ജനാധിപത്യത്തിലെ കുലീനമായ ചിരിയാണ് രാഹുല്‍

ജനാധിപത്യത്തിലെ കുലീനമായ ചിരിയാണ് രാഹുല്‍

If        there is not the war, you don’t get the great general; if there is not a great occasion, you don’t get a great statesman; if Lincoln had lived in a time of peace, no one would have known his name.പറഞ്ഞത് റൂസ്‌വെല്‍റ്റാണ്.തിയോഡര്‍ റൂസ്‌വെല്‍റ്റ്. അമേരിക്കയുടെ പ്രസിഡന്റായിരുന്നു. ‘യുദ്ധമില്ലെങ്കില്‍ മഹാനായൊരു സൈന്യാധിപനെ കിട്ടില്ല; ചരിത്രമുഹൂര്‍ത്തമില്ലെങ്കില്‍ ഒരു നല്ല സ്‌റ്റേറ്റ്‌സ്മാനെ കിട്ടില്ല. സമാധാനത്തിന്റെ കാലത്തായിരുന്നു എബ്രഹാം ലിങ്കണ്‍ ജീവിച്ചിരുന്നതെങ്കില്‍ ആ പേര് ഇന്ന് വിസ്മൃതമായേനെ.’ ഇന്ത്യ ദര്‍ശിച്ച ഏറ്റവും വലിയ ഒരു സ്‌റ്റേറ്റ്‌സ്മാന്റെ മൂന്നാം ഇളമുറ, ഇന്ത്യ കണ്ട എക്കാലത്തെയും വലിയ രാഷ്ട്രീയ സൈന്യാധിപനെ, അയാളുടെ സ്വന്തം തട്ടകത്തില്‍ വിറപ്പിച്ചതിന്റെ ഓര്‍മയാണ് റൂസ്‌വെല്‍റ്റിനെ പുനരാനയിച്ചത്.  രാഹുല്‍ ഗാന്ധിയാണ് ആ ഇളമുറക്കാരന്‍. ജവഹര്‍ലാല്‍ നെഹ്‌റുവാണ് ആ സ്‌റ്റേറ്റ്‌സ്മാന്‍. My father was a statesman, I am a political woman. My father was a saint. I am not  എന്ന് മകള്‍ ഇന്ദിരാഗാന്ധി. രാഹുലിനെക്കുറിച്ചാണ് സംസാരിക്കുന്നത്. രാഹുലിനെക്കുറിച്ച് സംസാരിക്കാന്‍ ഇതാദ്യമായി  ഇന്ത്യന്‍ ജനാധിപത്യം ഇതാ അവസരമൊരുക്കിയിരിക്കുന്നു. മുമ്പും ആ ചെറുപ്പക്കാരന്‍ ഇവിടുണ്ടായിരുന്നു. അന്ന് സംസാരിക്കേണ്ടതോ ആലോചിക്കേണ്ടതോ ആയ ഒരു സന്ദര്‍ഭവും അയാള്‍ സൃഷ്ടിച്ചിരുന്നില്ല. ഇപ്പോള്‍ ചരിത്രം നമ്മളോട് ആവശ്യപ്പെടുന്നുണ്ട്; ഇതാ സമയമായി എന്ന് പറയുന്നുണ്ട്. രാഹുലിലേക്ക് നേരിട്ട് വഴികളില്ല. ഗാന്ധി കുടുംബം എന്ന് വിളിക്കപ്പെട്ട ആ കുടുംബത്തിലെ ഒരാളിലേക്കും നേരിട്ട് പ്രവേശനമില്ല. തുറന്നിരിക്കുമ്പോഴും അടഞ്ഞ വ്യവസ്ഥയെന്നാണ് ആ കുടുംബം പേര്‍ത്തും പേര്‍ത്തും വിശേഷിപ്പിക്കപ്പെട്ടത്. മോത്തിലാലില്‍ നിന്ന് പ്രവഹിച്ച ഒരു അധികാരനദിയുടെ ൈകവഴികളാണ് രാഹുലില്‍ എത്തിനില്‍ക്കുന്ന തലമുറ. അധികാരവും ജനാധിപത്യവും സമഞ്ജസമായി വിരാജിച്ച അപൂര്‍വതയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ നെഹ്‌റു കുടുംബം. മോത്തിലാല്‍ നെഹ്‌റുവിലാണ് അതിന്റെ പിതൃവഴി. നാടുവാഴികളുടെ കുടുംബമായിരുന്നു മോത്തിലാലിന്‍േറത്. കൊടും കോടീശ്വരര്‍. വക്കീലായിരുന്നു മോത്തിലാല്‍. അന്നത്തെ ഉല്‍പതിഷ്ണുവായ മറ്റേതൊരു യുവാവിനേയും പോലെ അയാള്‍ ദേശീയ പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി. ഗാന്ധിയെക്കാള്‍ ജീവിതത്തിലും കോണ്‍ഗ്രസിലും മൂത്തതാണ് മോട്ടിലാല്‍. ഗാന്ധി ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലേക്ക് വരുമ്പോഴേക്ക് മോത്തിലാല്‍ സജീവമാണ്. കൃത്യമായി പറഞ്ഞാല്‍ ഗാന്ധി വരുമ്പോള്‍ മോത്തിലാലാണ് നേതാവ്. കോണ്‍ഗ്രസ് അധ്യക്ഷനായിരുന്നു, രണ്ടുതവണ. ബ്രിട്ടീഷുകാരുടെ സൈമണ്‍ കമ്മീഷനെ നെഹ്‌റു കമ്മീഷന്‍ കൊണ്ട് വെല്ലുവിളിച്ചയാളാണ് മോത്തിലാല്‍. വംശം അതേപടി ഒസ്യത്താവുന്ന കുടുംബമെന്നാണ് ചരിത്രം മോത്തിലാല്‍ കുടുംബത്തിന് നല്‍കുന്ന വിശേഷണം. രാജ്യം തങ്ങളുടേതാണ് എന്ന ഒരു തോന്നല്‍ മോത്തിലാല്‍ കുടുംബത്തിന് അബോധമായുണ്ടായിരുന്നു. അതിസമ്പത്തും അസാധാരണമാം വിധം ബുദ്ധിശാലിത്വവും പ്രതാപവും കുടുംബപരമായി ഉണ്ടായിരുന്ന മോത്തിലാലിന് ബ്രിട്ടീഷ് അധിനിവേശമെന്നത് പണം കൊടുത്ത് സെറ്റില്‍ ചെയ്യാവുന്ന ഒരു വ്യവഹാരമായിരുന്നു. ബ്രിട്ടണ്‍ അതിനപ്പുറം മോത്തിലാലിന് ഒന്നുമായിരുന്നില്ല. മോത്തിലാല്‍ കുടുംബത്തിന്റെ സ്ഥായീ മനോഭാവമായി ഇത് മാറി. ഈ രാജ്യം അക്ഷരാര്‍ഥത്തില്‍ തങ്ങളുടേതാണ് എന്ന് അവര്‍ ആത്മാര്‍ഥമായി വിശ്വസിച്ചു. മോത്തിലാല്‍ കുടുംബത്തിന്റെ ആദ്യകാല രാഷ്ട്രീയ ജീവിതം പരിശോധിച്ചാല്‍ കണ്ടെത്താവുന്ന കൗതുകങ്ങളില്‍ ഒന്നാണിത്. ഞീഹല ീള ജൃല ൈകി കിറശമ’ െടൃtuഴഴഹല എീൃ എൃലലറീാ എന്ന പുസ്തകം ഇമ്മാതിരി കൗതുകങ്ങളുടെ അക്ഷയഖനിയാണ്. വംശം അതേപടി ഒസ്യത്താവുമെന്ന് പറഞ്ഞല്ലോ. വംശമഹിമയാണ് നെഹ്‌റു കുടുംബത്തിന്റെ ആദ്യ ഒസ്യത്ത്. മകന്‍ ജവഹര്‍ലാലിലേക്ക് സ്വാഭാവികമായും അതെത്തി. സമ്പന്നവും സമ്പന്നതകൊണ്ട്  പ്രൗഢവും വിദ്യാസമ്പന്നവും കുലീനവുമായ വഴികളില്‍ ജവഹര്‍ലാല്‍ സഞ്ചരിച്ചു. അതിനോടകം ഇന്ത്യന്‍ ദേശീയപ്രസ്ഥാനത്തില്‍ ഗാന്ധിമാര്‍ഗം തുടങ്ങിയിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ ഗാന്ധി ആഫ്രിക്കന്‍ അനുഭവങ്ങളില്‍ നിന്ന് സവിശേഷമായ ഒരു രാഷ്ട്രീയ വഴി രൂപപ്പെടുത്തിയിരുന്നു. ഇന്ത്യയെ ഗാന്ധി കണ്ടെത്തിക്കഴിഞ്ഞിരുന്നു. ഗ്രാമങ്ങളിലെ ദരിദ്രനാരായണന്മാരുടെ വേദനാനിര്‍ഭരമായ മുഖങ്ങള്‍ ഗാന്ധി തിരിച്ചറിഞ്ഞിരുന്നു. കുലീനമായ സമ്പന്നതക്ക് സഹജമായിട്ടുള്ള  കാരുണ്യം നെഹ്‌റുവിനുമുണ്ടായിരുന്നു. അദ്ദേഹം ദരിദ്രരോട് കുലീനമായ കാരുണ്യം പ്രകടിപ്പിച്ചു. ഗാന്ധിയുടേതില്‍ നിന്ന് തികച്ചും ഭിന്നമായിരുന്നു ഈ കാരുണ്യ പ്രകടനം. ഗാന്ധി ദരിദ്രരോട് അവരില്‍ ഒരാളായി നിന്നാണ് സംസാരിച്ചത്. പട്ടിണിക്കാരോട് ഒപ്പം പട്ടിണിയിരുന്നാണ് ഗാന്ധി സംസാരിച്ചത്. വസ്ത്രമില്ലാത്തവരോട് ഐക്യദാര്‍ഢ്യപ്പെടാന്‍ ഗാന്ധി വസ്ത്രമുപേക്ഷിച്ചു. നെഹ്‌റുമാര്‍ഗം അതായിരുന്നില്ല. അലസമായി പറയുന്നു എന്ന് കരുതരുത്. ചരിത്രം അങ്ങനെകൂടിയാണ്. അലസമെന്ന് തോന്നുന്ന പ്രവാഹങ്ങളില്‍ അടിയൊഴുക്കുണ്ടാവും. ആ അടിയൊഴുക്ക് എന്താണെന്നല്ലേ? ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ആസൂത്രിതമായ പിളര്‍പ്പുകളില്‍ ഒന്നായിരുന്നു അത്. ഗാന്ധി ദരിദ്രരോട് ഐക്യപ്പെട്ട് അന്ത്യോദയം അവതരിപ്പിച്ചു. ദളിതരോട് ഐക്യപ്പെട്ട് ഹരിജനവാദം ഉന്നയിച്ചു. വിശദീകരിക്കാം; അന്ത്യോദയമായിരുന്നു ഗാന്ധിമാര്‍ഗം. അണ്‍ ടു ദ ലാസ്റ്റ്. അവസാനത്തെ മനുഷ്യന്റെയും അഭിവൃദ്ധി. ജോണ്‍ റസ്‌കിനാണ് ഇക്കാര്യത്തില്‍ ഗാന്ധിക്ക് ഗുരു. അന്ത്യോദയത്തിന് ഗാന്ധി തിരഞ്ഞെടുത്ത മാര്‍ഗമായിരുന്നു അവസാനെത്ത മനുഷ്യനെപ്പോലെയാവുക അഥവാ പരമദരിദ്രനാവുക എന്നത്. ബാരിസ്റ്ററായിരുന്ന, വിദ്യാസമ്പന്നനായ ഒരു മനുഷ്യന്‍ തങ്ങളെപ്പോലെ അര്‍ധനഗ്‌നനായി, ദരിദ്രമായ ജീവിതാവസ്ഥകളെ സ്വയം വരിച്ചു കഴിയുകയോ? ഇന്ത്യന്‍ അടിസ്ഥാന വര്‍ഗത്തിന്റെ മനസിളകാന്‍ അത് മതിയായിരുന്നു. അവരുടെ മനസിളക്കാന്‍ എന്തുവേണമെന്ന് ഗാന്ധിക്ക് അറിയാമായിരുന്നു താനും. സമാനമായിരുന്നു ഗാന്ധിയുടെ ദളിത് രാഷ്്രടീയം. ദളിതരെ ഗാന്ധി ഹരിജനങ്ങള്‍ എന്ന് വിളിച്ചു. ഹിന്ദുവിശ്വാസപ്രകാരം ഹരി ദൈവമാണ്. വിഷ്ണു. അപ്പോള്‍ ദൈവത്തിന്റെ മക്കളാണ് ഹരിജനങ്ങള്‍. സുന്ദരമായ ഒരു സങ്കല്‍പമായി ദേശീയപ്രസ്ഥാനത്തിന്റെ നേതാക്കള്‍ ഈ ഹരിജന്‍ വിളിയെ നാലുപാടും ആഘോഷിച്ചു. അംബേദ്കര്‍ മാത്രം ചോദിച്ചു, അപ്പോള്‍ മറ്റുള്ളവര്‍ ചെകുത്താന്റെ മക്കളാണോ എന്ന്. ഗാന്ധിയുടെ രാഷ്ട്രീയ ലക്ഷ്യം അതായിരുന്നില്ല. ഹിന്ദു സമുദായത്തിന് പുറത്തായിരുന്ന ദളിതരെ വിശാല ഹിന്ദുവാക്കുക, ആ ഹിന്ദുശക്തിയെ ഭഗവദ്ഗീത തുടങ്ങിയ മതാത്മക ബിംബങ്ങള്‍ ഉപയോഗിച്ച് ശക്തമാക്കുക, ആ ശക്തിയെ ദേശീയ സ്വാതന്ത്ര്യസമരത്തിന് ഉപയോഗിക്കുക; ഇതായിരുന്നു ഗാന്ധിയുടെ ദീര്‍ഘകാല പദ്ധതി. അതിനാല്‍ത്തന്നെ ദളിതരുടെ സ്വയമേവയുള്ള ശാക്തീകരണത്തെ ഗാന്ധി നഖശിഖാന്തം എതിര്‍ത്തു. ലോകത്തെ കീഴാള മുന്നേറ്റത്തിന്റെ സ്പന്ദനങ്ങള്‍ െതാട്ടറിഞ്ഞ ഡോ. ബി.ആര്‍. അംബേദ്കര്‍ ഗാന്ധിയുടെ വിപരീതപദമായി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അടയാളപ്പെടുന്നത് അങ്ങനെയാണ്. അത്തരം വിളികളെയും ഗാന്ധിക്ക് ദളിതരോടുള്ള സമീപനത്തേയും അംബേദ്കര്‍ എതിര്‍ത്തു. ദളിതര്‍ക്ക് വേണ്ടത് അത്തരം ഏജന്‍സിയല്ല എന്ന് അംബേദ്കര്‍ വാദിച്ചു. അധ:സ്ഥിതരുടെ ഭൂരിപക്ഷരാജ്യം ഒരു ഭൂരിപക്ഷ ഹിന്ദുസമൂഹമായി മാറിയതെങ്ങനെ എന്ന് പറഞ്ഞുവരികയാണ്. അംബേദ്കര്‍ എതിര്‍ക്കപ്പെട്ടിരുന്നില്ലെങ്കില്‍, അംബേദ്കര്‍ ദേശീയ പ്രസ്ഥാനത്തില്‍ ഗാന്ധിയുടെ തോളൊപ്പം നിന്നിരുന്നുവെങ്കില്‍? അംബേദ്കറുടെ രാഷ്ട്രീയ ദര്‍ശനം ഇന്ത്യ സ്വാംശീകരിച്ചിരുന്നുവെങ്കില്‍? ചരിത്രം നിശ്ചയമായും മറ്റൊന്നായേനെ. അങ്ങനെ ആവാതിരിക്കാന്‍ ഉയര്‍ന്നുവന്ന, അല്ലെങ്കില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന സമാന്തര ബിംബമായിരുന്നു സാക്ഷാല്‍ ജവഹര്‍ലാല്‍ നെഹ്‌റു. ഇതാണ് നമ്മള്‍ പറഞ്ഞ അടിയൊഴുക്ക്.ഇന്ത്യന്‍ ദേശീയതയുടെ യഥാര്‍ത്ഥ അവകാശികളായ മഹാഭൂരിപക്ഷം ജനത സമരത്തിന്റെ പിന്നണിയായി. അവര്‍ക്ക് നിര്‍ണയാവകാശങ്ങള്‍ ഇല്ലാതായി. പകരം ഉയര്‍ന്നുവന്ന കുലീന വര്‍ഗമാകട്ടെ, ബ്രിട്ടീഷ് ജനതയുടെ ശരീരം ആവാഹിച്ചവരായിരുന്നു. വരേണ്യരായിരുന്നു. ആ വരേണ്യതയിലേക്ക് കൈമാറ്റം ചെയ്യപ്പെട്ട അധികാരത്തെയാണ് നമ്മളിന്ന് സ്വാതന്ത്ര്യലബ്ധി എന്ന് ആഘോഷിക്കുന്നത്.ആ വരേണ്യ ബിംബം ജവഹര്‍ലാല്‍ നെഹ്‌റുവാണ്.  ഭാഗ്യവശാല്‍ അര്‍ഹതയുള്ള ൈകകളായിരുന്നു നെഹ്‌റുവിന്‍േറത്. ഇന്ത്യ തങ്ങളുടേതാണ് എന്ന് ആത്മാര്‍ത്ഥമായും സത്യസന്ധമായും വിശ്വസിച്ചിരുന്ന കുടുംബമാണല്ലോ നെഹ്‌റുവിന്റേത്. ആ വിശ്വാസമുണ്ടായിരുന്നു നെഹ്‌റുവിനും. ഞങ്ങളുടെ രാജ്യമാണ് എന്ന ബോധം. അതീവ ലളിതവല്‍കരിച്ചാല്‍ തറവാട്. ആ തറവാട്ടിലെ കാരണവരായി നെഹ്‌റു സ്വയം കരുതിയിരിക്കാമെന്ന് ചരിത്രമെഴുത്തുകാര്‍. തറവാട് മുടിയാതെ നോക്കുന്ന മിടുക്കന്‍ കാരണവരുടെ പകര്‍ന്നാട്ടമായിരുന്നു നെഹ്‌റുവിന്റെ അധികാരജീവിതം. ചൈനയുമായുള്ള യുദ്ധത്തിലേറ്റ പരാജയം നെഹ്‌റുവിനെ ശാരീരികമായി തളര്‍ത്തിയതും മരണത്തിലേക്ക് നയിച്ചതും ഓര്‍ക്കുക. പരാജയപ്പെട്ട വീട്ടുകാരനായിരുന്നു അപ്പോള്‍ നെഹ്‌റു. ആ പരാജയബോധത്തിന്റെ തീവ്രതയിലാണ് നെഹ്‌റുവിന്റെ മരണം സംഭവിച്ചത്. തനിക്ക് ശേഷം ആര് എന്നതിന് നെഹ്‌റു ഉത്തരം കണ്ടെത്തിയിരുന്നു. മകള്‍ ഇന്ദിര പ്രിയദര്‍ശിനി. സവിശേഷതകള്‍ ഏറെയുള്ള മകള്‍. റഷ്യന്‍ വിപ്ലവം പൂര്‍ത്തിയായി രണ്ടാം നാളിലാണ് ഇന്ദിരയുടെ ജനനം. ലോകത്തെ പിടിച്ചുകുലുക്കിയ ദിനങ്ങളില്‍ പിറന്നവള്‍. പിതാവിന്റെ നിഴലിലായിരുന്നു ഇന്ദിരയുടെ ജീവിതം. നെഹ്‌റുവിനൊപ്പം അവള്‍ ലോകം ചുറ്റി. അത് യാദൃച്ഛികമായിരുന്നില്ല. ഇന്ദിരയെ രൂപപ്പെടുത്തുകയായിരുന്നു. തങ്ങളുടേതെന്ന് ആ കുടുംബം വിശ്വസിച്ചിരുന്ന രാജ്യത്തെ മറ്റൊരാള്‍ക്ക് കൈമാറാന്‍ അവര്‍ തയാറായിരുന്നില്ല. കുലീനതയുടെ പ്രശ്‌നമായി ലോകം മനസിലാക്കുന്ന ഒന്നാണ് ഈ വൈമുഖ്യം. 1959-ല്‍ ഇന്ദിര ഇന്ത്യന്‍ നാഷണല്‍ കോണ്‍്രഗസിന്റെ പ്രസിഡന്റായി. ശ്രദ്ധിക്കണം 1959-ാണ് വര്‍ഷം. സ്വാതന്ത്ര്യം യാഥാര്‍ത്ഥ്യമായിട്ട് ഒരു വ്യാഴവട്ടം പിന്നിട്ടു. ദേശീയപ്രസ്ഥാനത്തിലെ മഹാസാന്നിധ്യങ്ങള്‍ ഒന്നൊന്നായി മരണമടഞ്ഞു. ദേശീയപ്രസ്ഥാനത്തിന്റെ ഓര്‍മകള്‍ മങ്ങിത്തുടങ്ങി. തിളച്ചുമറിഞ്ഞ അക്കാലത്ത് ഓടിക്കളിക്കുന്ന, കാല്‍പനികത േവണ്ടുവോളമുള്ള ഒരു പെണ്‍കിടാവായിരുന്നല്ലോ ഇന്ദിര. പുറത്തെ തീയും പുകയും നെഹ്‌റു കുടുംബത്തിന്റെ ഉള്ളകങ്ങളിലേക്ക് ഒരിക്കലും പ്രവേശിച്ചിരുന്നില്ല.  രാജ്യം തിരിയാത്ത, സമര്‍പ്പിതമായ അതിന്റെ ഭൂതകാലത്തെ അച്ഛനയച്ച അതികാല്‍പനികമായ കത്തുകളിലൂടെ മാത്രം അറിഞ്ഞ പെണ്‍കിടാവായിരുന്നു ഇന്ദിര. കൃത്രിമമായി പ്രിയദര്‍ശിനി സൃഷ്ടിക്കപ്പെട്ടു. ഫിറോസ് ഗാണ്ഡി എന്ന പാഴ്‌സി യുവാവിനെ പ്രണയിച്ചതൊഴിച്ചാല്‍ അച്ഛന്റെ നിഴല്‍ക്കുട്ടിയായിരുന്നു ഇന്ദിര. പില്‍ക്കാലത്ത് ഗാണ്ഡിയെ ഗാന്ധിയായി പരിവര്‍ത്തിപ്പിച്ച് വാലാക്കി ഇന്ദിര. ഫിറോസ് ഒരിക്കലും അവരുടെ വഴിയില്‍ ആയിരുന്നില്ല. തികച്ചും മറ്റൊരാള്‍. ഹിന്ദു അല്ലാഞ്ഞിട്ടും ്രപണയത്താല്‍ അന്ധയായ മകളെ നെഹ്‌റു എതിര്‍ത്തില്ല. അതിനകം രോഗിയായിക്കഴിഞ്ഞ കമലയെ, ഇന്ദിരയുടെ അമ്മയെ, ശുശ്രൂഷിച്ചിരുന്നത് ഫിറോസ് ആയിരുന്നു. കമലക്ക് ഫിറോസ് ആത്മാവില്‍ ്രപിയങ്കരനായിരുന്നു. ഇന്ദിര ഫിറോസില്‍ നിന്ന് സ്വീകരിച്ചത് കുലപ്പേര് മാത്രം; ഗാണ്ഡി. അക്കാലത്തും പില്‍ക്കാലത്തും കൊടും വിപണിമൂല്യമുള്ള ഗാന്ധി എന്ന പദമായി ഇന്ദിര അതിനെ പരിഷ്‌കരിച്ചു. നെഹ്‌റു കുടുംബം അങ്ങനെ ഗാന്ധികുടുംബമായി.ഭൂതകാലത്തിന്റെ കരുണാര്‍ദ്രവും കുലീനവുമായ ഓര്‍മകള്‍ മങ്ങിത്തുടങ്ങിയിരുന്നു. ലോകം മറ്റൊന്നായി മാറുന്നു. അക്കാലമായിരുന്നു ഇന്ദിരയുടേത്. ദേശീയ ്രപസ്ഥാനം അഥവാ ദേശീയ സ്വാതന്ത്ര്യ സമരം ഇന്ത്യയില്‍ സൃഷ്ടിച്ച ആദര്‍ശത്തിന്റേതായ കാലാവസ്ഥ പിന്‍വാങ്ങിയിരുന്നു. രാഷ്ട്രീയത്തില്‍ നിന്ന് ധാര്‍മികതയും പിന്‍മടങ്ങാന്‍ തുടങ്ങി. ഇന്ദിരക്ക് അധികാരം സംരക്ഷിക്കേണ്ടിയിരുന്നു. ചരിത്രത്തിലാദ്യമായി നെഹ്‌റു കുടുംബത്തിന് എതിരാളികള്‍ ഉണ്ടായി. ഇന്ദിര വിമര്‍ശിക്കപ്പെട്ടു. അധികാരമുറപ്പിക്കാന്‍ ഇന്ദിര പരക്കം പാഞ്ഞു. ഒസ്യത്തായി കിട്ടിയതെന്ന് പരമ്പരയായി വിശ്വസിച്ചിരുന്ന ഒരു രാജ്യം നഷ്ടപ്പെടുന്നു എന്ന തോന്നല്‍ അവരെ പരിഭ്രാന്തയാക്കി. നെഹ്‌റു കുടുംബത്തിന്റെ കുലീനമായ കാരുണ്യം അവസാനിക്കുന്നത് രാജ്യം കണ്ടു. ഉഗ്രമൂര്‍ത്തിയായി ഇന്ദിര മാറി. മകന്‍ സഞ്ജയ് മുടിഞ്ഞ തറവാട്ടിലെ പുകഞ്ഞകൊള്ളിയെപ്പോലെ നാട്ടിലാകെ തീയും പുകയും പരത്തി. ഒടുവില്‍ ആ മകന്‍ കാരണം രാജ്യം കൈവിട്ടുപോകുമെന്ന് ഇന്ദിര പേടിച്ചു. പിന്നീട് സഞ്ജയ് വിമാനാപകടത്തില്‍ മരിച്ചു.പ്രധാനമ്രന്തിയുടെ മകന്റെ മരണം, നെഹ്‌റു കുടുംബത്തിലെ ഇളമുറക്കാരന്റെ മരണം സമൂഹത്തിലുണ്ടാക്കിയ പ്രതികരണം ഇന്ദിരയെ സമ്പൂര്‍ണമായി തകര്‍ത്തു. രാജ്യത്തെ മഹാഭൂരിപക്ഷം ജനത, ചരിത്രത്തിലാദ്യമായി ഒരു മരണം കണ്ട് ആഹ്ലാദനൃത്തം ചവിട്ടിയത് സഞ്ജയ് ഗാന്ധിയുടെ മരണത്തിലായിരുന്നു. അത്രമേല്‍ ജനാധിപത്യ വിശ്വാസികള്‍ സഞ്ജയിനെ വെറുത്തിരുന്നു. ഏകാന്തയും പരിഭ്രാന്തയുമായ ഒരമ്മയായി ഇന്ദിര മാറിത്തീര്‍ന്നു. അവശേഷിക്കുന്ന മകനെ, രാജീവിനെ രാഷ്്രടീയത്തില്‍ നിന്ന് അവര്‍ ഒളിപ്പിച്ച് നിര്‍ത്തി. ദീര്‍ഘായുസ്സാണ് താനെന്ന് ഇന്ദിര ധരിച്ചിരുന്നു. കുടുംബവാഴ്ചയുടെ കാലം അവസാനിച്ചു എന്ന് ഇന്ദിര ഭയപ്പെട്ടിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഓര്‍മകള്‍ പൂര്‍ണമായും മാഞ്ഞുപോയിരുന്നു അപ്പോഴേക്കും. ഓര്‍മകളില്ലാതാകുന്ന അധികാരമാണ് ഏകാധിപത്യം. ഇന്ദിര അക്ഷരാര്‍ത്ഥത്തില്‍ ഏകാധിപതിയാവാന്‍ തുടങ്ങി.  ഒടുവില്‍ എല്ലാ ഏകാധിപതികളെയും പോലെ ദാരുണമായ മരണത്തിലേക്ക് അവര്‍ പിടഞ്ഞുവീണു. വാഴ്ചയുറപ്പിക്കാന്‍ അപ്പോഴേക്കും ഇന്ദിര കോണ്‍ഗ്രസിനെ വെട്ടിനിരത്തിയിരുന്നു. മറ്റൊന്നായി മാറിയ കോണ്‍ഗ്രസിേലക്കാണ് രാജീവ് ഗാന്ധി വരുന്നത്. ഹിന്ദുകുടുംബമായിരുന്നു നെഹ്‌റു കുടുംബം. അതിനാല്‍ ഒരു ഹിന്ദു വാഴ്ചയായിരുന്നു നെഹ്‌റുവിന്റെ കുടുംബവാഴ്ച. പക്ഷേ, അത് ഇന്ന് മനസിലാക്കപ്പെടുന്ന ദംഷ്ട്രകള്‍ ഉള്ള ഒന്നായിരുന്നില്ല. അതൊരു രാഷ്ട്രീയായുധമായി മാറിയിരുന്നില്ല. പക്ഷേ, രാജീവിന്റെ കാലം കൈവിട്ട കളികളുടെ കാലമായി മാറി. നെഹ്‌റുവിന്റെ മകള്‍ എന്നത് ഇന്ദിരക്ക് കുടുംബചിഹ്‌നമായിരുന്നു. രാജീവിന് ആ തുടര്‍ച്ചയുടെ ആദരവ് ലഭിച്ചില്ല. രാജീവ് അതിവേഗമാണ് ദുര്‍ബലനായി മാറിയത്. ദുര്‍ബലമായ തീരുമാനങ്ങളാല്‍ അദ്ദേഹം വിമര്‍ശിക്കപ്പെട്ടു. അതേ തീരുമാനങ്ങളുടെ ഭൂതങ്ങള്‍ രാജീവിനോട് പ്രതികാരം ചെയ്തു. രാജീവ് കൊല്ലപ്പെട്ടു. തുടര്‍ച്ചയെന്ന് വിശ്വസിപ്പിക്കാന്‍ പണിപ്പെട്ടിട്ടും തുടര്‍ച്ചയുടെ ഗരിമകളിലേക്ക് പ്രവേശനം കിട്ടിയില്ല സോണിയക്ക്. ശാന്തമായിരുന്നു അവരുടെ രീതികള്‍. നിശബ്ദയായിരുന്നു പലപ്പോഴും. ഉഗ്രമായിരുന്നില്ല അവരുടെ സാന്നിധ്യം. തീരുമാനങ്ങള്‍ തെറ്റിപ്പോയി. പ്രണബ് മുഖര്‍ജിയെപ്പോലെ ഒന്നാംതരം നേതാവ് രാഷ്ട്രപതിയായി ഒതുക്കപ്പെട്ടു. കോണ്‍ഗ്രസ് നാടൊട്ടുക്കും തകര്‍ന്നു. ഇന്ത്യയുടെ ഹൃദയഭൂമിയില്‍ നിന്ന് പുറത്തായി. അഴിമതിയില്‍ സര്‍വകാല റെക്കോഡിട്ടു. അതിനോടകം അത് സംഭവിച്ചിരുന്നു. ഗാന്ധിയും ദേശീയപ്രസ്ഥാനവും നെഹ്‌റു കുടുംബവും കുടുംബവാഴ്ചയും ചേര്‍ന്ന് കൂട്ടിലടച്ച് സൂക്ഷിച്ചിരുന്ന  ഹിന്ദുത്വം ആ കൂട് പൊട്ടിച്ച് പുറത്ത് വന്നു. അതുവരെ അടങ്ങിനിന്നതെല്ലാം പതിന്മടങ്ങ് ബലത്തില്‍ തിരിച്ചുവന്നു. അ്രകാമക ഹിന്ദുത്വയുടെ രാഷ്ട്രീയ രൂപം അഴിഞ്ഞാടി. ഗുജറാത്തില്‍ ഇന്ത്യാചരിത്രത്തിലെ ആദ്യത്തെ വംശഹത്യ അരങ്ങേറി. നരേന്ദ്രമോഡി കൊടും ഭൂരിപക്ഷത്തില്‍ ഇന്ത്യപിടിച്ചു. കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടു. സോണിയയും കുടുംബവും നിശബ്ദ സാക്ഷികളായി. നെഹ്‌റു കുടുംബത്തിന് നേരെ മരുമകന്‍ വധേരയുടെ രൂപത്തില്‍ അഴിമതിയാരോപണം പോലും ഉയര്‍ന്നു. കുലപതികളായിരുന്ന ഒരു കുടുംബം കുറ്റിയറ്റ് പോകുന്നത് രാജ്യം കണ്ടു. പ്രതിപക്ഷമില്ലാത്ത ഹിന്ദുരാജ്യം ജനാധിപത്യത്തെ ഭയപ്പെടുത്തി. വിയോജിക്കുന്നവര്‍ പച്ചക്ക് കത്തിയമര്‍ന്നു. രാഹുലിനെക്കുറിച്ചാണ് നമ്മള്‍ സംസാരിക്കുന്നത്. രാഹുലിലേക്കുള്ള വഴികളാണ് നമ്മള്‍ തെളിച്ചെടുത്തത്. മുടിഞ്ഞ കുലപതിക്കുട്ടത്തിലെ ഇളയ കണ്ണിയാണ് അയാള്‍. നിശബ്ദനായിരുന്നു. പരിഭ്രാന്തനായിരുന്നു. അപക്വനായിരുന്നു. പരിഹസിക്കപ്പെട്ടു. ആക്ഷേപിക്കപ്പെട്ടു. ഇന്ത്യ കണ്ടുശീലിച്ച വഴികളായിരുന്നില്ല അയാളുടേത്. പക്ഷേ, അനാദിയായ കാലം അയാളില്‍ കാത്തുവെച്ച സവിശേഷമായ ഊര്‍ജം ശക്തമായിരുന്നു. തുടയിലടിച്ച് ആര്‍ത്തട്ടഹസിച്ച് കളം നിറഞ്ഞ് തലങ്ങും വിലങ്ങും പാഞ്ഞുനടന്ന ഭീമകാരന്‍മാരായ രണ്ട് ഏകാധിപതികളെ, നരേന്ദ്ര മോഡിയെയും അമിത് ഷായെയും  ഇതാ കുലീനവും ജനാധിപത്യപരവുമായ പുഞ്ചിരിയോടെ അയാള്‍ നേരിട്ടിരിക്കുന്നു. ഒരു ദശാബ്ദമായി രാഷ്ട്രീയത്തിലുള്ള രാഹുല്‍ ഗാന്ധി ആദ്യമായി ഒറ്റക്ക് നയിച്ച യുദ്ധമായിരുന്നു ഗുജറാത്തിലേത്. യുദ്ധത്തില്‍ രണ്ടാം സ്ഥാനമില്ല. പക്ഷേ, ഏകപക്ഷീയമല്ലാത്ത, കനത്ത ചെറുത്ത് നില്‍പുണ്ടായ യുദ്ധം എതിരാളിയെ, വിജയിയെ ചിന്തിപ്പിക്കും. ആ ചിന്ത അയാളെ തിരുത്താന്‍ പ്രേരിപ്പിക്കും. 77 സീറ്റുകളും 42.3 ശതമാനം വോട്ടുവിഹിതവും ചില്ലറയല്ല. കഴിഞ്ഞ ലോക്‌സഭയില്‍ അമ്മയുടെ കോണ്‍ഗ്രസിന് വട്ടപ്പൂജ്യമായിരുന്നു ഗാന്ധിയുടെ ജന്മനാട്ടിലെ സീറ്റ് വിഹിതം. ആ വീഴ്ചയില്‍ നിന്ന് കരകയറാന്‍ രാഹുല്‍ സ്വീകരിച്ച വിശാല ഐക്യത്തിന്റെ ആ മാതൃകയിലാണ് രാജ്യത്തിന്റെ ഭാവി. മതേതരത്വമാണ് കോണ്‍ഗ്രസിന്റെ വഴി. ആധുനികനും മഹിമാ ഭാരത്തില്‍ അഭിരമിക്കാത്തവനുമായ നേതാവാണ് രാഹുല്‍. ഇപ്പോള്‍ രാഹുല്‍ മാത്രമാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പ്രതിപക്ഷമാണ് ജനാധിപത്യത്തിന്റെ ജീവന്‍ എന്നതിനാല്‍ , ഇന്ത്യന്‍ ജനാധിപത്യത്തിന്റെ പ്രതീക്ഷയും ഈ ചെറുപ്പക്കാരനാണ്.

കെ കെ ജോഷി

You must be logged in to post a comment Login