ഇസ്‌ലാം:തുറവിയുടെ ആഖ്യാനങ്ങള്‍

ഇസ്‌ലാം:തുറവിയുടെ ആഖ്യാനങ്ങള്‍

2001 സപ്തംബര്‍ 11. അമേരിക്കയില്‍ അല്‍ഖാഇദയുടെ ഭീകരാക്രമണം. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ച്ച. ജീവനാശം. അമേരിക്ക തിന്മയുടെ അച്ചുതണ്ടിനെതിരെ ആക്രമണം അഴിച്ചുവിട്ടു. ആദ്യം അഫ്ഗാന്‍, പിന്നെ ഇറാഖ്.. അഫ്ഗാനില്‍ താലിബാന്‍ ആധിപത്യം അവസാനിപ്പിച്ചു. അല്‍ഖാഇദ കേന്ദ്രങ്ങള്‍ ബോംബിട്ടുതകര്‍ത്തു. ഒടുവില്‍ ഉസാമ ബിന്‍ലാദനെ തന്നെ വധിച്ചു. ഇറാഖിലും സമാനമായ സംഭവങ്ങള്‍ അരങ്ങേറി. സദ്ദാം ഭരണകൂടത്തെ പുറന്തള്ളി. ശിയാവിഭാഗത്തിന്റെ നേതൃത്വത്തില്‍ പാവസര്‍ക്കാരിനെ അവരോധിച്ചു. സദ്ദാം ഹുസൈനെ പിടികൂടി തൂക്കിലേറ്റി. ഇറാഖിന് ഏറ്റവും സന്തോഷമുള്ള ദിനമെന്ന് ആ പെരുന്നാള്‍ദിവസത്തെ യു എസ് വിശേഷിപ്പിച്ചു.

അച്ചുതണ്ടിലുള്‍പ്പെട്ട മറ്റു രാഷ്ട്രങ്ങളില്‍ ആഭ്യന്തരക്കുഴപ്പം അഴിച്ചുവിട്ടു. വിമതര്‍ക്ക് പണവും ആയുധവും നല്‍കി. ചിലയിടങ്ങളില്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ എല്ലാ ഒത്താശയും നല്‍കി. സായുധസംഘങ്ങള്‍ക്ക് ആയുധങ്ങള്‍ വിറ്റ് അമേരിക്കന്‍ കമ്പനികള്‍ കൊഴുത്തു.
ഇത് സംഭവത്തിന്റെ ഒരുവശം. മറുവശത്ത് ഇസ്ലാമിനും മുസ്ലിംകള്‍ക്കുമെതിരായ ആസൂത്രിത പ്രചാരണങ്ങള്‍ നടന്നുകൊണ്ടിരുന്നു. ഒരു ഘട്ടത്തില്‍ പ്രസിഡന്റ് ജോര്‍ജ് ബുഷിന്റെ നാവില്‍ കുരിശുയുദ്ധം തന്നെ കടന്നുവന്നു. ഭീകരതക്കെതിരായ പോരാട്ടത്തെ മുസ്ലിം -ക്രൈസ്തവ സേനകള്‍ തമ്മില്‍ ഏറ്റുമുട്ടിയ കുരിശുയുദ്ധത്തിന്റെ ഓര്‍മകളിലേക്ക് കൊണ്ടുപോകാനുള്ള ശ്രമം യാദൃച്ഛികമായിരുന്നില്ലെന്ന് തുടര്‍ന്ന് നടന്ന ക്യാമ്പയിന്‍ ലോകത്തെ ബോധ്യപ്പെടുത്തി. ഇസ്ലാമിനെയും മുസ്ലിംകളെയും കുറ്റവാളികളായി ചിത്രീകരിക്കുന്ന തരത്തില്‍ മാധ്യമ അജണ്ടകള്‍ പുനഃക്രമീകരിക്കപ്പെട്ടു. അസത്യവും അര്‍ധസത്യവും ആധികാരികമെന്നോണം അവതരിപ്പിക്കപ്പെട്ടു. മുസ്ലിംകള്‍ ലോകത്തിനു ഭീഷണിയാണെന്ന് സ്ഥാപിക്കാന്‍ കൊണ്ടുപിടിച്ച ശ്രമങ്ങള്‍ നടന്നു. താടിയും തലപ്പാവുമുള്ളവരെ കണ്ടാല്‍ മറ്റുള്ളവര്‍ പേടിക്കുന്ന നില വന്നു. ഇസ്ലാമിക ചിഹ്നങ്ങളെല്ലാം ഭീകരതയുടെ മുദ്രണങ്ങളായി വ്യാഖ്യാനിച്ചു.
ഇസ്‌ലാമോഫോബിയ ലോകമെങ്ങും കത്തിപ്പടര്‍ന്നു. പേരു കൊണ്ട് മാത്രം മുസ്ലിമായിരിക്കുന്നവര്‍ പോലും സംശയത്തിന്റെ നിഴലിലായി. അവിശ്വാസം നാട്ടുനടപ്പായി. ബഹുസ്വരതയുടെയും സമാധാനത്തിന്റെയും വിപരീതപദമായി ഇസ്ലാമിനെ പ്രതിഷ്ഠിക്കാന്‍ ചിലര്‍ തിടുക്കപ്പെട്ടു. മുസ്ലിം ലോകം ആ ഭീഷണമായ സാഹചര്യങ്ങളെ തരണം ചെയ്തു. ലോകം ഇസ്ലാമിനെ പഠിക്കാനിറങ്ങി. സാമ്രാജ്യത്വവും അവരെ അനുകൂലിക്കുന്ന മാധ്യമങ്ങളും പറഞ്ഞുവെച്ചതില്‍ നിന്ന് ഭിന്നമായ ഒരിസ്ലാമിനെ അവര്‍ അന്വേഷിച്ചു കണ്ടെത്തി. ഇന്നിപ്പോള്‍ ലോകത്ത് അതിവേഗം വളരുന്ന മതമായി ഇസ്ലാം മാറിയിരിക്കുന്നു.

എന്തുകൊണ്ട് ഇസ്ലാം? ബഹുസ്വരതക്ക് ഇസ്ലാം ഭീഷണിയാണോ? മറ്റു മതസ്ഥരോട് ഇടപഴകി മുസ്ലിം ജീവിതം സാധ്യമല്ലേ? ഇസ്ലാമികഭരണം നിലനില്‍ക്കുന്ന രാജ്യങ്ങളില്‍ ഇതര മതവിശ്വാസികള്‍ക്ക് അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമില്ലേ? എന്നിങ്ങനെ ഒട്ടേറെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് യുവപണ്ഡിതന്‍ ഡോ.ഉമറുല്‍ ഫാറൂഖ് സഖാഫി കോട്ടുമല. ഇസ്ലാമിനെ കുറിച്ച് തെറ്റുധാരണകള്‍ സൃഷ്ടിക്കാന്‍ പാശ്ചാത്യലോകത്ത് നിന്നുണ്ടായ ശ്രമങ്ങള്‍ക്കൊപ്പം മതവിലാസം ഉപയോഗിക്കുന്ന ചില തീവ്രഗ്രൂപ്പുകളും സംഘടനകളും അപക്വമായ എടുത്തുചാട്ടത്തിലൂടെ ആ തെറ്റുധാരണയെ ബലപ്പെടുത്തിയിട്ടുണ്ട്. ഇസ്ലാമിനെ പുകമറയില്‍ നിര്‍ത്താനുള്ള നീക്കങ്ങളെ ചരിത്രത്തിന്റെയും പ്രമാണത്തിന്റെയും പിന്‍ബലത്തില്‍ പ്രതിരോധിക്കാനുള്ള ശ്ലാഘനീയ ശ്രമമാണ് ഇസ്ലാം, ബഹുസ്വരത എന്ന കൃതി.
ഇസ്ലാം ഒരടഞ്ഞ മതമല്ല. മതത്തിലേക്ക് ഒരു വഴി മാത്രമല്ല തുറന്നുകിടക്കുന്നത്. വാതിലുകള്‍ മുഴുവന്‍ കൊട്ടിയടച്ച് കൃത്രിമശ്വാസത്തിലും വെളിച്ചത്തിലും ‘അതിജീവിച്ചുപോകുന്ന’ മതവുമല്ല ഇസ്ലാം. വര്‍ത്തമാനത്തില്‍ മാത്രമല്ല, ചരിത്രത്തിലും ഇസ്ലാമിന്റെ വാതിലുകള്‍ പുറത്തേക്ക് തുറന്നുകിടക്കുകയാണ്. അതുകൊണ്ട് കൂടിയാണ്, ഇസ്ലാമോഫോബിയ ഊതിയൂതിക്കത്തിച്ചിട്ടും ലോകം ഇസ്ലാമിനെ പുല്‍കിയത്. പതിമൂന്ന് അധ്യായങ്ങളിലായി ചിട്ടപ്പെടുത്തിയ ഈ പുസ്തകം ഇസ്ലാമിന്റെ തുറവിയെയാണ് ആവിഷ്‌കരിക്കാന്‍ ശ്രമിക്കുന്നത്.
”അന്യമതങ്ങളോടും സംസ്‌കാരങ്ങളോടും സഹതാപപൂര്‍ണമായ ഒരു പെരുമാറ്റമല്ല ഇസ്ലാമിന്റേത്. പ്രത്യുത, അവരെക്കൂടി ഉള്‍ക്കൊണ്ട് സമൂഹത്തിന്റെ ഉന്നതിയില്‍ മാന്യമായ പരിഗണന നല്‍കുന്ന നയങ്ങളാണ് ഇസ്ലാം സ്വീകരിക്കുന്നത്.”

മറ്റുള്ളവരെ പരിഗണിക്കുക എന്നത് മഹത്തായ മനുഷ്യാവകാശ പ്രവര്‍ത്തനമാണ്. ഇസ്ലാമിനെ സംബന്ധിച്ചടത്തോളം അതൊരു മതധര്‍മ്മവുമാണ്. അപരന്റെ അന്തസ്സും അഭിമാനവും സംരക്ഷിക്കപ്പെടണം. അവര്‍ പുറമ്പോക്കിലേക്ക് തള്ളപ്പെടരുത്. പ്രവാചകരുടെ ഭരണസാരഥ്യമുള്ള ഇസ്ലാമിക രാജ്യത്ത് (മദീന) ക്രൈസ്തവ, ന്യൂനപക്ഷങ്ങളോട് അവിടുന്ന് എന്ത് സമീപനം സ്വീകരിച്ചുവെന്ന് പുസ്തകം പറയുന്നുണ്ട്. അവരുടെ സ്വത്വം അംഗീകരിച്ചു കൊണ്ട് നിലനില്‍ക്കാന്‍ അനുവദിക്കുകയാണ് പ്രവാചകര്‍ ചെയ്തത്. മുസ്ലിമാകാത്ത പക്ഷം മദീന വിടണമെന്ന് അവിടുന്ന് കല്പിച്ചില്ല. അവരുടെ ആരാധനാലയങ്ങള്‍ പൊളിച്ചുകളയാന്‍ മുസ്ലിംകളെ അയച്ചില്ല. ഇസ്ലാമിക നാഗരികതയുടെ വികാസപരിണാമങ്ങളിലെവിടെയും ഇത്തരം നടപടികള്‍ ഉണ്ടായിട്ടില്ല. തന്റെ വീട് പൊളിച്ചു പള്ളി പണിതതിനെതിരെ പരാതിയുമായി എത്തിയ അമുസ്ലിം വനിതക്ക് നീതി ഉറപ്പാക്കിയ ഖലീഫ ഉമര്‍ (റ) ഇസ്ലാമികാധ്യാപനങ്ങളുടെ അന്തഃസത്ത ഉള്‍കൊള്ളുകയായിരുന്നു. അതേസമയം, മതകീയബഹുസ്വരതയുടെ താല്പര്യം മറ്റൊരു വിശ്വാസത്തെ- ധര്‍മ്മത്തെ- പുല്‍കലല്ല എന്നോര്‍മിപ്പിക്കുകയും ചെയ്യുന്നു ഗ്രന്ഥകാരന്‍.

”മറ്റുള്ളവന്റെ വിശ്വാസത്തെ തൃപ്തിപ്പെട്ട് അംഗീകരിക്കുന്നതല്ല യഥാര്‍ത്ഥ വിശ്വാസവും നിലപാടും.ആശയങ്ങളോട് മാന്യമായി വിയോജിച്ചു തന്നെ, തന്റെ ആശയവും വിശ്വാസവും ശരിയാണെന്നു മനസ്സിലാക്കി അംഗീകരിക്കുന്നതിനാണ് യഥാര്‍ത്ഥ വിശ്വാസമെന്ന് പറയുക. മതകീയ ബഹുസ്വരതയെ വ്യാഖ്യാനിക്കുന്നതില്‍ ചിലര്‍ക്ക് പറ്റിയ പിഴവും ഇതുതന്നെയാണ്. എല്ലാ വിശ്വാസവും ശരിയാണെന്നും എല്ലാം ആത്യന്തികമായി ഒന്നിലേക്കെത്തുന്നുവെന്നും വിശ്വസിക്കുമ്പോള്‍ മാത്രമാണ് ബഹുസ്വരത ജനിക്കുന്നതെന്നും പറഞ്ഞവരുണ്ട്. പക്ഷെ, ഈ ലോകത്ത് അറിയപ്പെട്ട ഒരു മതവും ഈ ധാരണയെ അംഗീകരിക്കുന്നില്ല”.

നിര്‍ബന്ധിത മതപരിവര്‍ത്തനം സമീപകാലത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. ഒരാള്‍ക്ക് മറ്റൊരാളുടെ വിശ്വാസത്തിനുമേല്‍ അതിക്രമിച്ചു കയറാനാകുമോ എന്ന ചോദ്യത്തെയും അപ്രസക്തമാക്കുന്ന വിധം കഥകള്‍ പടക്കപ്പെട്ടു. ഇസ്ലാമിനെ കുതിര കയറാനുള്ള അവസരമായി കണ്ട് ചിലര്‍ നുണകള്‍ സമര്‍ത്ഥമായി ഒളിച്ചുകടത്തി. പ്രണയിച്ചും പ്രലോഭിപ്പിച്ചും ചിലപ്പോഴെങ്കിലും ഭീഷണിപ്പെടുത്തിയും ഇവിടെ മതം മാറ്റങ്ങള്‍ നടക്കുന്നുവെന്ന പ്രചാരണം അവസാനിച്ചിട്ടില്ല. യഥാര്‍ത്ഥത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തോട് ഇസ്ലാമിന്റെ കാഴ്ചപ്പാട് എന്താണ്?
പുസ്തകത്തില്‍ നിന്ന്: ”ഖുര്‍ആന്‍ പറയുന്നു. ‘മതത്തില്‍ നിര്‍ബന്ധിക്കലില്ല. സത്യസരണി അസത്യത്തില്‍നിന്ന് വളരെ സ്പഷ്ടമായിരിക്കുന്നു”(അല്‍ബഖറഃ 256). സത്യാസത്യ സരണി വ്യക്തമായി വരച്ചിട്ടിരിക്കെ മനുഷ്യന്‍ നല്ലതില്‍ നിന്ന് ചീത്തയിലേക്ക് മാറുന്നുവെങ്കില്‍ അതവന്റെ സ്വാതന്ത്ര്യവും അവകാശവും വൈയക്തിക വിഷയവുമാണ്.

വാചകാനുചരരിലൊരാളുടെ ഇരു സന്താനങ്ങളും അവിശ്വാസികളായപ്പോള്‍ അവരെ നിര്‍ബന്ധിച്ചു മതപരിവര്‍ത്തനം നടത്താനുള്ള പിതാവിന്റെ ശ്രമത്തെ നിരുത്സാഹപ്പെടുത്തിയാണ് ഉദ്ധരിക്കപ്പെട്ട ഖുര്‍ആന്‍ വചനത്തിന്റെ ആഗമനമെന്നത് ശ്രദ്ധേയമാണ്.” ഇസ്ലാമിന്റെ നിലപാട് സുതരാം വ്യക്തമാണ്. ആരെയും പിടിച്ചുകൊണ്ടുവന്ന് മാര്‍ഗം കൂട്ടാന്‍ മതം അനുശാസിക്കുന്നില്ല. പ്രബോധക സംഘങ്ങളുടെ ചരിത്രത്തിലും അങ്ങനെ ഉണ്ടായിട്ടില്ലല്ലോ.

പുസ്തകത്തിലെ എട്ടാമധ്യായം ലിംഗ ബഹുസ്വരത പ്രത്യേകം പരാമര്‍ശമര്‍ഹിക്കുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ ശ്രേണിയിലാണല്ലോ മുസ്ലിം സ്ത്രീ എന്നും ഇടംപിടിക്കാറുള്ളത്. ഇസ്ലാം സ്ത്രീകളെ അടുക്കളച്ചുവരുകളില്‍ തളച്ചിടുകയാണെന്ന ആക്ഷേപം യാതൊരു ന്യായീകരണവുമില്ലാതെ ഇപ്പോഴും ആവര്‍ത്തിക്കപ്പെടുന്നു. മുന്‍വിധികളില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയാത്തതു കൊണ്ട് കൂടിയാണ് ഇത്തരം ആക്ഷേപങ്ങള്‍ യാതൊരടിസ്ഥാനവുമില്ലാതെ വീണ്ടും വീണ്ടും ഉന്നയിക്കപ്പെടുന്നത്.

”ഒരു സ്ത്രീക്ക് ഇസ്ലാം ചില കാര്യങ്ങള്‍ നിര്‍ബന്ധമാക്കി. ഇവ മുസ്ലിം സ്ത്രീ പാലിക്കേണ്ടതാണ്. ഇത് ലംഘിച്ചുവെന്ന കാരണത്താല്‍ അവളൊരിക്കലും മതത്തില്‍ നിന്നും പുറത്തുപോകുന്നില്ല. മതത്തെ സ്വീകരിക്കാന്‍ ഒരു പെണ്ണിനു സ്വാതന്ത്ര്യം ഉള്ളത് പോലെ മതത്തിനുള്ളിലെ വ്യക്തിപരമായ കാര്യങ്ങള്‍ ചെയ്യാനും ഒരു പെണ്ണിന് സ്വാതന്ത്ര്യമുണ്ട്. പര്‍ദ്ദയണിയാന്‍ ഒരു പെണ്ണ് സന്നദ്ധയല്ലെങ്കില്‍ അതവളുടെ ഇഷ്ടമാണ്. ഈ ലോകത്തുവെച്ച് അവള്‍ക്കൊരു ശിക്ഷയുമില്ല.പരലോകത്ത് വെച്ച് അല്ലാഹു മാപ്പു കൊടുത്തില്ലെങ്കില്‍ അവള്‍ ശിക്ഷയനുഭവിക്കേണ്ടി വരും.”

ജിസ്യ, ജിഹാദ്, ഖിലാഫത് എന്നീ വിഷയങ്ങളില്‍ പഠനാര്‍ഹമായ ലേഖനങ്ങള്‍ പുസ്തകത്തിലുണ്ട്. ജിഹാദും ഖിലാഫത്തുമൊക്കെ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയുമുണ്ടായിട്ടുണ്ട്. സ്വാര്‍ത്ഥമായ അധികാര, രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കും ഹിംസയുടെ സാധൂകരണത്തിനു വേണ്ടിയും ഇരുപദങ്ങളും കൈയേറ്റടുത്ത സംഘങ്ങളും ലോകത്തുണ്ട്. അത്തരക്കാരെ കൂടി തുറന്നുകാട്ടുന്നുണ്ട് ഈ അധ്യായങ്ങള്‍.

അമീന്‍ മുബാറക് എം

You must be logged in to post a comment Login