സോഷ്യല്‍ മീഡിയയും ജനാധിപത്യവും തമ്മിലെന്ത്?

സോഷ്യല്‍ മീഡിയയും ജനാധിപത്യവും തമ്മിലെന്ത്?

ലോകത്തെ പല രാജ്യങ്ങളിലും സമഗ്രാധിപത്യ സര്‍ക്കാരുകള്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വരുമ്പോഴും ഒരു ഭരണസംവിധാനമെന്ന നിലയില്‍ ജനാധിപത്യത്തെക്കുറിച്ച് കാര്യമായ സംശയങ്ങള്‍ ഒന്നും ഉന്നയിക്കപ്പെടുന്നില്ല. ഇന്ത്യയില്‍ നരേന്ദ്രമോഡിയും അമേരിക്കയില്‍ ഡോണാള്‍ഡ് ട്രംപും അധികാരത്തില്‍ വരികയും ജനാധിപത്യരീതിയില്‍ നോക്കുമ്പോള്‍ അസ്വാഭാവികമെന്ന് കരുതുന്ന രീതികള്‍ അവര്‍ സ്വീകരിക്കുകയും ചെയ്യുമ്പോഴും ജനാധിപത്യം ഒരു സംവിധാനമെന്ന നിലയില്‍ അജയ്യമായി തന്നെ നിലനില്‍ക്കുകയാണ് ചെയ്യുന്നത്. സമഗ്രാധിപത്യ ആശയങ്ങള്‍ക്ക് പോലും ജനാധിപത്യസംവിധാനത്തില്‍ ഇടപെടാനും മേല്‍ക്കൈ നേടാനും സാധിക്കുമെന്നത് ആ സംവിധാനത്തിന്റെ ഒരു നേട്ടമായി പറയുകയും ചെയ്യുന്നു. അതുകൊണ്ടെക്കെ കൂടിയായിരിക്കാം, 2014 ല്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ‘ചീം ംല വമ്‌ല മ റലാീരൃമശേരമഹഹ്യ ലഹലരലേറ ീേമേഹശമേൃശമി ഴീ്‌ലൃിാലി’േ എന്ന് അരുന്ധതി റോയ് പറഞ്ഞത്. സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനം വ്യാപകമായതോടെ, ജനാധിപത്യം കൂടുതല്‍ സംവാദാത്മകമായ സംവിധാനമായി മാറി എന്ന വാദവും വ്യാപകമായി ഉന്നയിക്കപ്പെടുന്നത്. മറ്റ് മാധ്യമങ്ങളില്‍നിന്ന് വ്യത്യസ്തമായി സാമൂഹ്യമാധ്യമങ്ങള്‍ ഏറ്റവും ഉചിതമായ ‘പൊതുഇട’മാണ് എന്ന വാദമാണ് വ്യാപകമായി ഉന്നയിക്കപ്പെടുന്നത്.
ജനാധിപത്യ സംവിധാനത്തെ പുറത്തുനിന്ന് കൂടുതല്‍ സംവാദാത്മകവും ജനകീയവുമാക്കുന്നുവെന്നതാണ് സാമൂഹ്യമാധ്യമങ്ങളുടെ ഒരു സവിശേഷതയായി പറയുന്നത്. ജനങ്ങളുടെ സ്വതന്ത്രമായ ആവിഷ്‌കാരങ്ങളും അഭിപ്രായങ്ങളും പ്രതിഫലിപ്പിക്കുന്നതില്‍നിന്ന് പരമ്പരാഗത മാധ്യമങ്ങള്‍ പലപ്പോഴും തയറാകാത്തതിന് കാരണം അവയുടെ ഘടനയാണെന്നതാണ് സാമൂഹ്യമാധ്യമങ്ങളെ പിന്തുണയ്ക്കുന്നവര്‍ ഉന്നയിക്കുന്ന വിമര്‍ശനം. സാമൂഹ്യമാധ്യങ്ങളിലൂടെ ഒരു വ്യക്തിക്ക് അദ്ദേഹത്തിന്റെ ചിന്തകളും സംശയങ്ങളും അഭിപ്രായങ്ങളും മറ്റൊരു ഇടനിലക്കാരനില്ലാതെ ആവിഷ്‌കരിക്കാന്‍ കഴിയുന്നുവെന്നും അത് ജനാധിപത്യ വ്യവസ്ഥിതിയെ തന്നെ കൂടുതല്‍ ജനകീയ ഇച്ഛയ്ക്ക് വിധേയമാക്കുമെന്നും ഇവര്‍ പറയുന്നു. മറ്റൊരര്‍ത്ഥത്തില്‍ സാമൂഹ്യമാധ്യമങ്ങള്‍ ഒരു നിരന്തര പ്രതിപക്ഷമായി സമൂഹത്തില്‍ വര്‍ത്തിക്കുന്നുവെന്നതാണ് സാമൂഹ്യ മാധ്യമ അനുകൂലികള്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാനവാദം.
സാങ്കേതിക അര്‍ത്ഥത്തില്‍ മാധ്യമങ്ങളെ നോക്കുമ്പോള്‍, പരമ്പരാഗത മാധ്യമങ്ങളുടെ രീതിയല്ല, സാമൂഹ്യമാധ്യമങ്ങള്‍ക്ക്. പരമ്പരാഗത മാധ്യമങ്ങളുടെ അളവുകോലില്‍ സാമൂഹ്യമാധ്യമങ്ങളെ, മാധ്യമങ്ങള്‍ എന്ന ഗണത്തില്‍തന്നെ പെടുത്താന്‍ പോലും പറ്റിയെന്ന് വരില്ല. പക്ഷേ പരമ്പരാഗത മാധ്യമങ്ങളുടെ കാഴ്ച എന്തായാലും, സാമൂഹ്യ മാധ്യമങ്ങള്‍ ഒരു സവിശേഷ സംവിധാനമായി മാറിയിരിക്കുന്നുവെന്നും അതിന് സമൂഹത്തില്‍ വലിയ രീതിയില്‍ സ്വാധീനം ചെലുത്താനും കഴിയുന്നുവെന്നതും വസ്തുതയാണ്. സാമൂഹ്യമാധ്യമങ്ങള്‍ ജനാധിപത്യത്തെ കൂടുതല്‍ സമഗ്രമാക്കുന്നുവെന്നതാണ് ഇതിന്റെ ഏറ്റവും വലിയ സംഭവാനയായി ചിലര്‍ പറയുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ സാമൂഹ്യമാധ്യമങ്ങള്‍, സമൂഹത്തില്‍ നിലനില്‍ക്കുന്ന വിവിധങ്ങളായ അധീശത്വങ്ങളെ ചെറുത്ത് എല്ലാ വിഭാഗങ്ങളുടെയും പ്രാതിനിധ്യം കൂടുതല്‍ ഉറപ്പുവരുത്തുന്നുണ്ടോ എന്നതാണ് പ്രശ്‌നം.

പരമ്പരാഗത മാധ്യമങ്ങളുടെ ഘടനാപരമായ രീതികള്‍ മറികടന്ന് സാമൂഹ്യമാധ്യമങ്ങളിലൂടെ ജനങ്ങളുടെ സ്വതന്ത്രാവിഷ്‌കാരങ്ങള്‍ അനുവദിക്കപ്പെടുന്നുണ്ടോ? ആശയങ്ങളുടെ സ്വതന്ത്ര ആവിഷ്‌കാരങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ സാധ്യമാകുന്നുണ്ടോ? അഭിപ്രായങ്ങളെ സ്വാധീനിക്കാനും അട്ടിമറിക്കാനുമുള്ള ഒരു വേദിയാണോ സാമൂഹ്യ മാധ്യമങ്ങള്‍?
അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതിന് ശേഷം, ബരാക്ക് ഒബാമ കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് ബ്രിട്ടീഷ് രാജകുമാരന്‍ പ്രിന്‍സുമായി നടത്തിയ അഭിമുഖം ബി ബി സി സംപ്രേഷണം ചെയ്യുകയുണ്ടായി. അതില്‍ അദ്ദേഹം സാമൂഹ്യമാധ്യമങ്ങളുമായി ബന്ധപ്പെട്ട് പറഞ്ഞ കാര്യങ്ങള്‍ ലോകവ്യാപകമായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. യഥാര്‍ത്ഥ ലോകത്തില്‍നിന്ന് ഭിന്നമായ ഒരു യാഥാര്‍ത്ഥ്യം സൃഷ്ടിക്കാന്‍ ഇന്റര്‍നെറ്റിന് കഴിയുന്നുവെന്നാണ് അദ്ദേഹം അതില്‍ പറഞ്ഞ ഒരു പ്രധാന കാര്യം. ഒരാള്‍ക്ക് അയാള്‍ കൈക്കൊള്ളുന്ന നിലപാടുകള്‍ ഊട്ടിയുറപ്പിക്കുകയാണ് ഇന്റര്‍നെറ്റ് യഥാര്‍ത്ഥത്തില്‍ ചെയ്യുന്നതെന്നും അദ്ദേഹം പറയുന്നു. ലോകത്തില്‍ ട്വിറ്ററിലും ഫേസ്ബുക്കിലും ലക്ഷങ്ങള്‍ പിന്തുടരുന്ന ഒബാമയെ പോലുള്ള വ്യക്തിയാണ്, ഇന്റര്‍നെറ്റ് പൊതുവില്‍ ഒരാളുടെ മുന്‍വിധികളെ ഊട്ടി ഉറപ്പിക്കുകയാണ് ചെയ്യുന്നതെന്ന വാദം ഉയര്‍ത്തുന്നത് എന്നതാണ് ശ്രദ്ധേയം. ഇന്റര്‍നെറ്റ് എന്ന വാക്കാണ് അദ്ദേഹം ഉപയോഗിക്കുന്നതെങ്കിലും, ഇന്റര്‍നെറ്റിലൂടെ വിതരണം ചെയ്യപ്പെടുന്ന സാമൂഹ്യ മാധ്യമങ്ങളെക്കുറിച്ചാണ് അദ്ദേഹം പറയുന്നതെന്നത് ശ്രദ്ധേയമാണ്. നിലപാടുകള്‍ ഊട്ടിഉറപ്പിക്കുകയെന്നതിന് സംവാദാത്മകമായ ഒരു അന്തരീക്ഷത്തിന് നേരെ എതിര് നില്‍ക്കുകയെന്നതാണ് അര്‍ത്ഥം.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ സാമൂഹ്യമാധ്യമങ്ങള്‍ ഒരു വ്യക്തിയുടെ ധാരണകളെ ( അത് മുന്‍വിധിയുടെ അടിസ്ഥാനത്തിലോ, പഠിച്ച് രൂപപ്പെടുത്തിയതോ ആവട്ടെ) ബലപ്പെടുത്തുക മാത്രമല്ല, എല്ലായ്‌പ്പോഴും ചെയ്യുന്നത്. സ്വന്തം ധാരണകളെ ബലപ്പെടുത്തുക എന്നത് സാമൂഹ്യമാധ്യമങ്ങളില്‍ ഇടപെടുന്നവരുടെ ഒരു തീരുമാനമാണ്. ഓരോ വ്യക്തിയും പിന്തുടരുന്നവരെ തിരഞ്ഞെടുക്കുന്നത് വഴിയാണ് അത് സാധ്യമാകുന്നത്. അത് അവരവരുടെ തിരഞ്ഞെടുപ്പാണ്. ഞാന്‍ ഒരു കമ്മ്യൂണിസ്റ്റുകാരനെയും (കമ്മിയെന്ന് സാമൂഹ്യമാധ്യമ ഭാഷ) പിന്തുടരുന്നില്ലെന്ന് പറയുന്ന ആര്‍ എസ് എസ്സുകാരും അതുപോലെ, സംഘികളുടെ സ്ഥാനം എന്റെ ടൈംലൈനിന്റെ പുറത്താണെന്നു പരസ്യമായി പ്രഖ്യാപിക്കുന്ന മാര്‍ക്‌സിസ്റ്റുകളെയും നമുക്ക് സാമൂഹ്യമാധ്യമങ്ങളില്‍ കാണാം. അത് സ്വാഭാവികമായ ഒരു തിരഞ്ഞെടുപ്പാണ്. ഞാന്‍ ജനവിരുദ്ധമെന്ന് കരുതുന്ന കാര്യങ്ങള്‍ എഴുതുന്നവനെ ഞാന്‍ എന്തിന് പിന്തുടരണം എന്നത് ഒരു ജനാധിപത്യ തിരഞ്ഞെടുപ്പ് തന്നെയാണ്. എന്നാല്‍ ഇത്തരത്തിലുള്ള സ്വാഭാവിക തിരഞ്ഞെടുപ്പിന് ഉപരിയായി സാമൂഹ്യമാധ്യമങ്ങള്‍ ഒരു രാഷ്ട്രീയ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്നതാണ് ചോദ്യം. അത് സ്വാഭാവികമായും മൂലധനമായി ബന്ധപ്പെടുന്ന കാര്യമാണ്. അതുകൊണ്ട് തന്നെ രാഷ്ട്രീയാധികാരവുമായും അവ ചേര്‍ന്നുനില്‍ക്കുന്നു.

വിമതത്വത്തെ എത്രത്തോളം പ്രതിഫലിപ്പിക്കുന്നുവെന്നതാണ് ഒരു മാധ്യമത്തെ നിതാന്ത പ്രതിപക്ഷമായി നിലനിര്‍ത്തുന്നതില്‍ പ്രധാന കാര്യം. ഭരണകൂടം കൂടുതല്‍ കൂടുതല്‍ സൈനികവല്‍ക്കരിക്കപ്പെടുന്ന കാലത്ത് (ഭരണകൂടത്തിന്റെ ഉത്തരവാദിത്വങ്ങള്‍ കുറയ്ക്കുന്നതിനെയാണ് മിനിമം ഗവേണന്‍സ് എന്ന് പറയുന്നതിന്റെ പ്രായോഗിക അര്‍ത്ഥം) വിമതത്വത്തെ ഉള്‍ക്കൊള്ളാന്‍ മാധ്യമങ്ങള്‍ക്ക് കഴിയുമോ? ഇക്കാര്യത്തില്‍ സാമൂഹ്യമാധ്യമങ്ങള്‍ മുഖ്യധാര മാധ്യമങ്ങളില്‍നിന്ന് വ്യത്യസ്തമാണോ? അല്ലെന്നതിന് സാമൂഹ്യമാധ്യമങ്ങളുടെ പ്രവര്‍ത്തന രീതിതന്നെയാണ് ഉത്തരം.

അച്ചടി പ്രക്ഷേപണ മാധ്യമങ്ങളുടെ വരവോടെ യഥാര്‍ത്ഥത്തില്‍ പൊതു ഇടം എന്നത് കൂടുതല്‍ ങലറശമലേ ചെയ്യപ്പെടുകയാണ് ഉണ്ടായതെന്നാണ് മാധ്യമപഠനത്തിലെ വിഖ്യാത ചിന്തകന്‍ ഹെബര്‍മാസ് പറയുന്നത്. 18-ാം നൂറ്റാണ്ടിലും മറ്റും കോഫി കടകള്‍ കേന്ദ്രീകരിച്ച് നടന്ന ചര്‍ച്ചകളും മറ്റുമാണ് പൊതു ഇടങ്ങളെ നിര്‍ണയിച്ചതെങ്കില്‍, അച്ചടി മാധ്യമങ്ങളോടെ സ്ഥിതി മാറി എന്നതാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. പൊതു ഇടം എന്നത് ശ്രേണിബന്ധിതമായ അധികാരഘടനയുടെതായി. ജനങ്ങളുടെ അഭിപ്രായ പ്രകടനങ്ങള്‍ക്ക് മാധ്യമങ്ങള്‍ മാധ്യസ്ഥ്യം വഹിക്കപ്പെട്ടതോടെ അതിന്റെ സ്വാഭാവികത ഇല്ലാതായി.

ഈ ശ്രേണിബന്ധിതാവസ്ഥയും മാധ്യസ്ഥവും സാമൂഹ്യമാധ്യമങ്ങളുടെ വരവോടെ മാറ്റപ്പെട്ടോ എന്നതാണ് ചോദ്യം. ഇല്ലെന്ന് തന്നെയാണ് ഉത്തരം. സാങ്കേതികമായി സാമൂഹ്യമാധ്യമ കമ്പനികള്‍ സൃഷ്ടിച്ചെടുക്കുന്ന അല്‍ഗോരിതങ്ങള്‍ അച്ചടി പ്രക്ഷേപണ മാധ്യമങ്ങള്‍ക്കുള്ളതുപോലുള്ള ഒരു ശ്രേണിബന്ധമായ സംവിധാനം സോഷ്യല്‍മീഡിയയുമായി ബന്ധപ്പെട്ട് സൃഷ്ടിച്ചെടുക്കുന്നു. ആ സാങ്കേതിക നിര്‍മിതികള്‍ക്കുള്ളില്‍നിന്നുകൊണ്ടാണ് ഒരു വ്യക്തിയിലേക്ക് സാമൂഹ്യമാധ്യമങ്ങള്‍ വിവരങ്ങള്‍ എത്തിക്കുന്നത്. നിരന്തരം മാറ്റുന്ന അല്‍ഗോരിതങ്ങള്‍ ഗേറ്റ് വേകളായി പ്രവര്‍ത്തിക്കുന്നു. ഈ അല്‍ഗോരിതങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതിന്റെ മാനദണ്ഡങ്ങളില്‍ ഏറ്റവും പ്രധാനമായിട്ടുള്ളത് കമ്പനികളുടെ മൂലധന താല്‍പര്യവും ഭരണകൂടവുമായുള്ള അതിന്റെ ബന്ധവുമാണ്.

അങ്ങനെയൊക്കെയാണെങ്കിലും സാമൂഹ്യമാധ്യമങ്ങളുടെ പ്രഹരശേഷിയെ കുറച്ചുകാണാന്‍ കഴിയില്ല. സമീപകാലത്ത് പരമ്പരാഗത മാധ്യമങ്ങള്‍ ഉണ്ടാക്കിയതിനെക്കാള്‍ വലിയ പ്രത്യാഘാതങ്ങള്‍ സാമൂഹ്യമാധ്യമങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്നതും വസ്തുതയാണ്. മുസ്തഫ നായേം എന്ന മാധ്യമപ്രവര്‍ത്തകന്റെ ഒരു പോസ്റ്റ് ഉക്രൈനില്‍ ഭരണമാറ്റം ഉണ്ടാക്കുന്നതിന് കാരണമായതിനെക്കുറിച്ചുള്ള കഥ പ്രശസ്തമാണ്. 2013 നവംബര്‍ 21 ന് പ്രസിഡന്റ് വിക്ടര്‍ യാനുകോവിച്ചിനെതിരെ ഇട്ട ഒരു പോസ്റ്റ് അവിടുത്തെ സര്‍ക്കാര്‍ വിരുദ്ധ കലാപത്തിന് പ്രഭവകേന്ദ്രമായി വര്‍ത്തിച്ചതും പ്രസിഡന്റിന് രാജിവെയ്‌ക്കേണ്ടിവന്നതുമായ സമീപകാല ചരിത്രം, സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനത്തിന്റെ വലിയ ഉദാഹരണമാണ്. അതുമാത്രമല്ല, അറബ് വസന്തത്തിലും, 2009 ലെ ഇറാന്‍ തിരഞ്ഞെടുപ്പ് കാലത്തും സാമൂഹ്യമാധ്യമങ്ങള്‍ വഹിച്ച പങ്ക് ഇത്തരത്തില്‍ പരാമര്‍ശിക്കപ്പെടുന്നതാണ്. ഇങ്ങനെയെല്ലാമുള്ള സ്വാധീനങ്ങളുടെ അടിസ്ഥാനത്തില്‍ സാമൂഹ്യമാധ്യമങ്ങള്‍, ഇക്കാലത്തെ ഉദാത്ത പ്രതിപക്ഷമായും, ജനങ്ങളുടെ ഇച്ഛയെ യഥാര്‍ത്ഥരീതിയില്‍ പ്രതിഫലിപ്പിക്കുന്ന സംവിധാനമായി പോലും വിലയിരുത്തപ്പെട്ടു. എന്നാല്‍ പിന്നീട് നിരവധി സംഭവങ്ങള്‍ തെളിയിച്ചതുപോലെ, ഇപ്പോഴും തെളിയിച്ചുകൊണ്ടിരിക്കുന്നതുപോലെ, സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനം, മറ്റേത് മാധ്യമങ്ങളുടെ സ്വാധീനം പോലെ ഋജുവായ രേഖയില്‍, ഒരേ ദിശയില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒന്നല്ല. ഈജിപ്തില്‍ ഏകാധിപതി ഹുസ്‌നി മുബാറക്കിന്റെ പുറത്താക്കലിന് ചാലകശക്തിയായി സാമൂഹ്യമാധ്യമങ്ങള്‍ പ്രവര്‍ത്തിച്ചെങ്കിലും, അതൊന്നും പിന്നീട് വന്ന പട്ടാള ഭരണത്തെ ചെറുക്കാന്‍ സഹായകമായില്ലെന്നത് ചരിത്രത്തിലെ ഒരു യാഥാര്‍ത്ഥ്യമായി അവശേഷിക്കുന്നു. അത് ഒരു ഉദാഹരണം മാത്രം.

ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തിന് പിന്നില്‍ വ്യാജമായി സൃഷ്ടിക്കപ്പെട്ട വൈറല്‍ കണ്ടന്റുകള്‍ വഹിച്ച പങ്ക് ഇപ്പോള്‍ ഏറെക്കുറെ പുറത്തുവന്നിട്ടുണ്ട്. അഭിപ്രായ രൂപീകരണം നടത്താന്‍ ഫലപ്രദമായുള്ള സാമൂഹ്യ മാധ്യമ ഇടപെടലുകളായിരുന്നു ആയിരക്കണക്കിന് ഫേക്ക് ഐഡികള്‍ വഴി നടത്തിപോന്നത് എന്ന കാര്യമാണ് ഇപ്പോള്‍ വെളിവാക്കപ്പെട്ടിട്ടുള്ളത്. ന്യൂയോര്‍ക്ക് ടൈംസ് പോലുള്ള പരമ്പരാഗത മാധ്യമങ്ങളുടെ സ്വാധീന ശേഷിയുടെ പതിന്മടങ്ങാണ് ഇത്തരം വ്യാജ പ്രൊഫൈലുകള്‍ക്ക് സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടുള്ളതെന്ന് കൂടി മനസ്സിലാക്കുമ്പോള്‍, ഒരേസമയം സോഷ്യല്‍മീഡിയയുടെ വിവിധ മുഖങ്ങളാണ് പുറത്തുവരുന്നത്.

അമേരിക്കയിലെ പോലെ അത്രയൊന്നും പ്രതിശീര്‍ഷ ഇന്റര്‍നെറ്റ് ഉപയോഗം ഇല്ലാത്ത ഇന്ത്യയില്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിച്ചുള്ള വിവിധ വിഭാഗങ്ങളുടെ ഇടപെടലുകളും ഇതിനകം ചര്‍ച്ചയായിട്ടുണ്ട്. നരേന്ദ്രമോഡിയും ബി ജെ പിയുമാണ് ഇന്ത്യയില്‍ ഇന്റര്‍നെറ്റിനെ രാഷ്ട്രീയ പ്രചാരണത്തിനായി ഏറ്റവും ആദ്യവും ഏറ്റവും ഫലപ്രദമായും ഉപയോഗപ്പെടുത്തുന്നത്. 1995ല്‍ തന്നെ ബി ജെ പി ഒരു വെബ് സൈറ്റ് ആരംഭിക്കുന്നുണ്ട്. 10 വര്‍ഷം കഴിഞ്ഞാണ് കോണ്‍ഗ്രസിന് ഒരു വെബ്‌സൈറ്റുണ്ടാകുന്നത്. സോഷ്യല്‍മീഡിയക്ക് ഉണ്ടാകാന്‍ പോകുന്ന സ്വാധീനത്തെക്കുറിച്ച് ബി ജെ പിയ്ക്കും ആര്‍ എസ് എസ്സിനും നരേന്ദ്രമോഡിയെപോലുള്ള നേതാക്കള്‍ക്കും നേരത്തതന്നെ ധാരണയുണ്ടായിരുന്നുവെന്ന കാര്യത്തില്‍ സംശയമില്ല. മോഡി ട്വിറ്ററില്‍ അക്കൗണ്ട് എടുക്കുന്നത് 2009 ലാണ്. രാഹുല്‍ ഗാന്ധി ട്വിറ്റര്‍ ഉപയോഗിച്ചുതുടങ്ങുന്നതാകട്ടെ 2015ലും!

സോഷ്യല്‍ മീഡിയയുടെ സവിശേഷമായ ഉപയോഗം ഹിന്ദുത്വ അജണ്ട സെറ്റുചെയ്യുന്നതിന് എങ്ങനെയൊക്കെയാണ് സംഘ്പരിവാര്‍ ഉപയോഗിക്കുന്നതെന്നത് സംബന്ധിച്ച വിശകലനങ്ങളും പഠനങ്ങളും ഇപ്പോള്‍ പുറത്തുവരുന്നുണ്ട്. മാധ്യമപ്രവര്‍ത്തകയായ സ്വാതി ചതുര്‍വേദിയുടെ ‘ക മാ മ േൃീഹഹ , കിശെറല വേല ലെരൃല േംീൃഹറ ീള വേല ആഖജ’ െറശഴശമേഹ മൃാ്യ’ എന്ന പുസ്തകം സോഷ്യല്‍ മീഡിയ വഴി വ്യാജവാര്‍ത്തകളിലൂടെ തങ്ങളുടെ വിഭാഗീയ അജണ്ട എങ്ങനെയാണ് നടപ്പിലാക്കിയതെന്ന് വിശദമാക്കുന്നുണ്ട്. കടുത്ത മുസ്‌ലിം വിരുദ്ധതയും വര്‍ഗീയതയും പ്രചരിപ്പിക്കുന്ന വ്യാജവും യഥാര്‍ത്ഥവുമായ ട്വിറ്റര്‍ ഹാന്റിലുകളെ പ്രധാനമന്ത്രി നരേന്ദ്രമോഡി തന്നെ പിന്തുടരുകയും അവയ്ക്ക് വിശ്വാസ്യത ഉണ്ടാക്കി കൊടുക്കുകയും ചെയ്യുന്നുവെന്നുമുള്ള തെളിവുകള്‍ സ്വാതി ചതുര്‍വേദിയും, വ്യാജ വാര്‍ത്തകളെ വെളിച്ചത്തുകൊണ്ടുവരുന്ന മാധ്യമപ്രവര്‍ത്തകന്‍ പ്രതീക് സിന്‍ഹയുടെ ആല്‍ട്ട് ന്യൂസ് എന്ന വെബ് സൈറ്റും വ്യക്തമാക്കുന്നുണ്ട്. ഇത് സാമൂഹ്യമാധ്യമങ്ങളില്‍കൂടെ മാത്രം സാധ്യമാകുന്ന ഒന്നാണ്. ഉത്തരവാദിത്തപ്പെട്ട ഒരു രാഷ്ട്രീയക്കാരനും, വിഭാഗീയത സൃഷ്ടിക്കുന്ന, ആക്രമം ലക്ഷ്യമിടുന്ന ഏതെങ്കിലും ഗ്രൂപ്പിനെയോ, വ്യക്തിയേയോ, പരമ്പരാഗത മാധ്യമങ്ങളിലുടെ പരസ്യമായി തുടര്‍ച്ചയായി പിന്തുണയ്ക്കുകയോ, അത്തരക്കാര്‍ക്ക് വിശ്വാസ്യത നേടികൊടുക്കാന്‍ ശ്രമിക്കുകയോ ചെയ്യാറില്ല. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങള്‍ ഇത്തരം ഉപയോഗങ്ങള്‍ക്ക് വിധേയമാകുകയും ജനവികാരത്തെ സ്വാധീനിക്കുകയും ചെയ്യുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഒരര്‍ത്ഥത്തില്‍ അധികാരികളുടെ കപടമുഖം ഇതിലൂടെ പുറത്തുവരുന്നുവെന്നും വാദിക്കാവുന്നതാണ്. ടിനുജെയിന്‍ എന്ന ആള്‍, ‘നരേന്ദ്രമോഡി ആര്‍മി ബ്രിഗേഡി’ന്റെ സ്ഥാപകനായി സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്ന ആളാണ്. ബി ജെ പിയുടെ ഒരു യഥാര്‍ത്ഥ സൈബര്‍ പോരാളി. പ്രധാനമന്ത്രി നരേന്ദ്രമോഡി ഇയാളെ ട്വിറ്ററില്‍ ഫോളോ ചെയ്യുന്നുമുണ്ടായിരുന്നു. എന്നാല്‍ ഇയാള്‍ നരേന്ദ്രമോഡിക്കുവേണ്ടി പ്രവര്‍ത്തിക്കുക മാത്രമല്ല, സെക്‌സ് റാക്കറ്റ് നടത്തുക കൂടി ചെയ്യുന്നുണ്ടെന്ന കാര്യം ലോകത്തിന് മനസ്സിലായത് ഗ്വാളിയര്‍ പോലീസ് ഇയാളെ 2016 സെപ്റ്റംബര്‍ ഏഴാം തീയതി അറസ്റ്റുചെയ്തപ്പോഴായിരുന്നു. ഇയാളുടെ നരേന്ദ്രമോഡി ബന്ധത്തെ പരിഹസിച്ച് ആം ആദ്മി പാര്‍ട്ടി @ചമാീടലഃഅൃാ്യ എന്ന ഹാഷ് ടാഗില്‍ കാംപയ്ന്‍ തുടങ്ങുകയും ചെയ്തു.

സോഷ്യല്‍മീഡിയയിലൂടെ ചിലര്‍ നടത്തുന്ന വിഭാഗീയ പ്രചാരണങ്ങള്‍ പൊതുസമൂഹത്തില്‍ കലാപത്തിന് കാരണമാകുന്നതിന്റെ ഒട്ടേറെ ഉദാഹരണങ്ങള്‍ പല രാജ്യങ്ങളില്‍നിന്നും പുറുത്തുവരുന്നുണ്ട്. ഇന്ത്യയില്‍ സംഘ്പരിവാരമാണ് ഇത്തരത്തില്‍ ഓണ്‍ലൈന്‍ ക്യാംപയിനുകളെ ഉപയോഗിച്ച് സമൂഹത്തില്‍ അസ്വാരസ്യങ്ങളും വിഭാഗീയതയും സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ അമേരിക്കയില്‍ അത് വെളുത്ത വംശജരുടെ അധീശത്വം വേണമെന്ന് വാദിക്കുന്നവര്‍ക്കാണ് ഇതിന്റെ നേതൃത്വം. ദളിത് വിരുദ്ധകലാപത്തിന് ആക്കംകൂട്ടാന്‍ ഹിന്ദുത്വശക്തികള്‍ പലപ്പോഴും ആശ്രയിക്കുന്നതും സോഷ്യല്‍മീഡിയതന്നെ. ഗുജറാത്തിലെ ഉനയില്‍ ദളിതരെ മര്‍ദ്ദിച്ചതിന് ശേഷം ദൃശ്യങ്ങള്‍ പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചതും സോഷ്യല്‍ മീഡിയയെതന്നെ.

ഇങ്ങനെ ജനാധിപത്യത്തെ കൂടുതല്‍ ഇന്‍ക്ലൂസീവ് ആക്കാന്‍ സോഷ്യല്‍ മീഡിയക്ക് സാധിക്കുമെന്ന വാദത്തെ പൂര്‍ണമായും മുഖവിലക്കെടുക്കാന്‍ ഇപ്പോഴാരും തയാറാകാത്തതിന് കാരണവും ഇതൊക്കെ തന്നെ. സാമൂഹ്യമാധ്യമങ്ങളുടെ വിശ്വാസ്യത മറ്റ് മാധ്യമങ്ങളെ അപേക്ഷിച്ച് അമേരിക്കയില്‍ പകുതി ആയി ചുരുങ്ങിയെന്നുള്ള എക്കണോമിസ്റ്റ് മാസിക ഈയടുത്ത് പുറത്തുവിട്ട റിപ്പോര്‍ട്ടിന്റെ പ്രസക്തി ഈ പശ്ചാത്തലത്തില്‍വേണം മനസ്സിലാക്കാന്‍.
വ്യക്തികളുടെ ഇടപെടലിലൂടെ മാത്രമല്ല, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ചില സോഫ്റ്റ് വെയറുകള്‍-സോഷ്യല്‍ബോട്ടുകളും-ജനങ്ങളെ സ്വധീനിക്കുന്ന രീതിയില്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുമെന്നതും ഒരു സോഷ്യല്‍മീഡിയ യാഥാര്‍ത്ഥ്യമാണ്. അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഈ ബോട്ടുകള്‍ എങ്ങനെ പ്രവര്‍ത്തിച്ചുവെന്നത് ഒരു അന്വേഷണവിഷയമായി തുടരുകയാണ്.

പരമ്പരാഗത മാധ്യമങ്ങള്‍ എങ്ങനെയൊക്കെയാണോ ഹെബര്‍മാസ് സൂചിപ്പിച്ച പബ്ലിക്ക്‌സ്പിയറിന്റെ ധര്‍മം നിര്‍വഹിക്കാത്തത്, അതേ പ്രശ്‌നങ്ങള്‍ ഭിന്നരീതിയില്‍ സോഷ്യല്‍ മീഡിയയിലും നിലനില്‍ക്കുന്നുവെന്നത് ഒരു യാഥാര്‍ത്ഥ്യമാണ്. ഇത് മനസ്സിലാക്കികൊണ്ടാണ് സോഷ്യല്‍മീഡിയയെ ഉപയോഗിക്കേണ്ടതും സമീപിക്കേണ്ടതും. ജനങ്ങളുടെ ഇച്ഛ സോഷ്യല്‍മീഡിയയിലൂടെ കൃത്യമായും പ്രതിഫലിക്കുമെന്ന സാങ്കേതികതാവാദവും യാഥാര്‍ത്ഥ്യബോധത്തോടെ ഉള്ളതല്ല. ജനങ്ങളുടെ ഇച്ഛയുടെ ഇക്കാലമത്രയുമുള്ള പ്രതിഫലനം അവരുടെ രാഷ്ട്രീയനിലപാടുകളിലൂടെയാണ്, അതിന്റെ മാധ്യമം രാഷ്ട്രീയ സാമുഹ്യപ്രസ്ഥാനങ്ങളുമാണ്. ഒരു മാധ്യമ രൂപവും അവരുടെ ഇച്ഛകളുടെ യഥാര്‍ത്ഥ വാഹകരാകുന്നില്ല.

എന്‍ കെ ഭൂപേഷ്

 

You must be logged in to post a comment Login