ആ നശിച്ച ദിവസത്തെ രാഷ്ട്രം അതിജീവിച്ചത്

ആ നശിച്ച ദിവസത്തെ രാഷ്ട്രം അതിജീവിച്ചത്

1992 ഡിസംബര്‍ ആറ്. ലോകാവസാനത്തെക്കുറിച്ചുള്ള ചിന്തകള്‍ ഓരോ വീട്ടിലേക്കുമെത്തിയ ദിവസമായിരുന്നു അത്. ഏറ്റവും കുറഞ്ഞത് രാഷ്ട്രത്തിന്റെ അന്ത്യമെങ്കിലും സംഭവിക്കുമെന്ന് ഞങ്ങളൊക്കെ ഭയപ്പെട്ടു. നിലനില്പ് തന്നെ അപകടത്തിലായ ഈ രാജ്യത്തിന്റെ ഭാവി വലിയൊരു ചോദ്യചിഹ്നമായി. മതനിരപേക്ഷതയും നിരീശ്വരചിന്തയും മതവും ഭരണകൂടവുമെല്ലാം ഇടകലര്‍ന്നുകഴിയുന്ന ഇതുവരെയുള്ള അവസ്ഥയ്ക്ക് മാറ്റം സംഭവിക്കുകയാണെന്ന് ഞങ്ങള്‍ തിരിച്ചറിയുകയായിരുന്നു.

മൂന്ന് മാസത്തിന് ശേഷം 1993 മാര്‍ച്ചില്‍ ബോംബെയിലുണ്ടായ (ഇപ്പോഴത്തെ മുംബൈ) ബോംബ് സ്‌ഫോടനങ്ങള്‍ ഞങ്ങളുടെ ആശങ്കകള്‍ ശരിവെക്കുന്നതായി. പ്രതീക്ഷയുടെ അവസാനത്തെ കണികയും നഷ്ടമായി. ആശയങ്ങളും ആദര്‍ശങ്ങളും ഒരു ജീവിതകാലം കൊണ്ട് നിര്‍മിച്ച സങ്കല്പസൗധം കണ്‍മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു.

ഏതാനും ആഴ്ചകള്‍ക്കു ശേഷം വിദൂര ഗ്രാമങ്ങളില്‍ നിന്നും ചെറുപട്ടണങ്ങളില്‍ നിന്നും നല്ല വാര്‍ത്തകള്‍ വന്നുതുടങ്ങി. ഡിസംബര്‍ ആറിന് ശേഷമുണ്ടായ ലഹളയില്‍ തകര്‍ക്കപ്പെട്ട പള്ളികളും ക്ഷേത്രങ്ങളും ഹിന്ദുക്കളും മുസ്‌ലിംകളും ചേര്‍ന്ന് പുനര്‍നിര്‍മിക്കാന്‍ തുടങ്ങിയിരിക്കുന്നു. കലാപം തടയുന്നതിനായി ഗ്രാമത്തിന് പുറത്തുനിന്നൊരാളെയും തങ്ങളുടെ പ്രദേശത്തേക്ക് കടക്കാന്‍ അനുവദിക്കില്ലെന്ന് അവര്‍ കൂട്ടായി തീരുമാനമെടുത്തു. ബോംബെ സംഭവത്തിനു ശേഷമുണ്ടായ സംഘര്‍ഷാവസ്ഥയ്ക്ക് പതിയെ മാറ്റമുണ്ടായി. തുടര്‍ന്ന് ഒരു ദശകക്കാലം രാജ്യം കാര്യമായ വര്‍ഗീയ കലാപങ്ങള്‍ക്കൊന്നും സാക്ഷ്യം വഹിച്ചില്ല. 2002 വരെ ആ സ്ഥിതി തുടര്‍ന്നു. ആ വര്‍ഷമാകട്ടെ സംസ്ഥാന ഭരണകൂടത്തിന്റെ ദുഷ്‌പ്രേരണ കാരണം ഗുജറാത്തില്‍ ഭീകരമായൊരു ലഹളയുണ്ടാവുകയും ചെയ്തു.

ബാബരി മസ്ജിദിന്റെ തകര്‍ച്ച അതിന് നേതൃത്വം നല്‍കിയ ബി.ജെ.പിക്ക് കാര്യമായ തിരഞ്ഞെടുപ്പ് നേട്ടമൊന്നും സമ്മാനിച്ചില്ല. സര്‍വനാശം വിതച്ചുകൊണ്ട് എല്‍.കെ. അദ്വാനി രഥയാത്ര നടത്തിയതു തന്നെ തിരഞ്ഞെടുപ്പ് നേട്ടങ്ങള്‍ മുന്നില്‍ കണ്ടായിരുന്നു. പക്ഷേ പള്ളി പൊളിച്ചതിന് ശേഷം നടന്ന തിരഞ്ഞെടുപ്പുകളിലൊന്നും വന്‍ വിജയമുണ്ടാക്കാന്‍ ബി.ജെ.പിക്ക് സാധിച്ചില്ല എന്നതാണ് വസ്തുത. ഹിന്ദി ബെല്‍റ്റിലുടനീളം 1993ല്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടന്നിരുന്നു. രാമജന്മഭൂമി-ബാബരി മസ്ജിദ് തര്‍ക്കത്തിന്റെ ഹൃദയഭൂമിയായ ഉത്തര്‍പ്രദേശില്‍ പാര്‍ട്ടിക്ക് അധികാരം നഷ്ടപ്പെട്ടു. മധ്യപ്രദേശിലും ഹിമാചല്‍ പ്രദേശിലും തോറ്റു തുന്നം പാടി. രാജസ്ഥാനില്‍ മാത്രമാണ് പാര്‍ട്ടിക്ക് പച്ച തൊടാനായത്. അവിടുത്തെ മുഖ്യമന്ത്രി ഭൈരോണ്‍ സിംഗ് ശെഖാവത്താകട്ടെ ബുദ്ധിപരമായി അദ്വാനിയുടെ രഥയാത്രയില്‍ നിന്ന് വിട്ടുനിന്നുകൊണ്ട് വാര്‍ത്ത സൃഷ്ടിച്ചയാളായിരുന്നു. ബാബറി മസ്ജിദ് തകര്‍ത്തതിന് ആറ് വര്‍ഷങ്ങള്‍ക്ക് ശേഷം 1998ലാണ് ബി.ജെ.പി. കേന്ദ്രഭരണത്തിലെത്തുന്നത്. രഥയാത്രയും ഡിസംബര്‍ ആറുമല്ല മറ്റു ചില സംഭവികാസങ്ങളാണ് പാര്‍ട്ടിയെ ഇതിന് സഹായിച്ചത്.

1992 നും 2002 നും ഇടയ്ക്കുള്ള സമാധാനാന്തരീക്ഷവും 1993ലെ ബി.ജെ.പിയുടെ പരാജയവുമൊക്കെ പ്രധാനപ്പെട്ട ചില പാഠങ്ങള്‍ പറഞ്ഞുതരുന്നുണ്ട്. രാഷ്ട്രത്തിനുമേല്‍ മുറിവേല്‍പ്പിക്കുന്നത് തടയാന്‍ നാസ്തിക മതനിരപേക്ഷതയ്ക്ക് സാധിക്കില്ല എന്ന് ഞാനെങ്കിലും തിരിച്ചറിഞ്ഞു. സംസ്‌കാരത്തിന്റെയും മധ്യകാല ചരിത്രത്താല്‍ സമ്പുഷ്ടമായ ലോകവീക്ഷണത്തിന്റെയും മിശ്രിതമാണ് നമ്മെ വീണ്ടും ശാന്തിയുടെ കരയ്ക്കടുപ്പിച്ചത്.

മത്സരിച്ചുകൊണ്ടുള്ള ആരാധന
ഹിന്ദുമതം, ഇസ്‌ലാം എന്നിങ്ങനെ പരസ്പരം പോരടിക്കുന്ന രണ്ട് ആരാധനാക്രമങ്ങളെയാണ് മധ്യകാല ഇന്ത്യ നമുക്ക് കാണിച്ചുതന്നത്. മുപ്പത്തിമുക്കോടി ദേവീദേവന്‍മാരും അത്രത്തന്നെ ആരാധനാസമ്പ്രദായങ്ങളുമുള്ള ഹിന്ദുമതത്തിന് മുമ്പാകെ ഏകദൈവവും ഏക ആരാധനാക്രമവുമുള്ള മതപദ്ധതി ഇസ്ലാം അവതരിപ്പിച്ചു. രണ്ട് മതങ്ങള്‍ക്കുള്ളിലെ സാമൂഹ്യ സാഹചര്യങ്ങളും വളരെ വ്യത്യസ്തമായിരുന്നു. അങ്ങനെ, ഭൂമിക്കും അധികാരത്തിനുമായുള്ള യുദ്ധത്തിനും രക്തച്ചൊരിച്ചിലിനുമിടയ്ക്കും പരസ്പരം ഇടപഴകിയും ഇടകലര്‍ന്നും ഇരുമതക്കാരും ജീവിച്ചു. രാജവംശങ്ങള്‍ തമ്മിലുള്ള പോര്‍വിളികളല്ലാതെ ഇന്നുള്ളതുപോലുള്ള വര്‍ഗീയ സംഘട്ടനങ്ങള്‍ അക്കാലത്തുണ്ടായിരുന്നില്ല.

ഡല്‍ഹി രാജവംശം സ്ഥാപിക്കപ്പെട്ട 1200ാം ആണ്ടിന്റെ തുടക്കം മുതല്‍ 18ാം നൂറ്റാണ്ടിന്റെ ആദ്യ പാദം വരെ രാജ്യത്ത് ഒരു വര്‍ഗീയകലാപം പോലും നടന്നതായി ചരിത്രരേഖകളിലില്ല. രേഖപ്പെടുത്തപ്പെട്ട ആദ്യ വര്‍ഗീയ കലാപം നടന്നത് അഹമ്മദാബാദില്‍ 1713-14 കാലഘട്ടത്തിലാണ്. പരസ്പരം ശത്രുതയുണ്ടായിരുന്ന രണ്ട് ആഭരണക്കച്ചവടക്കാര്‍ ഒരു ഹോളി നാളിലാണ് അത് തുടങ്ങിവച്ചത്. കച്ചവടക്കാരില്‍ ഒരാള്‍ ഹിന്ദുവും മറ്റെയാള്‍ മുസല്‍മാനുമായിരുന്നു. ഈ കലാപം രണ്ടു ദിവസത്തിനുള്ളില്‍ നിയന്ത്രണവിധേയമായി. 18ാം നൂറ്റാണ്ടിലുടനീളമായി അഞ്ച് തവണ ഇതുപോലുള്ള സംഭവങ്ങളുണ്ടായിട്ടുണ്ട്. സ്വതന്ത്ര ഇന്ത്യയില്‍ ഒാരോ വര്‍ഷവും അഞ്ഞൂറിനടുത്ത് ചെറുതും വലുതുമായ വര്‍ഗീയ സംഘര്‍ഷങ്ങള്‍ അരങ്ങേറുന്നുണ്ടെന്നോര്‍ക്കണം.

തെളിവുകളില്ല, കണ്ണികളും
രാമജന്മഭൂമി-ബാബരി മസ്ജിദിന്റെ ചരിത്രം പലയാളുകളാല്‍ വിപുലമായി എഴുതപ്പെട്ടതാണ്. മധ്യകാല ഇന്ത്യന്‍ സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ള എന്റെ സ്വന്തം ഗവേഷണാനുഭവങ്ങളാണ് ഇവിടെ സംഗ്രഹിച്ചിരിക്കുന്നത്. പേര്‍ഷ്യന്‍ ഭാഷയില്‍ മസ്ജിദിന്റെ പുറംഭാഗത്തും അകത്തെ ചുവരുകളിലും ആലേഖനം ചെയ്യപ്പെട്ട വരികളില്‍ ബാബരി മസ്ജിദ് എന്നുണ്ടായിരുന്നു. ഇതു തന്നെയാണ് ആ പേര് സംബന്ധിച്ച് ലഭ്യമായിട്ടുള്ള ആദ്യത്തെ നിര്‍ണ്ണായക തെളിവ്. ബാബറിന്റെ ഓര്‍മക്കുറിപ്പുകള്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്ത എ.എസ്. ബെവറിഡ്ജ് ഈ വാക്യങ്ങളെ ശ്രദ്ധിക്കുകയും അവ പൂര്‍ണമായി ഇംഗ്ലീഷിലേക്ക് മൊഴി മാറ്റുകയും ചെയ്തിരുന്നു. അതിലൊരിടത്ത് പോലും ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ഒരു ക്ഷേത്രമുണ്ടായിരുന്നു എന്ന സൂചനയില്ല. അയോധ്യാ പരിസരത്ത് പള്ളി നിര്‍മാണം നടക്കുമ്പോള്‍ കുറച്ചുകാലം ബാബര്‍ അവിടെ താമസിച്ച കാര്യം ഓര്‍മ്മകുറിപ്പുകളിലുണ്ട്. അയോധ്യയില്‍ തങ്ങിയ സമയത്ത് വേട്ടയ്ക്ക് പോയ കാര്യം പോലും ഓര്‍മ്മക്കുറിപ്പില്‍ വിവരിക്കുന്നുണ്ട്. അതിലും ക്ഷേത്രത്തെക്കുറിച്ച് പരാമര്‍ശങ്ങളില്ല.

അബുല്‍ ഫസലിന്റെ ‘ഐന്‍-ഇ-അക്ബരി’യില്‍ അവധ് (അയോധ്യയ്ക്ക് തത്തുല്യം) പ്രദേശത്തെക്കുറിച്ച് വിവരിക്കുന്നത് ശ്രദ്ധിക്കൂ: ‘ഹിന്ദിലെ ഏറ്റവും മഹത്തായ നഗരങ്ങളിലൊന്നാണിത്. നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളില്‍ ആളുകള്‍ മണ്ണില്‍ നിന്ന് സ്വര്‍ണം വേര്‍തിരിച്ചെടുക്കുന്നത് കാണാം. ത്രേതായുഗത്തില്‍ ജീവിച്ചിരുന്ന രാമചന്ദ്രരാജാവിന്റെ അധീനതയിലുള്ള നഗരമായിരുന്നു ഇത്. ആധ്യാത്മികമായ അച്ചടക്കവും രാജാവിന് വേണ്ട നേതൃപാടവവും ഒത്തിണങ്ങിയ വ്യക്തിയായിരുന്നു അദ്ദേഹം’. ഇവിടെയും രാമക്ഷേത്രത്തെക്കുറിച്ച് ഒന്നും പറഞ്ഞിട്ടില്ലെന്ന് ശ്രദ്ധിക്കുക.

ബാബറിന്റെ ഓര്‍മക്കുറിപ്പുകളില്‍ ബാബരിമസ്ജിദിനെക്കുറിച്ചോ അതിനായി ക്ഷേത്രം തകര്‍ത്തതിനെക്കുറിച്ചോ പറയുന്നില്ലെന്ന കാര്യവും പ്രധാനപ്പെട്ടതാണ്. അവസാനത്തെ മുഗള്‍ ഭരണാധികാരിയായ ബഹദൂര്‍ഷാ സഫര്‍ വരെയുള്ള പിന്‍ഗാമികളും ബാബര്‍ ക്ഷേത്രം പൊളിച്ച കാര്യം പറഞ്ഞിട്ടില്ല. ബാബരിന്റെ കാലത്തും അതിന് ശേഷവുമുണ്ടായിരുന്ന ഹിന്ദു, പാര്‍സി ചരിത്രകാരന്‍മാരുടെ രചനകളിലോ ഹിന്ദിയിലെയും പേര്‍ഷ്യയിലെയും കവികളുടെ കൃതികളിലോ ഒരിടത്തും ക്ഷേത്രം പൊളിച്ച് പള്ളി പണിത കാര്യം പറയുന്നില്ല. 17, 18 നൂറ്റാണ്ടുകളില്‍ ഇന്ത്യ സന്ദര്‍ശിച്ച അസംഖ്യം യൂറോപ്യന്‍ സഞ്ചാരികളും ഇക്കാര്യമറിഞ്ഞിട്ടില്ല.
രാമജന്മസ്ഥാനവും ബാബരി മസ്ജിദും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പുറത്ത വരുന്ന ആദ്യത്തെ ആധികാരിക തെളിവ് ഒരു കോടതി രേഖയാണ്. 1822ല്‍ ഫൈസാബാദിലെ കോടതിയില്‍ ഹഫീസുള്ള എന്നയാള്‍ പേര്‍ഷ്യന്‍ ഭാഷയില്‍ സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയാണിത്. അതിങ്ങനെ വായിക്കാം: ‘ബാബര്‍ ചക്രവര്‍ത്തി നിര്‍മിച്ച ജുമാ മസ്ജിദ് ജന്മ ആസ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. ദശരഥ രാജാവിന്റെ മകനായ രാമന്റെ ജന്മസ്ഥലമാണിത്. അതിന്റെ തൊട്ടടുത്തുള്ള പ്രദേശം സീതയുടെ അടുക്കളയാണ്. നേരത്തെ പറഞ്ഞ രാമന്റെ ഭാര്യയാണ് സീത’. രാമജന്മഭൂമിയില്‍ തന്നെയാണ് പള്ളി സ്ഥാപിച്ചിരിക്കുന്നതെന്ന് ഈ രേഖയില്‍ വ്യക്തമാക്കുന്നുണ്ടെങ്കിലും ഇവിടെ മുമ്പൊരു ക്ഷേത്രമുണ്ടായിരുന്നുവെന്നോ അത് തകര്‍ത്തിട്ടാണ് പള്ളി നിര്‍മിച്ചതെന്നോ പറയുന്നില്ല.
19ാം നൂറ്റാണ്ടിന്റെ തുടര്‍ന്നുള്ള പാദം മുഴുവന്‍ അയോധ്യയില്‍ അസ്വാരസ്യങ്ങള്‍ നിലനിന്നിരുന്നു. അവധിലെ നവാബ് വാജിദ് അലി ഷാ ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പല ശ്രമങ്ങള്‍ നടത്തിയെങ്കിലും അതൊന്നും ഫലവത്തായില്ല. 1860 വരെ ഈ പ്രശ്‌നം ഒരു പ്രാദേശിക വിഷയമായി ഒതുങ്ങിനില്‍ക്കുകയായിരുന്നു. 1870ല്‍ ‘ഹിസ്‌റ്റോറിക്കല്‍ സ്‌കെച്ച് ഓഫ് ദി ഫൈസാബാദ് ഡിസ്ട്രിക്റ്റ്’ എന്ന ഗ്രന്ഥം രചിച്ച പി. കാര്‍ണജി ബാബരി മസ്ജിദ് പരിസരത്തെ ക്ഷേത്രത്തെക്കുറിച്ച് പറയുന്നുണ്ട്. ക്ഷേത്രത്തെ സൂചിപ്പിക്കുന്ന കൃഷ്ണശിലാ തൂണുകള്‍ പ്രദേശത്ത് കാണാനായെങ്കിലും അത് ഹിന്ദു ക്ഷേത്രത്തെയാണോ ബുദ്ധ ക്ഷേത്രത്തെയാണോ സൂചിപ്പിക്കുന്നതെന്ന് ഉറപ്പിച്ച് പറയാന്‍ സാധിക്കില്ലെന്നുമാണ് കാര്‍ണജിയുടെ അഭിപ്രായം.

ബാബറിന്റെ ഓര്‍മ്മക്കുറിപ്പുകളായ ‘ബാബനാമ’ തര്‍ജിമ ചെയ്തുതീര്‍ത്തശേഷം ഉപസംഹാരമായി എഴുതിയ ലേഖനത്തില്‍ ബെവറിഡ്ജ് ചില കാര്യങ്ങള്‍ പറയുന്നുണ്ട്. അതില്‍ ചില രസകരമായ നിരീക്ഷണങ്ങളും ഉള്‍പ്പെടുന്നു. അതിലൊരു ഭാഗം ഇങ്ങനെ വായിക്കാം. ”എ.ഡി. 1527-28 കാലത്തില്‍ അവധില്‍ താമസിക്കാനെത്തിയപ്പോഴായിരിക്കാം ബാബറിന്റെ ദൃഷ്ടി പുരാതനമായ ക്ഷേത്രത്തില്‍ പതിയുന്നത്. മുഹമ്മദ് നബിയുടെ വിശ്വസ്തനായ ഏതൊരു അനുയായിയും കരുതുന്നത് പോലെ ആ ക്ഷേത്രം തകര്‍ത്ത് പള്ളി നിര്‍മിക്കേണ്ടത് തന്റെ കടമയായി ബാബര്‍ കരുതിയിരിക്കാം”- ഇവിടെയാണ് ബെവറിഡ്ജിന്റെ കൗശലം പതിയിരിക്കുന്നത്. പളളി തകര്‍ത്ത് ബാബര്‍ ക്ഷേത്രമുണ്ടാക്കിയെന്ന് സ്ഥാപിക്കാന്‍ ഒരു തെളിവുമില്ലെങ്കില്‍ പോലും ബാബര്‍ ഒരു മുസ്ലിം ആയത് കൊണ്ട് അങ്ങനെ ചെയ്യാന്‍ സാധ്യതയുണ്ടെന്ന് ബെവറിഡ്ജ് അനുമാനിക്കുകയാണ്. യാതൊരു അടിസ്ഥാനവുമില്ലാതെ ഇത്തരം അനുമാനങ്ങള്‍ നടത്തുന്നത് ദു:ഖകരമാണെന്ന് പറയാതെ വയ്യ. ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങളെയും ഇഷ്ടപ്പെട്ട സുഖലോലുപനായിരുന്നു ബാബര്‍. പൂന്തോട്ടങ്ങളെയും സംഗീതവും കവിതയും പൂക്കളെയും സ്ത്രീകളെയും മദ്യത്തെയുമൊക്കെ സ്‌നേഹിച്ചയാള്‍. അന്യമതസ്ഥരുടെ ആരാധനാലയങ്ങള്‍ ഇടിച്ചുതകര്‍ക്കുന്ന മതഭ്രാന്തന് ചേരുന്ന സ്വഭാവങ്ങളല്ല ഇതൊന്നും. ഇക്കാര്യം ബെവറിഡ്ജിനും അറിയാത്തതല്ല. 1529ല്‍ ബാബര്‍ ഗ്വാളിയോറിലെ ക്ഷേത്രങ്ങളിലെത്തി അവിടുത്തെ കെട്ടിടനിര്‍മാണസൗന്ദര്യം ആസ്വദിച്ച കാര്യം ‘ബാബര്‍നാമ’യില്‍ ബെവറിഡ്ജ് തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്.

300 വര്‍ഷം മുമ്പ് നടന്ന ഒരു സംഭവത്തെക്കുറിച്ചുള്ള സൂചനകളൊന്നും പ്രത്യക്ഷ തെളിവുകളായി പരിഗണിക്കാനാവില്ലെന്നും അവ സാഹചര്യ തെളിവുകള്‍ മാത്രമാണെന്നും ചരിത്രവിദ്യാര്‍ഥികള്‍ക്കെല്ലാമറിയാം.

ബാബരി മസ്ജിദിനെ രാമജന്മസ്ഥാനുമായി ബന്ധപ്പെടുത്താനുള്ള ജനപ്രിയ സമ്പ്രദായത്തിന്റെ തുടക്കമായി വേണം 1822ലെ ഹഫീസുളളയുടെ ഹര്‍ജിയെ കാണാന്‍. ഓരോ തലമുറ കഴിയുമ്പോഴും ഇത്തരത്തിലുള്ള സാമ്പ്രദായികരീതികള്‍ക്ക് ശക്തി ലഭിക്കുകയും അതിന് തുടക്കമിട്ട വസ്തുതകള്‍ വിസ്മൃതിയിലാവുകയും ചെയ്യും. അങ്ങനെയാണ് ജനങ്ങളുടെ മനോഭാവം മാറിമറിയുന്നതും കെട്ടുകഥകള്‍ യാഥാര്‍ഥ്യമായി മാറുന്നതും. നിര്‍ഭാഗ്യവശാല്‍ ഈ സാധ്യതകളിലേക്കൊന്നും നമ്മുടെ ചരിത്രകാരന്‍മാര്‍ അന്വേഷണം നടത്തുന്നതേയില്ല. പാരമ്പര്യ വിശ്വാസങ്ങളെ തെളിവുകള്‍ക്ക് പകരമായി പരിഗണിക്കാനാവില്ല എന്നതാണ് അവഗണിക്കാനാവാത്ത യാഥാര്‍ഥ്യം.

പ്രതീക്ഷ ഇപ്പോഴും ബാക്കി
ബാബരി ദുരന്തത്തിന്റെ 25ാം വാര്‍ഷികമാചരിക്കുന്ന ഈ വേളയില്‍ തകര്‍ക്കപ്പെട്ടത് 16ാം നൂറ്റാണ്ടില്‍ നിര്‍മിക്കപ്പെട്ട ഒരു പഴഞ്ചന്‍ കെട്ടിടം മാത്രമല്ല എന്ന് നാം തിരിച്ചറിയുകയാണ്. ഇന്ത്യയുടെ പൈതൃകവും ബഹുസ്വരതയുമൊക്കെ തകര്‍ത്തെറിയാനുള്ള ആസൂത്രിത പദ്ധതി ഇതിന് പിന്നിലുണ്ടായിരുന്നു. ഭരണകൂടത്തിന്റെ കരുത്തും കൃത്രിമമായി നിര്‍മിച്ചെടുത്ത ജനസമ്മതിയും ദുരു:പയോഗപ്പെടുത്തി ആ പദ്ധതി ഇപ്പോള്‍ പരസ്യമായി നടപ്പാക്കപ്പെടുകയാണ്. പരസ്പരം ശത്രുതയില്‍ നില്‍ക്കുന്ന മതങ്ങളും തമ്മില്‍ കണ്ടാല്‍ പോരടിക്കുന്ന അനുയായികളെയും സൃഷ്ടിച്ചുകൊണ്ട് ഇന്ത്യന്‍ ജനതയെ നെടുകെ പിളര്‍ത്താനാണ് ഒരു വിഭാഗത്തിന്റെ കൊണ്ടുപിടിച്ച ശ്രമം. പക്ഷേ ഇവിടുത്തെ സര്‍ക്കാരുകളേക്കാളും ഏകപക്ഷീയ രാഷ്ട്രീയ സംഘടനകളേക്കാളും കരുത്തുണ്ട് ഈ നാട്ടിലെ സാമാന്യജനവിഭാഗത്തിന്. അതുകൊണ്ടുതന്നെ പ്രതീക്ഷ ഇപ്പോഴും ബാക്കിയുണ്ട്, പക്ഷേ അതിന് ഏറെക്കാലം നിശ്ശബ്ദതയില്‍ കഴിയാനാവില്ലെന്ന് മാത്രം.

ഹര്‍ബന്‍സ് മുഖ്യ

You must be logged in to post a comment Login