ഇരുട്ടിന്റെ കൂട്ട്

ഇരുട്ടിന്റെ കൂട്ട്

‘അല്ലാഹു കപടവിശ്വാസികളെ പരിഹസിക്കുന്നു'(ബഖറ 15). കപടവിശ്വാസികള്‍ സ്വയം പരിഹാസ്യരാവുകയാണ് എന്നാണ് ഇതിന്റെ സാരം. വിശ്വാസികളെ പരിഹസിക്കുകയും നിന്ദിക്കുകയും ചെയ്യുന്നവരാണല്ലോ അവര്‍. അതിന് അവര്‍ക്ക് കിട്ടിയ ഫലമാണ് അല്ലാഹുവിന്റെ പരിഹാസം. ചോദിച്ചുവാങ്ങിയ നിന്ദ്യത. അല്ലാഹുവിന്റെ പരിഹാസത്തെക്കാള്‍ വലിയ നിന്ദ്യത വേറെയുണ്ടോ?

പരിഹാസം സാരമായ അപരാധമാണ്. വിശ്വാസികളുടെതായാലും കപടവിശ്വാസികളുടെതായാലും. ജന്മവൈകല്യമുള്ളവരെയും അംഗപരിമിതിയുള്ളവരെയും പരിഹസിക്കുന്നതിലൂടെ അത് നിശ്ചയിച്ച പടച്ചവനെ കൂടി പരിഹസിക്കുകയാണ്. അല്ലാഹുവിന്റെ നിശ്ചയത്തെ കൊച്ചാക്കി കാണുന്നുവെന്നാണ് ഈ പരിഹാസച്ചിരിയുടെ അര്‍ത്ഥം.

വാക്കുകളിലൂടെ എന്ന പോലെ നോട്ടവും ചിരിയും ഉള്ളിലിരിപ്പുമെല്ലാം പരിഹാസത്തോടെ പ്രകടിപ്പിക്കുന്നതും കുറ്റകരം തന്നെ.

ആരോഗ്യവാന്‍ കൃശഗാത്രനെയോ അംഗപൂര്‍ണന്‍ അംഗപരിമിതനെയോ നിറമുള്ളവന്‍ നിറമില്ലാത്തവനെയോ ധനികന്‍ ദരിദ്രനെയോ പരിഹസിക്കരുത്. ചെറുതാക്കരുത്. ജീവിതത്തിന്റെ പുറംചട്ട നോക്കി അപഹസിക്കുന്നത് ശുദ്ധ മണ്ടത്തരമാണ്. സൂറ ഹുജ്‌റാത്ത് 11ല്‍ പറയുന്നു: നിങ്ങള്‍ ഒരാളെയും പരിഹസിക്കരുത്. പരിഹസിക്കപ്പെടുന്നവര്‍ പരിഹസിക്കുന്നവനെക്കാള്‍ ശ്രേഷ്ഠതയുള്ളവരാണെങ്കിലോ?
മനസ്സിന്റെ ശുദ്ധിയും സമ്പത്തുമാണ് ഇവിടെ ഖുര്‍ആന്‍ മാനദണ്ഡമാക്കുന്നത്. എപ്പോഴും അഴിഞ്ഞ് വീണേക്കാവുന്ന പുറംമോടികളല്ല.

എത്ര ആഴത്തിലാണ് ഖുര്‍ആന്റെ ഉപദേശം. മനുഷ്യന്റെ ആരോഗ്യവും സൗന്ദര്യവും ആകാരവും ശബ്ദഭംഗിയും ഒന്നും അവനവന്റെ ഇഷ്ടാനുസരണം കിട്ടിയതല്ല. ആണും പെണ്ണുമായത് നമ്മുടെ ഇച്ഛകൊണ്ടല്ല. നമ്മുടെ തീരുമാനം കൊണ്ട് വന്നുചേര്‍ന്നതോ ചോര്‍ന്നുപോയതോ അല്ല ഇപ്പറഞ്ഞതൊന്നും. എല്ലാം പടച്ചവന്റെ തീരുമാനങ്ങളാണ്.
എന്നിട്ടും നമ്മള്‍ പരിഹസിക്കുകയാണോ?

പരിഹസിക്കുന്നവരെ കാത്തിരിക്കുന്നത് വേദനാപൂര്‍ണമായ ശിക്ഷയാണ് എന്ന് ഖുര്‍ആന്‍ പറഞ്ഞുവെക്കുന്നുണ്ട്.

മാനുഷികമായ ഒരു സമീപനം കൂടി ഈ ഉപദേശം ഉള്‍കൊള്ളുന്നു. പരിഹാസത്തിലൂടെ പരസ്പരം അടുക്കുകയല്ലല്ലോ. വേര്‍പിരിയുകയാണ്. സ്‌നേഹത്തിന് പകരം ദേഷ്യം വിതക്കുകയാണ്. അതുകൊണ്ട് പരിഹാസത്തെ പടിക്കുപുറത്താക്കാനാണ് ഖുര്‍ആന്‍ കല്‍പന.
ബഖറ തുടരുന്നു: കപടവിശ്വാസികളുടെ വ്യവഹാരം നഷ്ടത്തിലാണ്. കച്ചവടം കൊണ്ട് ലാഭമാണ് എല്ലാവരുടെയും താല്‍പര്യം. പക്ഷേ മുനാഫിഖുകള്‍ നഷ്ടക്കച്ചവടക്കാരാണ്.
ഭൂമി കൃഷിയിടമാണല്ലോ. പരലോകത്ത് ഫലം കൊയ്യാനുള്ള കൃഷി. പക്ഷേ കപടരുടെ കൃഷിവേലകൊണ്ട് ഒന്നും ലാഭമായി അവര്‍ക്ക് നേടാനാവില്ലെന്ന് അല്ലാഹു അവര്‍ക്ക് അവരെയറിയിച്ചു. നഷ്ടക്കച്ചവടത്തിലാണ് ഈ കൃഷിയിടമെന്ന് നേരത്തെ മുന്നറിയിപ്പ് കൊടുത്തു. എന്നിട്ടും അവര്‍ ചെവികൊണ്ടില്ല. എങ്ങനെ കൊള്ളാനാണ്. കാതുകള്‍ അടച്ചുപിടിച്ചിരിക്കുകയാണല്ലോ മുനാഫിഖുകള്‍.

പരലോകത്ത് ചിലര്‍ അന്ധരായി പ്രത്യക്ഷപ്പെടുന്നു. അവര്‍ അല്ലാഹുവോട് ആവലാതി ബോധിപ്പിക്കുന്നു. നാഥാ, ഞങ്ങള്‍ ഭൂമിയില്‍ കാഴ്ചയുള്ളവരായിരുന്നല്ലോ. അതെ, കാഴ്ചയും കേള്‍വിയുമുള്ളവര്‍ തന്നെയാണ്. പക്ഷേ അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ക്കു നേരെ കണ്ണടച്ച് അന്ധത അഭിനയിക്കുകയായിരുന്നല്ലോ. അതിന്റെ തിക്ത ഫലമാണ് ഇപ്പോഴത്തെ ഈ ഇരുട്ട്. കപട വിശ്വാസികളുടെ കാര്യത്തെയാണ് ഇപ്പറഞ്ഞത്. അല്ലാഹുവില്‍ യഥാര്‍ത്ഥ വിശ്വാസമുള്ളവര്‍ക്ക് മാത്രമേ അവന്റെ ദൃഷ്ടാന്തങ്ങളെ അംഗീകരിക്കാനും അനുഗ്രഹങ്ങളെ അവന്റേതാണെന്ന ആശയോടെ അനുഭവിക്കാനും കഴിയുകയുള്ളൂ. കപടവിശ്വാസികള്‍ക്കത് സാധ്യമല്ല.

ഭൂമിയില്‍ എത്രകാലമാണ് നമ്മുടെ വാസം. ആര്‍ക്കും നിശ്ചയമില്ല. എത്രയുമാകാം. കൂടിയാല്‍ ഇത്രവരെ എന്നുണ്ട്. പരലോകത്തെ വാസമോ? അതിദീര്‍ഘം. കണക്കാക്കപ്പെടാനാവാത്തത്ര കാലം. പക്ഷേ നമ്മുടെ അധ്വാനങ്ങളോ, ചുരുക്ക കാലത്തെ ഭൂമിവാസത്തിനുവേണ്ടി എത്രയോ അധ്വാനിക്കുന്നു. അനന്തമായ പരലോകത്തിന് വേണ്ടി ചുരുക്കം പണികള്‍. കൂടുതല്‍ ലാഭം വേണ്ടത് പരലോക വ്യാപാരത്തിലാണ്. അവിടത്തേക്കുള്ള അധ്വാനങ്ങള്‍ വര്‍ദ്ധിക്കട്ടെ. ഖുര്‍ആന്റെ മുനയുള്ള പ്രയോഗം നോക്കൂ, സന്മാര്‍ഗം കൊടുത്ത് നിങ്ങള്‍ ദുര്‍മാര്‍ഗം സ്വന്തമാക്കുകയോ, സ്വര്‍ഗം കൊടുത്ത് നരകം വാങ്ങുകയോ കപടവിശ്വാസികള്‍ ചെയ്തതുപോലെ.

ഡോ മുഹമ്മദ് ഫാറൂഖ് നഈമി

 

You must be logged in to post a comment Login