ഗുജറാത്ത് മാതൃക നിലംപൊത്തുകയാണ്

ഗുജറാത്ത് മാതൃക നിലംപൊത്തുകയാണ്

1992 ഡിസംബര്‍ ആറിന് തീവ്ര ഹിന്ദുത്വ വാദികള്‍ ബാബരി മസ്ജിദ് തകര്‍ത്തത്, ഇന്ത്യന്‍ രാഷ്ട്രീയത്തിലുണ്ടാക്കിയ സ്വാധീനം ചെറുതായിരുന്നില്ല. ജനസംഖ്യയില്‍ പതിനെട്ട് ശതമാനത്തോളം വരുന്ന ന്യൂനപക്ഷം, ഈ രാജ്യത്ത് അവരുടെ സ്ഥാനമെന്തെന്ന ചോദ്യം സ്വയം ചോദിച്ചു. ഭരണ – നീതി നിര്‍വ ഹണ – നിയമ പാലന സംവിധാനങ്ങളെ എങ്ങനെ വിശ്വസിക്കുമെന്ന തോന്നല്‍ ആ സമുദായത്തിലുണ്ടായപ്പോള്‍ അതിന്റെ ഏറ്റവും വലിയ ആഘാതം അനുഭവിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയായിരുന്നു. ബാബരി മസ്ജിദ് തകര്‍ക്കപ്പെടുമ്പോള്‍ മൗനം പാലിച്ച പ്രധാനമന്ത്രി നരസിംഹ റാവു, കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കുന്നതില്‍ വലിയ പങ്ക് വഹിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പുകളില്‍ അന്നോളം കോണ്‍ഗ്രസിനെ തുണച്ചിരുന്ന ന്യൂനപക്ഷം, അതോടെ അവരുടെ സമ്മതിദാനം അവസാനിപ്പിച്ചു. ബീഹാറിലും ഉത്തര്‍ പ്രദേശിലുമൊക്കെ കോണ്‍ഗ്രസിന് വിലാസം ഇല്ലാതായതിന് പ്രധാന കാരണം ഇത് കൂടിയായിരുന്നു.

പത്ത് വര്‍ഷത്തിന് ശേഷം, 2002ല്‍, ഗുജറാത്തിലെ തെരുവുകളില്‍ തീവ്ര ഹിന്ദുത്വ ആന്ധ്യമുള്ള അക്രമികള്‍, ഭരണകൂടത്തിന്റെ സകല പിന്തുണയോടെയും അഴിഞ്ഞാടി. കൊന്നും കൊള്ളിവെച്ചും കൊള്ളയടിച്ചും ബലാത്സംഗം ചെയ്തും അവര്‍ ദിവസങ്ങളോളം അഴിഞ്ഞാടി. വംശഹത്യാ ശ്രമത്തിന്റെ ആ നാളുകള്‍, പിന്നീടുള്ള പതിനഞ്ച് വര്‍ഷത്തെ ഗുജറാത്തിന്റെ രാഷ്ട്രീയത്തെ നിര്‍ണയിച്ചു. ആ രാഷ്ട്രീയം പിന്നീട് രാജ്യത്തിന്റെ രാഷ്ട്രീയത്തെ നിര്‍ണയിക്കുന്നതും. വംശഹത്യാ ശ്രമത്തിന് അധ്യക്ഷത വഹിച്ചുവെന്ന ആരോപണം നേരിടുന്ന വ്യക്തി, ഗുജറാത്തിലെ വികസനമാണ് രാജ്യത്തിന് മാതൃകയെന്ന പ്രചാരണം നടത്തിക്കൊണ്ട് പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തി. ആ യാത്രയില്‍ ഗുജറാത്തിന്റെ പിന്തുണ സമ്പൂര്‍ണമായിരുന്നു. എല്ലാ സീറ്റിലും ബി ജെ പിയെ വിജയിപ്പിച്ച്, പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഗുജറാത്തി എത്തുന്നതിനുള്ള വഴി ഉറപ്പാക്കി അവര്‍. മൂന്നര വര്‍ഷത്തിന് ശേഷം ഗുജറാത്ത് നിയമസഭയിലേക്ക് തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍, തീവ്ര ഹിന്ദുത്വത്തിന്റെ അശ്വമേഥത്തിന് ഇവിടെ തന്നെ തടയിടപ്പെടുമോ എന്നതാണ്? ഗുജറാത്തിലൂടെ ഓട്ടപ്രദക്ഷിണം നടത്തുന്ന ആര്‍ക്കും ഈ മണ്ണിലുള്ള ഭരണവിരുദ്ധ വികാരത്തിന്റെ ചൂട് പെട്ടെന്ന് തിരിച്ചറിയാം. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മൂന്നര വര്‍ഷം മുമ്പുണ്ടായിരുന്ന പ്രീതി, ഗുജറാത്തിയുടെ മനസ്സില്‍ ഇപ്പോഴില്ലെന്ന്. വികസനത്തെക്കുറിച്ച് ഇത്രനാളും മോഡിയും സംഘവും പാടി നടന്നിരുന്നതില്‍ പതിരുകള്‍ ഏറെയുണ്ടായിരുന്നുവെന്ന് ജനം മനസ്സിലാക്കുന്നുവെന്ന്. ഈ അന്തരീക്ഷം മുതലാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമോ?

ഹിന്ദു മതത്തിന് വലിയ സ്വാധീനമുള്ള ഇടമാണ് ഗുജറാത്ത്. മതത്തിന്റെ പ്രത്യക്ഷ ചിഹ്നങ്ങളായ ക്ഷേത്രങ്ങള്‍ ധാരാളമുള്ള ദേശം. അതില്‍ തന്നെ അന്താരാഷ്ട്ര പ്രസിദ്ധിയുള്ളവ ഏറെയുണ്ട്. മതം, രാഷ്ട്രീയത്തില്‍ ചേര്‍ക്കപ്പെട്ടത് രാജ്യം സ്വാതന്ത്ര്യമാകുന്നതിന് മുമ്പാണ്. സ്വാതന്ത്ര്യാനന്തരം ദീര്‍ഘകാലം കോണ്‍ഗ്രസ് ഭരണം ഇവിടെ തുടര്‍ന്നതിന് കാരണങ്ങളിലൊന്ന് ആ പാര്‍ട്ടിയുടെ മൃദുഹിന്ദുത്വ സമീപനമായിരുന്നു. ഇതിനൊപ്പം മുസ്‌ലിംകളെയും കൂടി കൊണ്ടുവന്നുകൊണ്ടാണ് 1980കളില്‍ മാധവ് സിംഗ് സോളങ്കി, നിയമസഭയിലെ 182ല്‍ 148 സീറ്റ് കോണ്‍ഗ്രസിന് സമ്മാനിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ സോളങ്കിയുടെ റെക്കോര്‍ഡ് ഭേദിച്ച്, 150 സീറ്റ് നേടുക എന്നതായിരുന്നു ബി ജെ പിയുടെ ലക്ഷ്യം, പാര്‍ട്ടിയുടെ അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷായും താന്‍ പറയുന്നതിനപ്പുറമൊന്നും ഗുജറാത്തില്‍ നടക്കില്ലെന്ന് ഉറച്ചുവിശ്വസിച്ച പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ഈ ലക്ഷ്യം ആവര്‍ത്തിച്ചു. രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പാക്കിയ ജൂലൈ ഒന്ന് വരെ ഈ ലക്ഷ്യം അത്രത്തോളം അപ്രാപ്യമായിരുന്നുമില്ല.

കൃഷിയും കച്ചവടവും വ്യവസായവുമാണ് ഗുജറാത്തിന്റെ ജീവിതം. സ്വാതന്ത്ര്യാനന്തരം ഇതുവരെ അവര്‍ നിലനിര്‍ത്തിപ്പോരുന്ന സാമ്പത്തിക വളര്‍ച്ചയില്‍ ഇവയുടെ സംഭാവന പ്രധാനമാണ്. ഈ മേഖലകളുടെ സമൃദ്ധിയാണ് ഇവിടെ തൊഴിലവസരം സൃഷ്ടിച്ചിരുന്നത്, നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും ജീവിതത്തെ ചലിപ്പിച്ചിരുന്നത്. നോട്ട് പിന്‍വലിച്ചത്, മറ്റെല്ലായിടങ്ങളെയും പോലെ ഗുജറാത്തിനെയും ബാധിച്ചു. അതിന് പിറകെ ജി എസ് ടി പ്രാബല്യത്തിലാക്കിയത് കച്ചവട – വ്യവസായ മേഖലകളെയാകെ തകിടം മറിച്ചു. രോഷം അണപൊട്ടിയൊഴുകി, നഗരങ്ങളില്‍. ഉത്പാദനവും വിപണനവും കുറഞ്ഞതോടെ തൊഴില്‍ നഷ്ടപ്പെടുന്നവരുടെ എണ്ണം കൂടി. 22 വര്‍ഷമായി തുടരുന്ന ബി ജെ പി ഭരണം, തങ്ങളുടെ ജീവിതത്തെ ഏതൊക്കെ വിധത്തില്‍ പ്രതിസന്ധിയിലാക്കിയെന്ന് ആലോചിക്കാന്‍ തുടങ്ങി ഗുജറാത്തി.

പരുത്തി, നിലക്കടല, ഗോതമ്പ്, കരിമ്പ്, തുവര, പുകയില തുടങ്ങി കൊയ്‌തെടുക്കുന്ന വിളകളില്‍ ഏതെങ്കിലുമൊന്നിന് ഉത്പാദനച്ചെലവിനൊപ്പിച്ച് വില കിട്ടുന്നുണ്ടോ എന്ന് കര്‍ഷകര്‍ ആലോചിക്കുന്നു. 20 കിലോയ്ക്ക് 1500 രൂപ ലഭിക്കുന്ന സ്ഥിതിയുണ്ടാകുമെന്ന നരേന്ദ്ര മോദിയുടെ വാഗ്ദാനം എത്ര വര്‍ഷമായി പാലിക്കപ്പെടാതെ കിടക്കുന്നു? തെരഞ്ഞെടുപ്പിന് മുമ്പ് പ്രഖ്യാപിച്ച അല്‍പ്പം കൂടിയ താങ്ങുവിലയില്‍ തങ്ങളുടെ വിള സംഭരിക്കപ്പെടണമെങ്കില്‍ ഇനിയും എത്രമാസം കാത്തിരിക്കണം? അങ്ങനെ കാത്തിരുന്നാല്‍ അടുത്ത കൃഷിക്ക് പണം എവിടെ നിന്ന് കിട്ടും? ന്യായ വില നല്‍കി, കൃത്യസമയത്ത് സംഭരണം പൂര്‍ത്തിയാക്കാന്‍ ഇത്രകാലമായിട്ടും നടപടിയുണ്ടാകാത്തത് എന്തുകൊണ്ട്? കൃഷിക്ക് വെള്ളമെത്തിക്കുമെന്ന വാഗ്ദാനം ഇതുവരെ നടപ്പാക്കാത്തത് എന്തുകൊണ്ട്? സര്‍ദാര്‍ സരോവര്‍ ഡാമിന്റെ ഉയരം കൂട്ടി നര്‍മദയുടെ വെള്ളമെത്തിക്കുമെന്ന് പറയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി, എവിടെ ആ വെള്ളം? അതിനായി ഇനിയുമെത്രകാലം കാത്തിരിക്കണം? കര്‍ഷകരുടെ ചോദ്യങ്ങള്‍ നിരവധിയാണ്. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും വോട്ടര്‍മാരായ 98 ഗ്രാമീണ മണ്ഡലങ്ങളുണ്ട് ഇവിടെ. നരേന്ദ്ര മോഡി മുഖ്യമന്ത്രിയായി തിരിച്ചെത്തിയ 2012ലെ തെരഞ്ഞെടുപ്പില്‍ തന്നെ ഗ്രാമീണ മേഖലയില്‍ കോണ്‍ഗ്രസിന് ചെറിയ മേല്‍ക്കൈയുണ്ടായിരുന്നു. കര്‍ഷകരുടെ മുന്നിലുള്ള ചോദ്യങ്ങള്‍, വോട്ടിംഗ് യന്ത്രത്തില്‍ ഉത്തരം തേടിയാല്‍ കോണ്‍ഗ്രസ് ചെറുതല്ലാത്ത നേട്ടം ഇവിടെയുണ്ടാക്കും.
വ്യാപാര – വ്യവസായ മേഖലകളോട് ചേരുന്ന നഗരങ്ങളും അര്‍ധ നഗരങ്ങളും ബി ജെ പിയുടെ ശക്തികേന്ദ്രങ്ങളാണ്. 1995 മുതല്‍ 2012 വരെയുള്ള ചരിത്രമെടുത്താല്‍ തകരാത്ത കോട്ടകള്‍. അവിടെയാണ് ചരക്ക് – സേവന നികുതി നടപ്പാക്കല്‍ വലിയ അതൃപ്തിയുണ്ടാക്കിയിരിക്കുന്നത്. തൊഴില്‍ നഷ്ടം ദുരിതം വിതച്ചിരിക്കുന്നത്. ആഗ്രഹിക്കുന്ന വിധത്തിലുള്ള തൊഴിലുകള്‍ ലഭിക്കാതെ യുവാക്കള്‍ അസംതൃപ്തരായി തുടരുന്നത്. ഇതിനോടുള്ള പ്രതികരണം നഗരങ്ങളിലെയും അര്‍ധ നഗരങ്ങളിലെയും 84 മണ്ഡലങ്ങളിലുണ്ടാകുമോ? അങ്ങനെയുണ്ടായാല്‍ തന്നെ, ബി ജെ പിക്ക് നിലവില്‍ വോട്ട് ശതമാനത്തിലുള്ള മുന്‍തൂക്കത്തെ ഇല്ലാതാക്കാന്‍ പാകത്തില്‍ വലുപ്പമുള്ളതാകുമോ? ഭരണ വിരുദ്ധ വികാരത്തെ ആ വലുപ്പത്തിലേക്ക് വളര്‍ത്തിക്കൊണ്ടുവരാന്‍ കോണ്‍ഗ്രസിന് സാധിക്കുന്നില്ല എന്നതാണ് വാസ്തവം. 22 വര്‍ഷം അധികാരത്തിന് പുറത്തിരിക്കേണ്ടി വന്നത് ആ പ്രസ്ഥാനത്തെ ബാധിച്ചിരിക്കുന്നു. സംസ്ഥാനത്തെ മുക്കിലും മൂലയിലും എത്തുന്ന സംഘടനാ സംവിധാനം ഇപ്പോഴില്ല. മറുഭാഗത്ത്, ബി ജെ പിക്കാകട്ടെ സംഘടനാ സംവിധാനം ശക്തമാണ് താനും. അതുകൊണ്ട് തന്നെ ഈ പോരില്‍ അനുകൂല അന്തരീക്ഷം പ്രയോജനപ്പെടുത്താന്‍ സാധിക്കാതെ വലയുന്നുണ്ട് കോണ്‍ഗ്രസ്. സംസ്ഥാനത്തും കേന്ദ്രത്തിലും ഭിന്ന രാഷ്ട്രീയകക്ഷികള്‍ നയിക്കുന്ന സര്‍ക്കാറുകളുണ്ടാകുന്നത് തങ്ങളുടെ കച്ചവട – വ്യവസായ സാധ്യതകളെ ഏത് വിധത്തില്‍ സ്വാധീനിക്കുമെന്ന് ആലോചിക്കാതിരിക്കില്ല ഗുജറാത്തികള്‍. ആ ആലോചന, അതൃപ്തി നിലനിര്‍ത്തിക്കൊണ്ട് തന്നെ, ബി ജെ പിയെ തെരഞ്ഞെടുക്കാന്‍ അവരെ പ്രേരിപ്പിക്കുകയും ചെയ്‌തേക്കാം.

പട്ടേലുമാര്‍ക്ക് സംവരണമാവശ്യപ്പെട്ട് സമരം തുടങ്ങിയ ഹാര്‍ദിക് പട്ടേലും അവര്‍ക്ക് സംവരണം അനുവദിക്കുന്നത് മറ്റു പിന്നാക്ക വിഭാഗങ്ങളുടെ അവസരം ഇല്ലാതാക്കിയാകരുതെന്ന് ആവശ്യപ്പെട്ട് സമരം തുടങ്ങിയ അല്‍പ്പേഷ് താക്കൂറും ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പമാണ്. അല്‍പ്പേഷ് കോണ്‍ഗ്രസില്‍ ചേര്‍ന്ന് മത്സരിക്കുമ്പോള്‍, ബി ജെ പിയെ തോല്‍പ്പിക്കാനായി കോണ്‍ഗ്രസിനെ പിന്തുണക്കുകയാണ് ഹാര്‍ദിക്. ജനസംഖ്യയില്‍ 14 ശതമാനത്തോളം വരുന്ന പട്ടേല്‍ വിഭാഗത്തില്‍ ആറ് ശതമാനത്തോളമാണ് ഹാര്‍ദികിന്റെ കട്‌വ പട്ടേലുമാര്‍. മുപ്പതോളം മണ്ഡലങ്ങളിലെ ഫലം നിര്‍ണയിക്കാന്‍ ഇവര്‍ക്ക് സാധിക്കും. ഹാര്‍ദിക്കിന്റെ യോഗങ്ങളില്‍ ഇപ്പോഴുമെത്തുന്ന ആള്‍ക്കൂട്ടം കോണ്‍ഗ്രസിന് നല്‍കുന്ന പ്രതീക്ഷ ചെറുതല്ല. പക്ഷേ, 2012ലെ തെരഞ്ഞെടുപ്പില്‍ കേശുഭായ് പട്ടേലിന്റെ പാര്‍ട്ടിക്കൊപ്പം നിന്ന ല്യൂവ പട്ടേലുമാര്‍ (ആകെ പട്ടേലന്‍മാരില്‍ 8 ശതമാനം ഇവരാണ്) ഹാര്‍ദിക്കിന്റെ ആവശ്യങ്ങളെ തുണയ്ക്കുമ്പോള്‍ പോലും, ഇക്കുറി ബി ജെ പിയ്‌ക്കൊപ്പമാണ്. ഈ സാഹചര്യം പട്ടേല്‍ വോട്ടുകളെ 2012ലെ അതേ അവസ്ഥയിലേക്ക് എത്തിക്കുമെന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നത്. ഹര്‍ദിക് പട്ടേല്‍ വലിയ ആഘാതമുണ്ടാക്കില്ലെന്ന അവരുടെ വാദത്തിന്റെ അടിസ്ഥാനം ഇതാണ്.
ജനസംഖ്യയില്‍ ഏറ്റവുമധികം പിന്നാക്ക വിഭാഗങ്ങളാണ്. 45 ശതമാനത്തോളം. അതില്‍ പത്ത് ശതമാനമേ വരൂ താക്കൂര്‍ വിഭാഗം. കോണ്‍ഗ്രസില്‍ അംഗമായതോടെ അല്‍പ്പേഷിന്റെ സ്വാധീനം താക്കൂര്‍ വിഭാഗത്തില്‍ മാത്രമായി ചുരുങ്ങുമെന്ന് ബി ജെ പി കണക്ക് കൂട്ടുന്നു. മുപ്പത് ശതമാനത്തിലധികമുള്ള മറ്റ് പിന്നാക്ക വിഭാഗങ്ങളുടെയും 13 ശതമാനം വരുന്ന ഇതര ഹിന്ദുക്കളുടെയും വോട്ട് ഏകീകരിക്കാനായാല്‍ വിജയം അത്ര പ്രയാസമാകില്ലെന്ന് ബി ജെ പി കണക്ക് കൂട്ടുന്നു. സോഷ്യല്‍ എന്‍ജിനീയറിംഗില്‍ ആ പാര്‍ട്ടിക്കുള്ള പ്രാവീണ്യം കണക്കിലെടുക്കുമ്പോള്‍ ആ കണക്ക് കൂട്ടല്‍ തള്ളിക്കളയുക പ്രയാസം. ഇത്തരം നീക്കങ്ങളെ മുന്നില്‍ക്കണ്ട് പ്രതിരോധിക്കാനുള്ള ശേഷിയോ നേതൃനിരയോ കോണ്‍ഗ്രസിന് ഗുജറാത്തിലില്ലെന്നതും ബി ജെ പിക്ക് തുണയാണ്.

കാലിക്കടത്തിന്റെ പേരില്‍ ദളിതുകള്‍ ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ രോഷമാണ് ജിഗ്നേഷ് മേവാനിയെന്ന നേതാവിനെ ഗുജറാത്തിന് പുറത്ത് പരിചിതനാക്കിയത്. ബി ജെ പിയുടെ വോട്ട് ബാങ്കായി തുടര്‍ന്നിരുന്ന ദളിതുകളില്‍ വലിയൊരു വിഭാഗം, ജിഗ്നേഷിനൊപ്പമുണ്ടെന്നത് വസ്തുതയാണ്. തങ്ങളുടെ ഉറച്ചകോട്ടയില്‍ ജിഗ്നേഷിനെ പിന്തുണയ്ക്കാന്‍ തീരുമാനിച്ചതിലൂടെ ആ സമുദായത്തിന് കോണ്‍ഗ്രസ് നല്‍കുന്ന സന്ദേശവും ശ്രദ്ധേയമാണ്. അതൊരു പരിധിവരെ കോണ്‍ഗ്രസിന് ഗുണം ചെയ്‌തേക്കാം. പക്ഷേ, ഫലം നിര്‍ണയിക്കാന്‍ പാകത്തില്‍ ദളിതുകളുടെ സാന്നിധ്യമുള്ള മണ്ഡലങ്ങളുടെ എണ്ണം കുറവാണ് എന്നത്, തെരഞ്ഞെടുപ്പ് കണക്കില്‍ പ്രധാനമാണ്.
വോട്ടര്‍മാരില്‍ പത്ത് ശതമാനം വരുന്ന മുസ്‌ലിംകളുടെ പങ്കും പ്രധാനമാണ് ഈ ജനാധിപത്യത്തില്‍. 2012ല്‍ നരേന്ദ്ര മോദി അധികാരത്തില്‍ തിരിച്ചെത്തിയതില്‍ പ്രധാന പങ്ക് വഹിച്ചത് അവരാണെന്ന് ഫലം സൂക്ഷ്മമായി വിലയിരുത്തിയാല്‍ മനസ്സിലാകും. ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുണ്ടായിരുന്ന മണ്ഡലങ്ങളില്‍ 99 ശതമാനത്തിലും വിജയിച്ചത് ബി ജെ പിയായിരുന്നു. തങ്ങളുടെ വോട്ട് ബി ജെ പിക്ക് എതിരാകുകയും നരേന്ദ്ര മോഡി വീണ്ടും അധികാരത്തിലെത്തുകയും ചെയ്താല്‍ പ്രതികാരത്തിന് ഇരയാകേണ്ടിവരുമോ എന്ന സംശയം അവരിലുണ്ടായിരുന്നു. ആ ഭയം പൂര്‍ണമായി ഇല്ലാതായിട്ടില്ല. 20 ശതമാനത്തിലധികം മുസ്‌ലിം വോട്ടര്‍മാരുള്ള 20 മണ്ഡലങ്ങള്‍ ആര്‍ക്കൊപ്പം നില്‍ക്കും? രാജ്യം ഭരിക്കുന്ന നരേന്ദ്ര മോഡി, ഗുജറാത്ത് ഭരിക്കുന്നവരേക്കാള്‍ ശക്തനാണെന്ന തോന്നലുണ്ടായാല്‍ 2012ലെ ഹിതം ഇവര്‍ ആവര്‍ത്തിക്കും. ആ ഭീതി നിലനിര്‍ത്താന്‍ പാകത്തിലുള്ള പ്രചാരണങ്ങള്‍ അനൗദ്യോഗികമായെങ്കിലും സംഘപരിവാരം നടത്തുന്നുവെന്നത് കാണാതിരുന്നു കൂട.
സങ്കീര്‍ണമാണ് ഗുജറാത്തിലെ തെരഞ്ഞെടുപ്പ് രംഗം. കോണ്‍ഗ്രസിന് ജയിക്കാനുള്ള അന്തരീക്ഷമെന്നതിനേക്കാള്‍ ബി ജെ പി പരാജയപ്പെടാനുള്ള അന്തരീക്ഷം നിലവിലുണ്ട് എന്ന് നിസ്സംശയം പറയാം. അത് മുതലെടുക്കാനുള്ള നേതൃനിര കോണ്‍ഗ്രസിന് ഗുജറാത്തിലില്ല. രാഹുല്‍ ഗാന്ധിക്ക് സ്വീകാര്യതയുണ്ട്, പക്ഷേ, നരേന്ദ്ര മോഡിയുടെ വലുപ്പമില്ല. നരേന്ദ്ര മോഡിയുണര്‍ത്തിവിടുന്ന പ്രാദേശിക വികാരത്തെ മറികടക്കാന്‍ രാഹുലിന് സാധിക്കില്ല. മോഡി സൃഷ്ടിക്കുന്ന ശബ്ദഘോഷത്തെ വെല്ലുവിളിക്കാനും പറ്റില്ല. വസ്തുതകള്‍ മാത്രമല്ല, വികാരവും അതിന്റെ പ്രകടനവുമൊക്കെ തെരഞ്ഞെടുപ്പില്‍ പ്രധാനമാണ്. മോഡിയെ മാറ്റിനിര്‍ത്തിയാല്‍ ബി ജെ പിക്കും ഗുജറാത്തില്‍ നേതാക്കളില്ല. രാഹുല്‍ ഗാന്ധിയും നരേന്ദ്ര മോഡിയും തമ്മിലുള്ള പോരാട്ടമാണ് ഗുജറാത്തില്‍ നടക്കുന്നത്. അതിന്റെ ഫലമെന്തായാലും ദേശീയ രാഷ്ട്രീയത്തെ നിര്‍ണായകമായി സ്വാധീനിക്കും, പ്രത്യേകിച്ച് രാഹുല്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനാകുക കൂടി ചെയ്യുമ്പോള്‍.

പരാജയത്തോട് അടുത്ത വിജയമോ പരാജയമോ ആണ് ഗുജറാത്തില്‍ ബി ജെ പിയെ കാത്തിരിക്കുന്നത് എന്ന് നിസ്സംശയം പറയാം. 150 സീറ്റ് എന്നത് സ്വപ്‌നം പോലുമായി അവശേഷിക്കില്ല. 100ല്‍ താഴെ സീറ്റുകളില്‍ ബി ജെ പി വിജയിച്ചേക്കാം. ഇതേ മാര്‍ജിനില്‍ കോണ്‍ഗ്രസിനും ജയിക്കാം. നഗര – അര്‍ധ നഗരങ്ങളിലെ വോട്ടര്‍മാരുടെ മനസ്സാണ് വിജയം ആര്‍ക്കെന്ന് നിശ്ചയിക്കുക. രണ്ടായാലും വികസനത്തിലെ ഗുജറാത്ത് മാതൃക തകര്‍ന്ന് വീഴുകയാണ്. നരേന്ദ്ര മോഡിയെന്ന ‘നേതാവിന്’ ഇത്രകാലമുണ്ടായിരുന്ന വ്യക്തി പ്രഭാവം (അത് സൃഷ്ടിച്ചെടുത്തതാണെങ്കില്‍പ്പോലും) ചോദ്യംചെയ്യപ്പെടാന്‍ പോകുകയാണ്. അതിന് ഗുജറാത്ത് തന്നെ തുടക്കമിടുന്നുവെന്നതാകും ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ പ്രത്യേകത.
അഹ്മദാബാദില്‍നിന്ന്

രാജീവ് ശങ്കരന്‍

 

You must be logged in to post a comment Login