അനന്തകുമാര്‍ ഹെഗ്‌ഡെക്ക് മികച്ച കൂട്ടുകാരുണ്ട്

അനന്തകുമാര്‍ ഹെഗ്‌ഡെക്ക് മികച്ച കൂട്ടുകാരുണ്ട്

‘വരി ആരംഭിക്കുന്നത് ഞാന്‍ നില്‍ക്കുന്നിടത്തുനിന്നാണ്.’ എഴുപതുകളിലെ ഒരു ബോളിവുഡ് ചലച്ചിത്രത്തില്‍ അന്നത്തെ ഹിന്ദി ചലച്ചിത്രത്തിലെ ചീത്ത പയ്യനായിരുന്ന ശത്രുഘ്‌നന്‍ സിന്‍ഹ ഒരു ജയിലിനുള്ളിലെ നീണ്ട വരിയിലേക്ക് ഇടിച്ചുകയറി ഇങ്ങനെ അലറിയത് ഓര്‍മയില്ലേ.
പ്രധാനമന്ത്രി മോഡിയുടെ മന്ത്രിസഭയിലെ അനന്തകുമാര്‍ ഹെഗ്‌ഡെ, ‘ഞങ്ങള്‍ ഭരണഘടന തന്നെ മാറ്റാനാണ് വന്നിരിക്കുന്ന’തെന്ന് പറഞ്ഞപ്പോള്‍ ആ സംഭാഷണശകലമാണ് ഓര്‍മവന്നത്.
സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും മികച്ച ധിഷണകള്‍- അതിന്റെ രാഷ്ടീയവും സാമൂഹികവുമായ മോചനത്തിന് ജീവന്‍ ത്യജിച്ചവര്‍- തയാറാക്കിയ മഹത്തായ ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഒരാള്‍, അംഗീകൃത നിയമങ്ങളും ചട്ടങ്ങളും തകര്‍ക്കാനും സ്വന്തമാക്കാനും ഒരുമ്പെട്ടിറങ്ങുകയാണ് താനും കൂട്ടരുമെന്ന് പെട്ടെന്ന് പ്രഖ്യാപിച്ചത് വിചിത്രമാണ്.

ഈ മന്ത്രി വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് ആദ്യമായല്ല. വര്‍ഗീയ കലാപമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ മതവിശ്വാസങ്ങളെ അപമാനിച്ചതിന് കഴിഞ്ഞ വര്‍ഷമാണ് പൊലീസ് അദ്ദേഹത്തിനെതിരെ സ്വമേധയാ കേസെടുത്തത്. ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടി യുദ്ധക്കളത്തില്‍ വീരചരമമടഞ്ഞ(അങ്ങനെ മരിച്ച ചുരുക്കം രാജാക്കന്മാരില്‍ ഒരാള്‍) മൈസൂരിലെ രാജാവ് ടിപ്പുസുല്‍ത്താനെ അജ്മല്‍ കസബുമായി താരതമ്യപ്പെടുത്തിയാണ് കഴിഞ്ഞ മാസം അദ്ദേഹം വാര്‍ത്തകളില്‍ നിറഞ്ഞത്.

അദ്ദേഹം ഭരണഘടനയെ ഇകഴ്ത്തിയത് വ്യാപകമായി അപലപിക്കപ്പെട്ടു. ഇന്ത്യയുടെ വൈവിധ്യ മതേതരവും സമാഹൃതവുമായ സ്വത്വത്തിന്മേലുള്ള നേരിട്ടുള്ള ആക്രമണമായി അത് വിലയിരുത്തപ്പെട്ടു. അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് വിവിധ സിവില്‍/ രാഷ്ട്രീയ സംഘങ്ങള്‍ ആവശ്യപ്പെട്ടു.

പ്രധാനമന്ത്രിയായി ഉത്തരവാദിത്വമേറ്റെടുക്കുമ്പോള്‍ ഭരണഘടനയെ ഏറ്റവും വിശുദ്ധമായ ഗ്രന്ഥമെന്നും ഡോ. അംബേദ്കറുടെ ശിഷ്യനെന്നും സ്വയം അവകാശപ്പെട്ട നരേന്ദ്രമോഡി മൗനം അവസാനിപ്പിക്കുമെന്നും ഹെഗ്‌ഡെയെ ശകാരിക്കുകയെങ്കിലും ചെയ്യുമെന്നും എല്ലാവരും കരുതി. പക്ഷേ, യാതൊന്നും സംഭവിച്ചില്ല. ഹെഗ്‌ഡെയുടെ കാഴ്ചപ്പാടുമായി സര്‍ക്കാരിന് ബന്ധമൊന്നുമില്ല എന്ന സൗമ്യമായ പരാമര്‍ശം മാത്രം.

അടുത്ത വര്‍ഷത്തെ നിയമസഭാ തിരഞ്ഞെടുപ്പിനായി കര്‍ണാടക ഒരുങ്ങുന്നതിനിടയിലാണ് ഈ പ്രസ്താവനയെന്നത് യാദൃച്ഛികമല്ല. കര്‍ണാടകയിലെ കോണ്‍ഗ്രസ് മുഖ്യമന്ത്രി സിദ്ധരാമയ്യ ശക്തനാണ്, കൂടാതെ സംസ്ഥാന നേതൃത്വത്തിനിടയിലെ കടിപിടികള്‍ ബി ജെ പിയെ അസ്വസ്ഥമാക്കുന്നുണ്ട്. തങ്ങള്‍ക്ക് വേറിട്ട മതപദവി വേണമെന്ന ലിംഗായത്ത് വിഭാഗത്തിന്റെ ആവശ്യവും അവരുടെ വോട്ടുബാങ്കിലുണ്ടായേക്കാവുന്ന ചോര്‍ച്ചയും വിഭാഗീയ ശ്രമങ്ങള്‍ക്ക് വിളനിലമൊരുക്കുന്നുണ്ട്.

മതവുമായും ജാതിയുമായും ചേര്‍ന്ന് സ്വയം അടയാളപ്പെടുത്താന്‍ ഹെഗ്‌ഡെ ജനങ്ങളോട് ആവശ്യപ്പെട്ടത് മതേതരത്വത്തെ വെല്ലുവിളിക്കുന്നതിന് തുല്യമാണ്. മനുസ്മൃതിയെ ഭൂതകാലത്തിന്റെ രേഖയായിക്കാണുന്ന മന്ത്രി ഭരണഘടനയെ വിശേഷിപ്പിച്ചത് അംബേദ്കര്‍ സ്മൃതി എന്നാണ്. അദ്ദേഹത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങള്‍ ഇതില്‍നിന്നെല്ലാം വ്യക്തമാണ്.
ഇത്തരം പ്രസ്താവനകള്‍ കാവി കുടുംബാംഗങ്ങള്‍ നടത്തുന്നത് ആദ്യവുമല്ല. സെപ്തംബറില്‍ അഖില ഭാരതീയ അധിവക്ത പരിഷദ് എന്ന വക്കീലന്മാരുടെ സംഘടനയെ ഹൈദരാബാദില്‍ അഭിസംബോധന ചെയ്ത ആര്‍ എസ് എസ് തലവനായ മോഹന്‍ ഭാഗവത് ‘രാഷ്ട്രത്തിന്റെ മൂല്യവ്യവസ്ഥകള്‍ക്കനുസരിച്ച് ഭരണഘടനയിലും നീതിന്യായ വ്യവസ്ഥയിലും മാറ്റങ്ങള്‍ വരുത്തണമെന്ന്’ ആവശ്യപ്പെട്ടു. ഇന്ത്യന്‍ ഭരണഘടനയില്‍ പാശ്ചാത്യ സ്വാധീനമാണുള്ളതെന്നും ഇന്ത്യന്‍(ഹിന്ദു എന്ന് വായിക്കുക) മൂല്യങ്ങളെ അത് അവഗണിച്ചെന്നും ഇടക്കിടെ അഭിപ്രായങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്.

ഭരണഘടനയുടെ അടിസ്ഥാനശിലകള്‍ക്ക് തുരങ്കം വെക്കാനും മുഴുവന്‍ രാഷ്ട്രത്തിന്റെയും മേല്‍ ഭൂരിപക്ഷവര്‍ഗീയതയുടെ പ്രത്യയശാസ്ത്രം അടിച്ചേല്‍പ്പിക്കാനുമുള്ള ഛിദ്രശക്തികളുടെ ശ്രമങ്ങള്‍ ഈ പ്രസ്താവനകളില്‍ ഒതുങ്ങിനില്‍ക്കുന്നില്ല.

ജനങ്ങളുടെ ജീവിക്കാനുള്ള അവകാശത്തിനും വ്യക്തിപരമായ സ്വാതന്ത്ര്യത്തിനും സംരക്ഷണം നല്‍കുന്ന ഭരണഘടനയുടെ 21ാം വകുപ്പിനെ മറികടന്നാണ് അവര്‍ പശുവിന് ജീവിക്കാനുള്ള അവകാശത്തെ പ്രോത്സാഹിപ്പിക്കുന്നത്.

വലതുപക്ഷങ്ങള്‍ നിഷ്‌കളങ്കരെ കൊന്നൊടുക്കുന്നത് ബി ജെ പി നേതൃത്വം നല്‍കുന്ന വിവിധ സര്‍കാരുകളില്‍ നിന്ന് ലഭിക്കുന്ന പിന്തുണയും അവര്‍ നിര്‍മിക്കുന്ന നിയമങ്ങളും അവരുടെ നടപടികളും മൂലമാണ്. മതപരമായ ചടങ്ങുകളില്‍ സൈന്യം പങ്കെടുക്കുന്നതിന് ഉദാഹരണങ്ങളുണ്ട്. സൈന്യത്തിന്റെ നിഷ്പക്ഷ സ്വഭാവത്തെ ഹനിച്ചും ഭരണഘടനയുടെ അടിസ്ഥാനസ്വഭാവമായ മതേതരത്വത്തെ മറന്നുമാണ് ഇത്തരം പ്രവൃത്തികളുണ്ടാകുന്നത്.
ഹിന്ദു അഭയാര്‍ത്ഥികള്‍ക്ക് പൗരത്വം നല്‍കാനും ഇന്ത്യയെ പീഡിപ്പിക്കപ്പെടുന്ന ഹിന്ദുക്കളുടെ സ്വാഭാവിക ഗൃഹമാക്കാനുമുള്ള മാറ്റങ്ങള്‍ പൗരത്വനിയമ ബില്ലില്‍ ആവശ്യപ്പെടുന്നതും വിഭാഗീയ ചിന്തകള്‍ക്ക് ഉദാഹരണം തന്നെ.

പൗരത്വനിയമേദഗതി ബില്ലി(2016)ലെ അവകാശ സംരക്ഷണ ഉപാധികളില്‍ മുസ്‌ലിംകള്‍ നിര്‍ലജ്ജമായി അവഗണിക്കപ്പെടുന്നുണ്ട്.

ബി ജെ പിയുടെ ഇതുവരെയുള്ള സഞ്ചാരപഥം ഈ അജണ്ട എങ്ങനെയാണവര്‍ പടിപടിയായി നടപ്പിലാക്കുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്. അടല്‍ ബിഹാരി വാജ്‌പേയി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തയുടനെ മുന്‍ജസ്റ്റിസ് വെങ്കട ചെല്ലയ്യ അധ്യക്ഷനായ ഭരണഘടനാ പുനരവലോകന കമ്മീഷനെ നിയമിക്കുകയുണ്ടായി. ഭൂരിപക്ഷം വരുന്ന സ്ത്രീകള്‍ക്കും അധഃസ്ഥിത ജാതിക്കാര്‍ക്കും മനുഷ്യാവകാശങ്ങള്‍ നിഷേധിക്കുന്ന മനുസ്മൃതിയെ അട്ടിമറിച്ച ഭരണഘടനയോടുള്ള ഇഷ്ടക്കേട് മനുസ്മൃതിയോടും അതിന്റെ ചട്ടങ്ങളോടുമുള്ള അടങ്ങാത്ത ആകര്‍ഷണത്തിന്റെ പ്രതിഫലനമാണ്. സ്വാതന്ത്ര്യം നേടിയ സമയത്ത് ബി ജെ പി പുതിയ ഭരണഘടനയുണ്ടാക്കുന്നതിനെ ശക്തിയായി നിഷേധിച്ചതും ഇതുകൊണ്ടുതന്നെ.

വെങ്കട ചെല്ലയ്യ കമ്മീഷന്‍ രൂപീകരിച്ച കാലത്ത് വാജ്‌പേയി സര്‍ക്കാരിന് പാര്‍ലമെന്റില്‍ ഭരണഘടനാപുനരവലോകനം ചര്‍ച്ചക്കെടുക്കാനുള്ള ഭൂരിപക്ഷമുണ്ടായിരുന്നില്ലെന്നും ഓര്‍ക്കേണ്ട കാര്യമാണ്. ബി ജെ പി തൊട്ടുമുമ്പത്തെ മൂന്ന് തിരഞ്ഞെടുപ്പു പ്രകടനപത്രികയും ഇന്ത്യന്‍ ഭരണഘടനയുടെ പുനരവലോകനം ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നതും ഓര്‍ക്കേണ്ടതാണ്.
വ്യക്തിഗത അവകാശങ്ങളില്‍ അധിഷ്ഠിതവും ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് ‘ഗുണപരമായ വിവേചനം’ ഉറപ്പുവരുത്തുന്നതുമായ ഭരണഘടന കെട്ടിപ്പടുക്കാന്‍ സ്വതന്ത്ര ഇന്ത്യയുടെ നേതാക്കള്‍ പരിശ്രമിക്കുമ്പോള്‍ പുത്തന്‍ ഇന്ത്യയുടെ ഭരണഘടനയായി മനുസ്മൃതിയെ ഉയര്‍ത്തിക്കാട്ടിയത് ഗോള്‍വാള്‍ക്കറാണ്. ആര്‍ എസ് എസിന്റെ മുഖപത്രമായ ഓര്‍ഗനൈസര്‍(1949 നവംബര്‍ 30 ലക്കം, മൂന്നാം താള്‍) പരാതിപ്പെട്ടു: ‘പൗരാണിക ഭാരതത്തിന്റെ അനന്യമായ ഭരണഘടനാ വികാസങ്ങളെ കുറിച്ച് പുതിയ ഭരണഘടനയില്‍ പരാമര്‍ശങ്ങളൊന്നും തന്നെയില്ല. പേര്‍ഷ്യയിലെ സോളനെക്കാളും സ്പാര്‍ട്ടയിലെ ലൈക്കര്‍ഹസിനെക്കാളും വളരെ മുമ്പേ എഴുതപ്പെട്ടതാണ് മനുവിന്റെ നിയമങ്ങള്‍.

മനുസ്മൃതിയിലെ നിയമങ്ങള്‍ ഇന്നും ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങുന്നുണ്ട്. എന്നാല്‍ നമ്മുടെ ഭരണഘടനാവിദഗ്ധന്മാര്‍ക്ക് മനുസ്മൃതി ഒന്നുമല്ല!’
ഹിന്ദുവലതുപക്ഷത്തിന്റെ വെളിച്ചവും ഹിന്ദുത്വ പ്രത്യയശാസ്ത്രത്തിന്റെ മുന്‍ഗാമിയുമായ വിനായക ദാമോദര്‍ സവര്‍ക്കര്‍ മനുസ്മൃതിയോടുള്ള ആദരവ് തുറന്നുപറയുകയും പുതിയ ഭരണഘടനയുടെ ആവശ്യകതയെ ചോദ്യം ചെയ്യുകയും ചെയ്തിട്ടുണ്ട്:
‘ഹൈന്ദവരാഷ്ട്രത്തില്‍ വേദങ്ങള്‍ക്കു ശേഷം ഏറ്റവും കൂടുതല്‍ ആരാധിക്കപ്പെടുന്ന വിശുദ്ധ ഗ്രന്ഥമാണ് മനുസ്മൃതി. നമ്മുടെ സാംസ്‌കാരികമായ ആചാരങ്ങളുടെയും ചിന്തയുടെയും അടിത്തറയാണ് പൗരാണികകാലം മുതല്‍ മനുസ്മൃതി. നമ്മുടെ രാഷ്ട്രത്തിന്റെ ആത്മീയവും ദൈവികവുമായ മുന്നേറ്റം നൂറ്റാണ്ടുകളായി ആ ഗ്രന്ഥത്തില്‍ ക്രോഡീകരിക്കപ്പെട്ടിരിക്കുന്നു. ഇന്നും കോടിക്കണക്കിന് ഹിന്ദുക്കള്‍ അവരുടെ ജീവിതങ്ങളിലും ആചാരങ്ങളിലും പിന്തുടരുന്ന നിയമങ്ങള്‍ മനുസ്മൃതിയില്‍ അധിഷ്ഠിതമാണ്. ഇന്ന് മനുസ്മൃതി ഹിന്ദു നിയമമാണ്.’
ആര്‍ എസ് എസിന്റെ മുഖ്യ പ്രചാരകനായ കെ ആര്‍ മല്‍കാനി അദ്ദേഹത്തിന്റെ ആര്‍ എസ് എസ് സ്റ്റോറി എന്ന പുസ്തകത്തില്‍ മനുസ്മൃതിയുമായുള്ള പൗരാണിക ബന്ധം ഹിന്ദുനിയമം വിഛേദിക്കേണ്ടതില്ലെന്ന് ഗോള്‍വാള്‍ക്കര്‍ വിശ്വസിച്ചിരുന്നതായി സമ്മതിക്കുന്നുണ്ട്.
ഗോള്‍വാള്‍ക്കര്‍ അദ്ദേഹത്തിന്റെ ബഞ്ച് ഓഫ് തോട്‌സ് എന്ന പുസ്തകത്തില്‍ ഋഗ്വേദത്തെയും മനുവിനെയും ഓര്‍മിപ്പിച്ചുകൊണ്ട് ഇങ്ങനെ പറയുന്നു:

‘ബ്രാഹ്മണന്‍ ശിരസ്സാണ്, ക്ഷത്രിയന്മാര്‍ കൈകളും വൈശ്യന്മാര്‍ തുടകളും ശൂദ്രന്മാര്‍ കാലുകളും. ചാതുര്‍വര്‍ണ്യത്തില്‍ അധിഷ്ഠിതമായ ജീവിതചര്യയുള്ള ജനങ്ങള്‍, ഹൈന്ദവരാണ് നമ്മുടെ ദൈവം.’

പട്ടികജാതി, പട്ടികവര്‍ഗങ്ങളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനുമായി സ്വതന്ത്ര ഇന്ത്യ നടപ്പിലാക്കിയ പദ്ധതികള്‍ ഗോള്‍വാള്‍ക്കര്‍ക്ക് ഒട്ടുമിഷ്ടപ്പെട്ടില്ലെന്നത് അത്ഭുതകരമല്ല. ഭരണാധികാരികള്‍ ഹിന്ദു സാമൂഹിക ഐക്യത്തിന്റെ കടക്കലാണ് വെട്ടുന്നതെന്നും വിവിധ വിഭാഗങ്ങളെ ഇണക്കത്തോടെ നിര്‍ത്തിയിരുന്ന സ്വത്വബോധത്തെ നശിപ്പിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. അധഃസ്ഥിതി ജാതികളുടെ ദുരവസ്ഥക്ക് കാരണം ഹിന്ദു സാമൂഹ്യവ്യവസ്ഥിതിയാണെന്ന കാര്യം മറച്ചുവെച്ചുകൊണ്ട് അദ്ദേഹം അനൈക്യമുണ്ടാക്കുന്നത് ഭരണഘടനാപരമായ സുരക്ഷകളാണെന്ന് ആരോപിച്ചു.

‘ഇന്ത്യ റിപ്പബ്ലിക്കായ 1950 മുതല്‍ പത്തുവര്‍ഷത്തേക്കാണ് ഡോ. അംബേദ്കര്‍ പട്ടിക ജാതിക്കാര്‍ക്കായുള്ള സവിശേഷാവകാശങ്ങള്‍ വിഭാവനം ചെയ്തത്. അത് ഇപ്പോഴും തുടരുകയാണ്. സവിശേഷാവകാശങ്ങളുടെ അനന്തകാലത്തേക്കുള്ള വ്യാപനം അധഃസ്ഥിത ജാതികളില്‍ നിക്ഷിപ്ത താല്‍പര്യങ്ങള്‍ സൃഷ്ടിക്കുകയും വേറിട്ട വിഭാഗമായി അവരെ നിലനിര്‍ത്തുകയും ചെയ്യും. മുഖ്യധാരാ സമൂഹവുമായി അവരുടെ കൂടിച്ചേരലിന് അത് തടസ്സമാകും.’

ഹിന്ദുസിവില്‍ കോഡ് ബില്ലിലൂടെ ഹിന്ദു സ്ത്രീകള്‍ക്ക് സ്വത്വത്തിലും പാരമ്പര്യാവകാശങ്ങളിലും നിയന്ത്രിതമായ അവകാശങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങള്‍ നടന്ന കാലവുമായിരുന്നു അത്. ഗോള്‍വാള്‍ക്കറും അദ്ദേഹത്തിന്റെ കൂട്ടാളികളും ഹിന്ദു ആചാരങ്ങള്‍ക്കും സംസ്‌കാരത്തിനും വിരുദ്ധമാണെന്ന് പറഞ്ഞ് ആ ബില്ലിനെ ചെറുക്കുകയാണുണ്ടായത്. ഡോ. അംബേദ്കര്‍ നിയമ മന്ത്രിയായിരുന്ന കാലത്ത് ആ ബില്‍ പാസാക്കപ്പെടാതെ പോവുകയും അദ്ദേഹം രാജി വെക്കുകയും ചെയ്തു.
കാലമേറെ കഴിഞ്ഞിട്ടും മനുസ്മൃതിയെക്കുറിച്ചോ അത് മുന്നോട്ട് വെക്കുന്ന സാമൂഹ്യ വ്യവസ്ഥയെകുറിച്ചോ ഹിന്ദുത്വ സംഘത്തിന്റെ അഭിപ്രായത്തിന് മാറ്റമൊന്നും വന്നിട്ടില്ല. നിലവിലുള്ള ഭരണഘടനയുടെ വിമര്‍ശനം കൂടുതല്‍ പരിഷ്‌കരിക്കപ്പെട്ടിട്ടുണ്ടെന്ന് മാത്രം!
ചത്ത പശുവിന്റെ തോലുരിച്ച ‘കുറ്റ’ത്തിന് അഞ്ച് ദളിതുകളെ ഹരിയാനയിലെ ഝജ്ജറില്‍ 2002ല്‍ കൊന്നതിനെ ആര്‍ എസ് എസ് പ്രചാരകായ ഗിരിരാജ് കിഷോര്‍ ന്യായീകരിച്ചത് ‘നമ്മുടെ പുരാണങ്ങളില്‍ പശുവിന്റെ ജീവന് ഏതാനും മനുഷ്യജീവനുകളെക്കാള്‍ പ്രാധാന്യമുണ്ട്’ എന്നാണ്.

2005 ജനുവരിയില്‍ ബി ജെ പി നേതാവായ ഉമാഭാരതി നേതൃത്വം നല്‍കിയ മധ്യപ്രദേശ് സര്‍ക്കാര്‍ ഗോഹത്യ നിരോധിച്ചുകൊണ്ടുള്ള ഓര്‍ഡിനന്‍സ് പുറത്തിറക്കിയത് മനുസ്മൃതിയുടെ മഹത്വം ഉദ്‌ഘോഷിച്ചുകൊണ്ടാണ്.
‘പശുവിന്റെ ഘാതകനെ മനുസ്മൃതി പരിഗണിക്കുന്നത് ഇരപിടിയന്‍ മൃഗമായാണ്. കടുത്ത ശിക്ഷയാണ് അവന് വിധിച്ചിരിക്കുന്നത്.’
മനുസ്മൃതിയുടെ വെളിച്ചത്തില്‍ ഒരു നിയമം ന്യായീകരിക്കപ്പെട്ടത് സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടായിരുന്നു. ഭരണഘടനയുടെ അടിസ്ഥാനപ്രമാണങ്ങള്‍ ലംഘിക്കുന്ന നിയമമാണെന്ന് ഉത്തമബോധ്യമുണ്ടായിട്ടും മനുസ്മൃതിയോടുള്ള പ്രതിബദ്ധത പ്രഖ്യാപിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാറിന് യാതൊരു മടിയുമുണ്ടായിരുന്നില്ല.

ആര്‍ എസ് എസ് പ്രവര്‍ത്തകനും മുന്‍ ഉപരാഷ്ട്രപതിയുമായ ഭൈറോണ്‍ സിംഗ് ഷെഖാവത്ത് രാജസ്ഥാന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ജയ്പൂര്‍ ഹൈക്കോടതിയില്‍ മനുവിന്റെ പടുകൂറ്റന്‍ പ്രതിമ സ്ഥാപിച്ചതും ഇതേ ബി ജെ പി തന്നെ. ആര്‍ എസ് എസ് പ്രചാരകനായ ഇന്ദ്രേശ് കുമാര്‍ മുഖ്യാതിഥിയായി ജയ്പൂരില്‍ ഈയടുത്ത് നടന്ന പൊതുപരിപാടിയില്‍ മനുസ്മൃതിയുടെ നന്മകള്‍ വാഴ്ത്തപ്പെടുകയുണ്ടായി. തീര്‍ച്ചയായും അനന്തകുമാര്‍ ഹെഗ്‌ഡെക്ക് മികച്ച കൂട്ടുകാരുണ്ട്.
സുഭാഷ് ഗതാഡെ

(കടപ്പാട്: മില്ലിഗസ്റ്റ്)

You must be logged in to post a comment Login