പാറട്ടങ്ങനെ പാറട്ടെ സ്വത്വപതാകകള്‍ പാറട്ടെ താഴട്ടങ്ങനെ താഴട്ടെ രക്തപതാക താഴട്ടെ

പാറട്ടങ്ങനെ പാറട്ടെ സ്വത്വപതാകകള്‍ പാറട്ടെ താഴട്ടങ്ങനെ താഴട്ടെ രക്തപതാക താഴട്ടെ

Man is an ensemble of social relations. മതങ്ങളെ ഒഴിച്ച് നിര്‍ത്തിയാല്‍ മനുഷ്യരാശിയുടെ ചരിത്രത്തില്‍ ഏറ്റവും സ്വാധീനം ചെലുത്തിയ ഒരു ദര്‍ശനത്തിന്റെ ആദ്യാവതാരകന്റെ വാക്കുകളാണ്. കാള്‍ മാര്‍ക്‌സിന്റെ. സാമൂഹിക ബന്ധങ്ങളുടെ സമുച്ചയമാണ് മനുഷ്യനെന്ന്. ഈ വാചകം നമുക്ക് ഒടുവില്‍ വിശദീകരിക്കാം. സ്വത്വരാഷ്ട്രീയത്തെയും മാര്‍ക്‌സിസത്തെയും കുറിച്ച് സംസാരിക്കുമ്പോള്‍ പിന്നില്‍ തൂങ്ങിയാടേണ്ട വാചകമാണിത്. അതിനാല്‍ ഇപ്പോള്‍ വടയമ്പാടിയെക്കുറിച്ച് പറയാം.

ഈ കുറിപ്പ് എഴുതുമ്പോള്‍ എറണാകുളം ജില്ലയിലെ കോലഞ്ചേരിക്കടുത്ത് ഐക്കരനാട് പഞ്ചായത്തിലെ വടയമ്പാടിയില്‍ ദളിതര്‍ സമരത്തിലാണ്. വടയമ്പാടിയില്‍ കാലങ്ങളായി മനുഷ്യര്‍ ഉപയോഗിച്ചുവന്ന റവന്യൂ പുറമ്പോക്കിലെ ൈമതാനം നായര്‍ സമുദായ സംഘടനക്ക് മേല്‍ക്കൈ ഉള്ള ഭജനമഠം ക്ഷേത്രക്കമ്മിറ്റി മതില്‍കെട്ടി തിരിച്ചിരിക്കുന്നു. മൈതാനം കളിസ്ഥലമായി ഉപയോഗിച്ചുവന്നവര്‍ക്കും ആ മൈതാനത്തിന്റെ ഓരത്ത് കൂടി കാല്‍നട ചെയ്തിരുന്നവര്‍ക്കും ഇരുട്ടടി ആയിരുന്നു ഈ ഏറ്റെടുക്കല്‍. മൈതാനം ക്ഷേത്രവകയാണ് എന്നും 1981-ല്‍ പട്ടയം ലഭിച്ചിട്ടുണ്ട് എന്നുമായിരുന്നു വാദം. ക്ഷേത്രഭൂമിയിലൂടെ പട്ടികജാതിക്കാര്‍ നടക്കണ്ട എന്ന അയിത്താചരണമായിരുന്നു ഈ മതിലിന്റെ കല്ലുകള്‍. അതുവരെ തങ്ങളുടേതായിരുന്ന ഭൂമി മതില്‍ കെട്ടി അടച്ചതോടെ പ്രദേശത്തെ കോളനികളില്‍ തിങ്ങിപ്പാര്‍ക്കുന്ന പട്ടികജാതിക്കാരായ മനുഷ്യര്‍ സ്വമേധയാ സമരം തുടങ്ങി. നിലവിലെ നിയമമനുസരിച്ച് പട്ടികജാതിക്കാര്‍ ഉപയോഗിച്ചുവരുന്ന വഴി കയ്യേറുന്നത് ദളിത് പീഡനമാണ്. ക്രിമിനല്‍ കുറ്റമാണ്. സമരം അവഗണിക്കപ്പെട്ടപ്പോള്‍ പ്രതിഷേധം ശക്തമായി. ഇക്കഴിഞ്ഞ ഏപ്രില്‍ പതിനാലിന്, അംബേദ്കള്‍ ജയന്തി ദിനത്തില്‍ ദളിതര്‍ ആ ജാതി മതില്‍ പൊളിച്ചു. സംഘര്‍ഷമായി. ജില്ലാ കലക്ടര്‍ ഇടപെട്ട് തല്‍സ്ഥിതി തുടരാന്‍ നിര്‍ദേശിച്ചു. അതായത് മതില്‍ ഇല്ല. വഴിയും കളിയിടവും തിരിച്ചുകിട്ടി. ഭൂമി ൈകവശപ്പെടുത്താന്‍ ആളും അര്‍ഥവും അധികാരവുമുള്ള നായര്‍ സര്‍വീസ് സൊസൈറ്റി ശ്രമിക്കുമെന്ന് ഉറപ്പുള്ളതിനാല്‍ സമരം തുടരാന്‍ ഒരു പന്തല്‍ നിലനിര്‍ത്തി. റവന്യൂ പുറമ്പോക്കാണല്ലോ? സമരപ്പന്തല്‍ ആണല്ലോ? പന്തലും അവിടത്തെ ദളിതരും ക്ഷേത്രോത്സവത്തിന് തടസമാകും എന്ന് കാട്ടി പൊലീസ് സഹായത്തോടെ ക്ഷേത്രക്കമ്മിറ്റി ആ പന്തല്‍ പൊളിച്ചു. സംഘര്‍ഷം തുടരുകയാണ്.
മനുഷ്യന്‍ സാമൂഹിക ബന്ധങ്ങളുടെ സമുച്ചയമാണെന്ന കാള്‍ മാര്‍ക്‌സിന്റെ നിര്‍വചനവും വടയമ്പാടിയിലെ ജാതിവിരുദ്ധ സമരവും തമ്മിലെന്ത് എന്നല്ലേ ചോദ്യം? ചരിത്രത്തില്‍ ഒന്നും നിരപേക്ഷമായി സംഭവിക്കുന്നില്ല എന്നും ചരിത്രം പരസ്പരബന്ധമുള്ള ബലങ്ങളുടെ അനുസ്യൂതിയാണെന്നുമാണല്ലോ മാര്‍ക്‌സിസം പഠിപ്പിക്കുന്നത്. സ്വത്വരാഷ്ട്രീയത്തെ സമീപിക്കുമ്പോഴെല്ലാം ആശയപരമായ കെണികളില്‍ വീഴാതിരിക്കാന്‍ മാര്‍ക്‌സിസ്‌ററ് ചിന്തകര്‍ മുറുകെപ്പിടിക്കേണ്ട ഒന്നാണല്ലോ ചരിത്രത്തെയും മനുഷ്യനെയും കുറിച്ചുള്ള മാര്‍ക്‌സിയന്‍ പരികല്‍പന. അതിനാല്‍ വടയമ്പാടിയില്‍ നിന്ന് ഈ സംവാദത്തിലേക്ക് ഒരു വഴിയുണ്ട്. ഒരു പക്ഷേ, ഏറ്റവും തെൡമയുള്ള വഴികളിലൊന്ന്.

െഎക്കരനാട് പഞ്ചായത്തില്‍ സി.പി.എം ആണ് ഭരണകക്ഷി. എഴിപ്രം വാര്‍ഡില്‍ നിന്നുള്ള പട്ടികജാതിക്കാരനായ കെ.കെ. രാജുവാണ് പ്രസിഡന്റ്. സി.പി.എം. നേതാവാണ് രാജു. ഭജനമഠം ക്ഷേത്രമോ അതിന് മുന്നിലെ മൈതാനമോ അത് അടച്ചുകളഞ്ഞ സംഭവമോ ഉയര്‍ന്ന സമരമോ നടന്ന സംഘര്‍ഷമോ അദ്ദേഹം അറിയാതിരിക്കാന്‍ കാരണമില്ല. അദ്ദേഹം അറിഞ്ഞു എന്നാല്‍ സി.പി.എം അറിഞ്ഞു എന്നാണര്‍ഥം. വഴിനടക്കാനും ക്ഷേത്രത്തില്‍ പ്രവേശിക്കാനും കേരളം നടത്തിയ ഐതിഹാസിക സമരങ്ങള്‍ അറിയാത്ത ആളുകളല്ല സി.പി.എം നേതൃത്വം. പ്രത്യേകിച്ച് അതിന്റെ ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി പി. രാജീവ്. റവന്യൂ പുറമ്പോക്ക് എന്താണെന്നും ദളിതരുടെ നടപ്പവകാശം എന്താണെന്നും സി.പി.എമ്മിനറിയാം. പിന്നെ എന്തുകൊണ്ട് ഒരു പ്രക്ഷോഭത്തിന് മുമ്പേ നീതിയുടെ പക്ഷം ചേര്‍ന്ന് പ്രശ്‌നം തീര്‍ക്കാന്‍ സി.പി.എമ്മിന് കഴിഞ്ഞില്ല? സംസ്ഥാനവും പഞ്ചായത്തും ഭരിക്കുന്ന ഒരു കക്ഷിക്ക് അതീവ ലളിതമായിരിക്കില്ലേ ഒരു ഒത്തുതീര്‍പ്പ്? എന്തുകൊണ്ട് അത് സംഭവിച്ചില്ല? പകരം അവകാശം നിഷേധിക്കപ്പെട്ട ദളിതര്‍ ദളിതരായി സംഘടിച്ച് സമരം ചെയ്യേണ്ടി വന്നു. ദളിതര്‍ ദളിതരായി സംഘടിച്ച് സമരം ചെയ്യുന്നതാണ് രാഷ്ട്രീയ ശരി എന്ന് വിശ്വസിക്കുന്ന പലവിധ സംഘടനകള്‍ സമരത്തിന് പിന്തുണയുമായെത്തുന്ന സാഹചര്യം ഉണ്ടായി. ദളിതര്‍ ദളിതരായി സംഘടിക്കുക എന്ന ലളിത വാചകത്തിന്റെ ഏകവചനമാണ് സ്വത്വരാഷ്ട്രീയം എന്ന് നമുക്കറിയാം. അവരവര്‍ അവരവരായിക്കുന്ന അവസ്ഥ. ബന്ധങ്ങളുടെ സമുച്ചയമാണ് മനുഷ്യന്‍ എന്ന മാര്‍ക്‌സിയന്‍ ദര്‍ശനത്തെ അസാധുവാക്കുന്ന രാഷ്ട്രീയാവസ്ഥ. അവകാശനിഷേധങ്ങള്‍ക്കെതിരെ ഇരകള്‍ സംഘടിക്കുന്നത് ആദ്യമായല്ല. കേരളത്തിന്റെ ചരിത്രത്തിലുടനീളം അതുണ്ട്. ആ ചരിത്രത്തില്‍ നിന്നാണ് ഇടതുപക്ഷത്തിന്റെ പിറവിയും വളര്‍ച്ചയുമെന്നത് മറ്റൊരു കാര്യം.

എന്തുകൊണ്ട് സി.പി.എം ആ സമരത്തെ നയിച്ചില്ല എന്നായിരുന്നല്ലോ ചോദ്യം? ജാതി ഉള്ള സമരം എന്നതാണ് ഏറ്റവും ശരിയെന്ന് ഉറപ്പിക്കാവുന്ന ഉത്തരം. വഴിയും കളിയിടവും നിഷേധിക്കപ്പെട്ടു എന്ന മൗലിക പ്രശ്‌നം നിലനില്‍ക്കെ ആ പ്രശ്‌നത്തിലെ രണ്ട് കക്ഷികള്‍ ഒന്ന് പട്ടിക ജാതിക്കാരും രണ്ട് നായന്‍മാരും പ്രശ്‌നത്തെ മറികടന്ന് മുന്നില്‍ വരുന്നു. അപ്പോള്‍ വിഷയം വിട്ട് ജാതിയെ സംബോധന ചെയ്യേണ്ട അവസ്ഥയിലേക്ക് സി.പി.എം വന്നു. മൂലധന പരിലാളനകളുടെ പിന്‍ബലത്തില്‍ ഇതിനോടകം ഇന്ത്യയില്‍ അതിശക്തമായി വേരുപിടിച്ച സ്വത്വരാഷ്്രടീയവും സി.പി.എമ്മും മുഖാമുഖം വരുന്നു എന്നും വായിക്കാം. ആ മുഖാമുഖത്തില്‍ സി.പി.എം എന്ന ഭരണകക്ഷി, അഥവാ സി.പി.എം എന്ന പ്രബല കക്ഷി പിന്തള്ളപ്പെട്ടു. വയലുകളില്‍ നിന്ന് അരിവാളുകളുമായി കമ്യൂണിസ്റ്റുകള്‍ക്കൊപ്പം പടയണി ചേര്‍ന്ന മഹാവംശത്തിന്റെ പിന്‍മുറക്കാര്‍ അവരുടെ ജീവിക്കാനുള്ള സമരത്തില്‍ സി.പി.എമ്മിനെ കൂട്ടിയില്ല. എട്ടരപ്പതിറ്റാണ്ടായി ഇന്ത്യന്‍ മണ്ണില്‍ കമ്യൂണിസം നേരിടുന്ന പ്രതിസന്ധികളിലൊന്ന്, ജാതി എന്ന സ്വത്വത്തെ എങ്ങനെ സംബോധന ചെയ്യണമെന്ന സൈദ്ധാന്തിക ആശയക്കുഴപ്പമാണെന്ന് ഇന്ന് നമുക്കറിയാം. ഒരിക്കല്‍ക്കൂടി ഒരു ചെറിയ ഭൂഭാഗത്ത്, ഒരു ഗ്രാമശകലത്തില്‍ ആ പരാജയം ആവര്‍ത്തിക്കപ്പെടുന്നു.

സ്വത്വരാഷ്ട്രീയത്തിന്റെ വെന്നിക്കൊടികളാണ് കേരളത്തിലെമ്പാടും പലയിടത്തുമായി ഇന്ന് പാറുന്നത് എന്ന് മനസിലാക്കണം. ഞങ്ങള്‍ ഞങ്ങളാണ് എന്ന വാദം. ദളിതരുടെ അനുഭവം ദളിത് അനുഭവമാണെന്നും ദളിത്ബാഹ്യമായ ഒന്നിനും അതില്‍ ഇടപെടാന്‍ അധികാരമില്ല എന്നുമുള്ള ഇന്ന് സ്വീകരിക്കപ്പെടുന്ന രാഷ്ട്രീയം സ്വത്വരാഷ്ട്രീയത്തിന്റെ മൂര്‍ധന്യമാണ്. സ്ത്രീകള്‍ സ്ത്രീകള്‍ മാത്രമാണ്, ഭിന്നലിംഗക്കാര്‍ ഭിന്നലിംഗക്കാര്‍ മാത്രമാണ്, പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ പരിസ്ഥിതി പ്രസ്ഥാനങ്ങള്‍ മാത്രമാണ് എന്നെല്ലാം എഴുതിവെക്കപ്പെട്ട കൊടികള്‍. മനുഷ്യന്‍ ബന്ധങ്ങളുടെ സമുച്ചയമാണ് എന്ന മാര്‍ക്‌സിയന്‍ പരികല്‍പനയെ അപ്രസക്തമാക്കുന്ന പതാകകള്‍. സ്ത്രീ ഒറ്റയനുഭവമാണോ, സി.കെ. ജാനുവും പാര്‍വതി തിരുവോത്ത് എന്ന ചലച്ചിത്ര നടിയും ഒറ്റ സ്ത്രീ അനുഭവമാണോ എന്ന ചോദ്യത്തെ അപ്രസക്തമാക്കുന്ന പതാകകള്‍. ശീതള്‍ ശ്യാമിന്റെ ട്രാന്‍സ്‌ജെന്റര്‍ സ്വത്വ പ്രശ്‌നമാണോ പേരും മുഖവുമില്ലാത്ത അനേകരുടെ സ്വത്വ പ്രശ്‌നം, അതില്‍ വ്യത്യാസങ്ങളില്ലേ എന്ന ചോദ്യത്തെ അപ്രസക്തമാക്കുന്ന പതാകകള്‍. മുസ്‌ലിം എന്നത് ഒറ്റസ്വത്വമാണോ അതില്‍ അനുഭവപരമായ പലവിധ കലക്കങ്ങളില്ലേ എന്ന ചോദ്യത്തെ അവഗണിക്കുന്ന രാഷ്ട്രീയ ഇസ്‌ലാമിന്റെ പതാകകള്‍, തൊഴിലാളികളെയും കര്‍ഷകരെയും ആഗോള മൂലധനത്തിന്റെ അധിനിവേശത്തെ ചെറുക്കാന്‍ ശ്രമിക്കുന്ന പൊതുരാഷ്ട്രീയത്തെയും ശത്രുപക്ഷത്താക്കി, അവരെ പുറത്താക്കി നടത്തുന്ന പരിസ്ഥിതി സമരങ്ങളുടെ പതാകകള്‍. സമൂഹത്തിലെ വ്യത്യസ്ത അനുഭവങ്ങളെ അപരമാക്കുക എന്ന, അതായത് ദളിതരെ ഇതര വിഭാഗങ്ങളില്‍ നിന്ന്, സ്ത്രീയെ പുരുഷനില്‍ നിന്ന്, മുസ്‌ലിമിനെ അമുസ്‌ലിമില്‍ നിന്ന് അപരരാക്കുക എന്ന ഫാഷിസ്റ്റ് തന്ത്രത്തിന്റെ അടയാളങ്ങള്‍ വഹിക്കുന്ന പതാകകള്‍.

ആ പതാകകള്‍ക്ക് മുന്നില്‍ എന്തുകൊണ്ട് സി.പി.എമ്മിന്റെ, കമ്യൂണിസ്റ്റുകളുടെ ചെങ്കൊടി താണുപോകുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? കാരണം ലളിതമല്ല. ഒന്നാമത്തെ കാരണം സ്വത്വരാഷ്ട്രീയത്തെ മനസ്സിലാക്കാതിരുന്നതിന്റെ പാളിച്ചയാണ്. രണ്ടാമത്തെ കാരണം സ്വത്വരാഷ്ട്രീയത്തെ മനസ്സിലാക്കിയതിലെ വീഴ്ചയാണ്. സ്വത്വരാഷ്ട്രീയം എന്താണ്, അതെങ്ങനെ രൂപപ്പെടുന്നു, ആ രൂപപ്പെടലില്‍ മാര്‍ക്‌സിസ്റ്റുകള്‍ എന്ത് ചെയ്യണം തുടങ്ങിയ കാര്യങ്ങള്‍ കേരളത്തില്‍ തൊണ്ണൂറുകള്‍ വരെ മനസ്സിലാക്കപ്പെട്ടിരുന്നില്ല. ലോകത്തെമ്പാടും സാമ്രാജ്യത്വത്തിന്റെ സാമ്പത്തികവും സൈദ്ധാന്തികവുമായ പിന്‍ബലത്തോടെ സ്വത്വവാദം അതിന്റെ പ്രഹരം തുടങ്ങിയിരുന്നെങ്കിലും കേരളത്തിലെ ഇടത് ചിന്താലോകം അതിനെ ഗൗനിച്ചില്ല. അപ്പോള്‍ ഒരു ചോദ്യം ഉയരും. സാമ്രാജ്യത്വത്തിന് സ്വത്വവാദത്തില്‍ എന്താണ് കാര്യം എന്ന ചോദ്യം. സാമ്രാജ്യത്വത്തിന്റെ സാമ്പത്തിക ശാസ്ത്രമായ മുതലാളിത്തത്തിന്, ക്യാപിറ്റലിസത്തിന് എന്താണ് കാര്യമെന്ന ചോദ്യം.

കാര്യമുണ്ട്. സ്വത്വവാദം അല്ലെങ്കില്‍ സ്വത്വരാഷ്ട്രീയത്തില്‍ പ്രചോദിതമായ മുന്നേറ്റങ്ങള്‍ മേല്‍മണ്ണ് നനക്കുന്നവയാണ്. വേരുകളെ അവ തൊടില്ല. കാവ്യാത്മകമായാണ് പറഞ്ഞതെങ്കിലും സംഗതി കവിതയല്ല, കാര്യമാണ്. ഉദാഹരണം ഇസ്‌ലാമിലെ സ്വത്വരാഷ്ട്രീയവാദികളുടെ കൂട്ടായ്മയാണല്ലോ ജമാഅത്തെ ഇസ്‌ലാമി. മുസ്‌ലിമിന്റേത് ഏക രാഷ്ട്രീയ സ്വത്വമാണ് എന്ന് വാദിക്കുന്ന സംഘടന. ആ സംഘടനയുടെ യുവജനവിഭാഗമാണല്ലോ സോളിഡാരിറ്റി. അവര്‍ ഉയര്‍ത്തിയ ഒരു മുദ്രാവാക്യമാണ് മുതലാളിത്തം വലിച്ചെറിയുക എന്നത്.

മുതലാളിത്തത്തിനെതിരായ ഒരു കൃത്യതയുള്ള ഒരു മുദ്രാവാക്യമാണത്. പക്ഷേ, അവര്‍ പകരം വെക്കുന്ന വ്യവസ്ഥ ഏതാണ്? അത് പറയുന്നില്ല. പറഞ്ഞാല്‍ ഏറിയാല്‍ പറയുക ഇസ്‌ലാമിക വ്യവസ്ഥ എന്നാണ്. അതിന് വ്യക്തതയില്ല. കാരണം ഇന്ത്യയിലെ/ കേരളത്തിലെ ബഹുസ്വരമായ ഇസ്‌ലാമിക സമൂഹത്തില്‍ അവര്‍ നന്നേ ന്യൂനപക്ഷമാണ്. മാത്രവുമല്ല, ഒരു ബഹുസ്വര ജനാധിപത്യത്തില്‍ മതരാഷ്ട്രവാദം ആശയമായി മാത്രമേ നിലനില്‍ക്കൂ എന്ന് നമുക്കറിയാം. അപ്പോള്‍ ചുമ്മാ ഒരു പ്രഹരശേഷിയില്ലാത്ത ആശയത്തെ, അമൂര്‍ത്തമായ ബദലിനെ മുന്നില്‍ നിര്‍ത്തിയാണ് സോളിഡാരിറ്റി മുതലാളിത്തത്തെ വലിച്ചെറിയാന്‍ സംഗീതാത്മകമായി പറയുന്നത്. അത് ഒരു അടിത്തറയുള്ള വിമര്‍ശനമായി മാറില്ല എന്നതിനാല്‍ മുതലാളിത്ത ശക്തികള്‍ അത് സംഗീതം പോലെ ആസ്വദിക്കും. ആ മുദ്രാവാക്യമോ മുന്നേറ്റമോ മുതലാളിത്തത്തെ കാമ്പില്‍ സ്പര്‍ശിക്കില്ല. അങ്ങനെ വരുമ്പോള്‍ അത്തരം മുന്നേറ്റങ്ങള്‍ യഥാര്‍ത്ഥ മുതലാളിത്ത വിരുദ്ധ സമരത്തെ ഒറ്റുകൊടുക്കും. മുതലാളിത്ത വിരുദ്ധ സൈദ്ധാന്തിക പദ്ധതികളെ ഒറ്റുകൊടുക്കും. ഈ ഒറ്റുകൊടുക്കല്‍ മുതലാളിത്തം പലരൂപത്തില്‍ പ്രോല്‍സാഹിപ്പിക്കും. കാരണം യഥാര്‍ത്ഥ സമരങ്ങളെ അത് മറയില്‍ നിര്‍ത്തുമല്ലോ?
മറ്റൊരു ഉദാഹരണം നോക്കാം. വയല്‍ നികത്തല്‍ എന്ന പ്രശ്‌നം. വയല്‍ നികത്തലുകള്‍ക്കെതിരെ നാടെമ്പാടും സമരങ്ങളുണ്ട്. വേണ്ടതാണ്. കണ്ണൂരെ കീഴാറ്റൂരില്‍ നടന്ന സമരം വലിയ ദേശീയ ശ്രദ്ധ നേടിയത് അറിഞ്ഞല്ലോ? അവിടെ സി.പി.എം അനുഭാവികളാണ് വയല്‍ക്കിളികള്‍ എന്ന പേരില്‍ വയല്‍ നികത്തലിനെതിരെ പ്രക്ഷോഭം ആരംഭിച്ചത്. കാസര്‍കോഡ് കോഴിക്കോട് ബൈപ്പാസ് നിര്‍മിക്കാന്‍ കീഴാറ്റൂരിലെ വയലുകള്‍ വിട്ടുകൊടുക്കില്ല എന്ന് മുദ്രാവാക്യം. വന്‍ മാധ്യമശ്രദ്ധയാണ് സമരം നേടിയത്. (കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിക്കെതിരെ അന്നുമുതല്‍ അവിടെ സമരമുണ്ട്. ലോക്കല്‍ പേജില്‍ പെട്ടിക്കോളം വാര്‍ത്ത പോലും വന്നില്ല.) കാരണമുണ്ട്. കീഴാറ്റൂരിലെ വയല്‍ നികത്തരുത് എന്നാണ് കീഴാറ്റൂര്‍ സഖാക്കളുടെ മുദ്രാവാക്യം. വയല്‍ നികത്തുന്നത് വികസനത്തിനാണ്. പശ്ചാത്തല വികസനത്തിനാണ്. മുതലാളിത്തത്തിന് താല്‍പര്യമുള്ള വികസനമാണല്ലോ അത്? അതായത് മുതലാളിത്ത യുക്തിയാല്‍ നയിക്കപ്പെടുന്ന വികസനം. പക്ഷേ, കീഴാറ്റൂര്‍ സഖാക്കള്‍ കീഴാറ്റൂരിലെ വയല്‍ നികത്തരുത് എന്ന് മാത്രമേ പറയുന്നുള്ളു. ഒരു വയലും നികത്തരുത് എന്ന് പറയുന്നില്ല. മലയാറ്റൂരിലെ വയല്‍ നികത്തിയാല്‍ അവര്‍ക്ക് ഒരു ചുക്കുമില്ല. ഒരു വയലും നികത്തരുത് എന്ന വാദം മുതലാളിത്ത വിമര്‍ശനമാണ്. മുതലാളിത്ത വികസന യുക്തിയെ വെല്ലുവിളിക്കലാണ്. മുതലാളിത്ത വികസന രീതികളെ വിമര്‍ശിക്കുന്ന നിരവധി സമരങ്ങള്‍ നടക്കുന്നുണ്ട്. മാധ്യമ ശ്രദ്ധയില്‍ പെടില്ല എന്നേയുള്ളൂ. എന്നാല്‍ ഏതെങ്കിലും ഒരു വയല്‍ നികത്തരുത് എന്ന് പറഞ്ഞ് അവിടെ അവിടത്തുകാര്‍ മാത്രം ചേര്‍ന്ന് സംഘടിക്കുന്നത് മുതലാളിത്ത യുക്തിയെ അലോസരപ്പെടുത്തില്ല. അതിന് പ്രഹരശേഷിയില്ല എന്നുമാത്രമല്ല അത് ബൃഹദ് സമരങ്ങളെ തളര്‍ത്തിക്കളയും. വയല്‍ക്കിളികള്‍ അവരുടെ മാതൃസംഘടനയെ, സി.പി.എമ്മിനെ വെല്ലു വിളിക്കുമ്പോള്‍, ആ വെല്ലുവിളി ആഘോഷിക്കപ്പെടുമ്പോള്‍ അത് മുതലാളിത്തത്തിന് രസിക്കും. രസിച്ചാല്‍ മാധ്യമ ശ്രദ്ധകിട്ടും. പരിസ്ഥിതി സ്വത്വവാദം അതാണ്. പരിസ്ഥിതി പ്രശ്‌നം ഒരു വികസനപ്രശ്‌നമാണെന്നും വികസന പ്രശ്‌നം ഒരു മുതലാളിത്ത വിമര്‍ശനമാണെന്നും സമഗ്രമായ പോര്‍മുഖമാണ് തുറക്കേണ്ടെതെന്നുമുള്ള ധാരണകളെ മുളയിലേ നുള്ളുന്ന പണിയാണ് ഈ സ്വത്വവാദം.

പറഞ്ഞുവന്നത് സ്വത്വം എന്ന ഒന്നില്ലെന്നും സ്വത്വസമരങ്ങള്‍ അപ്പാടെ തെറ്റാണെന്നുമല്ല. അങ്ങനെ വായനക്കാര്‍ ധരിച്ചുവെങ്കില്‍ അത് ഈ ലേഖനത്തിന്റെ മാത്രം പരാജയമല്ല; മറിച്ച് ഇന്ത്യന്‍ ഇടതുപക്ഷം സ്വത്വവാദത്തെ മനസ്സിലാക്കിയതിന്റെ പ്രശ്‌നമാണ്. അതാണ് നമ്മള്‍ തുടക്കത്തിലേ പറഞ്ഞ സ്വത്വത്തെ മനസ്സിലാക്കാതിരിക്കല്‍ എന്ന കാരണം. ഈ മനസ്സിലാകാതിരിക്കല്‍ നിര്‍ഭാഗ്യവശാല്‍ സി.പി.എമ്മിനെ നയിച്ചത് തെറ്റായ മനസ്സിലാക്കലിലേക്ക് കൂടിയാണ്. സ്വത്വവാദ പ്രചോദിതമായ മുന്നേറ്റങ്ങള്‍ക്ക് കിട്ടുന്ന ജന-മാധ്യമ പിന്തുണയില്‍ ഭയന്ന് സ്വത്വ സമരങ്ങളെ അതേപടി ഏറ്റെടുക്കുക എന്ന രാഷ്ട്രീയ ദുരന്തത്തിന് പല സന്ദര്‍ഭങ്ങളിലും സി.പി.എം കേരളത്തില്‍ വിധേയപ്പെട്ടിട്ടുണ്ട്. നവ സാമൂഹിക ചലനങ്ങളിലെ സ്വത്വവാദപരമായ കെണികളെ മനസ്സിലാക്കാതിരുന്നിട്ടുണ്ട്. കെ.ഇ.എന്‍ ഉള്‍പ്പെടെയുളള ഇടത് സാംസ്‌കാരിക ചിന്തകരില്‍ നിന്ന് ഇരകള്‍ എന്ന മാര്‍ക്‌സിസ്റ്റ് വിരുദ്ധ പദം പൊട്ടിപ്പുറപ്പെട്ടത് ഓര്‍ക്കുമല്ലോ? ഇര എന്ന ആശയം മാര്‍ക്‌സിസ്റ്റ് വിരുദ്ധം മാത്രമല്ല തൊഴിലാളി വിരുദ്ധവുമാണല്ലോ? കാരണം ഇര എന്ന പദം അതിന്റെ ഗര്‍ഭത്തില്‍ അപരത്തെ വഹിക്കുന്നുണ്ട്. സമൂഹ ഘടനയില്‍ അപരം എന്ന ഒന്ന് മാര്‍ക്‌സിയന്‍ പരിപ്രേക്ഷ്യമല്ലല്ലോ?
പൊതുരാഷ്ട്രീയം ദുര്‍ബലപ്പെട്ടപ്പോഴാണ് സ്വത്വരാഷ്ട്രീയം പിടിമുറുക്കിയതെന്ന ഒരു വാദമുണ്ട്. ഏറിയ അളവില്‍ ശരിയുമാണ് ആ വാദം. വടയമ്പാടിയിലെ വഴിപ്രശ്‌നം സമീപകാല ഉദാഹരണം. ഈ പൊതുരാഷ്ട്രീയത്തിലെ സമര സംഘടന എന്നത് ഇടതുപക്ഷമാണ് കേരളത്തില്‍. പ്രത്യേകിച്ച് സി.പി.എം. അതിനാല്‍ സി.പി.എം വിതച്ചതാണ് സാമ്രാജ്യത്വം കൊയ്യുന്നത് എന്നും പറയാം.

സ്വത്വവാദത്തെ പിന്നെ എങ്ങനെ സംബോധന ചെയ്യണമായിരുന്നു എന്ന ചോദ്യം പരിശോധിക്കാം. അതിനെ അവഗണിക്കുക എന്ന കുറ്റകരമായ രാഷ്ട്രീയമാണ് തുടക്കത്തില്‍ സി.പി.എം കൈക്കൊണ്ടത് എന്ന് മനസ്സിലായല്ലോ? സ്വത്വവാദത്തെ എതിര്‍ക്കാനും ആ വാദങ്ങളെ പൊതുവാദവുമായി സമീകരിക്കാനും സി.പി.എമ്മിന് കഴിയുമായിരുന്നു. അതിനുള്ള സൈദ്ധാന്തിക ഉപകരണങ്ങള്‍ മാര്‍ക്‌സില്‍ വേണ്ടുവോളമുണ്ടായിരുന്നു. സ്വത്വവാദം പ്രാഥമികമായി മാര്‍ക്‌സിസ്റ്റ് വിരുദ്ധമാണ് എന്ന തിരിച്ചറിവാണ് ആദ്യം വേണ്ടത്. ചെറിയ സ്വത്വവാദം, വലിയ സ്വത്വവാദം എന്നിങ്ങനെ ഇല്ലെന്നും സ്വത്വവാദം ഏതായിരുന്നാലും ഞങ്ങളുടെ അടിസ്ഥാന ദര്‍ശനത്തിന് എതിരാണ് എന്ന് പറയുകയാണ് സി.പി.എം ചെയ്യേണ്ടിയിരുന്നത്. പ്രച്ഛന്ന സ്വത്വവാദങ്ങളെ പിന്തുണച്ച് ആ അവസരം സി.പി.എം കളഞ്ഞുകുളിച്ചു. ആ അടിസ്ഥാന ദര്‍ശനം എന്താണെന്നോ? മനുഷ്യന്‍ സാമൂഹിക ബന്ധങ്ങളുടെ സമുച്ചയമാണെന്ന, നമ്മള്‍ ലേഖനാരംഭത്തില്‍ പറഞ്ഞ മാര്‍ക്‌സിയന്‍ പരികല്‍പനയാണ് ആ ഉപകരണം. സാമൂഹിക ബന്ധങ്ങള്‍ നിശ്ചലമല്ലല്ലോ? അത് കലങ്ങിയ, കലങ്ങുന്ന ഒന്നാണ്. അതുകൊണ്ടാണ് ഒറ്റയൊറ്റയായ, ചരിത്ര നിരപേക്ഷമായ അനുഭവം ഇല്ല എന്ന് പറയുന്നത്. സ്വത്വവാദം ഈ സിസ്റ്റത്തെ മാറ്റാനല്ല പണിയെടുക്കുന്നത്. വയല്‍ ഒന്നും നികത്തരുത് എന്നല്ല ഞങ്ങളുടെ വയല്‍ നികത്തരുത് എന്നാണ്, മനുഷ്യരെ ചൂഷണം ചെയ്യരുത് എന്നല്ല സ്ത്രീകളെ ചൂഷണം ചെയ്യരുത് എന്നാണ്, ലോകത്തെ ഒരു വഴിയും മതില്‍ കെട്ടി അടക്കരുത് എന്നല്ല ഞങ്ങളുടെ വഴി അടക്കരുത് എന്നാണ് മുദ്രാവാക്യം. ഇത് ഒരു പങ്കുപറ്റല്‍ മാത്രമാണ്. വ്യവസ്ഥയെ അപ്പാെട മാറ്റാനാണ് മാര്‍ക്‌സിസ്റ്റുകള്‍ പണിയെടുക്കേണ്ടത്. അതാണ് ഞങ്ങളുടെ പണി എന്ന് ഉറച്ച് പറഞ്ഞില്ല എന്നിടത്താണ് സ്വത്വവാദം പിടിമുറുക്കിയത്. അപരത്തെ സൃഷ്ടിച്ച് ശത്രുവാക്കലാണ് സ്വത്വവാദത്തിന്റെ അന്തിമ ഫലം എന്നതിനാല്‍ ഇന്ത്യന്‍ ഫാഷിസത്തിന് ഏറെപ്രിയങ്കരവുമാണ് സ്വത്വവാദം. ന്യൂനപക്ഷത്തെ അപരവല്‍കരിച്ച് ഒരു ഹിന്ദുസ്വത്വവാദം നിര്‍മിച്ചാണല്ലോ അവര്‍ രാജ്യം ഭരിക്കുന്നത്.

ആ പിടിമുറുക്കലില്‍ ശ്വാസംമുട്ടുകയാണ് ഇന്ന് ഇന്ത്യയിലെ സി.പി.എം. അതില്‍ നിന്ന് പുറത്ത് ചാടാന്‍ ദളിതര്‍ക്ക് പ്രത്യേക സംഘടന പോലുള്ള ദുര്‍ബല ശ്രമങ്ങളാണ് അവര്‍ നടത്തുന്നത്. മതത്തിനകത്തെ സ്വത്വവാദ രാഷ്ട്രീയത്തെ വിമര്‍ശന വിധേയമാക്കുന്നതിന് പകരം പൂര്‍ണമായ മതനിരാസം, ജാതിയിലെ സ്വത്വരാഷ്ട്രീയത്തെ വിമര്‍ശിക്കുന്നതിന് പകരം ജാതി എന്ന യാഥാര്‍ത്ഥ്യത്തെ അപ്പാടെ നിഷേധിക്കല്‍, സ്ത്രീയനുഭവങ്ങളെ പൊതുവല്‍കരിക്കുന്നതിന് പകരം സ്ത്രീരാഷ്ട്രീയത്തെ ഉപസംഘടനയാക്കല്‍ തുടങ്ങിയ ചരിത്രാബദ്ധങ്ങള്‍ നിരവധിയാണ് സി.പി.എം ചെയ്തുകൂട്ടിയത്. ഫലമോ, ജാതി എന്ന യാഥാര്‍ത്ഥ്യത്തെ മനസ്സിലാക്കാന്‍ കഴിയാതെ, അത് സ്വത്വരാഷ്ട്രീയമായി വളരുന്നത് തടയാന്‍ കഴിയാതെ, ആ സ്വത്വരാഷ്ട്രീയത്തെ വലതുപക്ഷം സ്വന്തമാക്കുന്നത് കണ്ട് നിന്ന്, ദുര്‍ബലങ്ങളായ അനേകം ഗ്രൂപ്പുകള്‍ മള്‍ട്ടി നാഷണല്‍ ഫണ്ടുകളുടെ പിന്‍ബലത്തില്‍ സ്വത്വരാഷ്ട്രീയം ഉറപ്പിക്കുന്നതിന് മുന്നില്‍ നിസ്സഹായരായി അവര്‍ കാലം കഴിച്ചു. മാര്‍ക്‌സിസത്തിന്റെ ഇന്ത്യന്‍ ചരിത്രം അങ്ങനെ സ്വത്വവാദത്തോട് തോറ്റതിന്റെ ചരിത്രമായി മാറി. അതുകൊണ്ടാണ് വടയമ്പാടി എന്ന ഭൂമി ശകലത്തില്‍ നിന്ന് പോലും പോലും മാര്‍ക്‌സിലേക്ക് വഴിയുണ്ടെന്ന് തുടക്കത്തില്‍ പറഞ്ഞത്.
കെ.കെ. ജോഷി

You must be logged in to post a comment Login