അയോധ്യ പോലൊന്ന് ഇനി ഏതുനിമിഷവും പ്രതീക്ഷിക്കണം

അയോധ്യ പോലൊന്ന് ഇനി ഏതുനിമിഷവും പ്രതീക്ഷിക്കണം

അയോധ്യയില്‍ അപ്രതീക്ഷിതമായി ഇനി എന്തെങ്കിലും സംഭവിക്കണമെന്നില്ല. മറിച്ച് 2019ന് മുമ്പ് അയോധ്യ പോലെയോ അതിനേക്കാള്‍ മാരകമോ ആയത് രാജ്യത്ത് സംഭവിക്കാന്‍ സാധ്യതയുണ്ട്. കാലങ്ങളേറെ കാത്തിരുന്ന്, ആസൂത്രണമേറെ നടത്തി, തിരിച്ചടികളില്‍ പിന്തിരിയാതെ നേടിയെടുത്ത അധികാരം നിലനിര്‍ത്താന്‍ ബി ജെ പിക്കും സംഘ്പരിവാറിനും ചൂണ്ടിക്കാണിക്കാന്‍ നിലവില്‍ ഭരണനേട്ടങ്ങള്‍ ഒന്നുമില്ല. അതിനാല്‍ രാജ്യം കരുതിയിരിക്കുക തന്നെ വേണം. കയ്യിലെത്തിയ അധികാരം വിട്ടുകൊടുക്കാതിരിക്കാന്‍ സംഘ്പരിവാര്‍ എന്തുചെയ്യാനും മടിക്കില്ല. ബാബരി മസ്ജിദ് തകര്‍ച്ചയ്ക്ക് കാല്‍നൂറ്റാണ്ട് തികയുമ്പോള്‍ മൂന്ന് പതിറ്റാണ്ടായി ഈ വിഷയത്തെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന, വിശകലനം ചെയ്യുന്ന, നിരന്തരം എഴുതുന്ന പ്രമുഖ പത്രപ്രവര്‍ത്തകനും ഫ്രണ്ട് ലൈന്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്ററുമായ വെങ്കിടേശ് രാമകൃഷ്ണനുമായി ഷിബു ടി ജോസഫ് നടത്തിയ അഭിമുഖം.

ബാബരി മസ്ജിദ് തകര്‍ച്ചയുടെ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാകുകയാണ്. അയോധ്യയില്‍ എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് ഏറെ നിരീക്ഷണങ്ങള്‍ നടത്തുകയും എഴുതുകയും ചെയ്ത മാധ്യമപ്രവര്‍ത്തകനാണ് താങ്കള്‍. മുപ്പത് കൊല്ലത്തിലധികമായി ഈ വിഷയത്തെക്കുറിച്ച് ആഴത്തില്‍ പഠിച്ച ഒരാള്‍ എന്ന നിലയ്ക്ക് പള്ളിയുടെ തകര്‍ച്ചയിലേക്ക് കാര്യങ്ങള്‍ എത്തിച്ച സാഹചര്യങ്ങള്‍ എന്തെല്ലാമായിരുന്നു എന്ന് വിശകലനം ചെയ്യാമോ?

ഒരു കാര്യം തുടക്കത്തില്‍ തന്നെ പറയേണ്ടതുണ്ട്, അയോധ്യ സംഭവങ്ങളിലെ ഒരു എപ്പിസോഡ് മാത്രമാണ് പള്ളിപൊളി. വര്‍ഷങ്ങള്‍ നീണ്ട സംഘ്പരിവാര്‍ ആസൂത്രണത്തിന്റെ രൂക്ഷമായ എപ്പിസോഡുകളിലൊന്നാണിത്. പക്ഷേ എനിക്ക് തോന്നുന്നത് അയോധ്യയെ ഒരു കോണ്ടക്‌സ്റ്റില്‍ കാണണം എന്നാണ്. എന്താണ് അയോധ്യയില്‍ സംഭവിച്ചത് എന്നും അതിന്റെ പിന്നാമ്പുറക്കാഴ്ചകള്‍ എന്തെന്നും ആഴത്തില്‍ പരിശോധിക്കണം. ഇതെല്ലാം നിരീക്ഷിക്കുമ്പോഴാണ് പള്ളി പൊളിച്ചത് ഗൂഢാലോചനയുടെയും അന്തര്‍നാടകങ്ങളുടെയും ഒരു ഭാഗം മാത്രമാണ് എന്നറിയാനാകുന്നത്.

ഞാന്‍ അയോധ്യ കവര്‍ ചെയ്യാന്‍ തുടങ്ങുന്നത് 1986ലാണ്. പള്ളിയുടെ വാതിലുകള്‍ ഒരു കോടതി ഉത്തരവിന്റെ മറവില്‍ എന്ന മട്ടില്‍ രാജീവ് ഗാന്ധിയുടെ സര്‍ക്കാര്‍ തുറക്കുന്ന സമയത്താണ് ഞാന്‍ ആദ്യമായി അയോധ്യയില്‍ എത്തുന്നത്. എനിക്ക് മനസ്സിലാകുന്നത് പള്ളിപൊളിച്ചതുപോലെ തന്നെ നിര്‍ണായകമായ ഒരു സംഭവമായിരുന്നു ഇതും എന്നാണ്. അയോധ്യയിലെ പള്ളിയുടെ വാതിലുകള്‍ ഹൈന്ദവാരാധനക്ക് വേണ്ടി തുറന്നുകൊടുക്കുകയായിരുന്നു രാജീവും കൂട്ടരും. അരുണ്‍ നെഹ്‌റുവാണ് ഈ നടപടിക്ക് നേതൃത്വം നല്‍കിയത്. അയാള്‍ അന്ന് ആഭ്യന്തര സഹമന്ത്രിയും രാജീവിന്റെ വലംകയ്യുമാണ്.

അതിനും ഒരു ഏഴെട്ടുമാസം മുമ്പാണ് ഈ അയോധ്യയെ മുന്‍നിര്‍ത്തിക്കൊണ്ടുള്ള സമരം തീവ്രമാക്കാന്‍ സംഘ്പരിവാര്‍ തീരുമാനിക്കുന്നത്. അതോടൊപ്പം അവരുടെ പൊളിറ്റിക്കല്‍ അജണ്ടയുടെ പ്രധാന ഘടകമായി അയോധ്യ മാറുന്നതും. അത് 1984-85 സമയത്താണ്. ആ സമയത്ത് വി എച്ച് പി നേതാവ് അശോക് സിംഗാളിന്റെ നേതൃത്വത്തില്‍ രാംജാനകി യാത്ര നടത്തി. അതാണ് ബാബരിമസ്ജിദ് തകര്‍ക്കുന്നതിന്റെ ആദ്യഘട്ടത്തിലെ ശ്രദ്ധേയമായ ഒരു മുന്നേറ്റം. സംഘ്പരിവാറിന്റെ കാര്യത്തില്‍ അവരുടെ രാഷ്ട്രീയം ഇന്ത്യയിലെ മറ്റ് രാഷ്ട്രീയ പാര്‍ട്ടികളെ അപേക്ഷിച്ച്, പ്രത്യേകിച്ച് മതനിരപേക്ഷ പാര്‍ട്ടികളെ അപേക്ഷിച്ച് ഏറെ കണക്കുകള്‍ കൂട്ടി, സമയമെടുത്ത് ആസൂത്രണം ചെയ്ത് ദീര്‍ഘകാലത്തേക്കുള്ള അജണ്ടകള്‍ നടപ്പിലാക്കുന്ന ആളുകളാണ്. അതുതന്നെയാണ് അയോധ്യസംഭവത്തിലും ഉണ്ടായത്.

സംഘ്പരിവാര്‍ കൃത്യമായി അവരുടെ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് കരുതിയിരുന്ന മൂന്ന് സ്ഥലങ്ങളുണ്ട്. അയോധ്യയും കാശിയും മഥുരയും. അതില്‍ അയോധ്യ തന്നെ ആദ്യം തിരഞ്ഞെടുക്കാന്‍, അയോധ്യയില്‍ തന്നെ ആദ്യത്തെ സമരമുഖം തുറക്കാനുള്ള പ്രധാന കാരണം അത് രാമന്റെ ബിംബവുമായി വളരെ പ്രധാനപ്പെട്ട ഒരിടമായതിനാലാണ്. രാമന്‍ ആര്യവംശീയതയുടെയും സവര്‍ണബിംബത്തിന്റെയും മൂര്‍ത്തമായ രൂപമാണ്. എന്നാല്‍ കൃഷ്ണനും ശിവനും അങ്ങനെയല്ല. രാമന്‍ എന്നുപറയുന്ന ഹിന്ദു ബിംബം അത് ഒരു മിലിറ്റന്റ് ഹിന്ദു സങ്കല്‍പമാണ്. അയാള്‍ ഒരു സായുധ നേതാവാണ്. മാതൃകാപുരുഷനാണ്, മര്യാദരാമനാണ്. ശ്രീകൃഷ്ണനും അങ്ങനെയാണെങ്കിലും കൃഷ്ണന്‍ കുറെക്കൂടി കൗശലക്കാരനാണ്, പരിപൂര്‍ണ സവര്‍ണതാല്‍പര്യം രാമന്റേതുപോലെ ശ്രീകൃഷ്ണനില്‍ ഫലിപ്പിക്കാന്‍ കുറച്ച് പ്രയാസവുമാണ്. ശിവന്‍ ചണ്ഡാളന്മാരുടെ കൂടെ നടക്കുന്നവനാണ്. തുടക്കത്തിലേ അത് സവര്‍ണ ഹൈന്ദവ ജനതക്ക് സ്വീകാര്യമാകാന്‍ പ്രയാസമാണ്. രാമന്റെ കാര്യത്തിലാകുമ്പോള്‍ ഒരു പ്രശ്‌നവുമില്ല. സര്‍വസമ്മതനാണ് രാമന്‍. കാര്യങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്ത് നടപ്പിലാക്കാന്‍ രാമനാമം തന്നെ ഉത്തമം. രാമന്റെ പേരില്‍ കുറെയേറെക്കാര്യങ്ങള്‍ അവര്‍ക്ക് വര്‍ക്കൗട്ട് ചെയ്യാനും സൗകര്യമുണ്ട്. അങ്ങനെയാണ് ആദ്യം അയോധ്യ എന്ന സങ്കല്‍പത്തിലേക്ക് അവരെത്തുന്നത്. സവര്‍ണ സങ്കല്‍പങ്ങളെ പരിപൂര്‍ണമായും തൃപ്തിപ്പെടുത്താന്‍ കഴിയുന്ന ദൈവസങ്കല്‍പം കൂടിയാണ് രാമന്‍ എന്ന് ഇതിനകം തെളിഞ്ഞിട്ടുമുണ്ട്.

രാംജാനകി യാത്ര നടത്തിയത് ബാബരി മസ്ജിദിന്റെ മുന്നില്‍ പോയി അത് പൊളിക്കുമെന്ന് പ്രതിജ്ഞയെടുക്കാന്‍ വേണ്ടിയാണ്. അവര്‍ ജാഥയായി വന്ന സമയത്ത് ഹിന്ദുക്കളും മുസ്‌ലിംകളും സിക്കുകാരും അടങ്ങുന്ന അയോധ്യ നിവാസികള്‍ ഹോക്കി സ്റ്റിക്കുകളുമായാണ് പ്രക്ഷോഭകരെ സ്വീകരിച്ചത്. പറഞ്ഞുവരുന്നത് അശോക് സിംഗാള്‍ യാത്ര നടത്തുമ്പോള്‍ അയോധ്യവാസികള്‍ പോലും ഇത് ഒരു പ്രതിഷേധം എന്നതിലുപരി രാജ്യമൊട്ടാകെ പിടിച്ചുകുലുക്കുന്ന പ്രക്ഷോഭരൂപമായി മാറുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. സംഘ്പരിവാറിന്റെ ആസൂത്രണപാടവം തന്നെയാണ് രാംജാനകി യാത്ര പോലയുള്ള ചെറിയൊരു പ്രക്ഷോഭയാത്രയെ 1992 ഡിസംബര്‍ ആറിലേക്ക് എത്തിച്ചതെന്നത് പറയണം. അതാണ് ഇതിന്റെയൊരു പശ്ചാത്തലം.

അത് കഴിഞ്ഞിട്ട് പള്ളിയുടെ വാതില്‍ തുറക്കുക അല്ലെങ്കില്‍ ആരാധന നടത്തുക എന്നതിലേക്ക് കാര്യങ്ങള്‍ എത്തുന്നതിന് പിന്നില്‍ 1984ലെ ജനവിധിയാണ്. ഇത് മൃദുഹിന്ദുത്വ ജനവിധിയാണെന്നും അത് 1989ല്‍ ആവര്‍ത്തിക്കാന്‍ കഴിയും എന്ന കണക്കുകൂട്ടലാണ് പള്ളി ഹൈന്ദവാരാധനക്കായി തുറന്നുകൊടുത്ത രാഷ്ട്രീയ നീക്കത്തിന് പിന്നിലുള്ളത്. അതാണ് അയോധ്യ എന്ന പ്രശ്‌നത്തെ സംഘ്പരിവാറിന്റെ ആസൂത്രണത്തോടൊപ്പം ഏറ്റവും മൂര്‍ത്തമാക്കി മാറ്റിയത്.
പള്ളി പൊളിച്ചതിനെക്കുറിച്ചുള്ള പശ്ചാത്തലമൊക്കെ മുമ്പ് ഒരുപാട് എഴുതിയിട്ടുണ്ട്. സംഘ്പരിവാറിന്റെ ആസൂത്രണങ്ങളെക്കുറിച്ച് പറയുമ്പോള്‍ അവര്‍ ഒരേകാര്യത്തെക്കുറിച്ച് വ്യത്യസ്തമായ സ്വരങ്ങളില്‍ സംസാരിക്കും. ഓര്‍വല്‍ ആണ് ഡബിള്‍ സ്പീക്ക് എന്ന പ്രയോഗം ഉണ്ടാക്കിയത്. രണ്ട് സ്വരത്തില്‍ സംസാരിക്കുക എന്നത്. എന്നാല്‍ സംഘ്പരിവാര്‍ രണ്ട് സ്വരത്തിലല്ല പല സ്വരങ്ങളില്‍ സംസാരിക്കും. പല സ്വരങ്ങളില്‍ സംസാരിച്ച് ഒരു നിര്‍ണായക ഘട്ടത്തില്‍ ഏതാണോ സ്വീകരിക്കേണ്ടത് അതില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് അതിനെ മുന്നോട്ടുകൊണ്ടുപോകുകയും ലക്ഷ്യത്തില്‍ എത്തുകയും ചെയ്യും. ഇത് എടുത്തുപറയേണ്ട കാര്യമാണ്. ഇതാണ് അവര്‍ ഇതുവരെയും പ്രയോഗിച്ച് വിജയിപ്പിച്ചിട്ടുള്ളതും.

കര്‍സേവകര്‍ പള്ളിപൊളിക്കുമെന്ന് തീവ്രഹിന്ദുവിശ്വാസികള്‍ ഉറച്ച് വിശ്വസിച്ചിരുന്നു. ഏകദേശ കണക്കനുസരിച്ച് ഒന്നരലക്ഷം കര്‍സേവകരാണ് അയോധ്യയിലേക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയത്. എന്നാല്‍ ഭരണകൂടവും നിയമവ്യവസ്ഥയും അങ്ങനെയൊന്നും ഒരിക്കലും സംഭവിക്കില്ലെന്നാണ് ഉറപ്പ് നല്‍കിയത്. സംഘ്പരിവാര്‍ നേതാക്കള്‍ വാക്കുപാലിച്ചില്ലെന്നാണ് ഭരണകൂടത്തിന്റെ പിന്നീടുള്ള ആവലാതി. എന്തായാലും പതിറ്റാണ്ടുകളായി ആര്‍ എസ് എസും സംഘ്പരിവാര്‍ സംഘടനകളും നടത്തിയ ഗൃഹപാഠങ്ങള്‍ അയോധ്യയില്‍ വിജയിക്കുകയായിരുന്നില്ലേ?

പള്ളി പൊളിക്കുന്നതിന് മുമ്പ് തന്നെ രാംജന്മഭൂമിയുടെ കാര്യത്തില്‍ മൂന്ന് ഭാഷ്യങ്ങള്‍ അവര്‍ക്ക് ഉണ്ടായിരുന്നു. പള്ളി പൊളിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ പാര്‍ലമെന്റ് അംഗവും വി എച്ച് പി നേതാവും ആയിരുന്ന സ്വാമി ചിന്മയാനന്ദന്‍ സുപ്രിം കോടതിയില്‍ കൊടുത്തിട്ടുള്ള ഉറപ്പ് ഈ കര്‍സേവ വെറും ഭജനയും പ്രാര്‍ത്ഥനയും മാത്രമാണെന്നാണ്. അന്ന് യു പി മുഖ്യമന്ത്രിയായിരുന്ന കല്യാണ്‍ സിംഗ് ദേശീയോദ്ഗ്രഥന സമിതിയില്‍ കൊടുത്തിട്ടുള്ള സത്യവാങ്മൂലവും അതായിരുന്നു. ഇതിന്റെയൊരു മൂന്നാമത്തെ ഭാഷ്യം ഉണ്ട്. ഇത് ഞാനാണ് പുറത്തുകൊണ്ടുവരുന്നത്. പക്ഷേ അത് പുറത്തുവരുന്നത് 2004ലാണ്. അന്നാണ് അതുമായി ബന്ധപ്പെട്ട തെളിവ് കയ്യിലെത്തുന്നത്. 2004ലെ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അത് ലഭിക്കുന്നത്. അത് വാജ്‌പേയിയുടെ ഒരു പ്രസംഗമാണ്.
1992 ഡിസംബര്‍ അഞ്ചാം തീയതി, അന്ന് വൈകുന്നേരം രണ്ട് വലിയ ജാഥകള്‍ സംഗമിക്കുന്ന ദിവസമാണ്. ബി ജെ പിയുടെ സമുന്നത നേതാക്കള്‍ നയിക്കുന്ന രണ്ട് ജാഥകള്‍. ഒന്ന് മുരളീ മനോഹര്‍ ജോഷിയും മറ്റൊന്ന് ലാല്‍ കൃഷ്ണ അദ്വാനിയും ഉത്തര്‍പ്രദേശിന്റെ രണ്ട് ഭാഗങ്ങളില്‍ നിന്നും നയിച്ചുകൊണ്ടുവരുന്നു. ഈ യാത്ര ലഖ്‌നൗവില്‍ എത്തിയ സമയത്ത് വാജ്‌പേയ് നടത്തിയ പ്രസംഗമാണ് ഇതിന്റെ മൂന്നാമത്തെ ഭാഷ്യം. പള്ളി പ്രശ്‌നത്തിലെ മുന്‍ഭാഷ്യങ്ങളെ വിമര്‍ശനാത്മകമായി ഖണ്ഡിച്ചുകൊണ്ട് വാജ്‌പേയ് തന്റെ സവിശേഷമായ ശൈലിയില്‍ പറയുന്നത് കര്‍സേവ എന്നത് വെറും ഭജനയും പാട്ടും മാത്രമായിരിക്കില്ല, മറിച്ച് ചില കല്ലുകള്‍ ചിലപ്പോള്‍ കര്‍സേവയുടെ ഭാഗമായി അങ്ങോട്ടുമിങ്ങോട്ടും മാറ്റേണ്ടിവരുമെന്നും കല്ലുകള്‍ അങ്ങോട്ടുമിങ്ങോട്ടും മാറ്റുകയെന്നാല്‍ ചില കല്ലുകള്‍കൊണ്ട് ചിലതൊക്കെ കെട്ടിയുയര്‍ത്തേണ്ടിവരുമെന്നുമാണ്. ചിലതൊക്കെ തകര്‍ത്തുമാറ്റേണ്ടി വരും തുടങ്ങി പ്രസിദ്ധമായതും നിര്‍ണായകമായതുമായ ഈ പ്രസംഗം തന്നെയാണ് യഥാര്‍ത്ഥത്തില്‍ ഡിസംബര്‍ ആറിന് സംഭവിച്ചത്.

ഇങ്ങനെ പല സ്വരങ്ങളില്‍ സംസാരിച്ച്, എല്ലാവരെയും ആശയക്കുഴപ്പത്തിലാക്കി മുന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതി നടപ്പിലാക്കുകയായിരുന്നു അവര്‍. പള്ളി പൊളിച്ച് അമ്പലം പണിയുന്നതിനായി ദീര്‍ഘകാലമായി പരിശീലനങ്ങള്‍ നടത്തിയിരുന്നു എന്ന് വ്യക്തമാണ്. 1992 ഡിസംബര്‍ നാലും അഞ്ചും തീയതികളില്‍ പക്ഷേ മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരമുള്ള പദ്ധതികളില്‍ നിന്ന് അല്‍പം പിന്നോക്കം പോയാലും തെറ്റില്ല എന്ന അഭിപ്രായം ഉന്നത നേതാക്കളില്‍ ഉണ്ടായിരുന്നു എന്ന് പറയപ്പെട്ടിരുന്നു. പക്ഷേ കര്‍സേവകരുടെ എണ്ണം സംഘാടകര്‍ പ്രതീക്ഷിച്ചതിനെക്കാള്‍ വളരെ വലുതായതോടെ അണികളുടെ മേല്‍ നേതാക്കളുടെ നിയന്ത്രണം വിട്ടു എന്ന കാര്യം എടുത്തുപറയണം.

കര്‍സേവകരുടെ എണ്ണം ഭയാനകമായ വിധത്തില്‍ വര്‍ധിച്ചതോടെ അവരെ നിയന്ത്രിക്കാന്‍ കഴിയാതായി. അക്ഷമരായ കര്‍സേവകര്‍ അശോക് സിംഗാളിനെ തന്നെ കയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തി. ഒടുവില്‍ ജനക്കൂട്ടം ഇരച്ചുകയറി പള്ളി പൊളിക്കുമ്പോള്‍ നേതാക്കള്‍ അത് ഏറ്റെടുക്കുകയും അംഗീകരിക്കുകയും ചെയ്തു. സത്യത്തില്‍ പള്ളിപൊളിക്കുക എന്ന അജണ്ട സംഘ്പരിവാറിന്റെ ഉന്നത നേതാക്കള്‍ക്കുണ്ടായിരുന്നോ എന്ന് സംശയിക്കണം. ഒരു കാമ്പയിന്‍ എന്ന നിലയ്ക്ക് എത്രകാലം വേണമെങ്കിലും സജീവമായി നിലനിര്‍ത്താവുന്ന ഒരു വിഷയം പക്ഷേ പള്ളിപൊളിക്കുന്നതോടെ അവസാനിക്കുമെന്ന് അവര്‍ക്ക് ബോധ്യമുണ്ടായിരുന്നുതാനും.

ഇന്ത്യയുടെ മതേതരമുഖത്തിനേറ്റ കനത്ത തിരിച്ചടിയാണ് ബാബരി മസ്ജിദിന്റെ തകര്‍ച്ച എന്ന് സംശയലേശമന്യേ പറയാം. പള്ളി പൊളിച്ചത് യഥാര്‍ത്ഥത്തില്‍ സംഘ്പരിവാര്‍ ശക്തികളുടെ വിജയം തന്നെയായിരുന്നു. ഇന്നത്തെ വളര്‍ച്ചയിലേക്ക് സംഘ്പരിവാറിനെ എത്തിച്ചതില്‍ അയോധ്യ അവര്‍ക്ക് വലിയ ഊര്‍ജ്ജം പകര്‍ന്നിട്ടില്ലേ?

പള്ളി പൊളിച്ചതിനാല്‍ ആ സമയത്ത് സംഘ്പരിവാറിന് രാഷ്ട്രീയമായൊരു തിരിച്ചടി അക്കാലത്തുണ്ടായി എന്ന് അവരുടെ നേതാക്കള്‍ തന്നെ സമ്മതിക്കുന്ന കാര്യമാണ്. ഏറെക്കാലം അവര്‍ക്ക് കൊണ്ടുനടക്കാന്‍ പറ്റുന്ന അതിവൈകാരികമായ അജണ്ട അതിന്റെ പരിസമാപ്തിയിലെത്തിയ പോലെ ഒരു അനുഭവം ഉണ്ടാകുകയും വൈകാരികമായ സ്ഥിതിവിശേഷം മുന്നോട്ടുകൊണ്ടുപോകാനുള്ള സാധ്യത നഷ്ടപ്പെടുകയും ചെയ്തു. ഇതിന്റെ കാരണം ബാബരി മസ്ജിദ് എന്ന പള്ളിയെ മുന്‍നിര്‍ത്തി പതിറ്റാണ്ടുകളായി അവര്‍ കൊയ്‌തെടുത്ത നേട്ടങ്ങളും സാധ്യതകളും പ്രചരണങ്ങളും ഗുണഫലങ്ങളുമൊക്കെ പള്ളി പൊളിച്ചതോടെ ഏതാണ്ട് അവസാനിച്ചു എന്ന ഒരു അനുഭവം നേതാക്കള്‍ക്ക് തന്നെ ഉണ്ടായി എന്നതാണ്.
രാംജന്മഭൂമി മന്ദിരനിര്‍മ്മാണത്തിന് വേണ്ടി ഒരു ട്രസ്റ്റ് ഉണ്ടാക്കിയിരുന്നു. രാമജന്മഭൂമി മന്ദിര്‍ നിര്‍മ്മാണ്‍ ന്യാസ് എന്നായിരുന്നു ആ ട്രസ്റ്റിന്റെ പേര്. അതിന്റെ ആദ്യ അധ്യക്ഷന്‍ മഹന്ത് രാംചന്ദ്രപരമഹംസ് എന്നയാളാണ്. അവിടുത്തെ ദിഗംബര്‍ അഖാഡയുടെ നേതാവാണ് അദ്ദേഹം. അദ്ദേഹവുമായി കുറെയേറെ സംഭാഷണങ്ങള്‍ നടത്താന്‍ എനിക്ക് ഇടവന്നിട്ടുണ്ട്. അദ്ദേഹം പഴയ സോഷ്യലിസ്റ്റ് കൂടിയാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തോട് സംസാരിക്കാന്‍ കുറെക്കൂടി എളുപ്പമാണ്. അക്കാലത്ത് തന്നെ ഫ്രണ്ട്‌ലൈനില്‍ ഇവരുടെ അഭിമുഖങ്ങള്‍ വളരെ ദീര്‍ഘമായി കൊടുക്കുകയും മറ്റും ചെയ്യുന്നതുകൊണ്ട് കാണാനും സംസാരിക്കാനും അദ്ദേഹത്തിനും വലിയ താല്‍പര്യമായിരുന്നു. അദ്ദേഹം എപ്പോഴും പറയുന്ന ഒരു കാര്യം. തങ്ങള്‍ ഒരുപാടുകാലമായി വളര്‍ത്തിക്കൊണ്ടുവരുന്ന ഒരു സംഭവമാണ് രാമജന്മഭൂമി പ്രശ്‌നം എന്നാണ്. 1992ല്‍ പള്ളി പൊളിച്ചു, അതുകഴിഞ്ഞ് 1993ല്‍ യു പി നിയമസഭാ തെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടായി. സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും തിരഞ്ഞെടുപ്പില്‍ വലിയ നേട്ടമുണ്ടാക്കുകയും ചെയ്തു. ബി ജെ പിക്ക് തിരിച്ചടി നേരിടാനുണ്ടായ കാരണം 1992ന് മുമ്പ് അവര്‍ക്ക് വലിയ നേട്ടം കൊയ്‌തെടുക്കാന്‍ സഹായിച്ച ബിംബമായിരുന്നു അയോധ്യ എന്നതായിരുന്നു എന്ന് വ്യക്തമായിരുന്നു. 1992 ഓടെ അതില്ലാതായി. നരസിംഹറാവുവിന്റെ വലിയ ബുദ്ധിയായിരുന്നു അത് എന്നൊക്കെ പറയുന്നവരുണ്ട്. അത് വേറെ ചര്‍ച്ച ചെയ്യേണ്ട കാര്യമാണ്. എനിക്ക് അക്കാര്യത്തില്‍ അഭിപ്രായം വേറെയാണ്.

പള്ളിപൊളിച്ച സംഭവത്തോടെ സംഘ്പരിവാറിന് വലിയ തിരിച്ചടിയുണ്ടായി എന്ന കാര്യം സത്യമാണ്. ഇതിന് ശേഷം രാമചന്ദ്ര പരമഹംസന്‍ പറഞ്ഞത് ചെറിയ തിരിച്ചടികളൊന്നും തങ്ങള്‍ക്ക് പ്രശ്‌നമല്ല എന്നാണ്. കാം ജാരി ഹേ(വര്‍ക്ക് ഈസ് പ്രോഗ്രസ്). തങ്ങള്‍ ജോലി കൃത്യമായി തുടരുന്ന ആള്‍ക്കാരാണ്. ജോലിക്കിടെയുണ്ടാകുന്ന തടസ്സങ്ങളും തിരിച്ചടികളും പ്രശ്‌നമാക്കുന്നതേയില്ല. അതുതന്നെയാണ് പിന്നീടും നമ്മള്‍ കണ്ടത്. 2002ല്‍ ഗോധ്ര കാലാപത്തിന് ശേഷമുള്ള കാലയളവില്‍ ഞാന്‍ അയോധ്യയില്‍ ഉണ്ടായിരുന്നു. ഗോധ്രകലാപം കഴിഞ്ഞ് അദ്ദേഹം എന്നോട് പറഞ്ഞത് ഞാന്‍ മുമ്പ് പറഞ്ഞിരുന്നതല്ലേ, ”ഞങ്ങളുടെ ജോലി നടന്നുകൊണ്ടിരിക്കുകയാണ്, ഞങ്ങള്‍ തിരിച്ചുവരുമെന്ന്. ഇതിനെക്കുറിച്ച് ഇപ്പോള്‍ നിങ്ങള്‍ എന്തുപറയുന്നു.” എന്നായിരുന്നു അദ്ദേഹം ചോദിച്ചത്.

ലളിതമായി പറഞ്ഞാല്‍ ഇതൊരു പ്രക്രിയയാണ് ഇതിന് പല തലങ്ങളുണ്ട്. ഇപ്പോള്‍ 1992ന് ശേഷം അയോധ്യയില്‍ കാര്യമായി ഒന്നും നടന്നിട്ടില്ല. ക്ഷേത്രങ്ങളുടെ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട് എന്ന് പറയുന്നതല്ലാതെ അവിടെ വലിയ വാര്‍ത്തകളാകേണ്ട ഒന്നും ഉണ്ടായിട്ടില്ല. പക്ഷേ ഇപ്പോള്‍ യോഗിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ വന്നു. അമ്പലമുണ്ടാക്കാന്‍ കഴിയുമോ എന്നറിയില്ലെങ്കിലും അവിടെ പലതരം അഭ്യൂഹങ്ങളും അവകാശവാദങ്ങളും പ്രചരിക്കുന്നുണ്ട്. അമ്പലത്തിന്റെ ഭാഗങ്ങള്‍ നിര്‍മ്മിക്കുന്ന സ്ഥലമുണ്ട്. അമ്പലഭാഗങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായെന്നും അവ കൂട്ടിച്ചേര്‍ത്താല്‍ പത്തുദിവസത്തിനുള്ളില്‍ അമ്പലമുണ്ടാകും എന്നൊക്കെ പ്രചരണമുണ്ട്. പക്ഷേ ഈ പറയുന്നതൊക്കെ പൂര്‍ണമായും ശരിയാണോ എന്നറിയില്ല. അവിടെ അത്തരത്തിലൊരു സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ അത്ര എളുപ്പമൊന്നുമല്ല. ഇതിനെ മറികടക്കാനാണ് സത്യത്തില്‍ സരയൂ നദീതീരത്ത് ശ്രീരാമന്റെ കൂറ്റന്‍ പ്രതിമ ഉയര്‍ത്തുന്നതൊക്കെ.

രാജ്യത്ത് ബി ജെ പി ഭരണം. ഉത്തര്‍പ്രദേശില്‍ യോഗി ഭരണം. ആര്‍ എസ് എസ് നേതൃത്വം അയോധ്യയില്‍ ക്ഷേത്രമല്ലാതെ മറ്റൊന്നില്ല എന്ന് നിരന്തരം ആവര്‍ത്തിക്കുന്നു. പതിറ്റാണ്ടുകളായി അയോധ്യയെക്കുറിച്ച് പഠിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്ന ആള്‍ എന്ന നിലക്ക് 1992 പോലെ സ്‌ഫോടനാത്മകമായ സ്ഥിതി അയോധ്യയില്‍ ഇനി ഉണ്ടാകാന്‍ ഇടയുണ്ടോ?

അയോധ്യയില്‍ മാത്രമാണോ എന്നതാണ് ആശങ്ക. ബാബരി മസ്ജിദ് തകര്‍ച്ചയുടെ കാല്‍നൂറ്റാണ്ടിനെക്കുറിച്ച് പറയുമ്പോള്‍ ഏറെ പ്രധാനപ്പെട്ട ഒരു സംഗതിയുണ്ട്. ബി ജെ പിയുടെ വികസനമുദ്രാവാക്യങ്ങളും വാഗ്ദാനങ്ങളുമൊക്കെ തകര്‍ന്ന സ്ഥിതിക്ക് 2019ലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഇതോ ഇതിന്റെ ഏതെങ്കിലും വകഭേദമോ അവര്‍ പ്രധാനമായും പരീക്ഷിക്കാന്‍ ഇടയുണ്ട് എന്നതാണത്. അടുത്തവര്‍ഷം ഇന്ത്യയെ സംബന്ധിച്ച് നിര്‍ണായകമാണ്. 2019ലെ പൊതുതിരഞ്ഞെടുപ്പ് സംഘ്പരിവാറിനും ബി ജെ പിക്കും നിര്‍ണായകമാണ്. ഭരണനേട്ടങ്ങള്‍ അക്കമിട്ടുനിരത്തി ജനങ്ങളുടെ മുന്നില്‍ വോട്ട് ചോദിക്കാന്‍ അവര്‍ക്കാകില്ല. അതിന് പകരം 1992ലേതുപോലെ രാജ്യത്തെ മൊത്തം പിടിച്ചുലയ്ക്കുന്ന എന്തെങ്കിലും ഒന്ന് അവര്‍ അണിയറയില്‍ ആസൂത്രണം ചെയ്യുന്നുണ്ടോ എന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. അത് നാം പ്രതീക്ഷിക്കണം, അനിഷ്ടകരമായ ചിലത് സംഭവിക്കാന്‍ സാധ്യതയേറെയാണ്. അതിനെ കരുതിയിരിക്കുക തന്നെ വേണം.

അയോധ്യ സംഭവത്തിന്റെ ഇരുപത്തഞ്ചാം വാര്‍ഷികത്തില്‍ സംഘപരിവാറിനെ കരുതിയിരിക്കുക തന്നെ വേണം. പല സ്വരങ്ങളില്‍ സംസാരിക്കുന്ന പരിപാടി അവര്‍ തുടരുകയും വേറൊരു രൂപത്തിലും ഭാവത്തിലും മറ്റൊന്ന് ആസൂത്രണം ചെയ്ത് നടപ്പിലാക്കാനും സാധ്യതയുണ്ട്. അത് രാജ്യത്തെ സംബന്ധിച്ച് വളരെ ആശങ്കാജനകമാണ്.

അയോധ്യയില്‍ സംഭവിച്ചിട്ടുള്ള മറ്റൊരു പ്രധാന കാര്യം 1984-85 വരെ വലിയ തോതില്‍ തീര്‍ത്ഥാടനം നടന്നുകൊണ്ടിരുന്ന, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വലിയതോതില്‍ ഹിന്ദുഭക്തര്‍ സന്ദര്‍ശിച്ചുകൊണ്ടിരുന്ന ഇവിടെ ആളുകള്‍ തീരെ വരാതായി. അത് ഈ പ്രദേശത്തിന്റെ സാമ്പത്തികാവസ്ഥയെ പ്രതികൂലമായി ബാധിച്ചു എന്നതാണ്. എല്ലാവിഭാഗത്തിലും പെട്ട ആളുകള്‍ താമസിച്ചിരുന്ന അയോധ്യയുടെയുടെയും സമീപ നഗരമായ ഫൈസാബാദിന്റെയും സാമ്പത്തികാവസ്ഥ ഏറെക്കുറെ പൂര്‍ണമായും തകര്‍ന്നു. അവിടെ പോയാല്‍ നമുക്കത് നേരിട്ട് കാണാനാകും. 1986 മുതല്‍ തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യുകയും അവിടെ പോകുകയും ചെയ്യുന്നതുകൊണ്ട് പറയുകയാണ്, അയോധ്യ പോലെയൊന്ന് വീണ്ടും നമ്മുടെ ദേശത്തിന്റെ ദിനരാത്രങ്ങളെ ആശങ്കപ്പെടുത്താനും അലോസരപ്പെടുത്താനും ഇടയുണ്ടെന്ന് തോന്നുന്നു.
ആര്‍ എസ് എസിന്റെ ഏറ്റവും പുതിയ പ്രസ്താവന രാമജന്മഭൂമി ക്ഷേത്രം പൂര്‍ത്തിയാക്കുമെന്നാണ്. അതാണ് അവരുടെ ലക്ഷ്യമെന്നാണ്. പലരീതിയില്‍ സംസാരിക്കുന്നതിന്റെ ലക്ഷണമാണത്. ശ്രീശ്രീ രവിശങ്കര്‍ സമവായത്തിന് ശ്രമിക്കുമെന്ന് പറയുമ്പോള്‍ തന്നെ അമ്പലമല്ലാതെ വേറൊന്നും അവിടെ ഉണ്ടാകില്ലെന്ന് മോഹന്‍ഭഗവത് ഉറപ്പിച്ച് പറയുന്നു. ബാബരി മസ്ജിദ് തകര്‍ത്ത കാലത്തേതുപോലെ തന്നെ പല സ്വരങ്ങളും പല ഭാവങ്ങളും ഉയരാന്‍ തുടങ്ങി. ഇത് വളരെ ബോധപൂര്‍വമായ സംഗതിയാണ്. ഭരണപരമായ പരാജയത്തെ മറക്കാനുള്ള സംഗതികളാണ് ഇതൊക്കെ. അപകടകരമായ രീതിയില്‍ പലതും ഉയര്‍ന്നുവരാന്‍ പോകുന്നു എന്നാണ് എന്റെ ആശങ്ക. ഭരണം തുടരാന്‍ 1992ലേതുപോലെ ആശങ്കാജനകമായ ചിലത് ആര്‍ എസ് എസ് പ്രയോഗിക്കും. സത്യത്തില്‍ വലിയ ആശങ്കയും വെല്ലുവിളിയും നിറഞ്ഞ ദിവസങ്ങള്‍ തന്നെയാണ് വരാന്‍ പോകുന്നത്.

ഹിന്ദുത്വം എന്ന പൊളിറ്റിക്കല്‍ ഫിലോസഫി സത്യത്തില്‍ സിമ്പിളാണ്. ഇത് സാക്ഷാത്കരിക്കാന്‍ വേണ്ട മാര്‍ഗരേഖ സവര്‍ക്കര്‍ തന്നെ എഴുതിവച്ചിട്ടുണ്ട്. ഹിന്ദുക്കളുടെ ജനസംഖ്യാപരമായ ആധിക്യം ഉപയോഗിച്ച് അതിനെ ഒരു രാഷ്ട്രീയ ശക്തിയാക്കുക, അധികാരം നേടിയെടുക്കുക. ഇതാണ് സവര്‍ക്കര്‍ ലളിതമായി പറഞ്ഞുവച്ചത്. ഹിന്ദു ഏകീകരണത്തിന് ജാതിയാണ് പ്രധാന തടസ്സം എന്നവര്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ അതിനെ മറികടക്കാന്‍ പന്തിഭോജനം പോലെയുള്ള പ്രവര്‍ത്തനങ്ങളില്‍ ജ്യോതിബാഫൂലെയെ പോലെയുള്ളവരുടെ കൂടെ സവര്‍ക്കര്‍ തന്നെ പങ്കെടുത്തിട്ടുണ്ട്. ഹിന്ദുത്വം എന്നത് ജാതിയില്ലാതാക്കുക അല്ലെങ്കില്‍ ജാതിയില്ല എന്ന് തോന്നലുണ്ടാക്കുക എന്ന തന്ത്രമാണ് കാലങ്ങളായി ഇവര്‍ പയറ്റുന്നത്. എന്നാല്‍ തീരുമാനങ്ങള്‍ സവര്‍ണഹിന്ദുക്കളുടേതാകാനും അവരുടെ താല്‍പര്യങ്ങള്‍ക്ക് കോട്ടം തട്ടാതിരിക്കാനും അവര്‍ ശ്രദ്ധിക്കും.

അയോധ്യ ആണ് ഇതിനൊക്കെയുള്ള മാര്‍ഗം എന്ന തീരുമാനത്തില്‍ എത്തുന്നത് 1977ന് ശേഷമാണ്. സംഘ്പരിവാര്‍ നിയന്ത്രിക്കുന്ന രാഷ്ട്രീയപ്രസ്ഥാനം ആദ്യമായി ഭരണത്തില്‍ പങ്കാളികളാകുന്നത് 1977ല്‍ ജനതാ സര്‍ക്കാരിന്റെ ഭാഗമായാണ്. ഇതൊക്കെ ആര്‍ എസ് എസിന്റെ വലിയ തന്ത്രവും പ്രയോഗവുമായിരുന്നു. സത്യത്തില്‍ സി പി എമ്മിനൊന്നും ഇപ്പോഴും ഇതൊന്നും ആലോചിക്കാന്‍ കഴിയാത്ത കാര്യമാണ്. സ്വന്തം ഐഡന്റിറ്റി ഇല്ലാതാക്കി വേറൊരു രാഷ്ട്രീയ പാര്‍ട്ടി തന്നെ രൂപീകരിച്ച് അതിനെ വളര്‍ത്തിയെടുത്ത് അധികാരം പിടിക്കുക എന്നത്. അതൊരു മാസ്റ്റര്‍ സ്‌ട്രോക്കാണ്.

1986ല്‍ പള്ളി രാജീവ് ഗാന്ധി ആരാധനക്ക് തുറന്നുകൊടുത്തു. 1989ല്‍ ശിലാന്യാസത്തിന് രാജീവ് തന്നെ മുന്‍കൈ എടുത്തു. ഇതൊക്കെയാണ് ഇതിന് ദേശീയ പ്രാധാന്യം വര്‍ധിപ്പിച്ച സംഗതികള്‍. ഷബാനുകേസില്‍ മുസ്‌ലിം അനുകൂലമായ നിയമനിര്‍മ്മാണം നടത്തിയതിനൊപ്പം മറുവശത്ത് അയോധ്യയില്‍ ഹിന്ദുക്കള്‍ക്ക് ആരാധനാസൗകര്യവും ചെയ്തുകൊടുത്താണ് പൊളിറ്റിക്കല്‍ ബാലന്‍സിംഗ് കോണ്‍ഗ്രസ് നടത്തിയത്. രാഷ്ട്രീയത്തില്‍ നേരെ മുന്നില്‍ കാണുന്ന കാര്യങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തി മുന്നോട്ടുനീങ്ങുന്നതും ആസൂത്രിതമായി കാര്യങ്ങള്‍ നടപ്പിലാക്കുന്നതും തമ്മില്‍ ഏറെ വ്യത്യാസമുണ്ട്. രണ്ടാമത്തെ വഴിയായിരുന്നു ആര്‍ എസ് എസിന്റേത്. ആദ്യത്തെ വഴിയാണ് കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും രാജ്യത്തെ മറ്റ് മതേതര കക്ഷികളും സ്വീകരിച്ചത്. ഹിന്ദുത്വ പൊളിറ്റിക്‌സിന്റെ ആശയവും പ്രചരണവും പ്രയോഗവും വളരെ ആസൂത്രിതമായും സംഘടിതമായും നടത്തിയതുകൊണ്ട് അവര്‍ ലക്ഷ്യത്തിലെത്തി. ഘട്ടംഘട്ടമായി, പരാജയങ്ങളെ നേരിട്ട്, ക്ഷമയോടെ അവര്‍ കാര്യങ്ങള്‍ മുന്നോട്ടുകൊണ്ടുപോയി ലക്ഷ്യം കണ്ടു.
മറുവശത്ത് അങ്ങനെയൊരു പ്രക്രിയ ഒരു ഭാഗത്തുനിന്നും കാണാനില്ല എന്നതാണ് ദൗര്‍ഭാഗ്യകരമായ വസ്തുത. ആര്‍ എസ് എസിന്റെയും സംഘ്പരിവാര്‍ സംഘടനകളുടെയും നീക്കങ്ങളെ ചെറുക്കാന്‍ ഇതുവരെയും അവര്‍ മുന്നോട്ടുവച്ചിട്ടുള്ള രാഷ്ട്രീയ തന്ത്രം പ്രയോഗിക്കാന്‍ മറ്റാര്‍ക്കും കഴിഞ്ഞിട്ടില്ല. നിരന്തരം തിരിച്ചടികളെ നേരിട്ടാണ് സംഘ്പരിവാര്‍ തങ്ങളുടെ ലക്ഷ്യം പൂര്‍ത്തീകരിച്ചത്. എല്‍ കെ അദ്വാനിയെ മുന്‍നിര്‍ത്തി ലക്ഷ്യം നേടാനാകാതെ വന്നപ്പോള്‍ വാജ്‌പേയിയെ പോലെ മിതവാദ മുഖമുള്ള ഒരാളെ അവര്‍ മുന്നില്‍ നിര്‍ത്തി. ഹോംവര്‍ക്ക് നിരന്തരം നടത്തിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഒരേയൊരു സംഘടിത ശക്തിയാണ് സംഘപരിവാര്‍. അതിന്റെ നേട്ടങ്ങള്‍ അവര്‍ കൊയ്‌തെടുത്തുകൊണ്ടിരിക്കുന്നു. മറ്റാര്‍ക്കും രാഷ്ട്രീയത്തെ അതുപോലെ മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയുന്നില്ല എന്നതാണ് വസ്തുത.

1992 ഡിസംബര്‍ 6 എന്നത് ഇന്ത്യയെ സംബന്ധിച്ച് കറുത്ത ദിനം തന്നെയാണ്. രാജ്യത്തിന്റെ മതനിരപേക്ഷതയും മതേതര സങ്കല്‍പവും പൊളിച്ചെറിയപ്പെട്ട ദിനം. തകര്‍ന്നത് മസ്ജിദിന്റെ മിനാരങ്ങള്‍ മാത്രമല്ല, അനേകകോടി മനുഷ്യരുടെ മനസ്സുകൂടിയാണ്. ദുര്‍ഭൂതങ്ങള്‍ വേട്ടയാടല്‍ തുടരുകയാണ്. രാജ്യത്ത് മതേതര സങ്കല്‍പങ്ങള്‍ക്ക് ഇനിയൊരു തിരിച്ചുവരവ് പ്രതീക്ഷിക്കാനാകുമോ?

മതനിരപേക്ഷത എന്ന വാക്ക് ഏറ്റവും തെറ്റായ ഒന്നാണെന്നാണ് യോഗി ആദിത്യനാഥ് പറയുന്നത്. ആ പ്രയോഗം തന്നെ തെറ്റാണെന്നും. മതനിരപേക്ഷത ഏതാണ്ട് അശ്ലീലമായി മാറുന്ന ഒരു സ്ഥിതിവിശേഷമുണ്ട് ഈ കാലത്ത് എന്നത് വാസ്തവമാണ്. പ്രത്യേകിച്ചും മതനിരപേക്ഷത അവകാശപ്പെടുന്ന, മുന്നോട്ടുവയ്ക്കുന്ന രാഷ്ടീയപ്രസ്ഥാനങ്ങള്‍ക്ക് മറ്റ് മൂല്യങ്ങളോടൊന്നും യാതൊരു പ്രതിബദ്ധതയുമില്ല എന്ന സ്ഥിതിയില്‍. ഈ തോന്നല്‍ രാജ്യത്തെ വലിയൊരുവിഭാഗം ജനങ്ങളിലുണ്ട്. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് സംഘ്പരിവാറിന്റെ രാഷ്ട്രീയം മേല്‍ക്കൈ നേടുന്നത്.

മതനിരപേക്ഷത ഏറ്റവുമധികം വെല്ലുവിളിക്കപ്പെട്ടത് ഒരുപക്ഷേ 1992ലാണെന്ന് എനിക്ക് തോന്നുന്നില്ല. മറിച്ച് അത് 2014ലെ തെരഞ്ഞെടുപ്പിന് ശേഷമാണ് രൂക്ഷമായി കണ്ടുവരുന്നത്. ഭക്ഷണത്തിന്റെ കാര്യത്തിലായാലും കലയുടെയും സിനിമയുടെയും കാര്യത്തിലായാലും ഒക്കെ. എല്ലാത്തരം അവകാശങ്ങള്‍ക്കും എതിരെയുള്ള വെല്ലുവിളി മറ്റേതുകാലത്തെ അപേക്ഷിച്ചും ഇന്നാണ് ഏറ്റവുമധികം എന്നാണ് എന്റെ അഭിപ്രായം. അതിനെ മറികടക്കാനുള്ള വഴി മതനിരപേക്ഷത എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പറയാതെ ഇവരുടെ ഭരണപരമായ വീഴ്ചകളെക്കുറിച്ചും ഇവര്‍ സൃഷ്ടിക്കുന്ന അസുഖകരമായ അന്തരീക്ഷത്തെക്കുറിച്ചും ആളുകളുടെ സ്വതന്ത്രജീവിതാവസ്ഥകളിലേക്ക് എങ്ങനെയാണ് ഇവര്‍ കടന്നുകയറുന്നത് എന്നതിനെ കൃത്യമാക്കി മനസ്സിലാക്കിയും തുറന്നുകാട്ടിയും അതിന്റെ അടിസ്ഥാനത്തില്‍ ആശയങ്ങളെയും പ്രതിരോധങ്ങളെയും വളര്‍ത്തിക്കൊണ്ടുവരികയുമാണ് വേണ്ടത്. ഇതൊക്കെ രാജ്യത്തെ വിവിധ രാഷ്ട്രീയ നേതൃത്വങ്ങള്‍ തീരുമാനിക്കേണ്ട കാര്യങ്ങളാണ്.

അജണ്ടകള്‍ മുഴുവന്‍ ചെറിയ ആശയങ്ങളിലും സങ്കല്‍പങ്ങളിലും നടപടികളിലും മാത്രമാകുമ്പോള്‍ വന്‍ തകര്‍ച്ചകള്‍ കാണേണ്ടിവരും. അതാണ് രാജ്യത്തെ കോണ്‍ഗ്രസ് പാര്‍ട്ടിക്കുണ്ടായത്, ഇടതുപക്ഷ മതേതര കക്ഷികള്‍ക്കുണ്ടായത്. കോണ്‍ഗ്രസിന്റെ മൃദുഹിന്ദുത്വവും മതനിരപേക്ഷ ആശയങ്ങള്‍വച്ചുള്ള കളിയും ഒരുവശത്തുണ്ട്. മറുവശത്ത് മതനിരപേക്ഷ രാഷ്ട്രീയത്തെ എടുത്തുപരിശോധിച്ചാല്‍ അതിന്റെ പ്രധാന വക്താക്കളായ മുലായം സിംഗായാലും ലാലുപ്രസാദ് ആയാലും അഴിമതിയുടെ വലയത്തില്‍ കുടുങ്ങിപ്പോയി. ബി ജെ പിയുടെ ജനവിരുദ്ധതയെ തുറന്നുകാണിക്കാന്‍ സംഘടനാപരമായ കെട്ടുറപ്പ് ഒരാള്‍ക്കും ഇല്ലതാനും. സത്യത്തില്‍ ഇന്ന് സംഘ്പരിവാര്‍ നടപ്പിലാക്കിയതുപോലെ കൃത്യമായ പദ്ധതികളോടെ ഷോര്‍ട്ട് ടേം, മീഡിയം ടേം, ലോംഗ്‌ടേം അജണ്ടകള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്ന ഒരു പ്രസ്ഥാനത്തിനേ ഇതിനെ ചെറുക്കാനാകൂ. നിര്‍ഭാഗ്യവശാല്‍ ആരിലും പ്രതീക്ഷകളുടെ തിരിവെട്ടം കാണുന്നില്ല.
പ്രശസ്ത കാര്‍ട്ടൂണിസ്റ്റ് ഇ പി ഉണ്ണി തൊണ്ണൂറുകളില്‍ നിരീക്ഷിച്ചതുപോലെ വര്‍ഗീയതയ്ക്ക് എതിരായ സമരം ഒരു സ്യൂട്ട്‌കേസുകൊണ്ട് നടത്താനാകില്ല. ഇത് രാജ്യത്തെ മതേതര കക്ഷികളും ജനാധിപത്യ ശക്തികളും ഇടതുപക്ഷ പാര്‍ട്ടികളും ഓര്‍ക്കുകയും നിരീക്ഷിക്കുകയും അതനുസരിച്ച് സ്വയം മാറുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ വരാനിരിക്കുന്ന നാളുകള്‍ നല്ലതായിരിക്കില്ല.

കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതി മുതല്‍ അവസാനം വരെ ലോകം ഇടതുവശത്തേക്കായിരുന്നു ചരിഞ്ഞിരുന്നത്. ഇന്നത് വലത്തേക്കും കൂടുതല്‍ വലത്തേക്കുമാണെന്ന് വ്യക്തമാണ്. ഇത് ഇന്ത്യയുടെ മാത്രം അവസ്ഥയാണോ? പാളിച്ചകള്‍ സംഭവിച്ചത് എവിടെയാണ്, ആര്‍ക്കൊക്കെയാണ്?

ലോകം മുഴുവനുള്ള അവസ്ഥയാണിത്. മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ പുസ്തകപ്രചാരണവുമായി ഇന്ത്യയില്‍ എത്തിയപ്പോള്‍ പറഞ്ഞ ഒരു കാര്യമുണ്ട്. ലോകം മുഴുവന്‍ ഭൂരിപക്ഷവിഭാഗം അപകടത്തിലാണെന്ന് തീവ്രവലതുപക്ഷം വ്യാപകമായി പ്രചരണം നടത്തിക്കൊണ്ടിരിക്കുകയാണ്. ഇതൊരു രാഷ്ട്രീയ ആയുധമായി ലോകം മുഴുവന്‍ ഉപയോഗിക്കുന്നുണ്ട്. ട്രമ്പിന്റെ കാര്യത്തിലായാലും എര്‍ദുഗാന്റെ കാര്യത്തിലായാലും നരേന്ദ്രമോഡിയുടെ കാര്യത്തിലായാലും ഒരേ ആയുധം തന്നെയാണ് ഇവര്‍ എടുത്തുപ്രയോഗിച്ചുകൊണ്ടിരിക്കുന്നത്. ഭൂരിപക്ഷ സമുദായം അതാതിടങ്ങളില്‍ ഭീഷണി നേരിടുകയാണ്. ലോകത്താകമാനം ഇതൊരു പുതിയ രാഷ്ട്രീയ പ്രക്രിയയാണ്.
ആത്യന്തികമായി ഇരുപതാം നൂറ്റാണ്ടിന്റെയും ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെയും ചരിത്രം പരിശോധിക്കുമ്പോള്‍ ഇരുപതാം നൂറ്റാണ്ടിന്റെ അവസാനം പത്തറുപത് കൊല്ലക്കാലം ലോകമെമ്പാടും മതനിരപേക്ഷതയുടെയും പരിഷ്‌കരണത്തിന്റെയുമൊക്കെ മുന്നില്‍ നിന്നത് ഇടതുപക്ഷമായിരുന്നു. വിശാലമായി പറഞ്ഞാല്‍ സോഷ്യലിസ്റ്റ് ബ്ലോക്കായിരുന്നു. ഇത് തകര്‍ന്നത് ലോകത്തിന് വലിയ നഷ്ടമാണുണ്ടാക്കിയത്. ഭരണപരമായുണ്ടായ പരാജയം, ദാര്‍ശനികമായ മുന്നോട്ടുപോക്കില്ലായ്മ, പ്രത്യയശാസ്ത്രപരമായി സ്വയം പരിഷ്‌കരിക്കാന്‍ കഴിയാത്ത സ്ഥിതി ഇതൊക്കെയാണ് സോഷ്യലിസ്റ്റ്‌ചേരിയുടെ തകര്‍ച്ചക്ക് കാരണമായത്. ലോകമെമ്പാടും ഇടതുപക്ഷ രാഷ്ട്രീയത്തിനുണ്ടായ തകര്‍ച്ചയും മൂല്യശോഷണവും വലതുപക്ഷ രാഷ്ട്രീയം വളമാക്കി. അതേസമയം തകര്‍ച്ചകളില്‍ നിന്നും തിരിച്ചടികളില്‍ നിന്നും പാഠം ഉള്‍ക്കൊള്ളാനും ലോകത്തെ തിരിഞ്ഞുനോക്കാനും വിമര്‍ശനാത്മകമായി സ്വയം വിലയിരുത്താനും ഇടതുചേരിക്ക് കഴിയാതിരുന്നത് മുതലെടുത്തതും ഇപ്പോള്‍ അതിന്റെ ഗുണഫലമനുഭവിക്കുന്നതും വലതുചേരിയാണ്. ലോകമെമ്പാടും ഇതുതന്നെയാണ് സ്ഥിതി, ഇന്ത്യയിലും.

അദ്വാനി, വാജ്‌പേയ്, മോഡി… ഈ പട്ടികയിലെ അവസാന ആയുധമാണോ യോഗി? അതോ ഇതിലും കടുപ്പമുള്ളത് പരീക്ഷിക്കാന്‍ സംഘ്പരിവാര്‍ തയ്യാറാകുമോ?

ഓരോരോ സമയത്ത് അതാത് കാലത്തിന് അനുയോജ്യരായ നേതൃത്വത്തെ ഉയര്‍ത്തിക്കാണിക്കുന്നതില്‍ സംഘ്പരിവാര്‍ അതിസാമര്‍ത്ഥ്യം കാണിച്ചിട്ടുണ്ട്. ഇന്ത്യയിലെ മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഇത് കഴിഞ്ഞിട്ടില്ല. അയോധ്യ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അദ്വാനിയെ ഉയര്‍ത്തിക്കാട്ടി. അദ്വാനിയുടെ മരുന്ന് 1993ല്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് കണ്ടപ്പോള്‍ തിരിച്ച് വാജ്‌പേയിലേക്ക് പോയി മിതവാദമുഖം ഉയര്‍ത്തിക്കാട്ടി. വാജ്‌പേയിയുടെ മിതവാദം പോരെന്നുകണ്ടപ്പോള്‍ അദ്വാനിയെ വീണ്ടും പരീക്ഷിച്ചു. 2009ല്‍ അദ്വാനി പരാജയപ്പെട്ടപ്പോളാണ് അവര്‍ 2014ല്‍ നരേന്ദ്ര മോഡിയിലേക്ക് എത്തുന്നത്. മോഡി മതിയാകുമോ എന്ന സംശയം ഉള്ളതിനാല്‍ പകരക്കാരനെന്ന നിലയില്‍ സമാന്തരമായി യോഗിയെ ഉയര്‍ത്തിക്കൊണ്ടുവരുന്നു. സംഘ്പരിവാറിന് ആത്യന്തികമായി ഇന്ന വ്യക്തി എന്നൊന്നുമില്ല. ഹിന്ദുത്വ രാഷ്ട്രീയം ലക്ഷ്യം വയ്ക്കുന്ന, ഇന്ത്യയില്‍ അഥവാ ഭാരതത്തില്‍ ഹിന്ദുക്കളുടെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവുമായ ആധിപത്യം നിലനിര്‍ത്താന്‍ പര്യാപ്തരാരോ അവരാണ് മുന്നില്‍ നില്‍ക്കേണ്ടത് എന്നാണ് സംഘ്പരിവാര്‍ നയം. മോഡിയും യോഗിയും പോരെന്ന് തോന്നുമ്പോള്‍ അതിലും വീര്യമുള്ളവര്‍ സംഘ്പരിവാറിന്റെ ആവനാഴിയില്‍ ആവോളമുണ്ട്. സമയാസമയങ്ങളില്‍ അവരെ അണിയിച്ചൊരുക്കി അവര്‍ പുറത്തിറക്കും.

വെങ്കിടേശ് രാമകൃഷ്ണന്‍/
ഷിബു ടി ജോസഫ്‌

You must be logged in to post a comment Login