അജ്ഞാതമായതിനെക്കുറിച്ച് എങ്ങനെയെഴുതും?


സ്വന്തം കഥയെഴുതാന്‍ പലര്‍ക്കും പറ്റിയേക്കും. സിന്തിയ ഒസിക്ക് ഒരിക്കല്‍ പറഞ്ഞു:
“സ്വം ഒരു ചെറിയ വട്ടമാണ്; അതിലേറെ ഇടുങ്ങിയതും കണ്ടുമടുത്തതും. നിങ്ങള്‍ക്കറിയാത്തതിനെ കുറിച്ച് എഴുതുമ്പോള്‍ ആ വട്ടം വലുതാകുന്നു. ചിന്തകള്‍ ചെറിയ പരിധിയെ മറികടക്കുന്നു. സ്വപ്നത്തിന്റെയും ഭാവനയുടെയും കരകാണാ വട്ടത്തേക്ക് നിങ്ങള്‍ പ്രവേശിക്കുന്നു.”

നിങ്ങളുടെ കഥ, നിങ്ങളുടെ ചുറ്റുമുള്ളവരുടെ കഥകള്‍, നിങ്ങളുടെ സ്വാഭാവിക യാഥാര്‍ത്ഥ്യങ്ങളുടെ കഥകള്‍ എന്നിവയെല്ലാം നല്ല സാഹിത്യമായി നിങ്ങള്‍ക്ക് എഴുതാന്‍ കഴിഞ്ഞേക്കും. എന്നാല്‍ നിങ്ങള്‍ക്കറിയാത്തതിനെക്കുറിച്ച് എഴുതാന്‍ ശ്രമിക്കുമ്പോള്‍ ഓരോ വാക്കും ഓരോ വരിയും ഓരോ ഖണ്ഡികയും ഓരോ അധ്യായവും അനിശ്ചിതവും സാഹസികവുമാകുന്നു. ഒരു പര്യവേക്ഷകന്റെ ഉള്ളിലെ താളമാണ് നിങ്ങളുടെ നാഡിഞരമ്പുകളില്‍ കമ്പനം ചെയ്യുന്നത്. എഴുതുന്നതിന്റെ ആനന്ദം ശരിക്കും നിങ്ങളറിയുന്നത് അപ്പോഴായിരിക്കും.

അജ്ഞാതമായതിനെക്കുറിച്ച് എങ്ങനെ എഴുതും? കൃത്യമായ ഒരു മാര്‍ഗം പറയാനാവില്ല. അത് അജ്ഞാതമാണ്. എഴുതാനിരിക്കുക. എഴുതിക്കൊണ്ട് അന്വേഷിക്കുക. എഴുത്ത് ഒരു അന്വേഷണമാക്കുക. അജ്ഞാതമായതിനൊപ്പമായിരിക്കുക.

സര്‍ഗവേദിയിലെത്തുന്ന രചനകള്‍ പരിശോധിക്കുമ്പോള്‍ ചങ്ങാതിക്ക് മനസ്സിലാകുന്ന ഒരു കാര്യം ഇതാണ് : നമ്മുടെ സര്‍ഗസുഹൃത്തുക്കളുടെ ഉള്ളിലെല്ലാം നല്ല പ്രമേയങ്ങളുണ്ട്. എന്നാല്‍ അവ സാഹിത്യമാക്കാനുള്ള ഭാഷ അവര്‍ക്കില്ലാതെ പോവുന്നു. പ്രമേയമല്ല സാഹിത്യം എന്ന് കൂട്ടുകാര്‍ മനസ്സിലാക്കുമല്ലോ. റോബര്‍ട്ട് ഫ്രോസ്റിന്റെ ണമിറലൃ വേശൃല്‍െേ നിന്നു പുതിയ കാലത്തെ മനുഷ്യന്റെ നെട്ടോട്ട ങ്ങളിലേക്കുള്ള ജാനിബ് ജമാലിന്റെ നോട്ടം വ്യത്യസ്തമാണ്. കുറച്ചുകൂടി മൂര്‍ച്ചയുണ്ടായിരുന്നങ്കിലെന്ന് ആശിച്ചു പോയി. രണ്ടു ജീവിതങ്ങള്‍ നല്ല പ്രമേയമായിരുന്നു. കുറേക്കൂടി ശക്തമായ നിരീക്ഷണങ്ങള്‍ ആവശ്യമായിരുന്നു. ചിതറിപ്പോയത് ചിതറാത്ത എന്തോ നമ്മോട് സംവദിക്കുന്നു. യുട്ടോപ്പിയയും നന്ന്.
കാത്തിരിപ്പോടെ

ചങ്ങാതി.


നെട്ടോട്ടം

The woods are lovely, dark and deep,

But I have promises to keep,

And Miles to go before I sleep,

And miles to go before I sleep.

– Robert Frost.

അഗാധമാം വനികളണിഞ്ഞ മഞ്ഞാടകണ്ട്
അനര്‍ഗസായാഹ്നത്തിലാണ് ഞാന്‍ നിശ്ചലനായത്,
അനക്കമില്ലായുറക്കത്തിനു മുമ്പ്
ആയിരമായിരം പ്രതിജ്ഞകള്‍ നിറവേറ്റാനുണ്ടായിരുന്നിട്ടും
അതീവദൂരം താണ്ടാനുണ്ടായിരുന്നിട്ടും
അഴകിനാഴത്തില്‍ ലയിച്ചു നിന്നു ഞാന്‍.

കാതങ്ങള്‍ക്കപ്പുറമുള്ളയിരുട്ടിലേക്ക്
തിരക്കിട്ടു പോകുന്നവരേ,
ഒന്നു നിര്‍ത്തിയീയസ്തമയ ഭംഗിയൊന്നു നോക്കൂ,
ഇതിലറ്റമില്ലാ ദൃഷ്ടാന്തങ്ങളുണ്ട്.
നമ്മെ മുന്നോട്ടു നയിച്ച കവിയോര്‍ത്തുകാണില്ല
നമ്മള്‍ നിര്‍ത്താതെ കുതിച്ച്
മഞ്ഞും മരങ്ങളും മറക്കുമെന്ന്
ഈ മഹാവനത്തിലെ സന്ധ്യയാസ്വദിക്കാതെ
ഇവിടെ വിശ്രമിക്കാതെയേതു
നരകത്തിലേക്കാണ്
നമ്മളോടി പ്പോകുന്നത്?
ജാനിബ് ജമാല്‍

യുട്ടോപ്പിയ

വാള്‍സ്ട്രീറ്റില്‍ നടമാടിയ ഒരു സമരത്തില്‍ സജീവമായി പങ്കെടുത്ത് ഉച്ചയൂണിനു വേണ്ടി വീട്ടില്‍ തിരിച്ചെത്തിയ ഭര്‍ത്താവ് തന്റെ മക്കളെ കാണാതെ വന്നപ്പോള്‍ ഭാര്യയോട് കാര്യം തിരക്കി. ഭാര്യയുടെ മറുപടി ഇങ്ങനെ: “സാമൂഹിക വികാസമെന്നാല്‍ കുടുംബത്തിന്റെ ആനുപാതികമായ നിരോധനമാണെന്ന് ഒരിക്കല്‍ നിങ്ങളെന്നെ പഠിപ്പിച്ചിരുന്നു. അതിനാല്‍ അവറ്റകളെ ഞാന്‍ വാടകയ്ക്കു കൊടുത്തു. അതുകൊണ്ടു തന്നെ ഇന്നത്തെ അന്നവും മുടങ്ങിയില്ല.”

മുഹമ്മദ് വള്ളിത്തോട്, മര്‍കസ് ഗാര്‍ഡന്‍

ചിതറിപ്പോയത്

കവിതയല്ലെന്നു തോന്നി

ചീന്തിച്ചീന്തി നുറുക്കി
നഖത്തുമ്പുകള്‍ ചേര്‍ത്ത്
അമര്‍ത്തിപ്പിടിച്ച്
വീണ്ടും വീണ്ടും കീറി
അക്ഷരങ്ങളുടെ അത്രയും കഷ്ണങ്ങളാക്കി
അവയുടെ വളവും തിരിവും കുനിപ്പും ചീന്തി
ഇരു കൈകളും ചേര്‍ത്ത് വാരിയെടുത്ത്
ഒരു കുമ്പിളാക്കി.
താഴേക്കു നോക്കി വെളുക്കെ ചിരിക്കും
മുറ്റത്തെ ആകാശത്തിന്
ഉയര്‍ത്തിയെറിഞ്ഞു കൊടുത്തു.
തുമ്പികള്‍ക്കൊപ്പം മത്സരിച്ചു പാറുന്നൂ
തുണ്ടുകളായി ചിതറിപ്പറന്ന എന്റെ
ജീവിതത്തെപ്പോലെ.

പ്രമോദ് മാങ്കാവ്, തെക്കേതില്‍ വീട്

രണ്ടു ജീവിതങ്ങള്‍

ഞാന്‍ ജനിച്ചത്
സര്‍ക്കാറാശുപത്രിയുടെ
വൃത്തിഹീനമായ
പ്രസവ മുറിയില്‍.
അവനാകട്ടെ,
സ്വകാര്യാശുപത്രിയുടെ
ശീതീകരിച്ച
ലേബര്‍ റൂമിലും.

ഞാന്‍ പഠിച്ചത്
സര്‍ക്കാര്‍ സ്കൂളിലെ
ഒടിഞ്ഞു വീഴാറായ
ബെഞ്ചിലിരുന്ന്;
അവനോ,
ഇംഗ്ളീഷ് മീഡിയത്തിലെ
കറങ്ങുന്ന കസേരയില്‍
ഇരുന്നും..

ജീവിതം എനിക്ക്
നിഴല്‍ വീണതും
അവന് പ്രകാശ പൂരിതവും.

ഞാന്‍ ജീവിച്ചത്
അച്ഛനുമമ്മയ്ക്കും
മരുന്നിനും അന്നത്തിനുമുള്ള
പിച്ചക്കാശിനായിരുന്നു,
അവന്‍ ജീവിച്ചത്
പണത്തിനും അധികാരത്തിനും…

ഒടുവില്‍ ഞാന്‍-
നര വന്ന മാതാവിനെയും
പിതാവിനെയും
ശുശ്രൂഷിക്കാന്‍
വീടെന്ന ലോകത്തേക്ക്
ചുരുങ്ങി.

അവനാകട്ടെ
വൃദ്ധസദനത്തില്‍
ഒരു സീറ്റൊപ്പിച്ച
സമാധാനവുമായി
ജീവിതം ആസ്വദിക്കുകയായിരുന്നു.
ഫവാസ് കൊളത്തൂര്‍..

You must be logged in to post a comment Login