കോണ്‍ഗ്രസിലെ സോണിയക്കാലം

കോണ്‍ഗ്രസിലെ സോണിയക്കാലം

ജവഹര്‍ലാല്‍ നെഹ്റുവിന്റെ അച്ഛന്‍ മോത്തിലാല്‍ നെഹ്റു കോണ്‍ഗ്രസ് അധ്യക്ഷനായതിന്റെ നൂറാം വാര്‍ഷികത്തിന് രണ്ട് കൊല്ലം മാത്രം ശേഷിക്കെയാണ് രാഹുല്‍ ഗാന്ധി ആ പദവി ഏറ്റെടുക്കുന്നത്. 1919ലാണ് മോത്തിലാല്‍ കോണ്‍ഗ്രസ് അധ്യക്ഷനായത്. അവിടെ നിന്ന് രാഹുലിലേക്ക് എത്തുമ്പോള്‍ ആ കുടുംബത്തില്‍നിന്ന് ആറു പേര്‍ ഇന്ത്യയിലെ ഏറ്റവും വലിയ ജനകീയ പിന്തുണയുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ നേതൃനിരയിലെത്തി. കഴിഞ്ഞ ഒരു നൂറ്റാണ്ട് ഇന്ത്യന്‍ രാഷ്ട്രീയവും രാജ്യത്തിന്റെ ഭാഗധേയവും ചലിപ്പിച്ച ഏറ്റവും സുപ്രധാന കണ്ണിയാണ് നെഹ്റുകുടുംബം-അതിന് വ്യാഖ്യാനങ്ങളേറെയുണ്ടെങ്കിലും. ആ കണ്ണിയില്‍ മറ്റെല്ലാവരില്‍നിന്നും വ്യത്യസ്തയാകുന്നു സോണിയ ഗാന്ധി.

തനിസാധാരണക്കാരായ ഭൂരിപക്ഷത്തെയും ധനാഢ്യ-ബൗദ്ധിക ന്യൂനപക്ഷത്തെയും ഏതെങ്കിലും രീതിയില്‍ ആകര്‍ഷിക്കാനുള്ള അസാധാരണ വ്യക്തിപ്രഭാവം സോണിയയിലുണ്ടായിട്ടില്ല. ഇന്ത്യയിലെ ബഹൂഭൂരിപക്ഷം പേര്‍ സംസാരിക്കുന്ന ഹിന്ദി ഇപ്പോഴും നന്നായി വഴങ്ങിയിട്ടില്ല. നല്ലൊരു വാഗ്ധോരണി, ഇറ്റാലിയന്‍ ചുവയുള്ള ആ ഇംഗ്ലീഷ് ശൈലിയില്‍നിന്നുമുണ്ടായിട്ടില്ല. മഹാത്മാഗാന്ധി പറഞ്ഞുപ്രവര്‍ത്തിച്ചതുപോലെ ഇന്ത്യന്‍ ഗ്രാമങ്ങളുടെ ആത്മാവറിഞ്ഞിട്ടില്ല. നെഹ്റു ഇന്ത്യയെ കണ്ടെത്തിയതുപോലെ വൈവിധ്യങ്ങളുടെ ആഴങ്ങളിലേക്കിറങ്ങിയിട്ടില്ല. ഇച്ഛാശക്തിയിലൂടെ അണികള്‍ക്ക് പ്രിയദര്‍ശിനിയായ ഇന്ദിരാഗാന്ധി പ്രകടിപ്പിച്ച രാഷ്ട്രീയ ഔന്നത്യത്തിന്റെ ലാഞ്ചന ഒരിക്കലും കാണിച്ചിട്ടില്ല. രാജീവ്ഗാന്ധിയുടെ യുവത്വം പ്രദാനം ചെയ്ത ശോഭനഭാവി സങ്കല്പങ്ങള്‍ സോണിയയെ ചുറ്റിപ്പറ്റി ഉണ്ടായിട്ടില്ല. അങ്ങനെ ഊതിവീര്‍പ്പിക്കാന്‍ പാടുപെട്ട തന്ത്രജ്ഞരായ ഉപജാപകവൃന്ദവും അവര്‍ക്കു ചുറ്റുമുണ്ടായിട്ടില്ല. രാജ്യത്തെ ഭൂരിപക്ഷ മതമായ ഹിന്ദുവിനെയോ അതിലെ ബ്രാഹ്മണിക് മേധാവിത്വത്തെയോ അവര്‍ ഒരിക്കലും പ്രതിനിധാനം ചെയ്തില്ല. ജാതീയവും സാംസ്‌കാരികവും ഭൂമിശാസ്ത്രപരവുമായ വൈവിധ്യങ്ങളിലൂടെ സങ്കീര്‍ണമായ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ വലക്കണ്ണികളെ ശ്രദ്ധാപൂര്‍വം നെയ്തെടുക്കാവുന്ന വൈഭവം പ്രകടിപ്പിച്ചിട്ടുമില്ല. എന്നിട്ടും സോണിയ ഗാന്ധി 20 കൊല്ലം പാര്‍ട്ടിയെ നയിച്ചു. സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും മറ്റൊരു കോണ്‍ഗ്രസ് നേതാവും ഇത്ര നീണ്ട കാലയളവ് ആ സ്ഥാനത്ത് ഇരുന്നിട്ടില്ല. അതിനിടയില്‍ ഒരു മൗനംകൊണ്ട് സാധ്യമാകുമായിരുന്ന പ്രധാനമന്ത്രിപദം, ചാഞ്ചല്യമില്ലാതെ ‘ഇല്ല’ എന്നുപറഞ്ഞ് എല്ലാവരെയും സ്തബ്ധരാക്കുക കൂടി ചെയ്തു. കടംകൊണ്ട പൗരത്വം മുഖ്യ രാഷ്ട്രീയ എതിരാളിയായ ബിജെപിയും ആര്‍എസ്എസും നിരന്തരവും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലെ ശക്തനായിരുന്ന ശരത്പവാര്‍ പരസ്യമായും ഉന്നയിച്ചപ്പോള്‍ അക്ഷോഭ്യയായി അതിനെ നേരിട്ടു. വേഷം കൊണ്ട് മാത്രമല്ലാതെ ഒരു ഇന്ത്യക്കാരിയായി തന്നെ ജീവിച്ചു. ഒട്ടും പരിചിതമല്ലാത്ത രാഷ്ട്രീയത്തിലെ എല്ലാ നിമ്‌നോന്നതികളെയും നിര്‍മമതയോടെ സമീപിച്ചു.

ഈ ന്യൂനതകളെല്ലാമിരിക്കെ തന്നെ, പ്രണബ് കുമാര്‍ മുഖര്‍ജിയും ഡോ. മന്‍മോഹന്‍സിങും ഉള്‍പ്പെടുന്ന തലയെടുപ്പുള്ള നേതാക്കള്‍ മുതല്‍ ഇങ്ങ് കേരളത്തിലെ തെക്കേയറ്റത്തെ ഉള്‍നാടന്‍ ഗ്രാമത്തിലെ ഒരു സാധാരണ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വരെ സോണിയയുടെ നേതൃശേഷിയെ അംഗീകരിച്ചു, അതില്‍ വിശ്വാസമര്‍പ്പിച്ചു. നെഹ്റുകുടുംബത്തോടുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ മമതയും വിധേയത്വവുമാണ് അതിനടിസ്ഥാനമെന്ന് വാദിക്കാം. 20 കൊല്ലത്തിനിടയില്‍, ഏറ്റവും ചുരുങ്ങിയത് അണികള്‍ക്കിടയില്‍ ആ മമത ഒരു കോട്ടവുമില്ലാതെ സൂക്ഷിക്കാന്‍ സോണിയക്കായി എന്നത് നിസ്സാരമല്ല.

അധ്യക്ഷ പദവയിലേക്കെത്തുമ്പോള്‍ സോണിയ ഏറ്റെടുത്ത വെല്ലുവിളി ചെറുതായിരുന്നില്ല. രാജീവ് ഗാന്ധി 1991ല്‍ കൊല്ലപ്പെട്ടപ്പോള്‍ പാര്‍ട്ടിയിലേക്ക് സോണിയക്കുണ്ടായ ക്ഷണം കോണ്‍ഗ്രസിലെ കീഴ്വഴക്കമനുസരിച്ച് സ്വാഭാവികമായിരുന്നു. ജനാധിപത്യത്തിലെ പിന്തുടര്‍ച്ചാ കീഴ്വഴക്കം ശീലമാക്കിയ ഒരു ബഹുജനപ്രസ്ഥാനത്തിന് ഏറ്റവും യുക്തമെന്ന് തോന്നിയ തീരുമാനം. സോണിയ അത് നിരസിച്ചു. നെഹ്റുകുടുംബത്തിന്റെ തണലില്‍നിന്ന് കോണ്‍ഗ്രസിന് സ്വയം പുറത്തുകടക്കാന്‍ സാധ്യമായ സമയമായിരുന്നു അത്. രാജീവ് വധം അനുതാപതരംഗമായി കോണ്‍ഗ്രസിനെ വീണ്ടും അധികാരത്തിലെത്തിച്ചെങ്കിലും കുടുംബവാഴ്ചാ പേരുദോഷത്തില്‍നിന്ന് പാര്‍ട്ടിയെ എന്നെന്നേക്കുമായി പുറത്തേക്കുകൊണ്ടുവരാന്‍ പിവി നരസിംഹറാവിനും സീതാറാം കേസരിക്കും സാധ്യമായില്ല. നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ 1992ല്‍ ബാബരി മസ്ജദ് ആര്‍എസ്എസ് നേതൃത്വത്തില്‍ സംഘടിത രാഷ്ട്രീയ കടന്നാക്രമണത്തിലൂടെ തകര്‍ത്തപ്പോള്‍ രാജ്യം അഭിമുഖീകരിച്ചത് വിഭജനാനന്തരമുള്ള ഏറ്റവും വലിയ ആഭ്യന്തര കൂട്ടക്കുരുതിയായിരുന്നു. ആര്‍എസ്എസിന്റെ രാഷ്ട്രീയരൂപമായ ബിജെപി കോണ്‍ഗ്രസിന്റെ അടിത്തറയിളക്കി ധ്രുവീകരണരാഷ്ട്രീയത്തിന്റെ ഭീദിതമുഖമായി ശക്തിപ്രാപിച്ചു. കോണ്‍ഗ്രസ് അധ്യക്ഷനായ സീതാറാം കേസരിക്കെതിരെ പാര്‍ട്ടിയില്‍ അസാധാരണമായ വിമതസ്വരം ഉടലെടുത്തു. നേതൃശേഷിയില്ലാതെ, വീണ്ടും നെഹ്റുകുടുംബത്തെ ആശ്രയിക്കുകയെന്ന അനിവാര്യതയിലേക്ക് അന്നത്തെ കോണ്‍ഗ്രസ് നേതൃത്വം എത്തിപ്പെട്ടു. 1997ല്‍ സോണിയ ദീര്‍ഘമൗനമുപേക്ഷിച്ച് പാര്‍ട്ടിയെ നയിക്കാനെത്തിയത് അതിലൂടെയാണ്. ഇത് തന്റെ വഴിയല്ലെന്ന ഉറച്ചബോധ്യം സോണിയക്ക് എല്ലാ ഘട്ടത്തിലുമുണ്ടായിരുന്നു എന്നുവേണം കരുതാന്‍. രാജ്യത്തിന്റെ ഭാഗധേയം നിശ്ചയിച്ച പാര്‍ട്ടിയും അതിന്റെ അണികളും അസാധാരണമായ പ്രതിസന്ധിയിലൂടെ കടന്നുപോയപ്പോള്‍ സ്നേഹനിര്‍ബന്ധത്തിന് വഴങ്ങുകയായിരുന്നു സോണിയ. അത് കേവലം ഒരു വൈകാരിക സമ്മതം മൂളലായിരുന്നില്ല. വലിയ ഒരു രാഷ്ട്രീയ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. ആ ദൗത്യത്തില്‍, സ്വാഭാവിക രാഷ്ട്രീയക്കാരിയല്ലാത്തതിന്റെ പരിമിതികളെല്ലാമുണ്ടായിട്ടും സോണിയ വലിയ വിജയമായി മാറി. 2004 മുതല്‍ തുടര്‍ച്ചയായി രണ്ടുതവണ അധികാരത്തിലേറാവുന്ന നിലയില്‍ പാര്‍ട്ടി സംവിധാനത്തെ ക്രമീകരിച്ചുവെന്നതാണ് സോണിയയുടെ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടം.
ദേശീയ രാഷ്ട്രീയത്തെ രണ്ടായി ഭാഗിച്ചതായിരുന്നു ബാബരി മസ്ജിദ് തകര്‍ക്കല്‍. വിപി സിംഗ് മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് അനുസരിച്ച് സംവരണനയം പ്രഖ്യാപിച്ചതിന്റെ തുടര്‍ച്ചയിലും രാമജന്മഭൂമി ഉയര്‍ത്തിക്കാട്ടി ബിജെപി നടത്തിയ രാഷ്ട്രീയ ധ്രൂവീകരണത്തിലും രാജ്യത്തെ സവര്‍ണഹിന്ദു ബിജെപിയുടെ കാവിക്കൊടിക്കീഴിലേക്ക് മാറിയിരുന്നു. ബാബരി മസ്ജിദ് സംരക്ഷിക്കാനാകാത്തതിനാലും തുടര്‍ന്നുണ്ടായ വംശഹത്യയും മൂലം ന്യൂനപക്ഷങ്ങള്‍ക്ക് കോണ്‍ഗ്രസിലുള്ള ആശയറ്റിരുന്നു. സംഘടിത രാഷ്ട്രീയ ചേരിയായി മാറാതിരുന്ന ദളിത് വിഭാഗങ്ങളാകട്ടെ ആശ്രയിക്കാവുന്ന ഒരു സംവിധാനമായി കോണ്‍ഗ്രസിനെ കണക്കാക്കിയതുമില്ല. മതവും ജാതിയും രാഷ്ട്രീയ ബലാബലം നിശ്ചയിക്കുന്നതില്‍ ഈ വിധം സങ്കീര്‍ണമായ ഘടനയിലാണ് സോണിയ കോണ്‍ഗ്രസിനെ ഈ ചേരുവകളൊന്നുമില്ലാതെ തിരിച്ചുപിടിച്ച് 2004ല്‍ വീണ്ടും അധികാരത്തിലെത്തിച്ചത്.

പ്രധാനമന്ത്രിയാകാനുള്ള അവസരം ത്യജിച്ചുവെന്നത് മാത്രമല്ല, പകരക്കാരനായി ജനകീയ രാഷ്ട്രീയക്കാരനല്ലാത്ത ഡോ. മന്‍മോഹന്‍സിംഗിനെ നിയോഗിച്ചുവെന്നതിലാണ് സോണിയയുടെ രാഷ്ട്രീയ തിരഞ്ഞെടുപ്പിന്റെ പ്രസക്തി. തന്നെക്കാള്‍ മുതിര്‍ന്ന നേതാവും പരിചയസമ്പന്നനുമായിരുന്ന പ്രണബ് മുഖര്‍ജിയായിരുന്നു സ്വാഭാവികമായി ആ സ്ഥാനത്തേക്ക് എത്തേണ്ടിയിരുന്നതെന്നും തന്നെ നിര്‍ദേശിച്ച സോണിയയുടെ തീരുമാനം അത്ഭുതപ്പെടുത്തിയെന്നും ഡോ. മന്‍മോഹന്‍സിംഗ്, പ്രണബ് മുഖര്‍ജിയുടെ ആത്മകഥയായ ‘കോയിലേഷന്‍ ഇയേഴ്സ്’ പ്രകാശനം ചെയ്ത് പ്രകടിപ്പിക്കുകയുണ്ടായി. ആ തീരുമാനം പ്രണബ് മുഖര്‍ജിയെയും മന്‍മോഹന്‍സിംഗിനെയും മാത്രമല്ല, രാജ്യത്തെയാകെ അക്ഷരാര്‍ത്ഥത്തില്‍ അമ്പരപ്പിച്ചിരുന്നു. ഒരു കൂട്ടുകക്ഷി സര്‍ക്കാരിനെ നയിക്കാന്‍, രാഷ്ട്രീയനയചാതുര്യമില്ലാത്ത മന്‍മോഹന്‍സിംഗിന് എത്രമാത്രം സാധ്യമാകുമെന്നായിരുന്നു ഏറ്റവും പ്രധാന ചോദ്യം. സദാജാഗരൂകരായി നിന്ന ഇടതുപക്ഷത്തിന്റെ പിന്തുണയോടെ ഒന്നാം യുപിഎയുടെ കാലത്ത് സര്‍ക്കാരിന് പോറലേല്‍ക്കാതെ കാലാവധി പൂര്‍ത്തിയാക്കാനായതില്‍ സോണിയ കാണിച്ച രാഷ്ട്രീയ പക്വത സമാനതകളില്ലാത്തതാണ്. പ്രധാനമന്ത്രി പദം നഷ്ടപ്പെട്ട പ്രണബ് മുഖര്‍ജിയെ തന്നെ സോണിയ അതിനായി നിയോഗിച്ചു. അമേരിക്കയുമായുള്ള ആണവകരാറിനെ ചൊല്ലി ഒന്നാം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ ഇടതുപക്ഷം പിന്‍വലിച്ചപ്പോഴുണ്ടായ പ്രതിസന്ധിയെ കോണ്‍ഗ്രസ് തന്ത്രപൂര്‍വം മറികടന്നത് പ്രണബ് മുഖര്‍ജിയെ മുന്നില്‍നിര്‍ത്തിയുള്ള സോണിയയുടെ രാഷ്ട്രീയ നയതന്ത്രത്തിലൂടെയായിരുന്നു. ഒരിക്കല്‍കൂടി യുപിഎയെ അധികാരത്തിലെത്തിക്കുന്നതിലേക്ക് ആ രാഷ്ട്രീയ നീക്കം വിജയിച്ചു. നെഹ്റുവിന്റെയും ഇന്ദിരയുടെയും കാലത്തെ കോണ്‍ഗ്രസിന്റെ ഏകകക്ഷി സര്‍വപ്രതാപത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ രാഷ്ട്രീയനേട്ടമായി യുപിഎയുടെ ആ രണ്ടാം തിരഞ്ഞെടുപ്പ് വിജയം. വിവരാവകാശ നിയമം, ഗ്രാമീണ തൊഴിലുറപ്പ് നിയമം എന്നിങ്ങനെ അടിസ്ഥാനഘടനയില്‍തന്നെ മാറ്റങ്ങള്‍ വരുത്തിയ പരിഷ്‌കാരങ്ങളിലൂടെ യുപിഎ സര്‍ക്കാര്‍ സാധാരണക്കാര്‍ക്കിടയില്‍ ശോഭിച്ചെങ്കിലും ഇടനാഴിക്കിടയില്‍ നടന്ന അഴിമതി നീക്കങ്ങളെ ചെറുക്കാന്‍ സോണിയക്ക് സാധിച്ചില്ലെന്നതായി വലിയ ന്യൂനത. അതിന് കോണ്‍ഗ്രസും രാജ്യവും കൊടുക്കേണ്ടിവന്ന വില അതിലേറെ ഭയാനകവും.

മന്‍മോഹന്‍സിംഗ് തീര്‍ച്ചയായും സോണിയയുടെ അത്ഭുത തിരഞ്ഞെടുപ്പായി. പക്ഷെ രണ്ടാമൂഴത്തിലെങ്കിലും സോണിയ പ്രണബ് മുഖര്‍ജിയെ പരിഗണിച്ചിരുന്നുവെങ്കില്‍ എന്ന ആകലുതക്ക് ഇപ്പോള്‍ പ്രസക്തിയുണ്ട്. ഇടതുപക്ഷത്തിന് പോലും സ്വീകാര്യനായ നേതാവാണ് പ്രണബ് മുഖര്‍ജി. ജനകീയ അടിത്തറയുള്ള, ദീര്‍ഘകാല രാഷ്ട്രീയപരിചയത്തിലൂടെ പാകത വന്ന നേതാവ്. ഉദ്യോഗസ്ഥസംവിധാനം മാത്രം പരിചയിച്ച മന്‍മോഹന്‍സിംഗില്‍നിന്ന് ഭിന്നമായേനേ ജനകീയബന്ധമുള്ള പ്രണബ് മുഖര്‍ജിയുടെ നേതൃത്വം. രാഷ്ട്രീയ തീരുമാനം വിലയിരുത്തപ്പെടുക അപ്പോഴത്തെ സാഹചര്യം അനുസരിച്ച് മാത്രമല്ല. ഭാവിയില്‍ അതുണ്ടാക്കിയ പ്രത്യാഘാതം കൂടി നോക്കിയാണ് ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ സാധുതയെ ചരിത്രം വിലയിരുത്തുക. അതുകൊണ്ടുതന്നെ രണ്ടാമൂഴത്തിലും പ്രണബ് മുഖര്‍ജിയെ മാറ്റിനിര്‍ത്തിയ സോണിയയുടെ തീരുമാനം മറ്റെല്ലാ ശരികള്‍ക്കുമിടയില്‍ മുഴച്ചുനില്‍ക്കുന്ന വലിയ പിഴവുകളിലൊന്നാണ്.
പാര്‍ട്ടി തൊഴുത്തില്‍നിന്ന് താപ്പാനകളെ അഴിച്ചുകെട്ടാന്‍ സാധിച്ചില്ലെന്നതാണ് സോണിയയുടെ മറ്റൊരു വീഴ്ച. തന്നെ തിരഞ്ഞെടുത്ത, തനിക്കു വിധേയപ്പെട്ട നേതൃനിരയിലെ സഹപ്രവര്‍ത്തകരോടുള്ള സഹവര്‍ത്തിത്വ ബന്ധം ആത്യന്തികമായി കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ദീര്‍ഘകാല ഗുണം ചെയ്തില്ല. 10 വര്‍ഷം കേന്ദ്ര സര്‍ക്കാരിനെ നയിച്ച പാര്‍ട്ടിക്ക് ആ കാലയളവില്‍ പാര്‍ട്ടി സംഘടനാ സംവിധാനം സമാന്തരമായി ശക്തിപ്പെടുത്താനുള്ള ശേഷിയുണ്ടാകേണ്ടതായിരുന്നു. പ്രത്യേകിച്ച് അധികാരത്തിന്റെ ദൈനംദിന ചുമതലകളില്‍നിന്ന് മാറി സോണിയ പാര്‍ട്ടി അധ്യക്ഷയുടെ പ്രധാന ചുമതല നിര്‍വഹിച്ചിരിക്കെ. സംഘടനയെ ശ്രദ്ധിക്കാതെ കോണ്‍ഗ്രസിനെ അയച്ചുവിട്ടതാണ് പ്രതീക്ഷയര്‍പ്പിച്ച ഒരുപാട് അനുയായികളുള്ളപ്പോഴും ആ പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്തിയത്. എങ്കിലും 20 വര്‍ഷത്തെ കണക്കെടുപ്പില്‍ സോണിയ ഒരു പരാജയമല്ല. നേതൃനിരയിലേക്ക് വന്ന സാഹചര്യവും ഏറ്റെടുത്ത വെല്ലുവിളിയുടെ ഭാരവും നോക്കിയാല്‍, അപൂര്‍വമായി മാത്രം ചിരിച്ചുകാണാറുള്ള സോണിയയുടെ മുഖത്ത് എന്നും തെളിയുന്ന വിജയമന്ദസ്മിതം കാണാം.

കോണ്‍ഗ്രസ് എന്ന ആള്‍ക്കൂട്ടത്തിന്റെ സംഘടനാ ദൗര്‍ബല്യത്തിന് കാരണങ്ങള്‍ അനവധിയാണ്. സോണിയയുടെ പൗരത്വം ന്യൂനതയായി ഉയര്‍ത്തിക്കാട്ടി പാര്‍ട്ടി വിട്ട ശരത്പാവറും എന്‍ഡി തിവാരിയും പിഎ സാങ്മയും ആ പാര്‍ട്ടിക്ക് ഏല്‍പ്പിച്ച ആഘാതം അത്രമേല്‍ ആഴത്തിലുള്ളതായിരുന്നു. അങ്ങനെ വിയോജിച്ചവരെ കൂടി വിശാലതാല്‍പര്യം മുന്‍നിര്‍ത്തി ഒപ്പം കൂട്ടിയെന്നതാണ് സോണിയയുടെ മറ്റൊരു മിടുക്ക്. പവാറിന് പിന്നാലെ ഇടഞ്ഞുനിന്ന് ബംഗാളില്‍ മമതാ ബാനര്‍ജി പുറത്തുപോവുകയും തമിഴ്നാട്ടില്‍ ജികെ മൂപ്പനാറിന് ശേഷം അമ്പേ ശിഥിലമാവുകയും ചെയ്തത് കോണ്‍ഗ്രസിന് ദേശീയതലത്തിലെ സ്വാധീനക്കുറവിന് വഴിയൊരുക്കിയിട്ടുണ്ട്. ഈ കൊഴിഞ്ഞുപോവലുകളെക്കാളേറെ പാര്‍ട്ടിയെ തളര്‍ത്തിയത് ചുറുചുറുക്കുള്ള നേതാക്കളുടെ അകാലമരണമായിരുന്നു. മധ്യപ്രദേശില്‍ മാധവറാവു സിന്ധ്യയും രാജസ്ഥാനില്‍ രാജേഷ് പൈലറ്റും ആന്ധ്രാപ്രദേശില്‍ വൈഎസ് രാജശേഖര റെഡ്ഡിയും ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന്റെ ചാലകശക്തികളാകേണ്ടവരായിരുന്നു. അകാലത്തില്‍ പൊലിഞ്ഞ ഈ നേതാക്കളുടെ അഭാവത്തിലാണ് സോണിയ കോണ്‍ഗ്രസ് എന്ന വലിയ പ്രസ്ഥാനത്തെ മുന്നോട്ട് നയിച്ചത്.

സിപി സത്യരാജ്

You must be logged in to post a comment Login