നിങ്ങളില്‍നിന്നുള്ള പ്രവാചകന്‍ നിങ്ങള്‍ക്കുവേണ്ടിയുള്ള പ്രവാചകന്‍

നിങ്ങളില്‍നിന്നുള്ള പ്രവാചകന്‍ നിങ്ങള്‍ക്കുവേണ്ടിയുള്ള പ്രവാചകന്‍

വെളിച്ചത്തിലേക്ക് മനുഷ്യരെ വഴി നടത്തുന്ന ദിവ്യസന്ദേശങ്ങളും ജീവിത പദ്ധതിയും മനുഷ്യര്‍ക്ക് വിവരിച്ചു കൊടുക്കാന്‍ അല്ലാഹു നബിമാരെ നിയോഗിച്ചു. ആ നിയോഗങ്ങള്‍ക്ക് തിരശ്ശീലയിട്ടുകൊണ്ട് ദൗത്യം നല്‍കപ്പെട്ടവരാണ് തിരുനബി (സ്വ). ജനങ്ങള്‍ക്ക് നേരിട്ട് ബോധനം നല്‍കുന്ന രീതി സംവിധാനിക്കാതെ ജിബ്‌രീല്‍(അ) മുഖേന നബിമാരിലേക്ക്, നബിമാരില്‍ നിന്ന് മനുഷ്യരിലേക്ക് എന്ന കൈമാറ്റ വ്യവസ്ഥിതി സംവിധാനിച്ചതിന് പിന്നില്‍ യുക്തികളുണ്ടാകും, തീര്‍ച്ച. നബിയായി നിയോഗം ലഭിച്ചവരെല്ലാം രക്തവും മജ്ജയും മാംസവും വികാര വിചാരങ്ങളും ഉള്ള മനുഷ്യരായിരുന്നു എന്നതും ചിന്തനീയമാണ്. നബിമാര്‍ ആരും മലക്കുകളെപ്പോലോത്ത സൃഷ്ടികളായിരുന്നില്ലെന്ന് ഖുര്‍ആന്‍ പറയുന്നു.

”ഭക്ഷണം കഴിക്കുകയും അങ്ങാടിയിലൂടെ നടക്കുകയും ചെയ്യുന്നവരായിട്ടല്ലാതെ താങ്കള്‍ക്ക് മുമ്പ് നാം നബിമാരെ നിയോഗിച്ചിട്ടില്ല” (സൂറഃ ഫുര്‍ഖാന്‍: 20)
എല്ലാ മനുഷ്യരെയും പോലെ അങ്ങാടിയിലൂടെ നടക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്യുന്ന പ്രവചാകന്മാരില്‍ ഞങ്ങള്‍ തൃപ്തരല്ലെന്ന് സത്യനിഷേധികള്‍ പറഞ്ഞിരുന്നു. അല്ലാഹുവിന്റെ ഏകത്വവും തിരുനബിയുടെ പ്രവാചകത്വവും അംഗീകരിക്കാന്‍ തയാറല്ലാത്ത ചിലര്‍ തങ്ങളുടെ സത്യനിഷേധത്തിന് സ്വയം കണ്ടെത്തിയ ന്യായമായിരുന്നു ഇത്.

അവര്‍ ആവശ്യപ്പെടുന്ന ഇത്തരം കാര്യങ്ങള്‍ പൂര്‍ത്തീകരിച്ച് കൊടുത്താലും അവര്‍ സത്യമതം പുല്‍കുമായിരുന്നില്ല. മറിച്ച് സത്യനിഷേധത്തിന് അവര്‍ മറ്റൊരു ന്യായം കണ്ടെത്തും എന്നും ഖുര്‍ആന്‍ പഠിപ്പിക്കുന്നു. ”ഈ വിശുദ്ധ ഖുര്‍ആന്‍ മനുഷ്യന് ഉള്‍കൊള്ളാവുന്ന എല്ലാ ഉപമകളും ഉള്‍കൊള്ളിച്ചു, എന്നിട്ടും അധിക പേരും നിഷേധിച്ചു. അവരതില്‍ ഉറച്ചു നിന്നു. അവര്‍ പറഞ്ഞു: നീ ഞങ്ങള്‍ക്ക് ഈ മരുഭൂമിയില്‍ പുഴ ഒഴുക്കിത്തരുന്നത് വരെ ഞങ്ങള്‍ വിശ്വസിക്കില്ല. അല്ലെങ്കില്‍ നിനക്ക് ഈന്തപ്പനയുടെയും മുന്തിരിയുടെയും തോട്ടമുണ്ടാവുക, എന്നിട്ട് അതിന് താഴ്ഭാഗത്തുകൂടി ആ പുഴയെ ഒഴുക്കുക. അതുമല്ലെങ്കില്‍ താങ്കള്‍ പറയാറുള്ളത് പോലെ കഷ്ണം കഷ്ണങ്ങളായി ആകാശത്തെ ഞങ്ങളുടെ മേല്‍ വീഴ്ത്തുക, നിന്റെ അല്ലാഹുവിനെയും മലക്കുകളെയും ഞങ്ങളുടെ മുന്നില്‍ ഹാജരാക്കുക. അതുമല്ലെങ്കില്‍ നീ നിനക്കായി ഒരു സ്വര്‍ണക്കൊട്ടാരം ഉണ്ടാക്കുക. എന്നിട്ട് നീ ആകാശത്തേക്ക് കയറിപ്പോകുക. എന്നിട്ട് ഞങ്ങള്‍ക്ക് പാരായണം ചെയ്യാന്‍ ഗ്രന്ഥവുമായി ഇറങ്ങി വരിക. ഇങ്ങനെയവര്‍ പറഞ്ഞുകൊണ്ടേയിരിക്കും. നബിയേ അങ്ങ് പറയുക: ”എന്റെ റബ്ബ് പരിശുദ്ധനാണ.് ഞാന്‍ ദൂതനായ ഒരു മനുഷ്യന്‍ മാത്രം.” എല്ലാ തെളിവുകള്‍ക്ക് മുന്നിലും മുട്ട് മടക്കേണ്ടി വരുമ്പോള്‍ അവര്‍ തടസം നിന്ന് ചോദിക്കും. ‘ഒരു മനുഷ്യനെയാണോ അല്ലാഹു ദൂതനായി അയച്ചിരിക്കുന്നത്!’ നബിയേ അവരോട് പറയുക: ”ഈ ഭൂനിവാസികള്‍ മലക്കുകളായിരുന്നെങ്കില്‍ അവരിലേക്ക് നാം ആകാശത്തുനിന്ന് ഒരു മലക്കിനെ തന്നെ ദൂതനായി ഇറക്കുമായിരുന്നു.” (ഇസ്‌റാഅ് 89-95)

ഭൂനിവാസികള്‍ മനുഷ്യരായത് കൊണ്ടാണ് അവരില്‍ നിന്നുള്ള പ്രതിനിധിയെ തന്നെ അല്ലാഹു നബിയായി നിയോഗിച്ചത് എന്ന് ഈ സൂക്തം വ്യക്തമാക്കുന്നു. ഇത് സ്രഷ്ടാവ് തന്റെ സൃഷ്ടികളോട് കാണിച്ച ഏറ്റവും വലിയ കാരുണ്യമാണ് എന്ന് ഖുര്‍ആന്‍ പരാമര്‍ശിക്കുന്നു.
”അവരില്‍ നിന്ന് തന്നെയുള്ള ഒരു ദൂതനെ നിയോഗിക്കുക വഴി അല്ലാഹു വിശ്വാസികള്‍ക്ക് മഹത്തായ അനുഗ്രഹം ചെയ്തിരിക്കുന്നു. ആ ദൂതന്‍ അല്ലാഹുവിന്റെ വചനങ്ങള്‍ ഓതിക്കേള്‍പ്പിക്കുന്നു. അവരെ സംസ്‌കരിക്കുന്നു. വിശുദ്ധ ഖുര്‍ആനും ദിവ്യജ്ഞാനങ്ങളും പഠിപ്പിക്കുന്നു. അതിനു മുമ്പ് അവര്‍ വഴിപിഴച്ചവരായിരുന്നു”(ആലുഇംറാന്‍/164)
സൂക്തം സൂചിപ്പിക്കും വിധം കാരുണ്യവാനായ അല്ലാഹുവിന്റെ അനുഗ്രഹമായി മാത്രമേ വിശ്വാസികള്‍ക്കിത് ഉള്‍കൊള്ളാന്‍ കഴിയൂ. പ്രവാചകന്‍ മലക്കോ സവിശേഷ ജീവിയോ ആയിരുന്നെങ്കില്‍ പ്രബോധനം പൂര്‍ണമായും ഫലപ്രദമാകുമായിരുന്നില്ല. നോവും നൊമ്പരങ്ങളും അറിഞ്ഞ് ആവശ്യമായവ നല്‍കി, ഓരോ ജീവിതാനുഭവവും മികച്ച അവസരങ്ങളാക്കി മനുഷ്യരെ സംസ്‌കരിച്ചെടുക്കാന്‍ അവനെപ്പോലെയുള്ള മറ്റൊരു മനുഷ്യന് മാത്രമേ സാധിക്കു. ‘നിങ്ങള്‍ ഞാന്‍ ജീവിക്കുന്നത് പ്രകാരം ജീവിക്കൂ, ഞാന്‍ നിസ്‌കരിക്കുന്നത് പോലെ നിസ്‌കരിക്കൂ, ഞാന്‍ അംഗസ്‌നാനം ചെയ്യുന്നത് പോലെ അംഗസ്‌നാനം ചെയ്യൂ’ എന്നെല്ലാം പറയാന്‍ തിരുനബി(സ്വ)ക്ക് സാധിച്ചത് അവിടുന്ന് ഒരു മനുഷ്യനായത് കൊണ്ടാണ്. മലക്കോ സവിശേഷ സൃഷ്ടിയോ ആയ പ്രവാചകന്‍ ‘ഞാന്‍ ജിവിക്കുന്നത് പോലെ ജീവിക്കൂ’ എന്ന് കല്‍പിച്ചാല്‍ വഴിപ്പെടാന്‍ ജനങ്ങള്‍ തയാറാകണമെന്നില്ല. പറയുന്ന പ്രവാചകനെ പോലെ ഞങ്ങള്‍ മലക്കല്ല, മലക്കുകള്‍ക്കുള്ള സവിശേഷ സിദ്ധികളൊന്നും ഇല്ലാത്ത കേവലം മനുഷ്യരായ ഞങ്ങള്‍ക്കെങ്ങനെ അപ്രകാരം ജീവിക്കാന്‍ സാധിക്കും എന്ന ചിന്ത മനുഷ്യന്റെ ആത്മവിശ്വാസം കെടുത്തിക്കളയും. അത്തരം പ്രബോധനം ഉള്‍കൊള്ളാന്‍ മനുഷ്യര്‍ക്ക് സാധിക്കുകയുമില്ല. സത്യനിഷേധിയായി ജീവിക്കുന്നതിന് ഇത് ന്യായമായി പറയുകയും ചെയ്യും.

നിങ്ങളില്‍ നിന്നുള്ള പ്രവാചകനെ നാം അയച്ചിരിക്കുന്നു എന്ന് ഖുര്‍ആന്‍ പറയുന്നത് നിങ്ങള്‍ക്കിടയില്‍ നിന്ന് വരുന്ന പ്രവാചകനെ കൂടുതല്‍ വിശ്വസിക്കാം എന്നത് കൊണ്ട് കൂടിയാണ്. നുബുവ്വത്തിന് മുമ്പ് 40 വര്‍ഷം തിരുനബി(സ്വ) സമൂഹത്തിനിടയില്‍ ഒരു പച്ച മനുഷ്യനായി ജീവിക്കുകയായിരുന്നു. കുടുംബ ബന്ധങ്ങളിലും മാനുഷിക വ്യവഹാരങ്ങളിലും കച്ചവടത്തിലും ഇടപാടുകളിലും യാത്രകളിലുമെല്ലാം ഇടപെട്ട നബി(സ്വ)യെ അവര്‍ക്ക് നന്നായി അറിയാമായിരുന്നു. മുന്‍കാല നബിമാരുടെ അവസ്ഥയും ഇപ്രകാരം തന്നെയായിരുന്നു. ”നാം വേദ ഗ്രന്ഥങ്ങള്‍ നല്‍കിയ സമൂഹങ്ങള്‍ക്ക് അവരുടെ ദൂതരെ സ്വന്തം മക്കളെ അറിയുന്നത് പോലെ അറിയാം. എന്നിട്ടും അവരില്‍ ചിലര്‍ സത്യം മറച്ചുവെക്കുകയാണ്” (അല്‍ബഖറ/146).
കച്ചവടത്തിലും ഇടപാടുകളിലും തിരുനബി പുലര്‍ത്തിയ സത്യസന്ധത എല്ലാവരെയും ആകര്‍ഷിച്ചു. തിരുനബി(സ്വ)യെ ഭര്‍ത്താവായി കിട്ടാന്‍ നുബുവ്വത്തിന് മുമ്പ് തന്നെ ഖദീജ(റ)ആഗ്രഹിച്ചത് അതുകൊണ്ടായിരുന്നു. 40 വര്‍ഷത്തെ പരിചയത്തില്‍ ഒരിക്കല്‍ പോലും തിരുനബി(സ്വ) കളവ് പറയുന്നതായി അവര്‍ കേട്ടിട്ടില്ലായിരുന്നു. ഏക സ്വരത്തില്‍ അവര്‍ തിരുനബി(സ്വ)യെ അല്‍അമീന്‍ എന്ന് വിളിച്ചു. വലിയ സമ്പത്ത് സൂക്ഷിക്കാന്‍ അവര്‍ നബി(സ്വ)യെ ഏല്‍പ്പിച്ചു. സമ്പൂര്‍ണ വിശ്വസ്തനായി തങ്ങള്‍ക്കിടയില്‍ ജീവിച്ച ഒരാള്‍ ദിവ്യസന്ദേശങ്ങളുമായി വരുമ്പോള്‍ സംശയലേശമന്യേ അതുള്‍കൊള്ളുകയായിരുന്നു അവര്‍ ചെയ്യേണ്ടിയിരുന്നത്. ഖദീജ(റ), അബൂബക്കര്‍(റ) തുടങ്ങിയവരുടെ ഇസ്‌ലാമാശ്ലേഷത്തിന് ഈ വിശ്വാസ്യത കൂടി കാരണമാണ്. അവര്‍ അറിയുന്ന, അനുഭവിച്ച മുഹമ്മദുര്‍റസൂലുല്ലാഹി(സ്വ) അങ്ങനെ പറയുന്നുവെങ്കില്‍ അത് സത്യപ്രസ്താവന തന്നെ എന്നവര്‍ക്കുറപ്പായിരുന്നു.

നുബുവ്വത്തിന് ശേഷവും തിരുനബി(സ്വ) അവര്‍ക്കിടയില്‍ തന്നെ ജീവിച്ചു. അങ്ങാടിയിലൂടെ നടക്കുകയും ഭക്ഷണം കഴിക്കുകയും കുടുംബമായി ജീവിക്കുകയും മെയ്യനങ്ങി അധ്വാനിക്കുകയും ചെയ്യുന്ന നബി(സ്വ)യെ അവര്‍ നേരിട്ട് കണ്ടു, നേരിട്ട് അനുഭവിച്ചു. പരവതാനി വിരിച്ച പാതയിലൂടെ രാജകൊട്ടാരത്തിലേക്ക് കയറിപ്പോകുന്ന ഒരാളായിരുന്നില്ല തിരുനബി(സ്വ). അവര്‍ക്ക് തീരേ അപരിചിതനല്ലാത്ത, അവരുടെ സുഖദുഃഖങ്ങള്‍ തൊട്ടറിയുന്ന, അവരില്‍ നിന്ന് നിയോഗിതനായ തിരുനബി(സ്വ)യെ വിശ്വാസികള്‍ നന്നായി അനുഭവിച്ചു.
സത്യനിഷേധികളും ഒരു കാലത്ത് നബി(സ്വ)യെ അല്‍അമീനെന്ന് വിളിച്ചിരുന്നവര്‍ തന്നെയായിരുന്നു. തങ്ങള്‍ക്കിടയില്‍ ജീവിച്ച മുഹമ്മദ്(സ്വ) 40 വയസ്സ് വരെ നുബുവ്വത്ത് വാദിച്ചില്ല എന്ന സത്യം അവരെ വിശ്വാസികളാക്കാന്‍ പോന്നതായിരുന്നു. പക്ഷേ, നിര്‍ഭാഗ്യവാന്മാര്‍ ചിന്തിച്ചില്ല. സത്യവഴിയില്‍ നിന്ന് നബി(സ്വ)യെ പിന്തിരിപ്പിക്കാന്‍ പ്രലോഭനങ്ങളും പ്രകോപനങ്ങളും മാറിമാറി പരീക്ഷിച്ചെങ്കിലും ഫലിച്ചില്ല. ഈ യാഥാര്‍ത്ഥ്യവും അവരുടെ കണ്ണു തുറപ്പിച്ചില്ല. സഹിക്കാനാകുന്നതിലധികം പീഡനപര്‍വങ്ങള്‍ അവിടുന്ന് ചുമന്നത് തന്റെ പ്രവാചകത്വം സത്യസന്ധമായത് കൊണ്ടാണെന്ന് അവര്‍ക്ക് ചിന്തിക്കാമായിരുന്നു. സമ്പത്ത്, അധികാരം, സുന്ദരികളായ സ്ത്രീകള്‍ തുടങ്ങി ആരെയും മയക്കാന്‍ മതിയായ പ്രലോഭനങ്ങള്‍ വെച്ചുനീട്ടി. സത്യസന്ദേശമാണ് പ്രചരിപ്പിക്കുന്നത് എന്ന് അവിശ്വാസികള്‍ക്ക് അറിയാമായിരുന്നു.
പ്രബോധിതരായ മനുഷ്യരില്‍ നിന്ന് തന്നെ തിരഞ്ഞെടുക്കപ്പെട്ടവരായത് കൊണ്ടാണ് അവരുടെ വേദനകളും പരാതികളും പരിഭവങ്ങളും അവര്‍ പറയാതെ തന്നെ തിരുനബി(സ്വ)ക്ക് ഉള്‍കൊള്ളാനായത്. ഇരുലോക വിജയത്തിനാവശ്യമായതെല്ലാം അവിടുന്ന് പ്രബോധിതര്‍ക്ക് നല്‍കി. അവരോട് ഏറ്റവും മാതൃകാപരമായ പെരുമാറി. ”തീര്‍ച്ചയായും നിങ്ങള്‍ക്കിതാ നിങ്ങളില്‍ നിന്നു തന്നെയുള്ള ഒരു റസൂല്‍ വന്നിരിക്കുന്നു. നിങ്ങള്‍ കഷ്ടപ്പെടുന്നത് സഹിക്കാനാകാത്ത, നിങ്ങളില്‍ അതീവ തത്പരനായ, സത്യവിശ്വാസികളോട് അങ്ങേയറ്റം കൃപയും കാരുണ്യവും ഉള്ളവര്‍” (തൗബ/128).

പ്രബോധിതരുടെ ഓരോ സ്പന്ദനങ്ങളും തിരിച്ചറിഞ്ഞ് തിരുനബി(സ്വ) മുന്നേറി. അവര്‍ കഷ്ടപ്പെടുന്നത് അവിടുത്തേക്ക് സഹിക്കുമായിരുന്നില്ല. തിരുനബി(സ്വ) പറഞ്ഞു: ”വിളക്കിന്‍ നാളത്തിലേക്ക് പാറിച്ചെന്ന് എരിഞ്ഞൊടുങ്ങുന്ന ഈയാം പാറ്റകളെപ്പോലെ നരക കവാടത്തിലായിരുന്നു നിങ്ങള്‍. ഊരക്ക് പിടിച്ച് പിറകോട്ട് വലിക്കുമ്പോഴും നിങ്ങള്‍ കുതറി തീയിലേക്ക് പോകാന്‍ ശ്രമിക്കുന്നു”.

വീട്ടിലെ തന്റെ സമയം മൂന്നായി ഭാഗിച്ചിരുന്നു തിരുനബി(സ്വ). ഇബാദത്തും ആഭ്യന്തര കാര്യങ്ങളും കഴിഞ്ഞാല്‍ മൂന്നാം ഭാഗം വീട്ടുകാര്‍ക്കായിരുന്നു. ഭാര്യമാരോടും മക്കളോടും കുടുംബത്തോടുമുള്ള ബാധ്യതകള്‍ ഏറ്റവും മനോഹരമായി ചെയ്തുതീര്‍ത്തു. ഏറ്റവും മികച്ച കുടുംബനാഥനും പിതാവും ഭര്‍ത്താവും ആകാന്‍ തിരുനബി(സ്വ) സാധിച്ചത് റസൂല്‍ മനുഷ്യരില്‍ നിന്നുള്ള ഒരാള്‍ ആയതുകൊണ്ടാണ്.

രാഷ്ട്രസുരക്ഷയുമായി ബന്ധപ്പെട്ട് യുദ്ധത്തിന് ദൂരയാത്ര പോകേണ്ടി വരുമ്പോള്‍ സര്‍വ സൈന്യാധിപനായ തിരുനബി(സ്വ) പറയും: ”നവ വരന്മാരോ വീടുപണി നടക്കുന്നവരോ കന്നുകാലികളുടെ പ്രസവം അടുത്തവരോ കൂടെ ചേരേണ്ടതില്ല. അവര്‍ അതിന്റെ ശുശ്രൂഷയുമായി കഴിയട്ടെ” മനുഷ്യനെ അറിയുന്ന സൈന്യാധിപന്റെ കാരുണ്യമാണിത്.

ഗോത്രമഹിമകള്‍ പറഞ്ഞ് പരസ്പരം പോരടിച്ചിരുന്ന അന്ധകാര യുഗത്തില്‍ ഏറ്റവും ഉദാത്തമായ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും അത് പ്രയോഗവത്കരിച്ച് മക്ക കേന്ദ്രമായി ഏറ്റവും വലിയ സാംസ്‌കാരിക നവോത്ഥാനമുണ്ടാക്കിയെന്നതും ഈ മാനുഷിക ഗുണത്തിന്റെ ഫലമാണ്. ക്രൂരരായ ശത്രുക്കളെ മക്കം ഫത്ഹില്‍ മുന്നില്‍ കിട്ടിയിട്ടും സ്വതന്ത്രരായി വിട്ടയച്ചതും സ്മരണീയമാണ്. തിരുനബി(സ്വ) പറഞ്ഞു: ”ഞാന്‍ രാജാവല്ല, ഉണക്കമാംസം ഭക്ഷിച്ചിരുന്ന ഒരു സ്ത്രീയുടെ മകനാണ്.”

ഒരിക്കല്‍ ഒരാള്‍ തിരുനബി(സ്വ)യുടെ അടുത്ത് വന്ന് സങ്കടം പറഞ്ഞു. റമളാനില്‍ നോമ്പുകാരനായിരിക്കെ ഭാര്യയുമായി ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതാണ് അദ്ദേഹത്തിന്റെ പ്രശ്‌നം. എന്താണ് പ്രതിവിധി ചെയ്യേണ്ടതെന്ന് പരിഭ്രാന്തനായി അദ്ദേഹം ചോദിച്ചു. തിരുനബി അന്വേഷിച്ചു. ‘നിനക്ക് അടിമയെ മോചിപ്പിക്കാന്‍ കഴിയുമോ?’ ‘ഇല്ല’. ’60 മിസ്‌കീന്മാര്‍ക്ക് ഭക്ഷണം കൊടുക്കാന്‍ കഴിയുമോ’. ‘ഇല്ല’. അപ്പോള്‍ ഒരു സ്വഹാബി ഒരു കുട്ട കാരക്കയുമായി അതുവഴി വന്നു. നബി(സ്വ) ആ കാരക്ക പരാതിക്കാരന് നല്‍കി വിതരണം ചെയ്യാന്‍ പറഞ്ഞു. അയാള്‍ പറഞ്ഞു: ‘എന്റെ പരിസരത്ത് എന്റെ കുടുംബം തന്നെയാണ് ഏറ്റവും വലിയ ദരിദ്രര്‍.” തിരുനബി(സ്വ) ചിരിച്ചുകൊണ്ട് പറഞ്ഞു. ”എങ്കില്‍ നിന്റെ കുടുംബത്തിന് ഭക്ഷിപ്പിക്കുക.’

ശാഫി സഖാഫി മുണ്ടമ്പ്ര
തയാറാക്കിയത്:
നിഷാദ് സ്വിദ്ദീഖി രണ്ടത്താണി

You must be logged in to post a comment Login