നല്ല മനുഷ്യന്‍ ധന്യ പ്രകൃതി

നല്ല മനുഷ്യന്‍ ധന്യ പ്രകൃതി

അറുപത് വര്‍ഷത്തിനിടെ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് ബെംഗളുരു നഗരത്തിലെ തടാകങ്ങള്‍ വിഷപ്പതയാല്‍ നുരഞ്ഞുപൊന്തി ജനജീവിതം ദുസ്സഹമായത് ഈയിടെയാണ്. നഗരത്തിലെ നിര്‍മാണ ഫാക്ടറികളില്‍നിന്നുള്ള വിഷം കലര്‍ന്ന രാസമാലിന്യം വന്‍തോതില്‍ തടാകത്തില്‍ ചേര്‍ന്നതിനെ തുടര്‍ന്നുണ്ടായ രാസപ്രവര്‍ത്തനമാണത്രെ മഞ്ഞുപോലുള്ള ഈ വിഷപ്പത. മഴക്കൊപ്പമുള്ള കാറ്റുമൂലം തടാകക്കരയിലെ റോഡുകളിലേക്കും കടകളിലേക്കും ഫ്‌ളാറ്റുകളിലേക്കും അടിച്ചുവീശിയ ഈ പത ആരോഗ്യത്തെ ബാധിക്കുമെന്ന ഭയത്തിലായിരുന്നു ജനങ്ങള്‍.
ഏതാണ്ട് ഇതിനു സമാനമായ മറ്റൊരു പരിസ്ഥിതി പ്രത്യാഘാതത്തിന് നമ്മുടെ തലസ്ഥാന നഗരി സാക്ഷ്യം വഹിച്ച് അധികമൊന്നുമായിട്ടില്ല. അന്തരീക്ഷത്തിന്റെ തെളിമയാകെ കവര്‍ന്നെടുത്ത വിഷവാതകമായിരുന്നു ഡല്‍ഹിയിലെ വില്ലന്‍. ഒരു ഗ്യാസ് ചേംബറിന് തുല്യമായി ഡല്‍ഹി മാറി എന്ന് അരവിന്ദ് കെജ്‌രിവാള്‍ വിശേഷിപ്പിച്ച ഈ പ്രതിഭാസത്തെ തുടര്‍ന്നാണ് നഗര പരിധിയില്‍ ഒറ്റ-ഇരട്ട അക്ക വാഹന നിയന്ത്രണ നടപടി നിലവില്‍വന്നത്. ഉയര്‍ന്ന അന്തരീക്ഷ മലിനീകരണം കാരണം സമൂഹത്തിലെ ഉന്നത ജീവിതം പുലര്‍ത്തുന്ന ഒട്ടേറെ പേര്‍ ഡല്‍ഹിയില്‍നിന്ന് കൂടൊഴിയുകയാണെന്നും അക്കാലത്ത് വാര്‍ത്തകളുണ്ടായിരുന്നു.
സമൂഹമൊന്നാകെ മലിനീകരണത്തെ ഭയക്കുന്നുണ്ട്. എന്നാല്‍ ആളുകള്‍ പെരുകും തോറും ക്രമാതീതമായി വിവിധ മലിനീകരണങ്ങളുടെ തോത് വര്‍ധിക്കുകയാണ്. ഈ സത്യം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട് ഉപരിസംഭവങ്ങള്‍. പരിസ്ഥിതി പ്രത്യാഘാതങ്ങള്‍ക്ക് നിദാനമാവുന്നത് മനുഷ്യന്റെ അമിത കൈകടത്തലുകളും ചൂഷണങ്ങളുമാണ്. ഇത് തിരിച്ചറിഞ്ഞിട്ടും അത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായിരിക്കുകയാണ് മനുഷ്യര്‍. ഓരോരുത്തരും സ്വന്തം പരിസരവും തൊഴിലിടങ്ങളും മാലിന്യമുക്തമാക്കുകയും മലിനീകരണ സ്രോതസ്സുകള്‍ കണ്ടെത്തി അവയെ പ്രകൃതിക്ക് ദോഷമല്ലാത്ത രീതിയില്‍ ക്രമീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്യണം. എന്നാല്‍ തന്നെ ഇന്നത്തെ പരിസ്ഥിതി പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരം കണ്ടെത്താന്‍ സാധിക്കും.

മലിനീകരണങ്ങളെ അവയുടെ ഉറവിടങ്ങളില്‍നിന്നുതന്നെ നിര്‍മാര്‍ജനം ചെയ്യുന്ന പരിസ്ഥിതി സൗഹൃദ സമീപനമാണ് ഇസ്‌ലാമിന്റേത്. ശുചിത്വത്തെയും മലിനീകരണ നിയന്ത്രണത്തെയും പരിസ്ഥിതി സംരക്ഷണത്തെയും പുണ്യം ലഭിക്കുന്ന ആരാധനയായാണ് മുസ്‌ലിംകള്‍ കാണുന്നത്. അതിനാല്‍ തന്നെ വിശ്വാസിയും പ്രകൃതിയും തമ്മിലുള്ള ബന്ധം എല്ലാത്തിലുമുപരി ആത്മീയ സഹവര്‍ത്തിത്വമാണ്.

ശുചിത്വമാണ് പ്രധാനം
ഒരു സമൂഹത്തിന്റെ സംസ്‌കൃതിയും അഭിവൃദ്ധിയും നിര്‍ണയിക്കുന്ന പ്രധാന ഘടകമാണ് പരിസര ശുചിത്വം. ഇന്ന് മിക്ക നാഗരിക സമൂഹങ്ങളും സര്‍ക്കാറുകളും നേരിടുന്ന മുഖ്യ പ്രശ്‌നങ്ങളിലൊന്നും ഇതുതന്നെ. വൃത്തിയും വെടിപ്പുമുള്ള ഇന്ത്യയെന്ന സന്ദേശവുമായി ഭാരതസര്‍ക്കാര്‍ സ്വച്ഛ് ഭാരത് മിഷന്‍ നടപ്പിലാക്കിയത് പൊതുജനങ്ങളിലെയും വിശ്രമസ്ഥാനങ്ങളിലെയും മാലിന്യ നിര്‍മാര്‍ജനം ലക്ഷ്യം വെച്ചായിരുന്നല്ലോ. ജീവിത പരിസരം മാലിന്യമുക്തമാക്കുന്നതിന് വിവിധ ഏജന്‍സികളെ കോര്‍ത്തിണക്കി അഞ്ച് വര്‍ഷത്തേക്ക് 62000 കോടി രൂപയാണ് സര്‍ക്കാരിതിന് ചെലവഴിക്കുന്നത്. എന്നാല്‍ ഓരോ വ്യക്തിയും വ്യക്തി ശുചിത്വത്തെ പോലെ പരിസരശുചിത്വത്തിനും പ്രാധാന്യം കല്‍പിച്ച് അതും ദിനേന നിര്‍വഹിക്കാന്‍ തുടങ്ങിയാല്‍ ഒരൊറ്റ രൂപപോലും ചെലവഴിക്കാതെ നമുക്ക് നമ്മുടെ രാജ്യം മാലിന്യമുക്തമാക്കാനാവും.

സ്വച്ഛ് ഭാരത് മിഷന്റെ പ്രചരണാര്‍ത്ഥം ഉന്നത രാഷ്ട്രീയ നേതാക്കള്‍ ശുചിത്വത്തിനിറങ്ങിയ സ്ഥലങ്ങള്‍ അത്രതന്നെ മാലിന്യമില്ലാത്ത പൊതു റോഡുകള്‍, പാര്‍ക്കുകള്‍ എന്നിവയായിരുന്നു. പലപ്പോഴും ഗതാഗതം മുടക്കി വെറുമൊരു ചിത്രമെടുക്കാന്‍ വേണ്ടി മാലിന്യമില്ലാത്ത സ്ഥലത്ത് മാലിന്യങ്ങള്‍ നിക്ഷേപിച്ചതിന് ശേഷമായിരുന്നു അവരുടെ ശുചിത്വ പ്രകടനങ്ങള്‍. എന്നാല്‍ ആ സമയത്തുതന്നെ അതാത് നഗരങ്ങളിലെ ചേരികളിലും പ്രാന്തപ്രദേശങ്ങളിലുമെല്ലാം ഒരുപാട് മാലിന്യക്കൂമ്പാരങ്ങള്‍ ഉണ്ടായിരുന്നു.

വൃത്തിയെ പുണ്യവും ആരാധനയുടെ ഭാഗവുമായി എണ്ണുന്ന ഇസ്‌ലാം അത് വിശ്വാസിയുടെ നിര്‍ബന്ധ ബാധ്യതയാണെന്ന് തുറന്നുപറയുന്നുണ്ട്. വൃത്തി വിശ്വാസത്തിന്റെ പകുതിയാണ് എന്ന പ്രവാചകവചനം ആ യാഥാര്‍ത്ഥ്യത്തെയാണ് വരഞ്ഞിടുന്നത്. മതം വൃത്തിയുടെ മേല്‍ സ്ഥാപിക്കപ്പെട്ടിരിക്കുന്നു, നിങ്ങള്‍ ശുദ്ധി പാലിക്കുക, ഇസ്‌ലാം ശുദ്ധമാണ്, വൃത്തി വിശ്വാസത്തിലേക്ക് ക്ഷണിക്കുന്നു എന്നീ തിരുവചനങ്ങളും ശുചിത്വം ഉറപ്പാക്കേണ്ടത് മുസ്‌ലിംകളുടെ ഉത്തരവാദിത്വമാണെന്ന് ഓര്‍മപ്പെടുത്തുന്നു.

ഇമാം അബൂഹുറൈറയില്‍നിന്ന്(റ) ഇമാം ബുഖാരി(റ) രേഖപ്പെടുത്തിയ ഒരു ഹദീസ് ഇങ്ങനെയാണ്: ‘സത്യവിശ്വാസം എഴുതപതില്‍പരം ശാഖകളാണ്. അതില്‍ ഏറ്റവും ശ്രേഷ്ഠം അല്ലാഹു അല്ലാതെ മറ്റൊരു ആരാധ്യനില്ലെന്ന വചനവും ഏറ്റവും താഴെ പടിയിലുള്ളത് വഴിയില്‍നിന്ന് ഉപദ്രവം നീക്കലുമാണ്’. വഴിയില്‍നിന്ന് തടസങ്ങള്‍ നീക്കുന്നത് നരകമോചനത്തിനും പാപമോചനത്തിനും സാധ്യതയേറ്റുമെന്ന് വ്യക്തമാക്കുന്ന ഹദീസുകളുമുണ്ട്. തിരുനബി(സ്വ) യില്‍നിന്ന്(സ്വ) ആഇശ(റ) നിവേദിക്കുന്നു: എല്ലാ മനുഷ്യരും മുന്നൂറ്ററുപത് സന്ധികളുമായാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. ആരെങ്കിലും മുന്നൂറ്ററുപത് തവണ അല്ലാഹു അക്ബര്‍ എന്നോ അല്‍ഹംദുലില്ലാഹ് എന്നോ സുബ്ഹാനല്ലാഹ് എന്നോ ലാഇലാഹ ഇല്ലല്ലാഹ് അസ്തഗ്ഫിറുല്ലാഹ്, എന്നോ ചൊല്ലുകയോ വഴിയില്‍നിന്ന് എല്ലോ മുള്ളോ കല്ലോ മാറ്റുകയോ നന്മ കല്‍പിക്കുകയോ തിന്മ വിരോധിക്കുകയോ ചെയ്താല്‍ വൈകുന്നേരമാകുമ്പോഴേക്ക് അയാള്‍ നരകത്തില്‍നിന്ന് അകറ്റപ്പെട്ടിരിക്കും.

അബൂഹുറൈറയില്‍നിന്ന്(റ): നബി(സ്വ) പറഞ്ഞു: ഒരു വഴിക്ക് പോവുകയായിരുന്ന ഒരാള്‍ മുള്ളുള്ള ഒരു കൊമ്പ് കണ്ടു. അതയാള്‍ മാറ്റിയിട്ടു. അതിന്റെ നന്ദിയെന്നോണം അല്ലാഹു അയാളുടെ പാപം പൊറുത്തുകൊടുത്തു. മുസ്‌ലിം(റ) രേഖപ്പെടുത്തിയ മറ്റൊരു ഹദീസില്‍ ആളുകള്‍ക്ക് ഉപദ്രവകരമായ രീതിയില്‍ വഴിയില്‍ വളര്‍ന്നുനിന്ന മരം മുറിച്ചുമാറ്റിയതിന്റെ പേരില്‍ സ്വര്‍ഗത്തില്‍ പ്രവേശിച്ച ഒരാള്‍ അവിടെ കഴിയുന്നത് ഞാന്‍ കാണുകയുണ്ടായി എന്ന് തിരുദൂതര്‍ പറയുന്നുണ്ട്. ഒരിക്കല്‍ മുആദ്(റ) വഴിയില്‍ കണ്ട ഒരു കല്ല് മാറ്റിയിട്ടു. കൂടെയുണ്ടായിരുന്ന ആള്‍ ചോദിച്ചു: ഇതെന്താ? അപ്പോള്‍ അവിടുന്ന് പറഞ്ഞു: വഴിയില്‍നിന്ന് കല്ല് മാറ്റിയിട്ടാല്‍ അയാള്‍ക്ക് ഒരു നന്മ ലഭിക്കും. നന്മ ലഭിച്ചവന്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കും.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് പരലോക പ്രതിഫലമാണ് തിരുദൂതര്‍ വാഗ്ദാനം ചെയ്തിട്ടുള്ളതെന്ന് മനസ്സിലായല്ലോ. മടിച്ചോ അറച്ചോ നില്‍ക്കാതെ പ്രതിഫലമാഗ്രഹിച്ച് നാം മുന്നോട്ടിറങ്ങിയാല്‍ നമുക്ക് നല്ലൊരു പരിസ്ഥിതിയെ ക്രമപ്പെടുത്താനാവും.

മലിനീകരണം അരുത്
അല്ലാഹു വിശ്വസിച്ചേല്‍പ്പിച്ച സൂക്ഷിപ്പുമുതലായാണ് പ്രകൃതിയെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. അതിന് ദോഷം ചെയ്യുന്ന എല്ലാ പ്രവൃത്തിയെയും ദൈവനിന്ദയായാണ് കണക്കാക്കുന്നത്.

മനുഷ്യര്‍ തന്നെയാണ് ഭൂമിയുടെ നാശത്തിന് കാരണം. ശരീര പ്രകൃതം ചെറുതെങ്കിലും അവന്റെ ബുദ്ധിയും അകമറിവും വലുതാണ്. അതിനാല്‍ തന്നെ അവന് മറ്റെല്ലാത്തിനെയും കീഴ്‌പ്പെടുത്താനുള്ള ശേഷിയുണ്ട്. മനുഷ്യരുടെ കരങ്ങള്‍ വര്‍ത്തിച്ചതിനാലാണ് ഭൂമിയില്‍ നാശമുണ്ടായതെന്ന് ഖുര്‍ആന്‍ പറയുന്നുണ്ട്. ഭൂമിയുടെ സ്ഥിരതക്ക് വേണ്ടി സൃഷ്ടിച്ച പര്‍വതങ്ങള്‍ ചൂഷണാത്മകമായി വിനിയോഗിച്ചും നീരുറവകളായ തണ്ണീര്‍ തടങ്ങള്‍ മണ്ണിട്ട് നികത്തിയും കണ്ടല്‍കാടുകളും വനങ്ങളും വെട്ടി നശിപ്പിച്ചും മനുഷ്യര്‍ തന്നെയാണ് ഭൂമിയെ അനുദിനം നാശത്തിലേക്ക് തള്ളിയത്.

മനുഷ്യന്റെയും ഇതര ജീവജാലങ്ങളുടെയും നിഖില മേഖലകളിലും ഇറങ്ങിച്ചെന്ന ഒരു പ്രത്യയശാസ്ത്രമെന്ന നിലയില്‍ ഇസ്‌ലാം പരിസ്ഥിതി പരിപാലനത്തിനായി ഒരുപാട് മാര്‍ഗങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഒരുപാട് കാര്യങ്ങളില്‍നിന്ന് ജനങ്ങളെ വിലക്കിയിട്ടുമുണ്ട്. ഖുര്‍ആന്‍ പറയുന്നത് നോക്കൂ: അല്ലാഹു നിന്നോട് നന്മ ചെയ്തതുപോലെ നീയും നന്മ ചെയ്യുക. ഭൂമിയില്‍ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുനിയരുത്. അല്ലാഹുവിന്റെ വിഭവങ്ങള്‍ ഭുജിക്കുകയും കുടിക്കുകയും ചെയ്തുകൊള്‍ക. പക്ഷേ ഭൂമിയില്‍ അധര്‍മകാരികളായി വിഹരിക്കരുത്. ഭൂമിയുടെ സംസ്‌കരണം കഴിഞ്ഞിരിക്കെ ഇനി നിങ്ങളതില്‍ കുഴപ്പമുണ്ടാക്കാതിരിക്കുവിന്‍.
മനുഷ്യന്റെയും ഇതര ജീവജാലങ്ങളുടെയും സ്വസ്ഥ ജീവിതം തടസ്സപ്പെടുത്തും വിധം ആവാസ വ്യവസ്ഥ തകര്‍ക്കരുതെന്നാണ് ഖുര്‍ആന്‍ പറയുന്നത്. നാഥന്റെ ചിട്ടപ്പെടുത്തിയ ഈ വ്യവസ്ഥയില്‍ അമിതമായിടപെട്ട് അത് നശിപ്പിക്കരുതെന്നാവാം അഅ്‌റാഫില്‍ ഭൂമിയുടെ സംസ്‌കരണം കഴിഞ്ഞിരിക്കെ ഇനി നിങ്ങളതില്‍ കുഴപ്പമുണ്ടാക്കാതിരിക്കുവിന്‍ എന്ന് പറഞ്ഞതിനര്‍ത്ഥം. ഫലം കായ്ക്കുന്ന വൃക്ഷം വെട്ടരുത് എന്നും കുടിവെള്ളം മലിനപ്പെടുത്തരുത് എന്നുമാണ് ഈ വാക്യത്തിന്റെ വിവക്ഷയെന്ന് ഇമാം ഖുര്‍ത്വുബി തന്റെ ജാമിഅ് അഹ്കാമുല്‍ ഖുര്‍ആനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

മനുഷ്യരുപയോഗിക്കുന്ന വഴികള്‍ വൃത്തികേടാക്കുന്നവര്‍ ശാപമേല്‍ക്കുന്നവരാണെന്ന് നബി(സ) പറയുന്നുണ്ട്. യാത്രാ മാര്‍ഗങ്ങളില്‍ ആളുകളെ പീഡിപ്പിക്കുന്നവര്‍ ആളുകളുടെ ശാപത്തിന് വിധേയരാവും. ഇവിടെ പീഡിപ്പിക്കുന്നവന്‍ എന്നതിന്റെ ഉദ്ദേശ്യം യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന വിധത്തിലുള്ള തടസ്സങ്ങള്‍, രൂക്ഷ ഗന്ധങ്ങള്‍, മാലിന്യങ്ങള്‍, പുകപടലങ്ങള്‍ എന്നിവയൊക്കെ സൃഷ്ടിക്കുന്നവര്‍ എന്നാണെന്ന് വ്യാഖ്യാനങ്ങളുടെ വെളിച്ചത്തില്‍ നമുക്ക് വായിക്കാം.
മുആദ് ബിന്‍ ജബല്‍(റ) വിവരിക്കുന്ന മറ്റൊരു ഹദീസ് ഇങ്ങനെയാണ്: നബി(സ്വ) പറഞ്ഞു: മൂന്ന് ശാപങ്ങള്‍ സൂക്ഷിക്കുക. ജലസ്രോതസുകളിലും വഴിവക്കിലും വൃക്ഷത്തണലുകളിലും മലമൂത്ര വിസര്‍ജനം നടത്തലാണവ. ഇവിടെ വഴിവക്ക് എന്നതിന് ഇക്കാലത്ത് പൊതു നിരത്തുകള്‍ എന്നും വൃക്ഷത്തണലുകള്‍ എന്നതിന് പാര്‍ക്കുകള്‍ എന്നും നമുക്ക് വായിക്കാം.മലമൂത്രവിസര്‍ജനം നടത്തരുത് എന്നതിനര്‍ത്ഥം എല്ലാ വിധത്തിലുമുള്ള മലിനീകരണങ്ങളും അരുത് എന്നാണ്. വഴിയരികില്‍ ജൈവ-അജൈവ അവശിഷ്ടങ്ങള്‍ തള്ളുന്നതും തടാകങ്ങളിലേക്കും പുഴകളിലേക്കും മാലിന്യങ്ങള്‍ ഒഴുക്കിവിടുന്നതും പാര്‍ക്കുകളിലും വിശ്രമസ്ഥാനങ്ങളിലും ചവറുകള്‍ അലക്ഷ്യമായി വലിച്ചെറിയുന്നതുമെല്ലാം ഇതിന്റെ പരിധിയില്‍ വരും. കൂടാതെ അമിതമായി ശബ്ദം പുറത്തുവിട്ട് മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന ശബ്ദമലിനീകരണവും വിഷപ്പുകയും പൊടിപടലങ്ങളും സൃഷ്ടിച്ച് അന്തരീക്ഷം മലിനപ്പെടുത്തുന്ന വായുമലിനീകരണവുമൊക്കെ മലിനീകരണം എന്നതിന്റെ പരിധിയില്‍ വരുമെന്നത് നാം ആലോചിക്കേണ്ടതാണ്. നാവുകൊണ്ടോ കൈകൊണ്ടോ ഒരാളെയും ഉപദ്രവിക്കാത്തവനാണ് യഥാര്‍ത്ഥ മുസ്‌ലിം എന്ന് തിരുദൂതര്‍(സ) പറഞ്ഞതായി അബ്ദുല്ലാഹിബ്‌നു അംറ്(റ) വിവരിക്കുന്നുണ്ടല്ലോ.

പ്രകൃതിയുടെ നിലവിലുള്ള ആവാസ വ്യവസ്ഥയിലെ പോരായ്മകള്‍ പരിഹരിക്കാനും നമുക്ക് ലഭ്യമായതിനെക്കാള്‍ കൂടുതല്‍ മികവോടെ പരിസ്ഥിതിയെ വരും തലമുറക്ക് കൈമാറാനുമാണ് ഒരു വിശ്വാസി ശ്രമിക്കേണ്ടത്. ഭൂമി സ്വസ്ഥമാവുമ്പോഴുണ്ടാവുന്ന സുഖം അനുഭവിച്ചറിഞ്ഞിട്ടുണ്ടല്ലോ. നാം അത് ക്ഷോഭിക്കുമ്പോഴുള്ള ദുരിതം നേരിട്ടനുഭവിക്കുകയോ കണ്ടോ കേട്ടോ അറിഞ്ഞിരിക്കുകയും ചെയ്തിട്ടുമുണ്ടാവും. അതിനാല്‍ സ്വസ്ഥാവസ്ഥയാണ് ദുരിതത്തെക്കാള്‍ എത്രയോ മെച്ചമെന്ന് നമുക്കറിയാം. ചൂഷണവും അനിയന്ത്രിതമായ പാരിസ്ഥിതിക ഇടപെടലും വരും തലമുറയിലെ പ്രകൃതിയില്‍ ദുരിതമാണ് വിതക്കുകയെന്ന് പറയേണ്ടതില്ലല്ലോ. മഞ്ഞുരുക്കവും വിഷക്കാറ്റും പ്രകൃതി ക്ഷോഭങ്ങളും വിതച്ചത് നാം തന്നെയാണ്.
ഭൂമിയുടെ ജൈവികമായ അവസ്ഥ നിലനിര്‍ത്താന്‍ ഖുര്‍ആനും പ്രവാചകനും വെളിച്ചം നല്‍കിയ പാരിസ്ഥിതിക വഴിയിലൂടെ സഞ്ചരിച്ചാല്‍ മതിയാകും.

അന്താരാഷ്ട്ര ഉച്ചകോടികളും ഭരണഘടനകളും നിയമസംഹിതകളും കേവലം പരിമിത കാലത്തേക്കുമാത്രം നിലനില്‍ക്കുകയും നിര്‍ദേശങ്ങള്‍ നടപ്പിലാക്കാന്‍ അധികാരികള്‍ ശ്രദ്ധ കാണിക്കാതിരിക്കുകയും ചെയ്യുന്ന സമകാലികാവസ്ഥയില്‍ വിശ്വാസിക്ക് മുന്നില്‍ പരിസ്ഥിതി സംരക്ഷണ സംബന്ധിയായി അവ്യക്തതകളൊന്നുമേയില്ല. എന്തെന്നാല്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട എല്ലാ കര്‍മങ്ങള്‍ക്കും ഒരുപാട് പാരത്രിക പ്രതിഫലം വാഗ്ദാനം നല്‍കുന്നുണ്ട് മതം. മലിനീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് കാഠിന്യമേറിയ കുറ്റവും താക്കീതും പ്രഖ്യാപിച്ചിട്ടുമുണ്ട്. ഒരു വിശ്വാസിയുടെ ഭൗതിക ജീവിതം തന്നെ പാരത്രിക ലക്ഷ്യം വെച്ചുള്ളതാണെന്നിരിക്കെ അവന്‍ സാധാരണ ചെയ്യുന്ന നിര്‍ബന്ധ കര്‍മങ്ങള്‍ക്ക് പുറമെ ഇത്തരം സദ്പ്രവൃത്തികള്‍ കൂടെ ചെയ്താല്‍ അതവന് വലിയ നേട്ടം ചെയ്യും. ഒരു പൂര്‍ണ വിശ്വാസി തെളിഞ്ഞ പരിസ്ഥിതി സംരക്ഷകനാകുമെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാനാകും.
ഒരു പൂച്ചയെ പട്ടിണിക്കിട്ട് കൊന്ന സ്ത്രീക്ക് അതുകാരണമായി നരകവും ദാഹിച്ചുവലഞ്ഞ നായക്ക് വെള്ളം കൊടുത്ത കാരണത്താല്‍ ഒരു വേശ്യക്ക് സ്വര്‍ഗവും നല്‍കുന്ന ഇസ്‌ലാം പാരിസ്ഥിതിക നശീകരണത്തിന് നല്‍കുന്ന വലിയ ശിക്ഷയെയും പാരിസ്ഥിതിക നന്മക്ക് വാഗ്ദാനം ചെയ്യുന്ന വലിയ പ്രതിഫലത്തെയും അടയാളപ്പെടുത്തുന്നു. ജീവിക്കുന്ന പരിസരത്തോടും ചുറ്റുപാടിനോടും അതിലുള്ള സര്‍വതിനോടും ഐക്യപ്പെട്ട്, ചൂഷണങ്ങളില്ലാതെ വിഭവങ്ങള്‍ വിനിയോഗിച്ച് ഒരു നല്ല പ്രകൃതിയെ സൃഷ്ടിക്കാന്‍ വിശ്വാസിക്കാവും. തീര്‍ച്ച. അതിനുള്ള ശ്രമങ്ങളാവട്ടെ നമ്മില്‍ ഇനിയുണ്ടാവേണ്ടത്.

മുബശ്ശിര്‍ മുഹമ്മദ്‌

You must be logged in to post a comment Login