ജേര്‍ണലിസ്റ്റുകളോട് ശശികുമാര്‍, നിങ്ങള്‍ വാര്‍ത്തയാവരുത്

ജേര്‍ണലിസ്റ്റുകളോട് ശശികുമാര്‍, നിങ്ങള്‍ വാര്‍ത്തയാവരുത്

കേരളത്തിലെ ദൃശ്യമാധ്യമങ്ങളുടെ കാല്‍നൂറ്റാണ്ടിനെ ഒരു ഓഡിറ്റിന് വിധേയമാക്കാന്‍ ആഗ്രഹിച്ചാല്‍ അത് തുടങ്ങേണ്ടത് ശശികുമാറില്‍ നിന്നാണ്. ഏഷ്യാനെറ്റില്‍ നിന്നാണ്. കാല്‍നൂറ്റാണ്ട് കൊണ്ട് നമ്മള്‍ എവിടെയെത്തി?

ഏഷ്യാനെറ്റ് തുടങ്ങി, അതിന്റെ ഒരു സ്ഥാപകന്‍ എന്ന നിലയില്‍, അടുത്തകാലം വരെയും പലരും ആഘോഷങ്ങള്‍ക്ക് ഒക്കെ വിളിക്കുമ്പോള്‍ ‘ഇദ്ദേഹം ഏഷ്യാനെറ്റിന്റെ സ്ഥാപകനാണ്’ എന്നൊക്കെ പറയുമ്പോള്‍ ഒരഭിമാനം തോന്നാറുണ്ട്. ഇപ്പോള്‍ അതൊരു ആരോപണമായി മാറിയോ എന്നൊരു ചെറിയ സംശയമുണ്ട്. അത് പൊതുവെ വിഷ്വല്‍ മീഡിയയുടെ ഒരു റോള്‍… ആളുകള്‍ എങ്ങനെ ദൃശ്യമാധ്യമങ്ങളെ സമീപിക്കുന്നു, ടെലിവിഷന്‍ എങ്ങനെ കാണുന്നു, അത് വഹിക്കുന്ന പങ്ക്, So there is a big paradigm shift in the way people are recieving the media, അതിന്റെ അനുഭവം, മാധ്യമാനുഭവം, നമ്മള്‍ തീര്‍ത്തും പുതിയ സാഹചര്യത്തിലാണ് എത്തിനില്‍ക്കുന്നത്. Where the newsmedia have to reinvent themselves to become relevant to people…, ഇതില്‍ ഭാഗികമായ ഒരു പങ്ക് സോഷ്യല്‍ മീഡിയയുടെ വന്‍തോതിലുള്ള സ്വാധീനം ആണ്. അnd the check and balance of social media, and the fact that social media is pervasive…സാങ്കേതിക വിദ്യയുടെ പ്രചാരവും അതിന്റെ ജനകീയ സ്വഭാവവും. മൊബൈല്‍ കാമറ, അതിലൂടെ ലഭ്യമാകുന്ന ദൃശ്യങ്ങള്‍, മള്‍ട്ടിമീഡിയ ഉപയോഗപ്പെടുത്തിയുള്ള സംവേദനം അങ്ങനെ പലകാര്യങ്ങളുണ്ട്.

ഫോര്‍മല്‍ മീഡിയയില്‍ ഇപ്പോള്‍ വരുന്ന അമ്പതുശതമാനം വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ നിന്ന് എടുക്കുന്നതാണ്. സോഷ്യല്‍ മീഡിയയില്‍ കാണുന്നതിനോടുള്ള പ്രതികരണം എന്ന രീതിയിലും അത് വരുന്നു. സോഷ്യല്‍ മീഡിയ പരിഗണിക്കുന്ന കാര്യങ്ങള്‍ ജനങ്ങളും പരിഗണിക്കുന്നതായി കാണുന്നു. അങ്ങനെ വരുമ്പോള്‍ കേരളത്തിലെ ‘ടെലിവിഷന്‍ ഏജ്’ എന്നതുമാറി ‘പോസ്റ്റ് ടെലിവിഷന്‍ ഏജി’ലേക്ക് എത്തിക്കഴിഞ്ഞു. ‘ന്യൂമീഡിയ ഏജി’ലേക്ക് മാറിക്കഴിഞ്ഞു. പക്ഷേ, അച്ചടി, ടെലിവിഷന്‍ മാധ്യമങ്ങള്‍ അത് ഉള്‍ക്കൊള്ളുന്നില്ല. അതിനെ സംയോജിപ്പിക്കാന്‍ അവര്‍ക്ക് പറ്റുന്നില്ല.

സോഷ്യല്‍ മീഡിയയുടെ വരവും സ്വാധീനവും

അത് പലപ്പോഴും ഗുണകരമായിട്ടാണ് വരുന്നത്. സോഷ്യല്‍ മീഡിയയുടെ ദൂഷ്യഫലങ്ങള്‍ നമുക്ക് അറിയാം. അവിടെ വെരിഫിക്കേഷന്‍ ഇല്ല, അത് ആളുകളെ ആക്രമിക്കുകയും സ്വഭാവഹത്യ നടത്തുകയുംചെയ്യുന്നു. ആളുകളുടെ അന്തസിനെ ഇല്ലാതാക്കാം. തെറ്റായ വിവരങ്ങള്‍ കൊടുക്കാം, വിവരങ്ങള്‍ വളച്ചൊടിക്കാം..അതുപോലുള്ള അപകടകരമായ അജന്‍ഡ സെറ്റിങ് സോഷ്യല്‍ മീഡിയ നടത്തുന്നുണ്ട്. അതേസമയം നിരന്തരം ഫോര്‍മല്‍ മീഡിയയെ അത് വെല്ലുവിളിക്കുകയും തിരുത്തുകയുംചെയ്യുന്നുണ്ട്. ഇപ്പോള്‍ നമുക്ക് അതിനെ അവഗണിക്കാനാവില്ല. ഏതാണ്ടെല്ലാ മാധ്യമസ്ഥാപനങ്ങള്‍ക്കും വിവരശേഖരണത്തിന്റെ ഭാഗമായി സോഷ്യല്‍ മീഡിയ മോണിറ്ററിങ് ഉണ്ട്. ജനങ്ങളുടെ താല്‍പര്യങ്ങള്‍ അവര്‍ മനസിലാക്കുന്നത് സോഷ്യല്‍ മീഡിയ മുഖാന്തരമാണ്. ആ ഒരു രീതിയില്‍ സോഷ്യല്‍ മീഡിയ പ്രധാന പങ്കുവഹിക്കുന്നുണ്ട്. ഇനി അത് തിരിച്ചെടുക്കാന്‍ പറ്റില്ല. ഒരു അഥോറിറ്റേറിയന്‍ സ്‌റ്റേറ്റ് ആകുമ്പോള്‍ മാത്രമേ അങ്ങനെ സംഭവിക്കാനിടയുള്ളൂ. അല്ലാത്തപക്ഷം അത് സ്വാഭാവികമായും ഒരിടപെടലായി നിലനില്‍ക്കും.

ഇന്ത്യാവിഷന്റെ വരവും പോക്കും

ഇന്ത്യാവിഷന്‍ നല്ലൊരു ആശയവും വലിയ പ്രചോദനവുമായിരുന്നു. ഏഷ്യാനെറ്റ് ഒരു ജനറല്‍ ഇന്ററസ്റ്റ് ചാനല്‍ ആയിരുന്നു. ന്യൂസ് ഒരു ബൈപ്രൊഡക്ട് ആയിരുന്നു. അതില്‍ നിന്ന് ന്യൂസ് ചാനല്‍ എന്ന രീതിയില്‍ ആദ്യം കാലെടുത്തുവെക്കുന്നത് ഇന്ത്യാവിഷന്‍ തന്നെയാണ്. അത് ഒരു പരിധിവരെ ആ ഒരു സ്വഭാവം സഫലീകരിക്കാനും പറ്റി. പിന്നെ അത് ലോജിസ്റ്റിക്കല്‍ അല്ലെങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് ആയ കാരണങ്ങള്‍ കൊണ്ടാകാം അത് മോശം അവസ്ഥയിലേക്ക് നീങ്ങി. കൈകാര്യം ചെയ്യുന്നതിലും നടത്തിപ്പിലും വന്ന പാകപ്പിഴകളായിരുന്നു അതിന് വിനയായത്. പക്ഷേ വസ്തുനിഷ്ഠ സാഹചര്യങ്ങളായിരുന്നില്ല തടസം. നടത്തിപ്പ് രീതിയും കൈകാര്യംചെയ്തതിലെ പിഴവും ഒക്കെയാണ് ഇന്ത്യാവിഷന് വിനയായത്. അവിടെ നല്ലൊരു കൂട്ടം പ്രതിബദ്ധതയുള്ള ജേണലിസ്റ്റുകളുണ്ടായിരുന്നു. അവര്‍ വാര്‍ത്താപരിസരങ്ങളെ വലിയ രീതിയില്‍ മാറ്റിത്തീര്‍ക്കുകയും ചെയ്തു. അത് ഇല്ലാതായ വിധം നിരാശപ്പെടുത്തുന്നതായിരുന്നു. ഇനി അതിനൊരു തിരിച്ചുവരവ് അസാധ്യമായിരിക്കും.

മംഗളം ചാനലും സ്റ്റിങ് ഓപ്പറേഷനും

മംഗളത്തെ മാത്രം നമ്മള്‍ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. മംഗളത്തില്‍ അത് രൂക്ഷമായി വന്നു. പ്രത്യേക സാഹചര്യത്തില്‍ വളരെ അധാര്‍മികമായ ഒരു പ്രവൃത്തിയായി തോന്നി. അതുകൊണ്ടാണ് ദി ഹിന്ദു പത്രത്തില്‍ കോളം എഴുതിയത്. പക്ഷേ ആ ഒരു പ്രവണത പൊതുവെ ഉണ്ട് മലയാളം മാധ്യമങ്ങളില്‍. മലയാളത്തില്‍ മാത്രമല്ല, എല്ലായിടത്തും ഉണ്ട്. മലയാളത്തില്‍ അത് വരുമ്പോള്‍ പ്രത്യേകിച്ച് ശ്രദ്ധിക്കപ്പെടും. കാരണം, എന്റെ അഭിപ്രായത്തില്‍ ഇത്തിരി കൂടി മെച്ചപ്പെട്ട മാധ്യമങ്ങള്‍ ഉളളത് മലയാളത്തിലാണ്. നിലവാരമുള്ള മാധ്യമങ്ങള്‍ ഉള്ളത് മലയാളത്തില്‍ തന്നെയാണ്. അവിടെ കുറെക്കൂടി സംവാദങ്ങളും ചര്‍ച്ചകളും നടക്കുന്നുണ്ട്. അങ്ങോട്ടുമിങ്ങോട്ടും പറയുന്നുണ്ട് കാര്യങ്ങള്‍. ഇംഗ്ലീഷ് ചാനലുകളിലൊക്കെ ഒരു ഭാഗത്തേക്കേ പറയാനുള്ളൂ. മറ്റൊരു ഭാഗം ഇല്ല. മറ്റുഭാഗം ചുരുങ്ങി ചുരുങ്ങി ഇല്ലാതാകുകയാണ്. വാര്‍ത്താ അവതാരകര്‍ നടത്തുന്നത് പ്രസ്താവനകളാണ്. അതിനെ അടിസ്ഥാനപ്പെടത്തി മറ്റുള്ളവര്‍ക്ക് വേണമെങ്കില്‍ ചര്‍ച്ച ചെയ്യാം എന്നുള്ള വേദിയാക്കി മാറ്റി അത്. അതുവെച്ചുനോക്കുമ്പോള്‍ മലയാളത്തിലൊക്കെ വ്യത്യസ്തമായ അന്തരീക്ഷം ഉണ്ട്.

പക്ഷേ സ്റ്റിങ്… ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസം എന്നുപറഞ്ഞാല്‍ അതിന്റെ തുടക്കവും അവസാനവും സ്റ്റിങ് ആണെന്ന തെറ്റിദ്ധാരണ മാധ്യമപ്രവര്‍ത്തനത്തില്‍ ഒട്ടാകെ ഉണ്ടായിട്ടുണ്ട്. ഒളിച്ചുള്ള ഒരു കാമറ വെച്ച് എന്തെങ്കിലും പിടിച്ചാലേ അത് ശരിയാവുള്ളൂ. നേരിട്ട് ഒരു കാമറ കാണിച്ചാല്‍ അതിന് ഗൗരവം പോരാ. നമ്മള്‍ രണ്ടുപേരും സംസാരിക്കുന്നതുപോലും ഒളിച്ചിട്ടുള്ള കാമറ വെച്ചാല്‍ അതിലെന്തോ മിസ്റ്ററി ഉണ്ടെന്ന് കാണിക്കുന്ന രീതിയില്‍. അത് ഒരു തെറ്റിദ്ധാരണയാണ്. അത് ഒരു മിസ്‌കണ്‍സെപ്ഷനും അബെറേഷനും ആണ്. That abberation has become the normal. അതിന്റെ ഒരു അതിരുകടന്ന ഉദാഹരണമാണ് മംഗളത്തില്‍ സംഭവിച്ചത്. അതിനുമുമ്പും ഉണ്ടായിട്ടുണ്ട്. തെഹല്‍ക്കയിലും മറ്റും, അവര്‍ ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസത്തില്‍ വലിയ വഴികാട്ടിയ മാസിക ആണെങ്കില്‍ പോലും, അവര്‍ക്കും ഈ രീതിയിലുള്ള അപകടങ്ങളൊക്കെ പറ്റിയിട്ടുണ്ട്. ഹണിട്രാപ് എന്നുപറയും. നമ്മളൊരാളെ എന്തെങ്കിലും കാണിച്ച് വശീകരിക്കുക, പൈസ കൊണ്ടോ പ്രോസ്റ്റിറ്റിയൂട്ട്‌സിനെ ഉപയോഗിച്ചോ വേറെ വല്ല വിനോദയാത്രയോ മറ്റെന്തെങ്കിലും വാഗ്ദാനങ്ങളോ വെച്ചിട്ട് പ്രേരിപ്പിച്ച് പ്രേരിപ്പിച്ച് അയാളെ കൊണ്ട് എന്തെങ്കിലും പറയിക്കുക. എന്നിട്ട് അതാണ് കാര്യം എന്ന് പറയുക. അതില്‍ ഒരര്‍ഥവുമില്ല. സ്വാഭാവികമായ രീതിയിലാണ് അത് സംഭവിക്കേണ്ടത്. ഒരാള്‍ സദാചാരത്തില്‍ നിന്ന് വ്യതിചലിച്ച് പ്രവര്‍ത്തിച്ചേക്കാവുന്ന പരിധി എത്രയാണ് എന്ന് വിലയിരുത്തുന്നതല്ല മാധ്യമധര്‍മം. ഞാനൊരു സത്യവാനാണ് എന്ന് അവകാശപ്പെടുന്നു. എന്നാല്‍ ഇങ്ങേര് പറയുന്നതില്‍ എത്ര സത്യമുണ്ടെന്ന് പരീക്ഷിച്ച് കളയാം എന്നരീതിയില്‍ ഇറങ്ങുന്നു. അങ്ങനെ എനിക്ക് പതിനായിരം രൂപ തരുന്നു. ഏയ് എനിക്ക് വേണ്ട എന്നു പറയുന്നു. ഒരു ലക്ഷം തരുന്നു, എനിക്ക് വേണ്ട എന്നു പറയുന്നു. പത്തുലക്ഷം തരുന്നു, എനിക്ക് വേണ്ട എന്നു പറയുന്നു. അപ്പോള്‍ ഒരു കോടി തരുന്നു, എന്നാല്‍ ആലോചിച്ചു നോക്കാം എന്നു പറയുന്നു. എന്താണ് ഇങ്ങനെയൊന്ന് തെളിയിക്കുന്നതിലൂടെ അര്‍ഥമാക്കുന്നത്? അതാണ് ഹണിട്രാപ് എന്നു പറയുന്നത്. അവിടെ പൈസയായിരിക്കാം, സെക്‌സ് ആയിരിക്കാം, അല്ലെങ്കില്‍ മറ്റെന്തെങ്കിലും ആയിരിക്കാം. അങ്ങനെയുള്ള ജേണലിസം സാധാരണ ഒരു ലക്ഷ്യം നിറവേറ്റുന്നതിന് വേണ്ടിയായിരിക്കില്ല. നിങ്ങള്‍ ഒരു അബ്‌നോര്‍മല്‍ സ്‌റ്റോറി കിട്ടാന്‍ അബ്‌നോര്‍മല്‍ സിറ്റുവേഷന്‍ ഉണ്ടാക്കുകയാണ്. അങ്ങനെയൊരു സിറ്റുവേഷന്‍ ഉണ്ടാക്കിയില്‍ ഒരു അബ്‌നോര്‍മല്‍ സ്‌റ്റോറി കിട്ടും എന്നുവരുന്നു. മൃഗശാലയിലെ മൃഗങ്ങളും അങ്ങനെയാണ് പെരുമാറുക. അസാധാരണമായ സന്ദര്‍ഭങ്ങളില്‍ അവര്‍ അസാധാരണമായി പെരുമാറും. ഹ്യൂമന്‍ സൂവിലും അതുതന്നെയാണ് നടക്കുന്നത്. ചില അപവാദങ്ങളുണ്ടാകാം. അതില്‍ വീഴാത്ത ചുരുക്കം പേരുണ്ടാകും. ആത്മീയമായി ഒക്കെ കരുത്തരായവര്‍. അതൊന്നും മാധ്യമപ്രവര്‍ത്തനമല്ല. അത് മറ്റെന്തോ പ്രവര്‍ത്തനമാണ്. അതും ജേണലിസവുമായി ഒരുപാട് ആശയക്കുഴപ്പം ഉണ്ടാകുന്നു. അതിന്റെ അടിസ്ഥാനകാരണം ജനങ്ങള്‍ക്ക് ഇതാണ് താല്‍പര്യം, അല്ലെങ്കില്‍ ജനങ്ങള്‍ക്ക് ഇങ്ങനെയൊരു ആളെ നശിപ്പിക്കുന്നത് കാണാന്‍ കൗതുകമുണ്ട്. ആളുകള്‍ വിഷമിച്ചുനില്‍ക്കുന്നതുകാണുന്നത്, പ്രത്യേകിച്ച് കരുത്തരായി നില്‍ക്കുന്നവര്‍ വിഷമിച്ചു നില്‍ക്കുന്നതുകാണാന്‍ കൗതുകമുണ്ട്. പൊതുജന താല്‍പര്യം ഉണര്‍ത്തുന്ന എന്തെങ്കിലും ഇതിലുണ്ടോ എന്നതാണ് ഇതിലെ അടിസ്ഥാനചോദ്യം. ആ ചോദ്യത്തിന് മറുപടിയില്ലാത്ത ഒരു ഇന്‍വെസ്റ്റിഗേറ്റിവ് ജേണലിസത്തിന് സ്ഥാനമില്ല എന്നുതന്നെയാണ് എന്റെ അഭിപ്രായം. ആ ചോദ്യത്തിന് ഉത്തരം പറയാത്ത മാധ്യമപ്രവര്‍ത്തനം ഗോസിപ്പോ, വോയറിസമോ, കീ ഹോള്‍ ജേണലിസമോ, പൊതുപ്രവര്‍ത്തകരുടെ സ്വകാര്യതയിലേക്ക് അതിക്രമിച്ചുകടക്കലോ ഒക്കെയാണ്. അതാണ് ഇവിടെ സംഭവിച്ചതും. ചെറിയ തോതില്‍ മറ്റുചാനലുകളിലും സംഭവിക്കുന്നുണ്ട്. ഒന്നുരണ്ട് മാതൃകകള്‍ വരുമ്പോള്‍ മാധ്യമപ്രവര്‍ത്തനം കുറച്ചുകൂടി കരുതലെടുക്കും എന്നൊരു പ്രത്യാശയുണ്ട്.

മുഖ്യധാരാ മാധ്യമങ്ങള്‍ക്ക് ന്യൂനപക്ഷവിഭാഗങ്ങളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ പറ്റുന്നുണ്ടോ? അതുകൊണ്ടാണോ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് സ്വന്തമായി മാധ്യമങ്ങള്‍ ഉണ്ടാകുന്നത്?

അതാണെന്ന് ഉറപ്പിച്ചു പറയാനാകുമോ എന്നറിയില്ല. കേരളത്തിന്റെ ജനസംഖ്യാനുപാതം അങ്ങനെയാണ്. അവിടെ മുസ്‌ലിം സമുദായവും ക്രിസ്ത്യന്‍ സമുദായവും കാസ്റ്റ് ഹിന്ദു, നോണ്‍കാസ്റ്റ് ഹിന്ദു എന്നൊക്കെ പറഞ്ഞാല്‍ ഏകദേശം തുല്യമായിരിക്കും അതിന്റെ ഡെമോഗ്രാഫിക്‌സ്. ഓരോ വിഭാഗത്തിനും അവരവരുടേതായ മാധ്യമശബ്ദം ഉണ്ടാകും. അത് സ്വാഭാവികമാണ്. അങ്ങനെയൊരു ബാലന്‍സ് ഇല്ലാത്ത സമൂഹത്തില്‍, മറ്റുസംസ്ഥാനങ്ങളില്‍ അവര്‍ക്കതിനുള്ള ത്രാണിയുണ്ടാകില്ല. അതിനുള്ള ഒരു ക്രിട്ടിക്കല്‍ മാസ് ഉണ്ടാകില്ല. അങ്ങനെയൊരു അസേര്‍ഷന്‍ വരുമ്പോള്‍ Are you inviting opposition from majority community എന്നുള്ള ചോദ്യങ്ങള്‍ വരും. പ്രത്യേകിച്ചും ഇപ്പോഴത്തെ സാഹചര്യത്തില്‍, മജോറിറ്റേറിയനിസം ഒരു മാനദണ്ഡം എന്ന നിലയില്‍ പ്രോത്സാഹിപ്പിക്കപ്പെടുമ്പോള്‍. അതായിരിക്കണം ജനാധിപത്യം എന്ന നിലയിലാണല്ലോ ഇപ്പോഴത്തെ ബി.ജെ.പി സര്‍ക്കാര്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ആ ഒരു സാഹചര്യത്തില്‍ കേരളത്തിന്റെ എക്‌സപ്ഷന്‍ അതാണ്. നമുക്ക് മാധ്യമങ്ങള്‍ ഉണ്ട്. കേരളത്തിന്റെ ഒരു വ്യതിരിക്തത അതാണ്. വ്യത്യസ്ത സമുദായങ്ങള്‍ക്ക് അവരുടേതെന്ന് അവര്‍ കാണുന്ന മാധ്യമവേദികള്‍ ഉണ്ട്. എന്നാലും അങ്ങനെയൊക്കെയാണോ ജനങ്ങള്‍ ഇത് സ്വീകരിക്കുന്നത് എന്നതില്‍ എനിക്ക് സംശയമുണ്ട്. ഹിന്ദുക്കളോ നായന്‍മാരോ മാത്രമാണോ ‘മാതൃഭൂമി’ വായിക്കുന്നത്, ക്രിസ്ത്യാനികള്‍ മാത്രമാണോ ‘മനോരമ’ വായിക്കുന്നത് , മുസ്‌ലിങ്ങള്‍ മാത്രമാണോ ‘മീഡിയ വണ്‍’ കാണുന്നത്, അല്ലെങ്കില്‍ ‘മാധ്യമം’ വായിക്കുന്നത്. അങ്ങനെയല്ല. എന്റെ അനുഭവത്തില്‍ പലരും പറയുന്നത്. ഇത് ‘മാധ്യമ’ത്തില്‍ വായിച്ചു അത് നന്നായിരുന്നു. ‘മനോരമ’യില്‍ വായിച്ചു അത് നന്നായിരുന്നു.’മാധ്യമം’ ഈ ചെയ്ത സാധനം മഹാബോറായിരുന്നു.’മംഗളം’ ചെയ്തത് ബോറായിരുന്നു. ‘മനോരമ’ ചെയ്തത് ബോറായിരുന്നു എന്ന രീതിയില്‍ പറയുന്നു…ഇപ്പോഴും മാധ്യമങ്ങള്‍ക്ക് ഒരു വിശാലമായ മതേതര സംവാദ സ്വഭാവം ഉണ്ട്. എന്നാലും ഞാന്‍ പേരെടുത്ത് പറയുന്നില്ല. ഇപ്പോഴും ചില മുഖ്യധാരാ മാധ്യമങ്ങള്‍, ഇപ്പോള്‍ ഇന്നത്തെ സാഹചര്യത്തിന് അനുകൂലമായ രീതിയില്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോള്‍, അവരും ജാതിയുടെയും സമുദായത്തിന്റെയും സ്വത്വകേന്ദ്രിത മാധ്യമപ്രവര്‍ത്തനത്തിലേക്ക് നീങ്ങുകയാണ് എന്നു പറയേണ്ടിവരും. വര്‍ഗീയം എന്നു പറയാറായിട്ടില്ല, സ്വത്വകേന്ദ്രിതം എന്നു പറയാം. അത് നല്ലതല്ല. അടുത്തഘട്ടം പ്രകടമായ വര്‍ഗീയതയാകാം. ഐഡന്റിറ്റേറിയന്‍ ജേണലിസത്തിന് സാധാരണഗതിയില്‍ ജനാധിപത്യസന്ദര്‍ഭങ്ങളില്‍, സമകാലിക സന്ദര്‍ഭത്തില്‍, ചില രാഷ്ട്രീയപ്രാധാന്യമൊക്കെ ഉണ്ടാകാം. നമ്മുടെ കാഴ്ചപ്പാട് എന്താണ് എന്ന് കാണിക്കാന്‍ അവസരമുണ്ടാകുക എന്നത് നല്ലതാണ്. വ്യക്തിപരമായ അഭിപ്രായത്തില്‍ മാധ്യമപ്രവര്‍ത്തനത്തിലെ വസ്തുനിഷ്ഠത എന്നതൊക്കെ ഒരു കണ്‍കെട്ടാണ്. പലതരത്തിലുള്ള ആത്മനിഷ്ഠ നിലപാടുകള്‍ പൊതുമണ്ഡലത്തില്‍ കൂട്ടിമുട്ടുമ്പോഴാണ് വസ്തുനിഷ്ഠത രൂപപ്പെടുന്നത്. എന്റെയും നിങ്ങളുടെയും മറ്റൊരാളുടെയും ആത്മനിഷ്ഠതകള്‍ പൊതുമണ്ഡലത്തില്‍ വരുമ്പോള്‍ അത് എല്ലാവര്‍ക്കും അനുഭവിക്കാനാകുന്നു, കാണുന്നു, അത് വായിക്കുന്നു. അതില്‍ നിന്ന് നമ്മുടെ മനസിലുണ്ടാകുന്ന ഒരു വസ്തുനിഷ്ഠത, ഒരു golden mean എന്നു പറയാവുന്നത്. അല്ലെങ്കില്‍ ഒരു Fair minded track ആണ് വസ്തുനിഷ്ഠം എന്നു പറയാവുന്നത്. അല്ലാതെ നമ്മള്‍ ഒബ്ജക്ടീവ് എന്നു പറഞ്ഞ് തുടങ്ങുന്നതില്‍ ഒരര്‍ഥവുമില്ലല്ലോ. പ്രത്യേകിച്ച് ഇന്നത്തെ സാഹചര്യത്തില്‍, മര്‍ദിതനും മര്‍ദകനും ഇടയില്‍ വസ്തുനിഷ്ഠത എന്താണ്? അടിച്ചമര്‍ത്തപ്പെടുന്നവന് എന്തുസംഭവിച്ചു എന്ന് പറയാനാണ് നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. അല്ലാതെ രണ്ടുപേര്‍ക്കും തുല്യമായി ഇടം നല്‍കുന്നതില്‍ ഒരര്‍ഥവുമില്ല. ആ രീതിയിലാണ് കാര്യങ്ങള്‍ മുന്നോട്ടുപോകേണ്ടത്.

മാറുന്ന മാധ്യമ ഉടമസ്ഥത, തൊഴില്‍ സാഹചര്യം

അതിലും നോക്കുമ്പോള്‍ താരതമ്യേന കേരളമാണ് ഇത്തിരി ഭേദം. പേരിനാണെങ്കിലും ഇവിടെ കെ.യു.ഡബ്ല്യൂ.ജെ എന്ന പേരില്‍ ഒരു ജേണലിസ്റ്റ് യൂണിയനെങ്കിലും ഉണ്ട്. അതിന് എത്രത്തോളം ശക്തിയുണ്ട്, സ്വാധീനശക്തിയുണ്ട് എന്നൊന്നും എനിക്കറിയില്ല. ഒരുപക്ഷേ പണ്ടത്തെപ്പോലെയൊന്നും ഉണ്ടാകില്ല. രാജ്യത്തിന്റെ മറ്റിടങ്ങളില്‍ നോക്കുകയാണെങ്കില്‍ യൂണിയനുകള്‍ ആകെ തകര്‍ന്നു. പ്രസ് ക്ലബ് പോലുള്ളവ ചില സ്ഥലങ്ങളില്‍ ഉണ്ട്. അവ മിക്കവാറും കള്ളുകുടിക്കാന്‍ വേണ്ടിയുള്ള സ്ഥലങ്ങളായി മാത്രമായാണ് നില്‍ക്കുന്നത്. അതല്ലാതെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടാനോ തൊഴിലിലെ ധാര്‍മികതയും സ്വാതന്ത്ര്യവും അന്തസും സംരക്ഷിക്കാനോ ഉള്ള സംവിധാനങ്ങള്‍ ഇല്ല. കേരളത്തിലാണ് ഇത്തിരികൂടി ഭേദം. അവിടെയും വ്യതിയാനങ്ങള്‍ സംഭവിക്കുന്നുണ്ട്. മള്‍ട്ടിനാഷണലുകള്‍ കടന്നുവരികയും തദ്ദേശീയമായ ഇടങ്ങള്‍ കൈയടക്കുകയും ചെയ്യുന്നു. അത് സ്വാഭാവികമായും കേരളത്തിലെ പത്രപ്രവര്‍ത്തനത്തിന്റെ സ്വഭാവത്തെയും ബാധിക്കും. അതൊരു പ്രശ്‌നമാണ്. പരമ്പരാഗതമായി നമുക്ക് കേരളത്തില്‍ ഒരു duopoly ആണ് ഉള്ളത്. അച്ചടിമാധ്യമരംഗത്ത്, റോബിന്‍ ജെഫ്രിയൊക്കെ പറയുന്നതുപോലെ ഡുവോപ്പോളി മാര്‍ക്കറ്റ് ആയാണ് അതിനെ വിലയിരുത്തുന്നത്. അത് മാറിയിട്ട് ഇപ്പോള്‍ ഒരു കാര്‍ട്ടലൈസേഷന്‍ ആണ് നടക്കുന്നത്. വന്‍കിടമാധ്യമങ്ങള്‍, പത്രങ്ങള്‍ തന്നെ ചാനലുകള്‍ തുടങ്ങുന്നു. അല്ലാത്തവര്‍ക്കും ചാനലുകള്‍ ഉണ്ട്. വന്‍കിട കോര്‍പ്പറേറ്റുകള്‍ വരുന്നു. അതോടൊപ്പം അവരുടെ ഒരു മാര്‍ക്കറ്റ് മോഡലാണ് മുന്നോട്ടുവരുന്നത്. പൊതുജനഹിത മാതൃക(പബ്ലിക് ഇന്ററസ്റ്റ് മോഡല്‍) ഇല്ലാതാവുകയാണ്. മറ്റുള്ള സ്ഥലങ്ങളിലേതു പോലെ തന്നെ. പൊതുതാല്‍പര്യത്തെ അടിസ്ഥാനപ്പെടുത്തിയുള്ള മാധ്യമപ്രവര്‍ത്തനത്തെ വിപണികേന്ദ്രിത മാധ്യമപ്രവര്‍ത്തനം ആദേശം ചെയ്തുകഴിഞ്ഞു. മാര്‍ക്കറ്റ് മോഡലിന്റെ പ്രത്യേകത നമുക്ക് അറിയാം, ലാഭം പെരുപ്പിക്കുക എന്നതാണ്. അല്ലാതെ പൊതുതാല്‍പര്യത്തിന്റെ വികാസം അല്ല. ലാഭം പെരുപ്പിക്കുക എന്നത് പ്രധാനമാകുന്നതോടെ വിപണിയുടെ മറ്റൊരു ഏജന്‍സി മാത്രമായി മാധ്യമങ്ങള്‍ മാറുന്നു. ആവശ്യം, വിതരണം, അതിന്റെ ബലതന്ത്രങ്ങള്‍ എന്നിവ അനുസരിച്ചാണ് പ്രവര്‍ത്തിക്കുക. അതുകൊണ്ടുതന്നെ വിപണിയുടെ ശക്തികളെ പ്രീണിപ്പിക്കാനുള്ള ഒന്നായി വാര്‍ത്തകളെ ക്രമപ്പെടുത്തുന്നു. പരസ്യദാതാക്കള്‍, വിപണിയെ സജീവമാക്കി നിര്‍ത്തുന്ന ആളുകള്‍ എന്നിവര്‍ക്കനുസരിച്ച്. അങ്ങനെവരുമ്പോള്‍ പൊതുതാല്‍പര്യ മാധ്യമപ്രവര്‍ത്തനം ചുരുങ്ങിപ്പോകുന്നു. ഇതൊരു വൈരുധ്യമാണ്. വേജ് ബോര്‍ഡ് ഒക്കെ നിലവിലുണ്ടെങ്കിലും അതിനെ സ്ഥാപനങ്ങള്‍ മറികടക്കുകയാണ്. അവരുടെ ക്രിട്ടിക്കല്‍ സൈസ് കുറച്ച്, വലിയൊരു സ്ഥാപനത്തെ മൂന്നാലു ചെറിയ സ്ഥാപനങ്ങളാക്കി, വേജ് ബോര്‍ഡിന്റെ പരിധിയില്‍ വരാത്ത തരത്തില്‍ ഘടന മാറ്റി, പല രീതിയിലും അതിലെ ശുപാര്‍ശകള്‍ എങ്ങനെ മറികടക്കാം എന്നതാണ് അവര്‍ നോക്കുന്നത്. പിന്നെ ട്രേഡ് യൂണിയന്‍ എന്ന നിലയില്‍ വിലപേശാനുള്ള കരുത്തുമില്ല. അതുകൊണ്ട് എന്തുസംഭവിക്കുന്നുവെന്ന് വെച്ചാല്‍ മാധ്യമങ്ങള്‍ വളരുന്നു, പക്ഷേ മാധ്യമപ്രവര്‍ത്തനം ചുരുങ്ങിപ്പോകുന്നു. അതാണ് വിരോധാഭാസം. സാധാരണ മാധ്യമങ്ങള്‍ തഴച്ചുവളരുന്നു എന്ന് പറയുമ്പോള്‍ മാധ്യമപ്രവര്‍ത്തനവും പുഷ്ടിപ്പെടുകയാണ് എന്ന തെറ്റിദ്ധാരണ നമുക്ക് അതില്‍ വരും. പക്ഷേ അങ്ങനെയല്ല. The bigger the media, the smaller the journalism എന്ന സാഹചര്യമാണ്. റോബര്‍ട്ട് മക്ചിസ്‌നിയുടെ പുസ്തകമുണ്ട് ‘Rich Media, Poor Democracy’ എന്ന പേരില്‍. അതുപോലെയാണിത്. ബിഗ് മീഡിയ, പുവര്‍ ജേണലിസം എന്നു പറയാം. മാധ്യമങ്ങള്‍ പരസ്യദാതാക്കളെയും കോര്‍പറേറ്റുകളെയും പ്രീണിപ്പിക്കാനും അവരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും ഉപയോഗപ്പെടുത്തുകയാണ്. ജനങ്ങളുടെ താല്‍പര്യങ്ങളല്ല. അവരുടെ ജീവിതത്തെ നിര്‍ണയിക്കുന്ന കാര്യങ്ങളോ അതിനെ പരിവര്‍ത്തിപ്പിക്കാനുള്ളതോ ഒന്നുമില്ല അതില്‍.

ഹൈക്കോടതി സംഭവവും മാധ്യമപ്രവര്‍ത്തകരും

ജേണലിസ്റ്റുകളും അഭിഭാഷകരും തമ്മിലുണ്ടായ ഒരു ഏറ്റുമുട്ടല്‍. അതിലെനിക്ക് തോന്നിയിട്ടുള്ളത് രണ്ടുഭാഗത്തും കുറച്ചൊക്കെ പ്രശ്‌നമുണ്ട്. ജേണലിസ്റ്റുകള്‍ പൂര്‍ണമായി ശരിയായിരുന്നു എന്ന് പറയാനാകില്ല. അഭിഭാഷകരും പൂര്‍ണമായി ശരിയാണ് എന്നും പറയാനാവില്ല. അവിടെ ശരിക്കും സംഭവിച്ചിരിക്കുന്നത്, അഭിഭാഷകര്‍ തന്നെ സ്വയം നിയമമാകാന്‍ ശ്രമിക്കുകയും ജേണലിസ്റ്റുകള്‍ സ്വയം വാര്‍ത്തയാവുകയും ചെയ്യുമ്പോള്‍ രണ്ടുഭാഗത്തും എന്തോ കുഴപ്പം വന്നിട്ടുണ്ട്. അഭിഭാഷകര്‍ നിയമപാലനത്തിനാണ് വാദിക്കേണ്ടത്. നിയമവാഴ്ച സംരക്ഷിക്കാനാണ് ശ്രമിക്കേണ്ടത്. മാധ്യമപ്രവര്‍ത്തനം മറ്റുള്ളവര്‍ക്കു മുന്നില്‍ ലോകത്തെ പ്രതിനിധാനം ചെയ്യാനാണ്. നമ്മുടെ സ്വന്തം കാര്യത്തെ കുറിച്ചല്ല. നിങ്ങള്‍ സ്വയം വാര്‍ത്തയാകരുത്. അതിപ്പോള്‍ പലപ്പോഴും നടക്കുന്നുണ്ട്. ജേണലിസം എന്നത് നമ്മുടെ ഒരു സ്വയംപ്രചാരണമാണ് എന്നരീതിയില്‍ സാധാരണ രീതിയില്‍ ഇംഗ്ലീഷ് ചാനലുകളിലെ അവതാരകര്‍ ഒക്കെ സ്ഥാപിച്ചുകഴിഞ്ഞു. ആ പ്രവണതയുടെ ഭാഗമാണിത്. ആ ഒരു സ്പര്‍ധ ആരോഗ്യകരമായിരുന്നില്ല. ജനാധിപത്യസമൂഹത്തെ താങ്ങിനിര്‍ത്തുന്ന രണ്ടു തൂണുകളെ പ്രതിനിധാനം ചെയ്യുന്നതാണ് ഈ രണ്ടുമേഖലയും. അഭിഭാഷകര്‍ ജുഡീഷ്യറിയെ പ്രതിനിധീകരിക്കുന്നവരാണ്. ജേണലിസ്റ്റുകള്‍ ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്ന നാലാമിടത്തെ പ്രതിനിധാനം ചെയ്യുന്നവരാണ്. അവര്‍ തമ്മില്‍ സ്വതന്ത്രവും വിമര്‍ശനാധിഷ്ഠവുമായ സഹവര്‍ത്തിത്വം ഉണ്ടായിരിക്കണം. പക്ഷേ ഇങ്ങനെയൊരു സംഘര്‍ഷത്തിലേക്ക് പോകുന്നത് മൊത്തം ജനാധിപത്യത്തെ ബാധിക്കുന്ന രീതിയിലേക്ക് മാറും. ഞാന്‍ കരുതുന്നത് രണ്ടുഭാഗവും അവരുടെ തെറ്റുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ്. ഇനിയും അവരവരുടെ പരിധികള്‍ ലംഘിക്കില്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം. രണ്ടുഭാഗത്തിനും വേണ്ടി പ്രഗത്ഭരായവര്‍ രംഗത്തുവന്നിരുന്നു.

വാര്‍ത്താ അവതാരകരും റേറ്റിങ്ങും

ഈ റേറ്റിങ് സിസ്റ്റമാണ് ഏറ്റവും വലിയ പ്രശ്‌നം. റേറ്റിങ് സിസ്റ്റം വന്നതോടുകൂടി, ഒന്നാമത് അത് ശാസ്ത്രീയമല്ല, ഇത്ര വലിയ ഒരു ജനസംഖ്യയിലെ റേറ്റിങ് സംവിധാനത്തിന്റെ രീതിശാസ്ത്രവും ഉപകരണങ്ങളും എല്ലാം അപര്യാപ്തമാണ്. ഉദാഹരണത്തിന് ഒരു പീപ്പിള്‍ മീറ്റര്‍ വെച്ച് ഇത്രവലിയ സാമ്പിള്‍ സൈസിനെ ഒന്നും അളക്കാന്‍ പറ്റില്ല. അത് വേണമെങ്കില്‍ മാറ്റിവെക്കാം. അങ്ങനെയല്ലെങ്കില്‍ പോലും റേറ്റിങ് എന്ന സങ്കല്‍പം തന്നെ ഒരു വിപണിഅധിഷ്ഠിത മാതൃകയാണ്. അത് മാധ്യമങ്ങള്‍ ആധാരമാക്കുന്ന സ്വതന്ത്രാഭിപ്രായത്തിന്റെയോ ആവിഷ്‌കാരത്തിന്റെയോ മാതൃകയല്ല. സമൂഹത്തില്‍ പരിവര്‍ത്തനങ്ങള്‍ ഉണ്ടാക്കാനാണ് മാധ്യമപ്രവര്‍ത്തനം. അതിന് അങ്ങനെയൊരു ഗുണം ഉണ്ടായിരിക്കണം. ജനങ്ങളെ വിവരങ്ങള്‍ അറിയിക്കാനും ശാക്തീകരിക്കാനും വിവരസമൂഹത്തില്‍ നിന്ന് അറിവുസമൂഹത്തിലേക്ക് അവരെ നയിക്കാനും ഒക്കെയായിരിക്കണം മാധ്യമങ്ങള്‍. പക്ഷേ റേറ്റിങില്‍ ഇതൊക്കെ അപ്രധാനമായ കാര്യങ്ങളാണ്. ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന കോമിക് ആണ് ഏറ്റവും നല്ല കോമിക്. അത് ദൗര്‍ഭാഗ്യകരമായ അവസ്ഥയാണ്. അറിവുസമൂഹത്തില്‍, യഥാര്‍ഥ ജനാധിപത്യത്തില്‍ പലപ്പോഴും വലിയ നേട്ടങ്ങള്‍ ഉണ്ടായിട്ടുള്ളത് ജനപ്രിയതക്ക് എതിരെ പ്രവര്‍ത്തിച്ചാണ്. ജനപ്രിയതക്കൊപ്പം സഞ്ചരിച്ചിട്ടല്ല. ഭൂമി പരന്നതാണ് എന്ന് ലോകം മുഴുവന്‍ വിശ്വസിച്ചിരുന്ന കാലത്ത് ഒരാള്‍ ഭൂമി ഉരുണ്ടതാണ് എന്ന് കണ്ടെത്തി. സൂര്യന്‍ ഭൂമിയെ ചുറ്റുകയാണ് എന്ന് എല്ലാവരും വിശ്വസിച്ചിരുന്ന കാലത്ത് ഭൂമിയാണ് സൂര്യനെ ചുറ്റുന്നത് എന്നൊരാള്‍ കണ്ടെത്തിയതാണ് അറിവ്. കോപ്പര്‍ നിക്കസ് അക്കാര്യം പറഞ്ഞപ്പോള്‍ ഒരുപാടുപേര്‍ക്ക് അത് ഉള്‍ക്കൊള്ളാനായില്ല. ഗണിതത്തിലായാലും ഫിസിക്‌സിലായാലും കെമിസ്ട്രിയിലായാലും സാഹിത്യത്തിലായാലും വലിയമാറ്റങ്ങളൊക്കെ ഉണ്ടാക്കിയിട്ടുള്ളത് ജനപ്രിയതക്കൊപ്പം നീങ്ങിയിട്ടല്ല. അന്ന് റേറ്റിങ് സിസ്റ്റം പ്രകാരമാണ് പോയിരുന്നതെങ്കില്‍ സമൂഹം പുരോഗമിക്കുമായിരുന്നില്ല. അടുത്തിടെ തുര്‍ക്കിയിലെ ഒരു പി.എച്ച്.ഡി സ്‌കോളര്‍ ഭൂമി പരന്നതാണെന്ന് സ്ഥാപിക്കാനായി തീസിസ് സമര്‍പ്പിച്ചതായി വാര്‍ത്തവന്നത് കണ്ടിരുന്നോ? ഈ റേറ്റിങ് സിസ്റ്റത്തിന് എന്തൊക്കെയോ കുഴപ്പങ്ങളുണ്ട്. നമ്മളെല്ലാം ഒരു റേറ്റിങ് മെന്റാലിറ്റിയിലേക്ക് മാറുകയാണ്. നിങ്ങളൊരു പുസ്തകശാലയില്‍ പോയാല്‍ ടോപ് ടെന്‍, അല്ലെങ്കില്‍ ടോപ് ട്വന്റി എന്നൊക്കെയാണ് കാണുക. ആരാണ് ഇത് തീരുമാനിക്കുന്നത്? സ്വാഭാവികമായും ആ സെക്ഷനിലെ പത്തിരുപത്തഞ്ച് പുസ്തകങ്ങള്‍ മാത്രമേ നമ്മള്‍ നോക്കുകയുള്ളൂ. അപ്പോള്‍ എന്താണ് സംഭവിക്കുന്നത്? ആരൊക്കെയോ അജന്‍ഡകള്‍ തീരുമാനിക്കുകയാണ്. മ്യൂസിക് ഷോപ്പില്‍ പോയാലും ടോപ്പ് ട്വന്റി, ടോപ്പ് 100…ആളുകള്‍ വാങ്ങുന്നതിനനുസരിച്ച് തീരുമാനിക്കുന്നു. ഇതിങ്ങനെ പറഞ്ഞുപറഞ്ഞ് കൂടുതലാക്കുകയാണ്. നമ്മള്‍ ടോപ്പ് എന്നു പറയുമ്പോള്‍ വീണ്ടും വീണ്ടും ആള്‍ക്കാള്‍ അതിലേക്കാണ് പോകുന്നത്.
ഇന്റര്‍നെറ്റില്‍ ട്രാഫിക് സ്‌പേസ് പോലെയാണിത്. കൂടുതല്‍ ആളുകള്‍ ഒരു സ്ഥലത്ത് പോകുന്നുണ്ടെങ്കില്‍ അതാണ് ഏറ്റവും മിഴിവുള്ള സ്ഥലം. പക്ഷേ ഇന്റര്‍നെറ്റില്‍ വിശാലമായ ഒരു മുഴുവന്‍ ഇടമുണ്ട്. പക്ഷേ കൂടുതല്‍ ആളുകള്‍ പോകുന്നത് വിലയേറിയ സ്ഥലമായി മാറുന്നു. ഏറ്റവും കൂടുതല്‍ കൊമേഴ്‌സ്യല്‍ ട്രാഫിക് സ്‌പേസ് ആയിമാറുന്നു. കാരണം ആളുകള്‍ വീണ്ടും വീണ്ടും അവിടേക്ക് പോകുന്നു. ബാക്കിയുള്ള സ്ഥലങ്ങളെക്കുറിച്ച് നമ്മള്‍ അറിയുന്നേയില്ല. അങ്ങനെയുള്ള ഒന്നാണ് റേറ്റിങ്ങും ചെയ്യുന്നത്. അത് നമ്മുടെ മനോചക്രവാളത്തെ ഇടുങ്ങിയതാക്കുന്നു.

ആ ഒരു സിസ്റ്റത്തില്‍, വാര്‍ത്താ അവതാരകര്‍, സാരിഷോപ്പിലൊക്കെ വെക്കുന്നതുപോലെയുള്ള അലങ്കാരപാവകളായി മാറുന്നു. ഇവര്‍ ജീവനുള്ള അലങ്കാര പാവകളാണെന്ന വ്യത്യാസം മാത്രമേയുള്ളൂ. അവരുടെ പേരിലാണ് ഈ സാധനം ഓടുന്നത്. ചാനല്‍ മൊത്തത്തില്‍ ഇതിലൂടെയാണ് പോകുന്നത്. നിങ്ങള്‍ ഏത് ഇംഗ്ലീഷ് ചാനലും എടുത്തുനോക്കൂ. അതിലെ ഒരു മണിക്കൂര്‍ വാര്‍ത്താ പരിപാടി ആണ് മറ്റുചാനലില്‍ നിന്ന് അതിനെ വ്യത്യസ്തമാക്കുന്നത്. മറ്റു സ്‌പേസുകളിലൊന്നും പരസ്യദാതാക്കളില്ല. ഈ ഒരു മണിക്കൂറിലാണ് പരസ്യം വരുന്നത്. അപ്പോള്‍ അവര്‍ വരുന്നവരോട് പറയും, നിങ്ങള്‍ ഇവിടെ ഇത്ര സമയമെടുക്കുകയാണെങ്കില്‍ അവിടെയും ഇത്ര സമയം തരാം. എന്ന്. നിങ്ങള്‍ 24ഃ7 എന്നു പറയുന്ന ചാനലില്‍ യഥാര്‍ത്ഥത്തില്‍ ആകെ വില്‍ക്കുന്നത് വാര്‍ത്തയുടെ ഒരുമണിക്കൂറാണ്. ബാക്കിയുള്ളതിനൊക്കെ സബ്‌സിഡി ചെയ്തുകൊടുക്കും. അത് വില്‍ക്കാന്‍ നിങ്ങള്‍ക്കൊരു വ്യക്തിത്വം വേണം. അങ്ങനെ മാര്‍ക്കറ്റ് ചെയ്യാന്‍ വേണ്ടി അവനോ അവളോ കൂടുതല്‍ കൂടുതല്‍ എക്‌സന്‍ട്രിക്കോ ഔട്‌ലാന്‍ഡിഷോ അട്രാക്ടീവോ ആകാന്‍ ശ്രമിക്കും. അതുകൊണ്ടാണ് ഒരു സാധാരണ മനുഷ്യന്‍ ആയിരുന്ന അര്‍ണാബ് ഗോസ്വാമി അബ്‌നോര്‍മല്‍ വ്യക്തിയായി മാറിയത്. അടുത്തകാലത്തായി കക്ഷി കളവുപറയാനും തുടങ്ങി. ഗുജറാത്തില്‍ രാജ്ദീപ് സര്‍ദേശായി ചെയ്തിരുന്ന കാര്യങ്ങള്‍ താനാണ് ചെയ്തിരുന്നതെന്ന രീതിയില്‍ പറയുകയാണ്. ഇതാണ് റേറ്റിങ് സംവിധാനങ്ങളുടെയും മീഡിയയില്‍ ഹോട്ട്‌സ്‌പോട്ടുകള്‍ നിര്‍മിക്കുന്നതിന്റെയും ഒക്കെ പ്രശ്‌നം. നിങ്ങള്‍ കൂടുതല്‍ കൂടുതല്‍ അബ്‌നോര്‍മലും അട്രോഷ്യസും അട്രാക്ടീവും ആകുമ്പോഴാണ് ഹോട്‌സ്‌പോട്ടുകള്‍ ഉണ്ടാകുന്നത്. ജനങ്ങള്‍ ഇഷ്ടപ്പെടുന്നുണ്ടോ ഇല്ലയോ എന്നതൊന്നും ഒരുപ്രശ്‌നമല്ല, ആളുകള്‍ ഇവരെ എപ്പോഴും നോക്കിക്കൊണ്ടിരിക്കണം. അവരെ ജനങ്ങള്‍ നിര്‍ബന്ധമായും കണ്ടിരിക്കണം. ആളുകള്‍ അങ്ങനെ വരികയും ചെയ്യുന്നു. ജനങ്ങള്‍ സിനിമയ്ക്കുപോകുന്നതുപോലെയാണിത്. അവര്‍ താരങ്ങളെ നോക്കിനില്‍ക്കുന്നതുപോലെ വാര്‍ത്താ അവതാരകരെയും കാണുന്നു. താരപദവിയും അഭിനയവും തമ്മില്‍ സാധാരണ കാര്യമായ ബന്ധമൊന്നുമില്ലെന്ന് നമുക്കറിയാം. രണ്ടും രണ്ടാണ്. So it’s a least common denominator. ഗ്രേഷംസ് ലോ എന്നു പറയും. Where good money is chasing bad money. ആ ഒരു സൈക്കിളിലേക്ക് ഇത് വരും. നല്ലത് ചീത്തയെ പിന്തുടരുന്നു.

ന്യൂസ് റൂമിലെ ദളിത് പ്രാതിനിധ്യം

ന്യൂസ് റൂമില്‍ ദളിത് പ്രാതിനിധ്യമില്ല. കുറവാണെന്നല്ല, ഇല്ല. ഞാനിവിടെ എ.സി.ജെയില്‍ ഉള്ളതുകൊണ്ട് പറയുകയല്ല. ആകെക്കൂടി കുറച്ചുപേര്‍ ഇംഗ്ലീഷ് മാധ്യമങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ അവര്‍ ഇവിടെ നിന്ന് പോയിട്ടുള്ളവരാണ്. അവര്‍ക്ക് നല്ല ജോലികിട്ടുന്നു, ജോലി ചെയ്യുന്നു, എന്നിട്ടും അവര്‍ക്ക് തുടര്‍ന്നു പോകാന്‍ പറ്റുന്നില്ല. പല വിധത്തിലുള്ള മുന്‍വിധികള്‍ കാരണം. പ്രെജുഡീസ് എന്നു പറയുമ്പോള്‍ മുമ്പത്തെപ്പോലെ അണ്‍ടച്ചബിലിറ്റി എന്നൊന്നുമല്ല. വളരെ ഗോപ്യമായ രീതിയിലാണ് അത് പ്രവര്‍ത്തിക്കുന്നത്. ദളിതത്വം ഉള്ളതുകൊണ്ടാണ് തങ്ങള്‍ അവിടെയെത്തിയതെന്ന തോന്നല്‍ അവര്‍ക്കിടയില്‍ ഉണ്ടാക്കുന്നു. അവര്‍ സോഷ്യലി പാംപേഡ് ആയതുകൊണ്ടാണ് അവിടെയെത്തിയതെന്നും മറ്റുമുള്ള വിലയിരുത്തലുകള്‍. പലരും ജോലിയില്‍ ഉറച്ചുനില്‍ക്കുന്നില്ല. പക്ഷേ അവര്‍ക്ക് എന്തെങ്കിലും ചെയ്യണമെന്നുള്ളതുകൊണ്ട് അവര്‍ റിസര്‍ച്ചിലേക്കോ വിദേശത്തേക്കോ പോകുന്നു. മാധ്യമപ്രവര്‍ത്തനം ദളിതരോട് സൗഹാര്‍ദം സൂക്ഷിക്കുന്ന മേഖലയാകുന്നില്ല. അതിനൊരു കാരണവുമുണ്ട്. ജേണലിസം പൊതുവെ മധ്യവര്‍ഗ പ്രവര്‍ത്തനമാണ്. മാധ്യമപ്രവര്‍ത്തനത്തിന്റെ പരിഗണന മധ്യവര്‍ഗത്തോടാണ്. ഇന്ത്യയെപ്പോലൊരു രാജ്യത്തില്‍ 70 ശതമാനം ആളുകള്‍ താമസിക്കുന്നത് ഗ്രാമങ്ങളിലാണ്. എന്നാല്‍ നമ്മുടെ ജേണലിസം 70 ശതമാനം റൂറല്‍ അല്ലല്ലോ. 99 ശതമാനം നഗരകേന്ദ്രിതമാണ്. നഗര മധ്യവര്‍ഗത്തിന്റെ തൃഷ്ണകളെ പ്രതിഫലിപ്പിക്കുന്ന കാര്യങ്ങളല്ലേ അതില്‍ വരുന്നത്. സ്‌കൂള്‍ ആയാലും സിനിമ ആയാലും മാളുകള്‍ ആയാലും ഭക്ഷണം ആയാലും. എല്ലാം മധ്യവര്‍ഗത്തിന്റെ അഭിലാഷങ്ങളെയും തൃഷ്ണകളെയും പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് പോകുന്നത്. അതുകൊണ്ടാകാം ഏംഗല്‍സ് ഇതിനെ ബൂര്‍ഷ്വാ പ്രസ് എന്നുവിളിച്ചത്. മുതലാളിത്ത മാധ്യമങ്ങള്‍ അതിന്റെ നിര്‍വചനപ്രകാരം ബൂര്‍ഷ്വാ ആകാനേ പറ്റൂ. മധ്യവര്‍ഗമൂല്യങ്ങളും പ്രതീക്ഷകളുമാണ് അത് പേറുന്നത്. അങ്ങനെ വരുന്ന ഒരു മാധ്യമപ്രവര്‍ത്തനത്തില്‍ ദളിതര്‍ ബഹിഷ്‌കൃതരാണ്. അവര്‍ സാമൂഹ്യമായി ബഹിഷ്‌കരിക്കപ്പെടുന്നവരാണ്. അവര്‍ക്ക് അവിടെ പ്രവേശനമില്ല. അഥവാ ഉണ്ടെങ്കില്‍ തന്നെ അത് കാണിക്കാന്‍ വേണ്ടി മാത്രമായിരിക്കും. നമ്മുടെ മീഡിയയില്‍ ഒരു ദളിത് ഉണ്ട് എന്നതിന് മാത്രം ഒന്നാമത്. രണ്ടാമത് ദളിതുകള്‍ ഡെസ്‌കില്‍ ഉണ്ടെങ്കിലും അവര്‍ ദളിത് പ്രശ്‌നങ്ങള്‍ മാത്രം കവര്‍ ചെയ്യാന്‍ നിയോഗിക്കപ്പെടും. അപ്പോള്‍ പലപ്പോഴും വിദ്യാര്‍ഥികള്‍ വന്നു ചോദിക്കാറുണ്ട്. ഞങ്ങള്‍ക്ക് രാഷ്ട്രീയം കവര്‍ ചെയ്യണമെന്നുണ്ട്, സയന്‍സ് കവര്‍ ചെയ്യണമെന്നുണ്ട്, ഞങ്ങള്‍ക്ക് ഫുഡ് കവര്‍ ചെയ്താല്‍ കൊള്ളാമെന്നുണ്ട്. ഫിലിം റിവ്യൂസ് ചെയ്താല്‍ കൊള്ളാമെന്നുണ്ട്. അങ്ങനെയൊക്കെ പറഞ്ഞാലും ദളിത് പീഡനമോ അക്രമമോ കവര്‍ ചെയ്യാന്‍ വിടും. വീണ്ടും അവരുടെ ദളിത് ഐഡന്റിറ്റി ഓര്‍മിപ്പിക്കുന്ന രീതിയിലാണ് അവരെ മാധ്യമങ്ങള്‍ ഉപയോഗിക്കുന്നത്. ഉള്ളതില്‍ തുഛം പേരെ ഉപയോഗിക്കുന്നത് ഇങ്ങനെയാണ്. മൊത്തത്തില്‍ പറഞ്ഞാല്‍ പരിഹാസ്യമായ സമീപനമാണ്. അത് അനീതിയും ദീര്‍ഘദൃഷ്ടിയില്ലാത്തതും വിഡ്ഢിത്തവും കൂടിയാണ്. പിന്നെയും കുറച്ച് ദളിതര്‍ വരുന്നത് അവര്‍ മധ്യവര്‍ഗത്തിലെത്തിയില്ലെങ്കില്‍, പിന്നെ അവര്‍ ഐ.എ.എസ് സിവില്‍ സര്‍വീസ് ഓഫീസര്‍മാരുടെ മക്കളായിരിക്കും. അങ്ങനെയുള്ളവര്‍ക്ക് ഒരു സ്വീകാര്യത ലഭിക്കുന്നുണ്ട്. ക്ലാസ് എന്നതിന് അവിടെ കുറച്ചൊരു പങ്കുണ്ട്. ദളിത് ഐഡന്റിറ്റിയെ മയപ്പെടുത്തുന്നതില്‍ ഒരു പരിധിവരെ. എന്നാലും അവര്‍ ടോട്ടലി ഡിസ്അഡ്വാന്‍ടേജ്ഡ് ആണ്.

ഇംഗ്ലീഷ് പത്രങ്ങളെ അപേക്ഷിച്ച് മലയാളത്തില്‍ ദളിത് വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് കുറവാണോ?

അതെനിക്ക് മനസിലാകുന്നില്ല. ഈ പൈങ്കിളി വാര്‍ത്തകളല്ലാതെ. അതും വായിച്ചുവായിച്ചു മടുത്തു. ഇവിടെ ആരും മരിക്കില്ല, അസ്തമിക്കുകയേ ഉള്ളൂ. അങ്ങനെ ചില പ്രയോഗങ്ങള്‍. അതുപയോഗിച്ച് ഉപയോഗിച്ച് മടുക്കില്ലേ. അതൊരു രീതിയായി മാറി. ഒരു ലീസ്റ്റ് കോമണ്‍ ഡിനോമിനേറ്റര്‍ ടേസ്‌ററിലേക്ക്, പരസ്യദാതാക്കളെ ആകര്‍ഷിക്കാനോ വോള്യം ഉണ്ടാക്കാനോ ഒക്കെ വേണ്ടി ചെയ്യുന്നതായിരിക്കും എന്നുവേണം കരുതാന്‍. പക്ഷേ ശരിയാണ്. മറ്റുള്ള ഇംഗ്ലീഷ് പത്രങ്ങളിലെപ്പോലെയോ, ചുരുങ്ങിയ പക്ഷം ചില ഇംഗ്ലീഷ് പത്രങ്ങളിലെങ്കിലും, ഇന്ത്യന്‍ എക്‌സ്പ്രസ് പോലെ, ദി ഹിന്ദുവും ഇടയ്ക്ക്, അടുത്തകാലം വരെ ഹിന്ദുവും ഇക്കാര്യത്തില്‍ നന്നായിരുന്നു, ഒരു ഇന്റലക്ച്വല്‍ ഇന്‍പുട്ട് ഇല്ല. ഒരു പബ്ലിക് ഇന്റലക്ച്വല്‍ ഇന്‍പുട്ട് ഇല്ലാത്ത മാധ്യമങ്ങളാണ് മലയാളത്തില്‍. എനിക്ക് തോന്നുന്നത് കുറച്ചുകൂടി വേണമെങ്കില്‍ ടെലിവിഷനിലാണ് ഉള്ളത്. ഇടയ്ക്ക് ചര്‍ച്ചകള്‍ വരുമ്പോള്‍ ഒരു ചെറിയ ഇന്റലക്ച്വല്‍ സ്പാര്‍ക്ക് അവിടവിടെയായി വരുന്നുണ്ട്. പക്ഷേ അച്ചടിയില്‍ വരുമ്പോള്‍ ലോ ലെവല്‍ ലീസ്റ്റ് കോമണ്‍ ആയി മാറുന്നു.

ഇടതുപക്ഷത്തിന് പ്രതിസന്ധിയുണ്ടോ?

എനിക്ക് തോന്നുന്നത് ലെഫ്റ്റിന് പറ്റുന്നതെന്താണെന്നു വെച്ചാല്‍ മതം ആവശ്യമില്ല എന്നാണല്ലോ ആദ്യത്തെ അവരുടെ നിലപാട്. പക്ഷേ അത് പറഞ്ഞിട്ട് നില്‍ക്കാനുള്ള സാഹചര്യമില്ല. സമൂഹം ആകെ മതവത്കരിക്കപ്പെട്ടു. പ്രത്യേകിച്ച് ബി.ജെ.പി അധികാരത്തില്‍ വന്നതോടെ എല്ലാ വ്യവഹാരങ്ങളും ഭൂരിപക്ഷവാദത്തിലേക്കും ന്യൂനപക്ഷവാദത്തിലേക്കും മാറ്റപ്പെട്ടു. ന്യൂനപക്ഷവും ഭൂരിപക്ഷവും മതത്തിന്റെ അടിസ്ഥാനത്തിലാണല്ലോ. നമ്മള്‍ വര്‍ഗ വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ ഭൂരിപക്ഷം, ന്യൂനപക്ഷം എന്ന രീതിയില്‍ സംസാരിക്കുന്നില്ലല്ലോ. ജാതിയുടെ അടിസ്ഥാനത്തില്‍ പോലുമല്ല. മതസ്വത്വത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ചര്‍ച്ചകളും. പാര്‍ലമെന്ററി ജനാധിപത്യത്തില്‍ നിങ്ങള്‍ ഇടപെടുമ്പോള്‍, വസ്തുനിഷ്ഠ, ഭൗതിക സാഹചര്യങ്ങളെ കുറിച്ച് ബോധവാന്മാരായിരിക്കണം. മാര്‍ക്‌സിസം ഭൗതികസാഹചര്യങ്ങളെക്കുറിച്ചാണ് സംസാരിക്കുന്നത്. ഭൗതിക സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് നമ്മുടെ നയങ്ങള്‍ തീരുമാനിക്കപ്പെടുന്നത്. മതസ്വത്വം ശക്തിപ്പെട്ടുവെന്ന യാഥാര്‍ത്ഥ്യമാണ് ഇപ്പോഴത്തെ ഭൗതിക സാഹചര്യം. ഇത് തിരിച്ചറിഞ്ഞാലും അതിന്റെ പ്രകടനപരമായ രൂപങ്ങളില്‍ പാളിച്ച വരുന്നു. അത് വിവാദങ്ങളിലേക്ക് നയിക്കുന്ന രീതിയിലേക്ക് മാറിപ്പോകുന്നു.

സ്വത്വരാഷ്ട്രീയത്തെ ഇടതുപക്ഷത്തിന് തിരിച്ചറിയാന്‍ പറ്റുന്നില്ലേ?

ഒരു കാലഘട്ടത്തില്‍ ജാതിയില്ല എന്നുവരെ വാദിച്ചിരുന്നവരാണല്ലോ ഇടതുപക്ഷം. പക്ഷേ ഇന്ത്യന്‍ സാഹചര്യത്തില്‍ ജാതി ഒരു സുപ്രധാന ഘടകമാണ്. അല്ലെങ്കില്‍ ക്ലാസ് മാത്രമേ ഉള്ളൂ എന്നാണ് നമ്മള്‍ പറഞ്ഞിരുന്നത്. പക്ഷേ സ്വത്വനിര്‍ണയത്തില്‍ ജാതിക്ക് പ്രധാനമായ പങ്കുണ്ടെന്ന് ഇപ്പോള്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. അത് ശരിയാണ്. ജാതി അടിസ്ഥാനത്തിലാണ് പലരും വോട്ടുപോലും ചെയ്യുന്നത്. പ്രത്യേകിച്ച് തമിഴ്‌നാട്ടിലൊക്കെ. കേരളത്തിലുമുണ്ടാകാം അതൊക്കെ. അതുപോലെ മതത്തെക്കുറിച്ചും ഇടതുപക്ഷം അവരുടെ സമീപനം പുതുക്കുന്നുണ്ട് എന്നാണ് തോന്നുന്നുന്നത്. ‘റിലിജിയന്‍ ഈസ് ദി ഓപ്പിയം ഓഫ് മാസസ്’ എന്നതുമാത്രം ഇങ്ങനെ ആവര്‍ത്തിച്ച് അതിന് മുമ്പ് പറഞ്ഞ കാര്യങ്ങളൊക്കെ മറന്നുപോയി. ‘ദാറ്റ് ഇറ്റ് ഈസ് ദി ഹാര്‍ട്ട് ഓഫ് ദി ഹാര്‍ട്ട്‌ലെസ് വേള്‍ഡ്, ഇറ്റ് ഈസ് എ സോള്‍ ഓഫ് ജി സോള്‍ലെസ്, ഇറ്റ് ഈസ് ദി സൈ ഓഫ് ദി ഒപ്രസ്ഡ്’ എന്നീ കാര്യങ്ങള്‍ പറഞ്ഞിട്ടാണ് മാര്‍ക്‌സ് ‘ഓപ്പിയം ഓഫ് ദി മാസസ്’ പറയുന്നത്. അത് മൂന്നിനും ആളുകള്‍ ഊന്നല്‍ നല്‍കാന്‍ ശ്രമിക്കണം. ഉപേക്ഷിക്കപ്പെടേണ്ട സാഹചര്യങ്ങളെ മാറ്റിത്തീര്‍ക്കണമെങ്കില്‍ അത് ആദ്യം മനസിലാക്കിയിരിക്കണം.

അങ്ങനെയല്ലാത്തതുകൊണ്ടാണ് അതിന്റെ പ്രകടനരൂപങ്ങളെല്ലാം മണ്ടത്തരത്തിലേക്ക് നീങ്ങുന്നത്. അതുകൊണ്ട് ജനങ്ങളിലുള്ള ഹോള്‍ഡ് മാറുന്നുണ്ടോ എന്ന് സംശയം തോന്നാം. അതേസമയം, ഭൂരിപക്ഷ കേന്ദ്രിത രാഷ്ട്രീയം ഉയര്‍ന്നുവരുമ്പോള്‍, അത് കരുത്താര്‍ജിക്കുകയും പ്രാകൃതമായി പെരുമാറിത്തുടങ്ങുകയും ചെയ്യുമ്പോള്‍ ആകെയുള്ള എതിര്‍പ്പ് ഉയര്‍ന്നു വരുന്നത് ഇടതുപക്ഷത്തില്‍ നിന്നാണ്. ഭൂരിപക്ഷ രാഷ്ട്രീയത്തെ ന്യൂനപക്ഷ രാഷ്ട്രീയം ഉയര്‍ത്തി ചെറുത്തുനില്‍ക്കാനാകില്ല. മതത്തെ ജനാധിപത്യത്തിന്റെ അടിസ്ഥാനമാക്കി മാറ്റാനാകില്ല. അത് സുപ്രധാനമായ ഒരു നിലപാടാണ്. അത് ഇടതുപക്ഷത്തില്‍ നിന്ന് മാത്രമാണ് ഉണ്ടായത്. മറ്റേതെങ്കിലും പാര്‍ട്ടിയില്‍ നിന്ന് അതുണ്ടായി കാണുന്നില്ല. കോണ്‍ഗ്രസൊന്നും അത് ചെയ്തിട്ടില്ല. കോണ്‍ഗ്രസ് ആണ് ശരിക്കും ബി.ജെ.പിക്ക് അധികാരത്തിലേക്കുള്ള വഴിയൊരുക്കിയത്. രാജീവ് ഗാന്ധി നമ്മുടെ പൊതുജീവിതത്തെ ഡീസെക്യുലറൈസ് ചെയ്തു. രാമായണവും മഹാഭാരതവും പ്രൈംടൈം സീരിയല്‍ ആക്കുകയും ദൂരദര്‍ശനിലൂടെ അത് വരികയും വഴി മതബോധത്തെ ആള്‍ക്കൂട്ടത്തിന്റെ തലത്തില്‍ ഉണ്ടാക്കിയെടുക്കുകയാണ് ചെയ്തത്. ഞാന്‍ പലപ്പോഴും പറയാറുള്ളതുപോലെ, അവര്‍ കാറ്റുവിതച്ച് നമ്മളിപ്പോള്‍ കൊടുങ്കാറ്റ് കൊയ്യുകയാണ് ബി.ജെ.പി സര്‍ക്കാരിന്റെ രൂപത്തില്‍. എന്റെ അഭിപ്രായത്തില്‍ ഇടതുപക്ഷം വലിയൊരു നിര്‍ണായക ശക്തിയാണ്. മുമ്പെന്നത്തേക്കാളുമുപരി ഇടതുപക്ഷത്തിന് വലിയൊരു പങ്കുവഹിക്കാനുണ്ട്. അവര്‍ക്കാണ് വ്യക്തമായ ഒരുകാഴ്ചപ്പാടോടെ മതത്തെ കാണാനാകുക. പക്ഷേ, ദൗര്‍ഭാഗ്യവശാല്‍ മതത്തിന്റെ അതിരുവിട്ട സ്വാധീനം കാരണം, ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും, പൊതുമണ്ഡലത്തിന്റെ പവിത്രത പാര്‍ശ്വവത്കരിക്കപ്പെടുന്നുണ്ട്.

കേരളത്തിലെ അരാഷ്ട്രീയ സമരങ്ങള്‍

ഇവിടെ സോഷ്യല്‍ മീഡിയ ഉത്പാദിപ്പിക്കുന്ന ഒരു പൊതുസമൂഹം ഉണ്ട്. സോഷ്യല്‍ മീഡിയ ശക്തിപ്പെടുത്തുകയും ഊട്ടിയുറപ്പിക്കുകയും ചെയ്യുന്ന ഒന്ന്. അതിന് മുമ്പ് ഇത്തരത്തിലുള്ള ആശയപ്രചാരണത്തിനോ, പ്രശ്‌നം എടുത്ത് അതിന് ഫോളോവര്‍മാരെ ഉണ്ടാക്കുന്നതിനോ ഇതുപോലുള്ള ഉപാധികള്‍ ഉണ്ടായിരുന്നില്ല. തമിഴ്‌നാട്ടില്‍ ജല്ലിക്കട്ട് നടന്നതുപോലെ. പെട്ടെന്ന് ആയിരക്കണക്കിന് ആളുകള്‍ അവിടെ പോയില്ലെ. (എന്റെ അഭിപ്രായത്തില്‍ ഒരു തെറ്റായലക്ഷ്യത്തിന് വേണ്ടി. മിണ്ടാപ്രാണികളെ ഉപദ്രവിക്കുന്ന ഒരു ചടങ്ങിനുവേണ്ടി). അത് സോഷ്യല്‍മീഡിയയിലൂടെയുണ്ടായ ഐക്യത്തിലുടെയാണ് സംഭവിക്കുന്നത്. സോഷ്യല്‍ മീഡിയ ബബിള്‍സ് ഉണ്ടാകുന്നതുപോലെ തന്നെ, യഥാര്‍ത്ഥ സമൂഹത്തിലും അഭിപ്രായത്തിന്റെയും കാഴ്ചപ്പാടുകളുടെയും വിശ്വാസസംഹിതകളുടെയും ചെറുകുമിളകള്‍ വ്യാപിക്കുന്നുണ്ട്. നമ്മുടെ കുമിളയിലുള്ള ആള്‍ക്കാരില്‍ മാത്രം ഇടപെട്ട് ഇതാണ് ഏറ്റവും വലിയ സംഭവം എന്നുള്ള രീതിയിലെത്തുന്നു. അപ്പോള്‍ അങ്ങനെ ആയിരം ബബിള്‍സ് ഉണ്ട് സോഷ്യല്‍ മീഡിയയില്‍. അതില്‍ പരസ്പരസംവേദനം ഇല്ല. നമ്മള്‍ നമ്മുടെ കാഴ്ചപ്പാടുകളോട് മാത്രമാണ് സംവദിക്കുന്നത്. ഇക്കോ ചേംബറുകള്‍ പോലെ. അത് സോഷ്യല്‍ മീഡിയയുടെ തന്നെ ഒരു സ്വഭാവമാണ്. അത് സോഷ്യല്‍മീഡിയയുടെ പ്രത്യേകത ആയി മാറാന്‍ കാരണം യഥാര്‍ത്ഥ സമൂഹത്തിലെ ഭൗതികസാഹചര്യത്തിന്റെ സവിശേഷതയായി അത് മാറി എന്നുള്ളതുകൊണ്ടാണ്.

ഹിന്ദുത്വവാദികള്‍ അവര്‍ അതാണ് എന്ന് വിശ്വസിച്ച് അതായി മാറുകയാണ്. യാഥാസ്ഥിതികവാദികളായ ഹിന്ദുക്കളും മുസ്‌ലിങ്ങളും ഒക്കെ ഞങ്ങള്‍ ഇങ്ങനെയാണ് എന്ന് വിശ്വസിച്ച് അങ്ങനെ ആയി മാറുകയാണ്. അതൊരു ഗൂഢാലോചനയായിട്ടൊന്നുമല്ല. അവര്‍ വിശ്വസിക്കുന്നത് അതാണ്. ഇങ്ങനെ ചെയ്താലേ ഭാവിയുള്ളൂ. അല്ലെങ്കില്‍ ഇങ്ങനെ ചെയ്താലേ നമ്മളുടെ ആത്മാവ് രക്ഷപ്പെടുള്ളൂ, ക്രിസ്ത്യന്‍സും ഫണ്ടമെന്റലിസ്റ്റുകളായി വരും. കരിസ്മാറ്റിക് മൂവ്‌മെന്റ് ഒക്കെയായി അവരും അങ്ങനെ വിശ്വസിക്കുന്നു.

അതിന്റെയൊക്കെയൊരു പൊട്ടിയൊഴുക്ക് ആയിട്ടാണ് ഇതൊക്കെ വരുന്നത്. അല്ലെങ്കില്‍ ഒന്ന് ആലോചിച്ചുനോക്കൂ. ആരെങ്കിലും നമ്മുടെ രാജ്യത്തുവന്ന് ചില മതപ്രചാരണ ചാനലുകള്‍ കണ്ടാല്‍ പരിഹാസ്യമായാണ് തോന്നുക. ഏതെങ്കിലും സ്വാമി ഇരുന്ന് എന്തൊക്കെയോ അസംബന്ധങ്ങള്‍ പറയുന്നു. അതൊക്കെ കഴിഞ്ഞ് അവര്‍ റാം റഹീമോ ആശാറാമോ ഒക്കെയായി, അതിക്രമങ്ങള്‍ ചെയ്യുന്ന ആളുകളായി മാറുന്നു. എല്ലാ മതങ്ങളിലുള്ള വിശ്വാസികള്‍ക്കിടയിലും ചില കരിസ്മാറ്റിക് പ്രസ്ഥാനങ്ങള്‍ വഴി, മുടന്തി നടക്കുന്നയാള്‍ നേരെ നടക്കുന്നു, കണ്ണില്ലാത്ത ആളുകള്‍ കാഴ്ചകിട്ടുന്നു…എന്നൊക്കെ പ്രചരിപ്പിക്കുന്നു. നമുക്കിതൊക്കെ ഇക്കാലത്തും വിശ്വസിക്കാനാകുമോ? ഇക്കാലത്തും ആളുകള്‍ ഇതൊക്കെ കണ്ടിരിക്കുന്നു. സാധാരണ ആളുകള്‍ തന്നെ ഇതൊക്കെ വിശ്വസിക്കുന്നു. അപ്പോള്‍ എല്ലാം ഉണ്ട്. ഇതൊക്കെയാണ് തമാശ. നമുക്ക് പുരോഗമനവും ശാസ്ത്രവും ആധുനികതയും എല്ലാമുണ്ട്. പക്ഷേ മതത്തിന് മുന്‍തൂക്കം വരുന്നിടത്ത് ഇതൊക്കെ സംഭവിക്കും. You can not make religion uniformly rational. അതില്‍ യാഥാസ്ഥിതികവാദികളുണ്ടാകും, മണ്ടന്മാരുണ്ടാകും, ഭീകരന്മാരുണ്ടാകും, കൂടാതെ മതത്തിലൊന്നും വിശ്വാസമില്ലെങ്കിലും അങ്ങനെ നടിച്ച് രംഗത്ത് വന്ന് അനുയായികളെ കണ്ടെത്തുന്നവരുമുണ്ടാകും. ഇവരൊക്കെ അവര്‍ക്ക് തോന്നുന്നത് പറയുന്നു.

സോഷ്യല്‍ മീഡിയ രാഷ്ട്രീയ ഉള്ളടക്കത്തെ മാറ്റിത്തുടങ്ങുകയാണോ?

സോഷ്യല്‍ മീഡിയ എന്നത് സമൂഹത്തിന്റെ ഭൗതികയാഥാര്‍ഥ്യത്തെ പ്രതിഫലിപ്പിക്കുന്നു എന്നാണ് പറയാനാകുക. അല്ലാതെ അതിന് ഓട്ടോണമസ് ലൈഫ് ഇല്ല. അത് സാമൂഹ്യാവസ്ഥകളെ പ്രതിഫലിപ്പിക്കുകയാണ്. യഥാര്‍ത്ഥ ജീവിതത്തില്‍ ആളുകള്‍ എന്താണോ അതാണ് സോഷ്യല്‍ മീഡിയയില്‍ പ്രതിഫലിക്കുന്നത്. മുമ്പ് ആളുകള്‍ക്ക് അവരവരുടെ ആശയപ്രകാശനത്തിന് വഴികളുണ്ടായിരുന്നില്ല. ഇപ്പോള്‍ അവര്‍ക്ക് ധൈര്യമായി ഇക്കാര്യം ചെയ്യാനാകും. കാരണം തങ്ങളുടെ യഥാര്‍ത്ഥ അസ്തിത്വത്തെ മറച്ചുപിടിച്ചുകൊണ്ടും കാര്യങ്ങള്‍ ചെയ്യാം. അതിലിപ്പോള്‍ ഞാന്‍ ഇന്ന ആളാണെന്ന് പറയേണ്ട കാര്യമില്ല. ഞാന്‍ ശശികുമാറാണെന്ന് വേണമെങ്കില്‍ പറയാം. അല്ലെങ്കില്‍ ശക്തിധരനെന്നോ യൂസഫ് എന്നോ ഒക്കെ പറഞ്ഞും ചെയ്യാം. ആ ധൈര്യത്തില്‍ തുടങ്ങിയിട്ട് പിന്നെ ധൈര്യം കൂടുകയാണ്. നിങ്ങള്‍ക്ക് നിങ്ങളുടെ ഏറ്റവും വിഡ്ഢിത്തം നിറഞ്ഞ ആശയങ്ങള്‍ പ്രകടിപ്പിക്കാനുള്ള ഒരു വേദി കൈയിലുണ്ട്. നിങ്ങളുടെ തീവ്രമായ ആശയങ്ങള്‍, മണ്ടന്‍ ആശയങ്ങളും. അഞ്ചുപേര്‍ ഒരുമണ്ടന്‍ ആശയം ഷെയര്‍ ചെയ്താല്‍ അത് പിന്നെ മണ്ടത്തരം അല്ലാതായി. അപ്പോ ആരാണ് ഇതൊക്കെ നിശ്ചയിക്കുന്നത് മണ്ടത്തരമാണോ അല്ലയോ എന്ന്? ആധുനികതയുടെ എല്ലാ മാനദണ്ഡങ്ങളും ഇല്ലാതാവുകയാണ്. കള്‍ച്ചറല്‍ റിലേറ്റീവ് എന്നു പറയാവുന്ന രീതിയിലുള്ള സോഷ്യല്‍ മീഡിയയും സൊസൈറ്റിയുമാണ് ഇപ്പോഴുള്ളത്. കള്‍ച്ചറല്‍ റിലേറ്റീവിസത്തിന്റെ അടിസ്ഥാനത്തില്‍ ന്യായീകരിക്കാന്‍ തുടങ്ങിയാല്‍ നിങ്ങള്‍ക്ക് സതി ന്യായീകരിക്കേണ്ടിവരും. ആ ചിതയിലേക്ക് വീണാല്‍ സ്വര്‍ഗത്തിലേക്ക് പോകുമെന്ന് അതനുഷ്ഠിക്കുന്ന സ്ത്രീ വിചാരിക്കുന്നതുകൊണ്ടാണ് അവരെ കൊല്ലുന്നത്, അല്ലെങ്കില്‍ സ്വയം എടുത്തുചാടുന്നത്. അതെന്തുകൊണ്ട് നമ്മള്‍ ബാന്‍ ചെയ്യുന്നു. അതവരുടെ അവകാശങ്ങള്‍ക്കെതിരല്ലേ? അതിനാല്‍ സാമൂഹ്യനിയമങ്ങള്‍ രൂപവത്കരിക്കുന്നതിന് മതം ഒരു ചട്ടക്കൂടായി സ്വീകരിക്കാന്‍ പറ്റില്ല. നിയമനിര്‍മാണത്തിലും അത് സാധ്യമല്ല.

ദേശീയ മാധ്യമങ്ങളും വെല്ലുവിളികളും

നിലവില്‍ ഭരണത്തിലിരിക്കുന്ന സര്‍ക്കാര്‍ വളരെയധികം മാധ്യമാഭിനിവേശ സ്വഭാവമുള്ളതാണ്. മീഡിയ കൈയടക്കുക എന്നുള്ളതാണ് അവരുടെ ഒരു ലക്ഷ്യം. അതില്‍ അവര്‍ കുറെയൊക്കെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഇത് ജനാധിപത്യത്തിന് അപകടകരമാണ്. ജനാധിപത്യത്തില്‍ നല്ലൊരു മാധ്യമസാന്നിധ്യം ഉണ്ടാകണമെങ്കില്‍ നിരവധി മാധ്യമങ്ങള്‍ ഉണ്ടാകണം. സ്വതന്ത്രമായ മാധ്യമങ്ങള്‍ വേണം. ഒരേ പോലെയുള്ളവയല്ല. ഇടത്തരം മാധ്യമങ്ങള്‍ വേണം. അല്ലാതെ വന്‍കിട മാധ്യമങ്ങള്‍ അല്ല. പക്ഷേ നമ്മുടെ ടെലിവിഷന്‍-മാധ്യമ നിയമങ്ങള്‍ നോക്കിയാല്‍-അവര്‍ ലൈസന്‍സ് ഫീ വന്‍തോതില്‍ കൂട്ടുന്നു. അഞ്ചുകോടിയൊക്കെ മൂല്യം കാണിച്ചാലേ നമുക്ക് ലൈസന്‍സിന് അപേക്ഷിക്കാനെങ്കിലും പറ്റുള്ളൂ. ഞാനൊക്കെ ഏഷ്യാനെറ്റ് തുടങ്ങുമ്പോള്‍ അങ്ങനെയൊന്നുമില്ല. അങ്ങനെയാണെങ്കില്‍ എനിക്ക് തുടങ്ങാനേ പറ്റില്ല. അപ്പോള്‍ ഒരു സാധാരണക്കാരന് ഇതൊന്നും തുടങ്ങാന്‍ പറ്റില്ല. എല്ലാവര്‍ക്കും മത്സരിക്കാവുന്ന മേഖലയല്ല ഇപ്പോഴിത്. സമ്പന്നരായവര്‍ക്ക് അനുകൂലമായി ഈ മേഖലയെ മാറ്റിക്കഴഞ്ഞു. നിലവിലുള്ള വന്‍കിട മാധ്യമങ്ങള്‍ ചേര്‍ന്നുതന്നെയാണ് ഇത് ചെയ്യുന്നതും. അവര്‍ മുന്‍കൈയെടുത്ത് നയപരമായ ഇടപെടല്‍ നടത്തി ചെയ്യിപ്പിക്കുന്നതുമാണ്. കാരണം അവര്‍ മത്സരം ഇഷ്ടപ്പെടുന്നില്ല. മത്സരം പരിമിതപ്പെടുത്താനാണ് അവര്‍ ആഗ്രഹിക്കുന്നത്. നമ്മള്‍ ഈ മാധ്യമങ്ങളുടെ മത്സരം എന്നൊക്കെ പറയുന്നത് ഒരു കണ്‍കെട്ടാണ്. ഇവിടെയും പുറമെയും. പല സ്ഥാപനങ്ങളുടെയും ഉടമസ്ഥതയില്‍, അവരുടെ കമ്പനികളില്‍ പോലും ഡയരക്ടര്‍ ബോര്‍ഡ് ഒരേ ആളുകളോ പരസ്പരം ബന്ധപ്പെട്ടവരോ ഒക്കെയായിരിക്കും. പുറമെ അവര്‍ മത്സരിക്കുന്ന ചാനലുകളായിരിക്കാം. ടൈംസ് നൗ, അല്ലെങ്കില്‍ സി.എന്‍.എന്‍ ഐ.ബി.എന്‍. അതില്‍ അവരുടെ ഡയറക്ടര്‍ ബോര്‍ഡില്‍ മൂന്നാലുപേര്‍ പൊതുവായിട്ടുണ്ടാകും. ഇവരൊക്കെ ഒന്നിച്ചാണ് നയരൂപവത്കരണം നടത്തുന്നത്. അതുകൊണ്ട് അവര്‍ തീരുമാനിക്കും. ഒരു മിനിമം തുക നിശ്ചയിക്കാന്‍ തീരുമാനിക്കും. ടെലികോം അതോറിറ്റിയുടെ നയങ്ങളും ഇവരാണ് തീരുമാനിക്കുന്നത്. വാര്‍ത്താവിതരണ മന്ത്രാലയത്തിന്റെ നയങ്ങളും ഒക്കെ രൂപപ്പെടുത്തുന്നത് ഇവരുടെ താല്‍പര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും. വന്‍കിടമാധ്യമങ്ങളാണ് മാധ്യമലോകത്തെ നിയന്ത്രിക്കുന്നത്. ഇതുതന്നെയാണ് പ്രശ്‌നവും. അതുകൊണ്ടാണ് അമേരിക്കയില്‍ മാധ്യമ ഉടമസ്ഥതയില്‍ നിയന്ത്രണം(cross media restrictions) കൊണ്ടുവന്നത്. അവിടെ ഫെഡറല്‍ കമ്യൂണിക്കേഷന്‍സ് കമ്മീഷന്‍(എഫ്.സി.സി) ആണ് ഇതിന്റെ ചുമതല വഹിക്കുന്നത്. അവിടെ എനിക്കൊരു ടെലിവിഷന്‍ ചാനലുണ്ടെങ്കില്‍ പത്രത്തിന്റെ ഉടമയാകാന്‍ പറ്റില്ല. റേഡിയോ ചാനല്‍ ഉടമയാകാന്‍ പറ്റില്ല. അതും ഉടമസ്ഥതയുടെ പരിധിയും അവര്‍ നിശ്ചയിക്കും. ഇന്ന സ്ഥലത്ത് ഇത്ര റീച്ച് ഉള്ളതുമാത്രമേ സ്വന്തമാക്കാന്‍ പറ്റുള്ളൂ. മാധ്യമസ്ഥാപനത്തിന്റെ വലിപ്പത്തിനും നിയന്ത്രണമുണ്ട്. മാധ്യമമേഖലയിലെ കുത്തക ഒഴിവാക്കാനുള്ള ശ്രമം അവര്‍ ബോധപൂര്‍വം നടത്തുന്നുണ്ട്. വന്‍കിട സ്ഥാപനങ്ങളാണെങ്കില്‍ പോലും നിയന്ത്രിക്കപ്പെടുന്നുണ്ട്. അവിടെയും ഇത് മാറ്റാന്‍ സമ്മര്‍ദം ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. ഇവിടെ അങ്ങനെയല്ലല്ലോ. വലിയ പത്രങ്ങള്‍ ടെലിവിഷന്‍ ചാനലുകള്‍ സ്ഥാപിക്കുന്നു, എഫ്.എം റേഡിയോ ചാനലുകള്‍ സ്വന്തമാക്കുന്നു, ഇന്റര്‍നെറ്റ് മേഖലയിലും സ്ഥാപനങ്ങള്‍ തുടങ്ങുന്നു. അങ്ങനെയാണ് മീഡിയ എന്നത് വലിയ ബിസിനസ് ആയിമാറുന്നത്. അതുകൊണ്ടാണ് വിപണി പരിപ്രേക്ഷ്യം എന്ന് ഇതിനെ വിളിക്കുന്നത്. വിപണി മാതൃക ഇവിടെ വളരെ ശക്തമായി മാറുകയാണ്.

മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന രോഗാതുര ദേശീയത

അതൊരു പാതെറ്റിക് സിറ്റുവേഷനാണ്. 1975 അടിയന്തരാവസ്ഥ നമ്മുടെ മാധ്യമചരിത്രത്തിലെ കറുത്തപാടാണ് എന്ന് പറയാറുണ്ട്. അത് ശരിയാണ്. അവിടെ ഒരു ഏകാധിപധിയായ ഭരണാധികാരി ഒരു അടിയന്തരാവസ്ഥ അടിച്ചേല്‍പിക്കുകയാണ് ചെയ്തത്. ഇപ്പോഴുള്ളത് ആഭ്യന്തരമായ അടിയന്തരാവസ്ഥയാണ്. നാം അടിയന്തരാവസ്ഥ വിഭാവനം ചെയ്തുകൊണ്ടിരിക്കുകയാണ്. ടെലിവിഷന്‍ ചാനലുകളിലാണ് ഇത് കൂടുതല്‍ പ്രകടമാകുന്നത്. അധികാരത്തിന് മുന്നില്‍ മാധ്യമങ്ങള്‍ മുട്ടുമടക്കിനില്‍ക്കണമെന്ന് അവര്‍ തീരുമാനിച്ചുകഴിഞ്ഞു. കാരണം അവര്‍ പ്രവര്‍ത്തിക്കുന്നത് വിപണി പരിപ്രേക്ഷ്യത്തിനുള്ളിലാണ്. പൊതുതാല്‍പര്യമാതൃകയിലാണ് മാധ്യമങ്ങള്‍ പ്രവര്‍ത്തിക്കുന്നതെങ്കില്‍ ഇത്തരമൊരു സാഹചര്യമുണ്ടാകില്ല. എന്തൊക്കെയായാലും 1975-ല്‍ ഗോയങ്ക അടിയന്തരാവസ്ഥയ്ക്ക് വഴങ്ങില്ലെന്ന് പറയാന്‍ ധൈര്യം കാട്ടിയിരുന്നു. വലിയ ബനിയ ഒക്കെയാണെങ്കിലും, ജ്യൂട്ട് പ്രസിന്റെ ആളൊക്കെയായിരുന്നെങ്കിലും നിങ്ങളെ പ്രശംസിക്കില്ലെന്നും അടിയന്തരാവസ്ഥയെ അംഗീകരിക്കില്ലെന്നും ഇന്ദിരാഗാന്ധിയോട് പറയാനുള്ള ചങ്കൂറ്റം അദ്ദേഹം കാട്ടിയിരുന്നു. അതുകൊണ്ട് അയാളുടെ വൈദ്യുതി വിഛേദിച്ചു. ആദായ നികുതിയെക്കുറിച്ച് അന്വേഷിക്കുന്നു. ഇവിടെ അതല്ല നടക്കുന്നത്. പൊതുതാല്‍പര്യം ഇല്ലാതായതോടെ ബിസിനസ് എന്നതിനെക്കുറിച്ചുമാത്രമാണ് നോക്കുന്നത്. അപ്പോള്‍ ചെറിയൊരു സൂചന മതി. ഞങ്ങള്‍ക്ക് ഇഷ്ടപ്പെടുന്നില്ല നിങ്ങള്‍ ചെയ്യുന്നത്. ഞങ്ങള്‍ക്ക് നിങ്ങളുടെ ആദായനികുതി ഒക്കെ ഒന്ന് പരിശോധിക്കണം. അതുകഴിഞ്ഞാല്‍ ഒരു ഇന്‍കം ടാക്‌സ് റെയ്ഡ് വരും. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ റെയ്ഡ് വരും. അതുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് വിദേശബാങ്കില്‍ അക്കൗണ്ട് ഉണ്ട് എന്നൊക്കെ വെറുതെ വ്യാജ പ്രചാരണം നടത്തും. പിന്നെ അല്ല എന്നുള്ളത് തെളിയിക്കേണ്ടതും ആരോപണ വിധേയരുടെ ബാധ്യതയാണ്. ഇങ്ങനെ എല്ലാതരത്തിലും അവര്‍ മാധ്യമങ്ങള്‍ക്കുമേല്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. ഒന്നു രണ്ടുപേരെ മാതൃകയായി ചെയ്താല്‍ മതി. മറ്റുള്ളവര്‍ പിന്നാലെ അനുസരിക്കാന്‍ തുടങ്ങിക്കൊള്ളും. അടുത്തകാലത്തായി ഹിന്ദുസ്ഥാന്‍ ടൈംസിന് നോട്ടീസയച്ചത് ഉദാഹരണം. പല ഉദാഹരണങ്ങളുണ്ട്. ഔട്ട്‌ലുക്കിന്റെ എഡിറ്ററെ മാറ്റുന്നു. പ്രാഥമികമായി മാധ്യമങ്ങള്‍ വിപണി കേന്ദ്രിതമായി മാറിയതുകൊണ്ട് സംഭവിക്കുന്നതാണിത്. അങ്ങനെയല്ലല്ലോ വേണ്ടത്. മാധ്യമങ്ങള്‍ വിപണിയിലെ സ്ഥാപനങ്ങളാണെങ്കില്‍ പിന്നെ വിപണിയിലെ മറ്റുസ്ഥാപനങ്ങളുമായി അവര്‍ക്കെന്താണ് വ്യത്യാസം. മാധ്യമങ്ങള്‍ക്ക് ഉയര്‍ന്ന ധാര്‍മികതയുണ്ടെന്നൊക്കെ പറയുന്നതെന്തിനാണ്? നമ്മള്‍ അടുത്തിടെ സുപ്രീം കോടതിയിലെ സുപ്രധാനമായൊരു വിധി കേട്ടു. സ്വകാര്യത മൗലികാവകാശമാണെന്നത്. അതേപോലെയാണ് മാധ്യമങ്ങള്‍ക്കുള്ള അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്യം ഉണ്ട് എന്നത്. അത് നടപ്പാക്കുന്ന മാധ്യമങ്ങളുടെ പ്രവര്‍ത്തനവും മൗലികാവകാശമാണ്. അതുകൊണ്ടുള്ള സംരക്ഷണം അവര്‍ക്കുണ്ട്. പക്ഷേ ആ സംരക്ഷണം വെച്ച് അത് കച്ചവടമാക്കി മാറ്റിയാല്‍ ആ സംരക്ഷണം നിങ്ങള്‍ക്ക് ആവശ്യമുണ്ടോ? അത് അവര്‍ അര്‍ഹിക്കുന്നുണ്ടോ എന്നുള്ള ഒരു ചോദ്യം വരുന്നുണ്ട്. ഞാന്‍ മാര്‍ക്കറ്റില്‍ പോയിട്ട് ഒരു മോശം സോപ്പുവാങ്ങി, ആ സോപ്പ് എന്റെ തൊലിയില്‍ പോറലുണ്ടാക്കിയാല്‍ എനിക്ക് അതിനെതിരെ നിയമനടപടി സ്വീകരിക്കാം. പക്ഷേ മാധ്യമങ്ങളുടെ പേരില്‍ നമുക്ക് ഉപഭോക്തൃകോടതിയില്‍ പോലും പോകാന്‍ പറ്റില്ല. പക്ഷേ ശരിക്കും പോകേണ്ടതാണ്. എന്റെ മകന്‍ ഈ പത്രം മൂന്നു മാസം വായിച്ചതിനുശേഷം അവന്റെ മനസ് വിഷമയമായിപ്പോയി, അതുകൊണ്ട് അഞ്ചുമില്യന്‍ ഡോളര്‍ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് കൊടുക്കാന്‍ പറ്റും. അമേരിക്കയിലൊക്കെ അവരത് ചെയ്യും. ഇവിടെ അതിനെക്കുറിച്ചൊന്നും ആരും ആലോചിക്കില്ല. കാരണം നമ്മള്‍ കരുതുന്നത് മാധ്യമങ്ങള്‍ ജനാധിപത്യപ്രക്രിയയുടെ ഭാഗമാണ് എന്നാണ്. അതിനെ ഒരു കച്ചവടച്ചരക്കായിട്ടല്ല കാണുന്നത്. ആവശ്യമുള്ളപ്പോള്‍ അവര്‍ ജനാധിപത്യത്തിന്റെ നാലാംതൂണാണ് എന്നു പറയുകയും ചെയ്യും. ഉടനെ അവര് പ്രവര്‍ത്തിക്കുന്നത് വിപണിക്കനുസരിച്ചിട്ടാണ്. അപ്പോ അങ്ങനെയുള്ളൊരു വൈരുധ്യം ഇതില്‍ വരുന്നുണ്ട്.

ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകളുടെ പ്രസക്തി

ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ മാറ്റത്തിന്റെ പതാകാവാഹകരാണ്. അവര്‍ മാറ്റം കൊണ്ടുവരേണ്ടവരാണ്. മാധ്യമപ്രവര്‍ത്തനത്തില്‍ നമ്മള്‍ ഇറങ്ങിക്കഴിഞ്ഞാല്‍ ഇത് ചിന്തിക്കാനൊന്നും സമയമില്ല. മാധ്യമപ്രവര്‍ത്തനം എപ്പോഴും ഡെഡ്‌ലൈനിന് അനുസരിച്ചാണ്. സമയപരിധിക്കുള്ളില്‍ കാര്യങ്ങള്‍ ചെയ്തുതീര്‍ക്കാനുള്ള തത്രപ്പാടിലായിരിക്കും. പക്ഷേ ഒരു മാധ്യമപരിശീലനകേന്ദ്രത്തിലാണ് ഇതിന് അനുസരിച്ചുള്ള മാനദണ്ഡങ്ങളും ധാര്‍മികതയും പുതിയ സാങ്കേതിവിദ്യയുടെ ഉപയോഗവും ഒക്കെ പകര്‍ന്നുകൊടുക്കുന്നത്. ഞങ്ങള്‍ കുറച്ചുകാലം മുമ്പാണ് ഇന്റഗ്രേറ്റഡ് ന്യൂസ് റൂം എന്ന സങ്കല്‍പം കൊണ്ടുവന്നത്. അതിപ്പോള്‍ പ്രയോഗത്തില്‍ മാധ്യമമേഖലയില്‍ പ്രയോഗത്തിലായിട്ടുണ്ട്. ഹിന്ദുസ്ഥാന്‍ ടൈംസും ടൈംസ് ഓഫ് നൗവുമൊക്കെ എല്ലാവരും ഇവിടെ വന്ന് പഠിച്ചിട്ടാണ് അവിടെപ്പോയി ചെയ്യുന്നത്. അവര്‍ അതിനെക്കുറിച്ച് ആലോചിച്ചിട്ടുണ്ടായിരുന്നില്ല. ഡിജിറ്റൈസേഷന്‍, ഡിജിറ്റൈേേസഷന്‍ എന്നു പറയുന്നതല്ലാതെ അതെങ്ങനെ നടപ്പാക്കുമെന്ന് പലര്‍ക്കും ധാരണയുണ്ടായിരുന്നില്ല. എങ്ങനെയാണ് ഇന്റഗ്രേറ്റഡ് ന്യൂസ് റൂം, എന്താണ് കണ്‍വേര്‍ജന്‍സ് ടെക്‌നോളജി, എങ്ങനെയാണ് കണ്‍വേര്‍ജന്‍സ് സംഭവിക്കുന്നത് എന്നിവയൊക്കെ കാണിച്ചുകൊടുക്കുന്നത് ഇവിടെ നിന്നാണ്. മാധ്യമപരിശീലന കേന്ദ്രങ്ങള്‍ ഇതിന്റെയൊക്കെ ചിന്തയും പരീക്ഷണവും നടപ്പാക്കലും മാതൃകകള്‍ ഉണ്ടാക്കലും സംഭവിക്കുന്ന ഇടങ്ങളാണ്. ഇവയൊക്കെ എന്തുകൊണ്ട്, എങ്ങനെ എന്നൊക്കെ മനസിലാക്കാന്‍ ഈ സ്‌കൂളുകളില്‍ നിന്ന് കഴിയും. ഇവിടെ നിന്ന് പഠിച്ചുപോകുന്നവര്‍ പലരും ആ കഴിവുകള്‍ ആര്‍ജിക്കുന്നുണ്ട്. പക്ഷേ ഇവിടെ നിന്ന് ഇറങ്ങി സ്ഥാപനങ്ങളിലെത്തുമ്പോള്‍ അവര്‍ക്ക് പിറകോട്ട് പോകേണ്ട അവസ്ഥയാണ്. ഇതൊന്നുമില്ലാതെ തന്നെ കാര്യങ്ങള്‍ ചെയ്യാവുന്നതേയുള്ളൂ എന്നാണ് അവര്‍ പറയുന്നത്. ഇവിടെയുള്ള കാര്യങ്ങള്‍ അവിടെ പ്രാവര്‍ത്തികമാക്കിയാല്‍ അവര്‍ പെട്ടെന്നുതന്നെ വളരെ മികച്ചവരായി മാറും. ചിലയിടങ്ങളില്‍ ഇക്കാര്യങ്ങള്‍ വേണ്ടതാനും. ചോദ്യംചെയ്യാനുള്ള മനോഭാവവും വെല്ലുവിളികളെ നേരിടാനുള്ള കഴിവും വസ്തുതകള്‍ വീണ്ടും വീണ്ടും പരിശോധിച്ച് വിലയിരുത്താനുള്ള ശേഷിയും, കാര്യങ്ങള്‍ അപ്പടി സ്വീകരിക്കാനുള്ളതല്ല എന്ന തിരിച്ചറിവും എല്ലാം ചിലപ്പോള്‍ മാധ്യമസ്ഥാപനങ്ങളില്‍ അസൗകര്യമായി മാറുകയാണ്. അവര്‍ക്ക് അവര്‍ പറയുന്ന കാര്യങ്ങള്‍ എഴുതിക്കാന്‍ ഒരാളുവേണം. എന്നാല്‍ ജേണലിസം സ്‌കൂളുകളാണ് മാധ്യമമേഖലയില്‍ നിശ്ചിത നിലവാരം ഉറപ്പാക്കുന്നത്. പക്ഷേ തൊഴില്‍ ചിലപ്പോള്‍ നിലവാരത്തിന് താഴെപ്പോകുന്ന അവസ്ഥയുണ്ടായി എന്നും വരാം.

രാഷ്ട്രീയബോധം രൂപപ്പെടുത്താന്‍ ഇത്തരം മീഡിയ സ്‌കൂളുകള്‍ക്ക് പറ്റുന്നുണ്ടോ?

ഞങ്ങളുടെ ജേണലിസം സ്‌കൂളില്‍ രണ്ടുഘടകങ്ങളാണ് പ്രധാനമായിട്ടുള്ളത്. അതിലൊന്ന് എങ്ങനെ പ്രവര്‍ത്തിക്കണം എന്നതാണ്. അതായത് എങ്ങനെ നന്നായി എഴുതണം, എങ്ങനെ നന്നായി എഡിറ്റ് ചെയ്യണം, എങ്ങനെ സാങ്കേതികവിദ്യ നന്നായി ഉപയോഗിക്കണം, എങ്ങനെ കാമറ കൊണ്ട് നന്നായി ഷൂട്ട് ചെയ്യണം, എങ്ങനെ സൗണ്ട് ട്രാക്ക് ഉപയോഗിക്കണം എന്നിങ്ങനെ. മറ്റൊന്ന് എന്തുകൊണ്ട് എന്നതാണ്. എന്തുകൊണ്ട് ഞാന്‍ ഒരു മാധ്യമപ്രവര്‍ത്തകനാകണം? എന്താണ് ജേണലിസം അതും തുല്യപ്രാധാന്യമുള്ളതാണ്. അവിടെയാണ് നമ്മള്‍ സാമൂഹ്യബോധം കൊണ്ടുവരുന്നത്. ഞങ്ങള്‍ക്ക് ‘കവറിങ് ഡിപ്രൈവേഷന്‍’ എന്നൊരു കോഴ്‌സുണ്ട്. നിങ്ങള്‍ക്ക് ഗ്രാമീണമേഖലയിലേക്ക് പോകേണ്ടിവരും. പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കിടയിലേക്കാണ് പോകുന്നത്. അവരാണ് ഇന്ത്യയുടെ 70 ശതമാനവും. വിദ്യാര്‍ഥികള്‍ക്ക് ഇതിനായി വിദഗ്ധരായ ആളുകളുടെ ക്ലാസുകളിലൂടെ സൈദ്ധാന്തിക അടിത്തറയുണ്ടാക്കുന്നുണ്ട്. ഡോ.കെ.നാഗരാജ്, പി.സായിനാഥ് എന്നിവരൊക്കെ ക്ലാസെടുക്കുന്നു. പിന്നെ അവര്‍ ഗ്രാമങ്ങളിലേക്ക് പോകുന്നു. പത്തോ പന്ത്രണ്ടോ ദിവസം അവിടെ താമസിക്കുന്നു. ടൂറിസ്റ്റ് അനുഭവത്തിനായല്ല, സാധാരണക്കാരുടെ ജീവിതം മനസിലാക്കാന്‍. അവര്‍ക്ക് അത്തരം സ്ഥലങ്ങളില്‍ നില്‍ക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നാണ് ഞാന്‍ കരുതിയിരുന്നത്. പക്ഷേ അവര്‍ ആവേശത്തോടെയാണ് അതൊക്കെ ചെയ്യുന്നത്. തിരിച്ചുവരുമ്പോള്‍ അവരിലൊരുമാറ്റം സംഭവിച്ചിട്ടുണ്ടാകും. യഥാര്‍ത്ഥ ഇന്ത്യ ഇങ്ങനെയാണെന്ന് അവര്‍ ആദ്യം കാണുന്നത് ഇങ്ങനെയായിരിക്കും. അങ്ങനെയാണ് ഒരു റിപ്പോര്‍ട്ടര്‍. നിങ്ങള്‍ ഒരു പരിവര്‍ത്തനത്തിന് വിധേയനാകാന്‍ പറ്റണം. നഗരത്തില്‍ മാത്രമിരുന്ന് ജോലിചെയ്യുന്ന ദന്തഗോപുരവാസിയായ ജേണലിസ്റ്റ് ആയിരിക്കരുത്. നല്ല ഭാഷയില്‍ എഴുതുകയോ ഭംഗിയുള്ള ഇംഗ്ലീഷ് സംസാരിക്കുകയോ ആണ് ജേണലിസം എന്ന് ധരിക്കരുത്. ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക് ഇറങ്ങുക എന്നത് ജേണലിസത്തിന്റെ ഭാഗമാണ്. എന്തുകൊണ്ട് എന്ന ഭാഗത്ത് ഇതൊക്കെ വരും. ഒരിക്കല്‍ നിങ്ങളില്‍ ഇത്തരമൊരു ബോധം ഉണ്ടാക്കിക്കഴിഞ്ഞാല്‍, നിങ്ങള്‍ എവിടെപ്പോയാലും അതിന്റെ ഒരംശം കിടക്കും. യഥാര്‍ത്ഥ ജേണലിസത്തില്‍ ആ അവസരമൊന്നും കിട്ടില്ലായിരിക്കും. മറ്റെന്തെങ്കിലുമൊക്കെ ചെയ്യാനായിരിക്കും അവരോട് ആവശ്യപ്പെടുന്നത്. ചിലപ്പോള്‍ ഫാഷന്‍ ബീറ്റ് ചെയ്യാനൊക്കെയായിരിക്കും നിയോഗിക്കപ്പെടുക. ചിലപ്പോള്‍ സ്ഥിരമായി രാഷ്ട്രീയമായിരിക്കും, ചിലപ്പോള്‍ ബി.ജെ.പിയുടെയോ കോണ്‍ഗ്രസിന്റെയോ ബീറ്റായിരിക്കാം. പക്ഷേ ഏത് ചെയ്യുമ്പോഴും ഈ പരിശീലനത്തിന്റെ ഒരു പ്രതിഫലനം ഉണ്ടാകും. തൊഴിലില്‍ മുന്നോട്ടുപോകുമ്പോള്‍ സ്വയം ഇത്തരമൊരു സ്‌പേസ് ഉണ്ടാക്കാനുള്ള അവസരം ലഭിക്കുകയും സ്‌പേസ് ഉണ്ടാക്കുകയും ചെയ്യും.

ഡീമോണിറ്റൈസേഷന്‍, ജി.എസ്.ടി പോലുള്ള പ്രശ്‌നങ്ങളില്‍ മാധ്യമങ്ങള്‍ അവരുടെ പങ്ക് നിറവേറ്റിയിട്ടുണ്ടോ?

ഒന്നോ രണ്ടോ മാധ്യമങ്ങള്‍ ഒഴിച്ചാല്‍ സാധാരണ ദിനപത്രങ്ങള്‍ക്ക് ഇത്തരം പ്രശ്‌നങ്ങളെ ശരിക്ക് മനസിലാക്കാനായില്ല. ഒന്നുകില്‍ അവര്‍ക്ക് ശരിക്ക് മനസിലാക്കാനായിട്ടുണ്ടാകില്ല. അല്ലെങ്കില്‍ ഇത് കൂടുതല്‍ സങ്കീര്‍ണവും സാങ്കേതികവും ആയതുകൊണ്ടുമാവാം. ചിലപ്പോള്‍ വ്യൂവര്‍ഷിപ്പും റീഡര്‍ഷിപ്പും ഒക്കെയാവാം കാരണം. ഒരു പ്രത്യേക രീതിയില്‍ അവതരിപ്പിച്ചാല്‍ വായനക്കാരോ പ്രേക്ഷകരോ സ്വീകരിച്ചില്ലെങ്കിലോ എന്ന സംശയം കൊണ്ടുമാകാം. ഇപ്പോഴത്തെ ഒരു വാദം എന്താണെന്നുവെച്ചാല്‍ ജനങ്ങള്‍ക്ക് വേണ്ടതെന്താണോ അത് നല്‍കുക എന്നതാണ് ജേണലിസം എന്നാണ്. ഇത് മാര്‍ക്കറ്റ് മോഡലിന്റെ പ്രത്യേകതയാണ്. എന്നാലേ അവരത് വാങ്ങൂ. അത് പത്രപ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഭീകരമായ നിര്‍വചനമാണ്. ജേണലിസത്തിന്റെ ലക്ഷ്യം അതല്ല. ആത്യന്തികമായി അത് മയക്കുമരുന്ന് വില്‍പ്പനക്കാരുടെ വാദമാണ്. ജനങ്ങള്‍ക്ക് ആഗ്രഹിക്കുന്നത് മാത്രം കൊടുക്കുന്നതല്ല നിങ്ങളുടെ പണി. അവരറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍ അറിയിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. അവര്‍ക്കറിയാന്‍ അവകാശമുള്ളതും. ജനാധിപത്യത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കാനും ജനങ്ങളെ മികച്ച പൗരന്മാരാക്കി ശാക്തീകരിക്കാനുമാണ് ശ്രമിക്കേണ്ടത്. അങ്ങനെയല്ല മാധ്യമങ്ങളില്‍ നടക്കുന്നത്. ഡീമോണിറ്റൈസേഷന്റെയൊക്കെ ഉദാഹരണത്തില്‍ സംഭവിച്ചത് ഇതാണ്. മുഖ്യധാരാ മാധ്യമങ്ങളില്‍ ഗൗരവമായ ചര്‍ച്ചകളോ സംവാദങ്ങളോ വിശകലനങ്ങളോ അഭിപ്രായങ്ങളോ ഇല്ലാതായി. അതേസമയം, ബ്ലോഗുകളിലും സോഷ്യല്‍ മീഡിയിയിലും മറ്റും വിദഗ്ധരായ ആളുകളുടെ വളരെ ഗൗരവമായ തരത്തിലുള്ള എഴുത്തുകള്‍ വന്നിരുന്നു. അതുകൊണ്ടാണ് ഞാന്‍ പറയുന്നത് പല സന്ദര്‍ഭത്തിലും സോഷ്യല്‍ മീഡിയ വളരെ മുന്നിലാണ്.

വിയോജിപ്പുകളും മാധ്യമധര്‍മവും

സോഷ്യല്‍ മീഡിയയുടെ ഒരു പ്രത്യേകതയാണ് ട്രോളിങ്. എന്തെങ്കിലും വ്യത്യസ്തമായ അഭിപ്രായം പറഞ്ഞാല്‍ പ്രത്യേക രീതിയില്‍ വിശേഷിപ്പിക്കുക. ദേശവിരുദ്ധരായി ചിത്രീകരിക്കുക, അല്ലെങ്കില്‍ ഇവിടെ നിന്ന് പുറത്തേക്ക് പോകാന്‍ പറയുക, അങ്ങനെയൊരുപാട് വിഷമയമായ വെറുപ്പിന്റെ ഭാഷണങ്ങള്‍ വളരെയധികം ഉണ്ടാകുന്നുണ്ട്. അതേസമയം, വിസമ്മതി, അല്ലെങ്കില്‍ വിയോജിപ്പ് അതു പലതരത്തിലുണ്ട്. വിസമ്മതിയുടെ ബഹുലത തന്നെയുണ്ട്. നേരത്തെ ഇത്തരം വിയോജിപ്പുകള്‍ സംഘടിതമായിരുന്നു. രാഷ്ട്രീയ കക്ഷികളുടെ ഒക്കെ അടിസ്ഥാനത്തില്‍ സംഘടിത സ്വഭാവമുണ്ടായിരുന്നു. ഭരണകൂടത്തിന്റെ ഏതെങ്കിലും നടപടിക്കെതിരെ പോരാടാന്‍ ആളുകള്‍ ഒരുമിക്കുകയും തെരുവിലിറങ്ങുകയും റാലി നടത്തുകയും ചെയ്യുന്നു. സംഘടിതമായ രീതിയില്‍ വിസമ്മതികളെ ഏകോപിപ്പിക്കുന്ന രീതിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നല്ലതോ ചീത്തയോ ആയ കാര്യം എന്താണെന്നുവെച്ചാല്‍ ഇത് വൈവിധ്യവത്കരിക്കപ്പെട്ടു. യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്കു നേരെയുള്ള പ്രതികരണം എന്ന രീതിയിലും ഏതെങ്കിലും ജാതിയെയോ മതത്തെയോ സമുദായത്തെയോ ബാധിക്കുന്നതിനെതിരെയുള്ള പ്രതികരണം എന്ന രീതിയിലും പലതരത്തിലുള്ള അസ്തിത്വങ്ങളുടെ അടിസ്ഥാനത്തില്‍, പല കൂട്ടായ്മകളുടെ അടിസ്ഥാനത്തില്‍… ഈ പ്രക്രിയയില്‍ എന്താണ് സംഭവിക്കുന്നതെന്ന് വെച്ചാല്‍ വലിയ മുന്നേറ്റങ്ങളുണ്ടാകുന്നില്ല. അത് ഇത്തരം വിയോജിപ്പുകളുമായി ബന്ധപ്പെട്ട ഒരു പ്രശ്‌നമാണ്. വലിയ മുന്നേറ്റങ്ങളുണ്ടാകുന്നിടത്ത് സോഷ്യല്‍ മീഡിയയ്ക്ക് വന്‍തോതിലുള്ള സ്വാധീനമൊന്നും ഉണ്ടാകുന്നില്ല. അതുകൊണ്ടാണ് കര്‍ഷകര്‍ക്ക് ഇപ്പോഴും റാലി നടത്താനാകുന്നത്. അവര്‍ക്ക് അവരുടെ ദൈനംദിന ജീവിതം നോക്കിനടത്തേണ്ടതുണ്ട്. അവരുടേത് സോഷ്യല്‍ മീഡിയ ആക്ടിവിസമല്ല. അവര്‍ക്ക് മൊബൈല്‍ ഫോണൊക്കെയുണ്ടാകും. പക്ഷേ അവരെങ്ങനെയാണ് തെരുവിലിറങ്ങുന്നത് എന്നത് സര്‍ക്കാരിന് മനസിലാക്കാനാകുന്നില്ല. മര്‍ദക സ്വഭാവമുള്ള ഭരണകൂടങ്ങള്‍ ആഗ്രഹിക്കുക ജനങ്ങള്‍ തെരുവിലേക്ക് ഇറങ്ങരുതെന്നാകും. അറബ് വസന്തത്തിന്റെ കാലത്തുണ്ടായ ഒരു തെറ്റിദ്ധാരണയാണ്, ഇത് മുഖാന്തരമാണ് ആള്‍ക്കാരൊക്കെ കൂടി അവിടെ വലിയ സംഭവം നടത്തിയതെന്ന്. അതുകൊണ്ടാണ് അതങ്ങനെ തകര്‍ന്നുപോയതും. സോഷ്യല്‍ മീഡിയക്ക് വലിയ മുന്നേറ്റങ്ങളുണ്ടാക്കാന്‍ സാധ്യമല്ല. അതിന് വൈവിധ്യവത്കരിച്ച മൂവ്‌മെന്റ്‌സ് ഉണ്ടാക്കാനേ കഴിയൂ. അതുകൊണ്ടാണ് വൈവിധ്യവത്കരിക്കപ്പെട്ട വിസമ്മതികള്‍ ചിതറിക്കിടക്കുന്നതും അതിന് മുനയില്ലാതാകുന്നതും. അത് ഏതെങ്കിലും ഒരു പ്രത്യേക നയത്തിനെതിരായോ ഒരു പദ്ധതിയായോ രൂപപ്പെടുകയോ വലിയ ചലനം ഉണ്ടാക്കുകയോ ചെയ്യുന്നില്ല.

സിനിമയിലെ സെന്‍സര്‍ഷിപ്പ്

സര്‍ട്ടിഫിക്കേഷനല്ല, സെന്‍സര്‍ഷിപ്പുതന്നെയാണ് നടക്കുന്നത്. ഇപ്പോള്‍ കുറെക്കൂടി രൂക്ഷമായിട്ടുണ്ട്. നിങ്ങള്‍ എന്താണ് കഴിക്കുന്നത്, എന്താണ് പറയുന്നത് എന്നൊക്കെ അവര്‍ പരിശോധിക്കുന്നുണ്ട്. പക്ഷേ മറ്റൊരുകാര്യം സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനുതന്നെ എന്താ മഹത്വമുള്ളത്? സര്‍ട്ടിഫിക്കറ്റ് കിട്ടിയെന്ന് വെച്ച് സിനിമ ഓടിക്കാന്‍ പറ്റുമോ? അപ്പോഴേക്കും തെരുവുസംഘങ്ങള്‍ ഇറങ്ങില്ലേ? ബജ്‌റംഗ്ദളിന്റെ കാവിക്കൂട്ടം തീരുമാനിക്കും ഈ പടം ഓടണോ വേണ്ടയോ എന്ന്. അതില്‍ ഒരാള്‍ക്ക് കൃഷ്ണനെപ്പറ്റി പറഞ്ഞത് നമ്മുടെ കൃഷ്ണനാണോ എന്നുതോന്നിയാല്‍ പ്രശ്‌നമായി. അതായത് ഭരണഘടനയ്ക്കപ്പുറത്തുള്ള ഒരു സെന്‍സര്‍ഷിപ്പാണ് ഇപ്പോള്‍ നടക്കുന്നത്. ഒരുപാട് സിനിമകള്‍ക്ക് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടും ഓടിക്കാനാവുന്നില്ല. പ്രത്യേകിച്ച് പ്രോട്ടോ ഫാഷിസത്തിന്റെ സ്വഭാവമാണത്. സമൂഹത്തെ നിരന്തരം പ്രശ്‌നം നിറഞ്ഞതാക്കി നിലനിര്‍ത്തണം അവര്‍ക്ക്. അല്ലെങ്കില്‍ അവര്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല. ഏത് തരത്തിലുള്ള ഫാഷിസത്തിലും ഇത് നമുക്ക് കാണാന്‍ പറ്റും. അരക്ഷിതാവസ്ഥയിലൂടെയാണ് അത് വളരുന്നത്. കലാപം, ആശയക്കുഴപ്പം, വിദ്വേഷം, ധ്രുവീകരണം, വര്‍ഗീയവത്കരണം…അങ്ങനെയങ്ങനെ. സാധാരണനില എന്നത് അവരുടെ ഏറ്റവും വലിയ ശത്രുവാണ്. എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കണം. അതുകൊണ്ടാണ് ഹിറ്റ്‌ലറുടെ ഒരു പ്രധാന വാചകമുണ്ടായത്. In normalcy they had nothing, In chaos they titled. അത് ഫാഷിസത്തിന്റെ കാര്യത്തില്‍ ശരിയാണ്.

മറ്റു മീഡിയകളില്‍ പ്രീ സെന്‍സര്‍ഷിപ്പ് ഇല്ല. പ്രിന്റില്‍ ഇല്ല, ടെലിവിഷനില്‍ പ്രീ സെന്‍സര്‍ഷിപ്പ് ഇല്ല. ന്യൂമീഡിയയിലും പ്രീ സെന്‍സര്‍ഷിപ്പ് ഇല്ല. ഇതുള്ള ഒരു മാധ്യമം സിനിമ മാത്രമാണ്. സര്‍ട്ടിഫിക്കേഷനു പകരം സെന്‍സര്‍ഷിപ്പ് ആയി മാറുകയാണ്. അത് കുറെക്കാലമായി. കോണ്‍ഗ്രസ് കാലത്തും ഇതൊക്കെ തന്നെയായിരുന്നു. ചിലപ്പോള്‍ അത് ലിബറല്‍ ആകും. വീണ്ടും അത് രൂക്ഷമാകും. എന്നാല്‍ ഏറ്റവും കൂടുതല്‍ ആഭാസം വരുന്നതും സിനിമയിലാണ്. സെക്‌സ് ആയാലും വയലന്‍സ് ആയാലും തെറ്റായ മൂല്യങ്ങളായാലും… ഏററവും കൂടുതല്‍ ടെലിവിഷനിലോ അച്ചടിയിലോ ഓണ്‍ലൈനിലോ അല്ല സിനിമയിലാണ്. സ്ത്രീകളെ അവതരിപ്പിക്കുന്ന രീതി, ഓണ്‍ലി ആസ് കമ്മോഡിറ്റീസ്, വേഷമഴിക്കുന്നു, ഡാന്‍സുകള്‍… പിന്നെ സാമൂഹ്യമൂല്യങ്ങള്‍.. കട്ടപ്പഞ്ചായത്ത്.. തമിഴ് സിനിമകളിലൊക്കെ കണ്ടാല്‍ തോന്നും എങ്ങനെയാണ് നിയമവും കോടതിയുമൊന്നുമില്ലാതെ ഒരു നാട്ടുരാജാവ് വന്ന് കാര്യങ്ങള്‍ തീര്‍പ്പാക്കുന്നത്. കട്ടപ്പഞ്ചായത്തിന്റെ ഹീറോകളാണ് സിനിമകളുടെ ഹീറോകള്‍.. പല തരത്തിലുള്ള തെറ്റായ മൂല്യങ്ങള്‍ സിനിമകളിലൂടെ പ്രചരിപ്പിക്കപ്പെടുന്നുണ്ട്. അതുകൊണ്ടാണ് സിനിമയെ ഗൗരവമായി സര്‍ക്കാരുകള്‍ കാണുന്നുണ്ടാകുക. അതില്‍ സെന്‍സര്‍ഷിപ്പിന്റെ സംഭവം കൂടി വരുന്നതോടെ സ്ട്രീറ്റ് ഗാങ്ങുകളും ഇതിലേക്ക് കയറി വരുന്നു.
‘കായാതരണ്‍’ ഞാനെടുത്തപ്പോള്‍ എനിക്ക് ശരിക്കും പേടിയുണ്ടായിരുന്നു. ഒരുപാട് കട്ട് ചെയ്തിട്ടാണോ കിട്ടുക എന്ന്. അന്ന് കോണ്‍ഗ്രസ് ആയിരുന്നു. അത് കോണ്‍ഗ്രസിനെതിരാണല്ലോ. 1984- ലെ കലാപത്തിന് എതിരായിരുന്നു സിനിമ. പക്ഷേ ആ കലാപം പ്രധാനമായും വടക്കേ ഇന്ത്യയെ ആയിരുന്നു ബാധിച്ചിരുന്നത്. ഇത് ഞാന്‍ കാണിച്ചത് തമിഴ്‌നാട്ടിലെ സെന്‍സര്‍ ബോര്‍ഡിലാണ്. അവര്‍ക്കീ സംഭവം തന്നെ ശരിക്കും മനസിലായിട്ടുണ്ടാവില്ല. അതുകൊണ്ട് രക്ഷപ്പെട്ടതാണ്. കട്ട് ഉണ്ടായിരുന്നില്ല എന്നു മാത്രമല്ല, യു സര്‍ട്ടിഫിക്കറ്റ് തന്നു. ശരിക്കും ഞാന്‍ പോലും അത്ഭുതപ്പെട്ടുപോയി. അത്രയ്‌ക്കേ ഉള്ളൂ സെന്‍സര്‍ ബോര്‍ഡിന്റെ അറിവിന്റെ കാര്യം. എനിക്ക് അത് കിട്ടിയതില്‍ സന്തോഷമേയുള്ളൂ. എന്നാലും ഇന്‍ഫോംഡ് ആള്‍ക്കാരൊന്നുമല്ല ഇരിക്കുന്നത് അവിടെ.

ദിലീപ് വിഷയത്തില്‍ കുറിപ്പെഴുതിയതിന് എഡിറ്ററോട് വിയോജിച്ച് മാധ്യമപ്രവര്‍ത്തകര്‍ രാജിവെച്ച സംഭവവും ഉണ്ടായിരുന്നു? മീഡിയ തന്നെ അസഹിഷ്ണുത പ്രകടിപ്പിക്കുന്നുണ്ടോ?

ദിലീപ് വിഷയത്തില്‍ സെബാസ്റ്റ്യന്‍ പോള്‍ എഴുതിയത് ഞാന്‍ വായിച്ചിരുന്നു. അതിലെന്താ രാജിവെച്ചുപോകാന്‍ മാത്രം ഇത്ര കാര്യം എന്ന് എനിക്കിതുവരെ മനസിലായിട്ടില്ല. ഒന്നാമത് അദ്ദേഹമാണ് ആ ചാനലിന്റെ ചീഫ് എഡിറ്റര്‍. അപ്പോ എഡിറ്റോറിയല്‍ അദ്ദേഹമല്ലാതെ വേറെ ആരെങ്കിലുമാണോ എഴുതുക? അതിനോടെനിക്ക് അഭിപ്രായവ്യത്യാസമുണ്ടാകാം. അദ്ദേഹത്തിന് ദിലീപിനോട് ഒരു സോഫ്റ്റ് കോര്‍ണര്‍ പോലെ വന്നിട്ടുണ്ടോ എന്നൊരു ചോദ്യമൊക്കെയുണ്ടാകാം. പക്ഷേ അദ്ദേഹം പറഞ്ഞതില്‍ ഒന്നുരണ്ട് കാര്യമുണ്ടായിരുന്നു. ഒന്നാമത് അറുപതുദിവസം ജാമ്യം ലഭിക്കാതെ ഇരിക്കുന്നയാള്‍ വീണ്ടും ജാമ്യം കിട്ടാതെ നില്‍ക്കുന്നത് ശരിയാണോ? പോലീസുകാരുടെ നടപടിയെക്കുറിച്ചാണ് അദ്ദേഹം എഴുതിയത്. പോലീസ് ഏതുകാലത്തായാലും ഇങ്ങനെയാണ്. കോണ്‍ഗ്രസ് ആയാലും സി.പി.എം ആയാലും ബി.ജെ.പി ആയാലും പോലീസ് പോലിസുതന്നെയാണ്. പോലിസുകാരോട് നല്ല നിലപാടെടുക്കാന്‍ നമുക്ക് ബുദ്ധിമുട്ടാണ്. പ്രത്യേകിച്ചും ഒരു മാധ്യമപ്രവര്‍ത്തകന്. പോലീസിന്റെ രീതികള്‍ അങ്ങനെയായിപ്പോയതുകൊണ്ടാണ്. പള്‍സര്‍ സുനി അയാള്‍ അതില്‍ പെട്ടു. പക്ഷേ ഇയാള്‍ ഇതുവരെ കുറ്റവാളിയാണെന്ന് തെളിയിക്കപ്പെട്ടിട്ടുകൂടിയില്ല. കുറ്റം ചെയ്തിട്ടുണ്ടാകാം, അല്ലായിരിക്കാം. നമുക്കത് പറയാന്‍ പറ്റില്ല. പിന്നെ അങ്ങേര് കസ്റ്റഡിയില്‍ കിടന്നപ്പോള്‍ കാണാന്‍ പോകുന്നവര്‍ക്കെതിരായിട്ട് ഒരു വിധി. കെ.പി.എ.സി ലളിത പോയി കണ്ടതിന് അവരെ ചീത്തപറയേണ്ടതുണ്ടോ? ആരെങ്കിലും പോയി കാണുന്നതില്‍ ഇപ്പോ എന്താണ് തെറ്റ്? ഇതും ആര്‍.എസ്.എസിന്റെ തെരുവുസംഘവും ചെയ്യുന്നതുമായിട്ട് ചെറിയൊരു വ്യത്യാസമല്ലേ വരുന്നുള്ളൂ അങ്ങനെയാണെങ്കില്‍. അസഹിഷ്ണുതയുടെ സ്വഭാവമല്ലേ അത്. തൂക്കിക്കൊല്ലാന്‍ വിധിച്ചവര്‍ക്കുപോലും സ്വാഭാവിക നീതി ലഭ്യമാക്കണമെന്ന് നമ്മള്‍ ഒരിടത്ത് പറയും. ഇത് അത്രയൊന്നും എത്തിയിട്ടില്ല. ഇയാളാണോ അതിന്റെ മാസ്റ്റര്‍മൈന്‍ഡ് എന്നാണ് അറിയേണ്ടത്. ഇയാളാണ് പള്‍സര്‍ സുനിയോട് ഇതൊക്കെ ചെയ്യാന്‍ പറഞ്ഞത് തെളിയിക്കാന്‍ പറ്റുമോ എന്നാണ് നമ്മള്‍ നോക്കുന്നത്. അത് സ്ഥാപിക്കുന്നതുവരെ നില്‍ക്കണ്ടേ? അതുകൊണ്ട് അതൊക്കെ അതിരുകടന്ന പ്രതികരണമായിപ്പോയി. ശരിയാണ് എന്ന് നമുക്ക് തോന്നിയാല്‍ പോരല്ലോ. അത് തെളിയിക്കപ്പെടേണ്ടേ. ഇങ്ങനെയൊരു ഇന്‍ടോളറന്‍സ്

മാധ്യമപ്രവര്‍ത്തനത്തിലും വന്നാല്‍ അത് വളരെ അപകടകരമാണ്. അത് രാഷ്ട്രീയപാര്‍ട്ടിയിലും മതസംഘടനകളിലുമൊക്കെയുണ്ട്. മാധ്യമപ്രവര്‍ത്തനത്തില്‍ ഇതിനെയൊക്കെ അവതരിപ്പിച്ച് ഒരു കാഴ്ചപ്പാട് ഉണ്ടാക്കിയെടുക്കുന്നതിന് പകരം നമ്മളും അതില്‍ ചാടിക്കേറുന്ന അവസ്ഥ. ഇതാണ് ലോയേഴ്‌സ് വേഴ്‌സസ് ജേണലിസ്റ്റ്‌സ് എന്നതില്‍ സംഭവിച്ചത്. അഭിഭാഷകര്‍ നിയമമാകുകയും പത്രപ്രവര്‍ത്തകര്‍ വാര്‍ത്തയാകുകയും ചെയ്യുന്ന അവസ്ഥ.

ശശികുമാര്‍/ വി വി വിജു

You must be logged in to post a comment Login