കൊണ്ടുകൊടുപ്പിന്റെ വസന്തകാലം

കൊണ്ടുകൊടുപ്പിന്റെ വസന്തകാലം

മുഹമ്മദ് ബിന്‍ ഖാസിമിലൂടെ ഇന്ത്യയെ കണ്ടുമുട്ടിയ ഇസ്‌ലാമിന്, ഗസ്‌നിയിലെ മഹ്മൂദിന്റെയും ഗോറിയിലെ മുഹമ്മദിന്റെയും പടയോട്ടത്തിനു ശേഷം ഉത്തരേന്ത്യയില്‍ വേരുറപ്പിക്കാന്‍ എങ്ങനെ സാധിച്ചുവെന്ന ചോദ്യത്തിന് ഉത്തരം തിരയുമ്പോഴാണ് ഹൈന്ദവ സാമൂഹ്യ വ്യവസ്ഥ അക്കാലത്ത് എന്തുമാത്രം പ്രതിലോമപരവും നിഷേധാത്മകവും ആയിരുന്നുവെന്ന യാഥാര്‍ത്ഥ്യം അംഗീകരിക്കേണ്ടിവരുന്നത്. ഇസ്‌ലാം ഇന്ത്യക്ക് നല്‍കിയ ഏറ്റവും വലിയ സംഭാവന സാഹോദര്യത്തിന്റെയും സമഭാവനയുടെയും ഉദാത്തമായ ആശയങ്ങളായിരുന്നു. പരസ്പരം പോരടിക്കുന്ന നാട്ടുരാജാക്കന്മാരും അന്തഃഛിദ്രത മുഖമുദ്രയാക്കിയ ഹിന്ദുസമൂഹവും മുസ്‌ലിം നാഗരികത ഉയര്‍ത്തിയ വെല്ലുവിളികള്‍ നേരിടാന്‍ അശക്തമായിരുന്നു. ഭരണപരമായ കെടുകാര്യസ്ഥതക്കും സാമ്പത്തികമായ മരവിപ്പിനും ധൈഷണികമായ പതനത്തിനും മുഖ്യകാരണമായി വര്‍ത്തിച്ചത് സമൂഹത്തെ ഭിന്ന തട്ടുകളിലാക്കി നിറുത്തുന്ന ജാതിസമ്പ്രദായമായിരുന്നു. രാജ്യം പിടിച്ചെടുക്കാന്‍ കുതിച്ചുവരുന്ന വിദേശ സൈന്യത്തിനു മുന്നില്‍ പോലും ഒരുമിച്ചുപോരാടാന്‍ വര്‍ണവ്യവസ്ഥ അനുവദിച്ചില്ല. മുസ്‌ലിം സൈന്യമാവട്ടെ, ഉച്ചനീചത്വങ്ങളില്ലാതെ, പുതുവിശ്വാസത്തിന്റെ ബലത്തില്‍ ഏത് പ്രതിസന്ധിയെയും അഭിമുഖീകരിക്കാന്‍ ഐക്യബലത്തോടെ നിലകൊണ്ടു. വിദേശ സൈന്യത്തിനു മുന്നില്‍ ഇന്ത്യ പരാജയപ്പെടാനുള്ള കാരണങ്ങള്‍ വിവരിക്കുന്ന ചരിത്രകാരന്‍ എ.ഐ ശ്രീവാസ്തവ രണ്ടു സംഗതികളിലാണ് ഊന്നുന്നത്. രാഷ്ട്രീയ ഐക്യമില്ലായ്മയും ഭദ്രമായ ഘടനയില്ലായ്മയും. കരുത്തുറ്റ നേതൃത്വത്തിന്റെ അഭാവം ശത്രുക്കള്‍ക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയെന്നും ശത്രുപക്ഷത്തിന്റെ ബലഹീനതകള്‍ ചൂഷണം ചെയ്യാന്‍ നമുക്ക് സാധിച്ചില്ലെന്നും അദ്ദേഹം വിലപിക്കുന്നുണ്ട്. എന്നാല്‍, തോല്‍വിയുടെ യഥാര്‍ത്ഥ കാരണം, ഇവിടുത്തെ സാമൂഹിക അവസ്ഥയാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ചരിത്രകാരന്മാരായ മുഹമ്മദ് ഹബീബും കെ.എ നിസാമിയും ചില പരമാര്‍ത്ഥങ്ങള്‍ക്ക് അടിവരയിടുന്നുണ്ട്: പട്ടാളത്തെ ഒന്നാകെ ദുര്‍ബലമാക്കുന്ന തരത്തിലുള്ള സാമൂഹിക വ്യവസ്ഥയും ജാതിസമ്പ്രദായവുമാണ് ഇന്ത്യക്കാരുടെ പരാജയത്തിനുള്ള മുഖ്യകാരണം. ജാതിവിലക്കുകളും വിവേചനങ്ങളും എല്ലാവിധ ഐക്യത്തെയും സാമൂഹികവും രാഷ്ട്രീയവുമായ- കൊന്നുകളഞ്ഞിരുന്നു. മതം പോലും ഒരു പ്രത്യേക വിഭാഗത്തിന്റെ കുത്തകയായിരുന്നു. അതുകൊണ്ട് ഉയര്‍ന്ന ജാതിക്കാരുടെ ക്ഷേത്രത്തിനകത്തേക്ക് ഭൂരിപക്ഷംവരുന്ന സാധാരണക്കാര്‍ക്ക് ഒരിക്കലും പ്രവേശനമുണ്ടായിരുന്നില്ല. അതിനാല്‍, ഭൂരിപക്ഷംവരുന്ന സാധാരണക്കാരെ സംബന്ധിച്ചിടത്തോളം ഗോറിയില്‍നിന്നുള്ള അക്രമികളുമായി മുഖാമുഖം നേരിടേണ്ടിവന്നപ്പോള്‍ ദേശസ്‌നേഹപരമായ ഒരു പ്രതികരണവും ഉണ്ടായിരുന്നില്ല. അതേസമയം, ഗസ്‌നിയില്‍നിന്നും ഗോറിയില്‍നിന്നുമെത്തിയ സൈന്യം കൂലിപട്ടാളം ( ‘ലഷ്‌ക്കറെ’) ആയിരുന്നുവെങ്കിലും അവര്‍ക്ക് ഐക്യവും ലക്ഷ്യബോധവും ഉണ്ടായിരുന്നു. അധിനിവേശകരുടെ അതിശയപരമായ മുന്നേറ്റം ഇന്ത്യക്കാരില്‍ ശത്രുക്കളെ കുറിച്ച് മതിപ്പുളവാക്കി എന്ന് മാത്രമല്ല, പുതിയ ഭരണകര്‍ത്താക്കള്‍ വാഗ്ദാനം ചെയ്യുന്ന സാമൂഹ്യവും സാമ്പത്തികവുമായ നേട്ടങ്ങള്‍ പ്രലോഭനങ്ങളായി വര്‍ത്തിക്കുകയും ചെയ്തു. പുതിയ നാഗരിക സമൂഹവുമായുള്ള സമ്പര്‍ക്കം ഹൈന്ദവസമൂഹത്തില്‍ പൊടുന്നനവെയുള്ള മാറിച്ചിന്തിക്കലിന് വഴിമരുന്നിട്ടു. ജീവിതകാലത്ത് ഒരിക്കലും ചിന്തിക്കാന്‍ പോലും സാധിക്കാത്ത സമത്വത്തിന്റെയും സമഭാവനയുടെയും ആശയം നാമ്പിട്ടു തുടങ്ങിയത് ഹൈന്ദവസാമൂഹിക ഘടനയെ തന്നെ പുതുക്കിപ്പണിയുന്നതിനുള്ള രാസത്വരകമായി വര്‍ത്തിച്ചു. ഈയൊരു വശം ജവഹര്‍ലാല്‍ നെഹ്‌റു തന്റെ വിഖ്യാതകൃതി ‘ഇന്ത്യയെ കണ്ടെത്തലില്‍’ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഹുമയൂണ്‍ കബീര്‍, ഇന്ത്യന്‍ സമൂഹത്തില്‍ ഇസ്‌ലാമിന്റെ വരവ് സൃഷ്ടിച്ച ഈ മാറ്റത്തെ കുറിച്ച് ഒറ്റവാക്കില്‍ പറയുന്നത് ഇങ്ങനെ: ‘അത് ഉത്തരേന്ത്യയലുടനീളം ഹിന്ദുസാമുഹിക ഘടനയെ രൂപന്താരപ്പെടുത്തി.’ ഇസ്‌ലാം കടന്നുവന്നില്ലായിരുന്നുവെങ്കില്‍ ഇന്ത്യ സാമൂഹികമായും സാംസ്‌കാരികമായും ഒറ്റപ്പെട്ടു കഴിയുമായിരുന്നുവെന്ന് മാത്രമല്ല, മാറുന്ന ലോകത്തിന്റെ ഭാഗമാവാന്‍ പ്രാപ്തമാവാതെ പ്രാക്തജനതയായി അവശേഷിക്കുമായിരുന്നു. വംശീയവിവേചനം, അന്ധവിശ്വാസം, അജ്ഞത, ദുരാചാരങ്ങള്‍ എന്നിവ തുടച്ചുമാറ്റി, ജീര്‍ണിത സമൂഹ ഘടനയെ പുതുക്കിപ്പണിയാനാണ് കടന്നുചെന്ന മനുഷ്യകുലങ്ങളിലെല്ലാം ഇസ്‌ലാം യത്‌നിച്ചത്. ഏഴാം നൂറ്റാണ്ടില്‍ സിന്ധില്‍നിന്ന് തുടങ്ങി 1857ല്‍ ബ്രിട്ടീഷ് രാജ്ഞി അധികാരം പിടിച്ചെടുക്കുന്നത് വരെയുള്ള 1100വര്‍ഷം പൂര്‍ണമായോ ഭാഗികമായോ മുസ്‌ലിംകള്‍ ഇന്ത്യ ഭരിച്ചു. സുഊദി പണ്ഡിതനായ ഡോ. അബ്ദുല്ല അല്‍ കഹ്ത്താനി എടുത്തുകാട്ടുന്ന ഒരു യാഥാര്‍ത്ഥ്യമുണ്ട്. ക്രിസ്ത്യാനികള്‍ എക്കാലവും നടപ്പാക്കിയ മതവിചാരണയോ(കിൂൗശശെശേീി) കൂട്ടമതപരിവര്‍ത്തനമോ മുസ്‌ലിം ഭരണാധികാരികള്‍ ഭരണനയമായി കൊണ്ടുനടന്നിരുന്നുവെങ്കില്‍ ബ്രിട്ടീഷ് ഇന്ത്യയില്‍ ഒരു ഹിന്ദുവും ജീവിച്ചിരിപ്പുണ്ടാകുമായിരുന്നില്ല. എന്നാല്‍, ഇസ്‌ലാമിന്റെ മൗലികഭാവമായ സഹിഷ്ണുതയും നീതിബോധവും ഹൈന്ദവ സമാജത്തിനകത്തേക്ക് നുഴഞ്ഞുകയറുന്നതില്‍നിന്ന് തടഞ്ഞുനിര്‍ത്തി. എന്നിട്ടും അധഃസ്ഥിതരും കീഴാളവര്‍ഗവും ആദിമവാസികളും ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെട്ടത് കൊണ്ടാണ് ഇന്ന് ഇന്ത്യ ഉപവന്‍കരയില്‍ ലോകമുസ്‌ലിംകളുടെ മൂന്നിലൊന്ന് ജീവിക്കുന്ന സാഹചര്യം ഉണ്ടായത്. ( വിഭജിച്ചില്ലായിരുന്നുവെങ്കില്‍ 55കോടിയോളം മുസ്‌ലിംകള്‍ ഉണ്ടാകുമായിരുന്നു നമ്മുടെ രാജ്യത്ത്). ഇസ്‌ലാമിന്റെ സാര്‍വലൗകികതയോ സമത്വസിദ്ധാന്തമോ ഹിന്ദുമതത്തിനോ ബുദ്ധ അധ്യാപനങ്ങള്‍ക്കോ ഒരിക്കലും അവകാശപ്പെടാന്‍ സാധിക്കുമായിരുന്നില്ല. വര്‍ണവ്യവസ്ഥ ഹൈന്ദവസമാജത്തെ വെള്ളംകടക്കാത്ത കമ്പാര്‍ട്ടുമെന്റുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കയാണ്. ബ്രാഹ്മണാധിപത്യമാണ് എല്ലാറ്റിന്റെയും അടിസ്ഥാന നിദാനം. ദൈവസൃഷ്ടികളില്‍ ബ്രാഹ്മണന്‍ ഏറ്റവും പവിത്രമായ സ്ഥാനത്ത് പ്രതിഷ്ഠിച്ചപ്പോള്‍ താഴെതട്ടില്‍ കിടക്കുന്ന ശൂദ്രര്‍ സകലമാന പീഡനങ്ങള്‍ക്കും അവഹേളനങ്ങള്‍ക്കും ജീവിതദുരിതങ്ങള്‍ക്കും നിന്നുകൊടുക്കേണ്ടിവന്നു. ഫ്രഞ്ച് ചരിത്രകാരനായ ഗുസ്താവെ (ഏൗേെമ്‌ല ഹല ആീി) മനുഷ്യത്വരഹിതമായ ഇന്ത്യന്‍ വ്യവസ്ഥിതിയുടെ മൂലകാരണം മനുവിന്റെ അധ്യാപനങ്ങളാണെന്ന് ചൂണ്ടിക്കാട്ടുന്നു. ബ്രാഹ്മണര്‍ക്ക് അപ്രമാദിത്വം കല്‍പിക്കുന്ന മനുസ്മൃതി പട്ടിയുടെയോ പൂച്ചയുടെയോ പല്ലിയുടെയോ മൂങ്ങയുടെയോ സ്ഥാനമേ ശൂദ്രനു വകവെച്ചുനല്‍കുന്നുള്ളൂവെന്ന് അദ്ദേഹം പരിഭവിക്കുന്നുണ്ട്. മനുഷ്യരെല്ലാം ദൈവത്തിന്റെ സൃഷ്ടികളാണെന്നും കുലമോ ജാതിയോ വംശമോ ഭാഷയോ അവന്റെ ഔന്നത്യത്തിന് നിദാനമല്ലെന്നും ആരാണോ ദൈവഭക്തിയുള്ളവന്‍ അവന് മാത്രമാണ് ഔന്നത്യമുള്ളൂ എന്ന സന്ദേശം കൈമാറിയ ഒരു നാഗരിക പ്രത്യയശാസ്ത്രത്തെ എങ്ങനെ സാമാന്യജനം ഇരുകരവും കാട്ടി വാരിപ്പുണരാതിരിക്കും?

ഹിന്ദുവിനെ അടുത്തറിഞ്ഞ മധ്യകാല മുസ്‌ലിം
ഹിന്ദുസമൂഹം ഇതരദേശക്കാരെ മ്ലേച്ഛന്മാരായി കണ്ടപ്പോള്‍ മുസ്‌ലിംകള്‍ ഒരിക്കലും വെറുപ്പിന്റെയോ വിദ്വേഷത്തിന്റെയോ കണ്ണോടെ അന്യമതസ്ഥരെ നോക്കിക്കണ്ടില്ല. പരസ്പരമുള്ള അജ്ഞത അകറ്റാന്‍ ആ കാലഘട്ടത്തിലെ പണ്ഡിതരും ഭരണകര്‍ത്താക്കളും ആവുന്നതെല്ലാം ചെയ്തുവെന്നത്, മതസമൂഹങ്ങളെ അകറ്റിനിറുത്താന്‍ ശ്രമിക്കുന്ന ഇന്നത്തെ ക്ഷുദ്രമനസ്സുകള്‍ക്ക് മുന്നില്‍ തുറന്നുകാട്ടപ്പെടേണ്ടതുണ്ട്. ഹിന്ദുമതത്തെയും സമൂഹത്തെയും ആഴത്തില്‍ അറിയാന്‍ ശ്രമിച്ചവരില്‍ മുന്‍പന്തിയിലാണ് അല്‍ബറൂനി എന്ന മധ്യേഷ്യയില്‍നിന്നുള്ള ധിഷണാശാലി. ഗസ്‌നിയിലെ ഭരണകര്‍ത്താക്കള്‍ക്ക് ഇന്ത്യയെ കുറിച്ച് മനസ്സിലാക്കിക്കൊടുക്കുന്നതിന് അദ്ദേഹം രചിച്ച ‘കിതാബ് ഫീതഹ്ഖീഖ് മാലില്‍ ഹിന്ദ്’ എന്ന വ്യഖ്യാതഗ്രന്ഥത്തില്‍ രാഷ്ട്രീയപരവും ഭാഷാപരവുമായ പ്രതിബന്ധങ്ങളാല്‍ രണ്ടുസമൂഹങ്ങള്‍ തമ്മില്‍ അകല്‍ച്ച നിലനില്‍ക്കുന്നുണ്ട് എന്ന് സമ്മതിക്കുന്നു. ഹൈന്ദവരുടെ മനോഗതിയും ഇതരമതസ്ഥരോടുള്ള നിലപാടും ഈ ഗ്രന്ഥത്തില്‍ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. പതഞ്ജലിയുടെ യോഗസൂത്രവും ഭഗവത്ഗീതയും സംഖ്യാകാരികയും വിപുലമായി ഉദ്ധരിക്കുന്ന അല്‍ബറൂനി ബിംബാരാധകരോട് പുലര്‍ത്തേണ്ട സഹിഷ്ണുതാപരമായ കാഴ്ചപ്പാടിനെ കുറിച്ച് നടത്തുന്ന നിരീക്ഷണങ്ങള്‍ മതപരമായ ബഹുത്വത്തിന് അസ്തിവാരമിട്ട ആ കാലഘട്ടത്തിന്റെ വിശാലമനസ്‌കതയാണ് അനാവൃതമാക്കുന്നത്. ഉമവിയ്യ ഖിലാഫത്തിന് അസ്തിവാരമിട്ട മുആവിയ, വിഗ്രഹങ്ങള്‍ കേവലം ഓര്‍മയ്ക്കായുള്ളതാണെന്ന കാഴ്ചപ്പാടാണത്രെ അവലംബിച്ചത്. എ.ഡി 67273കാലത്ത് സിസിലി ആ്രകമിച്ച് പിടിച്ചെടുത്ത എണ്ണമറ്റ വിഗ്രഹങ്ങള്‍ കൊണ്ടുവന്നപ്പോള്‍ അത് സിന്ധില്‍ കൊണ്ടുപോയി വില്‍ക്കാന്‍ ഖലീഫ ആജ്ഞാപിച്ചതായി കാണാം. ഹിന്ദുസ്ഥാനിലെ ജാതിവ്യവസ്ഥയെ കുറിച്ച് സൂക്ഷ്മമായി പഠിച്ച അല്‍ബറൂനി നാല് വര്‍ണങ്ങളെയും (തബക്കാത്ത്) ജാതികളെയും ഉപവിഭാഗങ്ങളെയും (നസബ്) ഇഴപിരിച്ച് അപഗ്രഥിക്കുന്നുണ്ട്. അവര്‍ണര്‍ എട്ട് മുഖ്യതൊഴിലുകളിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ജാതീകൃത ഉച്ചനീചത്വങ്ങള്‍ ഇസ്‌ലാമിന് അന്യമാണെന്നതിനാല്‍ രണ്ട് മതങ്ങള്‍ക്ക് സമ്പര്‍ക്കത്തിലേര്‍പ്പെടാന്‍ ഒട്ടേറെ തടസ്സങ്ങളുണ്ടെന്ന് ബറൂനി ഖേദിക്കുന്നു. 18ാം നൂറ്റാണ്ട്‌വരെ ഈ പണ്ഡിതപ്രതിഭയെ പോലെ ഹൈന്ദവ സാമൂഹിക വ്യവസ്ഥയെ മനസ്സിലാക്കിയ ഒരു വിദേശിയും ഉണ്ടായിരുന്നില്ല എന്ന് ചരിത്രകാരനായ എസ്.എ.എ റിസ്‌വി (ഠവല ംീിറലൃ വേമ േംമ െകിറശമ ജമൃ1േ1 ))സാക്ഷ്യപ്പെടുത്തുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഹിന്ദുസ്ഥാനെ കുറിച്ചുള്ള വിപുലമായ ഈ അറിവാണ് സുല്‍ത്താന്‍മാര്‍ക്കും മുഗളര്‍ക്കും ഭരണനയം രൂപവത്കരിക്കാന്‍ അടിത്തറ ഒരുക്കിക്കൊടുത്തത്.

ശൈഖ് നിസാമുദ്ദീന്‍ ഔലിയയുടെ ശിഷ്യരില്‍ പ്രമുഖനായ മഹാകവി അമീര്‍ ഖുസ്രു ആണ് ‘ഹിന്ദുസ്ഥാന്‍’ എന്ന പദം നമ്മുടെ രാജ്യത്തിന് സംഭാവന ചെയ്തത്. 13ാം നൂറ്റാണ്ടില്‍ അദ്ദേഹം വിരചിച്ച ദേശസ്‌നേഹം സ്ഫുടിക്കുന്ന കവിതകള്‍ മതത്തിന്റെ വേലിക്കെട്ടിനപ്പുറത്തേക്കുള്ള മാനവിക ഐക്യബോധം വളര്‍ത്താനും ഒരു ഇന്ത്യന്‍ സമൂഹത്തിന്റെ പിറവിക്ക് നിദാനം കുറിക്കുന്ന ആദ്യപടവുകള്‍ തീര്‍ക്കാനും പ്രയോജനപ്പെട്ടു. പണ്ഡിതരായ ബ്രാഹ്മണരെ ഖുസ്രുവിന് ഇഷ്ടമായിരുന്നു. അഗ്‌നി ആരാധകരെക്കാളും ക്രിസ്ത്യാനികളെക്കാളും ഭൗതികവാദികളെക്കാളും മെച്ചമാണിവര്‍ എന്നായിരുന്നു അദ്ദേഹത്തിന്റെ നിരീക്ഷണം. 1362ല്‍ ഫിറോസ് ഷാ തുഗ്ലക്കിന്റെ നേതൃത്വത്തില്‍ നാഗര്‍ക്കോട്ട് കീഴടക്കിയപ്പോള്‍ അവിടുത്തെ ജ്വാലാമുഖി ക്ഷേത്രത്തില്‍നിന്ന് 1,300 ഗ്രന്ഥങ്ങളാണ് കൈയില്‍വന്നത്. സംസ്‌കൃതത്തില്‍ വ്യുല്‍പത്തിയുള്ള പരിഭാഷകരെ വെച്ച് ഫിസിക്‌സിന്റെയും ആസ്‌ട്രോണമിയുടെയും അടിസ്ഥാന തത്ത്വങ്ങള്‍ വിവരിക്കുന്ന ആ ഗ്രന്ഥങ്ങള്‍ പേര്‍ഷ്യന്‍ ഭാഷയിലേക്ക് മൊഴിമാറ്റം നടത്തി ‘ദലാല്‍ എ. ഫിറോഷാഹി’ എന്ന ബൃഹത്തായ രചന പൂര്‍ത്തിയാക്കി. 13ാം നൂറ്റാണ്ടില്‍ സൂഫിവര്യന്മാരും ഹൈന്ദവയോഗിമാരും മുഖാമുഖം കണ്ടുമുട്ടുന്നുണ്ട്. ഗോരഖ്പൂരിലെ കേദാര്‍നാഥ് യോഗിമാര്‍( യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ മുന്‍ഗാമികള്‍) ശൈഖ് നിസാമുദ്ദീന്‍ ഔലിയയുമായി ആശയസംവാദം നടത്തിയതിന് തെളിവുണ്ട്. യോഗിമാരുടെ ജ്ഞാനപരിസരത്തെ കുറിച്ച് അദ്ദേഹം മനസ്സിലാക്കുകയും ചിലത് സ്വീകാര്യമാണെന്ന് അനുയായികളെ ഉണര്‍ത്തിയതായും ചരിത്രത്തില്‍ കാണാം. ശ്വാസോച്ഛാസം നിയന്ത്രിച്ചുകൊണ്ടുള്ള യോഗാസനങ്ങളില്‍ ചിലത് ചിശ്തി, നഖ്ശബന്തി സില്‍സിലകള്‍ അനുധാവനം ചെയ്തിരുന്നു. സൂഫി സിദ്ധാന്തമായ ‘വഹ്ജത്തുല്‍ വുജൂദ്’ യോഗികള്‍ക്ക് ഏറെ വശ്യമായി തോന്നാന്‍ കാരണം തങ്ങള്‍ മുറുകെ പിടിക്കുന്ന ആത്മീയവാദങ്ങളുമായി സാമ്യം ദര്‍ശിച്ചതിനാലാവാം. കശ്മീരില്‍ സാമൂഹിക വിപ്ലവത്തിന് നാന്ദികുറിച്ച ശൈഖ് നൂറുദ്ദീന്‍ ഋഷി മുഖേനയൊണ് താഴ്‌വരയിലെ ജനത ഒന്നടങ്കം ഇസ്‌ലാമിലേക്ക് ആകര്‍ഷിക്കപ്പെടുന്നത്. ഇത് നിര്‍ബന്ധിത മതംമാറ്റം ആയിരുന്നില്ല. പ്രത്യുത, സവര്‍ണവ്യവസ്ഥയോടുള്ള പ്രതിഷേധമായി പുതിയ മോചനമാര്‍ഗം തിരഞ്ഞെടുക്കലായിരുന്നു. പ്രശസ്ത ഇടതുചിന്തകന്‍ കെ. ദാമോദരന്‍ വിഷയത്തെ അപഗ്രഥിക്കുന്നത് ഇങ്ങനെ: ” വേദാന്തങ്ങളെപ്പോലെ സൂഫിവാദവും വിവിധ ശാഖകളിലായി പിരിഞ്ഞു. വിവിധ സില്‍സിലകളില്‍ (മതസ്ഥാപനങ്ങളില്‍) സംഘടിച്ചുകൊണ്ടും ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് സഞ്ചരിച്ചുകൊണ്ടും അവര്‍ താന്താങ്ങളുടെ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിച്ചു. ചില സില്‍സിലകള്‍ ധാരാളം ഹിന്ദുക്കളെ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യിച്ചു. എന്നാല്‍ അവരുടെ പ്രധാന പ്രവര്‍ത്തനം മതപരിവര്‍ത്തനമായിരുന്നില്ല; ആത്മീയമായ അച്ചടക്കം പ്രചരിപ്പിക്കുകയെന്നതായിരുന്നു. പന്ത്രണ്ടാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനുമിടയില്‍ സൂഫികളുടെ അനേകം ത്വരീഖത്തുകള്‍ സ്ഥാപിക്കപ്പെട്ടു. ഇവയില്‍ ചിഷ്ത്തി, സുഹറവര്‍ദി, ഖാദിരി, ഷത്തിരി, നഖ്ഷ്ബന്ദി എന്നീ ത്വരീഖത്തുകളാണ് ഏറ്റവും കുടുതല്‍ സ്വാധീനവും പൊതുജനാനുകൂല്യവും നേടിയത്. അജ്മീറിലെ ഖ്വാജാ മുഈനുദ്ദീന്‍ ചിഷ്തി സ്ഥാപിച്ച ചിഷ്ത്തി ത്വരീഖത്തിലെ ഏറ്റവും വലിയ യോഗികളില്‍ ഒരാളായിരുന്നു ശെയ്ഖ് നിസാമുദ്ദീന്‍ ഔലിയ. ജനങ്ങളെ കൊണ്ട് നല്ല ജീവിതം നയിപ്പിക്കുന്നതിനു വേണ്ടി അദ്ദേഹം തന്റെ ജീവിതം ഉഴിഞ്ഞുവെച്ചു. ഔലിയയുടെ അഭിപ്രായത്തില്‍ സന്ന്യാസം എന്നുവെച്ചാല്‍ ‘ലങ്കോട്ടി മാത്രം ധരിച്ചുകൊണ്ട്, അല്ലെങ്കില്‍ പരിപൂര്‍ണ നഗ്‌നനായി , ഇരിക്കലല്ല. ലൗകിക ജീവിതം ഉപേക്ഷിക്കുക എന്നു പറഞ്ഞാല്‍ വസ്ത്രം ധരിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തുകൊണ്ട് തന്നെ തന്റെ വഴിക്കു വരുന്നതെല്ലാം കൈവശപ്പെടുത്താതിരിക്കുക. യാതൊന്നിലും ആസക്തിയില്ലാതിരിക്കുക എന്നര്‍ഥമാണ്’ സൂഫികളുടെ ഈ ജീവിത സമരമാര്‍ഗം ഇന്ത്യയുടെ ആത്മീയമണ്ഡലത്തെ ജ്വലിപ്പിച്ചുനിറുത്തി. ഇസ്‌ലാം ഇന്ത്യക്ക് നല്‍കിയ അമൂല്യമായ സംഭാവനകളാണ് സാമൂഹിക വിപ്ലവത്തിന് ചാലകശക്തിയായി വര്‍ത്തിച്ച ഈ ആത്മീയ വിചാരധാര.

മതേതര ഇന്ത്യയെ കുറിച്ചുള്ള ആശയം നാമ്പെടുക്കുന്നതിന്റെ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മനുഷ്യനെ മുന്നില്‍ കണ്ട് സൂഫിവര്യന്മാര്‍ സ്ഫുടം ചെയ്‌തെടുത്ത ജീവിതചിട്ട, വനാന്തരങ്ങളില്‍ കുടുങ്ങിപ്പോയ ഋഷിപ്രോക്ത ആത്മീയചൈതന്യത്തെ ജനകീയമാക്കി എന്നത് നിസ്സാര സംഭവമല്ല.

സാംസ്‌കാരിക വിപ്ലവം
ഇസ്‌ലാം ഇന്ത്യയില്‍ സാക്ഷാത്കരിച്ച സാംസ്‌കാരിക വിപ്ലവത്തിന്റെ വ്യാപ്തി പൂര്‍ണമായി ഗ്രഹിക്കണമെങ്കില്‍ പൗരാണിക ഇന്ത്യയുടെ യഥാര്‍ത്ഥ അവസ്ഥ എന്തെന്ന് പരിശോധിക്കേണ്ടതുണ്ട്. സാംസ്‌കാരികമായും വാണിജ്യപരമായും പൂര്‍ണമായും ഒറ്റപ്പെട്ടു കിടന്ന ഒരു കാലസന്ധിയിലാണ് മുസ്‌ലിംകള്‍ ഇന്ത്യയിലെത്തുന്നത്. കേരളക്കരയില്‍ ശാന്തമായ പ്രബോധന സംഘമായാണ് കപ്പലിറങ്ങിയതെങ്കില്‍ ഉത്തരേന്ത്യയില്‍ രാഷ്ട്രീയശക്തിയായാണ് കാല് കുത്തിയത്. അപ്പോഴത്തെ ഇന്ത്യനവസ്ഥയെ കുറിച്ച് അല്‍ബറൂനിയെ പോലുള്ള ചരിത്രപണ്ഡിതന്മാര്‍ വ്യക്തമായ ചിത്രം നല്‍കുന്നുണ്ട്. മുഗള സാമ്രാജ്യസ്ഥാപകനായ ബാബര്‍ ചക്രവര്‍ത്തി ആത്മകഥയായ ‘തുസുകി എ ബാബരി’യില്‍ ഇന്ത്യയുടെ സാംസ്‌കാരിക നിലവാരത്തകര്‍ച്ചയെ കുറിച്ച് വല്ലാതെ വിലപിക്കുന്നുണ്ട്. ‘ഇന്ത്യയില്‍ നല്ല ഇനം കുതിരകളില്ല, തണ്ണീര്‍മത്തനില്ല, അരിയില്ല, തണുത്തവെള്ളമില്ല, കുളിമുറികളില്ല, മെഴുകുതിരിയില്ല. ദിവാത് ( കളിമണ്‍ വിളക്ക് ) മാത്രമാണുള്ളത്. രാജാക്കന്മാരുടെയും മഹാരാജാക്കന്മാരുടെയും അകമ്പടി സേവകര്‍ രാത്രിയില്‍ വെളിച്ചം ആവശ്യമുള്ളപ്പോള്‍ ഇത്തരം വിളക്കുകളാണ് പിടിച്ചിരുന്നത്. പൂന്തോട്ടത്തിലും കെട്ടിടങ്ങളിലും വെള്ളമൊഴുകാന്‍ സൗകര്യങ്ങളില്ല. കെട്ടിടങ്ങള്‍ക്ക് ഭംഗിയില്ല എന്ന് മാത്രമല്ല, വായുസഞ്ചാരത്തിനുള്ള സംവിധാനങ്ങളോ വൃത്തിയോ വെടിപ്പോ ഇല്ല. കാലില്‍ ചെരിപ്പൊന്നുമില്ലാതെയാണ് ജനം നടക്കുന്നത്. സ്ത്രീകള്‍ ഒരു കഷണം ശീലകൊണ്ടുള്ള വസ്ത്രമാണ് ധരിക്കുന്നത്. പകുതി അരക്കുചുറ്റും കെട്ടി ബാക്കി തലക്കുമുകളിലൂടെ നീട്ടിയിടുന്നു.” 16ാം നൂറ്റാണ്ടില്‍ ബാബര്‍ കണ്ട ഇന്ത്യ നഗരവാസികളുടെപോലും ജീവിതം എത്ര അപരിഷ്‌കൃതമാണെന്നും പിന്നോക്കവുമാണെന്ന് തെളിയിക്കുന്നു.

ബാബറിന്റെ നിരീക്ഷത്തോട് പ്രതികരിക്കുന്ന ജവഹര്‍ലാല്‍ നെഹ്‌റുവിന് ഈ വിഷയത്തില്‍ പറയാനുണ്ടായിരുന്നത് ഇത്രമാത്രം: ‘ബാബറിന്റെ വിവരണം ഉത്തരേന്ത്യയുടെ സാംസ്‌കാരിക ദാരിദ്ര്യത്തെയാണ് തൊട്ടുകാണിക്കുന്നത്. ഇങ്ങനെയൊരവസ്ഥക്ക് ഒരുകാരണം തൈമൂറിന്റെ ആക്രമണമാണ്. മറ്റൊരു കാരണം വിവരമുള്ളവരും കലാകാരന്മാരും സാങ്കേതിവിദഗ്ധരും രാജ്യത്തിന്റെ ദക്ഷിണ ഭാഗത്തേക്ക് കൂട്ടപലായനം ചെയ്തതാണ്. ഇന്ത്യന്‍ ജനതയുടെ സര്‍ഗാത്മക പ്രതിഭ വറ്റിവരണ്ടതും കാരണമാണ്.’

മുഗള സാമ്രാജ്യം 19ാം നൂറ്റാണ്ടില്‍ അതിന്റെ അസ്തമയ ശോഭയിലും ലോകത്തിലെ ഏറ്റവും മനോജ്ഞമായ കാഴ്ചയായാണ് നിലകൊണ്ടത്. ഏറ്റവും നല്ല വസ്ത്രങ്ങളും ആടയാഭരണങ്ങളും ലോഹങ്ങളും വിളക്കുകളും പാത്രങ്ങളും ഭക്ഷണപാനീയങ്ങളും കളിസാമാനങ്ങളും ഡല്‍ഹിലെയോ ലാഹോറിലോ പോലെ ബഗ്ദാദിലോ അലക്‌സാണ്ടറിയയിലോ ഹലപ്പോയിലോ ഗ്രാനഡയിലോ ബുഖാറയിലോ സമര്‍ക്കന്തിലോ മാത്രമേ ലഭിച്ചിരുന്നുള്ളൂ. 21ാം നൂറ്റാണ്ടിലെ ഏറ്റവും ഫാഷനായി തുടരുന്ന സല്‍വാറും ഖമീസും സുല്‍ത്താന്മാരുടെയും മുഗളരുടെയും വസ്ത്രമാണ്. കോണകം മാത്രമുടുത്ത്, ശരീരം തുറന്നുവെച്ച ഒരു ജനവിഭാഗത്തിനിടയിലേക്കാണ് ഇറാനിലെയും ഇറാഖിലെയും തുറാനിലെയും മുന്തിയ വസ്ത്രങ്ങള്‍ ഇറക്കുമതി ചെയ്തു വിപ്ലവത്തിന് നാന്ദികുറിക്കുന്നത്. കുര്‍ത്തയും പൈജാമയും ഇന്നും പുതുമണവാളന്റെ പോലും ഫാഷനായി അണിയുമ്പോള്‍ ആരും ഓര്‍ക്കുന്നില്ല നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുസ്‌ലിം രാജാക്കന്മാര്‍ നമ്മുടെ നാട്ടിന് നല്‍കിയ സംഭാവനകളാണ് ഇവയെന്ന്. ബുര്‍ക്കയും അബായയും തട്ടവുമെല്ലാം ഇസ്‌ലാം കടന്നുവന്ന വഴികളില്‍നിന്ന് നാം കടമെടുത്തതാണ്. വീണ എന്ന സംഗീതോപകരണം ഇറാനിലെ സൂഫികളില്‍നിന്ന് നാം കൈകൊണ്ടതാണെന്ന് ഓര്‍മപ്പെടുത്തിയത് മൗലാന അബുല്‍ കലാം ആസാദാണ്. വീണയുടെ യഥാര്‍ത്ഥ ഉടമസ്ഥര്‍ മുസ്‌ലിംകളാണെന്ന് പറഞ്ഞാല്‍ ഹിന്ദുത്വവാദികള്‍ വകവെച്ചുതരുമോ? ഷഹ്‌നായിയും തബലയുമെല്ലാം പേര്‍ഷ്യന്‍ ഒര്‍ജിനാണ്. സാക്ഷാല്‍ ബിരിയാണിയും ശര്‍ബത്തും ലസ്സിയുമെല്ലാം മുസ്‌ലിം നാഗരികത ബാക്കിവെച്ച ഈടുവെപ്പുകളാണ്. യൂനാനി വൈദ്യശാഖ ഒരു വേള ലോകത്തെല്ലായിടത്തും പ്രചുര പ്രചാരം നേടിയിരുന്നു. ഇറാഖിലും ഇറാനിലും തുര്‍ക്കിയിലും വികാസപരിണാമങ്ങള്‍ കണ്ട ഈ ചികിത്സാരീതി പ്രഗല്‍ഭരായ എത്രയോ ഭിഷഗ്വരന്മാരെ സൃഷ്ടിച്ചു. ഡല്‍ഹിയും ലഖ്‌നോവും ഒരുവേള യൂനാനി മരുന്നുകളുടെ പരീക്ഷണശാലയായിരുന്നു.

എന്നാല്‍ മുസ്‌ലിം കാലഘട്ടം ഔന്നത്യങ്ങള്‍ മുഴുവനും താണ്ടിയത് വാസ്തുശില്‍പകലയിലും പെയിന്റിങ്ങിലും ചിത്രകലയിലും സാഹിതീസപര്യയിലുമാണ്. അതിനെ കുറിച്ച് അടുത്ത ലക്കത്തില്‍.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login