ഉസ്മാന്റെ പൊയ്ക്കിനാവ്

അബ്ദുല്‍ അസീസ് ലത്വീഫി പരപ്പ

                    പാതിരാത്രി കഴിഞ്ഞ് കാണും, ഒരു കൂട്ടനിലവിളി കേട്ടാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത്. അതിഭയാനകമായ നിലവിളിയായിരുന്നു അത്. ടെറസിന് മുകളിലുള്ളവര്‍ ഒച്ചവച്ചു കൊണ്ട് താഴെ എത്തിയിരിക്കുന്നു.

കേരളത്തില്‍ നിന്ന് ഉപരിപഠനത്തിനായി മുതഅല്ലിംകള്‍ വെല്ലൂരിലേക്ക് പോകാന്‍ തുടങ്ങിയിട്ട് കാലം ഏറെയായി. വെല്ലൂര്‍ ബാഖിയാത്ത് കോളജാണ് അധികപേരും ബിരുദത്തിനായി തിരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ബാഖിയാത്ത് കോളജിനെക്കാളും പഴക്കമുള്ളതും നിരവധി മഹത്തുക്കള്‍ പഠനം നടത്തിയിരുന്നതുമായ ഒരു കോളജാണ് ദാറുല്‍ ഉലൂം ലത്തീഫിയ വെല്ലൂര്‍. ബാഖിയാത്തിന്റെ സ്ഥാപക ഹസ്രത്തുമാര്‍, മഹാനായ അഹ്മദ് കോയ ശാലിയാത്തി (ന.മ) തുടങ്ങി പല മഹത്തുക്കളും ലത്തീഫിയ്യയില്‍ പഠനം നടത്തിയിട്ടുണ്ട്. മുത്ത് റസൂല്‍ (സ)യുടെ തിരുകേശം സൂക്ഷിച്ചു വെക്കുന്നതിനാലും നിരവധി മഹത്തുക്കളുടെ പാദസ്പര്‍ശത്താലും സയ്യിദ•ാരുടെ നേതൃത്വത്തില്‍ യഥാര്‍ത്ഥ അഹ്ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ അടിത്തറയിലൂടെ സഞ്ചരിക്കുന്നതിനാലും ലത്തീഫിയ്യ ഒരു തബറൂകിന്റെ വെളിച്ചം പകരുന്നുണ്ട്.

കഠിനമായ ചൂടുള്ള ഒരു മെയ് മാസം. കേരളക്കാരായ ഞങ്ങളെ സംബന്ധിച്ചിടത്തോളം തമിഴ്നാട്ടിലെ ചൂട് അസഹനീയം തന്നെ. റബീഉല്‍ അവ്വലിന്റെ ഒന്നാം രാവ് ഒരു ശനിയാഴ്ച. ലോകത്തിന്റെ ഇതരനാടുകള്‍ പോലെ ലത്തീഫിയ്യയെ സംബന്ധിച്ചിടത്തോളം റബീഉല്‍ അവ്വല്‍ ഒരു ആഘോഷകാലം തന്നെയാണ്. ദര്‍സ് ഹാളില്‍ മൌലിദ് പരായണം. പള്ളിയില്‍ ഉറുദു വിദ്യാര്‍ത്ഥികളുടെ നാത് ശരീഫ്, റൂമുകളില്‍ വെവ്വേറെ മൌലിദ് സദസ്സുകള്‍. അന്നും മൌലിദ് കഴിഞ്ഞ് ഞങ്ങള്‍ ഉറങ്ങുകയായിരുന്നു. ഏഴ് ആളുകള്‍ താമസിക്കുന്ന ഞങ്ങളുടെ റൂമില്‍ അന്ന് രാത്രി ഞാന്‍മാത്രമേ ഉണ്ടായിരുന്നുള്ളൂ. ചൂട് കാരണം എന്റെ കൂട്ടുകാരടക്കം ഇരുപതിലധികം ആളുകള്‍ കോളജ് ടറസിന് മുകളിലായിരുന്നു കിടന്നിരുന്നത്. പാതിരാത്രി കഴിഞ്ഞ് കാണും, ഒരു കൂട്ടനിലവിളി കേട്ടാണ് ഞാന്‍ ഞെട്ടി ഉണര്‍ന്നത്. അതിഭയാനകമായ നിലവിളയായിരുന്നു അത്. ടെറസിന് മുകളിലുള്ളവര്‍ ഒച്ചവച്ചു കൊണ്ട് താഴെ എത്തിയിരിക്കുന്നു. ഇത്രയും പെട്ടെന്ന് ഇടുങ്ങിയ കോണി അവര്‍ എങ്ങനെ ഇറങ്ങി എന്നവര്‍ക്കു തന്നെയറിയില്ല. നിലവിളികേട്ട് സമീപത്തെ കുടിലുകളില്‍ താമസിക്കുന്നവരും ഉണര്‍ന്നു വന്ന് കാര്യം തിരക്കുന്നു. എന്താണ് സംഭവിച്ചിരിക്കുന്നതെന്നറിയാതെ ഞാന്‍ വിറച്ചു നിന്നു:

ടെറസിന് മുകളില്‍ കിടന്നിരുന്ന ഒരു മുതഅല്ലിം സുഹൃത്ത് ഒരു ദുഃസ്വപ്നം കണ്ടു. ഒരു ജീവി അയാളുടെ നേരെ വാ പൊളിച്ച് വരുകയാണ്. അയാള്‍ നിലവിളിച്ചു. അതേ സമയത്തു തന്നെ പ്രത്യേക ശബ്ദം ഉണ്ടാക്കി കൊണ്ട് രാത്രിയില്‍ പറന്നു നടക്കുന്ന ഒരുതരം രാക്കിളികള്‍ ഒച്ചയിട്ട് പറക്കുകയും ചെയ്തു. സുഹൃത്തിന്റെ നിലവിളിയും പക്ഷിയുടെ കരച്ചിലും ഒരുമിച്ചപ്പോള്‍ കൂടെയുണ്ടായിരുന്നവര്‍ കരുതി, സുഹൃത്തിനെ എന്തോ കടിച്ചിരിക്കുന്നെന്ന്. അവരും നിലവിളിച്ച് താഴേക്കോടി.

താഴെയെത്തി നിജസ്ഥിതി ചോദിച്ചറിഞ്ഞപ്പോഴല്ലേ രസം! ഒരാള്‍ കണ്ട പൊയ്ക്കിനാവാണ് ഇത്രയും വലിയ കോലാഹലത്തിന് നിമിത്തമായതെന്നോര്‍ത്ത് പൊട്ടിച്ചിരിച്ചവരില്‍ ഞാനുമുണ്ടായിരുന്നു.

One Response to "ഉസ്മാന്റെ പൊയ്ക്കിനാവ്"

  1. SHAFEEKALI  August 10, 2014 at 9:37 am

    rwetr

You must be logged in to post a comment Login