കലഹങ്ങളിലല്ല സംവാദങ്ങളിലാണ് ഭാവി

കലഹങ്ങളിലല്ല സംവാദങ്ങളിലാണ് ഭാവി

നാല്പതു വര്‍ഷത്തെ മര്‍കസ് ഒരു സംസ്‌കാരത്തെ രൂപപ്പെടുത്തിയത് എങ്ങനെയൊക്കെയാണ്?

പഠിക്കുന്നത് പ്രാവര്‍ത്തികമാക്കുമ്പോഴാണ് വിദ്യാഭ്യാസത്തിന്റെ ഫലം സിദ്ധിക്കുന്നത്. പഠനം പഠനത്തിന് വേണ്ടി എന്നതല്ല, പഠനം പ്രവര്‍ത്തിക്കാന്‍ എന്നതാണ് നമ്മുടെ തത്വം. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസത്തിന് മര്‍കസ് പ്രാമുഖ്യം നല്‍കുന്നത് അതുകൊണ്ടാണ്. അറിവുകളോടൊപ്പം അത് പ്രയോഗിക്കാനുള്ള പര്‍ണശാലകൂടി ഒരുക്കുകയാണ് മര്‍കസ്. നന്മയും സ്‌നേഹവും മാനവികതയും നമ്മുടെ ജീവിത ശൈലിയാകുകയാണ് വേണ്ടത്. ആത്യന്തികമായി ഇസ്‌ലാം വിഭാവനം ചെയ്യുന്ന ഈ മൂല്യങ്ങളെ സമൂഹത്തില്‍ പ്രസരിപ്പിക്കുകയാണ് മര്‍കസ് ചെയ്യുന്നത്. വിദ്യാഭ്യാസം, വാണിജ്യം, ആരോഗ്യം, ജീവ കാരുണ്യം അങ്ങനെ എല്ലാ മേഖലകളിലും മര്‍കസ് ഒരുത്തമ സംസ്‌കാരം വാര്‍ത്തെടുത്തിട്ടുണ്ട്. ഇന്ത്യയുടെ രാഷ്ട്ര നിര്‍മാണത്തില്‍ അതിമനോഹരമായ ഒരു സംഭാവനയാണ് മര്‍കസ് രൂപീകരിച്ചുകൊണ്ടിരിക്കുന്ന ഈ സംസ്‌കാരം.

പാരമ്പര്യ മുസ്‌ലിം സമൂഹത്തിന്റെ മുന്‍കയ്യില്‍ രൂപപ്പെട്ടതാണ് മര്‍കസ് എന്ന ആശയം. അതിന്റെ തുടക്കത്തിലെന്ന പോലെ പില്‍കാലത്തുമുണ്ടായ പ്രതികൂല സാഹചര്യങ്ങളെ എങ്ങനെയാണ് മറികടന്നത്?
പരിശുദ്ധ ഇസ്‌ലാമിന്റെ തനതു മാര്‍ഗത്തില്‍ നിന്നുകൊണ്ട് മുന്നോട്ടു പോകാന്‍ ചില തടസ്സങ്ങള്‍ ഉണ്ടായിരുന്നല്ലോ? പാരമ്പര്യത്തെ നിരാകരിക്കുന്നവരുടെ സ്വാധീനം അധികാര കേന്ദ്രങ്ങളെ ബാധിക്കുകയും പരമ്പരാഗത ഇസ്‌ലാമിനെയും അതിന്റെ പണ്ഡിത നേതൃത്വത്തെയും അവമതിക്കുകയും ചെയ്ത ഒരു സമയമായിരുന്നു അത്. ഇപ്പോഴും നമ്മെ പള്ളി മൂലയിലൊതുക്കാനുള്ള വ്യഗ്രത കാണാമല്ലോ? അത്തരമൊരു സന്ധിയില്‍ ശക്തമായ തീരുമാനങ്ങളെടുക്കേണ്ടിയിരുന്നു. മര്‍കസ് അത് ചെയ്തു. മുന്നോട്ടു പോയി. സംസ്ഥാന അതിര്‍ത്തികള്‍ ഭേദിച്ചും പിന്നീട് രാജ്യാന്തര തലത്തിലേക്കും അത് വളര്‍ന്നു. ലോകത്തെവിടെ ചെന്നാലും നമ്മുടെ ആശയക്കാരാണ് കൂടുതല്‍. അങ്ങനെ വലിയ ശൃംഖലകളുണ്ടാക്കി. അത് നമ്മുടെ രാജ്യത്തിന്റെ വളര്‍ച്ചക്കും സൗഹൃദങ്ങള്‍ക്കും കൂടി ഉപയോഗപ്പെടുത്താനായി. കാലോചിതമായി പുതിയ വഴികളും മാധ്യമങ്ങളും നമ്മളുപയോഗിക്കേണ്ടതായി വരും. പക്ഷേ, നമ്മുടെ പാരമ്പര്യത്തെ അവഗണിച്ചു കൊണ്ട് നമുക്കതാവില്ല. ആദര്‍ശവും മുഖ്യമല്ലേ? അപ്പോള്‍ പരിമിതികളുണ്ടാകും, സമയമെടുക്കും. പക്ഷേ, നമ്മളത് കൃത്യമായി, സൂക്ഷ്മമായി സമീപിക്കുകയും പ്രയോഗിക്കുകയും വേണം. മര്‍കസ് അതിനുള്ള ധൈര്യം കാണിക്കുന്നുണ്ട്.

അറബ്‌വത്കരണം സമൂഹത്തിലുണ്ടായ ഒരു യാഥാര്‍ത്ഥ്യമാണ്. അത് ആഗോളീകരണം, ഗള്‍ഫ് കുടിയേറ്റം എന്നിങ്ങനെയുള്ള വ്യത്യസ്ത കാരണങ്ങളാലാകാം ഇവിടെയും സംഭവിച്ചത്. നമ്മളെങ്ങനെയാണ് അതിനെ അഭിമുഖീകരിച്ചത്?
അറബ് നാട്ടിലേക്കുള്ള കുടിയേറ്റത്തിന് ശേഷം നമുക്കുണ്ടായ സാംസ്‌കാരിക കൈമാറ്റത്തെയാണോ നാം അറബ്‌വത്കരണം എന്ന് വിളിക്കുന്നത്? സാംസ്‌കാരിക വിനിമയങ്ങള്‍ എല്ലാ കാലത്തുമുണ്ട്. അത് നല്ലൊരു കാര്യമാണ്. ചില സാംസ്‌കാരങ്ങള്‍ മറ്റു ചിലതിനോട് കാണിക്കുന്ന ശത്രുതാമനോഭാവത്തെയും മോധാവിത്വങ്ങളെയും അപലപിക്കുന്നതോടൊപ്പം സഹവര്‍ത്തിത്വത്തിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന സാംസ്‌കാരിക സവിശേഷതകള്‍ നല്ലതാണെന്നേ പറയൂ. ഇനി എഴുപതുകള്‍ക്ക് ശേഷമുള്ള സാഹചര്യം മാത്രം നോക്കിയാല്‍ തന്നെ കേരളത്തിലും അറബ് സംസ്‌കാരത്തിന്റെ പല സവിശേഷതകളും വന്നിട്ടുണ്ടാകും. അവയില്‍ പല നന്മയുമുണ്ടാകും. പിന്നെ നാടിന്റെ സാമ്പത്തിക മേഖലക്കും നേട്ടമുണ്ടായി. കണ്ടാല്‍ സലാം പറയുക, മുസ്വാഫഹത്ത്(ഹസ്തദാനം) ചെയ്യുക, പള്ളിയില്‍ ജമാഅത്ത് നിസ്‌കാരങ്ങള്‍ക്ക് കൂടുക തുടങ്ങിയ ഇസ്‌ലാമിക രീതികള്‍ വ്യാപകമായിട്ടുണ്ട്. എന്നാല്‍ നമ്മുടെ കാലാവസ്ഥക്കോ ഭൂപ്രകൃതിക്കോ തീരെ യോജിക്കാത്ത പകര്‍ത്തലുകള്‍ ശരിയല്ല. ഭക്ഷണക്രമീകരണങ്ങളിലും വാസ്തുവിദ്യ അടക്കമുള്ള സംഗതികളിലും അത് ശ്രദ്ധിക്കണം.

മര്‍കസ് എങ്ങനെയാണ് അറബ് വത്കരണത്തെ കണ്ടത്?
എല്ലാ അര്‍ത്ഥത്തിലും നിറയെ എതിര്‍പ്പുകളുണ്ടായ ഒരു കാലത്ത് സാമ്പത്തിക സ്രോതസ്സ് എന്ന നിലക്ക് അറബ് രാജ്യങ്ങളെ നാം സമീപിച്ചിട്ടുണ്ട്. രാജ്യാന്തര നിലവാരത്തിലേക്ക് മര്‍കസിന് വളരാനുള്ള വഴിയായിരുന്നു ഈ അറബ് ബന്ധങ്ങള്‍. മറ്റെല്ലാ ഘടകങ്ങളെക്കാളും അവരുമായി നയതന്ത്ര ബന്ധങ്ങളാണ് നാം സൂക്ഷിച്ചത്. അത് രാജ്യത്തിന് എങ്ങനെ ഉപകാരപ്പെടണമെന്ന് എപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട്.

കേരളത്തിലെ മുസ്‌ലിം സ്ത്രീയുടെ ഔപചാരിക ഭൗതിക വിദ്യാഭ്യാസം 1901 ല്‍ 0.2 ശതമാനവും 2001 ല്‍ അത് 90.6 ശതമാനവുമാണെന്ന് കണക്കുകള്‍ കാണിക്കുന്നു. മുസ്‌ലിം സ്ത്രീയുടെ വിദ്യാഭ്യാസ മുന്നേറ്റത്തെത്തെ മര്‍കസ് എങ്ങനെയാണ് കാണുന്നത്?
പഠിക്കാന്‍ കൂടുതല്‍ സൗകര്യപ്രദവും അച്ചടക്കമുള്ള സാഹചര്യങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു മുസ്‌ലിം പെണ്‍കുട്ടികള്‍. അതുണ്ടായപ്പോള്‍ പഠനരംഗത്ത് അവര്‍ മുന്നോട്ടുവന്നു. ഇന്നിപ്പോള്‍ ഏത് സ്ഥാപനങ്ങളിലും, പ്രത്യേകിച്ചും പ്രൊഫഷണല്‍ വിദ്യാഭ്യാസ രംഗത്ത് വരെ പെണ്‍കുട്ടികളാണ് അധികവും. അത്തരം സാഹചര്യങ്ങളൊരുക്കിക്കൊടുക്കാന്‍ ഇവിടെ മത സംഘടനകള്‍ ശ്രദ്ധ കാണിച്ചിട്ടുണ്ട്. സമൂഹത്തിന്റെ ഏറ്റവും അടിസ്ഥാന ഘടകമായ കുടുംബത്തിന്റെ വിളക്കാണ് സ്ത്രീ. അവള്‍ ശക്തയായിരിക്കുക തന്നെ വേണം. അറിവുള്ള സ്ത്രീകള്‍ക്ക് ആരോഗ്യമുള്ള തലമുറയെ മുന്നോട്ടുവെക്കാനാകും. മര്‍കസിനെ സംബന്ധിച്ചിടത്തോളം, മര്‍കസിന്റെ വിവിധ സ്ഥാപനങ്ങളിലായി ആയിരക്കണക്കിന് വിദ്യാര്‍ത്ഥിനികളുണ്ട്. അനിവാര്യമായ ഒട്ടേറെ വിദ്യാഭ്യാസ സാധ്യതകള്‍ അവര്‍ക്ക് ലഭ്യമാക്കാന്‍ മര്‍കസ് താത്പര്യം കാണിക്കുന്നുണ്ട്.

ദഝ(സഹ്‌റതുല്‍ ഖുര്‍ആന്‍ പ്രീ പ്രൈമറി) മുതല്‍ ജഏ വരെയുള്ള വിദ്യാഭ്യാസം മര്‍കസ് നിലവില്‍ നടത്തിക്കൊണ്ടിരിക്കുന്നു. മതപഠനത്തിന് കൂടുതല്‍ സാധ്യതകളുള്ള പുതിയ പദ്ധതിയാണ് ക്യൂന്‍സ് ലാന്‍ഡ്. അത്യാധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമാണ് ഈ പദ്ധതിയിലുണ്ടാവുക. സമന്വയ വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്കുവേണ്ടി ‘ഹാദിയ’ എന്ന കോഴ്‌സ് മര്‍കസ് വര്‍ഷങ്ങള്‍ക്ക് മുമ്പ് സംവിധാനിച്ചു. അവര്‍ക്ക് തൊഴിലെന്നതിനപ്പുറം അതൊരു ആത്മീയ പുരോഗതി കൂടിയാണുതാനും. ആവശ്യക്കാര്‍ക്ക് സ്വയം തൊഴിലിനുള്ള ഉപകരണങ്ങള്‍ മര്‍കസിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലൂടെ വിതരണം ചെയ്യപ്പെടുന്നുണ്ട്. സ്ത്രീകളുടേതായ തൊഴില്‍ സംരംഭങ്ങളും ആവിഷ്‌കരിക്കപ്പെടണം. പ്രത്യേകിച്ചും പല ഉത്തേരന്ത്യന്‍ ഗ്രാമങ്ങളിലും സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങള്‍ സ്ത്രീകള്‍ക്ക് വളരെ ഉപകാരപ്രദമാകും എന്ന് നിരീക്ഷിച്ചിട്ടുണ്ട്.

ഉത്തരേന്ത്യയിലേക്കുള്ള വിദ്യാഭ്യാസ സേവന പ്രവര്‍ത്തനങ്ങള്‍ക്കു പിന്നിലുള്ള പ്രചോദനമെന്താണ്?
നമുക്കിവിടെ നല്ല നേതൃത്വമുണ്ട്. സംഘടനാ സംവിധാനങ്ങളും മികച്ചതാണ്. സമസ്ത സാധ്യമാക്കിയ വലിയ വിപ്ലവമാണ് കേരളത്തിലെ മുസ്‌ലിം സമുദായത്തിന്റെ ഈ നേട്ടം. എന്നാല്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ സ്ഥിതി അങ്ങനെയല്ല. അവിടെ നേതൃത്വമില്ല. ചരിത്രപരമായ ഒട്ടേറെ കാരണങ്ങളാല്‍ പ്രതാപങ്ങളോ ധിഷണയോ ഒന്നും കൈമാറ്റം ചെയ്യപ്പെട്ടില്ല. അധികാരവും സമ്പത്തുമുള്ളവരാകട്ടെ സമുദായത്തില്‍ താത്പര്യം കാണിക്കുന്നുമില്ല. അങ്ങേയറ്റം പരിതാപകരമായ സാഹചര്യങ്ങളില്‍ നരകയാതന അനുഭവിക്കുന്ന മുസ്‌ലിം ജനസാമാന്യത്തിന്റെ ജീവിതങ്ങളായിരിക്കും ഇന്ത്യയില്‍ ഒരുപക്ഷേ ഏറ്റവും ദയനീയമായത്. അവര്‍ക്ക് അവരുടെ അവകാശങ്ങളെ പറ്റി അറിവില്ല. എന്നല്ല, ഒന്നിനെ പറ്റിയും ഒരറിവുമില്ല. തൊഴില്‍ അടിമവേല പോലെ. അതവരെ ചൂഷണം ചെയ്യാനുള്ള ഒരുപാധി മാത്രം. നല്ല കിടപ്പാടം, നല്ല വസ്ത്രം, നല്ല ഭക്ഷണം ഇങ്ങനെ ഒരു സ്വപ്‌നം തന്നെ അവര്‍ക്കുണ്ടോ എന്നറിയില്ല. അവിടങ്ങളില്‍ യാത്ര ചെയ്യുമ്പോഴൊക്കെ മനസ്സില്‍ തട്ടിയ കാര്യങ്ങളാണിവ. അവരും നമ്മുടെ സഹോദരങ്ങളല്ലേ? അവര്‍ക്ക് വേണ്ടി എന്ത് ചെയ്യാനാകും? വിദ്യാഭ്യാസത്തിലൂടെ മാത്രമേ സുസ്ഥിരമായ ഒരു പുരോഗതി അവര്‍ക്കുണ്ടാകൂ എന്ന് മനസ്സിലാക്കി. അധ:സ്ഥിതരായ ഈ മുസ്‌ലിം ജനസാമാന്യത്തെ നമ്മുടെ രാഷ്ട്ര നിര്‍മാണത്തില്‍ പങ്കാളികളാക്കുകയാണെങ്കില്‍ ഇന്ത്യ കുറേ കൂടി വളരും. അലസരായി, അലക്ഷ്യമായി പോകുന്ന മുസ്‌ലിം മാനവവിഭവത്തെ രാജ്യപുരോഗതിക്ക് വേണ്ടി സജ്ജമാക്കണം. അതിനവര്‍ക്ക് നല്ല മത-ഭൗതിക വിദ്യാഭ്യാസവും തൊഴിലും ജീവിത സാഹചര്യങ്ങളും ഒരുക്കിക്കൊടുക്കണം. എന്നാല്‍ അവിടെ നല്ല വിശ്വാസാവേശമുള്ള ജനങ്ങളുമേറെയുണ്ട്. മതകാര്യങ്ങളിലൊക്കെ നല്ല താത്പര്യമുള്ളവര്‍. ധൈഷണിക നേതൃത്വത്തിന്റെ അഭാവം മൂലം പരുവപ്പെടാതെ പോയ ഒട്ടേറെ പേര്‍. അവരെ നല്ല വിശ്വാസികളാക്കി, പൗരന്മാരാക്കി വാര്‍ത്തെടുക്കുകയാണ് നമ്മള്‍ ചെയ്യുന്നത്. വിധ്വംസക പ്രവര്‍ത്തനങ്ങളിലേക്കൊന്നും വഴിതെറ്റിപ്പോകാത്ത, അത്തരത്തില്‍ ആര്‍ക്കും പ്രകോപിപ്പിക്കാനോ ചൂഷണം ചെയ്യാനോ പറ്റാത്ത ഒരു നല്ല സമൂഹം വളരുന്നതിനെ കുറിച്ചാണ് ആലോചിക്കുന്നത്.

മുസ്‌ലിംകളുടെ പ്രാതിനിധ്യം രാജ്യപുരോഗതിയില്‍ അനിവാര്യമാണ്. മുസ്‌ലിംകള്‍ തങ്ങളുടെ പ്രതിനിധാനം ഉറപ്പാക്കുന്നതിന് രാഷ്ട്രീയമല്ലേ നല്ല വഴി?
കക്ഷിരാഷ്ട്രീയത്തില്‍ നിന്ന് തിരെഞ്ഞെടുപ്പുകളില്‍ മത്സരിച്ച് മുന്നേറി വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഒരായുസ്സ് തികയാതെ വരും. എന്നാല്‍ രാഷ്ട്രീയത്തിലൂടെയാണ് അത്യന്തികമായി മാറ്റങ്ങള്‍ സംഭവിക്കുന്നത്. നമ്മുടെ ജനാധിപത്യ വ്യവസ്ഥിതിയുടെ രീതി അങ്ങനെയാണ്. അതുകൊണ്ട് വിദ്യാസമ്പന്നരായി അത്തരം വ്യവസ്ഥിതിയില്‍ സാധ്യമായ സ്വാധീനമുണ്ടാക്കുകയാണ് വേണ്ടത്. പരമ പ്രധാനമായി, താഴെ തട്ടില്‍ നിന്ന് നല്ലൊരു വിദ്യാഭ്യാസ ജാഗരണം കൂടി വേണം. തങ്ങളുടെ അവകാശങ്ങളെ കുറിച്ച് ധാരണയുള്ളവരിലേക്കേ അധികാരികളുടെ കൃത്യമായ നോട്ടമെത്തൂ. അതുകൊണ്ട് വിദ്യ നേടിയും കൊടുത്തുമാണ് പ്രതിനിധാനത്തിന് ശ്രമിക്കേണ്ടത്.

ലോക ചരിത്രത്തിലെ വൈജ്ഞാനിക മികവിന്റെ ഏറ്റവും ശ്രദ്ധേയമായ കേന്ദ്രങ്ങളായിരുന്നല്ലോ മുസ്‌ലിം നഗരങ്ങള്‍. ആ പ്രതാപത്തിന്റെ നവാവിഷ്‌കാരമാണോ മര്‍കസ് നോളജ് സിറ്റി?
നമ്മുടെ മഹത്തായ ജ്ഞാന പാരമ്പര്യത്തിന്റെ ഏറ്റവും നൂതനമായ ആവിഷ്‌കാരം തന്നെയാണ് നോളജ് സിറ്റി കൊണ്ട് നാം ഉദ്ദേശിക്കുന്നത്. ഇത് ഇന്ത്യയുടെ തന്നെ വരും നൂറ്റാണ്ടിലെ വികസന സങ്കല്‍പങ്ങള്‍ക്ക് ഒരു മാതൃകയായിരിക്കും. അതായത്, ഇനി നാഗരിക വികസനങ്ങളുടെ കാലമാണ് വരാനിരിക്കുന്നത്. അവിടെയാണ് ഒരു വൈജ്ഞാനിക നഗരത്തിന്റെ മേന്മയും സാധ്യതകളും നാം അവതരിപ്പിക്കുന്നത്. അതുപോലെ, പല കാലങ്ങളിലായി ലോക ചരിത്രത്തില്‍ സംഭവിച്ച വൈജ്ഞാനിക കൈമാറ്റങ്ങളുടെ പ്രധാന കണ്ണികളായിരുന്നു ഇസ്‌ലാമിക നഗരങ്ങളും പണ്ഡിതന്മാരും. മധ്യകാലത്ത് ശോഭനമായിരുന്ന ആ പൈതൃകത്തിന്റെ തുടര്‍ച്ച രാഷ്ട്രീയവും സാമൂഹികവുമായ കാരണങ്ങളാല്‍ മങ്ങിപ്പോയിട്ടുണ്ട്. വിജ്ഞാനത്തോടുള്ള മുസ്‌ലിംകളുടെ ദാഹവും ആര്‍ജ്ജിക്കുന്ന വിജ്ഞാനീയങ്ങളെ അപഗ്രഥിക്കാന്‍ ഉപയോഗിച്ച നിദാന ശാസ്ത്രങ്ങളുമാണ് ഈ പാരമ്പര്യത്തിന്റെ പ്രത്യേകത. ഗ്രീക്ക് തത്വചിന്തയിലെയൊക്കെ പിഴവുകളെ നിര്‍ദ്ധാരണം ചെയ്തത് അങ്ങനെയാണ്. ബൈതുല്‍ ഹികമുകളിലും ഇസ്‌ലാമിക് സ്‌പെയ്‌നിലെ നഗരങ്ങളിലും പ്രശോഭിച്ച ജ്ഞാനഗോപുരങ്ങള്‍ പക്ഷേ, കുരിശുയുദ്ധങ്ങളോടെ ക്ഷയിച്ചു തുടങ്ങി. എന്നാല്‍ തിരുനബിയുടെ കാലം മുതല്‍ക്കേ സ്വഹാബികളും താബിഉകളും അവരുടെ പിന്മുറക്കാരും പിന്നീട് സൂഫികളും ദേശാടനങ്ങളിലൂടെയും മറ്റുമായി വേറെയും ജ്ഞാനധാരകള്‍ പ്രചരിക്കപ്പെട്ടു. നമ്മുടെ മഹത്തായ ഈ ജ്ഞാന ശൃംഖലകളെയും പാരമ്പര്യങ്ങളെയും നാം ആധുനികതയുടെ സാധ്യതകളോട് ചേര്‍ത്ത് വെക്കുകയാണ് നോളജ് സിറ്റിയിലൂടെ ചെയ്യുന്നത്.
ലോ കോളേജ്, യൂനാനി മെഡിക്കല്‍ കോളേജ്, സ്‌പെഷ്യല്‍ സ്‌കൂള്‍, ഇന്റര്‍നാഷണല്‍ സ്‌കൂള്‍, സ്ത്രീ വിദ്യാഭ്യാസത്തിന് മാത്രമായി ക്വീന്‍സ് ലാന്‍ഡ് തുടങ്ങി ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ആരോഗ്യപരിപാലന കേന്ദ്രങ്ങള്‍, താമസ സൗകര്യത്തിന് ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ എന്നിവക്ക് പുറമെ ഇസ്‌ലാമിക നഗരങ്ങളിലെ വാണിജ്യ രീതികളിലുള്ള സൂഖും നോളജ് സിറ്റിയിലുണ്ടാകും.

ഈ അടുത്ത് ഹാദിയ- ഫ്‌ളാഷ് മോബ്- പര്‍ദ എന്ന കവിത തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ട് നല്ലൊരു വിഭാഗം മുസ്‌ലിംകളുടെ സോഷ്യല്‍ മീഡിയാ ഉപയോഗം ദുരന്ത സമാനമായിരുന്നു എന്ന് പറയാം. ഒടുവില്‍ പഴി കേള്‍ക്കേണ്ടി വന്നത് പണ്ഡിത സമൂഹത്തിനും. ഇതിനെ എങ്ങനെ കാണുന്നു?
ആവിഷ്‌കാര സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ഒരാള്‍ കാണുന്ന നന്മ പങ്കു വെക്കുകയും തിന്മ ചൂണ്ടിക്കാണിക്കുകയും ചെയ്യുന്നതും ആ സ്വാതന്ത്ര്യത്തിന്റെ തന്നെ ഭാഗമാണ്. മത നിയമങ്ങള്‍ പറയാനര്‍ഹതയുള്ളവര്‍ പറയട്ടെ. അത് തള്ളാനും കൊള്ളാനുമുള്ള സ്വാതന്ത്ര്യവും എല്ലാര്‍ക്കുമുണ്ട്. ആര്‍ക്കും മതനിയമങ്ങള്‍ പ്രഖ്യാപിക്കാം എന്ന ലാഘവത്വം സമുദായത്തിനകത്ത് സൃഷ്ടിച്ചവരാണ് നേരത്തേ പറഞ്ഞ വിഷയങ്ങളിലൊക്കെ സാമൂഹ്യ മാധ്യമങ്ങളില്‍ അപക്വത കാണിച്ചവരെ സംബന്ധിച്ച് ഉത്തരവാദികള്‍. മതം പറയേണ്ടവര്‍ മാന്യമായി പറയുക. മതത്തെ വിമര്‍ശിക്കുന്നവരും അത് മാന്യമായി തന്നെ ചെയ്യുക. ഒറ്റപ്പെട്ട സംഭവങ്ങളെ സാമാന്യവത്കരിക്കാതിരിക്കുക. നന്മക്ക് ഉപയോഗപ്പെടുത്തേണ്ട സാങ്കേതിക വിദ്യകളൊക്കെ കലഹങ്ങള്‍ക്കും കലാപങ്ങള്‍ക്കും ഉപയോഗിക്കുന്നത് കഷ്ടമാണ്. മനുഷ്യരെ തമ്മിലകറ്റാനാണെങ്കില്‍ ചര്‍ച്ചകളും സംവാദങ്ങളും ഇത്തരം ഇടങ്ങളും വേണ്ടെന്നുവെക്കുകയാകും നല്ലത്.

സാമൂഹികവും അധ്യാത്മികവുമായ ജാഗരണ മാര്‍ഗങ്ങളായിരുന്ന മത പ്രഭാഷണങ്ങള്‍ ഇപ്പോള്‍ ചില തിരുത്തുകള്‍ ആവശ്യപ്പെടുന്നുണ്ടോ?
കാലാനുസൃതമായ മാറ്റങ്ങള്‍ പ്രഭാഷണങ്ങളില്‍ കൊണ്ടുവരണം. നീട്ടിപ്പറയുന്ന പ്രസംഗങ്ങളെക്കാള്‍ ആറ്റിക്കുറുക്കിയ പ്രസംഗങ്ങളായിരിക്കും പുതുതലമുറക്ക് പ്രിയം. എന്നാല്‍ പഴയ രീതി ഇഷ്ടപ്പെടുന്നവരുമുണ്ടാകും. അവരെയും തൃപ്തിപ്പെടുത്തണം. വായനാശീലം കുറഞ്ഞാല്‍ ഉണ്ടാകുന്ന അവതരണങ്ങളിലെയും ഭാഷയിലെയും നിലവാരത്തകര്‍ച്ചയെ കുറിച്ച് പ്രഭാഷകര്‍ക്ക് ധാരണയുണ്ടാകുന്നത് നല്ലതാണ്. വിഷയം സ്ത്രീവിരുദ്ധമാകുന്നു എന്ന വിമര്‍ശനങ്ങളെ കുറിച്ച് പഠിക്കണം. അവതരണ രീതിയുടെ പോരായ്മ കൊണ്ടായിരിക്കാം പുതു തലമുറയില്‍ നിന്ന് അങ്ങനെയൊരു വിമര്‍ശനം കേള്‍ക്കുന്നത്. അതുപോലെ ബഹുസ്വര സാമൂഹികതയെ തകര്‍ക്കുന്ന തരം പ്രസംഗങ്ങള്‍ ഉണ്ടാകാനേ പാടില്ല. അത് പ്രസംഗത്തിന്റെ ഉള്ളടക്കം മാത്രമല്ല, പ്രഭാഷണ വേദികളുടെ സംവിധാനങ്ങള്‍ കൂടി ശ്രദ്ധിച്ച് ചെയ്യേണ്ടതാണ്. ശബ്ദ ക്രമീകരണം തന്നെ മുഖ്യം. ശ്രോതാക്കള്‍ക്ക് തെറ്റിദ്ധാരണകളുണ്ടാക്കാന്‍ കാരണമാകുന്ന തരം സാങ്കേതിക വിദ്യകള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യുന്നതാണ് നല്ലത്.

ഇസ്‌ലാമിന്റെ അവാന്തര ഭിന്നതകളെ നാം അഭിമുഖീകരിക്കേണ്ടത് എങ്ങനെയാണ്?
ഇസ്‌ലാമിനകത്തെ അവാന്തര വിഭാഗങ്ങള്‍ ദീനിന്റെ തനതു കാഴ്ചപ്പാടില്‍ നിന്ന് വ്യതിചലിച്ച് പോകുകയും ഇസ്‌ലാമിനെ അപകീര്‍ത്തിപ്പെടുത്തും വിധം പ്രവര്‍ത്തിക്കുകയും ചെയ്യുന്നവരാണ്. അത്തരം വിഭാഗങ്ങള്‍ ഒരു യാഥാര്‍ത്ഥ്യമാണ്. ഈ വിഭാഗീയതകള്‍ നബി തങ്ങള്‍ മുന്നറിയിപ്പ് നല്‍കിയതുമാണ്. പക്ഷേ, ആശയാദര്‍ശങ്ങളില്‍ അവരോട് വിട്ടുവീഴ്ച ചെയ്യണമെന്നാകുന്നില്ലല്ലോ? അങ്ങനെ പാടില്ലെന്നല്ലേ? എന്നു കരുതി, കോലാഹലങ്ങളോ കലഹങ്ങളോ അരുത് താനും. പക്ഷേ, ആരോഗ്യകരമായ സംവാദങ്ങളുണ്ടാകണം. എന്നാലേ അവരുടെ ജല്‍പനങ്ങള്‍ കേട്ട് പെട്ടുപോയവര്‍ക്ക് തിരികെ വരാന്‍ അവസരമുണ്ടാകൂ.

സലഫികളടക്കമുള്ള പ്രസ്ഥാനങ്ങളെ നോക്കി ഇസ്‌ലാമിനെ വിലയിരുത്തുന്ന പൊതു ബൗദ്ധികധാരയെ ആരാണ് കാര്യങ്ങള്‍ ധരിപ്പിക്കേണ്ടത്? പണ്ഡിതന്മാര്‍ അത് ചെയ്യുന്നുണ്ടോ? പരിമിതികള്‍ എന്തൊക്കെയാണ്?
പരിമിതികള്‍ കുറേയുണ്ട്. മുന്നിട്ടിറങ്ങാനാവുന്നില്ല എന്നത് തന്നെയാണ് ഒന്ന്. വളരെ സൂക്ഷ്മതയോടെ മാത്രം കടന്നു ചെല്ലാനും കൈകാര്യം ചെയ്യാനുമുള്ള ഇടങ്ങളാണ് പൊതുമണ്ഡലങ്ങളിലേറെയും. അക്കാദമിക രംഗത്ത് ശക്തമായ ഒരു ശൃംഖല നമുക്ക് വേണം. പൊതുബോധത്തിലെ മുസ്‌ലിം ഇന്റലിജന്‍ഷ്യയെ പുനര്‍ നിര്‍വചിക്കണം. മാധ്യമ രംഗത്തും കലാസാംസ്‌കാരിക മേഖലകളിലുമൊക്കെ തന്നെ നല്ല മിടുക്കരായ പണ്ഡിതന്മാരും പാരമ്പര്യ മുസ്‌ലിംകളും വരണം. എന്നാലേ പണ്ഡിതന്മാര്‍ ചെയ്യുന്നതൊക്കെ ഫലത്തില്‍ കാണൂ.

സുന്നി ഐക്യത്തെക്കുറിച്ച്?
സുന്നികള്‍ ഒരുമിക്കുക. അതിന് സുന്നി ആദര്‍ശം ആവേശമാകണം. അപ്പോള്‍ അവിടെ രാഷ്ട്രീയം തടസ്സപ്പെടുത്തില്ല. സമുദായത്തിനകത്ത് എല്ലാവരെയും ഐക്യപ്പെടുത്താന്‍ ശ്രമിക്കുന്ന ലീഗ്, സുന്നികളെ ഒരുമിപ്പിക്കാന്‍ ആത്മാര്‍ത്ഥമായി താത്പര്യം കാണിച്ചാല്‍ ഇതിന് വേഗം കൂടും. ഇപ്പോള്‍ ഏറെക്കുറെ എല്ലാവരും ഐക്യത്തിലാണ്. പ്രത്യേകിച്ച് നേതാക്കള്‍ക്കിടയിലും പുതുതലമുറയിലെ യുവപണ്ഡിതര്‍ക്കിടയിലും നല്ല യോജിപ്പുണ്ട്. അവര്‍ ഒരുമിച്ച് ഇരിക്കുന്നുണ്ട്. സംസാരിക്കുന്നുണ്ട്. സൗഹൃദങ്ങളുമുണ്ടാകുന്നുണ്ട്.

ഡോ. എ പി അബ്ദുല്‍ഹകീം അസ്ഹരി/
എന്‍ എസ് അബ്ദുല്‍ഹമീദ്‌

You must be logged in to post a comment Login