മുന്തിരിത്തോപ്പിലെ പ്രവാചകന്‍

മുന്തിരിത്തോപ്പിലെ പ്രവാചകന്‍

ത്വാഇഫില്‍ പ്രവാചകന്റെ പ്രബോധന യാത്രകളെ സംബന്ധിച്ച് വ്യത്യസ്ത അഭിപ്രായങ്ങള്‍ പണ്ഡിതര്‍ക്കിടയിലുണ്ട്. മക്കയിലെ പ്രബോധനത്തിന്റെ പ്രഥമ കാലഘട്ടത്തിലാണെന്നും, അതല്ല മക്ക ജീവിതത്തിലെ അവസാന കാലത്താണെന്നും. മക്കത്ത് വലിയ ഉപരോധങ്ങള്‍ നേരിട്ടിരുന്നു പ്രവാചകന്‍. താത്വികമായി ചെറുക്കാന്‍ സാധിക്കാത്തതുകൊണ്ട് അദ്ദേഹത്തെക്കണ്ടാല്‍ ആളുകള്‍ മാറിപ്പോവും. മക്കയുടെ പുറത്തേക്ക് പ്രബോധനം അനിവാര്യമാണെന്ന് പ്രവാചകന് ബോധ്യപ്പെട്ടുതുടങ്ങി. മക്കത്തെ പ്രബോധനത്തിന്റെ സാധ്യത മിക്കവാറും പൂര്‍ത്തീകരിക്കപ്പെടുകയും ചെയ്തു.

ത്വാഇഫിലേക്കുള്ള യാത്ര അവിടെമാത്രം ലക്ഷ്യംവെച്ചുകൊണ്ടുള്ളതായിരുന്നില്ല. വഴിയാത്രയില്‍ പല ഗോത്രവര്‍ഗക്കാരെയും പ്രവാചകന്‍ കാണുന്നുണ്ട്. ഇസ്‌ലാമിന്റെ സന്ദേശം കൈമാറുന്നുണ്ട്. പതിയെയായിരുന്നു ആ യാത്ര. ഒരാഴ്ച വേണ്ടിവന്നു ത്വാഇഫിലെത്താന്‍. കൂടെയുള്ളത് സൈദുബ്‌നുഹാരിസ്.

ത്വാഇഫിലെ ജനങ്ങള്‍ക്ക് അത്രക്ക് മൂല്യബോധമൊന്നുമില്ലായിരുന്നു. കാര്‍ഷിക മേഖലയില്‍ കൃഷി മാത്രമായിരുന്നില്ല സാമ്പത്തിക ഘടനയെ നിയന്ത്രിച്ചത്. പലിശ നിത്യജീവിതത്തിന്റെ ഭാഗമായിരുന്നു. പലിശ പ്രചരിക്കുന്ന സ്ഥലത്ത് ഗുണ്ടായിസമുണ്ടാകും. ധാര്‍മികത മെലിയുകയും മസില്‍ തടിക്കുകയും ചെയ്യും. അത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ധാരാളമുണ്ടായിരുന്നു അവിടെ.
സഖീഫ് ഗോത്രങ്ങളെ അഭിസംബോധന ചെയ്യാനാണ് പ്രവാചകന്‍ ആദ്യം തീരുമാനിച്ചത്. ആ ഗോത്രങ്ങള്‍ക്ക് മൂന്ന് ഗോത്രമുഖ്യന്മാരുണ്ടായിരുന്നു. അബ്ദുയാലൈന്‍, മസ്ഊദ്, ഹബീബ്. ഇവര്‍ സഹോദരരായിരുന്നു. ഇവരിലൊരാളുടെ വീട്ടില്‍ ഒരു ഖുറൈശി സ്ത്രീ ഉണ്ടെന്ന അറിവ് പ്രവാചകന് ആത്മവിശ്വാസം പകര്‍ന്നു. മക്കത്തുകാരനെന്ന നിലയില്‍ പരിഗണന കിട്ടുമെന്ന് പ്രവാചകന്‍ പ്രതീക്ഷിച്ചത് സ്വാഭാവികം. വലിയ സന്നാഹങ്ങളൊന്നും പ്രവാചകനില്ലായിരുന്നു. ഏകദൈവത്തിലധിഷ്ഠിതമായ വിശ്വാസത്തിലേക്ക് ശാന്തമായി ക്ഷണിക്കുക മാത്രമാണ് പ്രവാചകന്‍ ചെയ്തത്.

എന്നാല്‍ അവര്‍ പ്രവാചകന്റെ വാക്കുകള്‍ സ്വീകരിച്ചില്ല. അവര്‍ പ്രവാചകനെ പരിഹസിക്കുകയും പ്രവാചകനോട് പ്രകോപിതരാവുകയും ചെയ്തു. പ്രവാചകനെ ഓടിച്ചുവിടാനാണ് അവര്‍ തീരുമാനിച്ചത്. അതിനു നിയോഗിച്ചതോ ചന്തയിലലയുന്ന സ്ത്രീകളെയും തെരുവു പിള്ളേരെയും. അവരുടെ എണ്ണം പെരുകിയപ്പോള്‍ പ്രവാചകന് അവരെ നേരിടാന്‍ വയ്യാതായി. നടക്കാന്‍ പറ്റാനാവാത്ത വിധം മുട്ടുകാലിന് താഴേയ്ക്ക് കല്ലെറിഞ്ഞു. ഒരിടത്തിരുന്നാല്‍ വീണ്ടും പിടിച്ചെഴുന്നേല്‍പ്പിച്ച് കല്ലെറിയും. ചോര ധാരധാരയായി ഒഴുകി. നഗരത്തിനുപുറത്തേക്ക് പ്രവാചകനെ തോളിലേറ്റി കൊണ്ടുപോയി സൈദ്. ഒരു തോട്ടത്തിലേക്കാണ് പ്രവാചകനെ കൊണ്ടുപോയത്. പലതരം പഴങ്ങള്‍ വിളയുന്ന തോട്ടമായിരുന്നു അത്. മുന്തിരി ധാരാളമായി ഉണ്ടായിരുന്നു. ഉത്ബയും ശൈബയുമായിരുന്നു തോട്ടത്തിന്റെ ഉടമകള്‍. അവരുടെ പിതാവിന്റെ പേര് റബീഅ. ദൈവത്തോട് പ്രാര്‍ത്ഥിക്കുകയല്ലാതെ മറ്റൊരു പോംവഴിയും പ്രവാചകന്റെ മുമ്പിലില്ലായിരുന്നു. നഈം സ്വിദ്ദീഖി എന്ന പ്രമുഖ ഉര്‍ദു സാഹിത്യകാരന്റെ ഗ്രന്ഥത്തില്‍ പ്രവാചകന്റെ പ്രാര്‍ത്ഥന ചേര്‍ത്തിരിക്കുന്നു: ‘അല്ലാഹുവേ, എന്റെ എല്ലാ സങ്കടങ്ങളും ഞാന്‍ നിന്നോട് ബോധിപ്പിക്കുന്നു. നീ ഏറ്റവും കാരുണ്യം ചൊരിയുന്നവനാണല്ലോ. ആരുമില്ലാത്തവരുടെ സംരക്ഷകന്‍ നീയാണ്. നീ തന്നെയാണ് എന്റെ ഉടമയും. ഒടുവില്‍ ആര്‍ക്കാണ് നീ എന്നെ ഏല്‍പിച്ചുകൊടുക്കാന്‍ പോകുന്നത്? ഈ എതിരാളികള്‍ക്കോ. എന്റെ മേല്‍ നിന്റെ കോപമില്ലെങ്കില്‍ എനിക്കൊരു പ്രശ്‌നവുമില്ല. നീ നല്‍കുന്ന സൗഖ്യമാണ് എന്റെ ശക്തി. നിന്റെ കോപത്തില്‍നിന്നും നിന്റെ ശിക്ഷയില്‍നിന്നും ഞാന്‍ നിന്നോട് രക്ഷതേടുന്നു. നിന്റെ തൃപ്തിയും സന്തോഷവുമാണ് ഞാന്‍ തേടുന്നത്.’ ഇങ്ങനെ നീളുന്നു ആ പ്രാര്‍ത്ഥനാ വാക്കുകള്‍.

പ്രവാചകനെ വേട്ടയാടിയവര്‍ക്കെതിരെ ദൈവത്തോട് പ്രാര്‍ത്ഥിക്കണമെന്ന് പറഞ്ഞപ്പോള്‍ പ്രവാചകന്‍ പ്രതികരിച്ചതിങ്ങനെയാണ്;
‘ഞാനെങ്ങനെ അവര്‍ക്കെതിരെ പ്രാര്‍ത്ഥിക്കും? അവര്‍ അല്ലാഹുവില്‍ വിശ്വസിച്ചില്ലെങ്കിലും അവരുടെ തലമുറയില്‍ ആരെങ്കിലും ഏകദൈവത്തെ ആരാധിക്കുന്നവരുണ്ടാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു.’

പര്‍വതങ്ങളുടെ ഉത്തരവാദിത്വമുള്ള മാലാഖയും പ്രവാചകനൊപ്പമായിരുന്നു. പ്രവാചകന്‍ ആവശ്യപ്പെടുകയാണെങ്കില്‍ മലകളെക്കൊണ്ട് ഞെരുക്കി നഗരങ്ങളെ തകര്‍ക്കാന്‍ തയാറായിക്കൊണ്ട്. പക്ഷേ പ്രവാചകന്‍ അതിനും തയാറായില്ല. ശത്രുക്കളോടു പൊറുത്തുകൊടുക്കാനാണ് എന്നും പ്രവാചകന്‍ പ്രാര്‍ത്ഥിച്ചത്.
തോട്ടത്തിന്റെ ഉടമക്ക് പ്രവാചകനോട് കാരുണ്യം തോന്നി. മുന്തിരിക്കുലകള്‍ പഴുത്തുതുടങ്ങിയകാലമാണത്. അദ്ദേഹം തന്റെ ക്രിസ്ത്യന്‍ അടിമയെ വിളിച്ച് ഒരു കിണ്ണം നിറയെ മുന്തിരിപ്പഴമെടുത്ത് പ്രവാചകന് കൊടുത്തയച്ചു. അവന്റെ പേര് അദ്ദാസ് എന്നായിരുന്നു. പ്രവാചകനത് ഭുജിക്കാന്‍ തുടങ്ങും മുമ്പ് ബിസ്മില്ല പറഞ്ഞത് അദ്ദാസിന് കൗതുകകരമായി തോന്നി. അവനക്കാര്യം പ്രവാചകനോട് പറഞ്ഞു. അദ്ദാസിന്റെ നാടും വീടും ഏതാണെന്ന് പ്രവാചകന്‍ ചോദിച്ചറഞ്ഞു. നിനവെക്കാരനായ ക്രിസ്ത്യാനിയാണ് താനെന്നവന്‍ പറഞ്ഞു. നിനവെക്കാരനായ യൂനുസ് ബിന്‍ മത്തായെക്കുറിച്ച് പ്രവാചകന്‍ അദ്ദാസിനോട് പറഞ്ഞു. പൂര്‍വ പ്രവാചകരോടുള്ള മുഹമ്മദിന്റെ ആദരവാണ് ഇത് വ്യക്തമാക്കുന്നത്. അദ്ദാസ് പ്രവാചകനില്‍ ആകൃഷ്ടനാവുകയും ഇസ്‌ലാം മതം സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.
അദ്ദാസിന്റെ ഓര്‍മക്കായി ഇന്ന് അവിടെയുള്ളത് ഒരു പള്ളിയാണ്. പ്രവാചകനെക്കുറിച്ചുള്ള ഓര്‍മകളുമായി ത്വാഇഫില്‍ ചുറ്റി നടക്കുക രസകരമാണ്. പുരാതനമായ അവശിഷ്ടങ്ങള്‍ ധാരാളമുണ്ട് ത്വാഇഫില്‍. ചന്ത നടന്നിരുന്ന സ്ഥലത്ത് മതിലുകളുടെ അവശിഷ്ടങ്ങളുണ്ട്. മിക്കവാറും ഇടിഞ്ഞുപോയിട്ടുണ്ടെങ്കിലും ബാക്കിയുള്ള ചുമരുകളെവെച്ച് പുരാതന ചന്തസ്ഥലം ഭാവന ചെയ്യാം.

പുരാതന ത്വാഇഫ് പട്ടണത്തിന് പൂര്‍ണമായും ചുറ്റുമതിലും കവാടവുമൊക്കെ ഉണ്ടായിരുന്നു. അറേബ്യയിലെ ബഹുദൈവവിശ്വാസികളുടെ അവസാന പ്രതിരോധവും ഇവിടെയായിരുന്നു. പിന്നീട് അവരെല്ലാം വിഗ്രഹങ്ങള്‍ ഉടച്ചുകളഞ്ഞ് സത്യവിശ്വാസത്തിലേക്ക് സ്വയം തന്നെ കടന്നുചെല്ലുകയായിരുന്നു. അതിനുമുമ്പ് അവര്‍ നഗരത്തിലെ കൊട്ടയിലേക്ക് പിന്‍വാങ്ങി. ഹുനൈന്‍ യുദ്ധത്തിലെ പരാജയത്തിന് ശേഷമാണ് താഖിഫ് ഗോത്രവാസികള്‍ അവരുടെ ദേശത്തേക്ക് പിന്‍വാങ്ങി പ്രതിരോധിച്ചത്.

അക്കാലത്തെ പ്രതിരോധ രീതിയെക്കുറിച്ചും യുദ്ധ തന്ത്രങ്ങളെക്കുറിച്ചും സായുധ സന്നാഹങ്ങളെക്കുറിച്ചും ഒത്തിരി അറിവുകള്‍ ത്വാഇഫ് യുദ്ധം നല്‍കുന്നു. ത്വാഇഫുകാരും പ്രതിരോധതന്ത്രത്തില്‍ പിന്നിലായിരുന്നില്ല. ഉരുക്കിയ ലോഹവും ചുട്ടുപഴുപ്പിച്ച ലോഹവും അവര്‍ പ്രവാചക സൈന്യത്തിനുനേരെ എറിഞ്ഞു. പ്രവാചകസൈന്യത്തിലെ മിടുക്കനായ സല്‍മാനുല്‍ഫാരിസി കോട്ടക്കകത്തേക്ക് കല്ലുകള്‍ തൊടുത്തുവിടാനുള്ള വിദ്യ പ്രയോഗിച്ചു. കോട്ടക്കുള്ളിലെ അടിമകള്‍ സത്യവിശ്വാസം സ്വീകരിച്ച് പുറത്തേക്കുവന്നാല്‍ അവരെ സ്വതന്ത്രരാക്കാമെന്ന് പ്രവാചകന്‍ കല്‍പിച്ചു. ഇരുപതോളം അടിമകള്‍ അതുകേട്ട് കോട്ടക്കു പുറത്തേക്ക് വന്നു. അവരെയെല്ലാം പ്രവാചകന്‍ സ്വതന്ത്രരാക്കി. പിന്നീട് ഇസ്‌ലാം സ്വീകരിച്ച ശേഷം ആ ഗോത്രവര്‍ഗം ആ അടിമകളെ തിരിച്ചുനല്‍കാന്‍ പ്രവാചകനോട് അഭ്യര്‍ത്ഥിക്കുന്നുണ്ട്. പക്ഷേ അത് സാധ്യമല്ലെന്നു പറഞ്ഞു. വിമോചിപ്പിച്ചവരൊന്നും അടിമകളല്ലല്ലോ. പിന്നീടെങ്ങനെ അടിമകളായി അവരെ തിരിച്ചുകൊടുക്കും.
അടിമകളോട് പ്രവാചകനെന്നും കാരുണ്യം കാണിച്ചു. അടിമത്തത്തെ പ്രവാചകന്‍ അംഗീകരിച്ചില്ല. ഖദീജയുമായുള്ള വിവാഹ ദിവസം തന്നെ പാരമ്പര്യമായി കൈവന്ന ബറഖ എന്ന അടിമയെ മോചിപ്പിച്ചു. ഖദീജ പ്രത്യേക സമ്മാനമായി മുഹമ്മദിനു നല്‍കിയത് സെയ്ദ് എന്ന അടിമയെയാണ്. ഖദീജയുടെ ബന്ധുവായ ഹാകിം ഉക്കാള് ചന്തയില്‍നിന്ന് വാങ്ങി ഖദീജക്ക് സമ്മാനിച്ചതായിരുന്നു സയ്ദിനെ. പ്രവാചകനാവട്ടെ സയ്ദിനെ പുത്രനെപ്പോലെ സ്‌നേഹിച്ചു. തനിക്ക് പിതാവിന്റെയും മാതാവിന്റെയും സ്‌നേഹം മുഹമ്മദ് പകര്‍ന്നുനല്‍കിയെന്ന് സയ്ദ് തന്നെ പറഞ്ഞിട്ടുണ്ടല്ലോ.

ത്വാഇഫിലെ യുദ്ധമുഖത്തുനിന്നാണ് ജുദാമയെന്ന വളര്‍ത്തുപെങ്ങളെ വീണ്ടും കാണുന്നത്. ബാല്യകാലത്തിനുശേഷം 50 വര്‍ഷം കഴിഞ്ഞുള്ള സമാഗമം. തമ്പില്‍നിന്ന് ബദവികളെ പിടിച്ചുകൊണ്ടുവന്ന കൂട്ടത്തിലായിരുന്നു ജുദാമയും. പക്ഷേ അവര്‍ മുഹമ്മദിനെ കാണണമെന്ന് വാശിപിടിച്ചു. സൈന്യത്തിലുള്ളവര്‍ ജുദാമയെ പ്രവാചകനു മുമ്പിലെത്തിച്ചു. ഞാന്‍ നിന്റെ പോറ്റുപെങ്ങളാണെന്ന് ജുദാമ പറഞ്ഞു. അതിന് തെളിവുണ്ടോ എന്നായിരുന്നു പ്രവാചകന്റെ ചോദ്യം. അവര്‍ കാണിച്ചുകൊടുത്തത് കൈത്തണ്ടയിലെ മുറിപ്പാടായിരുന്നു. സിര്‍ഹാര്‍ വാദിയിലൂടെ മുഹമ്മദിനെയുമെടുത്ത് ആട്ടിടയന്മാരെ കാണാന്‍ പോകുമ്പോള്‍ മുഹമ്മദ് കടിച്ച പാടായിരുന്നു അത്. പൊടുന്നനെ പ്രവാചകന്‍ തരളിതനാവുകയാണ്. യുദ്ധങ്ങളെ മറന്ന് കുഞ്ഞുനാളിലേക്ക് മനസ്സുകൊണ്ട് മടങ്ങുകയാണ്. തന്റെ മേല്‍വസ്ത്രം നിലത്തുവിരിച്ച് പെങ്ങളെ അതിലിരുത്തി. തന്റെ ബന്ധുക്കളെക്കുറിച്ചും താഴ്‌വരയിലെ ജീവിതത്തെക്കുറിച്ചും സംസാരിച്ചു. തന്റെ കൂടെ വരുന്നോ എന്ന് ചോദിച്ചു. പക്ഷേ ജുദാമക്ക് തന്റെ ഗോത്രത്തിലേക്ക് മടങ്ങാനായിരുന്നു താല്‍പര്യം. യാത്ര പറയുമ്പോള്‍ ഒരുപാട് സമ്മാനങ്ങള്‍ പെങ്ങള്‍ക്ക് നല്‍കി.
ത്വാഇഫ് കേവലമൊരു മലമ്പ്രദേശമല്ല. പ്രവാചക സ്മൃതികളുടെ പെരുക്കമാണ്.

പി സുരേന്ദ്രന്‍

You must be logged in to post a comment Login