ജി എസ് ടി

ജി എസ് ടി

GST ; Goods and service tax(GST) is an indirect tax levied in India on the sale of goods and services.
2017 ജൂണ്‍ 30 അര്‍ധരാത്രി ഇന്ത്യന്‍ പാര്‍ലമമെന്റിന്റെ ഇരുസഭകളും അസാധാരണമാം വിധം സമ്മേളിച്ചു. വളരെ അടിയന്തരമായ ഘട്ടങ്ങളിലാണ് സഭ അര്‍ധ രാത്രിയില്‍ വിളിച്ചുകൂട്ടുക. സഭാംഗങ്ങള്‍ക്ക് പുറമെ ഇന്ത്യയിലെ ഉന്നതരും രത്തന്‍ ടാറ്റയെപ്പോലുള്ള ബിസിനസ് ടൈക്കൂണുകളും ഈ സമ്മേളനത്തില്‍ സന്നിഹിതരായിരുന്നു. ഈ സമ്മേളനത്തില്‍ വെച്ച് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചേര്‍ന്ന് ജി എസ് ടി എന്ന പുതിയ നികുതി പരിഷ്‌കരണത്തിലേക്ക് രാജ്യം പ്രവേശിച്ചതായി പ്രഖ്യാപിച്ചു.
2017 മാര്‍ച്ച് 29ന് ഇന്ത്യന്‍ പാര്‍ലമെന്റ് പാസ്സാക്കിയ ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് ആക്ട് പ്രകാരം ഇന്ത്യന്‍ നികുതി വ്യവസ്ഥ ഏകീകൃത നികുതി ഘടനയിലേക്ക് മാറുകയും അതിന്റെ നിര്‍ണയവും നിയന്ത്രണവും ഗുഡ്‌സ് ആന്‍ഡ് സര്‍വീസ് ടാക്‌സ് നെറ്റ് വര്‍ക്ക്(GSTN) എന്ന കോര്‍പറേറ്റ് നിയന്ത്രണത്തിലുള്ള വിവര സാങ്കേതിക വിദ്യയിലധിഷ്ഠിതമായ സ്ഥാപനത്തിലൂടെ ജി എസ് ടി കൗണ്‍സില്‍ എന്ന കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഏജന്‍സിയില്‍ നിക്ഷിപ്തമായി.

ഇന്ത്യയില്‍ പ്രത്യക്ഷ, പരോക്ഷ നികുതി സംവിധാനമായിരുന്നു ഉണ്ടായിരുന്നത്. പ്രത്യക്ഷ നികുതി സമ്പ്രദായത്തിനാണ് 90കള്‍ വരെയും പ്രാധാന്യമുണ്ടായിരുന്നത്. എന്നാല്‍ 90കളിലെ നവഉദാരീകരണ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള മാറ്റത്തിന്റെ ഭാഗമായി പരോക്ഷ നികുതി സമ്പ്രദായത്തിന് പ്രാധാന്യം ലഭിച്ചു. ഇതിന്റെ ഭാഗമായാണ് പരോക്ഷ മൂല്യവര്‍ധിത നികുതി(VAT) നിലവില്‍ വന്നത്. 1999ല്‍ അന്നത്തെ പ്രധാനമന്ത്രി അടല്‍ബിഹാരി വാജ്‌പേയും, അദ്ദേഹത്തിന്റെ സാമ്പത്തികോപദേശ പാനലിലുണ്ടായിരുന്ന ഐ ജി പട്ടേല്‍, ബിമല്‍ ജലാന്‍, ബി രംഗരാജന്‍ തുടങ്ങിയവരുമായുള്ള കൂടിയാലോചനയുടെ ഫലമായാണ് ഒരു ഏക പൊതുചരക്കുസേവന നികുതി (GST) എന്ന ആശയം രൂപപ്പെടുത്തുന്നത്. പശ്ചിമബംഗാളിലെ സി പി എം നേതൃത്വത്തിലുള്ള മന്ത്രിസഭയിലെ ധനകാര്യ മന്ത്രിയായ അസിംദാസ് ഗുപ്ത തലവനായുള്ള ഒരു ടീമിനെ ജി എസ് ടി മോഡല്‍ രൂപകല്‍പന ചെയ്യുന്നതിനായി നിയോഗിച്ചു. 2002ല്‍ തന്നെ വാജ്‌പേയ് ഗവണ്‍മെന്റ് നികുതി പരിഷ്‌കരണത്തിനായി വിജയ് കേല്‍ക്കറെ ചെയര്‍മാനായ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചു.

പുതിയ നികുതി സമ്പ്രദായം വന്നതോടെ പഴയ പല നികുതികളും അപ്രത്യക്ഷമായി. ഉദാഹരണത്തിന് സെന്‍ട്രല്‍ എക്‌സൈസ് ഡ്യൂട്ടി, സേവന നികുതി, അഡീഷണല്‍ കംസ്റ്റംസ് ഡ്യൂട്ടി, സര്‍ചാര്‍ജുകള്‍, സംസ്ഥാന തല മൂല്യവര്‍ധിത നികുതി എന്നീ നികുതികള്‍ എല്ലാം ജി എസ് ടിയില്‍ ലയിച്ചു. സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും നിലവിലുള്ള പതിനഞ്ചോളം നികുതികള്‍ക്ക് പകരം ഒറ്റ നികുതി. നികുതി സംവിധാനം ഇതുവഴി സുഗമമാകുമെന്നും നികുതി ശൃംഖല കൂടുതല്‍ വിപുലമാകുന്നതോടുകൂടി നികുതിവെട്ടിപ്പ് പരമാവധി കുറക്കാന്‍ സാധിക്കുമെന്നാണ് ഗവണ്‍മെന്റ് കണക്കുകൂട്ടുന്നത്. ജി എസ് ടി വരുമാനം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തുല്യമായി പങ്കിടും. കേന്ദ്ര ജി എസ് ടി(സി ജി എസ് ടി), സംസ്ഥാന ജി എസ് ടി(എസ് ജി എസ് ടി), സംയോജിത ജി എസ് ടി(ഐ ജി എസ് ടി) എന്നിങ്ങനെ മൂന്നുതരം നികുതി ശേഖരണ സമ്പ്രദായങ്ങളേ ഇനിയുണ്ടാവൂ. അഞ്ച്, 12, 18, 25 എന്നീ ശതമാനങ്ങളിലാണ് ജി എസ് ടി നികുതി പരിധി. പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കും ഇടപാടുകള്‍. കയറ്റുമതിക്കാര്‍ക്ക് 90 ശതമാനം തുകയുടെ തിരിച്ചടവ് ഒരാഴ്ചക്കുള്ളിലും ഇടപാടുകാര്‍ക്കുള്ള തിരിച്ചടവ് 60 ദിവസത്തിനുള്ളിലും ഉറപ്പാക്കണം. ഓണ്‍ലൈന്‍ ഇടപാട് നടത്താന്‍ സര്‍ക്കാര്‍ 25 സ്വകാര്യ കമ്പനികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

25 ബാങ്കുകളെയും ജി എസ് ടി പൊതുപോര്‍ട്ടലുമായി സംയോജിപ്പിച്ചു. നിലവിലുള്ള നികുതി സമ്പ്രദായത്തില്‍ കാതലായ മാറ്റമുണ്ടാക്കിയ ജി എസ് ടിയെ ഡെസ്റ്റിനേഷന്‍(ഉല്‍പന്നം എത്തിച്ചേരുന്ന സ്ഥലം) അല്ലെങ്കില്‍ കണ്‍സംപ്ഷന്‍(ഉപഭോഗ) നികുതി എന്ന് വിളിക്കാം. ഉദാഹരണത്തിന് കേരളത്തിലുണ്ടാക്കുന്ന ഒരുല്‍പന്നം തമിഴ്‌നാട്ടിലാണ് വില്‍ക്കുന്നതെങ്കില്‍ നികുതി ചുമത്തുന്നതും പിരിക്കുന്നതും തമിഴ്‌നാട്ടില്‍നിന്നായിരിക്കും. അതായത് ഇത്തരത്തില്‍ ചുമത്തുന്ന നികുതിയുടെ വരുമാനം ഉല്‍പാദക സംസ്ഥാനത്തിനാകില്ല. പകരം ഉപഭോഗ സംസ്ഥാനത്തിനായിരിക്കും.

നിലവില്‍ ജി എസ് ടിയുടെ പുറത്താണ് പെട്രോളിയം ഉല്‍പന്നങ്ങളും മദ്യവും. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിവര്‍ഷം പത്ത് ലക്ഷം രൂപക്കുതാഴെ വരുമാനമുള്ള ചെറുകിട സംരംഭങ്ങളെ ജി എസ് ടിയില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ജി എസ് ടിയുടെ നേട്ടങ്ങളായി കണക്കാക്കുന്നത്;

1. സര്‍ക്കാറിന്റെ നികുതി വരുമാനം വര്‍ധിക്കും. ജി ഡി പിയില്‍ ആനുപാതിക വര്‍ധനവുണ്ടാകും. 2. നികുതി ഏകീകൃതമാകുമ്പോള്‍ അത് വിപണിയില്‍ പ്രതിഫലിക്കുകയും ജനങ്ങള്‍ക്ക് പ്രയോജനകരമാവുകയും ചെയ്യും. 3. രാജ്യം ഒറ്റ വിപണിയായി മാറും. 4. പല തട്ടിലുള്ള നികുതിക്ക് പകരം ഉപയോഗിക്കുന്ന ആള്‍ മാത്രം നികുതി അടക്കുന്ന രീതി. 5. നികുതി വ്യവസ്ഥയിലെ അഴിമതി, ഉദ്യോഗസ്ഥതല ഭീഷണി എന്നിവയും മറ്റും ഇല്ലാതാക്കുക എന്നിങ്ങനെയാണ്. അതേസമയം നവഉദാരീകരണ സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്താനുള്ള സംഘ്പരിവാര്‍ സര്‍ക്കാറിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ ഒറ്റനികുതി വ്യവസ്ഥ എന്നുള്ള വിമര്‍ശനം ശകത്മാണ്. ‘ഒരു നികുതി, ഒരു രാഷ്ട്രം, ഒരു കമ്പോളം’ വഴി ഉല്‍പാദന വിതരണ വിപണന സേവന മേഖലകളില്‍ നിന്നെല്ലാം ഭരണകൂടങ്ങള്‍ സമ്പൂര്‍ണമായി പിന്‍മാറുന്നതുകാണാം.

ജി എസ് ടിക്കുമുമ്പ് ഉല്‍പന്ന വിലയും സേവന വിലയും ഒക്കെ നിശ്ചയിക്കുന്നത് ഉല്‍പാദിപ്പിക്കുന്നവരും സേവനങ്ങള്‍ തരുന്നവരുമാണ്. ജി എസ് ടി വന്നതോടെ ആ അവകാശം എടുത്തുകളഞ്ഞിരിക്കുന്നു. ഉല്‍പാദകര്‍ നിശ്ചയിച്ച ലാഭമടക്കം ചേര്‍ത്തുറപ്പിക്കുന്ന സാധന/ സേവന വിലയ്ക്കുമേല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിശ്ചയിച്ച നികുതികള്‍ ചേര്‍ത്താണ് ഉപഭോക്താവ് വില നല്‍കുന്നത്. സേവന നികുതികള്‍ നിലവില്‍ 15 ശതമാനമായിരുന്നത് 18 ആക്കുന്നു. അതായത് 100 രൂപക്കുമേല്‍ 3 രൂപവെച്ച് സേവന വില ഉയരുകയാണ്. മറ്റൊരു പ്രധാന വിമര്‍ശനം ഇന്ത്യന്‍ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവം ഇല്ലാതാകുന്നു എന്നതാണ്. നികുതി പിരിക്കാനുള്ള ഭരണഘടനാപരമായ അവകാശം സംസ്ഥാന സര്‍ക്കാരുകള്‍ക്കില്ലാതാവുകയും, പരോക്ഷ നികുതികളെല്ലാം ജി എസ് ടിയിലേക്ക് മാറുകയും ചെയ്യുന്നതോടെ സംസ്ഥാന സര്‍ക്കാരുകളുടെ തനത് വിഭവ സമാഹരണ സാധ്യതകള്‍ അവസാനിച്ചുകഴിഞ്ഞു. ഫെഡറല്‍ ഘടനയുടെ മൂലക്കല്ലായ സംസ്ഥാന സര്‍ക്കാരുകളുടെ നികുതിയിന്‍മേലുള്ള ഭരണഘടനാപരമായ അവകാശം ഇല്ലാതാകുന്നതോടുകൂടി ഹിന്ദുത്വ ഭരണകൂടത്തില്‍ എല്ലാ അധികാരങ്ങളും കേന്ദ്രീകരിക്കുന്ന ഒരു യൂണിറ്ററി സ്‌റ്റേറ്റ് ആയി ഇന്ത്യ മാറിക്കഴിഞ്ഞുവെന്ന് കാണാം.

മറ്റൊരു പ്രധാന പ്രശ്‌നം ചെറുകിട സംരംഭകരുടെ തകര്‍ച്ചയാണ്. ഇന്ത്യയിലെ 48 കോടിയോളം വരുന്ന തൊഴിലാളികള്‍ 95 ശതമാനവും പണിയെടുക്കുന്നത് ചെറുകിട- ഇടത്തരം മേഖലകളിലാണ്. ഇതുമായി ബന്ധപ്പെട്ടാണ് ഇന്ത്യയുടെ വ്യാവസായികോല്‍പാദനത്തിന്റെ പകുതിയും. കയറ്റുമതിയുടെ അഞ്ചില്‍രണ്ട് ഭാഗവും ഇവിടെയാണ് രൂപം കൊള്ളുന്നത്. വന്‍കിട കുത്തകകളുമായി ഈ മേഖല പിടിച്ചുനില്‍ക്കുന്നത് രാഷ്ട്രനിര്‍മാണത്തിന്റെ ഭാഗമായി നല്‍കിവരുന്ന അസംഖ്യം ഇളവുകളിലൂടെയാണ്. എന്നാല്‍ ജി എസ് ടിയില്‍ വന്‍കിടക്കാരും ചെറുകിടക്കാരും എന്ന വ്യത്യാസം ഇല്ലാതാകുന്നതോടെ ചെറുകിട മേഖല പിടിച്ചുനില്‍ക്കാനാകാതെ തകരുന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. ജി എസ് ടി എന്‍ ചരക്കുസേവന നികുതി ശൃംഖല എന്ന അധികാര കേന്ദ്രമാണ് ജി എസ് ടി നടപ്പിലാക്കുന്ന ആധികാരിക സ്ഥാപനം. ആരാണ് ഇതിനെ നിയന്ത്രിക്കുന്ന ത്? 49 ശതമാനം പങ്കാളിത്തം കേന്ദ്ര/ സംസ്ഥാന സര്‍ക്കാരുകളുടേതാണ്. 51 ശതമാനം രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യ സാമ്പത്തിക സ്ഥാപനങ്ങളായ എച്ച് ഡി എഫ് സി, എച്ച് ഡി എഫ് സി ബാങ്ക്, ഐ സി ഐ സി ബാങ്ക്, നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച്, സ്ട്രാറ്റജിക് ഇന്‍വെസ്റ്റമെന്റ്, എല്‍ ഐ സി ഹൗസിംഗ് ഫിനാന്‍്‌സ് എന്നീ സ്ഥാപനങ്ങളാണ് രാജ്യത്തെ മൊത്തം നികുതി പിരിവിന്റെയും സൂക്ഷിപ്പിന്റെയും കസ്റ്റോഡിയന്മാര്‍. രാജ്യത്തിന്റെ വരുമാനം മുഴുവന്‍ ഈ ആഗോള ധനമൂലധന ഏജന്‍സികളിലൂടെയാണ് കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്.

ഇതുകൂടാതെ നിരവധി ആശങ്കകള്‍ ധനകാര്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്ധര്‍ പങ്കുവെക്കുന്നുണ്ട്. നികുതിവിഹിതത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തമ്മില്‍ തര്‍ക്കങ്ങളുണ്ടാകാനിടയുണ്ട്. പണപ്പെരുപ്പം ഉണ്ടാകാനുള്ള സാധ്യതയുണ്ട്. നേരത്തെ ഒന്നരക്കോടി രൂപവരെ വാര്‍ഷിക വിറ്റുവരവുള്ള വ്യാപാരികള്‍ സെയില്‍സ് ടാക്‌സ് അടച്ചാല്‍ മതിയായിരുന്നു. എന്നാല്‍ ജി എസ് ടി വന്നതുമുതല്‍ 20 ലക്ഷത്തിനുമേല്‍ വിറ്റുവരവുള്ള എല്ലാവരും ജി എസ് ടിയുടെ ഭാഗമായി നികുതി അടക്കേണ്ടിവരും.
സംസ്ഥാനങ്ങളുടെ സാമ്പത്തിക രംഗത്ത് വന്‍തിരിച്ചടികളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ജി എസ് ടി നടപ്പിലാക്കിയ ആസ്‌ട്രേലിയ അടക്കമുള്ള രാജ്യങ്ങള്‍ വന്‍സാമ്പത്തിക തകര്‍ച്ചയെ ആണ് നേരിട്ടതെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ സമ്പദ്‌രംഗം മുഴുവന്‍ കോര്‍പറേറ്റുകളുടെ കൈപ്പിടിയിലേക്ക് ഒതുങ്ങുന്നുവെന്നാണ് പ്രത്യക്ഷത്തില്‍ ജി എസ് ടി അനുഭവങ്ങള്‍ തെളിയിക്കുന്നത്. ജി എസ് ടി നടപ്പിലാക്കുന്നതിന്റെ ഗുണം വിലക്കുറവിലൂടെയാണ് സാധാരണക്കാരിലെത്തേണ്ടത്. അത് ചരക്കുവില്‍പനയായാലും സേവന വില്‍പനയായാലും. എന്നാല്‍ ജി എസ് ടി നടപ്പിലാക്കി അഞ്ച് മാസം കഴിയുമ്പോഴും വിലക്കുറവുണ്ടായിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

റഫറന്‍സ്
1. gst.gov.in Government website for GST.
2. www.gstcouncil.gov.in
3. goods and services tax(India) Wikipedia.
4. People against globalizaton Bulletin
5. Pn F-kv Sn ]p-Xn-b ImÂ-sh-¸v. Business- Mathrubhumi.
6. www.mathrubhumi.com
http://economitimes.indiatimes.com
http://www.ndtv.com

You must be logged in to post a comment Login