ഉക്കാളിലെ കവിതകള്‍

ഉക്കാളിലെ കവിതകള്‍

ത്വാഇഫില്‍ പോകുമ്പോള്‍ ഉക്കാള് ചന്ത എന്ന ചരിത്ര ഭൂമി നിര്‍ബന്ധമായും കണ്ടിരിക്കണം. പൗരാണിക അറേബ്യയുടെ ചരിത്രത്തില്‍ ഈ ചന്തക്ക് അത്രമേല്‍ പ്രാധാന്യമുണ്ട്. എ ഡി 542-726 കാലഘട്ടത്തിലാണ് ഉക്കാള് ചന്ത സജീവമായിരുന്നത്. വര്‍ഷത്തില്‍ രണ്ടാഴ്ചയാണ് ചന്ത അരങ്ങേറുക.

കേവലം ചന്ത എന്ന വാക്കുകൊണ്ട് ഇത്തരം വ്യാപാരസംഗമങ്ങളെ വിശേഷിപ്പിക്കാനും പറ്റില്ല. കാരണം കച്ചവടക്കാരായ അറബികള്‍ യാത്രാനുഭവങ്ങള്‍ പങ്കുവെച്ചത് ഇത്തരം സംഗമ സ്ഥലങ്ങളില്‍ വെച്ചാണ്. കച്ചവടമായിരുന്നു സമ്പദ്ഘടനയുടെ അടിത്തറ. മരുഭൂമി താണ്ടിയുള്ള കച്ചവട യാത്രകള്‍ അറബ് സംസ്‌കാരത്തെ വിപുലപ്പെടുത്തുന്നതില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നത് ചരക്ക് മാത്രമല്ല, സംസ്‌കാരം കൂടിയാണ്. അറബികളുടെ ജ്ഞാനമണ്ഡലം വികസിക്കുന്നത് കച്ചവടം വഴിയാണ്. പ്രവാചകനും കച്ചവട യാത്രകള്‍ നടത്തിയിട്ടുണ്ടല്ലോ.

എഴുത്തും വായനയുമറിയുന്നവരുടെ അക്ഷരവിനിമയവും ചന്തകളില്‍ നടക്കുമായിരുന്നു. ഉല്‍പന്നങ്ങളുടെ പ്രദര്‍ശനത്തിനും വില്‍പനക്കും തന്നെയായിരുന്നു പ്രാധാന്യം. എന്നാല്‍ നൃത്തത്തിനും സംഗീതത്തിനും അവര്‍ പ്രാധാന്യം നല്‍കി. ഗോത്രവര്‍ഗങ്ങള്‍ക്ക് കലയുടെ പാരമ്പര്യമായിരുന്നു. സംഗീതോപകരണങ്ങള്‍ അവര്‍ വികസിപ്പിച്ചിരുന്നു. മരുഭൂമിയിലെ സംഗീതത്തിന് അപാരമായ മുഴക്കമുണ്ട്.

കവികളുടെ സംഗമസ്ഥലമായിരുന്നു ഉക്കാള്. അറേബ്യയുടെ നാനാഭാഗത്തുനിന്നും കവികള്‍ ഉക്കാള് ചന്തയിലെത്തി. അവര്‍ കവിതകള്‍ കൊണ്ട് മാറ്റുരച്ചു. മികച്ച കവികളെ തിരഞ്ഞെടുത്തു. സജാല്‍ എന്ന പേരില്‍ കവിതായുദ്ധം തന്നെ അരങ്ങേറി. യഥാര്‍ത്ഥ യുദ്ധരംഗം കവിതയോട് ചേര്‍ത്ത് പുനഃസൃഷ്ടിച്ചു. ഗോത്രങ്ങളുടെ അപദാനങ്ങള്‍ നിറഞ്ഞതായിരുന്നു മിക്കവാറും കവിതകള്‍. ഒരുതരം തറവാടിത്ത ഘോഷണങ്ങള്‍. ഗോത്രമുഖ്യന്മാര്‍ ഉക്കാള് ചന്തയില്‍ ഒത്തുചേര്‍ന്നു.

ഇസ്‌ലാമിക പൂര്‍വകാലം ഇരുണ്ട കാലഘട്ടമെന്ന് വിശേഷിപ്പിക്കപ്പെട്ടതു പലകാരണങ്ങളാണ്. ഗോത്രങ്ങള്‍ തമ്മിലുള്ള പക യുദ്ധങ്ങള്‍ക്കു കാരണമായി. ഒരു ഒട്ടകം കാണാതായാല്‍ പോലും അതിന്റെ പേരില്‍ യുദ്ധങ്ങളുണ്ടായി. ഗോത്രങ്ങള്‍ തമ്മിലുള്ള യുദ്ധം നടക്കുന്ന സ്ഥലത്ത് അമ്പ് പെറുക്കിയെടുക്കാന്‍ സഹായിച്ചിട്ടുണ്ട് പ്രവാചകന്‍ തന്റെ കുട്ടിക്കാലത്ത്. വിഗ്രഹാരാധനയും ലഹരിയും വ്യഭിചാരവും ഒന്നും തെറ്റായി കണക്കാക്കിയില്ല. അന്നത്തെ അറബ് സമൂഹം അപൂര്‍വമായെങ്കിലും പെണ്‍കുട്ടികളെ ഭാരമായി കരുതി ജീവനോടെ കുഴിച്ചുമൂടുകയും ചെയ്തിരുന്നു. ഇത്തരം ഗോത്ര വിശ്വാസ രീതികളോടുള്ള കലഹവും കവിതയിലൂടെ രേഖപ്പെടുത്തിയിരുന്നു.

ജാഹിലിയ കാലഘട്ടം കവികളെക്കൊണ്ടും സമ്പന്നമായിരുന്നു. ഇംറുല്‍ഖൈസ്, അല്‍ഖന്‍സ, അല്‍അഷ, സുഹൈര്‍ബിന്‍ അബിസുല്‍മ, അമര്‍ ഇബിന്‍ ഖുല്‍തും… ഇങ്ങനെ ധാരാളം കവികള്‍.
ഇംറുല്‍ഖൈസ് ഇക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയനായിരുന്നു. അറബ് കവിതയുടെ പിതാവായി അദ്ദേഹം അറിയപ്പെട്ടു. അദ്ദേഹത്തിന്റെ പിതാവ് ഹുജര്‍ ബിന്‍ അല്‍ഹരിത്ത് ഗോത്രരാജാവായിരുന്നു. ഖിന്ദ് ഗോത്രക്കാരനായിരുന്നു അദ്ദേഹം. തെക്കന്‍ അറേബ്യയില്‍നിന്ന് നജ്ദിലേക്ക് ചേക്കേറിയവരാണവര്‍. നാലാം നൂറ്റാണ്ടിലോ അഞ്ചാം നൂറ്റാണ്ടിലോ. അക്കാലത്തെ പ്രബല ഗോത്രങ്ങളായിരുന്നു അസദ്, ഖത്ത്ഫാന്‍ എന്നിവര്‍. അവര്‍ക്കുമേല്‍ ആധിപത്യം നേടിയാണ് ഹുജര്‍ രാജാവായത്. പിന്നീട് ഗോത്രക്കാര്‍ തന്നെ കലാപമുയര്‍ത്തി. അദ്ദേഹത്തെ വധിച്ചു. യുദ്ധം ചെയ്ത് പിതാവിന്റെ കിരീടം

വീണ്ടെടുക്കാനൊക്കെ ഇംറുല്‍ഖൈസ് ആഗ്രഹിച്ചെങ്കിലും വിജയിച്ചില്ല.
മരുഭൂമിയിലൂടെ ഒരുപാട് യാത്ര ചെയ്തിട്ടുണ്ട് ഇംറുല്‍ഖൈസ്. കൂട്ടുകാരുമൊത്തുള്ള അത്തരം യാത്രകള്‍ സ്ത്രീയിലും മദ്യത്തിലും കവിതയിലും മുങ്ങിയ ആഘോഷങ്ങളായിരുന്നു. ഖൈസിന്റെ പുരുഷന്‍ എന്നാണ് അദ്ദേഹത്തിന്റെ പേരിനര്‍ത്ഥം. ഇസ്‌ലാമിക പൂര്‍വകാലത്തെ ആരാധനാ മൂര്‍ത്തിയുടെ പേരാണ് ഖൈസ്.

കോണ്‍സ്റ്റാന്റിനോപ്പിള്‍ വരെ യാത്ര ചെയ്തു ഇംറുല്‍ഖൈസ്. അവിടുത്തെ രാജാവായ ജസ്റ്റിനിയാന്റെ പിന്തുണ തേടാനാണ് പോയത്. മരിക്കുന്ന കാലത്ത് ഖയ്‌സിനെ ഗുരുതരമായ ചര്‍മരോഗം ബാധിച്ചിരുന്നു. അത് ജസ്റ്റിനിയാന്റെ ചതിയാണെന്നും പറയുന്നു. കൊട്ടാരത്തിലെ ഒരു സ്ത്രീയുമായുള്ള ബന്ധത്തിന്റെ പേരില്‍ രോഷാകുലനായ രാജാവ് ഒരു ദൂതന്‍ വശം കൊടുത്തുവിട്ട ജാക്കറ്റ്, ചതിയറിയാതെ ധരിച്ചതുമൂലം ചര്‍മരോഗം വന്നു. പക്ഷേ ഈ കഥ നിരാകരിക്കുന്നവരുമുണ്ട്. ത്വക് രോഗത്തെ സംബന്ധിച്ച സൂചന ഇംറുല്‍ഖൈസിന്റെ കവിതയിലുണ്ട്താനും. അങ്കാറയിലെ ഹിസിന്‍ ലിക്കില്‍ ഗ്രീക്കുകാര്‍ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചിരുന്നു.

വേറെയും കവികള്‍ അക്കാലത്തുണ്ടായിരുന്നു. നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള കാവ്യഭാഷയില്‍ രചന നടത്തിയവര്‍. സമവല്‍ ഇബിന്‍ അദിയ, സുഹൈര്‍ ബിന്‍ അബി സുല്‍മ, തഅ്ബത്തഷരണ്‍, അല്‍ഷന്‍ഫറ. പലരും ഗോത്ര സങ്കുചിതത്വത്തിന്റെ വിമര്‍ശകരായിരുന്നു. മിക്കവരും അനുഭവങ്ങള്‍ തേടിയും, കാവ്യാവിഷ്‌കാരങ്ങള്‍ക്ക് ഇടം തേടിയും അലയുന്നവരായിരുന്നു. കവിത വേണ്ടവര്‍ക്ക് അത് ചൊല്ലിക്കൊടുത്തു. മുഅല്ലഖാത്ത് എന്നത് തൂക്കുകവിതകളായിരുന്നു. കഅ്ബയില്‍ വരെ ഇസ്‌ലാമിക പൂര്‍വകാലത്ത് ഇത്തരം കവിതകള്‍ തൂക്കിയിട്ടിരുന്നു. കാല്‍പനിക കവിതകളും ധാരാളം പിറന്നു. ജാഹിലിയ കാലഘട്ടം ഒരര്‍ത്ഥത്തില്‍ കവികളെക്കൊണ്ട് സമ്പന്നമായിരുന്നു. പ്രവാചകനെതിരെയും കവികളെ ഉപയോഗിച്ചിരുന്നു. ഇങ്ങനെയുള്ള കവി പരമ്പരയില്‍ പെട്ട കവിയായിരുന്നു കഅ്ബുബ്‌നു സുഹൈര്‍. അദ്ദേഹം മക്ക കാലഘട്ടത്തിലും മദീന കാലഘട്ടത്തിലും പ്രവാചകന്റെ ശക്തനായ വിമര്‍ശകനായിരുന്നു. പിന്നീട് അദ്ദേഹം പ്രവാചക പ്രകീര്‍ത്തകനാവുകയും ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്തു. പ്രവാചകന്റെ മഹത്വം വാഴ്ത്തിക്കൊണ്ട് പ്രവാചക സന്നിധിയില്‍ വന്ന് കാവ്യമാലപിച്ചപ്പോള്‍ തന്റെ ചുമലിലെ ദുപ്പട്ടയെടുത്ത് ആ കവിയെ പുതപ്പിച്ച് ആദരിക്കുകയും ചെയ്തു.

ഉക്കാള് ചന്തസ്ഥലത്തേക്ക് യാത്ര ചെയ്യുമ്പോള്‍ കവികളെക്കുറിച്ചുള്ള ഓര്‍മകള്‍ വന്നുനിറയും. സന്ധ്യക്കാണ് ഞങ്ങള്‍ അവിടെ എത്തിയത്. പൗരാണിക അവശിഷ്ടങ്ങളൊന്നും ഇന്നവിടെയില്ല. അതുകൊണ്ടുതന്നെ ഉക്കാള് ചന്ത നിലനിന്ന സ്ഥലത്തെ സംബന്ധിച്ച് ഒത്തിരി തര്‍ക്കങ്ങള്‍ ഉടലെടുത്തു. പ്രശസ്ത ചരിത്രകാരനായ മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ബ്ലഹാദ് ഈ തര്‍ക്കം പരിഹരിച്ച് ത്വാഇഫിനടുത്തുള്ള ഷിറബ്/ അല്‍ഉക്കൈദാര്‍ താഴ്‌വരയിലാണ് ചന്ത അരങ്ങേറിയതെന്ന് സ്ഥിരീകരിച്ചു.

2006ലാണ് ഈ ചന്ത പുനഃസൃഷ്ടിക്കാന്‍ തീരുമാനമെടുക്കുന്നത്. മക്കയിലെ അമീര്‍ പ്രിന്‍സ് ഖാലിദ് അല്‍ ഫൈസലാണ് മുന്‍കൈയെടുത്തത്. ഒരുപാട് മത്സരങ്ങള്‍ ഇതിനോടനുബന്ധിച്ച് ഓരോ വര്‍ഷവും നടക്കുന്നു. കവിത, ഫോക് ആര്‍ട്ട്, പെയിന്റിംഗ്, ഫോട്ടോഗ്രഫി, വ്യവസായ സംരംഭം എന്നീ മേഖലയില്‍ അവാര്‍ഡ് നല്‍കാനായി രണ്ടര മില്യനാണ് നീക്കിവെക്കുന്നത്. ലോകമെമ്പാടുമുള്ള സഞ്ചാരികളെ ആകര്‍ഷിക്കുന്ന വലിയ സാംസ്‌കാരിക വ്യാപാരോത്സവമാണ് ഇന്ന് ഉക്കാള് ഫെസ്റ്റിവല്‍. അറബ് സംസ്‌കാരത്തിന്റെ ഏകദേശരൂപം ലഭിക്കാന്‍ അവിടെ ചെന്നാല്‍ മതിയാവും.

പി സുരേന്ദ്രന്‍

You must be logged in to post a comment Login