ഫുട്‌വെയര്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

ഫുട്‌വെയര്‍ ഡിസൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവേശനത്തിന് ഇപ്പോള്‍ അപേക്ഷിക്കാം

പാദരക്ഷ രൂപകല്പനയും ഉത്പാദനവും, ലെതര്‍ ഉത്പാദനങ്ങളുടെയും അനുബന്ധസാമഗ്രികളുടെയും രൂപകല്പനയും പഠനവിഷയമാകുന്ന വിവിധ ബിരുദബിരുദാനന്തര കോഴ്‌സുകളിലെ പ്രവേശനത്തിന് ഫുട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് ഡെവലപ്‌മെന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് (എഫ്.ഡി.ഡി.ഐ.) അപേക്ഷ ക്ഷണിച്ചു. 2018-19 അധ്യയന വര്‍ഷം നടത്തുന്ന നാല് വര്‍ഷം ദൈര്‍ഘ്യമുള്ള ബാച്ചിലര്‍ ഓഫ് ഡിസൈന്‍ പ്രോഗ്രാം, ഫുട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍, ലെതര്‍ ഗുഡ്‌സ് ആന്‍ഡ് അക്‌സസറി ഡിസൈന്‍, റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ മര്‍ക്കന്‍ഡൈസ്, ഫാഷന്‍ ഡിസൈന്‍ എന്നീ സ്‌പെഷ്യലൈസേഷനുകളിലാണ് പ്രവേശനം നല്‍കുന്നത്. രണ്ടുവര്‍ഷം ദൈര്‍ഘ്യമുള്ള മാസ്റ്റര്‍ ഓഫ് ഡിസൈന്‍ പ്രോഗ്രാമില്‍ ഫുട്‌വേര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍, കംപ്യൂട്ടര്‍ എയ്ഡഡ് ഡിസൈന്‍ (സി.എ.ഡി.) എന്നീ സ്‌പെഷ്യലൈസേഷനുകളാണുള്ളത്. റീട്ടെയില്‍ ആന്‍ഡ് ഫാഷന്‍ മര്‍ക്കന്‍ഡൈസ് എന്ന സ്‌പെഷ്യലൈസേഷനില്‍ മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍ (എം.ബി.എ.) പ്രോഗ്രാമും എഫ്.ഡി.ഡി.ഐ. നടത്തുന്നുണ്ട്. ബിരുദാനന്തര ബിരുദതലത്തില്‍ മൊത്തം 720 സീറ്റുണ്ട്. ഓരോ സ്‌പെഷ്യലൈസേഷനും (ബാച്ചിലര്‍/മാസ്റ്റേഴ്‌സ്) ലഭ്യമായ കേന്ദ്രങ്ങളും സീറ്റുകളുടെ എണ്ണവും www.fddiindia.com വെബ്‌സൈറ്റിലെ അഡ്മിഷന്‍ ലിങ്കിലുള്ള പ്രോസ്‌പെക്ടസ്സില്‍ ലഭിക്കും, ബാച്ചിലര്‍ പ്രോഗ്രാം പ്രവേശനത്തിനുവേണ്ട യോഗ്യത, പ്‌ളസ് ടു/ഇന്റര്‍മീഡിയറ്റ് പരീക്ഷാ വിജയമാണ്. ഏതു സ്ട്രീമില്‍ പഠിച്ചവര്‍ക്കും അപേക്ഷിക്കാം. ഫുട്‌വെയര്‍ ഡിസൈന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ മാസ്റ്റേഴ്‌സ് പ്രോഗ്രാം പ്രവേശനത്തിനും സി.എ.ഡി. പ്രവേശനത്തിനും അപേക്ഷകന്‍, ഫുട്‌വെയര്‍, ലെതര്‍ ഗുഡ്‌സ് ആന്‍ഡ് അക്‌സസറി ഡിസൈന്‍, ഡിസൈന്‍, എന്‍ജിനീയറിങ്, പ്രൊഡക്ഷന്‍, ടെക്‌നോളജി എന്നിവയിലൊന്നില്‍ ബിരുദമുള്ളവരായിരിക്കണം. സി.എ.ഡി. പ്രവേശനത്തിന് ഫൈന്‍ ആര്‍ട്‌സ് ബിരുദമുള്ളവരെയും പരിഗണിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദമുള്ളവര്‍ക്ക് എം.ബി.എ. പ്രോഗ്രാമിന് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയുടെ അന്തിമ പരീക്ഷ അഭിമുഖീകരിക്കാന്‍ പോകുന്നവര്‍ക്കും അപേക്ഷിക്കാം. അവര്‍ 2018 സെപ്റ്റംബര്‍ 30നകം യോഗ്യത നേടിയതിന്റെ രേഖകള്‍ പ്രവേശനസ്ഥാപനത്തില്‍ സമര്‍പ്പിക്കണം. ബാച്ചിലര്‍ പ്രോഗ്രാം പ്രവേശനത്തിന് ഉയര്‍ന്ന പ്രായപരിധി 2018 ജൂലായ് 25ന് 25 വയസ്സാണ്. മാസ്റ്റേഴ്‌സ് പ്രോഗ്രാമിന് ഉയര്‍ന്ന പ്രായപരിധിയില്ല. എല്ലാ അപേക്ഷകര്‍ക്കും, ഇംഗ്ലീഷ് ഭാഷയില്‍ ആശയവിനിമയം നടത്തുവാനുള്ള കഴിവും, ഇംഗ്ലീഷ് ഭാഷയില്‍ എഴുതുവാനും സംസാരിക്കുവാനുമുള്ള പ്രാവീണ്യവും ഉണ്ടായിരിക്കണം.

രണ്ടുതലങ്ങളിലും പ്രവേശനം, അഖിലേന്ത്യാതലത്തില്‍ നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും. പരീക്ഷക്ക് വിവിധ വിഷയങ്ങളില്‍നിന്നുമുള്ള മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. ഏപ്രില്‍ 27, 28, 29 തീയതികളിലായി വിവിധ സെഷനുകളില്‍ നടത്തുന്ന ഈ പരീക്ഷകള്‍ക്ക് കൊച്ചി മാത്രമാണ് കേരളത്തിലെ പരീക്ഷാകേന്ദ്രം. രണ്ടരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷ, ഇംഗ്ലീഷ്/ഹിന്ദി ഭാഷകളിലുള്ള ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍ നടത്തും. ബാച്ചിലര്‍തല പ്രവേശനപരീക്ഷയ്ക്ക് 4 ഭാഗങ്ങളിലായി ചോദ്യങ്ങള്‍ ഉണ്ടാകും. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് (സെക്ഷന്‍ എ) വെര്‍ബല്‍ എബിലിറ്റി (ബി), ജനറല്‍ അവയര്‍നെസ്സ് (സി) ബിസിനസ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റ് (ബി.എ.ടി.) (ഡി) എന്നീ മേഖലകളില്‍നിന്നും 50 വീതം മാര്‍ക്കുകള്‍ക്കുള്ള ചോദ്യങ്ങള്‍ ഉണ്ടാകും. മാസ്റ്റേഴ്‌സ് പ്രോഗ്രാം പ്രവേശനപരീക്ഷക്കും നാല് ഭാഗങ്ങളിലായി ചോദ്യങ്ങളുണ്ടാകും. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റിയൂഡ് (എ) ഇംഗ്ലീഷ് കോപ്രിഹെന്‍ഷന്‍ ആന്‍ഡ് അനലറ്റിക്കല്‍ എബിലിറ്റി (ബി) ജനറല്‍ നോളജ് ആന്‍ഡ് കറന്റ് അഫയേഴ്‌സ് (സി), എന്നിവയായിരിക്കും ആദ്യ മൂന്ന് ഭാഗങ്ങള്‍ 4ാം ഭാഗത്ത് എം.ഡിസ് പ്രോഗ്രാമിന് ഡിസൈന്‍ ആപ്റ്റിറ്റിയൂഡ് ടെസ്റ്റും (ഡി.എ.ടി.) മാനേജ്‌മെന്റ് പ്രോഗ്രാമിന് മാനേജ്‌മെന്റ് ആപ്റ്റിറ്റിയൂഡ് ടെസ്റ്റുമായിരിക്കും. ഓരോ ശരിയുത്തരത്തിനും ഒരു മാര്‍ക്ക് കിട്ടും. ഉത്തരം തെറ്റിയാല്‍ മാര്‍ക്ക് നഷ്ടപ്പെടില്ല. മുന്‍വര്‍ഷത്തെ ചോദ്യപ്പേറുകള്‍ ഓണ്‍ലൈനായി പണമടച്ചോ എഫ്.ഡി.ഡി.ഐ. തത്തുല്യ മാനേജ്‌മെന്റ് അഭിരുചി പരീക്ഷ എന്നിവയിലൊന്നില്‍ സ്‌കോറുള്ളവരെ എം.ബി.എ. പ്രവേശനപരീക്ഷയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അപേക്ഷ www.fddiindia.com എന്ന വെബ്‌സൈറ്റ് വഴി ഏപ്രില്‍ രണ്ടിനകം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യാം. അപേക്ഷകര്‍ അവരുടെ സമീപകാലത്തെടുത്ത പാസ്‌പോര്‍ട്ട് വലുപ്പത്തിലുള്ള ഫോട്ടോ, ഒപ്പ് എന്നിവയുടെ സ്‌കാന്‍ ചെയ്ത ഇമേജുകള്‍ നിശ്ചിതവലുപ്പത്തിലാക്കി അപ്‌ലോഡ് ചെയ്യേണ്ടിവരും. അപേക്ഷാ സമര്‍പ്പണവേളയില്‍ സൗകര്യപ്രദമായ 4 പരീക്ഷാകേന്ദ്രങ്ങള്‍, മുന്‍ഗണനനിശ്ചയിച്ച് അപേക്ഷകന് തിരഞ്ഞെടുക്കാം. സംവരണ വിഭാഗങ്ങളിലെ അപേക്ഷര്‍ ബന്ധപ്പെട്ട സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സ്വയം സാക്ഷ്യപ്പെടുത്തിയ സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം. അഡ്മിഷന്‍ ടെസ്റ്റില്‍നിന്ന് ഒഴിവാക്കപ്പെട്ടവര്‍ ബാധകമായ പരീക്ഷയുടെ സ്‌കോര്‍ കാര്‍ഡ്/ ഫലം കാത്തിരിക്കുന്ന പക്ഷം, അഡ്മിറ്റ്കാര്‍ഡ്, സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം. ഒരേ തലത്തിലുള്ള ഒന്നില്‍ കൂടുതല്‍ സ്‌പെഷ്യലൈസേഷനുകള്‍ക്ക് ഒരൊറ്റ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കി അപേക്ഷിക്കാം. അപേക്ഷയില്‍, സ്‌പെഷ്യലൈസേഷനുകളുടെ മുന്‍ഗണന നിശ്ചയിച്ച് രേഖപ്പെടുത്തിയിരിക്കണം. ബാച്ചിലര്‍ പ്രോഗ്രാമിനും മാസ്റ്റേഴ്‌സ് പ്രോഗ്രാമിനും ഒരാള്‍ അപേക്ഷിക്കുന്ന പക്ഷം, രണ്ടു വ്യത്യസ്ത രജിസ്‌ട്രേഷന്‍ നടത്തിയിരിക്കണം.
പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് എഫ്.ഡി.ഡി.ഐ. വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തടുക്കാം. അതില്‍ ഫോട്ടോ പതിപ്പിച്ച് പരീക്ഷയ്ക്കു ഹാജരാകണം. പരീക്ഷയ്ക്കു പോകുമ്പോള്‍ സാധുവായ ഒരു ഫോട്ടോതിരിച്ചറിയല്‍കാര്‍ഡ് കൂടി കരുതണം. പ്രവേശനത്തിന് നിയമപ്രകാരമുള്ള സംവരണം ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.fddiindia.com എന്ന വെബ്‌സൈറ്റ് കാണുക.

ഗാന്ധിനഗര്‍ ഐ.ഐ.ടിയില്‍ എം.എ., എം.എസ്‌സി.
ഗാന്ധിനഗറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) രണ്ടു ബിരുദാനന്തര ബിരുദകോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. സൊസൈറ്റി ആന്‍ഡ് കള്‍ച്ചര്‍ എന്ന മാസ്റ്റേഴ്‌സ് പ്രോഗ്രാം ഹ്യുമാനിറ്റീസിലും സോഷ്യല്‍ സയന്‍സസിലും ഉള്ള മുഖ്യ മേഖലകളെക്കുറിച്ചുള്ള പഠനങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്നു. ഏതെങ്കിലും വിഷയത്തില്‍ ബാച്ചിലര്‍ ബിരുദമുള്ളവര്‍ക്ക് ഈ എം.എ. പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ബിരുദതലത്തില്‍, കുറഞ്ഞത് 55 ശതമാനം മാര്‍ക്ക്/തത്തുല്യ സി.പി.ഐ./സി.ജി.പി.എ. ഉണ്ടായിരിക്കണം. സംവരണവിഭാഗര്‍ക്കും അംഗപരിമിതര്‍ക്കും നിയമാനുസൃത മാര്‍ക്ക് ഇളവുണ്ട്. അന്തര്‍ദര്‍ശന (Cognition) ത്തെപ്പറ്റിയുള്ള ഇന്റര്‍ഡിസിപ്ലിനറി പഠനങ്ങളുള്‍പ്പെടുന്നതാണ് മാസ്റ്റര്‍ ഓഫ് സയന്‍സ് ഇന്‍ കൊഗ്‌നിറ്റീവ് സയന്‍സ്. തത്ത്വചിന്ത, മനശ്ശാസ്ത്രം, ന്യൂറോ സയന്‍സ്, കംപ്യൂട്ടര്‍ സയന്‍സ്, ഭാഷാപഠനം, നരവംശശാസ്ത്രം തുടങ്ങിയവ ഇടകലര്‍ന്നുള്ള പഠനമാണ് കൊഗ്‌നിറ്റീവ് സയന്‍സില്‍ നടക്കുന്നത്. ബി.എ./ബി.എസ്‌സി./ബി.കോം. ബി.ടെക്, എം.ബി.ബി.എസ്. തുടങ്ങിയ ബിരുദങ്ങളിലൊന്നുള്ളവര്‍ക്ക് പ്രോഗ്രാമിന് അപേക്ഷിക്കാം. ബിരുദതലത്തില്‍, കുറഞ്ഞത് 55 ശതമാനം മാര്‍ക്ക് /5.5 സി.ജി.പി.എ. ഉണ്ടായിരിക്കണം. എസ്.സി.,എസ്.ടി., അംഗപരിമിത വിഭാഗക്കാര്‍ക്ക് 50 ശതമാനം/5.0, സി.ജി.പി.എ. മതി.

രണ്ടുകോഴ്‌സുകളിലെ പ്രവേശനത്തിനും 2017-18ല്‍ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. യോഗ്യതാപരീക്ഷയിലെ മാര്‍ക്ക്, അക്കാദമിക് മികവ്, നിശ്ചിത പ്രോഗ്രാം പഠനത്തിനുള്ള താത്പര്യം, എന്നിവ പരിഗണിക്കും. ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ക്ക് എഴുത്തു പരീക്ഷയും അഭിമുഖവും ഗാന്ധിനഗര്‍ ഐ.ഐ.ടിയില്‍ വെച്ചുനടത്തും. വളരെ മികവു കാട്ടുന്ന ചിലര്‍ക്ക് എഴുത്തുപരീക്ഷ/ഇന്റര്‍വ്യൂ എന്നിവ കൂടാതെ ഈ കോഴ്‌സുകള്‍ക്ക് പ്രവേശനം നല്‍കിയേക്കാം. എഴുത്തു പരീക്ഷ/ഇന്റര്‍വ്യൂ എന്നിവയ്ക്കു വിളിക്കുന്നവര്‍ക്ക് യാത്ര ചെലവിനത്തില്‍, 750 രൂപയ്ക്കു മുകളില്‍ വരുന്ന തുക, വ്യവസ്ഥകള്‍ക്കു വിധേയമായി തിരികെ നല്‍കും. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസ സ്‌കോളര്‍ഷിപ്പായി 5000 രൂപ രണ്ടു പ്രോഗ്രാമുകള്‍ക്കും കിട്ടും. കൂടാതെ, ഗവേഷണ പ്രബന്ധങ്ങള്‍, ദേശീയ/ അന്തര്‍ദേശീയ കോണ്‍ഫറന്‍സുകളില്‍ അവതരിപ്പിക്കാന്‍ 60000 രൂപവരെ ലഭിക്കും. പ്രവേശനം ലഭിക്കുന്നവര്‍ക്ക് ഹോസ്റ്റല്‍ സൗകര്യമുണ്ട്. അതിലേക്കുള്ള ചെലവ് വഹിക്കണം. അപേക്ഷ ഫീസ് ഒന്നും ഇല്ല. ജനുവരി 15 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സൊസൈറ്റി ആന്‍ഡ്കള്‍ച്ചര്‍ പ്രോഗ്രാമിന് http://hss.iitgn.ac.in എന്ന വെബ്‌സൈറ്റ് വഴിയും, കൊഗ്‌നിറ്റീവ് സയന്‍സിന് http://cogs.iitgn.ac.in വഴിയുമാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷയുടെ പ്രിന്റൗട്ട് എവിടേക്കും അയക്കേണ്ടതില്ല. എന്നാല്‍ ഇന്റര്‍വ്യൂവിന് ഹാജരാകുമ്പോള്‍ അതിനെറ പ്രിന്റൗട്ട്, പൂര്‍ത്തിയാക്കി കൊണ്ടുപോകേണ്ടിവരും.
ചുരുക്കപ്പട്ടിക ജനുവരി 22ന് ബന്ധപ്പെട്ട വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. എഴുത്തുപരീക്ഷ, ഇന്റര്‍വ്യൂ എന്നിവ മാര്‍ച്ച് 10,11 തീയതികളിലായിരിക്കും. മാര്‍ച്ച് 19ന് തിരഞ്ഞെടുക്കപ്പെടുന്നവരുടെ പട്ടിക വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തും. ഫീസടയ്ക്കാനുള്ള അവസാന തീയതി ഏപ്രില്‍ 19 ആയിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെട്ട വെബ്‌സൈറ്റ് കാണുക.

ഭൂമിശാസ്ത്ര ഒളിമ്പ്യാഡ് പരീക്ഷ ജനുവരി 21ന്
ബെംഗളൂരുവില്‍ പ്രവര്‍ത്തിക്കുന്ന ജിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, ഭാരതസര്‍ക്കാരിന്റെ എര്‍ത്ത് സയന്‍സസ് മന്ത്രാലയവുമൊത്ത് സംഘടിപ്പിച്ചിരിക്കുന്ന എര്‍ത്ത് സയന്‍സസ് ഒളിമ്പ്യാഡ്, ദേശീയതല പ്രവേശനപരീക്ഷ, ജനുവരി 21ന്, കേരളത്തില്‍ കൊച്ചി, കോഴിക്കോട്, കാസര്‍കോട്, പൊന്നാനി, തിരുവനന്തപുരം എന്നീ കേന്ദ്രങ്ങളിലുള്‍പ്പെടെ നടത്തും.

തായ്‌ലന്‍ഡില്‍ 2018 ഓഗസ്റ്റില്‍ നടത്തുന്ന ഇന്റര്‍നാഷണല്‍ എര്‍ത്ത് സയന്‍സസ് ഒളിമ്പ്യാഡില്‍ ഭാരതത്തെ പ്രതിനിധാനം ചെയ്യാനുള്ളവരെ കണ്ടെത്തുന്നതിനുള്ള ആദ്യഘട്ട മത്സരമാണ് ഈ ദേശീയതല പരീക്ഷ. എര്‍ത്ത് സയന്‍സസിനെപ്പറ്റിയുള്ള അവബോധം വളര്‍ത്തുവാനും, ഈ വിഷയങ്ങളിലെ പഠനം പ്രോത്സാഹിപ്പിക്കുവാനും നടത്തുന്ന ഈ പരിപാടി സ്‌കൂള്‍ വിദ്യാര്‍ഥികളെ ഉദ്ദേശിച്ചാണ് നടത്തുന്നത്. അപേക്ഷകര്‍, 1999, ജൂലായ് ഒന്നിനുശേഷം ജനിച്ചവരും. 2018 സെപ്റ്റംബര്‍ മാസത്തില്‍ 10, 11, 12 ക്ലാസുകളിലൊന്നില്‍ പഠിക്കുന്നവരുമായിരിക്കണം. ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷക്ക് ജിയോസ്ഫിയര്‍, അറ്റ്‌മോസ്ഫിയര്‍, ഹൈഡ്രോസ്ഫിയര്‍, ആസ്‌ട്രോണമി എന്നീ വിഷയങ്ങളില്‍ നിന്നുമായി, മള്‍ട്ടിപ്പിള്‍ ചോയ്‌സ് രീതിയിലുള്ള 100 ഒബ്ജക്ടീവ് ചോദ്യങ്ങളുണ്ടായിരിക്കും. ചോദ്യങ്ങള്‍ ഇംഗ്ലീഷിലായിരിക്കും. പരീക്ഷയുടെ വിശദമായ സിലബസ്, അതിന് തയ്യാറെടുക്കുവാനാവശ്യമായ ചില നോട്ടുകള്‍ എന്നിവ www.geosocindia.org/index.php/ieso എന്ന ലിങ്കില്‍ ലഭിക്കും. ഈ പരീക്ഷ വഴി തിരഞ്ഞെടുക്കുന്ന 25 പേരെ, 2018 മേയില്‍ ഇന്ത്യയില്‍ നടത്തുന്ന 25 ദിവസം ദൈര്‍ഘ്യമുള്ള ഒരു പരിശീലനക്യാമ്പിലേക്ക് ക്ഷണിക്കും. ഈ ക്യാമ്പിന്റെ അവസാനം ഇന്ത്യന്‍ നാഷണല്‍ എര്‍ത്ത് സയന്‍സ് ഒളിമ്പ്യാഡ് നടത്തും. ഇതില്‍നിന്നും നാലുപേരെ, അന്താരാഷ്ട്ര ഒളിമ്പ്യാഡിലേക്ക് ഭാരതത്തെ പ്രതിനിധാനംചെയ്യാന്‍ തിരഞ്ഞെടുക്കും. ഇതാണ് രണ്ടാംഘട്ടം. മൂന്നാംഘട്ടം ഈ നാലുപേര്‍ക്കായി നടത്തുന്ന പ്രീ-ഡിപ്പാര്‍ച്ചര്‍ ട്രെയിനിങ് ക്യാമ്പാണ്. അവസാനഘട്ടമാണ് ഇന്റര്‍നാഷണല്‍ ഒളിമ്പ്യാഡ്.
അപേക്ഷയുടെ മാതൃക, മുകളില്‍ സൂചിപ്പിച്ച വെബ്‌സൈറ്റില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്‌തെടുക്കാം. അപേക്ഷാഫീസ് 100 രൂപയാണ്. പരീക്ഷ കേന്ദ്രമായി തിരഞ്ഞെടുക്കുന്ന സ്ഥലത്തിന്റെ കോര്‍ഡിനേറ്ററുടെ പേരില്‍, മണിയോര്‍ഡറായി തുക അയക്കുകയോ ഡിമാന്‍ഡ് ഡ്രാഫ്റ്റ് എടുക്കുകയോ ചെയ്യാം. കേന്ദ്രത്തില്‍ പണമായി ഫീസടയ്ക്കാനും അവസരമുണ്ട്. പൂരിപ്പിച്ച അപേക്ഷ, മണി ഓര്‍ഡര്‍ രസീതി/ഡിമാന്‍ഡ് ഡ്രാഫ്റ്റ് സഹിതം പരീക്ഷാകേന്ദ്രത്തിന്റെ ചുമതലയുള്ളയാള്‍ക്ക് ലഭിച്ചിരിക്കണം. പരീക്ഷാകേന്ദ്രങ്ങള്‍, അതിന്റെ വിലാസം ചുമതലക്കാരന്റെ വിവരങ്ങള്‍ എന്നിവയും പ്രോഗ്രാമിന്റെ ബ്രോഷറും www.geosocindia.org/index.php/ieso എന്ന ലിങ്കില്‍ ലഭിക്കും. പരീക്ഷയ്ക്കായി പ്രത്യേക ഹാള്‍ടിക്കറ്റ് നല്‍കുന്നതല്ല. വിദ്യാര്‍ഥി തന്റെ സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡുമായി പരീക്ഷയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് കാണുക.

റസല്‍
thozhilvazhikal@gmail.com

You must be logged in to post a comment Login