യാ അയ്യുഹന്നാസ്

യാ അയ്യുഹന്നാസ്

കപടവിശ്വാസത്തെ നിശിതമായി വിമര്‍ശിക്കുകയായിരുന്നല്ലോ. കാണാനും കേള്‍ക്കാനും പറയാനും ശേഷിയുണ്ടായിരുന്നവരാണ് കപടവിശ്വാസികള്‍. എന്നിട്ടും ഖുര്‍ആന്‍ മുനാഫിഖുകളെ പരിചയപ്പെടുത്തിയത് അന്ധരും ബധിരരും മൂകരും ആയിട്ടാണ്. എത്രമേല്‍ മൂര്‍ച്ചയുള്ള വിളിയാണിത്. അവര്‍ക്കങ്ങനെ ഇന്ദ്രിയാനുഭവങ്ങള്‍ ഉള്ളതായിത്തന്നെ ഖുര്‍ആന്‍ പരിഗണിച്ചില്ല. കേള്‍ക്കേണ്ടത് കേട്ടില്ല, കാണേണ്ടത് കണ്ടില്ല, പറയേണ്ടത് പറഞ്ഞില്ല എന്ന് ഖുര്‍ആന്‍ പ്രയോഗത്തില്‍നിന്ന് ആര്‍ക്കും മനസ്സിലാവും.

ബഖറയിലെ ഈ പതിനെട്ടാം സൂക്തത്തിന് വേറൊരു അര്‍ത്ഥതലം കൂടിയുണ്ട്. കേള്‍വിയും കാഴ്ചയും മൊഴിശേഷിയും അല്ലാഹുവിന്റേതാണ്. അവന്റെ അനുഗ്രഹവും ഔദാര്യവും കൊണ്ടാണ് നമ്മുടെ കാതും കണ്ണും നാവും പ്രവര്‍ത്തനക്ഷമമാവുന്നത്. നാവുള്ളവരൊക്കെ മിണ്ടിപ്പറയുന്നില്ലല്ലോ. കാതുള്ളവരെല്ലാം കേള്‍ക്കുകയോ കണ്ണുള്ളവരൊക്കെ കാണുകയോ ചെയ്യുന്നില്ലല്ലോ. അവയവങ്ങളുടെയല്ല അവയെ പടച്ച അല്ലാഹുവിന്റെ നിശ്ചയമുണ്ടെങ്കിലേ എല്ലാം പ്രവര്‍ത്തനക്ഷമമാവുകയുള്ളൂ.

അനുസരണയാണ് വേണ്ടത്. നാഥനെ അകമഴിഞ്ഞ് അനുസരിക്കണം. അത് വലിയൊരു ഭാഗ്യമാണ്. നിഷേധ സ്വഭാവം അപകടമാണ്. ആത്മാര്‍ത്ഥമായ വഴിപ്പെടലാണ് അല്ലാഹുവിന് വേണ്ടത്. തക്കം നോക്കി വേഷം മാറുന്നത് ദൈവനിന്ദയാണ്. മുനാഫിഖുകള്‍ അതാണ് ചെയ്തത്. അതുകൊണ്ടുതന്നെ അവര്‍ നേരറിഞ്ഞിട്ടും അത് കേള്‍ക്കാനോ പറയാനോ തുനിഞ്ഞില്ല. വെളിച്ചമെന്ന് കരുതി ഇരുട്ടില്‍ തന്നെ കഴിഞ്ഞുകൂടി. അവരുടെ പഞ്ചേന്ദ്രിയങ്ങള്‍ ആ ഇരുട്ടിന്റെ കട്ടിയും കനവും കൂട്ടിക്കൊണ്ടേയിരുന്നു.

സ്വുമ്മ് അഥവാ ബധിരന്‍. മുനാഫിഖിനെ വിമര്‍ശിക്കാന്‍ ഖുര്‍ആന്‍ ആദ്യമുപയോഗിച്ചത് ഈ ശബ്ദമാണ്. കേള്‍വികെട്ടവന്‍. പൈതങ്ങളുടെ കാഴ്ചശക്തിയെക്കാള്‍മുമ്പ് കേള്‍വി ശക്തിയാണല്ലോ ഉറക്കുന്നത്. ഇക്കാര്യമാണ് ഇവിടെ സൂചിപ്പിക്കുന്നത്. ഇസ്‌റാഅ് സൂറത്തിലും പരലോകവിചാരണയെ പരാമര്‍ശിക്കുന്നിടത്തും കേള്‍വിയെ മുന്നില്‍ പറയുന്നുണ്ട്.
ഇരുപതാം സൂക്തം വരെയുള്ള തുടര്‍ച്ചയായ പതിമൂന്ന് സൂക്തങ്ങളില്‍ മുനാഫിഖിന്റെ അടയാളങ്ങളും അപചയങ്ങളും സവിസ്തരം തുറന്നുപറഞ്ഞു ബഖറ. ഇരുപത്തൊന്നാം സൂക്തം വിശ്വാസികളുടെ വ്യവഹാരങ്ങളെ സംബന്ധിച്ചാണ്. ഇബാദത്താണല്ലോ വിശ്വാസത്തിന്റെ ഒന്നാന്തരം ലക്ഷണം. ആയതിനാല്‍ പരമമായ വണക്കത്തോടെ നാഥനിലേക്ക് മുന്നിടാനാണ് വിശ്വാസികളോട് പറയുന്നത്. താന്‍ നിസ്സാരനും നിസ്സഹായനുമാണ്. നാഥന്‍ സര്‍വാധിപതിയാണ് എന്ന നിലപാടുതറയില്‍ നിന്നുവേണം ആരാധനകള്‍ നിര്‍വഹിക്കാന്‍. അത്തരം ഇബാദതുകളുടെ അനന്തരഫലം കൂടി സൂക്തത്തിന്റെ ഒടുവില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. നിങ്ങള്‍ വിജയികളാവാന്‍ വേണ്ടി. ആത്യന്തിക ജയമാണ് ഖുര്‍ആന്‍ ഇവിടെ അവതരിപ്പിക്കുന്നത്.
യാ അയ്യുഹന്നാസ് എന്നാണ് ഖുര്‍ആന്റെ അഭിസംബോധന. ലോകജനതയെ ആകെയാണ് ഖുര്‍ആന്‍ വിളിക്കുന്നത്. അങ്ങനെ വിളിക്കാന്‍ അല്ലാഹുവിനേ അവകാശമുള്ളൂ. റബ്ബിന്റെ മുന്നില്‍ വഴങ്ങുന്നവര്‍ക്കും അല്ലാത്തവര്‍ക്കും ഒരുപോലെ ജീവിതസംവിധാനങ്ങള്‍ ചെയ്തുകൊടുക്കുന്നവന്‍ അവനല്ലേ. മണ്ണ്, വെള്ളം, അന്തരീക്ഷം, ആകാശം, വെളിച്ചം, വസ്ത്രം, അന്നം… ജീവിതാരംഭം തൊട്ടേയുള്ളതെല്ലാം മതജാതി വര്‍ഗഭേദമന്യേ പടച്ചതമ്പുരാന്‍ ഓശാരമായി തന്നതല്ലേ. മാനവകുലത്തെയാണ് യാ അയ്യുഹന്നാസ് വിരല്‍ ചൂണ്ടുന്നത്. അവന്‍ എല്ലാം കൊടുത്ത് പരിപാലിക്കുന്നവരെ അവനല്ലാതെ മറ്റാര്‍ക്കാണ് വിളിക്കാനവകാശം.
നിങ്ങളെയും മുന്‍ഗാമികളെയും പടച്ച അല്ലാഹുവിനെ ആരാധിക്കുവീന്‍ എന്നാണ് മാലോകരെ വിളിച്ച് അവന്‍ ആജ്ഞാപിക്കുന്നത്. മനുഷ്യന്‍ സ്വയം ജനിച്ചതല്ല. അല്ലാഹുവിന്റെ നിശ്ചയമാണ് മനുഷ്യന്റെ പിറവി. എല്ലാ ജന്തുജാലങ്ങളുടെയും അങ്ങനെത്തന്നെ. അക്കാര്യമാണ് ഖുര്‍ആന്‍ സൂചിപ്പിച്ചത്.

മുഹമ്മദ് ഫാറൂഖ് നഈമി അല്‍ബുഖാരി

You must be logged in to post a comment Login