ഖുദ്‌സിന്റെ പടിവാതില്‍ക്കല്‍ കണ്ണീരടങ്ങാതെ

ഖുദ്‌സിന്റെ പടിവാതില്‍ക്കല്‍ കണ്ണീരടങ്ങാതെ

ഓ ജറൂസലം, ആ പേര്‌പോലെ, ചരിത്രവും വര്‍ത്തമാനവും ഇതുപോലെ സന്ധിക്കുന്ന ഒരിടം ഭൂമുഖത്തില്ലെന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്? സഹസ്രാബ്ദങ്ങളുടെ പാരമ്പര്യവും പെരുമയും തെല്ലും മാഞ്ഞുപോകാത്ത മനുഷ്യജന്മങ്ങളോടൊപ്പം ചരിത്രം പുതുക്കിക്കൊണ്ടിരുന്ന പ്രാചീനമായ ഒരു ജനപദമല്ലേ നിന്റെ പേരില്‍ അടയാളപ്പെടുത്തപ്പെട്ടത്!. പ്രവാചകന്മാരുടെയും ദിവ്യപ്രബോധനങ്ങളും പുണ്യവാളന്മാരുടെ ജന്മസാന്നിധ്യവും കൊണ്ട് അനുഗൃഹീതമായ വിശുദ്ധഭൂമി. പരിശുദ്ധ ഖുര്‍ആന്‍ ‘മുഖദ്ദസ്’ എന്ന് വിശേഷിപ്പിച്ച പാപനമായൊരു നാഗരിക ആസ്ഥാനം. രാജാക്കന്മാരും രാജ്ഞിമാരും യോദ്ധാക്കളും വീരശൂരപരാക്രമികളും പോയകാലത്തെ സംഭവബഹുലമാക്കിയ ക്ഷേമൈശ്വര്യങ്ങള്‍ നിറഞ്ഞ മരുഭൂ താഴ്‌വര. യുദ്ധവും സമാധാനവും ഒന്നിടവിട്ടു കയറിയിറങ്ങിയ, ദൈവപ്രോക്ത വേദങ്ങളാല്‍ പ്രകീര്‍ത്തിതമായ വിശ്വമാസകലം വിശ്രുതമായ മഹാനഗരം. ജഗന്നിയന്താവ് ജനതതികളെ പരീക്ഷിക്കുകയും ശിക്ഷിക്കുകയും ചെയ്ത ചരിത്രത്തിന്റെ നേര്‍സാക്ഷ്യമായി അടയാളപ്പെടുത്തിയ ‘മുത്വഹ്ഹറ’ എന്ന് അല്ലാഹു വിശേഷിപ്പിച്ച നാടും പരിസരവും. ഖലീലുല്ലാഹി ഇബ്രാഹീമിന്റെ (അ) മക്കള്‍ കാലപ്രവാഹത്തെ വകവെക്കാതെ ഏകദൈവ വിശ്വാസത്തിന്റെ മഹാപ്രഭാവം ഉയര്‍ത്തിപ്പിടിച്ച അദ്ഭുതങ്ങളുടെ അപൂര്‍വ ഇടം. പ്രവാചകന്മാരായ യഅ്ഖൂബിന്റെയും യൂസുഫിന്റെയും മൂസയുടെയും ദാവൂദിന്റെയും സുലൈമാന്റെയുമൊക്കെ(അ) പാദസ്പര്‍ശമേറ്റ് ഹര്‍ഷപുളകിതമായ മണ്ണ്. പ്രവാചക(സ) ഇസ്‌റാഈന്റെ രാവില്‍ അദ്ഭുതങ്ങള്‍ വിളയിച്ച ഭൂതലം. സംഗമത്തിന്റെയും ഉയര്‍ത്തെഴുന്നേല്‍പിന്റെയും ഭൂമിയെന്ന് മുത്തുറസൂല്‍ പഠിപ്പിച്ചത് ഖുദ്‌സിന്റെ പുണ്യഭൂമിയെ കുറിച്ചായിരുന്നില്ലേ? ഇസ്‌ലാമിന്റെ പ്രഥമ ഖിബ്‌ലയായ ബൈത്തുല്‍ മുഖദ്ദിസ് ഉള്‍കൊള്ളുന്ന ഖുദ്‌സിന്റെ കവാടത്തിലുടെ വിശ്വാസിസഞ്ചയങ്ങളുടെ എത്രയെത്ര സംഘങ്ങളാണ് കടന്നുപോയിരിക്കുന്നത്! ചരിത്രത്തിന്റെ ശപ്തയാമങ്ങളില്‍ അവിശ്വാസത്തിന്റെ കൊടിക്കൂറ നിന്റെ ശിരസ്സില്‍ പാറിപ്പറപ്പിച്ചപ്പോഴെല്ലാം ജീവന്‍ നല്‍കിയും ആ പട്ടണത്തിന്റെ പവിത്രത കാത്തുസൂക്ഷിച്ചു. സലാഹുദ്ദീന്‍ അയ്യൂബിയും നൂറുദ്ദീന്‍ സങ്കിയുമെല്ലാം അതില്‍ ഓര്‍മിക്കപ്പെടുന്ന ചില പേരുകള്‍ മാത്രം. കൈമോശം വന്നപ്പോഴെല്ലാം വിശ്വാസിസമൂഹം പൊരുതിത്തിരിച്ചെടുത്ത നിന്റെ അസ്തിത്വം ഇപ്പോഴിതാ വീണ്ടും നഷ്ടപ്പെട്ടിരിക്കുന്നു. 2017ഡിസംബര്‍ ആറിന് ബുധനാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ജറൂസലമിനെ ഇസ്രയേലിന്റെ ആസ്ഥാനമായി പ്രഖ്യാപിച്ചപ്പോള്‍ ലോകം ഞെട്ടിയത് 160കോടി ഇസ്‌ലാം വിശ്വാസികളോട് ആ മനുഷ്യന്‍ കാട്ടിക്കൂട്ടിയ ക്രൂരതയുടെ ആഴം തൊട്ടറിഞ്ഞാണ്. ധിക്കാരിയായ ഒരു ഭരണകര്‍ത്താവിന്റെ കേവലമൊരു പ്രഖ്യാപനം ലോകഗതി എങ്ങനെ മാറ്റിമറിക്കാന്‍ പോകുന്നുവെന്നതിന്റെ നിദര്‍ശനമാണ് ഭൂമുഖത്താകമാനം കെട്ടഴിഞ്ഞുവീഴുന്ന സംഭവികാസങ്ങള്‍.

സയണിസ്റ്റുകള്‍ ചിരിക്കുന്നു ലോകം കരയുന്നു
ഡിസംബര്‍ 11ന് തിങ്കളാഴ്ച ഈ കുറിപ്പ് തയാറാക്കുമ്പോള്‍ ശാഹിദിന്റെ മുന്നില്‍ പ്രത്യക്ഷപ്പെടുന്ന ചില ആഗോളവാര്‍ത്തശകലകങ്ങള്‍ ട്രംപിന്റെ പ്രഖ്യാപനം സൃഷ്ടിച്ച പ്രകമ്പനങ്ങള്‍ അടയാളപ്പെടുത്തുന്നുണ്ട്. കിഴക്കന്‍ ജറൂസലം കൂടി ഉള്‍കൊള്ളിച്ചുകൊണ്ടുള്ള ഏകോപിത ജറൂസലം തലസ്ഥാനമാക്കാനുള്ള യു.എസ് തെല്‍അവീവ് നീക്കത്തിന് പിന്തുണ തേടി പാരിസില്‍ നിന്ന് യൂറോപ്യന്‍ സന്ദര്‍ശനം ആരംഭിച്ച ഇസ്രയേലി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ മുഖത്തുനോക്കി പറഞ്ഞു; പാരീസ് ഫ്രാന്‍സിന്റെ തലസ്ഥാനമാണെന്നത് പോലെ ജറൂസലം എന്റെ രാജ്യത്തിന്റെ തലസ്ഥാനമാണ്. മൂവായിരം സംവല്‍സരങ്ങളായി ഇസ്രയേലിന്റെ ആസ്ഥാനമാണ് ആ പുണ്യനഗരം. എന്നാല്‍, മാന്യനായ ഫ്രഞ്ച് പ്രസിഡന്റ് ആ അവകാശവാദം അംഗീകരിക്കാന്‍ തയാറായില്ല. ജറൂസലം തര്‍ക്കപ്രദേശമാണെന്നും ഫലസ്തീനികളുടെ വികാരം കൂടി മാനിക്കാതെ മേഖലയില്‍ സമാധാനം പുലരാന്‍ പോകുന്നില്ലെന്നും അദ്ദേഹം തുറന്നടിച്ചു. തന്റെ അതിഥിയോട് മാന്യമായി പറഞ്ഞു; സമാധാനത്തിനു ഒരവസരം കൊടുക്കൂ. പക്ഷേ, സയണിസ്റ്റ് നേതാവിന്റെ മനസിലഞ്ഞില്ല. ട്രംപിന്റെ പ്രഖ്യാപനത്തോടുള്ള ആഗോളസമൂഹത്തിന്റെ എതിര്‍പ്പ് താല്‍ക്കാലികമാണെന്നും എല്ലാറ്റിനുമൊടുവില്‍ അങ്കിള്‍സാമിന്റെ നിലപാട് തന്നെയായിരിക്കും വിജയിക്കാന്‍ പോകുന്നതെന്നും മനസിലാക്കിയാവണം മാക്രോണിനെ വ്യക്തിപരമായി പുകഴ്ത്തി യൂറോപ്യന്‍ യൂണിയന്‍ നേതാക്കളെ വശീകരിക്കുന്നതിന് അദ്ദേഹം ബ്രസ്സല്‍സിലേക്ക് വിമാനം കയറി.

അമേരിക്കയുടെ നടപടിക്കെതിരെ ലോകത്താകമാനം പ്രതിഷേധം പടര്‍ന്നുപിടിക്കുകയാണെന്ന് അല്‍ ജസീറ ചാനല്‍ ഇടക്കിടെ ലീഡ്‌സ്‌റ്റോറികള്‍ അവതരിപ്പിക്കുന്നുണ്ടെങ്കിലും അറബ് ഇസ്‌ലാമിക രാജ്യങ്ങളില്‍നിന്ന് പോലും അതിശക്തമായ രോഷ പ്രകടനം ഇതുവരെ ഉയര്‍ന്നു വന്നിട്ടില്ല. പതിവുപോലെ, ഗസ്സയില്‍ പടിഞ്ഞാറെ കരയിലും ബൈറൂത്തിലും മറ്റും സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം തെരുവില്‍ ഇറങ്ങിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷം മുസ്‌ലിം രാജ്യങ്ങളും നിസ്സംഗതയിലോ ഇതു മുമ്പേ പ്രതീക്ഷിച്ചതാണെന്ന മനോനിലയിലോ ആണ്. ഇന്തോനേഷ്യ, മലേഷ്യ തുടങ്ങിയ മുസ്‌ലിം ഭൂരിപക്ഷ നാടുകളില്‍ തെരുവുകള്‍ പ്രക്ഷുബ്ധമായപ്പോള്‍ ഏറ്റവും കൂടുതല്‍ ഇസ്‌ലാമിക വിശ്വാസികള്‍ ജീവിക്കുന്ന ഇന്ത്യയിലോ പാകിസ്ഥാനിലോ ബംഗ്ലാദേശിലോ വലിയ കോലാഹലങ്ങളൊന്നും കാണാനില്ല. ഇന്ത്യയില്‍ ജമ്മു കശ്മീരില്‍ മാത്രമാണ് വെള്ളിയാഴ്ച ജുമുഅ നമസ്‌കാരാനന്തരം പ്രതിഷേധങ്ങള്‍ നടന്നതും ഒരുദിവസം മുഴുവന്‍ തെരുവുകള്‍ വിജനമാക്കി കടക്കമ്പോളങ്ങള്‍ അടഞ്ഞുകിടന്നതും. രാഷ്ട്രാന്തരീയ സമൂഹത്തെ നോക്കുകുത്തിയാക്കി നിറുത്തി ഡോണാള്‍ഡ് ട്രംപും ബെന്യാമിന്‍ നെതന്യാഹുവും കൂടി നടത്തുന്ന തെമ്മാടിത്തം ചരിത്രത്തിലേക്ക് ആഴ്ന്നിറങ്ങിയ നീതിനിഷേധത്തിന്റെയും കൊടുംവഞ്ചനയുടെയും തുടര്‍ച്ചയാണെന്ന് തിരിച്ചറിയാന്‍ പ്രയാസമില്ല. 1947ല്‍ ഐക്യരാഷ്ട്രസഭയുടെ കാര്‍മികത്വത്തില്‍ ഫലസ്തീനെ വിഭജിച്ച് ഇസ്രയേലിന്റെ പിറവിക്ക് വന്‍ശക്തികള്‍ സൂതികര്‍മിണികളായപ്പോള്‍, ജറൂസലം മൂന്ന് സെമിറ്റിക് മതവിഭാഗങ്ങള്‍ക്കും സുപ്രധാനമാണ് എന്ന് കണക്കിലെടുത്ത അന്താരാഷ്ട്രസമിതിയുടെ കീഴില്‍ നിലനിര്‍ത്തുകയാണുണ്ടായത്. എന്നാല്‍ 48ലെ യുദ്ധത്തില്‍ പടിഞ്ഞാറന്‍ ജറൂസലം ഇസ്രയേല്‍ പിടിച്ചെടുക്കുകയും രാജ്യത്തിന്റെ ഭാഗമായി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ 1967ലെ ആറുദിന യുദ്ധത്തില്‍ ആ കാലയളവില്‍ ജോര്‍ദാന്റെ അധീനതയിലുള്ള കിഴക്കന്‍ ജറൂസലം കൂടി സയണിസ്റ്റ് പട്ടാളം കൈക്കലാക്കി. എല്ലാവിധ രാഷ്ട്രാന്തരീയ നിയമങ്ങളും ഉല്ലംഘിച്ച് നടത്തിയ ആ അധിനിവേശം ഇതുവരെ ഒരു രാജ്യവും അംഗീകരിച്ചിരുന്നില്ല. അമേരിക്കയടക്കമുള്ള രാജ്യങ്ങളുടെ നയതന്ത്രാലയങ്ങള്‍ തൊട്ടടുത്ത് കിടക്കുന്ന വാണിജ്യനഗരമായ തെല്‍അവീവില്‍ ആയിരുന്നു. ജറൂസലമിന്റെമേല്‍ തങ്ങള്‍ക്കാണ് പൂര്‍ണാവകാശം എന്നവകാശപ്പെട്ട് 1980ല്‍ ഇസ്രായേലി പാര്‍ലമെന്റ് ‘ജറൂസലം നിയമം’ പാസ്സാക്കി. ജറൂസലം മുഴുവന്‍ ഇസ്രായേലിന്റെ തലസ്ഥാനമാണ് എന്ന തരത്തിലായിരുന്നു ആ നിയമം. എന്നല്‍, ഈ നീക്കത്തെ അംഗീകരിക്കാത്ത ലോകസമൂഹം, യു.എന്‍ രക്ഷാസമിതിയില്‍ ഇസ്രായേലിന്റെ ഈ നിയമം അസാധുവും നിയമപ്രാബല്യമില്ലാത്തതുമാണെന്ന് (ചൗഹഹ മിറ ഢീശറ) 478ാം പ്രമേയത്തിലൂടെ പാസ്സാക്കി. അധിനിവേശശക്തികള്‍ക്ക് കീഴടക്കിയ ഭൂമിയുടെമേല്‍ പരമാധികാരമുണ്ടാവില്ല എന്ന രാഷ്ട്രാന്തരീയ നിയമത്തിന്റെ പുറത്തായിരുന്നു ഈ പ്രമേയം. ഇതുവരെയായി അമേരിക്കയും റഷ്യയും മാത്രമാണ് ജറൂസലമിനെ ഇസ്രായേലിന്റെ തലസ്ഥാനമായി അംഗീകരിച്ചത്. റഷ്യ പടിഞ്ഞാറെ ജറൂസലമിനെ ജൂതരാഷ്ട്രത്തിന്റെ ആസ്ഥാനമായും കിഴക്കന്‍ ജറൂസലമിനെ ഭാവി ഫലസ്തീന്‍ രാഷ്ട്രത്തിന്റെ തലസ്ഥാനമായും അംഗീകരിച്ചു. ഡോണാള്‍ഡ് ട്രംപിന് ഇപ്പോള്‍ ലോകത്തെ ഞെട്ടിച്ച പ്രഖ്യാപനം നടത്താന്‍ പഴുത് ഒരുക്കിക്കൊടുത്തത് 1995ല്‍ യു.എസ് കോണ്‍ഗ്രസ് പാസ്സാക്കിയ ‘ജറൂസലം എംബസ്സി ആക്ട്’ ആണ്. 1999 മേയ് 31ന് മുമ്പ് തെല്‍അവീവില്‍നിന്ന് യു.എസ് നയതന്ത്രാലയം ജറൂസലമിലേക്ക് മാറ്റുമെന്ന് പ്രഖ്യാപനമായിരുന്നു അത്. ട്രംപിന്റെ മുന്‍ഗാമികളെല്ലാം നിക്‌സണും ജോര്‍ജ് ഡബ്യൂ. ബുഷും ബറാക് ഒബായുമെല്ലാം, ആറാറ് മാസം കൂടുമ്പോള്‍ എംബസി മാറ്റുന്നത് നീട്ടിവെച്ചുകൊണ്ട് ഉത്തരവ് ഇറക്കുകയായിരുന്നു പതിവ്. എന്നാല്‍, തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ താന്‍ വൈറ്റ് ഹൗസിലെത്തിയാല്‍ ഐക്യജറൂസലമായിരിക്കും ഇസ്രായേലിന്റെ ആസ്ഥാനം എന്ന പ്രഖ്യാപനം വാഗ്ദാനത്തിലൊതുങ്ങുമെന്നാണ് ലോകം കണക്കുകൂട്ടിയത്. അത്തരം കണക്കുകൂട്ടലുകളെല്ലാം തെറ്റിച്ചാണ് ട്രംപ് അമേരിക്ക ഇതുവരെ തുടര്‍ന്നു പോന്ന വിദേശനയത്തില്‍നിന്ന് വ്യതിചലിക്കാന്‍ മുതിര്‍ന്നത്.

ഖുദ്‌സിന്റെ ചരിത്രവേരുകള്‍
ജറൂസലം മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ജൂതന്മാര്‍ക്കും വിശ്വാസവുമായി ബന്ധപ്പെട്ട ഇടമാകുന്നത് പുണ്യഗേഹങ്ങള്‍ ഉള്‍കൊള്ളുന്ന ‘പുരാതന നഗരം (ഓള്‍ഡ് സിറ്റി) കേന്ദ്രീകരിച്ചാണ്. ടെമ്പിള്‍ മൗണ്ട് എന്ന് വിളിക്കുന്ന കോമ്പൗണ്ട് യഹൂദര്‍ പാവനമായി കരുതുന്നത് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പ് ദാവൂദ് നബി പണികഴിപ്പിച്ചതായി പറയപ്പെടുന്ന ജൂതദേവാലയത്തിന്റെ അവശിഷ്ടങ്ങള്‍ സ്ഥിതി ചെയ്യുന്നത് അവിടെയാണെന്ന ഐതിഹ്യത്തിന് പുറത്താണ്. യഅ്ഖൂബ് നബിയോ സന്തതികളോ ഒരു തലമുറ പോലും ഫലസ്തീനില്‍ താമസമുറപ്പിച്ചിട്ടില്ല എന്നിരിക്കെ ഫലസ്തീന്‍ തങ്ങളുടെ പിതൃഭൂമിയാണെന്നും ജറൂസലമിലെ പള്ളി സഹസ്രാബ്ദങ്ങളായി അവിടെ നിലകൊള്ളുന്നതാണെന്നും വാദിക്കുന്നിടത്തുനിന്ന് തുടങ്ങുന്നു സയണിസ്റ്റുകളുടെ ‘വാഗ്ദത്ത ഭൂമി’യെ കുറിച്ചുള്ള പൊള്ളത്തരങ്ങള്‍. ഫലസ്തീനില്‍ പ്രവേശിക്കാന്‍ അല്ലാഹു കല്‍പിച്ച ജൂതജനത കാട്ടിക്കൂട്ടിയ ധിക്കാരത്തെ കുറിച്ചും നന്ദികേടിനെ കുറിച്ചും വിശുദ്ധ ഖുര്‍ആന്‍ തന്നെ സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. പട്ടണത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ‘ഹിത്ത്വതൂന്‍’ (ഞങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരേണമേ) എന്ന് മൊഴിയണമെന്ന് ആജ്ഞാപിച്ചെങ്കിലും ‘ഹിന്‍ത്വതൂന്‍'( ഞങ്ങളുടെ ശക്തികൊണ്ട് വിജയം നേടി ) എന്നു പറഞ്ഞ് ദൈവധിക്കാരം കാട്ടിയ ജനതയെ കുറിച്ച് അല്‍ബഖറ സൂറത്തില്‍ പരാമര്‍ശിക്കുന്നത് ഇങ്ങനെ: ”അവരുടെ സത്യനിഷേധം മൂലം പശുഭക്തി അവരുടെ ഹൃദയങ്ങളില്‍ അള്ളിപ്പിടിച്ചിരിക്കുന്നു.” ഫലസ്തീനില്‍ ഇസ്രയേല്യരുടെ ആദ്യ ഭരണകൂടം സ്ഥാപിതമാകുന്നത് ക്രിസ്തുവിന് മുമ്പ് 995ാം വര്‍ഷത്തിലാണെന്നാണ് ചരിത്രകാരന്മാര്‍ നല്‍കുന്ന വിവരം. അതേസമയം ഫലസ്തീനില്‍ ആദ്യമായി കുടിയേറിപ്പാര്‍ക്കുന്നതും ഭരണം നടത്തുന്നതും കനാനികളും യബീസുകളുമാണെന്നും ചരിത്രത്തില്‍ കാണാം. യഹൂദര്‍ പ്രദേശത്തേക്ക് വരുന്നതിന് 1200വര്‍ഷം മുമ്പേ ഇവര്‍ ഇവിടുത്തെ താമസക്കാരായിരുന്നുവെന്ന് ചുരുക്കം. ആ കാലഘട്ടത്തിലെ ഭരണകര്‍ത്താക്കളെല്ലാം ഫലസ്തീനിലെത്തുകയും ജറൂസലം അടക്കമുള്ള നഗരങ്ങളുടെമേല്‍ ആധിപത്യം സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. ബാബിലോണിയന്‍ ചക്രവര്‍ത്തി നബൂദ് നസ്ര്‍, പേര്‍ഷ്യന്‍ ചക്രവര്‍ത്തി സൈറസ് രണ്ടാമന്‍, അലക്‌സാണ്ടര്‍ ചക്രവര്‍ത്തി, ഈജിപ്തിലെ രാജ്ഞി ക്ലിയോപാട്ര തുടങ്ങി ആ കാലഘട്ടത്തിലെ വന്‍ശക്തികളെല്ലാം ഫലസ്തീന്‍ ആക്രമിക്കുകയോ ദേവാലയങ്ങള്‍ തകര്‍ക്കുകയോ പുതുക്കിപ്പണിയുകയോ ചെയ്തിട്ടുണ്ട്. രണ്ടാം ഖലീഫ ഉമര്‍ബിനു ഖത്താബിന്റെ കാലഘട്ടത്തിലാണ് ഖുദ്‌സ് ഇസ്‌ലാമിക സാമ്രാജ്യത്തിന്റെ ഭാഗമാവുന്നത്. ഇസ്‌ലാമിന്റെ ആദ്യഖിബ്‌ല എന്ന നിലക്ക് ബൈത്തുല്‍ മുഖദ്ദിസിനെ നേരത്തെതന്നെ ഇസ്‌ലാം വിശ്വാസികള്‍ നെഞ്ചിലേറ്റുന്നുണ്ടായിരുന്നു. മസ്ജിദുല്‍ ഹറാമാണ് ലോകത്തിലെ ആദ്യത്തെ പള്ളിയെങ്കില്‍ മസ്ജിദുല്‍ അഖ്‌സ രണ്ടാമത്തേതാണ്. രണ്ടു ആരാധനാലയങ്ങള്‍ തമ്മിലുള്ള കാലാന്തരം കേവലം നാല്‍പത് വര്‍ഷമാണെന്ന് പ്രവാചകന്‍ സൂചിപ്പിച്ചതായി ഹദീസുണ്ട്.

ഇസ്‌ലാമിന്റെ ആവിര്‍ഭാവത്തിനു ശേഷം ഫലസ്തീനും ജറൂസലമും എന്നും ഇസ്‌ലാമിക റിപ്പബ്ലിക്കിന്റെ ഭാഗമായിരുന്നു. കുരിശുയുദ്ധാന്തരം ചെറിയൊരു ഇടവേളയിലാണ് ഖുദ്‌സിന്റെമേലുള്ള ആധിപത്യം മുസ്‌ലിംകള്‍ക്ക് നഷ്ടപ്പെടുന്നത്. 11ാം നൂറ്റാണ്ടില്‍ കത്തോലിക്ക ബാവ ഗ്രിഗറി ഏഴാമന്റെ കാലത്താണ് ഇസ്‌ലാമിന്റെ വ്യാപനത്തിനെതിരെ ക്രൈസ്തവ യൂറോപ്പിനെ ഏകോപിപ്പിക്കാന്‍ ശ്രമങ്ങളാരംഭിക്കുന്നത്. മുസ്‌ലിം സ്‌പെയിയിന്റെ ശിഥിലീകരണവും ടൊളിഡോയുടെ പതനവും ക്രൈസ്തവ അധിനിവേശത്തിനു ആക്കം പകര്‍ന്നു. അങ്ങനെയാണ് പോപ്പ് അര്‍ബന്‍ രണ്ടാമന്റെ നേതൃത്വത്തില്‍ ബൈത്തുല്‍ മുഖദ്ദിസ് പിടിച്ചെടുക്കാനുള്ള പടയോട്ടങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. അന്ന് ഈജിപ്ത് ഭരിച്ചിരുന്ന ഫാത്തിമികള്‍ ഖുദ്‌സ് സംരക്ഷിക്കുന്നതിനു പകരം തങ്ങളുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ മുന്‍നിറുത്തി സിറിയയില്‍ (ബിലാദുശ്ശാം) ക്രിസ്ത്യാനികളുമായി ധാരണയിലെത്തി. ഖുദ്‌സ് ക്രിസ്ത്യാനികളുടെ നിയന്ത്രണത്തില്‍ വന്നു. ബൈത്തുല്‍ മുഖദ്ദിസില്‍ കടന്ന ക്രിസ്ത്യന്‍ സൈന്യം പതിനായിരക്കണക്കിന് വിശ്വാസികളെ അറുകൊല ചെയ്തു. പള്ളിക്കകത്ത് മുട്ടോളം രക്തമായിരുന്നു. സംഭവത്തിന് ദൃക്‌സാക്ഷിയായി റയ്‌മോണ്‍ പാതിരി നാട്ടില്‍ ചെന്ന് നിഷ്ഠൂരത വിവരിച്ചത് ഇങ്ങനെ: ”വളരെ ക്ലേശിച്ചുകൊണ്ടല്ലാതെ ശവങ്ങള്‍ക്കിടയിലൂടെ കടന്നുപോകാന്‍ എനിക്കു കഴിഞ്ഞില്ല. രക്തം മുട്ടോളം എത്തിയിരുന്നു. ഈ മഹാദുരന്തിനു ശേഷമാണ് തുര്‍ക്കിയില്‍നിന്നെത്തിയ സെല്‍ജുക്കുകള്‍ സുന്നി ആവേശം ജ്വലിപ്പിച്ച് ഖുദ്‌സ് തിരിച്ചുപിടിക്കാന്‍ വന്‍പടയോട്ടങ്ങള്‍ക്ക് തുടക്കമിടുന്നതും സലാഹുദ്ദീന്‍ അയ്യൂബിയും നൂറുദ്ദീന്‍ സങ്കിയുമെല്ലാം ചരിത്രത്തിലേക്ക് കടന്നുവരുന്നതും. ഉസ്മാനിയ്യ ഖിലാഫത്തിന്റെ നാലഞ്ചുനൂറ്റാണ്ട് ഖുദ്‌സിന്റെ ആധിപത്യത്തിനു കോട്ടം തട്ടിയില്ല. ഒന്നാം ലോക യുദ്ധവും 1916മേയ് 16ന് ഒപ്പിട്ട കുപ്രസിദ്ധമായ സൈക്‌സ്പികോ കരാര്‍(ട്യസല െജശരീ േഅഴൃലലാലി)േ കരാറുമാണ് പശ്ചിമേഷ്യയുടെ ഭൂപടം മാറ്റിവരക്കുന്നതും ആധുനിക ഫലസ്തീന്റെ ഭാവിക്കുമേല്‍ ഇന്നീ കാണുന്ന കൊടുംവഞ്ചനയുടെ കരിമ്പടം പുതപ്പിക്കുന്നതും. ഈ കരാറനുസരിച്ച് അറബ് ഇസ്‌ലാമിക ലോകം ബ്രിട്ടനും ഫ്രാന്‍സും റഷ്യയും തമ്മില്‍ ഓഹരി വെച്ചെടുത്തപ്പോള്‍ ഫലസ്തീന്റെ ഭാവി പിന്നീട് തീരുമാനിക്കുമെന്നും അതുവരെ രാഷ്ട്രാന്തരീയ ഭരണത്തിന്റെ കീഴില്‍ (ശിലേൃിമശേീിമഹ മറാശിശേെൃമശേീി) ബ്രിട്ടന്റെയും ഫ്രാന്‍സിന്‍െയും റഷ്യയുടെയും പൊതുഅധീനതയിലായിരിക്കുമെന്നും വ്യവസ്ഥ വെച്ചു. വൈകാതെ തന്നെ, ബ്രിട്ടന്റെ മാത്രം മേല്‍ക്കോയ്മയിലേക്ക് (ബ്രിട്ടീഷ് പ്രൊട്ടക്റ്ററേറ്റ്) ഫലസ്തീനെ കൊണ്ടുവരുവാനുള്ള രഹസ്യനീക്കങ്ങള്‍ അണിയറയില്‍ അരങ്ങേറി. 1917 ഡിസംബര്‍ 11നു ബ്രിട്ടീഷ് സൈന്യം ജറൂസലമിലേക്ക് പ്രവേശിക്കുകയാണ്. മസ്ജിദുല്‍ അഖ്‌സയുടെയും മറ്റു പുണ്യകേന്ദ്രങ്ങളുടെയും സംരക്ഷണം ഉറപ്പാക്കുന്നതിനു തങ്ങള്‍ സൈനികമായി പിന്മാറുകയാണെന്ന് ഉസ്മാനിയ്യ ഭരണകൂടം അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്ന് ബ്രിട്ടീഷ് ജനറല്‍ എഡ്മണ്ട് അല്ലെന്‍ ബെ (ഋറാൗിറ അഹഹലിയ്യ) പ്രഖ്യാപിച്ചു. അല്ലെന്‍ബെ ജറൂസലമില്‍ പ്രവേശിച്ച ഉടന്‍ വിളംബരം ചെയ്തു; കുരിശുയുദ്ധം വിജയപ്രദമായ പരിസമാപ്തി കണ്ടിരിക്കുന്നു.

ജറൂസലമിലെ രണ്ടാം തരം പൗരന്മാര്‍
പിന്നീട് നടന്നതെല്ലാം ആധുനിക ഫലസ്തീന്റെ കണ്ണീരില്‍ കുതിര്‍ന്ന ചരിത്രത്തിന്റെ ഭാഗം. ഇന്ന് ജറൂസലമിലെ അറബ് മുസ്‌ലിം വംശജര്‍ രണ്ടാം കിട പൗരന്മാരാണ്. അവിടെ ജീവിക്കുന്ന 420,000ഫലസ്തീനികള്‍ക്ക് ‘സ്ഥിരതാമസ തിരിച്ചറിയല്‍ കാര്‍ഡുകള്‍’ (ജലൃാമിലി േൃലശെറലിര്യ കഉ രമൃറ)െ മാത്രമേയുള്ളൂ. നമ്പറില്ലാത്ത താല്‍ക്കാലിക ജോര്‍ദാന്‍ പാസ്‌പോര്‍ട്ടും. പിറന്ന മണ്ണില്‍ രാജ്യമില്ലാത്ത ഹതാശയരായി കഴിയുകയാണെന്ന് ചുരുക്കം. ഇവര്‍ ഇസ്രയേലി പൗരന്മാരല്ല. ജോര്‍ദാന്റെയോ ഫലസ്തീന്റെയോ പൗരത്വവും ഇവര്‍ക്ക് അവകാശപ്പെടാനാവില്ല. വിദേശ കുടിയേറ്റക്കാരായാണ് സയണിസ്റ്റ് രാജ്യം ഇവരെ കാണുന്നത്. പിറന്നമണ്ണില്‍നിന്ന് പൗരത്വത്തിന്റെ സകല സ്വത്വങ്ങളും അടര്‍ത്തിമാറ്റപ്പെട്ട നിര്‍ഭാഗ്യവാന്മാര്‍. കടുത്ത നിയന്ത്രണത്തിലാണ് ഇവരുടെ ജീവിതം. ഏത് സമയവും ജറൂസലമില്‍നിന്ന് പുറന്തള്ളപ്പെടാന്‍ സാധ്യതയുള്ള ഒരുവിഭാഗം. ജറൂസലമിനു പുറത്ത്, പടിഞ്ഞാറെ കരയിലായാലും ശരി, കുറച്ചുനാള്‍ ജീവിച്ചുപോയാല്‍ , പിന്നെ താമസാവകാശം പോലും സ്വയം ഇല്ലാതാവുമെന്നാണ് നിയമവ്യവസ്ഥ. ഏതെങ്കിലും രാജ്യത്ത് പൗരത്വം നേടിയെടുക്കുന്നതോടെ ജറൂസലമില്‍ ജീവിക്കാനുള്ള അവകാശം നഷ്ടപ്പെടുകയാണ്. അതേസമയം, ലോകത്തിന്റെ ഏത് ഭാഗത്തുജീവിക്കുന്ന ജൂതന്മാര്‍ക്കും യഥേഷ്ടം തിരിച്ചുവന്നു ഇസ്രായേലില്‍, (അധിവിഷ്ട പ്രദേശത്തടക്കം) പൗരത്വമെടുക്കാം എന്നാണ് ‘തിരിച്ചുവരവിന്റെ നിയമം’ (ഘമം ീള ഞലൗേൃി) വാഗ്ദാനം ചെയ്യുന്നത്. 1967നു ശേഷം ചുരുങ്ങിയത് , 14,000 ഫലസ്തീനികളുടെ താമസപദവി പോലും ഇസ്രയേല്‍ എടുത്തുകളഞ്ഞിട്ടുണ്ട്. സദാനേരവും പൊലീസിന്റെയും രഹസ്യചാരന്മാരുടെയും കണ്‍വെട്ടത്ത് സകലമാന അവഹേളനങ്ങളം സഹിച്ചുള്ള ഫലസ്തീനികളുടെ ജീവിതം നരകതുല്യമാണെന്ന് പറയേണ്ടതില്ല. ദൈനംദിന ജീവിതത്തില്‍ ഓരോ ആവശ്യത്തിനും ഇറങ്ങിപ്പുറപ്പെടുമ്പോള്‍ വീടിന്റെ അടിയാധാരം വരെ ഹാജരാക്കേണ്ട ദുര്‍ഗതി. ബൈത്തുല്‍ മുഖദ്ദിസില്‍ ചെന്ന് പ്രാര്‍ഥിക്കാന്‍ സുരക്ഷാപരിശോധനയുടെ എണ്ണമറ്റ കടമ്പകള്‍ തരണം ചെയ്യേണ്ടതുണ്ട്. തൊട്ടടുത്ത വെസ്റ്റ് ബാങ്കിലെ വിശ്വാസികളെ പ്രാര്‍ഥനക്കായി പോലും ഖുദ്‌സിലേക്ക് കടത്താതിരിക്കാനാണ് ഏതുസമയവും കര്‍ക്കശ പരിശോധന നടത്തുന്നത്. പ്രായമുള്ളവരെ മാത്രമേ കവാടത്തിനിപ്പുറത്തേക്ക് പ്രവേശിപ്പിക്കൂ. അതേസമയം, പള്ളിക്കകത്ത് പോലും സദാ സംഘര്‍ഷാവസ്ഥയാണ്. ക്ഷമയുടെ നെല്ലിപ്പടി കാണുമ്പോഴാണ് ഇന്‍തിഫാദയുടെ രോഷാഗ്‌നി ആളിക്കത്തുന്നതും മേഖലയാകെ പ്രക്ഷുബ്ധതയിലേക്ക് തള്ളിവിടുന്നതും.

ഫലസ്തീന്‍ പ്രശ്‌നം വീണ്ടും ആഗോളസമൂഹത്തിനു മുന്നിലേക്കു തിരിച്ചുവരുമ്പോള്‍ ഓരോ രാജ്യത്തിന്റെയും ഭരണാധികാരിയുടെയും നിലപാട് നിഷ്‌ക്രിഷ്ടമായി പരിശോധിക്കപ്പെടുന്നത് ഏഴുപതിറ്റാണ്ടായി ലോകത്തിന്റെ ഉറക്കംകെടുത്ത ഒരു വിഷയത്തില്‍ തത്ത്വാധിഷ്ഠിതവും ധാര്‍മികചിന്തയില്‍ അധിഷ്ഠിതവുമായ സമീപനമാണോ സ്വീകരിക്കുന്നത് എന്ന് ഉരച്ചനോക്കിയിട്ടാണ്. യൂറോപ്യന്‍ രാജ്യങ്ങള്‍ ഇതുവരെ ട്രംപിന്റെ നീക്കത്തെ പിന്തുണച്ചിട്ടില്ല. ഇസ്രയേല്‍, ഫലസ്തീന്‍ എന്ന ദ്വിരാഷ്ട്ര ഫോര്‍മുല മുന്നോട്ടുവെക്കുന്ന ഒരു ശക്തിയും യു.എസ് പ്രസിഡന്റിന്‍െ പുതിയ നീക്കത്തെ അനുകൂലിക്കുന്നില്ല. റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിന്‍ പുട്ടിന്‍ തിങ്കളാഴ്ച തുര്‍ക്കി പ്രസിഡനറ് റജബ് ത്വയ്യിബ് ഉര്‍ദുഗാനോടൊപ്പം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ , തറപ്പിച്ചുപറഞ്ഞിട്ടുണ്ട് ട്രംപിന്റെ നീക്കം മേഖലയില്‍ സമാധാനം സ്ഥാപിക്കാന്‍ വിഘാതം സൃഷ്ടിക്കുമെന്ന്. ഉര്‍ദുഗാനാവട്ടെ, ബുധനാഴ്ച അങ്കാറയില്‍ ചേരുന്ന ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓര്‍ഡിനേഷന്‍(ഒ.ഐ.സി) ഉച്ചകോടി ഈ വിഷയത്തില്‍ നിര്‍ണായകമായിരിക്കുമെന്ന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. എന്നും സയണിസ്റ്റുകള്‍ക്ക് പേടി സ്വപ്‌നമായി നില്‍ക്കുന്ന ഹിസ്ബുല്ല നേതാവ് ഹസ്സന്‍ നസ്‌റുല്ല ഇസ്രയേലികളെ ഫലപ്രദമായി നേരിടാനുള്ള തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാന്‍ മേഖലയിലെ സമാനചിന്തയുള്ളവരെ മാടിവിളിക്കുന്നുണ്ട്. ബെയ്‌റൂത്തിന്റെ തെരുവുകളില്‍ രോഷം ആളിക്കത്തുന്നുണ്ട്.
ഇന്ത്യ ഇപ്പോഴത്തെ സംഭവിവികാസങ്ങളില്‍ തുടരുന്ന മൗനം ലോകമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്തു തുടങ്ങിയിട്ടുണ്ട്. ഇസ്രയേലിന്റെ ഉറ്റതോഴനായ പ്രധാനമന്ത്രി നരേന്ദ്രമോഡിയില്‍നിന്ന് ഫലസ്തീന് അനുകൂലമായതൊന്നും പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ സുചിന്തമായ അഭിപ്രായം. ഇസ്‌ലാമോ ഫോബിയ കൊണ്ടുനടക്കുന്ന ബെന്യാമിന്‍ നെതന്യാഹുവും നരേന്ദ്ര മോഡിയും ഒരേ തൂവല്‍ പക്ഷികളാണ്.

കണ്ണീരടക്കാനാവാതെ
അവസാനമായി അറിയാനുള്ളത് മുസ്‌ലിം ഹൃദയം തൊട്ടറിഞ്ഞ അറബ് ഇസ്‌ലാമിക ലോകം എങ്ങനെ പ്രതികരിക്കുന്നുവെന്നതാണ്. ഈ വിഷയത്തില്‍ അറബ് ഭരണകര്‍ത്താക്കളില്‍നിന്ന് പുറമേക്ക് കേള്‍ക്കുന്ന വാക്കുകളെ പൂര്‍ണമായി വിശ്വസിക്കാന്‍ സാധ്യമല്ല. യു.എസ് നയതന്ത്രാലയം ജറൂസലമിലേക്ക് മാറ്റി ജൂതരാഷ്ട്രത്തിനു ആ പുണ്യപുരാതന നഗരത്തിന്മേല്‍ ആധിപത്യം ഉറപ്പിച്ചു നല്‍കാനുള്ള ഡോണാള്‍ഡ് ട്രംപിന്റെ നീക്കത്തിനു പിന്നില്‍ പോലും ‘ഇസ്‌ലാമിന്റെ കരങ്ങള്‍’ പ്രവര്‍ത്തിച്ചിട്ടുണ്ടോ? ഇല്ല എന്ന് തറപ്പിച്ചുപറയാന്‍ സാധ്യമല്ല. കാരണം, ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് വിശ്വസിക്കാമെങ്കില്‍ ട്രംപിന്റെ മരുമകന്‍ കുഷ്‌നറും സുഊദി രാജാവ് സല്‍മാന്റെ പുത്രന്‍ അമീര്‍ മുഹമ്മദ് സല്‍മാനും തമ്മില്‍ ഉറക്കമൊളിച്ചിരുന്നു രൂപപ്പെടുത്തിയ പദ്ധതിയാണത്രെ ഇത്. സല്‍മാന്‍ രാജാവ് പുറമേക്ക് പരിദേവനം കൊള്ളുന്നുണ്ടെങ്കിലും ഈജിപ്തും ജോര്‍ദാനുമൊക്കെ ഈ കള്ളക്കളിയില്‍ പങ്കാളികളായ്കൂടായകയില്ല. എന്തിരുന്നാലും, വിശ്വാസിസമൂഹത്തിന്റെ ഹൃദയം നൊമ്പരപ്പാടിലാണ്. ബൈത്തുല്‍ മുഖദ്ദിസ് തങ്ങള്‍ക്ക് നഷ്ടപ്പെടുന്നത് അവര്‍ക്ക് ഓര്‍ക്കാന്‍ പോലും സാധ്യമല്ല. ഖുദ്‌സിന്റെ ഉമ്മറപ്പടിക്കല്‍ ഇരുന്ന് ചരിത്രവും വര്‍ത്തമാനവും മനസ്സിലേറ്റി അശ്രു പൊഴിക്കാതിരിക്കാന്‍ ശാഹിദിനും കഴിയില്ല.

ശാഹിദ്‌

You must be logged in to post a comment Login