ശഹാദത്

പുല്ലമ്പാറ ശംസുദ്ദീന്‍

 

കൈകാലുകള്‍ വലിഞ്ഞു നിവര്‍ന്ന് ഉമ്മ നിശ്ചലമായി.
നശ്വരമായ ഈ ഭൂമിയെ ശേഷിക്കുന്നവര്‍ക്കായി ഒഴിച്ചിട്ട് ഒടുക്കത്തെ യാത്ര.
ഒരു യുഗം ഒടുങ്ങിയപോലെ.

           ഉമ്മ കിടപ്പിലായി. ലുഖ്മാന്‍ നന്നെ വിഷമിച്ച സമയമായിരുന്നു അത്. ലുഖ്മാന്‍ വലിയ ഒരാളാകണമെന്നാഗ്രഹിച്ച ഉമ്മയെപ്പറ്റി ആലോചിക്കുമ്പോഴൊക്കെ അവന്റെ കണ്ണുകള്‍ നിറഞ്ഞു. ശോകം തളം കെട്ടിയ ആ മുഖം കണ്ടപ്പോള്‍ അവന്റെ ഗുരുവിനും വേദനിച്ചു. അദ്ദേഹം പറഞ്ഞു : “ലുഖ്മാന്‍, നീ ഉമ്മയുടെ അടുത്ത് ചെല്ല്. അവര്‍ക്കിപ്പോള്‍ നിന്റെ നോട്ടം ആവശ്യമാണ്.”

ആവശ്യമായ മരുന്നുകള്‍ കരുതിയാണ് അവന്‍ വീട്ടില്‍ പോയത്. വീട്ടിലെത്തിയപാടെ അതിന്റെ ആദ്യമാത്ര ഉമ്മയുടെ വായില്‍ വച്ചുകൊടുത്തു. മരുന്നു രുചിച്ച് ഉമ്മ ഒന്നു ചിരിച്ചു.

“ഇന്‍ശാ അല്ലാഹ്, അല്ലാഹു സുഖപ്പെടുത്തും.”
മകന്‍ ഉമ്മയെ ആശ്വസിപ്പിച്ചു.

അപ്പോഴും അവരൊന്ന് ചിരിച്ചു. എന്നിട്ടവര്‍ മകനെ നന്നായൊന്ന് നോക്കി. യൌവ്വനത്തിലെത്തി നില്‍ക്കുകയാണ് പുന്നാരമോന്‍. അറിഞ്ഞിടത്തോളം സൂക്ഷ്മതയോടെയാണ് അവന്റെ പഠനം. താന്‍ വിചാരിച്ചതിലപ്പുറം അവന്‍ ഉയര്‍ന്നു കഴിഞ്ഞു. മകന്റെ തലോടല്‍ കാത്തു നില്‍ക്കുകയായിരുന്നു അവര്‍. സന്തോഷം കിനിയുകയാണ് ഉള്ളില്‍. ഒരു നിമിഷം, അവരുടെ ആലോചനകള്‍ പരലോകത്തേക്ക് നീണ്ടു.
ന• തി•കളുടെ ത്രാസ് പാപഭാരംകൊണ്ട് താണു പോയാല്‍’.

വിചാരണയില്‍ പരാജയപ്പെട്ടാല്‍,
സ്വിറുത്തുപാലത്തില്‍ അടിതെറ്റിയാല്‍,
ചങ്ങലക്കിട്ട് നരകത്തിലേക്കു വലച്ചിഴച്ചാല്‍,
“മോനേ ലുഖ്മാന്‍…”
ആ ശബ്ദം ചിതറി പുറത്തു വന്നു. മഹ്ശറയിലെ ഭീകരതകളെക്കുറിച്ച് ഓര്‍ക്കുകയായിരുന്നു അവര്‍.
“എന്താ ഉമ്മാ?”
“നീ എന്നെ രക്ഷപ്പെടുത്ത്വോ?”
അവര്‍ ദൈന്യമായി ചോദിച്ചു
പെട്ടെന്നവര്‍ ഒരു ഞെട്ടലോടെ കണ്‍തുറന്ന് ചുറ്റും നോക്കി. ഭീതി അവരുടെ മുഖത്ത് പടര്‍ന്നു കയറുന്നത് ലുഖ്മാന്‍ കണ്ടു.

അവന് ഒന്നും മനസ്സിലായില്ല. തന്റെ മരുന്ന് ഫലിച്ചില്ലേ?
ഉമ്മയുടെ ചോദ്യം ലുഖ്മാനെ വല്ലാതെയാക്കി.
“എന്താണുമ്മാ? അസുഖം കുറയുന്നില്ലേ?” ഉമ്മയെ തലോടിക്കൊണ്ട് അവന്‍ ചോദിച്ചു.
അവര്‍ അവനെ തുറിച്ചു നോക്കി. എന്നിട്ട് മെല്ലെ തലയനക്കിക്കൊണ്ടു പറഞ്ഞു :
“ഇല്ല മോനേ.”

ലുഖ്മാന്റെ മനസ്സ് പ്രക്ഷുബ്ധമായി. നല്ല ഫലസിദ്ധിയുള്ള മരുന്നാണ് നല്‍കിയത്, എന്നിട്ടും!
അധികം ആലോചിച്ചു നിന്നില്ല. വേഗം ഗുരുവിനെ കാണണം.
“എന്താ ലുഖ്മാന്‍?”
ചെന്നപാടെ ഗുരു ചോദിച്ചു.
“ഗുരോ, ഞാന്‍ നല്‍കിയ മരുന്നുകള്‍ക്കൊന്നും ഫലം കാണുന്നില്ല.”
ലുഖ്മാന്‍ വേവലാതിയോടെ പറഞ്ഞു.
ഗുരു ഒന്നു ചിരിച്ചു. പിന്നെ ചോദിച്ചു:
“നീ എന്റെ പ്രധാന ശിഷ്യനാണെന്ന കാര്യം പോലും മറന്നോ?”
“ഇല്ല ഗുരോ.”
“നമുക്ക് മരുന്നു നല്‍കാനല്ലേ കഴിയൂ. ഫലം നല്‍കേണ്ടതാരാ?”
“റബ്ബ്”.
“അപ്പോള്‍ മരുന്നിന്റെ ഗുണഫലം തടഞ്ഞു എന്നല്ലേ അതിനര്‍ത്ഥം.”

“ഇനി നിന്റെ കടപ്പാടുകളാണ് ബാക്കിയുള്ളത്. നീ അവരുടെ അടുത്തു തന്നെയുണ്ടാവണം. നിന്റെ പതര്‍ച്ചയല്ല, കരുത്താണ് അവര്‍ക്കു സന്തോഷം നല്‍കുക.”

ഞെട്ടിപ്പോയി. പിന്നെ ഓടുകയായിരുന്നു. വീട്ടിലെത്തിയ പാടെ ഉമ്മയുടെ അടുത്ത് ചെന്നിരുന്ന് ആ മുഖം മതിവരുവോളം കണ്ടു. അവന്‍ ഉമ്മയെ തലോടിക്കൊണ്ടിരുന്നു.

“എങ്ങനെയുണ്ടുമ്മാ?”
“നല്ല സുഖമുണ്ട് മോനേ… നീ ഇവിടെ തന്നെയുണ്ടല്ലോ. അതില്‍പരം എന്തു സുഖം?”
“ഈ മോനെ ഉമ്മ പൊരുത്തപ്പെട്ട്വോ?” അവന്‍ കരയാനായിരുന്നു.
“ന്റെ മോനോടും മോന്റെ ഉപ്പയോടും എനിക്കെപ്പോഴും പൊരുത്താ. ന്റെ പൊന്നുമോന്‍ വേണം ഞങ്ങളെ കൈ പിടിച്ചു കൊണ്ടു പോകാന്‍. ഞങ്ങളെ തണല്‍ നീയാ മോനേ.”

കണ്ണുകള്‍ നനഞ്ഞു. കേട്ടു നിന്ന ബാദൂറിന്റെ കണ്ണുകളും ഒലിച്ചു. ലുഖ്മാന്‍ മനസ്സ് കൊണ്ട് അവര്‍ക്കായി റബ്ബിനോട് കെഞ്ചി.

പെട്ടന്നായിരുന്നു, ഉമ്മയുടെ മുഖം വിടര്‍ന്നു. പുഞ്ചിരി ഓടിയെത്തി. ആ മുഖത്ത് എന്തെന്നില്ലാത്ത വെളിച്ചം. ആ ചുണ്ടുകളില്‍ ശഹാദത് വിരിഞ്ഞു: “അശ്ഹദു… ബാദൂറും മകനും അവരെ സൂക്ഷിച്ചു നോക്കി. ഇത്ര പെട്ടെന്ന് ആ കണ്ണുകളടയുമെന്ന് അവര്‍ പ്രതീക്ഷിച്ചതേയില്ല. കൈകാലുകള്‍ വലിഞ്ഞു നിവര്‍ന്ന് ഉമ്മ നിശ്ചലമായി.

നശ്വരമായ ഈ ഭൂമിയെ ശേഷിക്കുന്നവര്‍ക്കായി ഒഴിച്ചിട്ട് ഒടുക്കത്തെ യാത്ര. ഒരു യുഗം ഒടുങ്ങിയപോലെ. എല്ലാം നേരില്‍ കാണുകയായിരുന്നു ലുഖ്മാന്‍.
അവന്‍ കരഞ്ഞില്ല. മാറത്തടിച്ചു വിലപിച്ചില്ല. ആദരപൂര്‍വം ആ മകന്‍ ‘ഇന്നാലില്ലാഹി’ ചൊല്ലി.
ആറടി മണ്ണില്‍ അന്ത്യവിശ്രമത്തിനായി അവരെ ഒരുക്കുമ്പോള്‍ കണ്ണീരിന്റെ പളുങ്കുമുത്തുകള്‍ തുരുതുരാ നിലത്തു വീണുടഞ്ഞു. ഉമ്മയുടെ സൌഖ്യത്തിനായി ആ നെഞ്ച് നിലവിളിച്ചു. ചുണ്ടുകള്‍ വിറച്ചു. അപ്പോഴും അവന്റെ മുഖം കരുത്തറിയിച്ചു നിന്നു.

പക്ഷേ, ബാദൂര്‍. അദ്ദേഹത്തിന്റെ ദുഃഖം അണപൊട്ടിയൊഴുകി. തന്റെ പാതിയും പോയെന്ന് ബാദൂറിന്ന് തോന്നി. ബാദൂര്‍ ദിനേനെ തളര്‍ന്നു. ക്രമേണ എഴുന്നേല്‍ക്കാനാവാതായി.

ഈ ലോകത്തെ തന്നെ ബാദൂര്‍ വെറുത്തു. ഇപ്പോള്‍ അല്ലാഹു എന്ന ചിന്ത മാത്രം. ലുഖ്മാന് ഗുരുസന്നിധിയിലേക്കു മടങ്ങിപ്പോകാന്‍ കഴിഞ്ഞില്ല. രാപകലുകള്‍ പിതാവിനെ ശുശ്രൂഷിക്കാനും പരിചരിക്കാനും വേണ്ടി ചെലവഴിക്കേണ്ടി വന്നു.

ഒരു ദിവസം സന്ധ്യാ നേരം. പതിവില്ലാതെ അല്‍പം പാലുകുടിക്കണമെന്ന് ബാപ്പ പൂതി പറഞ്ഞു. കേട്ട ഉടന്‍ ലുഖ്മാന്‍ പാത്രവുമെടുത്ത് ആടിന്റെ അടുത്തേക്കു പോയി. ഒരു കോപ്പ പാലുകറന്ന് തിരികെ വന്നു. നോക്കുമ്പോള്‍ ബാപ്പ കൂര്‍ക്കം വലിച്ചുറങ്ങുന്നു. ലുഖ്മാന്‍ കരഞ്ഞുപോയി. ഉറങ്ങും മുമ്പ് മടങ്ങിയെത്താനായില്ലല്ലോ. ഈ കുറ്റപ്പെടുത്തലോടെ പാല്‍പാത്രവും കയ്യില്‍ വച്ച് ലുഖ്മാന്‍ അതേ നില്‍പു തന്നെ നിന്നു. കാല്‍ കഴയ്ക്കുകയും നീര്‍കെട്ടി വേദനിക്കുകയും ചെയ്തു.

കിഴക്കന്‍ ചക്രവാളത്തില്‍ പുത്തനുഷസ്സിന്റെ ശോണിമ പടരുവോളം ബാദൂര്‍ ഉറങ്ങി. കണ്‍തുറന്നപ്പോള്‍ ലുഖ്മാന്‍ മുന്നില്‍!
“എന്താ വേണ്ടേ?”
“ബാപ്പ പാല്‍വേണമെന്നു പറഞ്ഞു.”
“പറഞ്ഞു. ഞാനുറങ്ങിപ്പോയി. നീ അതും പിടിച്ചു നില്‍ക്കുകയായിരുന്നോ?”
“അതെ.”
മകന്റെ മുഖത്തു നോക്കി ബാപ്പ നിശ്ശബ്ദം കിടന്നു. കണ്ണീര്‍ പുറത്തേക്കൊഴുകാന്‍ തുടങ്ങി.
“എന്താ ബാപ്പാ?”
“നീ ആ പാല്‍ ഇങ്ങു താ.”

ലുഖ്മാന്‍ ബാപ്പയുടെ വായിലേക്ക് പാല്‍ കുറേശ്ശെ ഒഴിച്ചു കൊടുത്തു; അപ്പോള്‍ കറന്നെടുത്തപോലെ ചൂടുള്ള പാല്‍. കുടിച്ചു തീര്‍ന്നതും ബാപ്പ കണ്ണീരോടെ പ്രാര്‍ത്ഥിച്ചു:

“റബ്ബേ, നീ എനിക്ക് മകന്റെ സ്നേഹം തന്ന് തൃപ്തിപ്പെടുത്തി. നീ തൃപ്തിപ്പെട്ടുവെങ്കില്‍ ഇനി എന്റെ മകനെ ബുദ്ധിമുട്ടിക്കരുത്. എന്നെ വേഗം തിരിച്ചു വിളിക്കണം. അവനെ എല്ലാ നിലയിലും അനുഗ്രഹിക്കുകയും വേണം.”
“ഉപ്പാ, എനിക്കെന്ത് ബുദ്ധിമുട്ടാണ്?”
ലുഖ്മാന്‍ ഞെട്ടലോടെ ചോദിച്ചു.

“നീ എന്റെ അടുത്തു തന്നെ ചുരുങ്ങിക്കൂടേണ്ടവനല്ല മോനേ, മതി. എനിക്കീ ജീവിതം മതി. പോകാനായി.”
ആ വാക്കുകളും പുലര്‍ന്നു.

ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കാഹളം കാതോര്‍ത്ത് മണ്‍മാളത്തിനുള്ളില്‍ ബാദൂറും കാതോര്‍ത്തിരിക്കുകയാണിപ്പോള്‍.
(തുടരും.)

You must be logged in to post a comment Login