ഇന്ത്യയുടെ മുഖച്ഛായ മിനുക്കിയ നൈപുണ്യം

ഇന്ത്യയുടെ മുഖച്ഛായ മിനുക്കിയ നൈപുണ്യം

ഇന്ത്യയുടെ ചരിത്രം പ്രതിപാദിക്കുന്ന ഘട്ടങ്ങളിലെല്ലാം പ്രധാനമന്ത്രി നരേന്ദ്രമോഡിയടക്കമുള്ള വലതുപക്ഷ നേതാക്കള്‍ മുസ്‌ലിം ഭരണകാലഘട്ടത്തെ ഇരുണ്ടനിറങ്ങളിലാണ് അവതരിപ്പിക്കാറ്. മനഃപൂര്‍വം വിസ്മരിക്കേണ്ട, അപമാനത്തിന്റെ ഇടവേള എന്ന വ്യംഗേന, മുസ്‌ലിംകള്‍ രാഷ്ട്രീയാധികാരം കൈയാളിയ ഏഴെട്ട് നൂറ്റാണ്ടുകാലത്തെ കരാളകാലഘട്ടമായാണ് ഗണിക്കാറ്. അതുകൊണ്ടാണ് സുല്‍ത്തനത്ത്മുഗിള ഭരണകര്‍ത്താക്കള്‍ ഇവിടെ ഇട്ടേച്ചുപോയ, ഇന്നും തിളങ്ങിനില്‍ക്കുന്ന സൗധങ്ങളെയും സ്മാരകങ്ങളെയുംപോലും തുറന്നമനസ്സോടെ സ്വീകരിക്കാതെ, അപകീര്‍ത്തിയുടെ അടയാളങ്ങളായി എണ്ണുന്നതും അത് പരസ്യമായി പ്രഖ്യാപിക്കാന്‍ മുതിരുന്നതും. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 13ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ അബെ ഗുജറാത്തിലെ അഹ്മദാബാദില്‍നിന്ന് ഇന്ത്യാ സന്ദര്‍ശനത്തിന് തുടക്കംകുറിച്ചപ്പോള്‍ പ്രധാനമന്ത്രി മോഡി അദ്ദേഹത്തെ ആദ്യമായി കൂട്ടിക്കൊണ്ടുപോയത് പ്രശസ്തമായ സീദി സയ്യിദ് മസ്ജിദിലേക്കായിരുന്നു. ‘ജീവിത വൃക്ഷ ജാലി’ (ൃേലല ീള ഹശളല ഷമഹശ) എന്നറിയപ്പെടുന്ന പള്ളിയുടെ മുന്‍ഭാഗത്തുളള അര്‍ധവൃത്താകൃതിയിലുള്ള കമാനം കണ്ട് ജപ്പാന്‍ പ്രധാനമന്ത്രി അതിശയം പൂണ്ടത്രെ. വാസ്തു ശില്‍പകലയുടെ ഏറ്റവും മനോജ്ഞമായ ഔന്നത്യത്തെയാണ് ആ നിര്‍മിതി പ്രതിനിധാനം ചെയ്യുന്നത്. അഹ്മദാബാദിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്റെ ഔദ്യോഗിക ലോഗോ കണ്ണഞ്ചിപ്പിക്കുന്ന ഈ ആര്‍ച്ചാണ്.ഇന്തോ ഇസ്‌ലാമിക് വാസ്തുവിദ്യയുടെ മുന്തിയ മാതൃകകളെ ‘സീദി സയ്യിദ് നീ ജാലി’ എന്ന് വിശേഷിപ്പിക്കുന്നത് തന്നെ കലയുടെ അതിവിശിഷ്ട രൂപം എന്ന നിലയിലാണ്. യമനില്‍നിന്നുള്ള അബ്‌സീനിയന്‍ വംശജനായ സീദിസയ്യിദ് ആണത്രെ ഈ പള്ളി നിര്‍മിച്ചത്. അതിവിശിഷ്ടരായ 45 വാസ്തുശില്‍പികളാണ് പള്ളിനിര്‍മാണത്തിന് സഹായിച്ചതെന്നും ചരിത്രപുസ്തകത്തില്‍ വായിക്കാം.
മുസ്‌ലിം ഭരണകാലത്ത് പൂര്‍ത്തീകരിക്കപ്പെട്ട വാസ്തുകലയുടെ ഉത്തുംഗ നിര്‍മിതികളാണ് ഇന്ത്യയിലേക്ക് വിനോദസഞ്ചാരികളെ മാടിവിളിക്കുന്നത്. മുസ്‌ലിം നാഗരികതയുടെ സ്പര്‍ശം ഏറ്റില്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ മുഖം എന്താകുമായിരുന്നുവെന്ന് ഒന്ന് സങ്കല്‍പിച്ചുനോക്കൂ. ഇന്ത്യയെന്ന് കേള്‍ക്കുമ്പോള്‍ മനതാരില്‍ തെളിഞ്ഞുവരുന്ന കുറെ മനോഹരചിത്രങ്ങള്‍താജ്മഹല്‍, കുത്തബ് മീനാര്‍, ചെങ്കോട്ട, ദില്ലി ജുമാമസ്ജിദ്, ഫത്തേപ്പൂര്‍ സിക്രിയിലെ ജാമി മസ്ജിദ്, ബുലന്‍ദ് ദര്‍വാസ, ആഗ്രയിലെ മോത്തി മസ്ജിദ്, ലാഹോറിലെ ബാദ്ഷാഹി മസ്ജിദ്, ഹൈദരാബാദിലെ ചാര്‍മിനാര്‍, ഗൂള്‍ബര്‍ഗയിലെ വാമിനി സുല്‍ത്താന്മാരുടെ കോട്ട, ഗോള്‍ക്കൊണ്ട കൊട്ടാരം, കശ്മീരിലെ പുന്തോപ്പുകള്‍. ഇന്ത്യക്ക് കണ്‍കുളിര്‍മ പകരുന്നത് കാലത്തിന്റെ കരവിരുതുകളെ തോല്‍പിച്ച ഈ അനശ്വര നിര്‍മിതികളാണ്. അഫ്ഗാനില്‍നിന്നും തുര്‍ക്കിയില്‍നിന്നും ഇറാനില്‍നിന്നുമൊക്കെ ഇവിടെവന്ന് രാജ്യം ഭരിക്കാന്‍ ഉല്‍സാഹം കാണിച്ച സുല്‍ത്താന്മാരും മുഗിള ചക്രവര്‍ത്തിമാരും അലക്‌സാണ്ടര്‍ ചക്രവര്‍ത്തിയോ മംഗോളിയരോ ചെയ്തത്‌പോലെ രാജ്യത്തെ കൊള്ളയടിച്ച് തങ്ങളുടെ മാതൃരാജ്യങ്ങളെ സമ്പുഷ്ടമാക്കാനല്ല ഉദ്ദേശിച്ചത്. ഇവിടെ താമസമുറപ്പിക്കുകയും ഈ മണ്ണിന്റെ ഉണ്‍മയെ ഉള്‍ക്കൊള്ളുകയും നാടിന്റെ അഭിവൃദ്ധിക്കായും നാട്ടാരുടെ ക്ഷേമൈശ്വര്യങ്ങള്‍ക്കായും പ്രയത്‌നിക്കുകയും ചെയ്ത ഇവര്‍ കലയുടെയും ധൈഷണിക ഉണര്‍വിന്റെയും പുതിയൊരു അരുണോദയത്തിന് വേണ്ടതൊക്കെ ചെയ്തുവെച്ചു. അങ്ങനെ ഇന്ത്യയെ ഭൂമുഖത്തെ ഏറ്റവും സുന്ദരമായ രാജ്യമാക്കി മാറ്റിയെടുത്തു. 19ാം നൂറ്റാണ്ടില്‍ മുഗിള സാമ്രാജ്യം അസ്തമയ ശോണിമയിലേക്ക് മെല്ലെ മെല്ലെ വഴുതിവീഴുമ്പോഴും ലോകത്തിലെ ഏറ്റവും പ്രൗഢവും ജനനിബിഡവുമായ നഗരം ദില്ലി ആയിരുന്നു.

കാലത്തെ തോല്‍പിച്ച നിര്‍മിതികള്‍
1192ല്‍ തുര്‍ക്കികള്‍ ഡല്‍ഹി ഭരിക്കാന്‍ തുടങ്ങിയ ഉടന്‍ തന്നെ പള്ളികളുടെ നിര്‍മാണത്തിന് പ്രാരംഭം കുറിച്ചിരുന്നു. ഉത്തരേന്ത്യയിലെ പ്രഥമ മുസ്‌ലിം ആരാധനാലയം ജാമി മസ്ജിദാണ്. ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദ് എന്നാണ് ചരിത്രപുസ്തകത്തില്‍ ഇത് അറിയപ്പെടുന്നത്. മുഹിസ്സുദ്ദീന്‍ മുഹമ്മദ് ഗോറിയുടെ സൈനികമേധാവിയായ ഖുത്ബുദ്ദീന്‍ ഐബക്കിന്റെ കല്‍പനപ്രകാരമായിരുന്നു മസ്ജിദിന്റെ നിര്‍മാണം. ഇറാനില്‍നിന്നുള്ള വിദഗ്ധരെ കൊണ്ടുവരുന്നതിനു പകരം ഇന്ത്യയിലെ ശില്‍പികളെ ഉപയോഗിച്ചാണ് പണി പൂര്‍ത്തിയാക്കിയത്. പള്ളിയുടെ കിഴക്കുഭാഗത്ത് ചുവന്നകല്ല് ഉപയോഗിച്ചു ഐബക്ക് നിര്‍മാണം ആരംഭിക്കുകയും 1370ല്‍ സുല്‍ത്താന്‍ ഫിറോസ് ഷാ തുഗ്ലക്കിന്റെ കാലം വരെ നിര്‍മാണം തുടരുകയും ചെയ്ത ഔന്നത്യത്തിന്റെ പ്രതീകമായ ഖുത്ബ് മിനാര്‍ ഇന്നും ഒരു വിസ്മയമായി നിലകൊള്ളുന്നു. അലാവുദ്ദീന്‍ ഖില്‍ജിയുടെ കാലത്ത് മിനാറെ ശംസി ( ശംസുദ്ദീന്‍ ഇല്‍തത്ത് മിഷന്റെ മിനാരം ) എന്നാണത്രെ അറിയപ്പെട്ടിരുന്നത്. അജ്മീര്‍ ഖ്വാജാ മുഹ്‌യുദ്ദീന്‍ ചിശ്തിയുടെ ശിഷ്യന്മാരിലൊരാളായ ഖുത്ബുദ്ദീന്‍ ബക്തിയാര്‍ കാക്കിയുടെ നാമധേയത്തിലാണ് ഈ മിനാരം പണിതതെന്ന ഒരു ഭാഷ്യമുണ്ട്. അഞ്ച് തട്ടുകളിലായി ഉള്‍ഭാഗത്ത് പിരിയന്‍ ഏണികളുമായി നിലകൊള്ളുന്ന കുത്തബ്മീനാറിന്റെ ഉയരം 72.59 മീറ്ററാണ്. താജ്മഹല്‍ ഉയരത്തിന്റെ കാര്യത്തില്‍ കുത്തബ് മീനാറിനെ കവച്ചുവെക്കുന്നുവെന്ന് പെട്ടെന്ന് കേള്‍ക്കുമ്പോള്‍ വിശ്വാസം വരണമെന്നില്ല. അലാവുദ്ദീന്‍ ഖില്‍ജിയാണ് ഖുവ്വത്തുല്‍ ഇസ്‌ലാം മസ്ജിദിന് ദക്ഷിണഭാഗത്ത് കവാടം നിര്‍മിച്ചത്; ‘അലാഐ ദര്‍വാസ’ എന്ന പേരില്‍. സാസാനിദ് വാസ്തുകലയാണ് ഇവിടെ കടമെടുത്തിരിക്കുന്നത്. ഖില്‍ജിമാരും തുഗ്ലക്കുകളും വാസ്തുനിര്‍മിതികളുടെ കാര്യത്തില്‍ അത്യൂല്‍സാഹം കാണിച്ചതിന്റെ ചരിത്രനിദാനങ്ങള്‍ കാലത്തെ അതിജീവിച്ചു ഇന്നും നിലനില്‍ക്കുന്നുണ്ട്. സൂഫിവര്യന്മാരോടുള്ള സ്‌നേഹാദരവ് അവരുടെ കാലശേഷം പ്രകടിപ്പിച്ചത് ഉജ്വലങ്ങളായി ‘മഖ്ബറകള്‍ ‘പടുത്തുയര്‍ത്തിയാണ്. സാത്വികനായ െൈഖ് റുഖ്‌നുദ്ദീന്റെ ഓര്‍മക്കായി ഗിയാസുദ്ദീന്‍ തുഗ്ലക്ക് ദിവാല്‍പൂരില്‍ പണിത കുടീരം വാസ്തുകലയുടെ തദ്ദേശീയ മാതൃകകള്‍ അവലംബിച്ചാണ്. മതപാഠശാലകള്‍(മദ്രസ) വ്യാപിച്ചിരുന്ന ആ കാലഘട്ടത്തില്‍ മസ്ജിദുകളോട് ചേര്‍ന്ന് ശില്‍പഭംഗിയുള്ള കെട്ടിടങ്ങള്‍ കെട്ടിപ്പടുത്തതിന്റെ ഉദാഹരണമായി ഫിറോസ് ഷാ തുഗ്ലക്കിന്റെ മദ്രസ എടുത്തുകാട്ടാം.
ദില്ലിയില്‍ മാത്രമല്ല, പ്രവിശ്യാ ആസ്ഥാനങ്ങളിലും മറ്റു പട്ടണങ്ങളിലും രാജ്യത്തിന്റെ മുഖച്ഛായ മാറ്റാനുതകുന്ന വാസ്തുശില്‍പ മാതൃകകള്‍ സൃഷ്ടിക്കുന്നതില്‍ ഗവര്‍ണര്‍മാരും നാട്ടുരാജാക്കന്മാരും അതീവ താല്‍പര്യം കാണിച്ചതിന്റെ തെളിവുകള്‍ ഇന്നും ബാക്കികിടക്കുന്നു. ജോണ്‍പൂരിലെ ശര്‍ഖി രാജകുലത്തിലെ പ്രമുഖനായ ഇബ്രാഹീം ഷാ ശര്‍ഖി വാസ്തുചാതുരി വരിഞ്ഞൊഴുകിയ കുറെ കെട്ടിടങ്ങള്‍ പടുത്തുയര്‍ത്താന്‍ ആജ്ഞാപിച്ചു. ലാല്‍ ദര്‍വാസാ മസ്ജിദ് ഇന്നും അദ്ഭുതമായി നിലകൊള്ളുന്നു. മുഖ്യമായും മുള ഉപയോഗിച്ചാണ് ബംഗാളില്‍ നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കിയതെങ്കില്‍ ബുദ്ധ, മുസ്‌ലിം മതസ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കാന്‍ ഇഷ്ടിക നിര്‍ലോഭം ഉപയോഗിച്ചു. സുല്‍ത്താന്‍ സിക്കന്തര്‍ ഷാ(135890) പണികഴിപ്പിച്ച ‘അദീന’ ( ജാമി മസ്ജിദ് ) പ്രൗഢോജ്വലമായ നിര്‍മിതിയാണ്. ജാമി മസ്ജിദിന്റെ സമീപത്തെ ‘അഷ്‌റഫി മഹല്‍’ ( ഗോള്‍ഡ് മൊഹര്‍ പാലസ്) പെട്ടെന്ന് പണി കഴിപ്പിച്ചതാണെങ്കിലും ഇന്നും അവശിഷ്ടങ്ങള്‍ ബാക്കിയിരിപ്പുണ്ട്. നേരത്തെ സൂചിപ്പിച്ചത് പോലെ, ഗുജറാത്തിലെ മുസ്‌ലിം ഭരണാധികാരികള്‍ വാണിജ്യകുതിപ്പിലൂടെ സംഭരിച്ച നികുതിവരുമാനത്തിന്റെ വലിയൊരു ഭാഗം ചെലവഴിച്ചത് ആരാധനാലയങ്ങളും പൊതു വഴിയമ്പലങ്ങളും മറ്റും പടുത്തുയര്‍ത്താനാണ്. തുറമുഖപട്ടണമായ കാംബെയില്‍ നിന്ന് അഹ്മദാബാദിലേക്ക് രാജ്യതലസ്ഥാനം മാറ്റിയതോടെ നഗരത്തിലും പ്രാന്തത്തിലുമായി ഒട്ടനവധി ദേവാലയങ്ങളും മതപഠന ശാലകളും മഖ്ബറകളും പണിതു. ഭരണാധികാരി അഹമ്മദ് ഷാ (141142) ആണ് ഈ മേഖലയില്‍ എണ്ണമറ്റ സംഭാവനകള്‍ അര്‍പ്പിച്ചത്. എന്നാല്‍ ഗുജറാത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയ ഭരണാധികാരി സുല്‍ത്താന്‍ മഹമൂദ് ബെഗാര (14591511) ആണ്. മഹമൂദാബാദ്, ബത്‌വ, ചാംബനീര്‍ തുടങ്ങിയ പട്ടണങ്ങള്‍ നിര്‍മിച്ചത് ഇദ്ദേഹമാണ്. ഡെക്കാനില്‍ കാല് കുത്തിയ നാള്‍ തൊട്ട് മുസ്‌ലിം രാജാക്കന്മാര്‍ കൊട്ടാരങ്ങളും കോട്ടകളും പള്ളികളും സ്മാരകകുടീരങ്ങളും നിര്‍മിക്കുന്നതില്‍ അതീവ ശ്രദ്ധപതിപ്പിച്ചതിനാല്‍ ഇന്നും പല നഗരങ്ങളും പട്ടണങ്ങളും അറിയപ്പെടുന്നത് അവിടങ്ങളിലെ ചരിത്രസ്മാരകങ്ങളുടെ പേരിലാണ്. അതുവരെ ക്ഷേത്രചുമരുകളില്‍ ഒതുങ്ങിനിന്ന സര്‍ഗസിദ്ധികളെ ജനമധ്യത്തിലേക്ക് ആനയിച്ചുകൊണ്ടുവന്നത് മുസ്‌ലിംകളുടെ ആഗമനത്തോടെയാണ്. ലൈംഗിക രാസലീലകളുടെ പച്ചയായ ആവിഷ്‌കാരത്തില്‍ ആത്മീയസായൂജ്യം കണ്ടെത്തിയ ഹൈന്ദവ കലാപാരമ്പര്യത്തില്‍നിന്ന് പൂര്‍ണമായി മാറിസഞ്ചരിച്ച മുസ്‌ലിംകലാകാരന്മാരും ശില്‍പികളും ധാര്‍മിക ചിന്തയുടെ പുതിയ സാംസ്‌കാരിക കാഴ്ചപ്പാട് മുറുകെ പിടിച്ചുള്ള നിര്‍മിതികളിലാണ് ആവേശം കൊണ്ടത്.

1318ല്‍ പണികഴിപ്പിച്ച ദൗലത്താബാദ് മസ്ജിദ് ആയിരിക്കാം ഈ മേഖലയിലെ ആദ്യനിര്‍മിതി. ഇന്നത്തെ കര്‍ണാടകയിലെ ഗൂല്‍ബര്‍ഗ ആസ്ഥാനമായി ഭരിച്ച ബാഹ്മിനി സുല്‍ത്താന്മാര്‍ ഇറാനില്‍നിന്നുള്ള വാസ്തുവിദഗ്ധരുടെ മേല്‍നോട്ടത്തില്‍ , തദ്ദേശീയരായ ശില്‍പികളെ കൂടി പ്രയോജനപ്പെടുത്തിയാണ് നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കിയത്. ബിദാറിലെ കോട്ടയും കൊട്ടാരവും ഇന്ന് നാശോന്മുഖമായി കിടക്കുകയാണ്. ദൗലത്താബാദിലെ ചാന്ദ് മിനാറില്‍ ഖുര്‍ആന്‍ സൂക്തങ്ങള്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത് ഇറാനിയന്‍ മാതൃകയിലാണ്. ഗോല്‍ക്കൊണ്ടയിലെ ഖുത്തുബ് ഷാഹി ഭരണാധികാരികള്‍ ബാഹ്മിനി, ബീജാപൂരി രാജാക്കന്മാരുടെ നിര്‍മിതികളെയാണ് കൂടുതലായും അനുധാവനം ചെയ്തത്. എങ്കിലും തദ്ദേശീയമായ ശില്‍പമാതൃകകള്‍ പില്‍ക്കാലത്ത് വികസിപ്പിച്ചെടുത്തത് ഇന്നും ദക്ഷിണേന്ത്യയുടെ മുഖപ്രകൃതി വ്യതിരിക്തമാക്കുന്നു.

വാ താജ്!
ആര് എത്ര നിഷേധിച്ചാലും തള്ളിപ്പറഞ്ഞാലും ശരി, ആധുനിക ഇന്ത്യയുടെ മുഖം രൂപപ്പെടുത്തിയത് മുഗിള രാജാക്കന്മാരാണ്. ഇസ്‌ലാം ഇന്ത്യക്ക് എന്തെല്ലാം സംഭാവന ചെയ്തു എന്ന അന്വേഷണത്തിലേക്ക് ഈ ലേഖകനെ തിരിച്ചുവിട്ടത് താജ്മഹലിനെകുറിച്ച് സമീപകാലത്ത് ഉയര്‍ന്നുകേട്ട വിവാദങ്ങളാണ്. മുഗിള നിര്‍മിതികള്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയുടെ മുഖം മറ്റൊന്നാകുമായിരുന്നില്ലേ?രാഷ്ട്രീയ ഭദ്രതയും കാര്യക്ഷമമായ പ്രതിരോധവും നാട്ടില്‍ സമാധാനവും സ്വാസ്ഥ്യവും ഉറപ്പ് വരുത്തുകയും രാജ്യാതിരുകള്‍ വികസിച്ച് വികസിച്ച് ഉപഭൂണ്ഡം മുഴുവന്‍ ഒരു ഭരണത്തിന്‍ കീഴില്‍ വരുകയും ചെയ്ത ‘സുവര്‍ണ കാലഘട്ട’ത്തിലാണ് ലോകം അതിശയത്തോടെയും കൗതുകത്തോടെയും നോക്കിക്കാണുന്ന നിര്‍മിതികള്‍ ഇവിടെ പൂര്‍ത്തീകരിക്കപ്പെട്ടത്. പക്ഷേ അതംഗീകരിക്കാനുള്ള വിശാലമനസ്‌കതയുടെ അഭാവത്തില്‍ അസൂയയും കുശുമ്പും വിദ്വേഷത്തിന്റെ പ്രത്യയശാസ്ത്രത്തിന് വെള്ളവും വളവുമായി മാറുന്ന ദയനീയ കാഴ്ച ‘മോഡിയുഗത്തെ’ പ്രക്ഷുബ്ധമാക്കുന്നു. താജ്മഹലിനെ കുറിച്ച് സംഘ്പരിവാര്‍ ശക്തികള്‍ നടത്തിയ നിഷേധാത്മക പരാമര്‍ശങ്ങളും യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള യു.പി സര്‍ക്കാരിന്റെ നിലപാടുകളും നിഷ്‌കൃഷ്ടമായി അപഗ്രഥിക്കപ്പെട്ട പശ്ചാത്തലം അതാണ്. മുഗിളചക്രവര്‍ത്തി ഷാജഹാന്‍ തന്റെ പ്രേമഭാജനമായ മുംതാസ്മഹലിന്റെ ഓര്‍മക്കായി ആഗ്രയില്‍ യമുന നദിയുടെ തീരത്ത് 22വര്‍ഷം കൊണ്ട് കെട്ടിപ്പടുത്ത വാസ്തുശില്‍പചാതുരിയുടെ എക്കാലത്തെയും വിസ്മയമാണ് താജ്മഹല്‍. ‘അനശ്വരതയുടെ കവിള്‍ത്തടത്തില്‍ ഉറ്റിവീണ ഒരിറ്റു കണ്ണീര്‍’ എന്നാണ് മഹാകവി ടാഗോള്‍ ഈ വെണ്ണക്കല്‍ കാവ്യത്തെ പ്രകീര്‍ത്തിച്ചത്. 1977ല്‍ വോയോജര്‍ എന്ന ശൂന്യാകാശ പേടകം വിക്ഷേപിച്ചപ്പോള്‍ അതില്‍ ഇന്ത്യയില്‍നിന്ന് ഉള്‍പ്പെടുത്തിയ ഏക ചിത്രം താജ്മഹലിന്‍േറതാണ്. പേടകം ചെന്നെത്തുന്ന മറ്റേതെങ്കിലും ലോകത്ത് ബുദ്ധിശക്തിയുള്ള വല്ല സൃഷ്ടിയുമുണ്ടെങ്കില്‍ ഭൂതലത്തില്‍ ഇത്രക്കും മനോജ്ഞമായ ഒരു നിര്‍മിതിയുണ്ടെന്ന് അറിയട്ടെ എന്ന ഉദ്ദേശത്തോടെ. സപ്താല്‍ഭുതങ്ങളിലൊന്നായി എന്നോ എണ്ണപ്പെട്ട ഈ സ്മാരകസൗധത്തെ ഉത്തര്‍ പ്രദേശ് വിനോദസഞ്ചാരവകുപ്പ് പുറത്തിറക്കിയ സംസ്ഥാനത്തെ 32ടൂറിസം കേന്ദ്രങ്ങളുടെ പട്ടികയില്‍നിന്ന് നിന്ന് ഒഴിവാക്കിയതതോടെയാണ് താജിനെ കുറിച്ചുള്ള ചര്‍ച്ച സജീവമായത്. താജ് ഇന്ത്യന്‍ സംസ്‌കൃതിക്ക് അപമാനമാണെന്ന് വരെ ബി.ജെ.പി എം.എല്‍. എ സംഗീത് സോം ആക്രോശിക്കുന്നതും ലോകം കേട്ടു. ഒരുവേള താജ്മഹല്‍, തേജോമഹാലയ എന്ന ശിവക്ഷേത്രമാണെന്ന് വാദിച്ചുകൊണ്ട് സംഘ്പരിവാര്‍ എഴുത്തുകാരനായ പി.എന്‍. ഓക്ക് ഉറഞ്ഞുതുള്ളിയത് മുസ്‌ലിം ഭരണാധികാരി പണികഴിപ്പിച്ച ഒരു മനോഹരനിര്‍മിതി കാണാനാണ് ലോകം ഇന്ത്യയിലേക്ക് ഒഴുകുന്നത് എന്ന യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ മാനസികകെല്‍പില്ലാത്തതിനാലാണ്. പ്രതിവര്‍ഷം 80ലക്ഷം വിനോദസഞ്ചാരികളാണത്രെ താജ് കാണാന്‍ ആഗ്രയില്‍ എത്തുന്നത്. 3000കോടിയുടെ ടൂറിസം വ്യവസായമാണ് യുനെസ്‌കോയുടെ പൈതൃകപട്ടികയുടെ മുകളില്‍നില്‍ക്കുന്ന ഈ ചരിത്രനിര്‍മിതി. ഇന്തോഇസ്‌ലാമിക് വാസ്തു ശില്‍പകലയുടെ അത്യുജ്വല മാതൃകയായി എക്കാലത്തും നിലനില്‍ക്കുന്ന താജ് മഹലിന്റെ നിര്‍മിതിയില്‍ ഇറാന്‍, ടര്‍ക്കിഷ്, അഫ്ഗാന്‍ , ഇന്ത്യന്‍ ശില്‍പചാതുരിയുടെ സ്വാധീനം പ്രകടമാണ്. താജ് മഹല്‍, മുഗള്‍ വാസ്തുശില്‍പകലയുടെ പരിപൂര്‍ണതയെയാണ് പ്രതിനിധാനം ചെയ്യുന്നത്. അനുപാതം (ജൃീുീൃശേീി), സമതുലിത്വം (ആമഹമിരല) , ലയം (ഒമൃാീി്യ)എന്നിവ അടിസ്ഥാമാക്കിയുള്ള വാസ്തുശില്‍പശൈലിയാണ് മുഗിളകാലഘട്ടത്തിന്റെ സവിശേഷതയും ശക്തിയും.

മുഗിള ആര്‍ക്കിടെക്ചര്‍ക്ക് തുടക്കംകുറിക്കുന്നത് അക്ബറിന്റെ കാലം തൊട്ടാണ്. 1564ല്‍ ഹുമയൂണിന്റെ പത്‌നി ദില്ലിയില്‍ താമസമുറപ്പിച്ച ഉടന്‍ വിടപറഞ്ഞ പ്രിയതമന്റെ ശവകുടീരം ഇറാനിയന്‍ വാസ്തുശില്‍പികളെ കൊണ്ട് പണികഴിപ്പിച്ചു. അക്ബറിന്റെ ആഗ്ര കോട്ടയില്‍ നിരവധി കൊട്ടാരങ്ങളുണ്ടായിരുന്നു. അക്കാലത്ത് തന്നെയാണ് ലാഹോര്‍ കോട്ടയും പണിയുന്നത്. ഫത്തേപ്പൂര്‍ സിക്രിയിലെ കോട്ടയും പള്ളിയും ഇന്നും നയനാനന്ദകരമായ കാഴ്ചയാണ്. ശൈഖ് സലീം ചിശ്തിയുടെ പേരില്‍ നിര്‍മിച്ച ജാമി മസ്ജിദ് വിനോദ സഞ്ചാരികളുടെയും ചിശ്തി ശിഷ്യരുടെയും തീര്‍ഥാടന കേന്ദ്രമാണിന്ന്. ഷാജഹാന്‍ ചക്രവര്‍ത്തിയാണ് ചെങ്കോട്ടയും ദില്ലി ജുമാമസ്ജിദും പടുത്തുയര്‍ത്തി നമ്മുടെ നാട്ടിന്റെ കീര്‍ത്തി വാനോളമുയര്‍ത്തിയത്. എന്നിട്ടും ഒരു നന്ദിവാക്ക് ആധുനിക ഇന്ത്യയുടെ രാഷ്ട്രീയമേലാളന്മാരില്‍നിന്ന് കേള്‍ക്കാന്‍ കഴിയുന്നില്ല എന്നല്ല, അവരെ ഇകഴ്ത്താനും ശപിക്കാനുമാണ് പ്രധാനമന്ത്രിയടക്കമുള്ളവര്‍ ഒരുമ്പെടുന്നത്.

സാമ്പത്തിക കുതിപ്പിന്റെ നിദാനങ്ങള്‍
ഒരു പുതിയ നാഗരികതയുടെ വരവറിയിക്കുന്ന മാറ്റങ്ങളാണ് മുസ്‌ലിം ഭരണകര്‍ത്താക്കളുടെ വികസനപരമായ ഇടപെടലുകളിലൂടെ മധ്യകാല ഇന്ത്യയില്‍ സാക്ഷാത്കരിക്കപ്പെട്ടത്. വാണിജ്യമേഖലയിലെ വളര്‍ച്ച ജീവിതനിലവാരം ഉയര്‍ത്തിയപ്പോള്‍ നഗര ജീവിതത്തിന്റെ തുടിപ്പുകള്‍ ഗ്രാമാന്തരങ്ങളെ പോലും സ്പര്‍ശിക്കാന്‍ തുടങ്ങി. കാലഹരണപ്പെട്ട കൃഷിരീതികളുമായി മുടന്തി നടന്ന നമ്മുടെ രാജ്യത്ത് നല്ല വിത്തുകളും മുന്തിയ പഴങ്ങളും പരീക്ഷിച്ചതോടൊപ്പം കൃഷിക്കാര്‍ക്ക് മെച്ചപ്പെട്ട വേതനം ലഭിക്കാനും കാര്‍ഷിക വിഭവങ്ങള്‍ക്ക് പുതിയ വിപണികള്‍ കണ്ടെത്താനും സുല്‍ത്തനത്ത്മുഗിള ഭരണം പ്രയോജനപ്പെട്ടു. തുര്‍ക്കി, ഇറാന്‍, അഫ്ഗാന്‍ തുടങ്ങി, തങ്ങള്‍ കടന്നുവന്ന രാജ്യങ്ങളിലെ മേത്തരം പഴവര്‍ഗങ്ങള്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ മധ്യകാല ഭരണാധികാരികള്‍ വലിയ താല്‍പര്യം കാണിച്ചു. ‘തുസുക്കി ഐ ബാബരി’യിലും ‘തുസുക്കി ഐ ജഹാംഗീറി’ ലും ഇതിനെ കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. മുഗിളരുടെ ആഗമനത്തിനു മുമ്പ് ഇന്ത്യയില്‍ ഒരിനം മാമ്പഴമേ കൃഷി ചെയ്തിരുന്നുള്ളുവത്രെ. വിവിധയിനങ്ങള്‍ പഴവര്‍ഗങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ മുഗിളര്‍ കാണിച്ച താല്‍പര്യം ഈ രംഗത്ത് വന്‍ കുതിച്ചുചാട്ടത്തിനു സഹായകമായി. ജലസേചനത്തിന് പേഴ്‌സ്യന്‍ കപ്പികള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ പഴയരീതിയിലുള്ള ‘അര്‍ഗട്ടുക’ളെ കാലഹരണപ്പെട്ടതാക്കി. നെയ്ത്തുമേഖലയിലും പുതിയ സാങ്കേതിക വിദ്യ കൊണ്ടുവന്നത് മുസ്‌ലിംകളാണ്. ശുദ്ധീകരിച്ച പഞ്ചസാരക്കുള്ള ഡിമാന്‍ഡ് കൂടിയപ്പോള്‍ കരിമ്പ് കൃഷി കൂടുതല്‍ പ്രോല്‍സാഹിപ്പിക്കുകയും പഞ്ചസാര സംസ്‌കരണത്തിന് പുതിയ വിദ്യ വികസിപ്പിച്ചെടുക്കുകയും ചെയ്തു. മള്‍ബെറി ചെടികളും പട്ടുനൂല്‍ പുഴുക്കളും കൊക്കൂണുകളും ബംഗാളില്‍ ഇറക്കുമതി ചെയ്തത് മുസ്‌ലിം ഭരണാധികാരികളായിരുന്നു. അതുവരെ വിദേശരാജ്യങ്ങളെയാണ് ആശ്രയിച്ചിരുന്നത്. ഇതോടെ പട്ട് വ്യവസായത്തില്‍ ഇന്ത്യ വളരെ മുന്നോട്ടുപോയി. കശ്മീരില്‍ സെറികള്‍ച്ചര്‍ തുടങ്ങിയതും ഈ കാലഘട്ടത്തിലാണ്. ഗുജറാത്ത് ഇന്ന് അറിയപ്പെടുന്നത് വസ്ത്രവ്യാപാരത്തിന്റെ ആസ്ഥാനമായിട്ടാണെങ്കില്‍ അതിന് അടിത്തറ പാകിയത് മുസ്‌ലിം ഭരണാധികാരികളായിരുന്നു. സുല്‍ത്താന്‍ മഹമൂദ് ഷായുടെ കാലത്ത് വസ്ത്രം നെയ്യാനും നിറം പകരാനും പ്രിന്റ് ചെയ്യാനുമുള്ള എണ്ണമറ്റ ഫാക്ടറികള്‍ സ്ഥാപിച്ചു. 16, 17 നൂറ്റാണ്ടുകളില്‍ ഖെയ്‌റാബാദും ദരിയാബാദും ടെക്‌സ്റ്റയില്‍ വ്യവസായ രംഗത്ത് കീര്‍ത്തി മുദ്ര പതിപ്പിച്ചു.

ഒരു ചരിത്രകാരന്റെ അടിക്കുറിപ്പ്
മുസ്‌ലിം കാലഘട്ടത്തില്‍ നിഖില മേഖലകളിലും വളര്‍ച്ചയുടെ പടവുകളും ഉയര്‍ച്ചയുടെ ചക്രവാളങ്ങളും കൈയെത്തിപ്പിടിച്ച ഇന്ത്യയിലേക്കാണ് ആദ്യം ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും പിന്നീട് ബ്രിട്ടീഷ് ഭരണകൂടവും അത്യാര്‍ത്തിയുമായി കടന്നുവരുന്നത്. സുല്‍ത്താന്മാരും മുഗിളന്മാരും ഇന്നാട്ടിന്റെ സര്‍വസമൃദ്ധിയും ഇവിടെ തന്നെ നിക്ഷേപിച്ച് സാമ്പത്തികമായും സാംസ്‌കാരികമായും പുതിയൊരു യുഗപ്പിറക്ക് അന്തരീക്ഷമൊരുക്കിയപ്പോള്‍, കോളനിശക്തികള്‍ ചൂഷണമനസ്ഥിതിയോടെയാണ് തുടക്കം മുതല്‍ പെരുമാറിയത്. അതുവരെ നിലനിന്ന മതസൗഹാര്‍ദം താളം തെറ്റിയതും ഹിന്ദുമുസ്‌ലിം വേര്‍തിരിവ് മൂര്‍ഛിച്ചതും സാമൂഹികമായ കലാപാന്തരീക്ഷം സൃഷ്ടിക്കപ്പെട്ടതും ബ്രിട്ടീഷുകാരുടെ വരവോടെയാണ്. ബ്രിട്ടീഷ് കോളനിശക്തികള്‍ ഈ രാജ്യത്തെ എങ്ങനെ കട്ടുമുടിച്ചു എന്നതിന്റെ വ്യക്തമായ ചിത്രം പാര്‍ലമെന്റ് അംഗവും കോണ്‍ഗ്രസ് നേതാവുമായ ശശിതരൂര്‍ ‘An Era of Darkness,The British Empire in India’ എന്ന ബെസ്റ്റ് സെല്ലറില്‍ വിവരിക്കുന്നുണ്ട്.

അറബ് ജനതയുടെ ഉയര്‍ത്തെഴുന്നേല്‍പിനും ബൗദ്ധിക പരിവര്‍ത്തനത്തിനും ഇസ്‌ലാം എന്തുപങ്ക് വഹിച്ചോ അതോ അതിലേറെയോ ഇന്ത്യന്‍ ജനതയെ ഒരാധുനിക സമൂഹമാക്കി പരിവര്‍ത്തിപ്പിക്കുന്നതില്‍ ഇസ്‌ലാമിന്റെ ആഗമവും മുസ്‌ലിം സാമീപ്യവും സഹായിച്ചിട്ടുണ്ടെന്ന് അംഗീകരിക്കലാണ് സത്യസന്ധത. ചരിത്രകാരനായ സര്‍ ജദുനാഥ് സര്‍ക്കാര്‍ ‘ഇസ്‌ലാം ഇന്‍ ഇന്ത്യ’ എന്ന പഠനാര്‍ഹമായ പ്രബന്ധത്തില്‍ അക്കമിട്ട് നിരത്തുന്ന നേട്ടങ്ങള്‍ ഒരു കാലഘട്ടത്തിന്റെ ഇടപെടലുകളെ കുറിച്ചുള്ള അപൂര്‍ണമായ ബാലന്‍സ് ഷീറ്റാണ്. 1. ബാഹ്യലോകവുമായി ബന്ധം സ്ഥാപിച്ചു. 2. രാഷ്ട്രീയ ഏകതയും വസ്ത്രത്തിലും സംസ്‌കാരത്തിലുമുള്ള യൂനിഫോമിറ്റിയും യാഥാര്‍ത്ഥ്യമാക്കി 3. പൊതുവായ ഔദ്യോഗിക ഭാഷ ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കുമിടയില്‍ ലളിതമായ ആഖ്യാനശൈലി വളര്‍ത്തി 4. പ്രാദേശിക ഭാഷകളുടെ വളര്‍ച്ച. എല്ലാ വിഭാഗങ്ങള്‍ക്കും സാഹിത്യത്തിലും ഭാഷയിലും അവസരങ്ങള്‍ ഒരുക്കിക്കൊടുത്തു.5. കടല്‍മാര്‍ഗമുള്ള വാണിജ്യം ത്വരിതപ്പെടുത്തി. 6. ഇന്ത്യയുടെ നാവിക സേനയുടെ മുന്നേറ്റം.

ഇവിടം കൊണ്ടവസാനിക്കുന്നില്ല ഇസ്‌ലാം ഇന്ത്യാ മഹാരാജ്യത്തിന് നല്‍കിയ സംഭാവനകള്‍. ജാതിഉപജാതി ജീര്‍ണതകളുടെ നടുവില്‍ നരകജീവിതം നയിച്ച കോടിക്കണക്കിന് മനുഷ്യര്‍ക്ക് മോചനവും വിശ്വാസ ദാര്‍ഢ്യവും പ്രദാനം ചെയ്ത വിപ്ലവാശയമായിരുന്നു ഒരു വേള ഇസ്‌ലാം.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login