അടുത്തറിയുമ്പോള്‍ അമേരിക്ക ഇങ്ങനെയാണ്

അടുത്തറിയുമ്പോള്‍ അമേരിക്ക ഇങ്ങനെയാണ്

വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടന്ന് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ‘9/11: പഠിക്കാത്ത പാഠങ്ങള്‍’ എന്ന ശീര്‍ഷകത്തില്‍ നോം ചോംസ്‌കി എഴുതിയ കുറിപ്പില്‍ ഇങ്ങനെ വായിക്കാം: ‘ഇന്നിപ്പോള്‍ അവര്‍ നമ്മളെ വെറുക്കുന്നു, നമ്മുടെ സ്വാതന്ത്ര്യങ്ങളെ വെറുക്കുന്നു എന്നൊക്കെ പറഞ്ഞ് നമ്മള്‍ അമേരിക്കക്കാര്‍ സ്വയം സമാധാനിക്കാന്‍ ശ്രമിക്കുകയാണ്. അമേരിക്കക്കാരെ ഏറെ ആരാധിക്കുന്ന, അമേരിക്കയെ സംബന്ധിച്ചുള്ള പലകാര്യങ്ങളും ഇഷ്ടപ്പെടുന്ന, അമേരിക്കയിലെ സ്വതന്ത്ര ജീവിതം അസൂയയോടെ കാണുന്ന ഒരു പറ്റം ജനങ്ങള്‍ തന്നെയാണ് നമ്മെ വെറുക്കുന്നത് എന്നതാണ് കടകവിരുദ്ധമായ വസ്തുത. അവര്‍ വെറുക്കുന്നത് അമേരിക്കയെയല്ല, നമ്മുടെ നയങ്ങളെയാണ്.’

ചോംസ്‌കിയുടെ വാക്കുകള്‍ എത്രമാത്രം അര്‍ഥവത്താണ് എന്ന് തെളിയിക്കുന്നതായിരുന്നു അമേരിക്കയിലേക്ക് യാത്ര പോകുന്നുവെന്ന് സുഹൃത്തുക്കളെ വിളിച്ച് പറഞ്ഞപ്പോഴുണ്ടായ പ്രതികരണങ്ങള്‍. ‘ഭാഗ്യവാന്‍, അമേരിക്കയില്‍ പോകുന്നത് ചില്ലറ കാര്യമല്ല. അതും ഔദ്യോഗിക സ്വഭാവമുള്ള യാത്ര’യെന്ന് ചിലര്‍ ആവേശം കൊണ്ടു. യു എസിനോടുള്ള ആരാധന ഒളിഞ്ഞിരിപ്പുണ്ട് ഈ പ്രതികരണത്തില്‍. ‘ഒടുവില്‍ ഡോളറിന് കീഴ്‌പ്പെടാന്‍ പോകുന്നു’വെന്ന് മറ്റു ചിലര്‍ രാഷ്ട്രീയ ആക്ഷേപം ചൊരിഞ്ഞു. അമേരിക്കന്‍ നയങ്ങളോടുള്ള വെറുപ്പാണ് ഇവിടെ തെളിഞ്ഞു നില്‍ക്കുന്നത്.

യാത്രകള്‍ സാംസ്‌കാരിക പ്രവര്‍ത്തനമാണ്. എന്നാല്‍ യാത്ര അമേരിക്കയിലേക്കാവുകയും അത് സംഘടിപ്പിക്കുന്നത് യു എസ് വിദേശകാര്യ വകുപ്പാവുകയും സംഘത്തിലുള്ളവരെല്ലാവരും മാധ്യമ പ്രവര്‍ത്തകരാവുകയും ചെയ്യുമ്പോള്‍ പുറപ്പാട് രാഷ്ട്രീയഭരിതമാകാതെ തരമില്ല. അക്രമാസക്ത തീവ്രവാദം തടയുന്നതില്‍ പൗരസമൂഹത്തിന്റെ ശ്രമം- സിവില്‍ സൊസൈറ്റി എഫേര്‍ട്‌സ് ടു കൗണ്ടര്‍ വയലന്റ് എക്‌സ്ട്രിമിസം എന്നതാണ് യാത്രയുടെ ശീര്‍ഷകം. അതുകൊണ്ട് തന്നെ കാണുന്നതിലെല്ലാം രാഷ്ട്രീയം കാണുന്ന സവിശേഷമായ ഉള്ളടക്കമാണ് ഈ യാത്രക്കുണ്ടായിരുന്നത്.

നെടുമ്പാശേരിയില്‍ നിന്ന് മുംബൈയിലും അവിടെ നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലുമെത്തുമ്പോള്‍ വ്യത്യാസം പ്രകടമായിരുന്നു. മുംബൈയില്‍, യാത്രക്കാര്‍ ജനഗണമന തീരും മുമ്പേ ബാഗും കുടയുമെടുത്ത് ക്ലാസ് മുറിയുടെ വാതില്‍ക്കലേക്ക് ഓടുന്ന പഴയ കുട്ടികളെപ്പോലെയായിരുന്നു. ഫ്രാങ്ക്ഫര്‍ട്ടില്‍ ബിസിനസ് എക്‌സിക്യൂട്ടീവ് കോണ്‍ഫറന്‍സിനെത്തിയ, വ്യക്തിത്വ പരിശീലനം വേണ്ടുവോളം സിദ്ധിച്ച ആധുനികനെപ്പോലെയും. ഒട്ടും തിടുക്കമില്ല. ഒട്ടും ബഹളമില്ല. തണുത്ത നിശബ്ദത. കണ്ടില്ലേ നാടിന്റെ മാറ്റമെന്ന് സംഘാംഗങ്ങളിലാരോ പറഞ്ഞു. എത്രയോ യാത്രകളില്‍ ആവര്‍ത്തിച്ച് ക്ലീഷേ ആയിപ്പോയ വാചകം. ഓഖി ചുഴലിക്കാറ്റിന്റെ ദുരന്ത വാര്‍ത്തകളെയും വിവാദങ്ങളെയും പിന്നിലാക്കിയാണ് പതിനഞ്ച് ദിവസത്തെ അവധിയില്‍ യാത്രക്കിറങ്ങിയത്. ചുഴലിയുടെ സാന്നിധ്യം ആകാശത്ത് വെച്ച് അനുഭവപ്പെട്ടു. ക്യാപ്റ്റന് ഇടക്കിടക്ക് മൈക്കെടുക്കേണ്ടി വന്നു. ലുഫ്താന്‍സ എയറിന്റെ കൂറ്റന്‍ വിമാനം പലതവണ ആടിയുലഞ്ഞു. മനുഷ്യന്റെ നിസാരതയും ദൈവത്തിന്റെ ഉദാരതയും മനസില്‍ ആളലായി പെയ്തു.
ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് ഇടത്താവളമാണ്. ഇവിടെ നിന്നാണ് വാഷിംഗ്ടണ്‍ ഡിസിയിലേക്കുള്ള കണക്ഷന്‍ ഫ്‌ളൈറ്റ്. എന്നുവെച്ച് ജര്‍മനിയില്‍ പോയെന്ന് വീമ്പ് പറയാനാകില്ലല്ലോ. വിമാനത്താവളങ്ങള്‍ പലരായി പങ്കിട്ടെടുത്ത ഇടമാണ്. അവിടെ പെരുമാറ്റങ്ങള്‍ കൂടിക്കലരുന്നു. അതുകൊണ്ടാകണം വിമാനത്താവളങ്ങളില്‍ അതത് രാജ്യങ്ങളുടെ സാംസ്‌കാരിക അടയാളങ്ങള്‍ പരമാവധി പ്രദര്‍ശിപ്പിക്കാന്‍ ശ്രമിക്കുന്നത്. യുനൈറ്റഡ് എയറിലാണ് തുടര്‍യാത്ര. വാഷിംഗ്ടണ്‍ ഡി സി റൊണാള്‍ഡ് റീഗന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങുമ്പോള്‍ ഡോ. എ പി ജെ അബ്ദുല്‍ കലാമിന്റെ മുണ്ടഴിച്ച നാടാണല്ലോ എന്ന രാഷ്ട്രീയം തികട്ടി വന്നു. ഇന്ത്യന്‍ വംശജനായ ഉദ്യോഗസ്ഥന്‍ കൂട്ടത്തിലുള്ള ടി വി ജേണലിസ്റ്റിനെയാണ് പിടികൂടിയത്. ക്യാമറയാണ് പ്രശ്‌നം. ഔദ്യോഗിക അതിഥിയാണെന്നറിയിച്ചിട്ടും രേഖകള്‍ കാണിച്ചിട്ടും അദ്ദേഹത്തിന് തൃപ്തി വന്നില്ല. തലങ്ങും വിലങ്ങും പരിശോധന. കാത്തിരിപ്പ്. ഒടുവില്‍ വിടുതല്‍. മോളി ബോയല്‍ അക്ഷമയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു. വലിയ ശരീരവും നിഷ്‌കളങ്കമായ ചിരിയുമുള്ള ഫോക്‌സ് ന്യൂസ് മുന്‍ പ്രൊഡ്യൂസറായ മോളിയാണ് വിദേശകാര്യ വകുപ്പിന് വേണ്ടി ടൂര്‍ ഏകോപിപ്പിക്കുന്നത്. വാഷിംഗ്ടണ്‍ ഡി സിയില്‍ താരതമ്യേന ചൂടുള്ള കാലാവസ്ഥയാണെന്ന് മോളി ആവേശപ്പെടുത്തുമ്പോഴും കേരളത്തിന്റെ സമ ശീതോഷ്ണത്തില്‍ നിന്ന് വരുന്നവര്‍ക്ക് അകത്തേക്ക് ഇരച്ച് കയറുന്ന തണുപ്പ് തന്നെയായിരുന്നു അത്. വാഷിംഗ്ടണ്‍ ഡി സി ശാന്തമായ നഗരമാണ്. വിശാലമായ റോഡുകള്‍. നിറയെ ഒഴിവിടങ്ങള്‍. വേഗം കുറഞ്ഞ വാഹനങ്ങള്‍. കേരളത്തിന് തിരുവനന്തപുരം പോലെ നഗരത്വം കുറഞ്ഞ നഗരം. താമസക്കാരുടെ ബാഹുല്യവും വൈവിധ്യവുമല്ല, ഭരണസിരാകേന്ദ്രത്തിന്റെ കുലീനതയും പ്രൗഢിയുമാണ് വാഷിംഗ്ടണ്‍ ഡി സിക്കുള്ളത്.

സമയ വ്യത്യാസത്തില്‍ താറുമാറായ ഉറക്കത്തിനൊടുവില്‍ എംബസി സ്യൂട്ട് ഹോട്ടലില്‍ ഉണര്‍ന്നത് ഇസ്‌റാഈലിലെ യു എസ് എംബസി ടെല്‍ അവീവില്‍ നിന്ന് ജറൂസലമിലേക്ക് മാറ്റാനുള്ള തീരുമാനം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച വാര്‍ത്തയോടെയാണ്. വല്ലാത്തൊരു മടുപ്പും പ്രതിഷേധവും വന്ന് മൂടി. 1955ല്‍ യു എസ് കോണ്‍ഗ്രസ് പാസാക്കിയതാണ് എംബസി മാറ്റ ബില്‍. ജൂത ലോബിക്ക് കീഴടങ്ങി അന്നത്തെ ഭരണകൂടം കൊണ്ടുവന്ന ബില്‍ പക്ഷേ നടപ്പാക്കാന്‍ മാറി മാറി വന്ന പ്രസിഡന്റുമാരൊന്നും തയാറായിരുന്നില്ല. ഇസ്‌റാഈലിനായി രക്ഷാ കവചമൊരുക്കുന്നതില്‍ മത്സരിക്കുമ്പോഴും മുസ്‌ലിം ലോകവുമായുള്ള ബന്ധം അപ്പാടെ തകിടം മറിയുന്നത് ഒഴിവാക്കാന്‍ വേണ്ടി ഓരോ പ്രസിഡന്റുമാരും വര്‍ഷത്തില്‍ രണ്ട് തവണ പ്രത്യേക ഉത്തരവിറക്കി തീരുമാനം നടപ്പാക്കുന്നത് നീട്ടി വെച്ച് വരികയായിരുന്നു. ട്രംപ് തന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കുക തന്നെ ചെയ്തു. എന്നുവെച്ചാല്‍ ജൂത ലോബിയോടും ഫണ്ട് ദാതാക്കളോടുമുള്ള വാഗ്ദത്തം പാലിച്ചു.
നിരവധി തീരുമാനങ്ങള്‍ പിറന്ന വൈറ്റ് ഹൗസിന് മുന്നിലാണ് നില്‍ക്കുന്നത്. സമരഭരിതമാണ് വൈറ്റ്ഹൗസ് പരിസരം. ജറുസലം എംബസി വിഷയത്തില്‍ പ്രതിഷേധിക്കുകയാണ് ഫലസ്തീന്‍ പ്രക്ഷോഭകര്‍. ജൂതായിസം എന്നാല്‍ സിയോണിസമല്ല എന്ന മുദ്രാവാക്യം മുഴക്കി വൈറ്റ് ഹൗസ് പരിസരത്ത് സ്ഥിരം സമരക്കൂട് ഉയര്‍ത്തിയ ജൂയിഷ് പ്രക്ഷോഭകാരികളും അവര്‍ക്കൊപ്പം ചേര്‍ന്നു. ഫ്രീ ഫലസ്തീന്‍ എന്ന മുദ്രാവാക്യം ആ തണുത്ത അന്തരീക്ഷത്തെ ചൂടു പിടിപ്പിച്ചു. വിദ്യാര്‍ഥികളും പ്രൊഫഷനലുകളുമാണ് മുദ്രാവാക്യം മുഴക്കുന്നവരിലേറെയും. യിസ്രോഎല്‍ ദോവിദ് വെയ്‌സ് എന്ന ജൂത നേതാവ് ആവേശവും രോഷവും നിറഞ്ഞ ഭാഷയിലാണ് സംസാരിച്ചത്. സയണിസ്റ്റുകളെ ജൂത സമൂഹം പിന്തുണക്കില്ല. ഫലസ്തീന്‍ രാഷ്ട്രം ഞങ്ങള്‍ തിരിച്ചു നല്‍കുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ക്യാപിറ്റോള്‍ ഹില്ലും ജെഫേഴ്‌സണ്‍ സ്മാരകവും വാഷിംഗ്ടണ്‍ സ്മാരകവും കണ്ട് മടങ്ങുമ്പോള്‍ വാര്‍ ഓഫ് ഇന്‍ഡിപെന്‍ഡന്‍സിന് പിറകിലേക്കുള്ള ചരിത്രത്തില്‍ അഭിമാനം കൊള്ളാത്ത അമേരിക്കയെ ഓര്‍ത്തു സഹതാപം തോന്നി.

നാടു കാണുന്ന രീതിയിലായിരുന്നില്ല യാത്ര സംവിധാനിച്ചിരുന്നത്. ആളെക്കാണലായിരുന്നു മുഖ്യം. തീവ്രവാദവിരുദ്ധ പ്രവര്‍ത്തനത്തില്‍ ഏതെങ്കിലും വിധത്തില്‍ പങ്കാളികളായവരെ കണ്ടും സംസാരിച്ചും അവരെ റിപ്പോര്‍ട്ട് ചെയ്തും മുന്നേറണം സഞ്ചാരമെന്നതായിരുന്നു താത്പര്യം. ബ്രൂകിംഗ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ അസിസ്റ്റന്റ് പ്രഫസറും ഗവേഷകയും എഴുത്തുകാരിയുമാണ് മദീഹ അഫ്‌സല്‍. പാകിസ്ഥാന്‍ അണ്ടര്‍ സീജ് എന്ന അവരുടെ പുതിയ പുസ്തകം ഉടന്‍ പുറത്തിറങ്ങാനിരിക്കുകയാണ്. തീവ്രവാദവിരുദ്ധ പ്രവര്‍ത്തനം ഒരു സമുദായത്തെയോ ഒരു വിഭാഗത്തെയോ കേന്ദ്രീകരിച്ച് നടത്തുന്നത് അപകടകരമാണെന്ന് അവര്‍ക്ക് ബോധ്യമുണ്ട്. ഒബാമ ഭരണകൂടം ഇക്കാര്യത്തില്‍ ശരിയായ വഴിയിലായിരുന്നു. വെള്ളക്കാരുടെ പരമാധികാരം പ്രഖ്യാപിക്കുന്ന നവ നാസി സംഘടനകളുടെയടക്കം വ്യാപനം കണക്കിലെടുത്തുള്ള കമ്യൂണിറ്റി എംഗേജ്‌മെന്റായിരുന്നു അന്നത്തേത്. കരുതലായിരുന്നു അന്നത്തെ നയം. ഇന്നത് ഇടപെടലാണ്. ട്രംപിസത്തിന്റെ സ്വാധീനം മുസ്‌ലിം തീവ്രവാദമെന്ന ഒറ്റ ആഖ്യാനത്തിലേക്ക് കാര്യങ്ങള്‍ എത്തിച്ചിരിക്കുന്നു. കാടടച്ചാണ് വെടി. ഇത് മുസ്‌ലിംകള്‍ക്കിടയില്‍ നിന്ന് തീവ്രവാദത്തിലേക്ക് ആകൃഷ്ടരാകുന്ന ചെറു ന്യൂനപക്ഷത്തെ കൂടുതല്‍ അപകടകാരികളാക്കുകയേ ഉള്ളൂ. അത് അവരെ കൂടുതല്‍ അന്യവത്കരിക്കും. മദീഹക്ക് ഇങ്ങനെയൊക്കെ സംസാരിക്കാന്‍ അക്കാദമിക് സ്വാതന്ത്ര്യം അമേരിക്കയിലുണ്ടെന്നത് വര്‍ത്തമാന കാല ഇന്ത്യ പാഠമാക്കേണ്ടതാണ്. ബ്രൂകിംഗ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് പോലുള്ള സ്വയംഭരണ, സര്‍ക്കാറിതര ഗവേഷക സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം കേരളത്തിന് മാതൃകയാക്കാവുന്നതുമാണ്. വായിച്ച് പഠിക്കരുത്, പോയി തന്നെ പഠിക്കണമെന്ന് മാത്രം.
ഇനി മിനിയാ പോളിസിലേക്കാണ് യാത്ര. മധ്യപടിഞ്ഞാറന്‍ നഗരം. പാര്‍ക്കുകളുടെയും തടാകങ്ങളുടെയും നഗരമെന്നാണ് വിളിപ്പേര്. ഒരു മണിക്കൂര്‍ സമയവ്യത്യാസമുണ്ട്. വിമാനം ലാന്‍ഡ് ചെയ്യുമ്പോള്‍ തന്നെ കാണാം ഹിമാവരണത്തിന്റെ ധവള സൗന്ദര്യം. മൈനസ് ഏഴ് ഡിഗ്രിയായിരുന്നു ഊഷ്മ നില. മുഴുവന്‍ മരങ്ങളും ഇലപൊഴിച്ചിരിക്കുന്നു. അക്ഷരാര്‍ഥത്തില്‍ മാമരം കോച്ചും തണുപ്പ്. പല പാളിയില്‍ ചൂട് വസ്ത്രം ധരിച്ചിട്ടും അസ്ഥിയിലേക്ക് തുളച്ച് കയറുന്ന തണുപ്പ്. വേണമെങ്കില്‍ അതിനെ ആസ്വാദ്യകരമെന്ന് വിളിക്കാം. തണുപ്പും ചൂടുമെല്ലാം യഥാര്‍ത്ഥത്തില്‍ അനുഭവിക്കുന്നത് മനസാണല്ലോ. റോഡിനിരുവശവും ഐസ് കൂമ്പാരമാണ്. റോഡ് മാത്രം കറുത്തിരിക്കുന്നു. മിന്നസോട്ട സ്റ്റേറ്റിലാണ് മിനപോളിസ്. 36 ശതമാനം പേരും കുടിയേറ്റക്കാര്‍. ഇതില്‍ പകുതി പേരും സോമാലിയയില്‍ നിന്ന് വന്നവര്‍. അഭയാര്‍ഥികളായും ജോലി തേടിയും വന്ന് പൗരത്വം നേടിയവര്‍. ഇവര്‍ക്കിടയിലാണ് അല്‍ ശബാബും ഇസിലുമെല്ലാം തീവ്രവാദത്തിന്റെ വിത്തിറക്കുന്നത്. ഇന്റര്‍നെറ്റാണ് ആയുധം. സ്മാര്‍ട്ട് ഫോണ്‍ മാത്രം മതി യുവാക്കളെ വഴിതെറ്റിക്കാന്‍. അമേരിക്കയുടെ അക്രമാസക്ത വിദേശനയം ഈ ഭീകര സംഘടനകള്‍ അതിവൈകാരികമായി പ്രചരിപ്പിക്കുന്നു. സ്വതവേ സ്വത്വ പ്രതിസന്ധിയും അപകര്‍ഷതയും അനുഭവിക്കുന്ന ഇവര്‍ക്കിടയിലേക്ക് ഭീകര സംഘടനകളുടെ വിധ്വംസക ആശയങ്ങള്‍ വേഗത്തില്‍ കടന്നുകയറുന്നു. ഇസില്‍ സൈനികമായി പരാജയപ്പെടുമ്പോഴും ആശയ പ്രചാരണത്തില്‍ മുന്നേറുകയാണ്. മതം ശരിയായി പഠിക്കാത്ത പരിവര്‍ത്തിതരെ അവര്‍ ലക്ഷ്യമിടുന്നു. ഇന്റര്‍നെറ്റില്‍ നിന്ന് മാത്രം മതം പരിചയിച്ച, അക്രമാസക്തരും ബഹിഷ്‌കൃത ബോധം സൂക്ഷിക്കുന്നവരുമായ യുവാക്കളും ഇവരുടെ വലയില്‍ വീഴുന്നു. പലരും മയക്കു മരുന്നിന് അടിമകളാണ്. പരമ്പരാഗത വിശ്വാസത്തിന്റെ നേര്‍ വിപരീതത്തിലാണ് ഇവരുള്ളത്. മഹാന്‍മാരായ സാത്വികരെ അവര്‍ക്ക് പുച്ഛമാണ്. പുണ്യ കേന്ദ്രങ്ങള്‍ തകര്‍ക്കപ്പെടേണ്ട എടുപ്പുകളും.

ഫെഡറല്‍ സര്‍ക്കാര്‍ (കേന്ദ്ര ഭരണകൂടം), സ്റ്റേറ്റ് ഭരണകൂടങ്ങള്‍, ജില്ലകള്‍, കൗണ്ടികള്‍, മുന്‍സിപ്പാലിറ്റികള്‍ എന്നിങ്ങനെയാണ് യു എസിലെ പൊതുഭരണ സംവിധാനമെന്ന് പറയാം. എന്നാല്‍ കൗണ്ടികളില്ലാത്ത സ്റ്റേറ്റുകളും നഗരഭരണകൂടങ്ങളില്ലാത്ത സ്റ്റേറ്റുകളും ഉണ്ട്. മിനിയാപോളിസ് നഗരം ഉള്‍പ്പെടുന്ന കൗണ്ടിയാണ് ഹെനപെന്‍. കൗണ്ടിയുടെ ക്രമസമാധാന ചുമതലയുള്ളയാളാണ് ഷറിഫ്. സ്ഥാനപ്പേരാണ് അത്. ഈ പദവിയിലേക്ക് വോട്ടെടുപ്പിലൂടെയാണ് വ്യക്തികളെ കണ്ടെത്തുന്നത് എന്നത് കൗതുകകരമാണ്. നമ്മുടെ സിറ്റി പോലീസ് മേധാവിയെ വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്നത് ആലോചിച്ച് നോക്കൂ. ഫെഡറല്‍ ഭരണകൂടവും പ്രസിഡന്റും എന്ത് നയവും എടുത്തു കൊള്ളട്ടെ ഹെനപെന്‍ കൗണ്ടി പോലുള്ള പ്രാദേശിക ഭരണകൂടങ്ങള്‍ തീവ്രവാദത്തിനെതിരെ മാതൃകാപരമായ സമീപനമാണ് കൈക്കൊള്ളുന്നത്. മനുഷ്യരിലേക്ക് ഇറങ്ങിച്ചെന്നുള്ള പ്രവര്‍ത്തന രീതിയാണ് ആവിഷ്‌കരിക്കുന്നത്. അമേരിക്ക ഭയത്തിന്റെ പിടിയിലാണ്. ഏത് നിമിഷവും ഒരു തീവ്രവാദിയുടെ തോക്ക് തീ തുപ്പുമെന്ന് അവര്‍ പേടിക്കുന്നു. പല നിലയില്‍ പ്രവര്‍ത്തിക്കാന്‍ ഈ പേടി അവരെ സജ്ജരാക്കുന്നു. കേന്ദ്ര ഭരണകൂടം വിദേശത്ത് പടനിലങ്ങള്‍ തുറക്കുമ്പോള്‍ ഇവിടെ താഴേ തട്ടില്‍ തനതായ സംവിധാനങ്ങള്‍ ഒരുങ്ങുകയാണ്. അമേരിക്കന്‍ ഫെഡറലിസം ഇത്തരം വിശാലതകള്‍ ഒരുക്കുന്നുവെന്ന് പറയാം.
റിച്ചാര്‍ഡ് സ്റ്റാനക് ആണ് ഷെറിഫ്. അദ്ദേഹത്തിന്റെ വലംകൈയായി പ്രവര്‍ത്തിക്കുന്നത് സൊമാലിയയില്‍ ഭീകരാക്രമണത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട് ചെറുപ്പത്തിലേ മിനിയാപോളിസില്‍ എത്തിയ ആബിദി മാലികും. ആബിദിക്ക് തന്റെ സമുദായത്തിന്റെ ചിന്തകളറിയാം. അതിനാല്‍ ഇടപെടല്‍ എളുപ്പമാണ്. തീവ്രവാദത്തിനെതിരെ കാര്‍ട്ടൂണ്‍ കൊണ്ട് പോരാടുന്ന മുഹമ്മദ് അഹമ്മദിനെ പരിചയപ്പെട്ടു. കറകളഞ്ഞ വിശ്വാസി. പ്രവാചക പ്രേമി. എട്ടിനും 14നുമിടയിലുള്ള കുട്ടികള്‍ക്കിടയിലാണ് അദ്ദേഹം പ്രവര്‍ത്തിക്കുന്നത്. ഗ്യാസ് സ്റ്റേഷന്‍ മാനേജരായ അദ്ദേഹത്തിന്റെ ‘ആവറേജ് മുഹമ്മദ്’ എന്ന കാര്‍ട്ടൂണ്‍ കഥാപാത്രം പ്രസിദ്ധമാണ്. ആഫ്രിക്കന്‍ വംശജനായ മുഹമ്മദിനെ ഈ ദൗത്യത്തിലേക്ക് വഴി നടത്തിയത് സ്വന്തം കുടുംബത്തിന്റെ അനുഭവങ്ങള്‍ തന്നെയാണ്. ഈ വര്‍ഷത്തെ സിറ്റിസണ്‍ ഡിപ്ലമാറ്റ് അവാര്‍ഡ് നേടിയ മുഹമ്മദ് ശരിക്കും ആവറേജ് ആണ്. എളിമയാണ് മുഖമുദ്ര. നിഷ്‌കളങ്കമായ ചിരി. ആര്‍ഭാടമൊട്ടുമില്ലാത്ത വീട്ടിലിരുന്ന് അദ്ദേഹം ദീര്‍ഘമായി സംസാരിച്ചു. തീവ്രവാദത്തെ കുറിച്ചുള്ള ആഖ്യാനങ്ങള്‍ മാറിയെന്നും ഇനി അത് വൈറ്റ് സൂപ്പര്‍മാസിസ്റ്റുകളിലേക്ക് തിരിയണമെന്നും സോവറീന്‍ സിറ്റിസണ്‍ എന്ന വിഭാഗം പിടിമുറുക്കുകയാണെന്നും അവരെ ചൂണ്ടിക്കാണിച്ചാണ് മുസ്‌ലിം പേരുള്ള തീവ്രവാദി ഗ്രൂപ്പുകള്‍ ഇപ്പോള്‍ വളരുന്നതെന്നും മുഹമ്മദ് പറഞ്ഞു. മഞ്ഞ് വകഞ്ഞ് മാറ്റിയ വഴിയിലേക്ക് അദ്ദേഹം ഞങ്ങളെ അനുഗമിച്ചു.
യാത്രയുടെ വൃത്തം അതിന്റെ രണ്ടാമറ്റം തൊടുകയാണ്. ഇത് ഈ യാത്രാസമുച്ചയത്തിലെ ഒടുവിലത്തെ നഗരം. ഡെന്‍വര്‍. കൊളറാഡോ ജില്ലയിലെ പര്‍വത നഗരം. നമ്മുടെ മൂന്നാറിനോട് സാമ്യപ്പെടുത്താം. സമുദ്ര നിരപ്പില്‍ നിന്ന് ഒരു മൈലിലധികം ഉയരത്തില്‍. ധാരാളം വെള്ളം കുടിക്കണം. വായു മെലിഞ്ഞും വരണ്ടുമിരിക്കും. ഡീ ഹൈഡ്രേഷന്റെ അപകടം വരും. മോളി ബോയല്‍ തെര്യപ്പെടത്തിക്കൊണ്ടിരുന്നു. മിനിയാപോളിസിനെ അപേക്ഷിച്ച് തണുപ്പ് കുറവാണ്. മനോഹരമാണ് നഗരം. നിരവധി ഇന്ത്യന്‍ റസ്റ്റോറന്റുകള്‍ ഉണ്ട്. റെഡ് റോക്ക് ആംഫി തിയേറ്റര്‍ കലാസ്‌നേഹികള്‍ക്ക് ദൃശ്യവിരുന്നാണ്. ഡെന്‍വറില്‍ നിന്ന് പത്ത് മൈല്‍ പടിഞ്ഞാറോട്ട് സഞ്ചരിച്ചാല്‍ മാരിസണിലെ റെഡ് റോക്ക് തിയേറ്ററിലെത്താം. പര്‍വതത്തിന് മുകളില്‍ തലയുയര്‍ത്തി നില്‍ക്കുന്ന ചുവന്ന പാറക്കെട്ടുകള്‍. അവ തുരന്നും കാര്‍വ് ചെയ്തും രൂപപ്പെടുത്തിയ അര്‍ധ വൃത്താകൃതിയിലുള്ള, മേല്‍ക്കൂരയില്ലാത്ത തിയേറ്റര്‍. താഴെയാണ് വേദി. വിശാലമായ പടികളില്‍ ഇരുന്ന് കലാവിരുന്ന് ആസ്വദിക്കാം. റെഡ് റോക്കിലേക്കുള്ള യാത്രയാണ് ഏറ്റവും ആനന്ദകരം. കുന്നുകള്‍ക്കിടയിലൂടെ വളഞ്ഞ് പുളഞ്ഞുള്ള യാത്ര.
ഡെന്‍വറില്‍ അഭിമുഖത്തിന് കിട്ടിയവര്‍ മിക്കവരും പോലീസ് ഉദ്യോഗസ്ഥരും സര്‍ക്കാര്‍ മേധാവികളുമായിരുന്നു. സ്റ്റേറ്റ് അറ്റോര്‍ണി ബോബ് ട്രയറാണ് അതില്‍ പ്രമാണി. അദ്ദേഹവും ദീര്‍ഘ നേരം സംസാരിച്ചത് തീവ്രവലതു പക്ഷ ഗ്രൂപ്പുകളെക്കുറിച്ചാണ്. വെള്ളക്കാരുടെ അപ്രമാദിത്വത്തില്‍ വിശ്വസിക്കുന്ന ഇക്കൂട്ടര്‍ പുറത്ത് നിന്നുള്ളവരെ ശത്രുക്കളായി പ്രഖ്യാപിക്കുന്നു. കുടിയേറ്റക്കാര്‍ക്ക് മേല്‍ തീവ്രവാദ മുദ്ര ചാര്‍ത്തുന്നത് ശരിയല്ല. സാഹചര്യങ്ങള്‍ അവരെ വഴി പിഴപ്പിക്കുന്നുണ്ടാകാം. ഭരണകൂടത്തിന്റെ നയങ്ങളും കാരണമാകുന്നുണ്ടാകാം. തീവ്രവാദ കേസുകളില്‍ ഉള്‍പ്പെട്ടവരെ ശത്രുക്കളായി കാണരുത്. അവരുടെ കുടുംബങ്ങളെ വേട്ടയാടരുത്. ചെറുപ്പക്കാര്‍ക്കെതിരെ കേസ് എടുക്കാതിരിക്കുന്നുവെങ്കില്‍ അതാണ് നല്ലത്. അവരെ തിരിച്ചു കൊണ്ടുവരണം. മാധ്യമങ്ങള്‍ കഥകള്‍ മെനയരുത്- അറ്റോര്‍ണി പറഞ്ഞു. ചിലര്‍ സിറിയയിലേക്ക് പുറപ്പെട്ടു പോയ വാര്‍ത്ത ഭീതിയോടെ വായിച്ച കേരളം കേള്‍ക്കേണ്ട വാക്കുകള്‍.

ഡെന്‍വറിനോട് ചേര്‍ന്ന പ്രദേശമാണ് അറോറ. അവിടുത്തെ കമ്യൂണിറ്റി കോളജിലെ പീര്‍ ടു പീര്‍ പ്രോഗ്രാമും കുടിയേറ്റ സമൂഹത്തില്‍ വലിയ സ്വാധീനം ചെലുത്തുന്നു. അറോറ കമ്യൂണിറ്റി കോളജിലെ ബോബി പെയ്‌സ് ഗംഭീര അധ്യാപകനാണ്. കുടിയേറ്റക്കാരായ കുട്ടികളിലെ അന്യത മാറ്റാനും അവരെ പൊതുസമൂഹത്തിന്റെ ഭാഗമാക്കാനും അദ്ദേഹം സൃഷ്ടിച്ചെടുത്ത മാതൃകയാണ് പീര്‍ ടു പീര്‍ പ്രോഗ്രാം. ബോബിയോട് സംസാരിച്ചിരിക്കുമ്പോള്‍ ഒട്ടും മടുപ്പ് തോന്നില്ല. അദ്ദേഹത്തിന്റെ കുട്ടികള്‍ തയാറാക്കിയ പുസ്തകങ്ങള്‍ സമ്മാനിച്ചാണ് അദ്ദേഹം ശുഭയാത്ര നേര്‍ന്നത്.

ഔപചാരികമായി കണ്ടവരല്ല യാത്രയുടെ ഭൂപടം വരക്കുന്നത്. ഭക്ഷണം കഴിക്കാന്‍ കയറിയ സബ്‌വേയിലെ കറുത്ത വര്‍ഗക്കാരനായ ജീവനക്കാരന്‍. വീട്ടിലേക്ക് വിളിച്ച് സത്കരിച്ച മലയാളികളായ റിയാസ് ഭായി, സുഹൃത്ത് നിയാസ് ഭായി. മലയാളി മീഡിയാ ഫോറത്തിലെ സമീറും സുഹൃത്തുക്കളും. ഇടക്ക് പരിചയപ്പെട്ട അള്‍ജീരിയന്‍ വംശജനായ കാബ് ഡ്രൈവര്‍ മുസ്തഫാ സെയ്ദ്. ഹോട്ടലിലെ ശുചീകരണ ചുമതലക്കാരി. ഹൈദരാബാദ് ഹൗസ് റസ്റ്റോറന്റിലെ ചങ്ങനാശ്ശേരിക്കാരന്‍ മാനേജര്‍. ഹെനപെന്‍ കൗണ്ടി മെഡിക്കല്‍ സെന്ററിലെ ഈജിപ്തുകാരി നഴ്‌സ്. ആ നിര നീളുന്നു. യാത്രയുടെ ഒഴിവിടങ്ങളിലെ ഈ പരിചയക്കാരാണ് നാടിനെ തൊടാന്‍ പഠിപ്പിച്ചത്. അടുക്കും ചിട്ടയുമില്ലാതെ അവര്‍ പകര്‍ന്ന അവബോധങ്ങളാണ് തലയില്‍ അവശേഷിക്കുന്നത്. ചൈനീസ് ഉത്പന്നങ്ങള്‍ ഇല്ലെങ്കില്‍ അമേരിക്കയില്ല. ഇസ്‌റാഈലും അറബ് സമ്പന്നരും പങ്കിട്ടെടുത്ത നഗരങ്ങളാണ് അമേരിക്കയിലുള്ളത്. ട്രംപിനെ കൊണ്ട് അമേരിക്കന്‍ ജനത പൊറുതി മുട്ടിയിരിക്കുന്നു. പ്രവാസത്തിന്റെ വലിയ സാധ്യതകള്‍ ഇവിടെയുണ്ട്. ഗള്‍ഫിലെ പ്രവാസികള്‍ തിരിച്ച് നാട്ടില്‍ പോകാനാണ് മണല്‍നാട്ടിലെത്തുന്നത്. എന്നാല്‍ അമേരിക്കയില്‍ വരുന്നവര്‍ ഇവിടെ സ്വന്തം നാടായി സ്വീകരിക്കാന്‍ ശ്രമിക്കുന്നു. പൗരത്വത്തിനാണ് അവര്‍ വിയര്‍ക്കുന്നത്. ബഹുനില വീടുകളെല്ലാം പണിതിരിക്കുന്നത് മരം കൊണ്ടാണ്. തറയില്‍ പാകിയതും മരം, കോണ്‍ക്രീറ്റില്‍ ബീമുകള്‍ മാത്രം. കാറടക്കമുള്ള ജീവിത സൗകര്യങ്ങള്‍ക്ക് വില കുറയും. ആരോഗ്യത്തിന് പണം ചെലവിട്ട് പാപ്പരാകും. കുറച്ച് ഭക്ഷണം കൂടുതല്‍ കാലറി- ഇതാണ് അമേരിക്കന്‍ ഭക്ഷണ ശീലം. ഇലകളും വേവിക്കാത്ത പച്ചക്കറിയും ധാരാളം. ഇങ്ങനെ പോകുന്നു അവരുടെ ആഖ്യാനങ്ങള്‍. അവരെല്ലാം സൗഹൃദങ്ങളുടെ പാലങ്ങള്‍ പണിയുന്നു.

മടക്കയാത്ര മ്യൂനിച്ച് വഴിയാണ്. പെട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്. ഭാരവും. രാപ്പകല്‍ പറന്ന് മുംബൈയിലെത്തിയപ്പോള്‍ നാട്ടിലെത്തിയല്ലോ എന്ന് മനസ് തരളിതമായി. അതായിരിക്കണം ഈ ദേശസ്‌നേഹമെന്ന് പറയുന്നത്. എന്നാല്‍ നെടുമ്പാശ്ശേരിയിലെത്തിയപ്പോള്‍ മനസ് പിന്നെയും തുടിച്ചു. അതിന്റെ പേരെന്താണ്?
യാത്രയെക്കുറിച്ച് നബി(സ)പറയുന്നു: യാത്ര ശിക്ഷയുടെ ഒരു ഭാഗമാണ്. അത് നിങ്ങളില്‍ ഏതൊരാള്‍ക്കും ആഹാരത്തിനും പാനീയത്തിനും ഉറക്കത്തിനും വിഘ്‌നം വരുത്തുന്നു. അത്‌കൊണ്ട് അവന്‍ ലക്ഷ്യം നിറവേറ്റി കഴിഞ്ഞാല്‍ തന്റെ വീട്ടുകാരിലേക്ക് വേഗം യാത്ര തിരിക്കട്ടേ. (ബുഖാരി 1804, മുസ്‌ലിം 1927).

ആഹാരവും പാനീയവും ഉറക്കവും താറുമാറായിരിക്കുന്നു. വീട്ടിലെത്തണം. നന്നായി ഒന്നുറങ്ങണം

മുസ്തഫ പി എറയ്ക്കല്‍

You must be logged in to post a comment Login