍ അലന്‍ബീയെ ബ്രിട്ടീഷ് പ്രധാനമന്ത്രി ഈജിപ്തിലേക്കയച്ചു. ഇനി അദ്ദേഹമാണ് ഈജിപ്ഷ്യന്‍ എസ്‌പെഡീഷണറി ഫോഴ്‌സിന്റെ(ഇ ഇ എഫ്) കമാന്‍ഡര്‍. ഇദ്ദേഹമായിരുന്നു നേരത്തെ ടി ഇ ലോറന്‍സിനെ അറേബ്യയിലേക്കയച്ചത്. ഈജിപ്തിലേക്കു പുറപ്പെടുമ്പോള്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി അദ്ദേഹത്തോട് ആവശ്യപ്പെട്ടത് അടുത്ത ക്രിസ്മസിന് മുമ്പ് ഫലസ്തീനിലെ മസ്ജിദുല്‍ അഖ്‌സാ നിലനില്‍ക്കുന്ന ജറുസലേം പട്ടണം എനിക്ക് സമ്മാനമായി കിട്ടണം എന്നായിരുന്നു. അലന്‍ബി ഈജിപ്തില്‍നിന്ന് ഗസ്സ, ജാഫ വഴി ഫലസ്തീനിലേക്ക് കടന്നു. ജര്‍മന്‍-ഓട്ടോമന്‍ സൈന്യത്തെ തകര്‍ത്തു. 1917 ഡിസംബര്‍ 9ന് പതിനെട്ടായിരം മയ്യത്തുകളില്‍ ചവിട്ടി അദ്ദേഹം ജറുസലേം നഗരത്തില്‍ കടന്നു. അയാളുടെ പേരാണ് ഇസ്രയേല്‍ ഈ പാലത്തിന് വിളിക്കുന്നത്.

യോര്‍ദ്ദാന്‍ നദി കാണുവാന്‍ എനിക്ക് നല്ല ആശയുണ്ടായിരുന്നു. ക്രിസ്തുമതത്തെ സംബന്ധിച്ച് ഞാനെഴുതിയ പരശ്ശതം ലേഖനങ്ങളിലും ഗ്രന്ഥങ്ങളിലും യോര്‍ദാന്‍ നദിക്ക് വലിയ പ്രാധാന്യം കിട്ടിയതാണ്. യഹ്‌യാ അമിനെ കുറിച്ച് ആലോചിക്കുമ്പോഴെല്ലാം എന്റെ മനസ്സില്‍ യോര്‍ദാന്‍ നദിയില്‍ യേശുവിനെ സ്‌നാനം ചെയ്യിക്കുന്ന സ്‌നാപകയോഹന്നാന്റെ ചിത്രമാണ് തെളിഞ്ഞുവരാറുള്ളത്. മത്തായി സുവിശേഷത്തിലെ മൂന്നാം അധ്യായം രേഖപ്പെടുത്തുന്ന ഈ യോഹന്നാന്‍ പ്രവചിക്കുന്ന ജലത്താലും അഗ്നിയാലുമുള്ള സ്‌നാനം യോര്‍ദാന്‍ നദിയില്‍ അദ്ദേഹം മാനസാന്തരപ്പെട്ടുവന്നവരെ നടത്തിയതിന് സമാനമായ ജലമാമോദിസ ആണെന്ന വ്യാഖ്യാനത്തില്‍ ക്രൈസ്തവ പണ്ഡിതന്മാര്‍ക്ക് ഭീമാബദ്ധം പിണഞ്ഞിട്ടുണ്ട്. അക്കാര്യം വിശദമായി പരിശോധിച്ചും യോഹന്നാന്റെ അഗ്നിയാലും ജലത്താലുമുള്ള ശുചീകരണത്തെയും വിശുദ്ധ ഖുര്‍ആനിലെ സ്വിബ്ഗതുല്ലാഹിയെയും താരതമ്യം ചെയ്തും രിസാല വാരികയില്‍ മൂന്നു ലക്കം നീണ്ട സാമാന്യം ദീര്‍ഘമായൊരു പ്രബന്ധം ഞാന്‍ എഴുതിയിരുന്നു. ആവേശം പൂണ്ട ഞാന്‍ എന്റെ സ്‌നേഹപുത്രന് പേരിട്ടതും സ്വ്ബ്ഗതുല്ലാഹി എന്നുതന്നെ. ആ ആഖ്യാനങ്ങളുടെ ഓളപ്പരപ്പിനുമുകളിലൂടെയാണ് ഞാനിപ്പോള്‍ ഇസ്രയേലിന്റെ അതിര്‍ത്തി കടന്നിരിക്കുന്നത്.

അലന്‍ബി ബ്രിജ് ടെര്‍മിനലിലെ പരിശോധനകള്‍ ഞങ്ങള്‍ പ്രതീക്ഷിച്ചതിലും കഠിനമായിരുന്നു. എന്നുവെച്ചാല്‍ ദേഹോപദ്രവം ചെയ്യുകയോ മാന്യതക്കു നിരക്കാത്ത വാക്കുകള്‍ പറയുകയോ ചെയ്തുവെന്ന് അര്‍ത്ഥമില്ല. അതേസമയം ഞാനുള്‍പ്പെടെ ഞങ്ങളുടെ സംഘത്തിലെ അഞ്ച് യുവാക്കളുടെയും പാസ്‌പോര്‍ട്ടുകള്‍ തടഞ്ഞുവെച്ചു. കൗണ്ടറിന് പിറകിലിരുന്ന ലേഡി ഇ മെയില്‍ ഐഡിയടക്കം ചോദിച്ചു. എല്ലാവരോടുമുള്ള ചോദ്യമായിരുന്നു എന്തിനാണ് ഇസ്രയേലിലേക്ക് വരുന്നത് എന്ന്. പിന്നെ, വെയ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ചു. ആ ഇരുത്തം മണിക്കൂറുകള്‍ നീണ്ടു. ബയ്തുല്‍മുഖദ്ദസില്‍ ജുമുഅ കിട്ടുമോ എന്ന ടെന്‍ഷന്‍ ഞങ്ങള്‍ ഓരോരുത്തരെയും വേട്ടയാടിക്കൊണ്ടിരുന്നു. തോക്കുപിടിച്ച പട്ടാളക്കാരില്‍ ചിലര്‍ ഇടക്കിടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ടായിരുന്നു. ചിലപ്പോഴെല്ലാം അവര്‍ ഞങ്ങളുടെ സംസാരത്തിലേക്കും ശ്രദ്ധിക്കുന്നുണ്ട്. അതിലൊരു പൂച്ചക്കണ്ണന്‍ കൂടെക്കൂടെ എന്നെത്തന്നെ തുറിച്ചുനോക്കുന്നത് എന്തിനാണെന്ന് എനിക്ക് പിടുത്തം കിട്ടിയില്ല. ജനറല്‍ അലന്‍ബിയുടെ പ്രേതമായിരിക്കുമോ? എന്റെ മനസ്സിലേക്ക് ആ ചിന്ത തികട്ടി വരുന്നു. പതിനെട്ടായിരം കബന്ധങ്ങളില്‍ ചവിട്ടി ജറുസലേം കയ്യടക്കാന്‍ അലന്‍ബി വന്ന സംഭവം. ഫലസ്തീന് നേരെയുള്ള കുരിശുപോരാളികളുടെ വരവും ഇതുപോലെ രക്തപ്പുഴ ഒഴുക്കിയായിരുന്നല്ലോ. അന്ന് ഖുദ്‌സില്‍ പ്രവേശിച്ച കുരിശുയുദ്ധക്കാര്‍ ജനങ്ങളെ മൃഗീയമായി കൂട്ടക്കൊല ചെയ്തു. കുട്ടികള്‍, വൃദ്ധര്‍, രോഗികള്‍, സ്ത്രീകള്‍, ദുര്‍ബലര്‍, നിരപരാധികള്‍… ആരെയും വെറുതെ വിടാന്‍ അവര്‍ തയാറായില്ല. കൂട്ടക്കശാപ്പ്. പരിഭ്രാന്തരായ ജനങ്ങള്‍ പേടിച്ചോടി. അധികം ആളുകള്‍ മസ്ജിദുല്‍ അഖ്‌സയിലാണ് അഭയം തേടിയത്. പള്ളിയും അങ്കണവും ജനങ്ങളെ കൊണ്ട് നിറഞ്ഞു. സ്ത്രീകളും കുട്ടികളും രോഗികളും വൃദ്ധരുമടക്കം ഒരു ലക്ഷത്തോളം ആളുകള്‍. അവരെ കണ്ട ക്രിസ്ത്യന്‍ സ്ഥാനപതി മറ്റൊന്നും ആലോചിച്ചില്ല. ആ ജനക്കൂട്ടത്തെ കശാപ്പ് ചെയ്യാന്‍ ഉത്തരവിട്ടു.

സുല്‍താന്‍ സലാഹുദ്ദീന്‍ അയ്യൂബി ഖുദ്‌സ് മോചിപ്പിച്ചപ്പോഴുണ്ടായ രംഗവും ഞാനോര്‍ത്തു. ആരെയും ഉപദ്രവിച്ചില്ല. ഒരു നുള്ള് മണ്‍തരി പോലും ശരീരത്തിലെറിഞ്ഞില്ല. ആയുധങ്ങളെടുക്കാതെ പട്ടണം വിട്ടുകൊള്ളുക. സ്വത്തും വിഭവങ്ങളും കൊണ്ടുപോകാം. അവിടെ കയറിക്കൂടിയ മുഴുവന്‍ ക്രിസ്ത്യാനികളും അപായങ്ങളില്ലാതെ നിര്‍ഭയരായി നാടുവിട്ടു! ഞാനെന്നോടും സഹയാത്രികരോടും പറഞ്ഞു- ഫാതിഹുല്‍ ഖുദ്‌സ് സ്വലാഹുദ്ദീന്‍ അയ്യൂബിയുടെ പേരില്‍ ഫാതിഹ ഓതാന്‍- നമുക്ക് നിര്‍ഭയരായി കടമ്പ കടക്കാം. അധികം താമസിയാതെ ഞങ്ങളുടെ പാസ്‌പോര്‍ട്ട് കിട്ടിയെങ്കിലും പിന്നെയും രണ്ടോ മൂന്നോ കടമ്പകള്‍ താണ്ടേണ്ടിവന്നു ടെര്‍മിനലിന് പുറത്തെത്താന്‍. പക്ഷേ, അപ്പോഴേക്കും ഞങ്ങള്‍ ഭയപ്പെട്ടതു സംഭവിച്ചിരുന്നു. ഇനി എങ്ങനെ കുതിച്ചോടിയാലും ബൈയ്തുല്‍ മുഖദ്ദസില്‍ ജുമുഅ കിട്ടില്ല- ജൂതന്റെ കുബുദ്ധി തന്നെ വിജയിച്ചു.
ഹാനീ അഹ്മദ് ഹുസൈനെ ഞാന്‍ പരിചയപ്പെട്ടത് ദേഹപരിശോധനക്കായി ക്യൂവില്‍ നില്‍ക്കുമ്പോഴാണ്. എന്റെ ഉപ്പയുടെ പ്രായം തോന്നിക്കുന്ന ഫലസ്തീനി. ഞങ്ങള്‍ ഇന്ത്യക്കാരാണെന്നറിഞ്ഞപ്പോള്‍ അയാള്‍ക്ക് സന്തോഷം. നിങ്ങള്‍ക്ക് മസ്ജിദുല്‍ അഖ്‌സ കാണാമല്ലോ; ഞങ്ങളതിന്റെ മുറ്റത്തായിട്ടും വിധിയില്ല.

ഏതായാലും ജുമുഅ നഷ്ടപ്പെട്ടതിനാല്‍ ഇന്നിനി ബയ്തുല്‍ മുഖദ്ദസിലേക്ക് പോകുന്നതിന് പകരം ഹെബ്രോണിലെ ഇബ്‌റാഹീമിന്റെയും(അ) കുടുംബത്തിന്റെയും മഖ്ബറകള്‍ സിയാറത് ചെയ്യാനും മറ്റു പ്രവാചക മഹത്തുക്കളുടെ അടുക്കല്‍ ചെല്ലാനും തീരുമാനമായി. അതിനാല്‍ ആദ്യം യെരീഹോയിലേക്ക് പോയി. ദൗത്യ നിര്‍വഹണത്തിനായി വന്നപ്പോള്‍ യേശുവിനെ നാല്‍പത് നാള്‍ പിശാച് വട്ടം കറക്കിയ മരുഭൂമിയാണ് യെരീഹോ എന്ന് ബൈബിള്‍ പറയുന്നുണ്ട്. യേശു പിശാചിനോടും പറഞ്ഞു, നിന്റെ ദൈവമായ കര്‍ത്താവിനെ മാത്രമേ ആരാധിക്കാവൂ എന്ന്!
തൊട്ടടുത്ത ദിവസം തന്നെ ഞങ്ങള്‍ ബയ്തുല്‍ മുഖദ്ദസ് കാണാന്‍ പുറപ്പെട്ടു. തിരക്ക് നിറഞ്ഞ വഴിയിലൂടെ ഞങ്ങളുടെ വാഹനം ഓടിക്കൊണ്ടിരിക്കുകയാണ്. പാതയോരങ്ങളില്‍ തുടരെത്തുടരെ പാറാവുപുരകളും തോക്കുപിടിച്ച പട്ടാളക്കാരും. എവിടെ നോക്കിയാലും സൈന്യത്തിന്റെ വാഹനങ്ങള്‍. പെട്ടെന്ന് വാഹനം ഒരു വളവ് തിരിഞ്ഞു. നേരെ മുമ്പില്‍ പുരാതന നഗരത്തിന്റെ പുറം മതിലുകള്‍ കാണാന്‍ തുടങ്ങി. അസാധാരണവും കാലാതീതവുമായൊരു കാഴ്ച. പതിനാറാം നൂറ്റാണ്ടില്‍ ഉസ്മാനിയ്യാ ഭരണാധികാരി സുല്‍താന്‍ സുലൈമാനാണ് പ്രൗഢിയാര്‍ന്ന ഈ കോട്ടമതിലുകള്‍ നിര്‍മിച്ചത്. നഗരത്തിനെ വലയം ചെയ്തുനില്‍ക്കുന്ന ആ വന്‍മതിലിനെ പ്രദക്ഷിണം വെച്ചുകൊണ്ട് ഞങ്ങളുടെ ബസ് സാവധാനം ഒഴുകി. ഓരോ ടേണിംഗ് തിരിയുമ്പോഴും ഓരോരോ കാഴ്ചകള്‍. ദാവൂദിന്റെ(റ) മഖ്ബറ ഉള്‍ക്കൊള്ളുന്ന പള്ളി(ഉമ്ശറ’ െരശമേറലഹ), അതിനപ്പുറത്ത് സിയോണ്‍ മലയിലെ പുതിയ ദേവാലയം, താഴെ ജഹന്നം താഴ്‌വര… അങ്ങനെയങ്ങനെ ബസില്‍ നിന്നേ കാഴ്ചകള്‍ ഖല്‍ബിനെ പറഞ്ഞറിയിക്കാനാകാത്ത ഒരുതരം വൈകാരികാവസ്ഥയിലേക്ക് എത്തിച്ചു. ഞാനെന്റെ സ്വപ്‌നഭൂമികയില്‍ ചെന്നിറങ്ങിയപോലെ. ഇത്രയും കാലം സങ്കല്‍പങ്ങളില്‍ മാത്രം കണ്ടിരുന്നവ ഇപ്പോഴിതാ മൂര്‍ത്തമായി മുന്നില്‍നില്‍ക്കുന്നു. അതെന്റെ മനസ്സില്‍ അവാച്യമായൊരു അനുഭൂതിയുണര്‍ത്തി. ഞാന്‍ സ്വയം സൃഷ്ടിച്ച ഭൂപടം എന്റെ മനസ്സില്‍നിന്ന് പിന്‍വാങ്ങിത്തുടങ്ങി. തീര്‍ത്തും വ്യത്യസ്തമായ കാഴ്ചകള്‍ ഉള്‍ക്കൊള്ളാന്‍ മനസ്സ് തയാറായിത്തുടങ്ങി. ഞങ്ങള്‍ നേരെ പോയത് സൈത്തൂന്‍ കുന്നിലേക്കാണ്.
പുണ്യഭൂമിയിലെ കാഴ്ചകളും ശബ്ദങ്ങളും വെറുതെ തൊട്ടു കടന്നുപോകാന്‍ ഞാന്‍ അനുവദിച്ചില്ല. എന്നെ സംബന്ധിച്ചിടത്തോളം അവ കേവലം ദൃശ്യങ്ങള്‍ മാത്രമായിരുന്നില്ല. ദൈവശാസ്ത്രപരമായും ചരിത്രപരമായും ജൂത-ക്രൈസ്തവമതങ്ങളെ സംബന്ധിച്ച് മനസ്സിലുണ്ടായിരുന്ന കുറെ അവ്യക്തതകളുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലായിരുന്നു ഞാന്‍. ആ സ്ഥലങ്ങളുടെ സങ്കീര്‍ണമായ ചരിത്രത്തിന്റെ ചുരുളുകളഴിച്ചെടുക്കാനുള്ള മനനയത്‌നത്തില്‍ ഞാനവിടെ യേശുവിനെയും പോളിനെയും അന്വേഷിച്ചു. അഹരോന്റെ പാരമ്പര്യത്തില്‍ വന്ന അനേകം മഹാപുരോഹിതന്മാരെ കണ്ടു. ചിന്തകളും ആശയങ്ങളും എത്ര പെട്ടെന്നാണ് കാഴ്ചകളോട് താദാത്മ്യപ്പെടുന്നതെന്ന് ഞാന്‍ ഓരോ നിമിഷവും അറിഞ്ഞു.
സൈത്തൂന്‍ കുന്ന്! മസ്ജിദുല്‍ അഖ്‌സയുടെയും ഖുബ്ബതുസ്സഖ്‌റായുടെയും പനോരമിക് വ്യൂ കിട്ടുന്നത് ഇവിടെനിന്നാണ്. ഖുബ്ബത്തുസ്സഖ്‌റായുടെ സുവര്‍ണകുംഭം ആദ്യമായി കണ്ടപ്പോള്‍ എന്റെ ശ്വാസം നിലച്ചപോലെ തോന്നി. അതാ, അവിടെ നിന്നാണ് എന്റെ സ്‌നേഹറസൂല്‍ സപ്തവാനങ്ങള്‍ക്കപ്പുറത്തേക്ക് അല്ലാഹുവിനെ കാണാന്‍ പോയത്. മസ്ജിദുല്‍ അഖ്‌സയുടെ നേരെ മുമ്പില്‍ കാണുന്നതാണ് ഖുബ്ബത്തുസ്സഖ്‌റ. മസ്ജ്ദുല്‍ അഖ്‌സായുടെ പരിസരം അനുഗ്രഹീതമാണെന്ന് വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ടുണ്ടല്ലോ. അനേകം പ്രവാചകന്മാരുടെ പാദര്‍സ്പര്‍ശം കൊണ്ട് പുളകിതവും ശബ്ദവീചികള്‍കൊണ്ട് മുഖരിതവുമായ മണ്ണ്. ആ മണ്ണിന്റെ ബറകതും അനുഗ്രഹവും പ്രതീക്ഷിച്ച് പലരും ഇവിടെ തമ്പടിച്ച് ആരാധനാ നിമഗ്നരായി കഴിഞ്ഞിട്ടുണ്ട്. സ്വഹാബിയായ സല്‍മാനുല്‍ ഫാരിസി വന്ന് നിന്നിരുന്ന സ്ഥലം പ്രത്യേകമായി അടയാളപ്പെടുത്തുകയും അവിടെ പില്‍ക്കാലത്ത് പള്ളി നിര്‍മിക്കുകയും ചെയ്തിട്ടുണ്ട്. സൈതൂന്‍ കുന്നിനു മുകളില്‍ ബയ്തുല്‍മുഖദ്ദസിന് അഭിമുഖമായാണ് ഇത് നിലനില്‍ക്കുന്നത്. സര്‍വവും മറന്ന് ഇലാഹീ പ്രണയത്തില്‍ വിലയിച്ച റാബിഅതുല്‍ അദവിയ്യയുടെ(റ) വിശ്രമവും ഇവിടെയാണ്. മലമുകളിലെ ഒരു കല്ല് കാണാന്‍ ധാരാളം പേര്‍ വരുന്നു. ഈസായെ(അ) ആകാശത്തിലേക്കുയര്‍ത്തിയപ്പോള്‍ അദ്ദേഹം അവസാനമായി കയറിനിന്നത് ഈ കല്ലിലാണെന്നാണ് പരമ്പരാഗതമായി ജൂത-ക്രൈസ്തവ-ഇസ്‌ലാം വിശ്വാസികള്‍ കരുതിപ്പോരുന്നത്.

ഞങ്ങള്‍ കുന്നിറങ്ങി ബൈതുല്‍ മുഖദ്ദസിലേക്ക് വന്നു. പടിഞ്ഞാറ് ഭാഗത്തുള്ള ഗേറ്റിലൂടെയാണ് അകത്ത് കടന്നത്. ദേഹപരിശോധന നടത്തുന്ന തോക്കേന്തിയ പട്ടാളക്കാര്‍ എന്റെ കൈയ്യിലെ കാനോണിന്റെ കാമറ കണ്ടു. ഇന്ന് ശബതു ദിനമായതിനാല്‍ വെസ്‌റ്റേണ്‍ വാളിന്റെ ഫോട്ടോയെടുക്കരുതെന്ന് പ്രത്യേകം ഓര്‍മപ്പെടുത്തുകയും ചെയ്തു. ശരിയാണ്. ഇന്ന് ശബതു നാളാണ്. യൗമുസ്സബ്ത്. ശനിയാഴ്ച. ജൂതന്മാരുടെ പ്രത്യേക പ്രാര്‍ത്ഥനാ ദിവസം. യേശുവും ശബത്താചരിച്ചിരുന്നുവെന്നാണ് ബൈബിളില്‍ കാണുന്നത്. എന്നാല്‍ പില്‍ക്കാല ക്രിസ്ത്യാനിസം സൂര്യദേവനെ ആരാധിച്ചിരുന്ന റോമക്കാരുമായി നീക്കുപോക്കില്‍ ശബതു വിട്ട് സൂര്യദിവസത്തിലേക്ക് (ടൗിറമ്യ) പ്രാര്‍ത്ഥന മാറ്റുകയാണ് ചെയ്തത്.
ഇത്രയും ഹ്രസ്വമായ വിവരണത്തില്‍ പറഞ്ഞാല്‍ തീരാത്തത്ര അതിശയക്കാഴ്ചകള്‍ മസ്ജിദുല്‍അഖ്‌സയുടെ ചുറ്റും നിറഞ്ഞുനില്‍ക്കുന്നു. ഗോവണിയിറങ്ങി താഴേക്ക് വന്നാല്‍ മസ്ജിദിന്റെ പഴയ കാലത്തെ തറ നിന്നിരുന്ന സ്ഥലത്തെത്താം. ഇവിടെയാണ് മഹതി മര്‍യം(റ) ഇബാദത്ത് ചെയ്തിരുന്നതായി സൂറത്ത് ആലു ഇംറാനില്‍ പരാമര്‍ശിച്ച മിഹ്‌റാബുള്ളത്. അവിടെയിരുന്നപ്പോള്‍ ഉമ്മയുടെ മടിയിലിരിക്കുന്നതുപോലെയുള്ള ഒരു സനാഥത്വബോധം തോന്നി. ശൈത്യകാലത്ത് മാത്രമുണ്ടാകാറുള്ള പഴവര്‍ഗങ്ങള്‍ ഉഷ്ണകാലത്തും നേരെ മറിച്ചും മഹതിയുടെ കൈവശം കാണാനിടയായപ്പോള്‍ മര്‍യം, അന്നാ ലകി ഹാദാ എന്ന് ചോദിക്കുന്ന സക്കരിയായുടെ(അ) ചോദ്യം എന്റെ ചെവികളില്‍ മുഴങ്ങി. മര്‍യമിന്റെ(റ) മറുപടി: അത് അല്ലാഹുവില്‍നിന്നുള്ളതാണ്. താനിച്ഛിക്കുന്നവര്‍ക്ക് തീര്‍ച്ചയായും കണക്കറ്റ് നല്‍കുന്നവനാണല്ലോ അല്ലാഹു. ഞാനാ വചനം ദിനംപ്രതി പ്രഭാതത്തിലും പ്രദോഷത്തിലും ഏഴേഴുതവണ ആവര്‍ത്തിക്കാറുള്ളതാണ്.

ഈസായുടെ(അ) ജന്മസ്ഥലത്ത്/ തൊട്ടിലില്‍ സംസാരിച്ച സ്ഥലത്ത് നിര്‍മിക്കപ്പെട്ടതാണെന്ന് വിശ്വസിക്കപ്പെടുന്ന കനീസതുല്‍ മഹ്ദ്(തിരുപ്പിറവി ദേവാലയം) കണ്ടു. എ ഡി 339 മുതല്‍ ഇവിടെ ചര്‍ച്ച് നിലനില്‍ക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ലാറ്റിന്‍, ഗ്രീക്ക്, ഓര്‍ത്തഡോക്‌സ്, ഫ്രാന്‍സിസ്‌കന്‍, ആര്‍മീനിയന്‍ കോണ്‍വെന്റുകളും പള്ളികളും മണി ഗോപുരങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു. ഇതുപോലെ ക്രൈസ്തവര്‍ക്ക് വളരെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു പള്ളിയാണ് കനീസതുല്‍ ഖിയാമ അഥവാ പുനരുത്ഥാന പള്ളി. ക്രൈസ്തവ പ്രചാരണം അനുസരിച്ച് റോമക്കാര്‍ കുരിശിലേറ്റിയത് ഇതിന്റെ നടുമുറ്റത്ത് വെച്ചാണ്. അകത്ത് ഒരു പരന്ന വലിയ കല്ലുകട്ടില്‍ ഉണ്ട്. കുരിശില്‍നിന്നിറക്കിയ ശരീരം(അത് യേശുവിന്റെതായിരുന്നോ എന്ന കാര്യത്തില്‍ ക്രൈസ്തവ സഭകള്‍ തന്നെ അഭിപ്രായാന്തരം പുലര്‍ത്തുന്നുണ്ട്) ഇവിടെ കിടത്തിയാണ് സുഗന്ധലേപനങ്ങള്‍ പൂശിയതും വെച്ചുകെട്ടിയതും. യേശുവിന്റെ കുരിശുമരണ നാടകത്തെ നന്നായി ചോദ്യം ചെയ്യുന്നതാണ് ബൈബിള്‍ കഥകളിലെ ഈ വിസ്തൃത വര്‍ണന. മരിച്ച ശരീരത്തില്‍ സുഗന്ധലേപനം പുരട്ടുന്ന സമ്പ്രദായം ജൂതന്മാര്‍ക്കോ റോമക്കാര്‍ക്കോ ഇടയില്‍ ഉണ്ടായിരുന്നില്ല. കുരിശില്‍നിന്നിറക്കിയ ജീവനുള്ള ശരീരത്തില്‍ സുഗന്ധലേപനം ചെയ്യുകയാണ് എന്ന വ്യാജേന മരുന്നുകള്‍ വെച്ച് കെട്ടുകയാണ് അരിമത്ഥ്യായിലെ യോസേഫും നിക്കൊദെമേസും ചേര്‍ന്ന് ചെയ്തിട്ടുള്ളതെന്ന് ചരിത്രവിദ്യാര്‍ത്ഥികള്‍ക്കറിയാം. തൊട്ടടുത്ത ഒരു ഗുഹയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തത്. അഥവാ ഒളിപ്പിച്ചുകിടത്തിയത്. മുമ്പ് കേശവമേനോന്‍ എഴുതിയ യേശുദേവന്‍ എന്ന പുസ്തകത്തില്‍ ഗുഹയുടെ വലുപ്പം വായിച്ചപ്പോഴേ കുരിശില്‍ നിന്നിറങ്ങിയ വ്യക്തിക്ക് രക്ഷപ്പെടാന്‍ അവസരമൊരുക്കുകയായിരുന്നു അത്രയും വലിയ ഗുഹയില്‍ പാര്‍പ്പിച്ചതിന്റെ ഉദ്ദേശ്യം എന്ന ഗവേഷകരുടെ നിരീക്ഷണം ശരിയാണ് എന്ന് തോന്നിയിരുന്നു. അപ്പോഴും അതിന് ഇത്രയും വലിപ്പമുണ്ടാകുമെന്ന് വിചാരിച്ചില്ല. ശബതു ദിനത്തിലെ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നുകൊണ്ടിരുന്നതിനാല്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നത് തടയാന്‍ അവിടെ ജൂതന്മാര്‍ കാവലുണ്ടായിരുന്നു. അവരുടെ കണ്ണുവെട്ടിച്ചാണ് ഏതാനും പടങ്ങള്‍ ഒപ്പിച്ചത്. ഇതിന്റെ നേരെ മുന്നിലാണ് ഉമ്മുല്‍ മസീഹ് മര്‍യമിന്റെ(റ) വിശ്രമം. ഇതും ക്രിസ്ത്യാനികളുടെ അധീനതയിലാണ്. ഇടുങ്ങിയതും ഉയരം കുറഞ്ഞതുമായ ഒരു കവാടത്തിലൂടെ അകത്തുകടക്കണം. ഒരു ഭൂഗര്‍ഭ അറയായതിനാല്‍ വെളിച്ചം കുറവാണ്. അവരുടെ ചാരത്തുനിന്ന് അര്‍ധനഗ്നകളായ മദാമമാര്‍ ഫോട്ടോക്ക് പോസു ചെയ്യുന്നത് കാണുമ്പോള്‍ നാണക്കേട് തോന്നുന്നു. അല്ലാഹു മഹതിയുടെ ദറജകള്‍ ഉയര്‍ത്തട്ടെ! സുവര്‍ഗപ്പൂങ്കാവില്‍ തിരുമേനിയുമൊത്തുള്ള തൃക്കല്യാണം കാണാന്‍ നമ്മെയും കനിയട്ടെ!

വെസ്റ്റേണ്‍ വാള്‍ എന്ന് വിളിക്കുന്ന ഭാഗത്ത് ജൂതന്മാര്‍ പ്രാര്‍ത്ഥനയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു. മസ്ജിദുല്‍ അഖ്‌സായുടെ പടിഞ്ഞാറേ ചുമരാണ് വെസ്റ്റേണ്‍ വാള്‍. പലരും അതില്‍ കൈവെച്ച് പൊട്ടിക്കരയുന്നുണ്ടായിരുന്നു. ഫോട്ടോയെടുത്ത് കൂടെന്ന് എഴുതിയ ബോര്‍ഡുകള്‍ ധാരാളം. അതിന് പുറമെ എമ്പാടും പട്ടാളക്കാരും. കാമറ കാണിക്കാതെ ഞാനും ചുമരിനടുത്തേക്ക് പോയി. അവിടെ ജൂതബാലന്മാര്‍ക്ക് റബ്ബിമാര്‍ ക്ലാസെടുക്കുകയും തോറ പാരായണം പരിശോധിക്കുകയും ചെയ്യുന്നത് കണ്ടു. ഭക്തരായ കുറെ പേര്‍ ചുമരില്‍ പൊട്ടിക്കരയുന്നതോടൊപ്പം തുണ്ടു കടലാസില്‍ തങ്ങളുടെ വിഷമങ്ങളും പരാതികളും എഴുതി കല്‍ചുമരിന്റെ വിടവുകളില്‍ തിരുകിവെക്കുന്നു. അവരിനിയും ഒരു രക്ഷകന്റെ ആഗമനം പ്രതീക്ഷിച്ചിരിക്കുകയാണ്. മുഹമ്മദീം എന്നാണാ രക്ഷകന്റെ പേര്!

ഹിക്കോ മം തക്കീം
വെ കുല്ലോ മുഹമ്മദീം
സേഹ് ദൂദീ വെസേഹ് റായി
ബെനൂത് യരുശലായീം

എന്ന വരികള്‍ താളത്തില്‍ ചൊല്ലിയാണിവര്‍ പ്രാര്‍ത്ഥിക്കുന്നത്. എന്തിനാണെന്നോ അവരിച്ചുമര്‍ തന്നെ തിരഞ്ഞെടുത്തത്. ഇവിടെയാണ് മുഹമ്മദീം എന്ന രക്ഷകന്‍ വരുക. ബഹുമാന്യനായ എന്ന അര്‍ത്ഥത്തെ കുറിക്കുന്നതിനാണ് ഹീബ്രുവില്‍ വ്യക്തി നാമങ്ങളെ ബഹുവചനമായി പ്രയോഗിക്കുന്നത്. വെസ്‌റ്റേണ്‍ വാളിനെ ജൂതന്മാര്‍ വിലാപമതില്‍ എന്നാണ് വിളിക്കുന്നത്. പതിനാല് നൂറ്റാണ്ടായി ജിദാറുബുറാഖ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന ചുമരാണിത്. ഇസ്‌റാഅ് യാത്രയില്‍ മുത്തുനബിയോര്‍ ബുറാഖിന്റെ ചങ്ങല തളച്ചത് ഈ ചുമരിന്റെ ഒരറ്റത്താണ്!! ആ വട്ടക്കണ്ണിയുടെ ശിഷ്ടങ്ങള്‍ ഇപ്പോഴും ബാക്കിയുണ്ട്. അബ്‌സ്വിര്‍ ബിഹി വ അസ്മിഅ്! എന്തതിശയം. നീയൊന്ന് കണ്ണുതുറന്ന് കാണ്, ചെവിതുറന്ന് കേള്‍ക്ക്!!!
സുലൈമാന്‍ നബിയുടെയും(അ) ദാവൂദ് നബിയുടെയും(അ) മഖ്ബറകള്‍ മസ്ജിദുല്‍ അഖ്‌സയുടെ രണ്ട് പാര്‍ശ്വങ്ങളിലായാണ് സ്ഥിതി ചെയ്യുന്നത്. ദാവൂദിനെ(അ) അവര്‍ പ്രവാചകനായി അംഗീകരിക്കാറില്ല. കേവലം ദാവീദുരാജാവോ/ പിതാവോ ആണ്. നൂറുക്കണക്കിന് ജൂതന്മാര്‍ അവിടെയിരുന്ന് ഹീബ്രുവിലുള്ള മസാമീര്‍(സബൂര്‍) പാരായണം ചെയ്യുകയായിരുന്നു. അധികവും പണ്ഡിതന്മാരോ വിദ്യാര്‍ത്ഥികളോ ആണ്. ആരുടെയും മുഖത്ത് ഭക്തിരസം കണ്ടില്ല. ഞാന്‍ കാരണ്‍ ആംസ്‌ട്രോങിന്റെ ഠവല ടുശൃമഹ ടൃേമശൃരമലെ ല്‍ അവരോട് തന്റെ ജൂത സുഹൃത്ത് പറഞ്ഞത് ഓര്‍ത്തു: ഞങ്ങള്‍ക്കുള്ളത് ശരിയായ വിശ്വാസമല്ല, ശരിയായ ആചാരങ്ങളാണ്. നിങ്ങള്‍ ക്രിസ്ത്യാനികള്‍ക്ക് ദൈവശാസ്ത്രം ഒരു മഹാസംഭവമായിരിക്കും. എന്നാല്‍ നിങ്ങള്‍ വിചാരിക്കുന്നത്ര പ്രാധാന്യം അതിനില്ല. ഒരു നിലക്കു നോക്കിയാല്‍ അതൊരു കവിതയാണ്. അവര്‍ണനീയമായതിനെ വര്‍ണിക്കാനുള്ള ശ്രമം. ഞങ്ങള്‍ ജൂതന്മാര്‍ അതത്ര കാര്യമാക്കാറില്ല(രമാമേനോന്റെ പരിഭാഷയില്‍നിന്ന് പേ 312).
ദാവൂദ്(അ) വലിയ ഗായകനായിരുന്നല്ലോ. അതിനെ ഓര്‍മിപ്പിക്കുന്ന ഒരു പ്രതിമ അവിടെ ഉണ്ടാക്കിവെച്ചിട്ടുണ്ട്. ഇതിന്റെ ചിത്രമാണ് അല്‍ മുന്‍ജിദില്‍ ചേര്‍ത്തിട്ടുള്ളതെന്ന് ഞാനോര്‍ത്തു. ഇവിടങ്ങളിലെല്ലാം പള്ളികളും മറ്റും സ്ഥാപിച്ചു പരിപാലനം ഉറപ്പുവരുത്തിയത് ഉസ്മാനിയ ഖലീഫമാരായിരുന്നു. എന്നാല്‍ കുരിശു പോരാളികള്‍ പലതും അടിച്ചുതകര്‍ക്കുകയും ക്രൈസ്തവ ചിഹ്നങ്ങളാക്കി മാറ്റുകയും ചെയ്തു. സുല്‍താന്‍ സലാഹുദ്ദീന്‍ അയ്യൂബി അതിന് മാറ്റം വരുത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ വിയോഗ ശേഷം വീണ്ടും കുരിശുപോരാളികള്‍ കൈവശപ്പെടുത്തി. ഇപ്പോഴും ഇവയുടെ നിര്‍മിതിയില്‍ പൂര്‍ണമായ ഇസ്‌ലാമിക കരസ്പര്‍ശം കാണാന്‍ സാധിക്കും. മസ്ജിദുല്‍ അഖ്‌സ കൈയേറി ജൂതരാഷ്ട്രത്തിന്റെ ഭാഗമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പള്ളിക്കു ചുറ്റും ജൂതമതാരാധന കേന്ദ്രങ്ങള്‍ വ്യാപകമായ തോതില്‍ പണിതു കൊണ്ടിരിക്കുകയാണ് ഇസ്രയേല്‍. തീവ്രയാഥാസ്തിക വിഭാഗക്കാരുടെ സ്‌കൂളുകളുള്‍പ്പെടെ നൂറോളം ജൂതസ്ഥാപനങ്ങളാണ് പള്ളിയെ ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്നത്. ഫലസ്തീനികളുടെ വീടുകളും താമസസ്ഥലങ്ങളും അനധികൃതമായി ഇടിച്ചു നിരത്തി സിനഗോഗുകള്‍ പണിയുന്നു.

ഞങ്ങള്‍ ഖുബ്ബത്തു സ്സഖ്‌റയിലേക്കു നടന്നു. ഹബീബായ റസൂല്‍ പൂമേനി ആകാശാരോഹണം നടത്തിയപ്പോള്‍ ചവിട്ടി നിന്ന പാറയാണതിന്റെ കീഴെ. സഖ്‌റ എന്നു പറഞ്ഞാല്‍ പാറ എന്നര്‍ഥം. ഞങ്ങളതിന്റെ താഴ്ഭാഗത്തേക്കു ഇറങ്ങിച്ചെന്നു. അവിടെ തിരുമേനിയുടെ ശിരസും കൈകളും സ്പര്‍ശിച്ചതെന്നു കരുതപ്പെടുന്ന ഭാഗമുണ്ട്. അവിടെ വെച്ച് തിരുനബി നിസ്‌കരിച്ചിട്ടുണ്ടെന്ന് ചില രേഖകളില്‍ കാണുന്നു. പാറയുടെ മുന്‍വശത്ത് ഇപ്പോള്‍ ഒരു വല്ലാത്ത സുഗന്ധം ആസ്വദിക്കാനാവുന്നു. തിരുസ്പര്‍ശത്തിന്റെ അനുഗ്രഹീതമായ ശേഷിപ്പാണത്! ഇതിന്റെ മുകളില്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്ന സുവര്‍ണകുംഭമാണ് ഖുബ്ബ! ഇവിടെ ആദ്യമായി പള്ളി പണിതത് ഉമവിയ്യ ഖലീഫ അബ്ദുല്‍ മലിക്ബ്‌നു മര്‍വാനാണ്. ഇസ്‌ലാമിക് വാസ്തുകലയുടെ ചിത്രമായി വാഴ്ത്തപ്പെടുന്നതാണ് ഖുബ്ബത്തുസ്സഖ്‌റ്. ഞങ്ങളാ പാറക്കു കീഴെ കൂട്ടം കൂടി നിന്നു ഖസീദത്തുല്‍ ബുര്‍ദയിലെ ഇസ്‌റാഉ മിഅ്‌റാജിനെ കുറിച്ചുള്ള അധ്യായം ഉറക്കെപാടി. ദേശ ഭാഷാവര്‍ണ ഭേദമില്ലാതെ അനേകം പേര്‍ അതില്‍ ഒത്തുചേര്‍ന്നു. സുബ്ഹാനല്ലദീ അസ്‌റാ ബി അബ്ദിഹി…!!

മസ്ജിദുല്‍ അഖ്‌സായുടെ വിവിധ ഭാഗങ്ങള്‍ ഞങ്ങള്‍ വീണ്ടും നടന്നു കണ്ടു. കുരിശുയുദ്ധക്കാര്‍ കുതിരപ്പന്തിയായി ഉപയോഗിച്ച ഭാഗത്തിന്റെ അടയാളങ്ങള്‍ ഇപ്പോഴും കാണാം. ‘സുലൈമാന്റെ പന്തി’ എന്ന പേരിലാണിപ്പോഴത് അറിയപ്പെടുന്നത്. കുരിശുപ്പോരാളികള്‍ പള്ളി പിടിച്ചെടുത്തപ്പോള്‍ കാണിച്ച നീചപ്രവര്‍ത്തനമായിരുന്നുവത്. അവര്‍ പള്ളിയെ അഞ്ചായി വിഭജിച്ചു. പ്രധാനഭാഗം ചര്‍ച്ചാക്കി. ഒരുഭാഗം പടയാളികളുടെ താമസ സ്ഥലവും മറ്റൊരു ഭാഗം ഭണ്ഡാരവുമാക്കി. പള്ളി എന്ന ആദരവ് ഒരു ഭാഗത്തിനും കൊടുത്തിട്ടില്ല.
പള്ളിയുടെ ഭൂനിരപ്പിനു സമാനമായ നിലയിലാണ് ഇപ്പോള്‍ ജുമുഅ ജമാഅത്തുകള്‍ നടക്കുന്നത്. വിശാലമായ അകത്തളത്തില്‍ ഫലസ്തീനികളായ ചിലര്‍ ‘ദര്‍സ്’ നടത്തുന്നുണ്ടായിരുന്നു. അല്‍പസമയം അവര്‍ക്കൊപ്പം ചിലവഴിച്ച ശേഷം മിമ്പര്‍ കാണാന്‍ എഴുന്നേറ്റു. ഇത് സ്ഥാപിച്ചത് സുല്‍ത്വാന്‍ സ്വലാഹുദ്ദീന്‍ അയ്യുബിയായിരുന്നു. മുന്‍ഗാമിയായ നൂറുദ്ദീന്‍ സങ്കി നിര്‍മിച്ച മരത്തടി കൊണ്ടുള്ള വലിയ മിമ്പര്‍ ആയിരുന്നു അത്. അതിന് അന്നു തന്നെ ഇരുപത് വര്‍ഷം പഴക്കമുണ്ടായിരുന്നു. പള്ളിയില്‍ അതു സ്ഥാപിക്കാന്‍ കഴിയാതെയാണ് നൂറുദ്ദീന്‍ സങ്കി വിടപറഞ്ഞത്. 1969 വരെ ഈ മിമ്പര്‍ മസ്ജിദുല്‍ അഖ്‌സയില്‍ ഉണ്ടായിരുന്നു. ആ വര്‍ഷം മൈക് റോഹം എന്ന ജൂത തീവ്രവാദി പള്ളിക്ക് തീക്കൊളുത്തിയപ്പോഴുണ്ടായ അഗ്നിബാധയില്‍ മിമ്പറും തീക്കരിയായി. ഏതാനും കഷ്ണങ്ങള്‍ മാത്രമേ ബാക്കിയായുള്ളൂ. ഇപ്പോഴത് മസ്ജിദുല്‍ അഖ്‌സ്വായിലെ മ്യൂസിയത്തിലുണ്ട്. അതിന്റെ സമാനമാതൃകയില്‍ പിന്നീട് നിര്‍മിച്ച മിമ്പറാണ് ഇപ്പോഴുള്ളത്. അതേകാലത്ത് സ്വലാഹുദ്ദീന്‍ അയ്യൂബി തന്നെ സ്ഥാപിച്ച സമാനമായൊരു മിമ്പര്‍ ഇപ്പോഴും ഹെബ്രോണിലെ മസ്ജിദു ഇബ്രാഹീം ഖലീലില്‍ ഇസ്ഹാഖിന്റെ(അ) മഖ്ബറ നില്‍ക്കുന്ന ഭാഗത്തായി ഞങ്ങള്‍ കണ്ടു. ഞങ്ങള്‍ മസ്ജിദു ഉമറിലേക്ക് നടന്നു. നേരത്തെ പറഞ്ഞ കനീസത്തുല്‍ ഖിയാമയുടെ തൊട്ടടുത്താണിത്. അങ്ങോട്ടു നടക്കുമ്പോള്‍ ഉമര്‍ (റ) ഖുദ്‌സിലേക്കു വരുന്ന സംഭവങ്ങളായിരുന്നു മനസില്‍ നിറയെ.

റോമന്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലിനെ തുടര്‍ന്നുള്ള സൈനിക മുന്നേറ്റങ്ങള്‍ക്കിടയിലാണ് മുസ്‌ലിം സൈന്യം ഖുദ്‌സിലേക്ക് എത്തുന്നത്. അബൂഉബൈദ ആമിറ്ബ്‌നുല്‍ ജര്‍റാഹിനോട്(റ) നേതൃത്വം ഏറ്റെടുക്കാന്‍ നിര്‍ദ്ദേശിക്കപ്പെട്ട ശേഷം ആദ്യത്തെ നീക്കം ഖുദ്‌സിലേക്കായിരുന്നു. ഖുദ്‌സില്‍ രണ്ടു റക്അത്ത് നിസ്‌കരിക്കാനുള്ള ആശ മുസ്‌ലിംകള്‍ക്ക് നന്നായുണ്ടായിരുന്നു. സൈന്യം അങ്ങോട്ടു നീങ്ങി. ഖാലിദ്(റ), യസീദ്(റ), ശുറഹ്ബീല്‍(റ) തുടങ്ങിയവരെല്ലാം സൈന്യത്തിലുണ്ടായിരുന്നു. യുദ്ധം പത്തുദിവസം നീണ്ടു നിന്നു. സിറിയയിലെ തങ്ങളുടെ അവസാന സങ്കേതവും നഷ്ടപ്പെടുന്നതിലുള്ള വേദനയും വാശിയും വീറും അവര്‍ക്കുണ്ടായിരുന്നു. എന്നാല്‍ മുസ്‌ലിം സൈന്യത്തിന്റെ ഉറച്ച മനസ്സിനെയോ ധീരമായ ചുവടുവെപ്പുകളെയോ ചെറുക്കാന്‍ അവര്‍ക്കായില്ല. സൈനിക മുന്നേറ്റം പതിനൊന്നാം ദിവസത്തിലേക്കെത്തിയപ്പോഴാണ് അബൂഉബൈദ (റ) എത്തിച്ചേര്‍ന്നത്. അദ്ദേഹത്തെ കണ്ട് സന്തോഷഭരിതരായ മുസ്‌ലിം സൈന്യം തക്ബീര്‍ മുഴക്കിയപ്പോള്‍ റോം കിടിലം കൊണ്ടു. അവരുടെ ഹൃദയങ്ങളില്‍ ഭീതി നിറഞ്ഞു. തക്ബീര്‍ അവരാദ്യമായി കേള്‍ക്കുകയാണ്. ഉമറാണ്(റ) ആഗതനായിരിക്കുന്നതെന്നാണ് അവര്‍ കരുതിയത്. മഹാപുരോഹിതനായ പാത്രിയാര്‍ക്കീസിന്റെ അടുത്തേക്ക് അവര്‍ ആളയച്ചു. അദ്ദേഹത്തിന്റെ പ്രതികരണം അവരെ തളര്‍ത്തുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു: ‘വിശുദ്ധ ബൈബിളാണേ സത്യം, അദ്ദേഹം വന്നിട്ടുണ്ടെങ്കില്‍ നിങ്ങളുടെ നാശം അടുത്തിരിക്കുന്നു, സംശയമില്ല.!’ അതെങ്ങനെയാണെന്ന് അവര്‍ ചോദിച്ചു. പാത്രിയാര്‍ക്കീസ് വിശദീകരിച്ചു: ‘നമ്മുടെ പക്കലുള്ള പ്രവചനങ്ങളില്‍ നിന്നതു നാം നേരത്തെ ഗ്രഹിച്ചിട്ടുണ്ട്. തവിട്ടു നിറവും നല്ല പൊക്കവും ആഴമാര്‍ന്ന കണ്ണുകളുമുള്ള ഒരാളായിരിക്കും ഫലസ്തീന്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ പ്രദേശങ്ങള്‍ കീഴടക്കുക. അയാള്‍ വന്നാല്‍ പോരാടാന്‍ യാതൊരു മാര്‍ഗവുമുണ്ടാവുകയില്ല. അതിനാല്‍ അയാള്‍ക്ക് കീഴടങ്ങുക” എന്ന്.

ആ പറഞ്ഞതെല്ലാം ഉമര്‍റിന്റെ(റ) വിശേഷണങ്ങളായിരുന്നു. പാത്രിയാര്‍ക്കീസ് നേരിട്ടു മുസ്‌ലിം സൈന്യത്തെ കാണാന്‍ വന്നു. എത്തിയത് ഉമറല്ലെന്ന് മനസിലാക്കിയപ്പോള്‍ അദ്ദേഹം തിരിച്ചു ചെന്ന് പോരാട്ടം തുടരാന്‍ ആഹ്വാനം ചെയ്യുകയാണുണ്ടായത്.

ഖുദ്‌സ് ഉപരോധം നാലുമാസത്തോളം നീണ്ടു. ശക്തമായ ഉപരോധത്തിലും റോമന്‍ സൈന്യം കീഴടങ്ങിയില്ല. ഒടുവില്‍ അവര്‍ തളര്‍ന്നു. രക്ഷയില്ലെന്നായപ്പോള്‍ മദീന ഭരിക്കുന്നയാളെ കുറിച്ച് പാത്രിയാര്‍ക്കീസ് അന്വേഷിച്ചു. തന്റെ വേദജ്ഞാനവുമായി എല്ലാ നിലയിയിലും പൊരുത്തപ്പെടുന്നു എന്നായപ്പോള്‍ അദ്ദേഹം ചോദിച്ചു: ‘നിങ്ങളീ വിശുദ്ധ ഭൂമിക്കെതിരെ പൊരുതുന്നതെന്തിന്? അങ്ങനെ ചെയ്യുന്നവര്‍ക്ക് ദൈവകോപം ഉണ്ടാകും.’
അബൂ ഉബൈദ പ്രതികരിച്ചു: ‘ഇതു ഞങ്ങളുടെ പുണ്യഭൂമിയാണ്. തിരുനബി ആകാശാരോഹണം നടത്തിയത് ഇവിടെ നിന്നാണ്. അനേകം പ്രവാചകന്‍മാരുടെ ജന്‍മഗേഹം. അവരുടെ ഖബ്‌റുകള്‍ ഇവിടെ സ്ഥിതി ചെയ്യുന്നു. അതിനാല്‍ നിങ്ങളേക്കാള്‍ ഞങ്ങള്‍ക്കാണിതിന്റെ അവകാശം. മറ്റു നഗരങ്ങള്‍ ഞങ്ങള്‍ക്കധീനപ്പെടുത്തി തന്നപോലെ ഇതും അല്ലാഹു ഞങ്ങളുടെ കാല്‍ക്കീഴില്‍ കൊണ്ടുവരും തീര്‍ച്ച.’

ആ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നു കണ്ടപ്പോള്‍ പാത്രിയാര്‍ക്കീസ് ചോദിച്ചു: ‘നിങ്ങള്‍ ഞങ്ങളില്‍ നിന്ന് എന്തു പ്രതികരണമാണ് പ്രതീക്ഷിക്കുന്നത്?’ അദ്ദേഹം മറുപടി പറഞ്ഞു: ‘മുന്നിലൊരു കാര്യം – ഒന്നുകില്‍ ഇസ്‌ലാം ആശ്ലേഷിക്കുക. അല്ലെങ്കില്‍ യുദ്ധം. അല്ലെങ്കില്‍ സന്ധിയും കപ്പവും. ഒടുവില്‍ സന്ധിക്കു തയാറായി പാത്രിയാര്‍ക്കീസ് ഒരു നിബന്ധന മുന്നോട്ടുവെച്ചു: ‘ഉമര്‍ ഖുദ്‌സില്‍ പ്രവേശിക്കുന്നതിന് മുമ്പ് മറ്റാരും പ്രവേശിക്കരുത്.’
അബൂ ഉബൈദ(റ)വിന്റെ ദൂതന്‍ വന്നപ്പോള്‍ ‘ഞാന്‍ വരുന്നു’ എന്ന് ഉമര്‍(റ) അറിയിച്ചു. ഇന്നോളമുള്ള അനുഭവങ്ങളില്‍ രാജാക്കന്മാരുടെ ചരിത്രത്തിലെ അനര്‍ഘ സുന്ദരവും അനുപമവുമായിരുന്നു ഉമറിന്റെ(റ) ഖുദ്‌സിലേക്കുള്ള യാത്ര.

വെറുമൊരു ഭൃത്യനെ കൂട്ടിയാണ് ഉമര്‍(റ) പുറപ്പെട്ടത്. രണ്ടുപേര്‍ക്കും കൂടെ ഒരൊറ്റ ഒട്ടകമാണ് വാഹനമായുണ്ടായിരുന്നത്. അവര്‍ ഊഴം മാറി അതിനെ ഉപയോഗിച്ചു. അദ്ദേഹത്തിന് വേണമെങ്കില്‍ ദിഗന്തങ്ങളെ കിടിലം കൊള്ളിക്കുമാറു പടുകൂറ്റന്‍ സൈന്യത്തിന്റെ അകമ്പടിയോടെ വരാമായിരുന്നു. എന്നാല്‍ വിനയമാണ് പ്രതാപമെന്നറിയിച്ചാണ് അദ്ദേഹം വന്നത്.
ഉമറിനും(റ) ഭൃത്യനും ഖുദ്‌സിലെത്തുമ്പോള്‍ ഊഴമനുസരിച്ച് ഒട്ടകപ്പുറത്ത് കയറേണ്ടത് ഭൃത്യനായിരുന്നു. തന്റെ ഊഴം ഖലീഫക്ക് വിട്ടുകൊടുക്കാന്‍ അദ്ദേഹം ഒരുമ്പെട്ടെങ്കിലും ഉമര്‍ (റ) സമ്മതിച്ചില്ല. അമീര്‍ വാഹനപ്പുറത്ത് കയറി വരുന്നത് ജനങ്ങള്‍ കാണട്ടേയെന്നു ഭൃത്യന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അതു അനീതിയാകുമെന്ന നിലപാടായിരുന്നു ഖലീഫക്ക്. കാല്‍നടയായി അദ്ദേഹം ഖുദ്‌സില്‍ പ്രവേശിച്ചു. ഭൃത്യന്‍ വാഹനപ്പുറത്തും. ഖലീഫയെ കണ്ട മുസ്‌ലിം സൈന്യം ഉറക്കെ തക്ബീര്‍ മുഴക്കി. അവരപ്പോള്‍ നിന്നിരുന്ന മലക്ക് പിന്നീട് ഖലീഫ തന്നെ ‘ജബലുല്‍മുകബ്ബര്‍’ -തക്ബീര്‍ മുഴങ്ങിയ മല- എന്നു പേരിട്ടു. ലളിത വേഷത്തിലായിരുന്നു ഖലീഫ എത്തിയത്. ഖുദ്‌സിന്റെ ഭിത്തിയില്‍ കയറി നിന്ന് രംഗങ്ങള്‍ വീക്ഷിക്കുകയായിരുന്ന റോമന്‍ സൈന്യം അമ്പരന്നു. ഇദ്ദേഹമാണോ ഈ കൊടുങ്കാറ്റിന്റെ ശക്തിയുള്ള സൈന്യത്തിന്റെ സര്‍വാധിപതി.!!
അവിടെ നിന്നു ഉമര്‍(റ) ചെളി നിറഞ്ഞ ഒരു കുപ്പയില്‍ എത്തി. ഖലീഫയുടെ ദേഹത്ത് ചെളി പറ്റുമെന്ന് ഭയന്ന ഭൃത്യന്‍ ഒട്ടകപ്പുറത്ത് കയറാന്‍ നിര്‍ബന്ധിച്ചെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. ചെരിപ്പൂരി ഒരു കയ്യില്‍ പിടിച്ച് മറ്റേ കൈകൊണ്ട് ഒട്ടകത്തിന്റെ കടിഞ്ഞാണ്‍ പിടിച്ചു അദ്ദേഹം മുന്നോട്ടു നടന്നു. അബൂഉബൈദ ആ ചെരിപ്പുകള്‍ വാങ്ങി. ‘അങ്ങ് വളരെ മഹത്തരമായ കാര്യങ്ങളാണ് ചെയ്തത്’ എന്ന് പറഞ്ഞു തുടങ്ങിയപ്പോഴേ ഉമര്‍ (റ) തടഞ്ഞു: ‘താങ്കളതു പറയരുത്. നമ്മള്‍ ഒന്നുമല്ലാത്തവരായിരുന്നു. അങ്ങനെയിരിക്കെ, ഇസ്‌ലാമിലൂടെ അല്ലാഹു പ്രതാപം നല്‍കി. നാം ദുര്‍ബലരായിരുന്നു.’

എല്ലാം കണ്ടു നിന്ന പാത്രിയാര്‍ക്കീസ് അത്ഭുതവും ഭയവിഹ്വലതയും കലര്‍ന്ന ശബ്ദത്തില്‍ കൂടെയുള്ളവരോടു പറഞ്ഞു: ‘ഇവരെ തടയാന്‍ ആര്‍ക്കും സാധിക്കില്ല; കീഴടങ്ങുന്നതാണ് രക്ഷ.’
അങ്ങനെ ആ സന്ധി നടന്നു. അന്നോളമുള്ള ചരിത്രത്തില്‍ ഖുദ്‌സിനോടു ഏറ്റവും ദയാലുവായി പെരുമാറിയ മഹാനായ വിജിഗീഷുവിനെ ലോകം കണ്ടു. അന്ന് ഉമര്‍(റ) അവര്‍ക്കെഴുതിക്കൊടുത്ത അങ്ങേയറ്റത്തെ ഉദാര മനസ്‌കതയും വിട്ടുവീഴ്ചയും നിറഞ്ഞ ആ കരാര്‍ (അഹ്ദത്തുല്‍ ഉമരിയ്യ) ഇപ്പോഴും മസ്ജിദു ഉമറിന്റെ പുറം ചുമരില്‍ കാണാം.

ഉടമ്പടി ഒപ്പുവെച്ചതിനു ശേഷമാണ് ഉമര്‍(റ) ബൈതുല്‍ മുഖദ്ദസില്‍ കടന്നത്. അദ്ദേഹം അവിടെയെല്ലാം ചുറ്റി നടന്നു കണ്ടു. കനീസത്തുല്‍ ഖിയാമയുടെ അകത്തു നില്‍ക്കുമ്പോള്‍ നിസ്‌കാരത്തിനു ബാങ്കു വിളിച്ചു. നിസ്‌കരിക്കാനുള്ള സൗകര്യമൊരുക്കാമെന്ന് ഭവ്യതയോടെ പാത്രിയാര്‍ക്കീസ് അറിയിച്ചപ്പോള്‍ അദ്ദേഹമത് നിരസിച്ചു. ‘ഞാനിവിടെ നിസ്‌കരിച്ചാല്‍ പില്‍ക്കാലത്ത് ആ ന്യായത്തില്‍ മുസ്‌ലിംകളിത് പിടിച്ചെടുത്തേക്കും.’ കാര്‍ക്കശ്യക്കാരനും പരുക്കനും വിട്ടുവീഴ്ചയില്ലാത്തവനും എന്നു പേരുകേട്ട മനുഷ്യനായിരുന്നു ഒരിക്കല്‍ ഈ ഉമര്‍(റ).
അവിടെയെല്ലാം പരതി നടന്നിട്ടും ഉമര്‍(റ) മസ്ജിദുല്‍ അഖ്‌സാ കണ്ടില്ല! ഒടുവില്‍ അദ്ദേഹം പാത്രിയാര്‍ക്കീസിനോടു തന്നെ തിരക്കി: ‘ജൂതന്‍മാര്‍ പുണ്യം കല്‍പിക്കുന്ന ദേവാലയമാണോ നിങ്ങള്‍ പറയുന്നത്?’ കാണിച്ചു കൊടുത്തു. ക്രിസ്ത്യാനികളുടെ കുപ്പത്തൊട്ടിയായിരുന്നുവത്!!
ഉമര്‍ (റ) ഉടുപ്പ് കയറ്റിക്കുത്തി പള്ളി അടിച്ചുവാരി വൃത്തിയാക്കാന്‍ ആരംഭിച്ചു. ആ കാഴ്ച കണ്ട് സേനാനായകന്‍മാരും ഭടന്‍മാരുമെല്ലാം ശുചീകരണത്തില്‍ പങ്കാളികളായി. പിന്നീട് തന്റെ തലപ്പാവ് അഴിച്ചു വിരിച്ചു ഉമര്‍(റ) അതില്‍ നിസ്‌കരിച്ചു. ആ തലപ്പാവ് അവിടെ തന്നെ ഉപേക്ഷിച്ചു പോവുകയാണ് ചെയ്തത്. മുത്ത് നബി(സ്വ) ഇസ്‌റാഅ് മിഅ്‌റാജ് വേളയില്‍ നിസ്‌കരിച്ചതൊഴിച്ചാല്‍ മസ്ജിദുല്‍ അഖ്‌സ്വയില്‍ വെച്ച് കൂറെ കാലത്തിനു ശേഷമുള്ള മുസ്‌ലിംകളുടെ ആദ്യത്തെ നിസ്‌കാരമായിരുന്നു അത്. രണ്ട് റക്അത്താണ് ഉമര്‍(റ) നിസ്‌കരിച്ചത്. ആദ്യ റക്അത്തില്‍ ദാവൂദ് (അ) നെ കുറിച്ചു പറയുന്ന സ്വാദ് സൂറത്തും രണ്ടാം റക്അത്തില്‍ തിരുമേനിയുടെ രാപ്രയാണത്തെ പരാമര്‍ശിക്കുന്ന ഇസ്‌റാഅ് സൂറത്തുമാണ് ഓതിയത്. ബാങ്ക് വിളിച്ചത് തിരുമേനിയുടെ മുഅദ്ദിനായിരുന്ന ബിലാല്‍ (റ) തന്നെ. തിരുനബിയുടെ വിയോഗത്തിനുശേഷം ജാബിയയില്‍ വെച്ചു മാത്രമാണല്ലോ അദ്ദേഹം ബാങ്കു വിളിച്ചത്. മസ്ജിദുല്‍ അഖ്‌സയുടെ തൊട്ടടുത്തുണ്ടായിരുന്ന കുന്നാണ് ജാബിയ.

അനന്തരം, കുപ്പത്തൊട്ടിയാക്കി മാറ്റപ്പെട്ട ആ സ്ഥലത്ത് പള്ളി പണിയാന്‍ ഉമര്‍(റ) ഉത്തരവിട്ടു. മുപ്പതിനായിരം പേര്‍ക്കു നിസ്‌കരിക്കാനുള്ള പള്ളിയാണന്നു നിര്‍മിച്ചത്. ബെയ്ത്‌ലഹേമിലെ ഹോട്ടല്‍ മുറിയിലേക്ക് തിരിച്ചു പോകുമ്പോള്‍ എന്റെ ചെവിയില്‍ ബിലാല്‍ (റ)ന്റെ ബാങ്ക് മുഴങ്ങുന്നുണ്ടായിരുന്നു…

സജീര്‍ ബുഖാരി

You must be logged in to post a comment Login