അവര്‍ എന്തിനു മതം മാറാതിരിക്കണം?

അവര്‍ എന്തിനു മതം മാറാതിരിക്കണം?

‘Subject to public order, morality and health and to the other provisions of this Part, all persons are equally entitled to freedom of conscience and the right freely to profess, practise and propagate religion’- (ഇന്ത്യന്‍ ഭരണഘടന, 25ാം ഖണ്ഡിക).
രണ്ടായിരാമാണ്ടില്‍ ഉത്തര്‍പ്രദേശിലെ ബറേലി ജില്ലയില്‍ പെട്ട ഒരു ഗ്രാമത്തില്‍ താമസിക്കുന്ന ദളിത് വിഭാഗത്തോട് മുഴുവനും കുടിയൊഴിഞ്ഞുപോവണമെന്നാവശ്യപ്പെട്ട് താലൂക്ക് അധികൃതര്‍ നോട്ടീസ് നല്‍കി. വികസനാവശ്യത്തിന് സ്ഥലം ആവശ്യമുണ്ട് എന്നു പറഞ്ഞായിരുന്നു നോട്ടീസ്. അധികൃതരെ സമീപിച്ചപ്പോള്‍ ഒഴിഞ്ഞുപോവുകയല്ലാതെ രക്ഷയില്ലെന്ന് പറഞ്ഞുമടക്കി. സ്ഥലം എം.എല്‍.എയെയും എം.പിയെയും സമീപിച്ചെങ്കിലും അവര്‍ കൈമലര്‍ത്തി. ഇന്നത്തെ കേന്ദ്രആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന ബി.ജെ.പി സര്‍ക്കാര്‍ ഹതാശരായ ദളിതുകളെ കേള്‍ക്കാന്‍ പോലും തയാറായില്ല. ഒടുവില്‍ ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ പ്രാദേശിക നേതാവിനെ സമീപിച്ചപ്പോള്‍ ഒരു പോംവഴി പറഞ്ഞുകൊടുത്തു. ബുദ്ധിസത്തിലേക്കോ ക്രിസ്ത്യാനിറ്റിയിലേക്കോ ഇസ്‌ലാമിലേക്കോ മതംമാറുക. ഉടന്‍ ഇസ്‌ലാമിലേക്ക് കൂട്ട മതംമാറ്റത്തിന് ഒരുക്കങ്ങള്‍ തുടങ്ങി. പ്രതികരണം പെട്ടെന്നായിരുന്നു. ഉദ്യോഗസ്ഥര്‍ ഗ്രാമത്തിലേക്ക് ഓടിവന്നു. ആരും കുടിയൊഴിഞ്ഞുപോകേണ്ടെന്നും നിര്‍മാണ പ്രവര്‍ത്തനം നിറുത്തിവെച്ചിരിക്കയാണെന്നും ഗ്രാമീണരെ അറിയിച്ചു.

മറ്റൊരു സംഭവം ഹരിയാനയിലെ ഝജ്ജാറില്‍നിന്ന് 20കി.മീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തിലാണ്. ജീവനുള്ള ഒരു പശുവിന്റെ തോല്‍ പൊളിച്ചു കൊണ്ടുപോയി എന്ന് കുറ്റമാരോപിച്ച് മൂന്നാഴ്ച മുമ്പ് അഞ്ചു ദളിതരെ സവര്‍ണര്‍ കൊന്ന പ്രദേശമാണിത്. അതോടെ മേഖലയിലാകെ പ്രക്ഷുബ്ധാവസ്ഥ ഉടലെടുത്തു. തൊട്ടടുത്ത മേഹം ജില്ലയിലെ ഒരു ഗ്രാമത്തില്‍ നൂറോളം സ്ത്രീപുരുഷന്മാരും കുട്ടികളും ഒരു മരത്തിനു ചുവട്ടില്‍ ഒത്തുകൂടി ശപഥമെടുത്തു: ‘ഇനി ഹിന്ദുവായി ജീവിക്കില്ല. ഹിന്ദു ആചാരങ്ങള്‍ അനുഷ്ഠിക്കുകയോ ആഘോഷങ്ങള്‍ കൊണ്ടാടുകയോ ചെയ്യില്ല. ബ്രഹ്മാവിനെയോ വിഷ്ണുവിനെയോ ആരാധിക്കില്ല. ബുദ്ധന്‍ വിഷ്ണുവിന്റെ അവതാരമാണെന്ന് ഞങ്ങള്‍ ഒരിക്കലും വിശ്വസിക്കില്ല. നിങ്ങള്‍ നിങ്ങളുടെ മതത്തെയും പശുക്കളെയും കൊണ്ടുനടക്കുക. ഞങ്ങളെ ഇനി അതിനു കിട്ടില്ല. ഞങ്ങള്‍ ഒന്നാകെ ബുദ്ധമതത്തിലേക്ക് മാറുകയാണ്. നിങ്ങള്‍ക്ക് ഞങ്ങളെക്കാള്‍ വലുത് പശുക്കളാണ്’. രണ്ടാഴ്ചക്കകം കുട്ടമതംമാറ്റം അരങ്ങേറിയപ്പോള്‍ ദേശീയ വാര്‍ത്താപ്രാധാന്യം നേടി. 2001ല്‍ ദേശീയതലത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട മറ്റൊരു കൂട്ട മതംമാറ്റ യജ്ഞമായിരുന്നു ദളിത് നേതാവ് ഉദിത് നാരായണന്റെ നേതൃത്വത്തില്‍ നടന്നത്. നവംബര്‍ നാലിന് ഓള്‍ ഇന്ത്യ കോണ്‍ഫെഡറേഷന്‍ ഓഫ് എസ്.സി/എസ്.ടി ഓര്‍ഗനൈസേഷന്റെ ബാനറില്‍ ആയിരക്കണക്കിന് അനുയായികളോടൊപ്പം ബുദ്ധമതം സ്വീകരിക്കാന്‍ മുന്നോട്ടുവന്നത് ഹൈന്ദവസമൂഹത്തിലെ മനുഷ്യത്വരഹിതമായ ജീവിതസാഹചര്യങ്ങളെ കുറിച്ചുള്ള സംവാദങ്ങള്‍ക്ക് വീണ്ടും ഇടമൊരുക്കി. മതംമാറുന്നതോടെ പിറവിയിലേ വരിഞ്ഞുമുറുക്കപ്പെട്ട ചങ്ങലകളേ നഷ്ടപ്പെടാനുള്ളൂവെന്ന് പലരും എടുത്തുകാട്ടി. എന്നാല്‍ ഉദ്ദവ് താക്കറെയെ പോലുള്ളവര്‍ താക്കീത് നല്‍കിയത് മറ്റൊരു രീതിയിലാണ്. ‘നിങ്ങള്‍ ബുദ്ധമതം സ്വീകരിക്കുന്നുണ്ടാവും. എന്നാല്‍ നിങ്ങളുടെ സിരകളിലൂടെ ഒഴുകുന്നത് ഹിന്ദുക്കളുടെ ചോരയാണെന്ന് ഒരിക്കലും മറക്കേണ്ട’. ദളിത് ബുദ്ധിജീവിയായ കാഞ്ച ഐലയ്യയെ പോലുള്ളവര്‍ ഉദിതിന്റെ മതംമാറ്റ പ്രക്ഷോഭത്തെ സര്‍വഥാ പിന്തുണച്ചത് ബുദ്ധമതത്തിലേക്ക് ആനയിക്കപ്പെടുന്നതോടെ സമത്വം ആര്‍ജിക്കുകയാണ് എന്നതിനാലാണ്. ഒരു ദളിതന് മുഖ്യപുരോഹിതനാകാന്‍ പോലും അവസരമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
ഇന്ത്യയില്‍ നടക്കുന്ന മതംമാറ്റങ്ങളുടെ രണ്ടു സാമ്പിളുകളാണ് മേലുദ്ധരിച്ചത്. ഇന്ത്യന്‍ ഭരണഘടനയില്‍ ഹിന്ദുക്കള്‍ കൊണ്ട് വിവക്ഷിക്കുന്നത് മുസ്‌ലിംകളും ക്രിസ്ത്യാനികളും അല്ലാത്തവര്‍ മുഴുവനുമാണ്. സിഖുകാരെയും ബുദ്ധമതക്കാരെയും ജൈനവിശ്വാസികളെയും മതത്തിനു പുറത്തുള്ളവരായി ഹിന്ദുത്വവാദികള്‍ കാണുന്നില്ല. അവരെല്ലാം ഹിന്ദുത്വയുടെ കുടക്കീഴില്‍ അണിനിരക്കേണ്ടവരാണെന്ന് ഉണര്‍ത്തുകയും ‘ശത്രുക്കള്‍ക്ക് എതിരെ’ പോരാടാന്‍ സജ്ജമാക്കുകയും ചെയ്യുന്നു. എന്നാല്‍, ഹിന്ദുമതത്തിന്റെ കീഴ്ത്തട്ടില്‍ ജീവിക്കുന്ന ഭൂരിപക്ഷം വരുന്ന ജനത എണ്ണിയാല്‍ ഒടുങ്ങാത്ത കെടുതികളിലും വിവേചനങ്ങളിലും പെട്ട് ഉഴലുകയാണ്. സഹജീവികളായി പോലും കാണാന്‍ തയാറാവാതെ, ജീവിതത്തിന്റെ പുറമ്പോക്കില്‍ നരകജീവിതം നയിക്കുന്ന ഈ വിഭാഗം മതംമാറ്റത്തെ മോചനത്തിന്റെ ഫലപ്രദമായ മാര്‍ഗമായി കാണുന്നു. സമീപകാലത്ത് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെട്ട സംഭവമായിരുന്നു 1981ല്‍ തമിഴ്‌നാട്ടിലെ മീനാക്ഷിപുരത്ത് നടന്ന ഇസ്‌ലാമിലേക്കുള്ള കൂട്ട മതംമാറ്റം. തിരുനെല്‍വേലി ജില്ലയിലെ മീനാക്ഷിപുരം എന്ന ഗ്രാമത്തിലെ 150ഓളം വരുന്ന സ്ത്രീപുരുഷന്മാര്‍ ഏഴുവര്‍ഷം തലപുകഞ്ഞാലോചിച്ച് എടുത്ത തീരുമാനമായിരുന്നു അത്. തങ്ങളെ ഇതുവരെ ചങ്ങലയില്‍ കുടുക്കിയിട്ട ഹിന്ദു, ദളിത് സ്വത്വങ്ങള്‍ കുടഞ്ഞുമാറ്റാനും സവര്‍ണരില്‍നിന്നും പൊലീസില്‍നിന്നുമുള്ള നിരന്തര പീഡനങ്ങളില്‍നിന്ന് രക്ഷതേടാനുമുള്ള സുചിന്തിത തീരുമാനത്തിന്റെ ഫലമായിരുന്നു ആ മതംമാറ്റം. നാടിന്റെ പേരുപോലും പുതുതായി കണ്ടെത്തി. മീനാക്ഷിപുരം അങ്ങനെ റഹ്മത്ത് നഗര്‍ ആയി. മുരുഗേശന്‍ അമീര്‍ അലിയായപ്പോള്‍ അയാളുടെ ജീവിതത്തില്‍ വന്ന മാറ്റം ഒരു നൂറ്റാണ്ട് മുഴുവന്‍ ഹിന്ദുമതത്തില്‍നിന്ന് പരിശ്രമിച്ചാല്‍ നേടുന്നതിന്റെ അപ്പുറമായിരുന്നു. മുസ്‌ലിം ഐഡന്റിറ്റി നല്‍കിയ ആത്മവിശ്വാസത്തില്‍ യുവാക്കളില്‍ വലിയൊരു വിഭാഗം ഗള്‍ഫ് രാജ്യങ്ങളിലേക്ക് ചേക്കേറി, സാമ്പത്തികമായി ഉയര്‍ച്ച നേടിയപ്പോള്‍ നാട്ടിലുള്ള കുടുംബക്കാരുടെ ജീവിതനിലവാരം അദ്ഭുതകരമാംവിധം പരിവര്‍ത്തിതമായി. മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി. പുതിയ തലമുറ സാമൂഹികവും സാംസ്‌കാരികവുമായ അഭ്യുന്നതിയുടെ പുതിയ മാനങ്ങള്‍ തൊട്ടുതലോടുകയാണ്.

അംബേദ്കര്‍ തച്ചുടച്ച വിഗ്രഹങ്ങള്‍
ആധുനിക കാലത്ത് ഹിന്ദുമതത്തിന്റെ ജീര്‍ണമുഖം തുറന്നുകാട്ടുകയും മോചനത്തിന്റെ പോംവഴികള്‍ അധഃസ്ഥിതവര്‍ഗത്തിന് കാണിച്ചുകൊടുക്കുകയും ചെയ്ത മഹാധിഷണയാണ് ബാബാസാഹെബ് അംബേദ്കര്‍. ബ്രാഹ്മണ്യത്തിന്റെ കരാളത അടിച്ചേല്‍പിച്ച ചാതുര്‍വര്‍ണ്യം എന്ന പ്രഹേളികയെ ലോകത്തിനു മുന്നില്‍ തുറന്നുകാട്ടിയ ആ സാമൂഹിക പരിഷ്‌കര്‍ത്താവ് വിഗ്രഹങ്ങള്‍ തച്ചുടച്ച് ഹിന്ദുമതത്തില്‍നിന്ന് പുറത്തുവന്നാലേ ജാതിവ്യവസ്ഥക്കു പുറത്തുജീവിക്കുന്ന ഭൂരിപക്ഷം വരുന്ന ബഹുജനം രക്ഷപ്പെടുകയുള്ളൂവെന്ന് വിളിച്ചുപറഞ്ഞു. മതം കൊണ്ട് വിവക്ഷിക്കുന്നത് എന്താണെന്നും മനുഷ്യരാശിയുടെ ജീവിതം രൂപപ്പെടുത്തുന്നതിലും സാമൂഹിക ബന്ധങ്ങള്‍ നിര്‍ണയിക്കുന്നതിലും മതത്തിന്റെ പങ്ക് എന്താണെന്നും ആഴത്തില്‍ അപഗ്രഥിക്കാന്‍ അംബേദ്കര്‍ ശ്രമിക്കുന്നുണ്ട്. പശ്ചാത്യന്‍ ചിന്തകരുടെയും ഗ്രന്ഥങ്ങളുടെയും സഹായത്തോടെയാണ് ഇന്ത്യയിലെ സാമൂഹികപ്രതിഭാസങ്ങളെ അദ്ദേഹം വിശകലനം ചെയ്തത്. മതത്തെ കുറിച്ചുള്ള പ്രഫ. ടീലി(ഠശലഹല)യുടെ കാഴ്ചപ്പാട് അദ്ദേഹം എടുത്തുദ്ധരിക്കുന്നുണ്ട്: ‘മതമെന്നാല്‍ മാനവ ചരിത്രത്തിലെ അത്യന്തം കരുത്തുറ്റ ചാലകശക്തികളില്‍ ഒന്നാണ്. അത് രാഷ്ട്രങ്ങള്‍ക്കു രൂപം നല്‍കുകയും, അതുപോലെത്തന്നെ അവയെ പിച്ചിച്ചീന്തുകയും ചെയ്തു. സാമ്രാജ്യങ്ങളെ ഏകീകരിക്കുകയും വിഭജിക്കുകയും ചെയ്തു. ഏറ്റവും നൃശംസവും കിരാതവുമായ പ്രവൃത്തികള്‍ക്കും ആചാരങ്ങള്‍ക്കും അത് അംഗീകാരം നല്‍കി. ധീരതയുടെ പ്രശംസനീയമായ പ്രവൃത്തികള്‍, ആത്മത്യാഗം, ഭക്തി എന്നിവയെ ഉദ്ദീപിപ്പിച്ചു. അത്യന്തം രക്തപങ്കിലമായ യുദ്ധങ്ങള്‍, കലാപങ്ങള്‍, പീഡനങ്ങള്‍ എന്നിവയ്ക്ക് ഇടവരുത്തി. സ്വാതന്ത്ര്യം, സന്തോഷം, രാഷ്ട്രസമാധാനം എന്നിവ സാക്ഷാത്കരിച്ചു. ഒരിക്കല്‍ നിഷ്ഠൂര വാഴ്ചക്ക് കൂട്ടുനില്‍ക്കുകയും മറ്റൊരിക്കല്‍ അതിന്റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിക്കുകയും ചെയ്തു. ഇപ്പോള്‍ അസ്തിത്വം ആഗ്രഹിക്കുകയും നവവും അത്യുജ്ജ്വലവുമായ സംസ്‌കൃതിയെ രൂപപ്പെടുത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. എന്നിട്ട് പുരോഗതിയുടെയും ശാസ്ത്രത്തിന്റെയും കലയുടെയും ബദ്ധശത്രുവായിത്തീരുന്നു’. ടീലിയുടെ കാഴ്ചപ്പാട് നിരത്തിയ ശേഷം അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്നത് ‘ഈ ചാഞ്ചാട്ടങ്ങള്‍ കൂടാതെ മതങ്ങള്‍ തമ്മില്‍ ശാശ്വതമായ അന്തരങ്ങളുണ്ട്, എന്ന വസ്തുതയാണ്. മതംമാറാന്‍ സാഹചര്യം ഒരുക്കുന്നതാവട്ടെ ഈ അന്തരങ്ങളാണ്. എല്ലാ മതവും ഒരുപോലെയാണെന്നും മതാധ്യാപനങ്ങളുടെ അന്തസ്സത്ത ഒന്നാണെന്നുമുള്ള സിദ്ധാന്തത്തെയാണ് അംബേദ്കര്‍ നിരാകരിക്കുന്നത്. മതത്തിന്റെ പ്രാഥമിക ധര്‍മം സാമൂഹിക നിയന്ത്രണത്തിനുള്ള ഒരു ഏജന്‍സിയായി പ്രവര്‍ത്തിക്കുക എന്നതാണെന്ന് പ്രഫ. എല്‍വുഡ്ഡിന്റെ (ടീരശല്യേ ശി ശെേ ു്യെരവീഹീഴശരമഹ അുെലരെേ) വീക്ഷണത്തെയും അംബേദ്കര്‍ പരിശോധിക്കുന്നുണ്ട്. അതിനുശേഷം അദ്ദേഹം ഇന്നത്തെ ചുറ്റുപാടില്‍ ഏറെ പ്രസക്തമായ ഒരു ചോദ്യം ഉന്നയിക്കുന്നുണ്ട്: ‘ഒരാള്‍ക്ക് മതം സ്വീകരിക്കേണ്ടിവരികയാണെങ്കില്‍ അയാള്‍ സ്വീകരിക്കാന്‍ പോകുന്ന മതം അതിന്റെ ഉദ്ദേശ്യങ്ങള്‍ എത്രത്തോളം പാലിച്ചിട്ടുണ്ട് എന്ന് ചോദിക്കാനുള്ള അവവകാശം അയാള്‍ക്കുണ്ടായിരിക്കേണ്ടതല്ലേ? മനുഷ്യന്‍ എന്ന നിലയില്‍ അവരുടെ മഹാത്മ്യത്തെ ഹിന്ദുമതം അംഗീകരിക്കുന്നുണ്ടോ?’ ഇല്ല എന്ന് തറപ്പിച്ചുപറയന്ന അംബേദ്കര്‍ കടന്നല്‍കൂട്ടിന് കല്ലെറിയാന്‍ ധൈര്യം കാട്ടുന്നത് കാണുക: ‘ഹിന്ദുമതത്തില്‍ അസ്പൃശ്യര്‍ക്ക് പ്രത്യാശക്ക് യാതൊരു വകയുമില്ല. അസ്പൃശ്യര്‍ ഹിന്ദുമതം വിടണമെന്നതിന് ഇതുമാത്രമല്ല കാരണം. ഹിന്ദുമതം ഉപേക്ഷിക്കുന്നത് അനിവാര്യമായിത്തീര്‍ക്കുന്നതിന് ഒരു കാരണം കൂടിയുണ്ട്. അയിത്തം ഹിന്ദുമതത്തിന്റെ ഒരു ഭാഗമാണ്. പ്രബുദ്ധമായ പരിഷ്‌കര്‍ത്താക്കളെന്ന് അവകാശപ്പെടുന്നവര്‍ പോലും അയിത്തം ആചരിക്കുന്നതിനു വേണ്ടിയാണ് അത് ഹിന്ദുമതത്തിന്റെ ഭാഗമല്ലെന്ന് വാദിക്കുന്നത്.’ അവര്‍ണ വിഭാഗത്തിനു ഒരിക്കലും ഹിന്ദുമതത്തില്‍ മോചനസാധ്യതയില്ല എന്ന തുറന്നുപറച്ചിലാണത്. ജാതിചിന്തയുടെ ബലിഷ്ഠകരങ്ങളില്‍പെട്ട് ശ്വാസം മുട്ടുന്ന കോടിക്കണക്കിനു മനുഷ്യരുടെ ജീവിതം ഒരിക്കലും പ്രകാശമയമാകാന്‍ പോകുന്നില്ല. സ്വന്തം മതത്തിനുള്ളില്‍ അസ്പര്‍ശ്യര്‍ സാമൂഹികമായി ഒറ്റപ്പെടുകയാണ്. അതിനു അറുതിവരുത്താനുള്ള ഏകമാര്‍ഗം ജാതിചിന്തയില്‍നിന്ന് വിമുക്തമായ മറ്റൊരു സമുദായവുമായി ബന്ധുത്വം സ്ഥാപിക്കുകയും അതില്‍ സ്വയം ലയിച്ചുചേരുകയുമാണ്. ഇന്ത്യന്‍ ഉപഭൂഖണ്ഠത്തില്‍ ഇത്രയേറെ മുസ്‌ലിം വിശ്വാസികളുണ്ടാവാന്‍ കാരണം പുതിയ ബന്ധുത്വം തേടിയുള്ള കീഴാളവര്‍ഗത്തിന്റെ അന്വേഷണം സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പേ തുടങ്ങിയിരുന്നുവെന്നതിന്റെ നിദര്‍ശനമാണ്. ഇസ്‌ലാമിലേക്കു കടന്നുവരുന്നതോടെ, സ്ഥാപിക്കപ്പെടുന്ന ബന്ധുത്വം മീനാക്ഷിപുരത്ത് കണ്ടത് പോലെ വിപ്ലകരമായ മാറ്റങ്ങളാണ് സാക്ഷാത്കരിക്കുന്നത്. അവന്റെ ജീവിതത്തെ പുതുക്കിപ്പണിയുന്നു എന്ന് മാത്രമല്ല, തന്റെ പൂര്‍വിക സമൂഹത്തിലുള്ളവര്‍ക്ക് പോലും സാമൂഹികാഭ്യുന്നതിയുടെ വഴി കാട്ടിക്കൊടുക്കുകയും ചെയ്യുന്നു.

ഈഴവ സാമൂഹിക പരിഷ്‌കര്‍ത്താവായ ടി.കെ മാധവന്‍ അംബേദ്കറെ പോലെ അധഃസ്ഥിത വര്‍ഗത്തിന്റെ മോചനം മതംമാറ്റത്തിലൂടെ മാത്രമേ സാധിക്കുകയുള്ളുവെന്ന് വാദിച്ച ധീരനായിരുന്നു. ഒസ്സാന്റെ കത്തിക്കോ പാതിരിയുടെ പുണ്യാഹവെള്ളത്തിനോ മാത്രമേ ഈഴവരെ മനുഷ്യരായി മോചിപ്പിച്ചെടുക്കാനാവൂ എന്ന് വരെ അദ്ദേഹം തന്റെ കാലഘട്ടത്തെ ഉണര്‍ത്തി. ക്ഷേത്രങ്ങളില്‍ പ്രവേശനം പോയിട്ട് ക്ഷേത്രപരിസരത്തൂടെ അവര്‍ണര്‍ നടന്നുപോകുന്നത് പോലും വിലക്കപ്പെട്ട കാലഘട്ടമായിരുന്നു അത്. പെരിയാര്‍ രാമസ്വാമി നായ്ക്കറെ പോലുള്ള സാമൂഹിക വിപ്ലവകാരികള്‍ ജാത്യാചാരങ്ങള്‍ക്കെതിരെ ഉച്ചത്തില്‍ ശബ്ദിക്കുകയും അസ്പൃശ്യരുടെ മുന്നില്‍ കൂട്ടമതംമാറ്റമേ പോംവഴിയായുള്ളൂവെന്നും ഉണര്‍ത്തിയപ്പോഴാണ് ക്ഷേത്രപ്രവേശനത്തെ കുറിച്ച് അന്നത്തെ ‘പ്രബുദ്ധകേരളം ‘ പോലും ചിന്തിക്കുന്നത്. ദളിത് യുവാവ് ശാന്തിക്കാരനായി നിയമിതനാകുമ്പോള്‍ അത് ദേശീയവാര്‍ത്തയായി വികസിക്കുന്നത് ഹിന്ദുവിശ്വാസികളെല്ലാം തുല്യരല്ല എന്ന വിശ്വാസത്തിന്റെ ഫലമായാണ്. ജാതി ചിന്ത ഉച്ഛാടനം ചെയ്യാന്‍ ആയുസ്സും അധ്വാനവും ചെലവഴിച്ച അംബേദ്കര്‍ എല്ലാറ്റിനുമൊടുവില്‍ ലക്ഷക്കണക്കിന് അനുയായികളോടൊപ്പം ബുദ്ധമതത്തിലേക്ക് ചേക്കേറിയത് ചരിത്രസംഭവമാകുന്നത് അധഃസ്ഥിതവിഭാഗത്തെ ഒന്നടങ്കം മാറിച്ചിന്തിക്കാന്‍ അത് പ്രേരിപ്പിച്ചു എന്നതുകൊണ്ടാണ്. ജാതിഉന്മൂലനം (അിിശവശഹമശേീി ഇമേെല) എന്ന അദ്ദേഹത്തിന്റെ വിഖ്യാത രചന ഒരു പ്രസംഗമായിരുന്നു. ആര്യസമാജിന്റെ പോഷകഘടകമായ ‘ജാട്ട് പാട്ട് തോഢക് മണ്ഡല്‍’ എന്ന കൂട്ടായ്മ ലാഹോറിലേക്ക് ക്ഷണിച്ചുവെങ്കിലും ഒടുവില്‍ പരിപാടി തന്നെ റദ്ദാക്കുകയായിരുന്നു. ജാതിചിന്ത ഹിന്ദുമതത്തെ എത്ര കണ്ട് നശിപ്പിച്ചുവെന്ന് അദ്ദേഹം രോഷം കൊള്ളുന്നത് കാണുക: ‘ജാതി അവരുടെ പൊതുബോധത്തെ നശിപ്പിച്ചു. പൊതുധര്‍മത്തെ കുറിച്ചുള്ള ബോധവും ജാതിചിന്ത കരിച്ചുകളഞ്ഞു. പൊതുജനാഭിപ്രായത്തെ ജാതി അസാധ്യമാക്കി. ഒരാളുടെ കൂറ് അവന്റെ ജാതിയോട് മാത്രമാണ്. നന്മ ജാതിചിന്തയിലധിഷ്ഠിതമായി. സദാചാര ചിന്തയും ജാതീകൃതമായി. അര്‍ഹിക്കുന്നവരോട് അനുതാപമേ ഇല്ല. മികവിനെ അംഗീകരിക്കുന്നില്ല. ആവശ്യക്കാര്‍ക്ക് ധര്‍മം കൊടുക്കുന്ന പ്രശ്‌നമുദിക്കുന്നില്ല. ധര്‍മം തുടങ്ങുന്നതും അവസാനിക്കുന്നതും ജാതി കൊണ്ടാണ്. അനുതാപമുണ്ട്; പക്ഷേ മറ്റു ജാതിയില്‍പ്പെട്ടവരോടില്ല.’ വര്‍ണമതം ഒരു മനുഷ്യനെ ചിന്താപരമായി എത്രകണ്ട് നശിപ്പിക്കുന്നുവെന്നാണ് അംബേദ്കര്‍ ചൂണ്ടിക്കാട്ടുന്നത്. ഇങ്ങനെയൊരു മതത്തിന്റെ കെട്ടുപാടില്‍നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നവരെ എന്തിനു തടഞ്ഞുനിര്‍ത്തണം? മതം മാറാനും മോചനത്തിന്റെ വഴിതേടാനുമുള്ള ഭരണഘടനാവകാശത്തെ നിഷേധിക്കാന്‍ ഭരണകൂടങ്ങള്‍ക്കു എന്തവകാശം? മതംമാറ്റ നിരോധനിയമങ്ങള്‍ കൊണ്ടുവന്നു ഹിന്ദുമതത്തില്‍നിന്നു പുറത്തേക്ക് ചാടാനുള്ള വിവേകശാലികളുടെ ഉദ്യമങ്ങളെ തടഞ്ഞുനിര്‍ത്തുന്നതിനെതിരെ എന്തു കൊണ്ടു പൊതുസമൂഹം ശബ്ദിക്കുന്നില്ല?

ഹാദിയ തൊട്ടുകാണിച്ച ദൈവബാഹുല്യം
ഉച്ചനീചത്വങ്ങളെ പെറ്റുപോറ്റുന്ന ജാതിവേര്‍തിരിവുകള്‍ക്കും അതില്‍നിന്നുല്‍ഭൂതമാവുന്ന ചൂഷണങ്ങള്‍ക്കുമപ്പുറം ഹിന്ദുമതത്തിലെ ദൈവിക സങ്കല്‍പം സാമാന്യബുദ്ധിയെ ഒരിക്കലും തൃപ്തിപ്പെടുത്തുന്നതല്ല എന്ന് അംബേദ്കറെ പോലുള്ളവര്‍ നിരന്തരം പരിഭവം കൊണ്ടതാണ്. വിഗ്രഹാരാധന ലോകത്തിലെ പല പൗരാണിക നാഗരികതകളിലും കാണപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യയെ പോലെ ദേവീ ദേവന്മാരുടെ ബാഹുല്യം കൊണ്ടും ദൈവിക സങ്കല്‍പത്തിലെ സങ്കീര്‍ണതകള്‍ കൊണ്ടും വിശ്വാസിമനസ്സിനെ ചിന്താകുഴപ്പത്തിലാക്കുന്ന അവസ്ഥ മറ്റൊരിടത്തും കാണാന്‍ സാധ്യമല്ല എന്നും പലരും പറഞ്ഞതാണ്. പിന്നെന്തുകൊണ്ട് ദൈനംദിന ജീവിതത്തില്‍ എല്ലാം സുഗമമായി ചലിക്കുന്നുവെന്ന ചോദ്യത്തിനു ഒരുത്തരമേയുള്ളൂ: ഇവിടെ മതം എന്നത് ചിന്തയില്‍ ആഴത്തില്‍ പതിഞ്ഞ ഒരു വിശ്വാസമല്ല, പ്രത്യുത പിറവിയില്‍ അനന്തരമെടുത്ത അതീവലളിതമായ ആചാരനുഷ്ഠാനങ്ങളുടെ ബാഹ്യപ്രകടനം മാത്രമാണ്. ഇതരമതത്തിലെ അഗാധ വിശ്വാസസംഹിതകളെ മനസ്സിലാക്കുമ്പോഴാണ് ഹൃദായന്തരങ്ങളില്‍ പുതിയ വിശ്വാസത്തിന്റെ നാമ്പുകള്‍ വിടരുന്നത്. ഹാദിയക്ക് സംഭവിച്ചത് അതാണ്. സഹപാഠികളുടെ മുസ്‌ലിം ജീവിതരീതി കണ്ട് അതില്‍ ആകൃഷ്ടയായ ആ പെണ്‍കുട്ടി വൈക്കത്തെ തന്റെ ജീവിതപരിസരം മുന്നോട്ടുവെക്കുന്ന മതകീയ ഇടപാടുകളെ ചോദ്യം ചെയ്യാന്‍ മുതിര്‍ന്നപ്പോള്‍ എല്ലാം അര്‍ത്ഥശൂന്യമാണെന്ന് വിളിച്ചുപറയാന്‍ ധൈര്യം കാണിച്ചു.ഹൈകോടതി തന്നെ അവളുടെ വിശ്വാസപരിണാമത്തിന്റെ നാള്‍വഴി കുറിച്ചിടുമ്പോള്‍ ഈ അവസ്ഥാന്തരത്തിലേക്ക് വിരല്‍ചൂണ്ടുന്നുണ്ട്: ‘സേലത്തെ താമസകാലത്ത് സുഹൃത്തുക്കളായ ജസീനയുടെയും ഫസീലയുടെയും സ്വഭാവഗുണങ്ങളും കൃത്യസമയത്തുള്ള നമസ്‌കാരവും തന്നെ ഹഠാദാകര്‍ഷിച്ചുവെന്നാണ് ഹാദിയ സാക്ഷ്യപ്പെടുത്തുന്നത്. ഇസ്‌ലാമിനെ കുറിച്ച് പഠിക്കാന്‍ പുസ്തകങ്ങള്‍ വായിക്കുകയും വീഡിയോകള്‍ കാണുകയും ചെയ്തു. ഹിന്ദുമതത്തില്‍ ഒട്ടനവധി ദൈവങ്ങളുള്ളത് കൊണ്ട് ഏത് ദൈവത്തെയാണ് ആരാധിക്കേണ്ടതെന്ന ആശയക്കുഴപ്പമുണ്ടായിരുന്നു. എന്നാല്‍ ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ഏകദൈവവിശ്വാസം തന്റെ മനസ്സിനെയും യുക്തിയെയും തൃപ്തിപ്പെടുത്തുന്നു. മതംമാറ്റം ഔപചാരികമായി പ്രഖ്യാപിക്കാതെ നിശബ്ദമായി ഇസ്‌ലാമിക ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുകയായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കല്‍ വീട്ടില്‍വെച്ച് നമസ്‌കരിക്കുമ്പോള്‍ അച്ഛന്‍ കണ്ടു. ഇതാവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കി. ഇസ്‌ലാം ഭീകരതയുടെ മതമാണെന്നാണ് അച്ഛന്റെ കാഴ്ചപ്പാട്. അച്ഛന്‍ അവിശ്വാസി ആണെങ്കിലും അമ്മ ദൈവഭക്തയാണ്. 2015 നവംബറില്‍ മുത്തച്ഛന്‍ മരിച്ചപ്പോള്‍ വീട്ടില്‍ നാല്‍പത് ദിവസത്തെ ചടങ്ങുകള്‍ നടത്തപ്പെടുകയുണ്ടായി. അതില്‍ ഭാഗഭാക്കാവാന്‍ എന്നെ നിര്‍ബന്ധിച്ചു. അതോടെ, രഹസ്യമാക്കി വെച്ച മതം ഞാന്‍ പരസ്യമാക്കി. 2016 ജനുവരി രണ്ടിന് വീട് വിട്ടിറങ്ങിയ ഹാദിയ സേലത്തേക്ക് പോകുന്നതിന് പകരം നേരെ ചെന്നത് ജസീനയുടെ വീട്ടിലേക്കാണ്’ ഒരു തിരിച്ചറിവിന്റെ പലായനമാവാം അത്. ഇസ്‌ലാമിലേക്കു കടന്നുവന്ന പല പ്രമുഖരുടെയും ജീവിതത്തിലൂടെ ഇത്തരം സന്ദിഗ്ധ ഘട്ടങ്ങള്‍ കടന്നുപോയതായി കാണാം. രണ്ടുമതങ്ങളിലെ വിശ്വാസപ്രമാണങ്ങള്‍ ലഘുവായി മനസ്സിനകത്ത് താരതമ്യം ചെയ്യുമ്പോള്‍ എത്തിച്ചേരുന്ന അന്തിമനിഗമനം മതംമാറ്റത്തിന്നായുള്ള ദൃഢനിശ്ചയമായി പരിണമിക്കുന്നു. ഏത് എതിര്‍പ്പിനെയും തൃണവത്ഗണിക്കാനുള്ള ധൈര്യം സ്വരൂപിക്കുന്നത് ഇവിടെനിന്നാണ്. എല്ലാറ്റിനുമപ്പുറം, ജീവിതത്തിന്റെ സൗന്ദര്യാത്മകതയെ അംഗീകരിക്കുന്ന ഇസ്‌ലാമിന്റെ വിശാലമായ കാഴ്ചപ്പാട് അരികത്തൂടെ കടന്നുപോകുന്നവരെ പോലും അത് മാടിവിളിക്കുന്നുണ്ട് എന്ന് ഗരോഡിയുടെയും കമലസുരയ്യയയുടെയും മാല്‍കം എക്‌സിന്റെയുമൊക്കെ പുതു ജീവിതാനുഭവങ്ങള്‍ ലോകത്തോട് വിളിച്ചുപറയുന്നുണ്ട്. ഇഹപര ജീവിതത്തോട് സന്തുലിതമായ കാഴ്ചപ്പാട് വെച്ചുപുലര്‍ത്തുന്ന ഇസ്‌ലാമിനോളം ഈ ദുനിയാവില്‍ സന്തോഷത്തോടെ ജീവിക്കാന്‍ പറ്റുന്ന ഒരു മതം വേറെയുണ്ടോ? പൗരോഹിത്യചൂഷണമില്ലാത്ത, സംന്യാസത്തെ പ്രോല്‍സാഹിപ്പിക്കാത്ത, സമ്പല്‍സമൃദ്ധി നിരുല്‍സാഹപ്പെടുത്താത്ത, കുടുംബജീവിതത്തിന്റെ ചാരുത മുഴുവന്‍ ആസ്വദിക്കാന്‍ വിഹായസ്സൊരുക്കുന്ന ഒരു മതത്തില്‍ കമലസുരയ്യ പറഞ്ഞത് പോലെ എല്ലായ്‌പ്പോഴും പെരുന്നാളല്ലേ? ആ പെരുന്നാള്‍ മുറ്റത്തുനിന്ന് ജാതീകൃത ഉച്ചനീചത്വങ്ങളുടെ പറുദീസയായ, പരലോകജീവിതത്തെ കുറിച്ച് മൂര്‍ത്തവിചാരമില്ലാത്ത ഒരു മതസങ്കല്‍പത്തെ കുടഞ്ഞുമാറ്റാന്‍ ചിന്തിക്കുന്നവര്‍ മുന്നോട്ടുവരുമ്പോള്‍, ഭരണഘടനയില്‍ മതസ്വാതന്ത്ര്യത്തിനുള്ള അവകാശങ്ങളുടെ കൂട്ടത്തില്‍ മതപ്രബോധനത്തിനുള്ള അവകാശം കൂടി എഴുതിവെച്ച നവഭാരതശില്‍പികള്‍ക്ക് നവോവാകം!

ശാഹിദ്‌

You must be logged in to post a comment Login