ഒരു ചരിത്ര ഗ്രന്ഥം പറയുന്ന പൊള്ളുകള്‍

ഒരു ചരിത്ര ഗ്രന്ഥം പറയുന്ന പൊള്ളുകള്‍

”1989ല്‍ സമസ്തയിലുണ്ടായ പിളര്‍പ്പ് ഏറെ ശക്തവും സംഘടനയെ ഏറെക്കുറെ രണ്ടായി വിഭജിക്കുകയും ചെയ്ത ഒന്നാണ്. കാന്തപുരം എന്ന അപരനാമത്തില്‍ പ്രസിദ്ധനായ എ.പി. അബൂബക്കര്‍ മുസ്‌ലിയാരുടെ നേതൃത്വത്തിലാണ് ഈ പിളര്‍പ്പുണ്ടായത്. പ്രത്യയശാസ്ത്രപരമോ അനുഷ്ഠാനപരമോ ആയ ഒരു പ്രശ്‌നവും ഇതില്‍ അന്തര്‍ഭവിച്ചിരുന്നതായി കാണുന്നില്ല. വ്യക്തിവിദ്വേഷവും നേതൃമോഹവുമാണ് പ്രധാനകാരണമായി പറഞ്ഞുപോകുന്നത്. എന്നാല്‍, കാന്തപുരത്തിന്റെ വാഗ്മിത്വവും സംഘടനാശേഷിയും നയതന്ത്രജ്ഞതയും സമ്പത്തും പുതിയ ഒരു സംഘടനയെ കെട്ടിപ്പടുക്കാനുള്ള സൗകര്യങ്ങളും അദ്ദേഹത്തിനുണ്ടാക്കി. സമസ്ത സുന്നി യുവജന സംഘത്തിന്റെ നേതൃത്വമുണ്ടായിരുന്ന കാന്തപുരം ഈ പോഷകസംഘടനയെ മാതൃസംഘടനക്ക് ഭീഷണിയാകും വിധം വളര്‍ത്തിയെടുക്കുകയും പ്രവര്‍ത്തനങ്ങള്‍ അത്തരത്തില്‍ ക്രമീകരിക്കുകയും ചെയ്തു. മാതൃസംഘടനയുടെ നിയന്ത്രണത്തില്‍ ഈ യുവജനവിഭാഗത്തെ കൊണ്ടുവരുവാനുള്ള ശ്രമങ്ങളും പരാജയപ്പെട്ടിരുന്നു. ഈ അവസരത്തിലാണ് മാതൃസംഘടനയെ വെല്ലുവിളിച്ചുകൊണ്ട് അവരുടെ സമ്മതമില്ലാതെ, 1989ല്‍ എറണാകുളത്തുവെച്ച് ഒരു മഹാസമ്മേളനം കാന്തപുരത്തിന്റെ നേതൃത്വത്തില്‍ നടത്തിയത്. ഈ സമ്മേളനം ഒരു വലിയ വിജയമായിരുന്നു. നേതൃത്വത്തെ ധിക്കരിച്ചുകൊണ്ട് ഈ യോഗത്തില്‍ സജീവമായി പ്രവര്‍ത്തിച്ചവരെ മാതൃസംഘടന അച്ചടക്കനടപടിക്ക് വിധേയമാക്കിയതോടെ സമസ്തയിലെ രണ്ടാമത്തെ പിളര്‍പ്പ് പൂര്‍ണമായി.

ഇതേത്തുടര്‍ന്ന് പള്ളികളുടെയും മദ്രസകളുടെയും അവകാശത്തര്‍ക്കങ്ങളുമായി ഇരുവിഭാഗവും പല സ്ഥലങ്ങളിലും ഏറ്റുമുട്ടലുകള്‍ നടത്തി. പോലിസിന് ലാത്തിച്ചാര്‍ജും വെടിവെപ്പും നടത്തേണ്ടതായി വന്നു. യാഥാസ്ഥിതിക സംഘടനയില്‍ നടന്ന ഈ പിളര്‍പ്പില്‍ രാഷ്ട്രീയമുതലെടുപ്പ് നടത്തിയവരും ധാരാളമാണ്. ഏതായാലും കാന്തപുരം നേതൃത്വം കൊടുക്കുന്ന സമസ്തവിഭാഗം അവഗണിക്കാന്‍ പറ്റാത്ത ശക്തിയാണ്. അനവധി മദ്രസകളും അറബിക്കോളേജുകളും ഈ വിഭാഗത്തിന്റെ കീഴിലുണ്ട്. കോഴിക്കോട് അടുത്ത് നന്തിയില്‍ ഉള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വളരെ പ്രശസ്തവും ഭംഗിയായി നടക്കുന്നവയുമാണ്. കാന്തപുരം ഗ്രൂപ്പിന്റെ അഭിപ്രായത്തില്‍ സമസ്തയിലെ പണ്ഡിതന്മാര്‍ മുജാഹിദുകളോടും ജമാഅത്തെ ഇസ്‌ലാമികളോടും വളരെ മൃദുലമായി രീതിയിലാണ് പെരുമാറുന്നതെന്നും അതു സുന്നികളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നുവെന്നുമാണ്. സൈദ്ധാന്തികമായ ഒരു പരിവേഷം ഭിന്നിപ്പിന്റെ കാരണമായി അണിഞ്ഞിരിക്കുന്നുവെന്ന് മാത്രമേ ഇതുകൊണ്ട് അര്‍ഥമാക്കേണ്ടതുള്ളു. സമസ്തയിലുണ്ടായ നെടുങ്ങനെയുള്ള ഈ പിളര്‍പ്പ് മതസാമുദായിക താല്‍പര്യത്തിന് മങ്ങലേല്‍പിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. രാഷ്ട്രീയ, സാമൂഹിക മണ്ഡലത്തില്‍ ഇത് പ്രകടമാവുകയും ചെയ്തിട്ടുണ്ട്.” (പേജ് 630. കേരളത്തിന്റെയും കേരള മുസ്‌ലിംകളുടെയും ചരിത്രം ).

ചരിത്രകാരന്‍ ഡോ. സി.കെ കരീമിന്റെ നേതൃത്വത്തില്‍ 1997ല്‍ പൂര്‍ത്തിയാക്കിയ ‘കേരള മുസ്‌ലിം ചരിത്രം’ ( വാള്യം ഒന്ന്) എന്ന വലിയൊരു ഗ്രന്ഥത്തില്‍നിന്നുള്ളതാണ് ഉപര്യുക്ത ഉദ്ധരണി. കേരളമുസ്‌ലിംകളുടെ ഭൂതവും വര്‍ത്തമാനവും സത്യസന്ധമായും വസ്തുനിഷ്ഠമായും ഡോക്യുമെന്റ് ചെയ്യുക എന്ന മഹത്തായ ലക്ഷ്യത്തോടെ നമ്മുടെ കൈകളിലെത്തിയ ഈ ചരിത്രപുസ്തകം ആധികാരിക രേഖയായി നാളത്തെ തലമുറ ഉയര്‍ത്തിക്കാട്ടുമെന്ന കാര്യത്തില്‍ സംശയമില്ല. എന്നാല്‍, സുന്നികേരളത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട സുപ്രധാനമായൊരു കാലഘട്ടത്തെ എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്തിരിക്കുന്നതെന്ന് നോക്കൂ. നമ്മുടെ കണ്‍മുമ്പില്‍ നടന്ന ഒരു സംഭവത്തെ തികച്ചും പക്ഷപാതപരമായും ആ കാലഘട്ടത്തില്‍ അധികാരം കൈയാളിയ ശക്തികള്‍ക്ക് അനുകൂലമായും രചിച്ചപ്പോള്‍ സത്യാന്വേഷികള്‍ക്ക് വെളിച്ചം പകരേണ്ട ഒരു സംരംഭം അങ്ങേയറ്റം വികൃതമാക്കപ്പെട്ടതാണ് നാമിവിടെ കണ്ടത്. കോഴിക്കോട് കാരന്തൂരിലെ പ്രശസ്തമായ മര്‍കസുസ്സഖാഫത്തി സുന്നിയ്യ റൂബി ജൂബിലിയില്‍ എത്തിനില്‍ക്കുമ്പോള്‍ സ്ഥാപനം ഉയര്‍ന്നുവരാനുണ്ടായ കാര്യകാരണങ്ങളെ കുറിച്ച് കേരള മുസ്‌ലിംകളുടെ ആധികാരിക ചരിത്രപുസ്തകത്തില്‍ എന്താണ് എഴുതിവെച്ചിരിക്കുന്നതെന്ന് പരിശോധിച്ചപ്പോഴാണ് ഈ വികല ചരിത്രം ശ്രദ്ധയില്‍ പെട്ടത്. ഉസ്താദ് കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാരെ കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ അദ്ദേഹം കെട്ടിപ്പടുത്ത കോഴിക്കോട്ടെ മര്‍കസിനെക്കുറിച്ച് ഈ ചരിത്രാന്വേഷണ ഗ്രന്ഥത്തില്‍ ഒരു പരാമര്‍ശവുമില്ല. പകരം കാന്തപുരം കെട്ടിപ്പടുത്തത് കൊയിലാണ്ടിക്കടുത്ത് നന്തിയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളാണെന്ന് ഒരു ആധികാരിക ചരിത്ര പുസ്തകം നുണ പറയുന്നു.

യഥാര്‍ത്ഥ കാരണങ്ങള്‍ ചികയുമ്പോള്‍
സമസ്തയിലുണ്ടായ ഭിന്നിപ്പിന് പിന്നില്‍ കേരളീയ മുസ്‌ലിം സമൂഹത്തിന്റെ രാഷ്ട്രീയ, മത ബന്ധങ്ങളിലെ സങ്കീര്‍ണമായ ചില അംശങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് കാണാന്‍ ഗവേഷണമൊന്നും ആവശ്യമില്ല.1920കള്‍ തൊട്ട് സ്വന്തമായ കര്‍മമണ്ഡലം പണിത് മുസ്‌ലിം സമൂഹത്തിന്റെ ദൈനംദിന വ്യവഹാരങ്ങളെ നിയന്ത്രിച്ച പണ്ഡിതന്മാര്‍, ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ ജീര്‍ണശേഷിപ്പുകളുമായി സമുദായത്തിന്റെമേല്‍ ആധിപത്യം പുലര്‍ത്താന്‍ ശ്രമിച്ചിരുന്ന മുസ്‌ലിം ലീഗ് നേതൃത്വവുമായി ആദ്യകാലങ്ങളില്‍ സൗഹാര്‍ദത്തില്‍ തന്നെയായിരുന്നു മുന്നോട്ടുപോയിരുന്നത്. ഇസ്‌ലാഹിപ്രസ്ഥാനത്തിലൂടെ രാഷ്ട്രീയസാമൂഹിക മണ്ഡലങ്ങളിലേക്ക് സ്വാധീനം ചെലുത്താന്‍ ശ്രമിച്ച നേതാക്കള്‍ പോലും ഭൂരിപക്ഷം വരുന്ന സുന്നി വിഭാഗത്തെ പ്രകോപിപ്പിക്കാതെ നോക്കിയത് സന്തുലനം ഉലയരുത് എന്ന സദുദ്ദേശ്യത്തോടെയായിരുന്നു. 1948ല്‍ സത്താര്‍ സേട്ട് പാകിസ്ഥാനിലേക്ക് തീവണ്ടി കയറിയതില്‍പിന്നെ മലബാര്‍ മുസ്‌ലിം ലീഗിന്റെ സാരഥ്യം ആര്‍ക്കാണ് എന്ന ചോദ്യമുയര്‍ന്നപ്പോള്‍, അക്കാലത്ത് ദേശീയസാര്‍വദേശീയ രാഷ്ട്രീയം കലക്കിക്കുടിച്ച ഒ. അബുസാഹിബല്ല, കോഴിക്കോട് അരിക്കച്ചവടം നടത്തുന്ന മുഹമ്മദ് അബ്ദുറഹ്മാന്‍ ബാഫഖി തങ്ങളാണ് ആ സ്ഥാനത്ത് വേണ്ടതെന്ന് മുജാഹിദ് നേതാവായ കെ.എം മൗലവിയെ പോലുള്ള ഒരാളെ കൊണ്ട് പറയിപ്പിച്ചത് ഈ സുന്നി ഫാക്ടര്‍ തന്നെയായിരുന്നു. സി.എന്‍ അഹ്മദ് മൗലവി പലതുമെഴുതി സുന്നികളെ പ്രയാസപ്പെടുത്തുന്നുവെന്ന് ചിലര്‍ പരാതിപ്പെട്ടപ്പോള്‍ എന്തിനാണ് മൗലവീ അവരെ പ്രകോപിപ്പിക്കുന്നതെന്ന് നേതാക്കളുടെ മുമ്പാകെ വെച്ച് പരസ്യമായി ശാസിക്കുകയും, സ്വകാര്യസംഭാഷണത്തില്‍ എഴുത്തും വിമര്‍ശനവും തുടര്‍ന്നാലേ സമൂഹം മുന്നോട്ടുനീങ്ങുകയുള്ളൂവെന്ന് ഓര്‍മപ്പെടുത്തുകയും ചെയ്ത ഖാഇദെമില്ലത്ത് ഇസ്മാഈല്‍ സാഹിബിന്റെ സന്തുലന നിലപാട് സാമുദായിക പാര്‍ട്ടിയുടെ അടിത്തറ ഭദ്രമാക്കുന്നത് മുജാഹിദുകളല്ല, മറിച്ച് സുന്നികളുടെ സംഘചേതനയാണെന്ന തിരിച്ചറിവിന്റെ ഫലമായിരുന്നു.
മുസ്‌ലിം ലീഗ് അധികാരത്തിന്റെ രുചി അറിയുകയും സ്ഥാപനവത്കരിക്കപ്പെടുകയും ചെയ്തപ്പോള്‍ പണ്ഡിതന്മാര്‍ തങ്ങളുടെ ഇംഗിതങ്ങള്‍ക്കൊത്ത് ചലിക്കുന്ന വിധേയരാവണമെന്ന ചിന്ത ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരില്‍ വളരാന്‍ തുടങ്ങി. ഭിന്നതയുടെ കാരണങ്ങളെ കുറിച്ച് ആ കാലഘട്ടത്തില്‍ സമസ്തയുടെ നിലപാടുകള്‍ക്ക് ദാര്‍ശനിക അടിത്ത ഒരുക്കിയ എം.എ ഉസ്താദിനോട് അദ്ദേഹത്തിന്റെ ജീവിതാന്ത്യത്തില്‍ ചോദിച്ചറിയാന്‍ ശ്രമിച്ചപ്പോള്‍ അധികാര രാഷ്ട്രീയത്തിന് വഴങ്ങുന്ന മതനേതൃത്വം ലോകത്തെവിടെയും മുസ്‌ലിം ഉമ്മത്തിന്റെ സര്‍വനാശത്തിലേക്കാണ് നയിച്ചതെന്ന പാഠമാണ് ഓര്‍മപ്പെടുത്തിയത്. ഇമാം അബൂ ഹനീഫയുടെയും അഹമ്മദ് ബിന്‍ ഹന്‍ബലിന്റെയുമൊക്കെ ജീവിതപോരാട്ടം രാഷ്ട്രീയനേതൃത്വത്തിനു മുന്നില്‍ അടിയറവ് പറയുന്നത് മതത്തിന്റെ സര്‍വനാശത്തിലേക്കായിരിക്കുമെന്ന മുന്നറിയിപ്പായിരുന്നു. പ്രത്യയശാസ്ത്രപരമായി സുന്നികള്‍ക്ക് വിയോജിപ്പുള്ള മുജാഹിദുകള്‍ ലീഗ് വഴി സംഘടനയുടെ മേല്‍ ആധിപത്യമുറപ്പിക്കുന്നു എന്ന തോന്നല്‍, പതുക്കെ പതുക്കെ ഏറ്റുമുട്ടലിന്റെ കവലയിലെത്തിച്ചു. മതപ്രസ്ഥാനം എന്ന നിലയില്‍ സമസ്തയില്‍ പൊടുന്നനവെ പൊട്ടിമുളച്ച ആശയസംഘട്ടനമോ സംഘടനക്കുള്ളിലെ പോരോ ആയിരുന്നില്ല പ്രശ്‌നത്തിന്റെ തുടക്കം. മുസ്‌ലിം ലീഗിനകത്തെ ചേരിതിരിവുകളാണ് സമസ്തയില്‍ ചില വഴിത്തിരിവുകള്‍ക്ക് കാരണമായതെന്നതാണ് സത്യം. 1974ല്‍ ലീഗിലുണ്ടായ പിളര്‍പ്പ് പട്ടിക്കാട് ജാമിഅ നൂരിയ്യ എന്ന സമസ്തയുടെ ഉന്നത കലാലയത്തില്‍ പൊട്ടിത്തെറിയുടെ വിത്തുപാകി. സമസ്ത ജന. സെക്രട്ടറിയും ജാമിഅ നൂരിയ്യ പ്രിന്‍സിപ്പലുമായ മര്‍ഹും ഇ.കെ അബൂബക്കര്‍ മുസ്‌ലിയാര്‍, സയ്യിദ് ഉമര്‍ ബാഫഖി തങ്ങളോടുള്ള അടുത്ത ബന്ധം കാരണം, അഖിലേന്ത്യാ ലീഗിനോട് ചായ്‌വ് കാണിച്ചപ്പോള്‍, ഭൂരിപക്ഷം വരുന്ന ജാമിഅയിലെ യൂണിയന്‍ ലീഗ് ഭാരവാഹികള്‍ ഇ.കെക്ക് എതിരെ കരുനീക്കങ്ങള്‍ ആരംഭിച്ചു. ഇ.കെയെ പുറത്താക്കാനാണ് ശ്രമിക്കുന്നതെന്ന് കണ്ടപ്പോള്‍ സമസ്തക്ക് ഇടപെടേണ്ടിവന്നു. സമസ്ത പണ്ഡിതന്മാര്‍ ആശയപ്രചാരണത്തിന് കെട്ടിപ്പടുത്ത സ്ഥാപനത്തിലെ ഉദ്യോഗസ്ഥരുടെ നിയമനവും പിരിച്ചുവിടലുമെല്ലാം പ്രസ്ഥാനത്തിന്റെ അനുമതിയോടെ മാത്രമേ പാടുള്ളുവെന്ന് പ്രമേയം പാസ്സാക്കി. പക്ഷേ പണ്ഡിതരുടെ അഭിപ്രായത്തിന് പുല്ല്‌വില കല്‍പിക്കാതെ വന്നപ്പോള്‍ ശംസുല്‍ ഉലമ ജാമിഅ വിട്ടു. കാസര്‍ക്കോട്ടെ പൂച്ചക്കാട്ടെ ദര്‍സില്‍ അദ്ദേഹത്തെ പുനരധിവസിപ്പിക്കുന്നത് അങ്ങനെയാണ്. പട്ടിക്കാട്ടെ അനുഭവം സമസ്ത സാരഥികളെ ഇരുത്തിച്ചിന്തിപ്പിച്ചു. രാഷ്ട്രീയാന്ധത മൂത്താല്‍ ലീഗിന് ഒരു ശംസുല്‍ഉലമയും പ്രശ്‌നമല്ലെന്ന് തെളിയിച്ച ദശാസന്ധിയായിരുന്നു അത്.
സംഘടനക്ക് കീഴില്‍, രാഷ്ട്രീയമേലാളന്മാരുടെ കടിഞ്ഞാണില്ലാത്ത മതസ്ഥാപനങ്ങള്‍ പടുത്തുയര്‍ത്തുകയാണ് ഏക പോംവഴി എന്ന് തിരിച്ചറിഞ്ഞ ഉസ്താദുമാരായ ഉള്ളാള്‍ തങ്ങള്‍, എം.എ, കാന്തപുരം, കോയ്യോട് ഉസ്താദ് തുടങ്ങിയവര്‍ ഉറച്ച തീരുമാനത്തിലെത്തി. അങ്ങനെയാണ് കാസര്‍ക്കോട്ട് ജാമിഅ സഅദിയ്യക്കും കോഴിക്കോട്ട് മര്‍കസുസ്സഖാഫത്തിസ്സുന്നിയ്യക്കും ബീജാവാപം നല്‍കുന്നത്. ലീഗിന്റെ ചിറകിന്നടിയില്‍നിന്ന് മോചിതമായ ഒരു സമസ്തക്കേ മതവേദികളില്‍ സക്രിയമായി ഇടപെടാന്‍ സാധിക്കുകയുള്ളുവെന്ന കണ്ടെത്തല്‍ അതോടെ കക്ഷി രാഷ്ട്രീയമുക്തമായ പ്രസ്ഥാനത്തെ കുറിച്ച് ഗൗരവചിന്തകള്‍ക്ക് പശ്ചാത്തലമൊരുക്കി. ഒരുഭാഗത്ത് മുസ്‌ലിം ലീഗ് അണിനിരന്നപ്പോള്‍ മറുഭാഗത്ത് എ.പി അബൂബക്കര്‍ മുസ്‌ലിയാരും ഉള്ളാള്‍ തങ്ങളും എം.എ ഉസ്താദുമെല്ലാം പുതിയൊരു അരുണോദയത്തിന് ചാലകശക്തിയായി വര്‍ത്തിച്ചു. ഒരു പുലരിയില്‍ നെടുകെ ഭിന്നിപ്പുണ്ടായതല്ല സമസ്തയില്‍. ബലപരീക്ഷണങ്ങളും കിടമല്‍സരങ്ങളും അരങ്ങേറിയ കുറെ സംഭവഗതികള്‍ അതിനിടയില്‍ കെട്ടഴിഞ്ഞുവീണു. നിരവധി സമ്മേളനങ്ങള്‍ ശക്തിപ്രകടന വേദികളായി മാറി. അതിനിടയില്‍ ദേശീയതലത്തില്‍ അലയടിച്ച ശാബാനുബീഗം കേസിന്റെ വിവാദം സമസ്തയിലും അനുരണനങ്ങള്‍ സൃഷ്ടിച്ചു. ഏകീകൃത സിവില്‍ കോഡ് കൊണ്ടുവരണമെന്ന സുപ്രീംകോടതിയുടെ നിര്‍ദേശത്തിനെതിരെ സമസ്ത കേന്ദ്രസര്‍ക്കാരിനെ നേരിട്ട് സമീപിക്കണമെന്നും ശരീഅത്തില്‍ ഭാഗികമായ പരിഷ്‌കാരങ്ങള്‍ക്ക് സന്നദ്ധമാകുന്നവരോടൊപ്പം കൈകോര്‍ക്കേണ്ടതില്ലെന്നും തീരുമാനിച്ചു. പക്ഷേ, ഈ ഘട്ടത്തില്‍ സമസ്ത ജന.സെക്രട്ടറിയിലുണ്ടായ മനംമാറ്റം സുന്നി പണ്ഡിതന്മാരെ ഞെട്ടിച്ചു. രാഷ്ട്രീയനേതൃത്വത്തിന്റെ ദുഃസ്വാധീനം മൂലം ഡല്‍ഹി ദൗത്യം തന്നെ അട്ടിമറിക്കപ്പെട്ടു. ഭിന്നിപ്പ് രൂക്ഷമായിക്കൊണ്ടിരിക്കെയാണ് എറണാകുളത്ത് വെച്ച് എസ്.വൈ.എസ് സംസ്ഥാന സമ്മേളനം നിശ്ചയിക്കപ്പെട്ടത്. അതോടെ, രാഷ്ട്രീയം മറക്കുള്ളില്‍നിന്നും പുറത്തുവന്നു. സമ്മേളനം പരാജയപ്പെടുത്താന്‍ ലീഗ് ആഹ്വാനം ചെയ്തു. അനുരഞ്ജനശ്രമങ്ങളൊന്നും വിജയിച്ചില്ല. സമ്മേളനം തടയാന്‍ ചിലര്‍ കോടതി വരെ കയറി. എല്ലാറ്റിനുമൊടുവില്‍ മുസ്‌ലിം ലീഗ് നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് സമ്മേളനം വന്‍ വിജയമായി കലാശിച്ചു. വൈകാതെ മുശാവറ ചേര്‍ന്നു. സമസ്തയുടെ കേസും അനുബന്ധ സംഗതികളുമായി ബന്ധപ്പെട്ടുള്ള ജന. സെക്രട്ടറിയുടെ നിലപാടില്‍ പ്രതിഷേധിച്ച് പതിനൊന്ന് മതപണ്ഡിതന്മാര്‍ സമസ്ത മുശാവറയില്‍നിന്ന് ഇറങ്ങിപ്പോയി. ഇതില്‍ ആറുപേരെ പിന്നീട് അച്ചടക്കലംഘനത്തിന് പുറത്താക്കി എന്ന അറിയിപ്പുണ്ടായി. സംഭവബഹുലമായ ഈ ചരിത്രഗതിയെ പുര്‍ണമായി വിസ്മരിച്ച് വ്യക്തിവിദ്വേഷവും നേതൃമോഹവുമാണ് ഭിന്നിപ്പിനു നിദാനമായി വര്‍ത്തിച്ചത് എന്ന് ഒഴുക്കന്‍ മട്ടില്‍ പറഞ്ഞുപോകുന്നത് ചരിത്രരചനയല്ല.

ജൈത്ര യാത്രയുടെ തുടക്കം
‘സമസ്തയിലുണ്ടായ നെടുങ്ങനെയുള്ള ഈ പിളര്‍പ്പ് മതസാമുദായിക താല്‍പര്യത്തിന് മങ്ങലേല്‍പിച്ചിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല. രാഷ്ട്രീയ, സാമൂഹിക മണ്ഡലത്തില്‍ ഇത് പ്രകടമാവുകയും ചെയ്തിട്ടുണ്ട്’ എന്ന വിലയിരുത്തലും നിഷ്‌ക്രിഷ്ടമായി പരിശോധിക്കേണ്ടതുണ്ട്. മതസാമുദായിക താല്‍പര്യങ്ങള്‍ക്ക് ഏത് തരത്തിലാണ് മങ്ങലേല്‍പിച്ചിരിക്കുന്നത്? 38 സംവല്‍സരങ്ങള്‍ക്കിപ്പുറത്തുനിന്ന് സമസ്തയിലെ ‘ഭിന്നതയുടെ’ അനന്തരഫലങ്ങളെ കുറിച്ച് ആഴത്തില്‍ ചിന്തിക്കുമ്പോള്‍ സാങ്കല്‍പികമായ ഒരു ചോദ്യം സ്വയം ചോദിച്ചുനോക്കൂ! സമസ്ത അന്ന് രണ്ടുവഴിക്ക് ചലിച്ചില്ലായിരുന്നുവെങ്കില്‍ സുന്നികേരളത്തിന്റെ ഇന്നത്തെ അവസ്ഥ എന്താകുമായിരുന്നു? പിളര്‍പ്പ് ജ്ഞാനപ്രകാശിതമായ കുറെ ഹൃദയങ്ങളെ വര്‍ഷങ്ങളോളം വേദനിപ്പിച്ചതും സമുദായത്തില്‍ അനൈക്യം വളരുകയാണെന്ന പ്രതീതി സൃഷ്ടിച്ചതും മനസ്സില്‍ വെച്ചുകൊണ്ട് തന്നെ ഒന്നുചോദിക്കട്ടെ; പിളര്‍പ്പ് ഗുണമാണോ അതോ ദോഷമോ സൃഷ്ടിച്ചത്? ഉത്തരം വ്യക്തിനിഷ്ഠമാകാമെങ്കിലും ഒരു ചരിത്രവിദ്യാര്‍ഥി സത്യസന്ധമായി പോയകാലത്തെ അപഗ്രഥിക്കുമ്പോള്‍ എത്തിപ്പെടുന്ന ബലപ്പെട്ട ചില നിഗമനങ്ങളുണ്ട്. കേരളത്തിലെ സുന്നി പ്രസ്ഥാനം മാറ്റത്തിന്റെ പുതിയ അരുണോദയങ്ങള്‍ക്ക് നിദാനമായി തീര്‍ന്നത് കാന്തപുരത്തിന്റെ കര്‍മകാണ്ഡം പരത്തിയ പ്രഭയിലാണ്. കേരള മുസ്‌ലിംകളുടെ ചരിത്രവും വര്‍ത്തമാനവും സസൂക്ഷ്മം രേഖപ്പെടുത്തുന്ന പ്രശസ്ത കനേഡിയന്‍ ചരിത്രകാരന്‍ റൊളാണ്ട് ഇ. മില്ലര്‍ ( Roland E.Miller)കാന്തപുരം എന്ന വ്യക്തിപ്രതിഭാസത്തെ അടയാളപ്പെടുത്തുന്നത് എങ്ങനെയെന്ന് കാണുക: ” The ‘AP’ or ‘ Kandapuram’ group is led by the resourceful and dynamic A.P Abu Bekr Musliar, who hails from a village of that name. An eloquent orator with strong Gulf connections, he has mounted a strong bid for the leadership of Sunni Mappilas. In 1978, with the help of Gulf money, he established the impressive (Sunni) Cultural Complex at Karanthoor, Kozhikode Distict, with the purpose of ” encouraging spiritual development”. The astonishingly rapid rise of the huge complex testifies to the ability of its leader, both in fund raising and in inspirational qualities………സുന്നി കേരളത്തിന്റെ നേതൃപദവി എ.പി എന്നോ കാന്തപുരം എന്നോ വിശേഷിപ്പിക്കപ്പെടുന്ന ഒരു വ്യക്തിപ്രതിഭാസത്തിന്റെ തോളിലേക്ക് കാലം ചാരിവെച്ചു എന്ന് മാത്രമല്ല, സുന്നികള്‍ക്ക് സ്വപ്‌നം പോലും കാണാന്‍ സാധിക്കാത്ത വിധത്തിലുള്ള അദ്ഭുതങ്ങള്‍ വിദ്യാഭ്യാസ, സാംസ്‌കാരിക മേഖലകളില്‍ സൃഷ്ടിക്കാനും സാധിച്ചു. മില്ലര്‍ രണ്ടുകാരണങ്ങളാണ് അതിനു പറയുന്നത്. ഒന്ന് കാന്തപുരത്തിന്റെ വാഗ്മിത്വം. രണ്ടു ഗള്‍ഫ് പണം ശേഖരിക്കാനുള്ള നൈപുണി. മുന്നാമതായി പറയേണ്ടത്, ജീവിക്കുന്ന കാലഘട്ടം തുറന്നിടുന്ന അനന്തമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തി, ഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള ബുദ്ധിപൂര്‍വമായ ചുവടുവെപ്പുകളാണ്. മര്‍കസും നോളജ് സിറ്റിയും ഏറ്റവുമൊടുവില്‍ ക്വീന്‍സ് ലാന്‍ഡുമൊക്കെ ഒരു ശരാശരി പണ്ഡിതന്റെ ധിഷണയിലോ സങ്കല്‍പത്തിലോ ഉരുത്തിരിയുന്ന പദ്ധതികളല്ല. പ്രത്യുത, ദീര്‍ഘവീക്ഷണവും ഇച്ഛാശക്തിയും കഠിനാധ്വാന ശീലവും കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഒരു നേതാവില്‍നിന്നേ ഇത്തരം വിപ്ലവങ്ങള്‍ പ്രതീക്ഷിക്കാനാവൂ. മറുചേരിയില്‍ പേരും പെരുമയുമുള്ള എത്രയോ പണ്ഡിതന്മാരുണ്ടായിരുന്നിട്ടും എന്തുകൊണ്ട് ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ നടക്കാതെ പോകുന്നു എന്നതിനുത്തരം ജീര്‍ണിത കക്ഷിരാഷ്ട്രീയത്തിന്റെ പിടുത്തം തന്നെ.

രാഷ്ട്രീയമുക്തമായ സമസ്ത കേരളക്കരയില്‍ സുന്നികള്‍ക്ക് ആത്മവിശ്വാസവും അസ്തിത്വവും നല്‍കിയെങ്കില്‍ ആ പോസിറ്റീവായ വശങ്ങളെ എന്തിന് കാണാതിരിക്കണം. മതസാമുദായിക താല്‍പര്യങ്ങള്‍ക്ക് ഈ മുന്നേറ്റം ഗുണകരമായി വര്‍ത്തിച്ചതല്ലാതെ, ഒരു തരത്തിലും മങ്ങലേല്‍പിച്ചിട്ടില്ല. കേരളീയ മുസ്‌ലിം സമൂഹത്തില്‍ സമുദായത്തിലെ അധികാര ശക്തികള്‍ ചെലുത്തിയ ദുഃസ്വാധീനത്തിന്റെ വ്യാപ്തി കുറക്കാന്‍ കാന്തപുരത്തിനു സാധിച്ചിട്ടുണ്ടെങ്കില്‍ സമുദായസ്‌നേഹികള്‍ അതില്‍ ആഹ്ലാദിക്കുകയല്ലേ വേണ്ടത്. ഏതാനും സമുദായ രാഷ്ട്രീയ നേതാക്കളുടെ അധികാരമോഹം ശമിപ്പിക്കാന്‍ ഒരു സമൂഹത്തെ ഒന്നാകെ, ബലികൊടുക്കുകയോ, മരവിപ്പിച്ചുനിര്‍ത്തുകയോ ചെയ്യുന്ന അവസ്ഥക്ക് മാറ്റമുണ്ടാക്കുകയും ഫലപ്രദമായ ഒരു ബദല്‍ സാമൂഹിക വ്യവസ്ഥ കെട്ടിപ്പടുക്കുകയും ചെയ്യുമ്പോള്‍ അതിലടങ്ങിയ വിപ്ലവാത്മകത തിരിച്ചറിയുകയല്ലേ ബുദ്ധി? ‘ടെറര്‍ ഓഫ് സ്റ്റാറ്റസ്‌കോ’ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തല്‍സ്ഥിതിയുടെ അഭംഗുരമായ നൈരന്ത്യത്തെ തോല്‍പിച്ചിടത്താണ് കാന്തപുരത്തിന്റെ വിജയം. നാടുവാഴികളുടെ ജീര്‍ണ മനസ്ഥിതികളില്‍നിന്ന് സമുദായത്തിന്റെ നേതൃത്വം പിടിച്ചെടുത്ത് സ്വപ്‌നഭരിതമായ നാളെയെ കുറിച്ച് ചിന്തിക്കുന്ന ഒരു തലമുറയിലേക്ക് അത് കൈമാറാന്‍ കാണിച്ച ആര്‍ജവം ചരിത്രത്തില്‍ രേഖപ്പെട്ടുകഴിഞ്ഞു. വ്യക്തിയുടെ കഴിവ് അംഗീകരിക്കാനുള്ള മനസ്സിന്റെ ഇടുക്കമാണ് കെട്ടിടത്തിന്റെ മേല്‍ക്കൂര നോക്കി ഗള്‍ഫ് പണത്തിന്റെ ഹുങ്കിനെകുറിച്ച് പരാമര്‍ശിക്കേണ്ടിവരുന്നത്. പണം കൊണ്ട് മാത്രം ജനപ്രിയതയും അംഗീകാരവും പിടിച്ചെടുക്കാമെങ്കില്‍ ടാറ്റയും ബിര്‍ളയും അംബാനിയും അദാനിയുമൊക്കെ എന്തുമാത്രം അനുയായികളെ സൃഷ്ടിച്ചിട്ടുണ്ടാവും.
മര്‍കസുസഖാഫത്തിസുന്നിയ്യ പോലുള്ള സ്ഥാപനങ്ങള്‍ സ്വാതന്ത്ര്യലബ്ധിക്കു ശേഷമുള്ള കേരളീയ മുസ്‌ലിം സമൂഹത്തിന്റെ വൈജ്ഞാനിക ശാക്തീകരണ വഴിയിലെ അടയാളപ്പെടുത്തലും ദൃഷ്ടാന്തവുമാണ്. ഇസ്‌ലാമിക നാഗരികതക്ക് കഴിഞ്ഞ 1450 വര്‍ഷത്തെ പ്രയാണത്തിനിടയില്‍ ബഗ്ദാദിന്റെയും അലപ്പോയുടെയും കൊര്‍ദോവയുടെയും ബുഖാറയുടെയും സമര്‍ഖന്തിന്റെയും ഓരത്തുവെച്ച് നഷ്ടപ്പെട്ട ‘ബെയ്ത്തുല്‍ ഹിക്മ’യുടെ തിരിച്ചുപിടിക്കലിന്റെ ഒരാനന്ദം മര്‍കസ് സ്ഥാപനങ്ങളുടെ വളര്‍ച്ചയെ സുമനസ്സോടെ നോക്കിക്കാണുന്നവരില്‍ ഉറവകൊള്ളാതിരിക്കില്ല. ഇസ്സത്ത് വീണ്ടെടുത്ത പണ്ഡിതസമൂഹത്തിന്റെ ജൈത്രയാത്രക്കു മുന്നില്‍ തരം താഴ്ന്ന രാഷ്ട്രീയം പറയുന്നവരോട് ഇതിന്റെ വക്താക്കള്‍ക്ക് ഒരുകാര്യമുണര്‍ത്താം: നിലാവ് കണ്ട് ഓരിയിടുന്ന കുറുക്കന്മാരെ പേടിച്ച് ഒരു സാര്‍ഥവാഹകസംഘവും അവരുടെ പ്രയാണപാത വിട്ടൊഴിയാറില്ല. മഹാകവി ജലാലുദ്ദീന്‍ റൂമിയോട് ആരാണ് നേതാവ് എന്ന് ചോദിച്ചപ്പോള്‍ നല്‍കിയ മറുപടി ഇതാണ്: പുലരിയില്‍ ഏകനായി , വിജനമായ പാതയിലൂടെ യാത്ര പുറപ്പെടുന്ന ആ മനുഷ്യന്‍. പ്രവാഹമാണ് അയാളുടെ പിന്നില്‍. ഒരിക്കല്‍ പോലും നേതാവ് തിരിഞ്ഞുനോക്കിയില്ല. മരുഭൂമിയില്‍നിന്നും മുന്നിലുള്ള വന്‍മല കയറുകയാണ്. അനുയായികളും കയറി. കൊടുമുടിയിലെത്തിയപ്പോഴേ അയാള്‍ തിരിഞ്ഞുനോക്കിയുള്ളൂ. അപ്പോഴേക്കും വന്‍ജനസമുദ്രം ശിഷ്യത്വം സ്വീകരിച്ചു മുന്നില്‍ നില്‍ക്കുന്നുണ്ടായിരുന്നു. മന്ദസ്മിതത്തോടെ അയാള്‍ പറഞ്ഞു; കാലമാണ് സാക്ഷി! ഞാനും നിങ്ങളും ദൈവമേല്‍പിച്ച ദൗത്യം നിര്‍വഹിക്കാന്‍ വിധിക്കപ്പെട്ടവരാണ്! ലക്ഷ്യം നേടിയ സ്ഥിതിക്ക് ഇനി നമുക്ക് ദൈവത്തിനടുത്തേക്ക് തിരിച്ചുപോകാം.

അതെ, ജീവിതനിയോഗം നിറവേറ്റി എന്ന ആത്മസംതൃപ്തിയാണ് മനുഷ്യനെ മഹാനാക്കുന്നത്.

ശാഹിദ്‌

One Response to "ഒരു ചരിത്ര ഗ്രന്ഥം പറയുന്ന പൊള്ളുകള്‍"

  1. Nihas P.S  February 9, 2018 at 11:20 am

    Thanks for your article.The basic reasons for the split of Samastha is the debatable one .The E.K group argues the sole leadership and political motivation of A.P ustad idea to make S.Y.S in to political party is the basic reason for the split.The political intervention of the Muslim league and the changing mindset of E.K ustad started supporting Muslim league is the reason for the split of Samastha put forward by A.P group. The time to remerger of the two Sunni groups is the need of the hour .The leaders in the two groups satat good discussion and make consensus to build good strategy to solve the issue in amicable manner.

You must be logged in to post a comment Login