സ്ത്രീ ; സുരക്ഷ,വേഷം,മതം,സ്വാതന്ത്ര്യം

സ്ത്രീ ; സുരക്ഷ,വേഷം,മതം,സ്വാതന്ത്ര്യം

എത്രനാള്‍ അവര്‍ നമ്മെ പുറത്തുനിര്‍ത്തും

ഉമ്മി പറയാറുണ്ട്, നന്നേ ചെറുപ്പത്തില്‍ തന്നെ തലയില്‍ തട്ടമിടാന്‍ എനിക്ക് വലിയ പ്രിയമായിരുന്നെന്ന്. ഉമ്മിയുടെ തട്ടം വലിച്ചെടുത്ത് ഞാനെന്റെ തലയില്‍ ചൂടും. കിട്ടുന്ന ദുപ്പട്ടകള്‍ കൊണ്ടൊക്കെ എന്റെ പാവകള്‍ക്ക് തട്ടമിടീക്കുന്നതായിരുന്നു മറ്റൊരു ശീലം. അതിലൊന്നും ഒരു അസ്വാഭാവികതയുമില്ലായിരുന്നു താനും. കാരണം, ഓര്‍മ്മ ഉറക്കുന്ന കാലം മുതല്‍ക്ക് കണ്ട് ശീലിച്ചതാണ് തലമറക്കുന്ന ചിട്ട. ഉമ്മിയും മറ്റു മുതിര്‍ന്നവരുമൊക്കെ വളരെ ശ്രദ്ധയോടെയും സൂക്ഷ്മതയോടെയും കൈകാര്യം ചെയ്തിരുന്ന ആ ശീലം ചെറുപ്പം മുതല്‍ അനുകരിച്ചും വലുതായപ്പോള്‍ അനുസരിച്ചും മുതിര്‍ന്നപ്പോള്‍ ആസ്വദിച്ചും അനുശീലിക്കുന്നതാണ്. എന്റെ നാട്ടില്‍ എല്ലാവര്‍ക്കും ഹിജാബുണ്ടായിരുന്നു. അത് ഞങ്ങള്‍ക്കിടയില്‍ ഞങ്ങളുടെ സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും അടയാളമായി പാലിക്കപ്പെടുന്ന ഒന്നാണ്.

കാശ്മീര്‍ താഴ്‌വരയിലെ ഒരു വലിയ ഇസ്‌ലാമിക് സ്‌കൂളില്‍ ചേര്‍ന്നതോടെ ഹിജാബ് ധരിക്കുക എന്നത് കുഞ്ഞുനാള്‍ മുതല്‍ കാണുന്ന ശീലം, ഒരു സാംസ്‌കാരിക ചിഹ്നം എന്നതിനൊക്കെ അപ്പുറത്ത് ഒരുപാട് അര്‍ത്ഥങ്ങളോടെ എന്റെ ജീവിതത്തിന്റെ ഭാഗമായിത്തീര്‍ന്നു. മുസ്‌ലിംകള്‍ ഭൂരിപക്ഷമുള്ള ഒരിടത്ത് ഹിജാബ് ധരിക്കുന്നത് ഒരു വലിയ കാര്യമായി തോന്നുകയേയില്ല. ഹിജാബി മുസ്‌ലിം പെണ്‍കുട്ടിയുടെ ‘അരക്ഷിതാവസ്ഥ’ എന്നൊക്കെ പറഞ്ഞു കൊണ്ടുള്ള ഒരു ചര്‍ച്ചയും കാശ്മീരില്‍ നടക്കുന്നില്ല. അത്രയ്ക്കും പൊതുവായ ഒരു കാര്യമാണത്. കാശ്മീര്‍ സര്‍വകലാശാലയില്‍ നിന്ന് ജേര്‍ണലിസത്തില്‍ ബിരുദ പഠനം കഴിഞ്ഞ് പല മാധ്യമ സ്ഥാപനങ്ങളിലും ഇന്റേണ്‍ഷിപ്പ് എന്ന നിലക്ക് ഞാന്‍ ജോലി ചെയ്തിരുന്നു. അപ്പോഴൊന്നും എന്റെ വസ്ത്രധാരണ രീതിയില്‍ എനിക്ക് എന്തെങ്കിലും മാറ്റം വരുത്തേണ്ടതായോ വിട്ടുവീഴ്ച ചെയ്യേണ്ടതായോ വന്നില്ല.

എന്നാല്‍ ഡല്‍ഹിയിലെത്തിയതിന് ശേഷം ഹിജാബ് ധരിക്കുക എന്നത് ഒരു രാഷ്ട്രീയവും അതുപോലെ നമ്മുടെ സ്വത്വത്തിന്റെ ആത്മാഭിമാനം സ്ഫുരിപ്പിക്കുന്ന പ്രതീകവും കൂടിയാണ്. ഡല്‍ഹിയുടെ സംസ്‌കാരം കാശ്മീരിലെ പോലെയാവില്ലല്ലോ. ഇവിടം വളരെ ഉദാരമായ കാഴ്ചപ്പാടുകളാണ് ജീവിത ശൈലികളെ നിര്‍ണയിക്കുക. അത്യാധുനികത പ്രസരിപ്പിക്കുന്ന സാംസ്‌കാരികതയില്‍ ഹിജാബ് അടക്കമുള്ള ചിഹ്നങ്ങള്‍ അരോചകമാണെന്ന് വിലയിരുത്തപ്പെടുന്ന സാഹചര്യം ഉണ്ടെന്നാണ് തോന്നുന്നത്.

ഞാനും എന്റെ സുഹൃത്തും ഒരിക്കല്‍ ഇവിടെ ഒരു മാളില്‍ പോയി. മാളിന്റെ അകത്തുള്ള ഒരു സുരക്ഷാ പരിശോധനാ കവാടത്തില്‍ ഞങ്ങളെ അവര്‍ തടഞ്ഞു പരിശോധന നടത്തി. അല്‍പം മോഡേണായി വസ്ത്രം ധരിച്ച, ഹിജാബൊന്നുമില്ലാത്ത എന്റെ സുഹൃത്തിന്റെ ഊഴം ഒട്ടും അസ്വാഭാവികതകളില്ലാതെ കഴിഞ്ഞു. പക്ഷെ, എന്നെ അവര്‍ക്ക് കൂടുതല്‍ ശ്രദ്ധയോടെ പരിശോധിക്കണമായിരുന്നു. രണ്ടും മൂന്നും ആവൃത്തി ദേഹപരിശോധനയും ഡിറ്റക്ടര്‍ ചെക്കിങ്ങുമൊക്കെ നടത്തിയാണ് അവരെന്നെ വിട്ടയച്ചത്. എന്റെ ഹിജാബായിരിക്കാം അവരെ അതിന് പ്രേരിപ്പിച്ചത്. ഞങ്ങള്‍ കാശ്മീരികള്‍ക്ക് സുരക്ഷാ ക്രമീകരണങ്ങളും പരിശോധനകളുമൊന്നും പുത്തരിയല്ലാത്തതു കൊണ്ട് ഇത്തരം കാര്യങ്ങളൊക്കെ പ്രത്യേകിച്ചൊരു വികാരവുമില്ലാത്ത വിരസതകളാണ്. പക്ഷെ, വിവേചനം പ്രകടമാകുമ്പോള്‍ നമുക്കൊരു അസ്വസ്ഥതയാണ്. ‘നിനക്ക് ആ ‘മൈ നെയിം ഈസ് ഖാന്‍’ ഡയലോഗ് പറയാമായിരുന്നില്ലേ? ഞാനൊരു മുസ്‌ലിമാണ്. എന്നു കരുതി ഞാനൊരു തീവ്രവാദിയല്ലെന്ന്.’ എന്റെ സുഹൃത്ത് കളി പറഞ്ഞു. ഞങ്ങള്‍ ചിരിച്ചു.

പിന്നീടൊരിക്കല്‍ ഞാനും ഒരു സുഹൃത്തും പ്രമുഖ വാര്‍ത്താ ചാനലിന്റെ ആസ്ഥാനം സന്ദര്‍ശിച്ചു. സ്റ്റുഡിയോയും ന്യൂസ് റൂമുമൊക്കെ കണ്ടു കഴിഞ്ഞ് അവിടെയുള്ള ഒരു കറസ്‌പോണ്ടന്റുമായി സംസാരിക്കുകയുണ്ടായി. ഹിജാബ് ധരിച്ചു കൊണ്ട് നിങ്ങള്‍ക്കൊരിക്കലും ദൃശ്യ മാധ്യമ രംഗത്തെത്താനാകില്ലെന്ന് അവര്‍ പറഞ്ഞു. സത്യം പറഞ്ഞാല്‍ എനിക്കാകെ സങ്കടമായി. ഒരു പക്ഷെ, ഇത് ആ ചാനലിന്റെ രാഷ്ട്രീയം അങ്ങനെ ആയതിനാലാകാമെന്ന് ഞാന്‍ കണക്കുകൂട്ടി. എന്നാല്‍ ഈ അനുഭവത്തെപ്പറ്റി കാശ്മീരിലെ ഒരു ചാനല്‍ കറസ്‌പോണ്ടന്റായ എന്റെ ഒരു സുഹൃത്തിനോട് പറഞ്ഞു. ഹിജാബോടുകൂടി നീ ആഗ്രഹിക്കും പോലെ ദേശീയ തലത്തില്‍ ഈ രംഗത്ത് എത്തിച്ചേരാനാകില്ലെന്ന് അവളും പറഞ്ഞു. ദേശീയ മാധ്യമങ്ങള്‍ ഇപ്പോഴും തുടരുന്ന അവരുടെ കപട മതേതര മുഖമാണിത്.
പക്ഷെ, എനിക്കൊരു പ്രതീക്ഷയുണ്ട്. വലിയ തോതില്‍ ഒരാത്മവിശ്വാസമുണ്ട്. എന്റെ ആദര്‍ശവും വിശ്വാസവും മുറുകെപിടിച്ചു തന്നെ എനിക്കവിടെ എത്താനാകും. നമ്മുടെ കഴിവില്‍, സര്‍ഗാത്മകതയില്‍ നമുക്ക് വിശ്വാസമുണ്ടെങ്കില്‍ എത്രനാള്‍ അവര്‍ നമ്മെ പുറത്തുനിര്‍ത്തും?

വസ്ത്രം ഒരു വ്യക്തിയുടെ സ്വതന്ത്രമായ തിരഞ്ഞെടുപ്പാണെന്ന വസ്തുത ഡല്‍ഹിയില്‍ നിരാകരിക്കപ്പെടുന്നില്ലായിരിക്കാം. പക്ഷെ, മുസ്‌ലിം സ്ത്രീയുടെ ജീവിതവും വസ്ത്രവും ആ പൊതുബോധത്തിലേക്ക് ക്ഷണിക്കപ്പെടുകയില്ലെന്ന് മാത്രമല്ല, അനേകം അബദ്ധ മുന്‍ധാരണകളോടെയാണ് അവയെ സമീപിക്കുന്നുണ്ടാവുക. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റികള്‍ക്കകത്ത് ഹിജാബ് മൂലം എന്തെങ്കിലും വിവേചനമുണ്ടെന്ന് ഞാന്‍ പറയില്ല. എന്തായാലും ജാമിഅ മില്ലിയ പോലുള്ള ഒരു സര്‍വകലാശാലയില്‍ ഒരിക്കലും അത് നടക്കുകയുമില്ല. പക്ഷെ, ഇതൊരു അപരിഷ്‌കൃത സംസ്‌കൃതിയുടെ ഭാരമേറിയ അവശിഷ്ടമാണെന്ന ധാരണ പലര്‍ക്കുമുണ്ട് എന്നത് വസ്തുതയാണ്. ഹിജാബ് അടക്കമുള്ള മുസ്‌ലിം വേഷവിധാനങ്ങള്‍ ഇസ്‌ലാമിനകത്തെ സ്ത്രീയുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന കാര്യങ്ങളാണെന്ന പാശ്ചാത്യ പാഠങ്ങളാണ് അവരുത്പാദിപ്പിച്ച ആധുനികതക്കൊപ്പം ഇവിടെയും പലരും ഉറപ്പിച്ചു വെച്ചിരിക്കുന്നത്.

ഹിജാബ് ധരിക്കുന്നത് കുറച്ചിലായി കരുതുന്നവരുണ്ട്. ഹിജാബ് ധരിക്കുന്നതും ധരിക്കാത്തതും സമൂഹത്തിലെ വര്‍ഗ ക്രമീകരണങ്ങളുടെ മാനദണ്ഡമായി കണക്കാക്കുന്നവരുമുണ്ട്. ഹിജാബ് ധരിക്കുന്നത് പുരോഗമന ചിന്തക്ക് എതിരാണെന്ന് തുടങ്ങിയുള്ള ഇത്തരം മൗഢ്യബോധമുള്ളവരോട് എനിക്ക് സഹതാപമേ തോന്നിയിട്ടുള്ളൂ. എന്നുമാത്രമല്ല, ഹിജാബ് ഇതുവരെ ഒരു കുറച്ചിലായി എനിക്കനുഭവപ്പെട്ടിട്ടുമില്ല.

ഹിജാബ് ധരിക്കാതെയാണ് എന്നെ കാണാന്‍ കൂടുതല്‍ ചന്തമെന്ന് പറയുന്ന കൂട്ടുകാരുണ്ടെനിക്ക്. അവരുടെയും നമ്മുടെയും സൗന്ദര്യ സങ്കല്‍പങ്ങളും അതിനുള്ള മാനദണ്ഡങ്ങളും വ്യത്യസ്തമാണെന്നേ പറയേണ്ടൂ. ആത്മീയമായി ഹിജാബ് എനിക്ക് നല്‍കുന്ന സുരക്ഷിതത്വം ഒരുപക്ഷെ മറ്റാര്‍ക്കെങ്കിലും പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാന്‍ പറ്റാത്ത അനുഭവമായിരിക്കും. പക്ഷെ, അതെനിക്ക് നല്‍കുന്ന കരുത്തും ശുഭാപ്തി വിശ്വാസവും വളരെ വലുതാണ്.
യാസ്മീന്‍ ഖാന്‍, കശ്മീര്‍

(ഡല്‍ഹി ജാമിഅ മില്ലിയ ഇസ്‌ലാമിയ, എ.ജെ.കെ.എം.സി.ആര്‍.സിയില്‍ എം.എ മാസ് കമ്യൂണിക്കേഷന്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് യാസ്മീന്‍)

—————————————————————————————————————————————–

മഫ്തയിട്ടാല്‍ ചെവി കേള്‍ക്കുമോ?

വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. മദ്രസയിലേക്കുളള ആദ്യദിനം, പുത്തന്‍ വസ്ത്രങ്ങളണിയിച്ച്, മഫ്തയിട്ടു തരുന്ന ഉമ്മയോട് അഞ്ചുവയസുകാരിയായ ഞാന്‍ ചോദിച്ച നിഷ്‌കളങ്കമായൊരു ചോദ്യം ഓര്‍മ്മയുണ്ട്: ‘മഫ്തയിട്ടാല്‍ പിന്നെ എനിക്ക് എന്തെങ്കിലും കേള്‍ക്കാന്‍ പറ്റോ ? ഇതിട്ടാല്‍ ചെവിയൊക്കെ വേദനിക്കില്ലേ..?’
ഒരു മറുചോദ്യം കൊണ്ടാണ് അന്നെന്റെ ആശങ്ക ഉമ്മ മാറ്റിത്തന്നത്.
‘മിഡിയിടുമ്പോള്‍ വയര്‍ വേദനിക്കുന്നില്ലല്ലോ ? അതേ പോലെ തന്നെയാണിതും. ഒരു തവണ ഇട്ടുനോക്കിയാലല്ലേ മനസിലാവുക…’

ഒരു നാട്ടിന്‍പുറത്തുകാരിയുടെ തികച്ചും കേവലമായതെന്ന് തോന്നാവുന്ന ആ മറുപടിക്ക്, പിന്നെയും അര്‍ത്ഥതലങ്ങള്‍ ഉണ്ടെന്ന് മനസിലാകുന്നത്, പര്‍ദക്കുള്ളിലെ മുസ്‌ലിം സ്ത്രീയുടെ ചൊറിച്ചിലും പുകച്ചിലും നാഴികക്ക് നാല്‍പത് വട്ടം പറയുന്ന ആധുനിക കാലത്തെ,സ്വയം അവരോധിത പുരോഗമന വാദികളുടെ അങ്കലാപ് കാണുമ്പോഴാണ്.
മഫ്ത കണ്ടിട്ടുണ്ടെന്നല്ലാതെ അത് ധരിച്ച് നോക്കാതെ, അതേക്കുറിച്ചുള്ള ആശങ്ക പ്രകടിപ്പിച്ച അഞ്ചുവയസുകാരിയോട് മാത്രമേ, ഇപ്പറഞ്ഞ പര്‍ദയുടെ ചൂടും ചൂരുമറിഞ്ഞിട്ടില്ലാത്ത, പര്‍ദവിമര്‍ശകരെ ഉപമിക്കാനാകൂ.

വസ്ത്രധാരണ രീതിയെക്കുറിച്ച് കാര്യമായി ചിന്തിക്കാന്‍ തുടങ്ങുന്നത് കോളജില്‍ ചേര്‍ന്നതിന് ശേഷമാണ്. ഒരു ദിവസത്തിന്റെ പകുതിയും കവര്‍ന്നെടുക്കുന്ന, കോളജിലേക്കും തിരിച്ച് നാട്ടിലേക്കുമുള്ള രാത്രി കാല ട്രെയിന്‍ യാത്രകള്‍ തന്നെയാണ്, പര്‍ദ നല്‍കുന്ന സുരക്ഷിതത്വത്തിന്റെ ഊഷരതയിലേക്കെന്നെ നയിച്ചിട്ടുള്ളത്. പര്‍ദ അല്ലെങ്കില്‍ വശങ്ങളില്‍ സ്ലിറ്റ് ഇല്ലാത്ത, അയഞ്ഞ മറ്റേതെങ്കിലും വേഷം തന്നെ യാത്രകളില്‍ തിരഞ്ഞെടുക്കുമെന്ന തീരുമാനത്തിന് വര്‍ഷമൊന്ന് കഴിഞ്ഞിട്ടും മാറ്റമുണ്ടായിട്ടില്ല.

ശരീരത്തോട് ഒട്ടിച്ചേര്‍ന്ന് നില്‍ക്കാത്ത, അയഞ്ഞ വസ്ത്രങ്ങള്‍ പൊതു ഇടങ്ങളില്‍ ഒരു പെണ്ണിന് നല്‍കുന്ന സുരക്ഷയും ആത്മവിശ്വാസവും ആവോളം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. ചുറ്റുമൊന്ന് കണ്ണോടിക്കാതെ, അശ്രദ്ധമായി, ഒന്ന് കയ്യുയര്‍ത്താന്‍ പോലും സാധിക്കാത്ത സഹയാത്രികരെ കാണുമ്പോള്‍, വസ്ത്രമൊന്നു തെന്നിമാറുമ്പോഴുള്ള അവരുടെ ആകുലത കാണുമ്പോള്‍, എന്റെ ചോയ്‌സ് എന്തുകൊണ്ടും ഉത്തമമാണെന്ന തികഞ്ഞ ബോധ്യം മനസിലുറച്ചിട്ടുണ്ട്.
തന്റെ ഇസ്‌ലാമാശ്ലേഷത്തിന് ഏറെ മുമ്പെ തന്നെ, ബോംബെ തെരുവിലൂടെ പര്‍ദ ധരിച്ച് കൊണ്ടാണ് മുപ്പത് വര്‍ഷം യാത്ര ചെയ്തതെന്ന് പറഞ്ഞ മലയാളത്തിന്റെ പ്രിയപ്പെട്ട കമല സുരയ്യ, പര്‍ദയുടെ പ്രസക്തി എത്രത്തോളമെന്ന് വ്യക്തമാക്കിത്തരുന്നു.

അതെ! ഹിജാബ്/പര്‍ദ/മഫ്ത/ എല്ലാം തന്നെ സുരക്ഷിതത്വത്തിന്റെ, ആത്മാഭിമാനത്തിന്റെ, വസ്ത്രങ്ങളാണ്. കാമക്കണ്ണുകളും കാമറക്കണ്ണുകളും സൃഷ്ടിക്കുന്ന അരക്ഷിതാവസ്ഥയില്‍ നിന്നുള്ള കവചങ്ങളാണ്.

വസ്ത്രമൊരല്‍പം മാറിയാല്‍, സൂം ചെയ്ത്, അതൊപ്പിയെടുക്കാന്‍ റെഡിയായി നില്‍ക്കുന്ന കാമറക്കണ്ണുകളില്‍ നിന്നും, പെണ്ണിന്റെ തൊലിയഴകും മാംസത്തുടിപ്പും കാമക്കണ്ണുകളാല്‍ ചൂഴ്ന്നളക്കുന്ന, പുരുഷ സമൂഹത്തിന് തന്നെ അപമാനമായ ആണ്‍പടപ്പുകളില്‍ നിന്നും സുരക്ഷിതത്വം നല്‍കാന്‍, മാന്യമായ വസ്ത്രധാരണരീതിക്കാവും എന്നതില്‍ തര്‍ക്കമില്ല. സ്ത്രീയെ ഉപഭോഗ വസ്തു മാത്രമായി കാണുന്ന പുരുഷജനങ്ങളുടെ മനോഭാവം മാറ്റണമെന്നതോടൊപ്പം, അതിനു പ്രേരകമാവുന്ന തരത്തിലുള്ള വസ്ത്രധാരണ സ്ത്രീ യും ഒഴിവാക്കേണ്ടത് അവളുടെ സുരക്ഷക്ക് അത്യാവശ്യം തന്നെ.

അന്യ പുരുഷനാല്‍ സ്ത്രീനഗ്‌നത ആസ്വദിക്കപ്പെടാതിരിക്കാന്‍, അതുവഴി, അവന്റെ ആഗ്രഹപൂര്‍ത്തീകരണത്തിന് മാത്രമുള്ള വെറുമൊരു യന്ത്രമായിക്കണ്ട് അവള്‍ ചൂഷണം ചെയ്യപ്പെടാതിരിക്കാന്‍, സ്‌ത്രൈണതയോടുള്ള ആദരവ് കാത്തുസൂക്ഷിക്കാന്‍, ഇതിലൊക്കെ ഉടുതുണിക്കുള്ള പങ്ക് ചെറുതൊന്നുമല്ല. അതുകൊണ്ട് തന്നെയാണ് ഇസ്‌ലാം സ്ത്രീക്ക് (പുരുഷനും) കൃത്യമായ ഡ്രസ്സ് കോഡ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. സ്ത്രീ സുരക്ഷ കര്‍ശനമാക്കുന്നതിലൂടെ, ലിംഗ സമത്വം എന്നതിനപ്പുറം, ‘ലിംഗനീതി’ എന്ന യുക്തിഭദ്രമായ ആശയമാണ് ഇസ്‌ലാം മുന്നോട്ടുവെക്കുന്നത്.

മതം നിഷ്‌കര്‍ഷിക്കുന്ന വേഷവിധാനം സ്വീകരിച്ച് കൊണ്ട്, മതചിഹ്നങ്ങള്‍ കാത്തുസൂക്ഷിച്ചു കൊണ്ട് വിദ്യാഭ്യാസം നേടാനും, ആവശ്യമെങ്കില്‍ തൊഴില്‍ ചെയ്യാനും അവള്‍ക്ക് അനുവാദമുണ്ട്.

എട്ടിലോ ഒമ്പതിലോ പഠിക്കുമ്പോള്‍ തുഞ്ചന്‍ പറമ്പില്‍ ഒരു സാഹിത്യസദസില്‍, ഡോ: ഖദീജാ മുംതാസിന്റെ പ്രസംഗം കേട്ടതോര്‍ക്കുന്നു. പര്‍ദയും മഫ്തയും ഇടുന്ന മുസ്‌ലിം സ്ത്രീ കെട്ടിയിടപ്പെട്ടവളാണെന്നും, വേനല്‍ചൂടില്‍ അവര്‍ കാറ്റും സ്വസ്ഥതയും ഇല്ലാതെ വിയര്‍ക്കുന്നുവെന്നുമൊക്കെയുള്ള വാദങ്ങള്‍ കേട്ട് അതിശയിച്ചു പോയി. അവര്‍ പറഞ്ഞ അതേ മഫ്തയും ഫുള്‍സ്ലീവ് ഡ്രസുമിട്ട്, ആ സാഹിത്യ സദസില്‍ എത്തിയ എന്നിലെ ‘സ്വാതന്ത്ര്യമില്ലാത്ത’ മുസ്‌ലിം പെണ്‍കുട്ടി എന്നെ നോക്കി പല്ലിളിച്ചു.

പര്‍ദ പോലുള്ള വസ്ത്രങ്ങള്‍ പലരും ഇടുന്നുണ്ടല്ലോ, പിന്നെന്ത് കൊണ്ടാണ് പര്‍ദ മാത്രം വിമര്‍ശന വിധേയമാകുന്നതെന്ന് കൂടെയുള്ള മലയാളം അധ്യാപികയോട് ചോദിച്ചപ്പോള്‍ നിസ്സഹായത നിറഞ്ഞൊരു പുഞ്ചിരിയായിരുന്നു ഉത്തരം.

വസ്ത്രത്തിന്റെ നീളവും വീതിയും, പുരോഗമനത്തിനും സ്വാതന്ത്ര്യത്തിനും വിപരീതാനുപാതത്തിലാണെന്ന തരത്തിലുള്ള സോ കോള്‍ഡ് ‘പുരോഗമനാശയക്കാരുടെ ‘ വാദങ്ങള്‍ പിന്നീട് സ്ഥിരം കേള്‍വിയായി മാറി.

മുസ്‌ലിം സ്ത്രീയുടെ (മാത്രം) പര്‍ദക്കുള്ളിലെ ചൂടും ചൊറിച്ചിലും അകറ്റാനുള്ള വ്യഗ്രതയാണ് നവസമൂഹത്തിന്റേത്. ധരിക്കുന്നവര്‍ക്കില്ലാത്ത ചൂടും പുകച്ചിലും കാണുന്നവര്‍ക്കനുഭവപ്പെടുന്ന, ലോകത്തിലെ ഏക വസ്ത്രവും ഒരുപക്ഷെ പര്‍ദ തന്നെയായിരിക്കും.

പര്‍ദയെ പാരതന്ത്ര്യത്തിന്റെയും അപരിഷ്‌കൃത സമൂഹത്തിന്റെയും അടയാളമായി പറഞ്ഞു നടക്കുന്നവര്‍ക്ക്, ഹിജാബണിഞ്ഞ നൊബേല്‍ ജേതാവ് തവക്കുല്‍ കര്‍മാന്റെ വാക്കുകളാണ് മറുപടി.

”മനുഷ്യര്‍ പ്രാചീന കാലത്ത് നഗ്‌നരായിരുന്നു. കാലം പരിണമിച്ചപ്പോള്‍ അവര്‍ വസ്ത്രം ധരിക്കാന്‍ തുടങ്ങി. മനുഷ്യന്‍ കൈവരിച്ച പുരോഗതിയുടെയും ചിന്താശേഷിയുടെയും അത്യുന്നതിയെയാണ് എന്റെ വസ്ത്രധാരണം കാണിക്കുന്നത്. വസ്ത്രം ചുരുക്കുക എന്നത് പ്രാചീന കാലത്തേക്കുള്ള മടങ്ങിപ്പോക്കാണ്. അതാണ് ഖേദകരം.’ ഹിജാബ് ധരിച്ച സ്ത്രീ നൊബേല്‍ പുരസ്‌കാരം വരെ നേടിയെടുത്തിട്ടും ആ വസ്ത്രം, സ്വാതന്ത്ര്യവും പുരോഗമനവും ഹനിക്കുന്നതാണെന്ന് പറയാന്‍ കാണിക്കുന്ന ത്വരയെ എന്ത് പേരിട്ടാണ് വിളിക്കേണ്ടത് ?
പര്‍ദ അറേബ്യന്‍ പൊടിക്കാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ രൂപപ്പെടുത്തിയ വസ്ത്രമാണെന്നും, കേരളീയ സംസ്‌കാരത്തിനും കാലാവസ്ഥക്കും അനുയോജ്യമല്ലെന്നും പറയുന്നവര്‍ ഇഷ്ടവസ്ത്രമായ ജീന്‍സിന്റെ സംസ്‌കാരവും ചരിത്രവും അന്വേഷിച്ചിട്ടുണ്ടോ? അത്യുഷ്ണത്തിലും ടൈറ്റ് ജീന്‍സിട്ട് നടക്കുമ്പോള്‍ അനുഭവപ്പെടാത്ത ചൂട്, പര്‍ദ കാണുമ്പോഴേക്ക് അനുഭവപ്പെടുന്നു എങ്കില്‍, ഇത് ചികിത്സിച്ചു ഭേദമാക്കാ ന്‍ പ്രയാസമാണ്?

ചുരുക്കത്തില്‍, മാപ്പിളപ്പെണ്ണിനെ പര്‍ദച്ചൂടില്‍ നിന്ന് മോചിപ്പിക്കാന്‍ രക്ഷകര്‍ ചമയുന്ന, നവലിബറല്‍ വാദികളുടെ വ്യഗ്രത അവളുടെ അവകാശങ്ങള്‍ നേടിക്കൊടുക്കാനല്ല; പകരം അവളുടെ വസ്ത്രസ്വാതന്ത്ര്യത്തിലും, മത സ്വാതന്ത്ര്യത്തിലും കൈകടത്തി, അടിസ്ഥാന അവകാശങ്ങള്‍ പോലും നിഷേധിക്കുന്നതിനാണെന്നത് സുവ്യക്തമാണ്.
ഞാന്‍ ഏത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഞാന്‍ മാത്രമാണ്. അവിടെ അടിച്ചമര്‍ത്തലുകള്‍ പാടില്ല. പര്‍ദയിടുന്നവള്‍ അതിടട്ടെ. വേണ്ടെന്ന് വെക്കുന്നവള്‍ അങ്ങനെയും ചെയ്യട്ടെ.

മതത്തില്‍ ഒരിക്കലും അടിച്ചമര്‍ത്തലില്ല. നന്മയുടെയും തിന്മയുടെയും വഴികള്‍ വിശുദ്ധഗ്രന്ഥം വ്യക്തമാക്കിയിട്ടുണ്ട് . അതില്‍ ഏതും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം മനുഷ്യന് നല്‍കിയിട്ടുമുണ്ട്. വിവേകമുള്ളവര്‍ നന്മയുടെ വഴി തിരഞ്ഞെടുക്കുമെന്നതില്‍ സന്ദേഹമില്ല.
യഥാര്‍ത്ഥ വിശ്വാസിനിക്ക്, ഇസ്‌ലാം മുന്നോട്ടുവെക്കുന്ന രീതി പിന്തുടര്‍ന്നേ തീരൂ. ഇസ്‌ലാമിക വേഷം നല്‍കുന്ന സുരക്ഷയും ആത്മവിശ്വാസവും ആത്മാഭിമാനവും അവളെ സംബന്ധിച്ചിടത്തോളം മഹത്തരമാണ്. അല്ലാതെ, അവളുടെ സ്വാതന്ത്ര്യത്തിനും സ്വപ്‌നങ്ങള്‍ക്കും കൂച്ചുവിലങ്ങിടുന്ന, വസ്ത്രമായല്ല പര്‍ദയെ മുസ്‌ലിം സ്ത്രീ നോക്കിക്കാണുന്നത്.

അവളെ സുരക്ഷിതമായി സ്വപ്‌നം കാണാന്‍ പഠിപ്പിച്ച, മേനിയഴക് പ്രദര്‍ശിപ്പിക്കുന്നതല്ല സ്വാതന്ത്ര്യമെന്ന് ഉറക്കെ പറയാന്‍ ആര്‍ജവം നല്‍കിയ, കാമം മൂത്ത ഞരമ്പുകളുടെ ത്രസിപ്പില്‍ നിന്നും സംരക്ഷിക്കുന്ന നന്മയുടെ നെയ്ത്താണ് പര്‍ദ.
പര്‍ദ, ആ വാക്ക് അന്വര്‍ത്ഥമാക്കുന്നത് പോലെ തന്നെ, ഒരു ‘മറ’യാണ്. വിമര്‍ശനങ്ങളേറെ കേട്ടിട്ടും, പരിഭവമേതുമില്ലാതെ പെണ്ണഴകിനെ പൊന്നഴകായി കാത്ത്, കഴുകക്കണ്ണുകളില്‍ നിന്ന് സംരക്ഷിക്കുന്ന മറ.

അല്ലെങ്കിലും നന്മക്കെപ്പോഴും വിമര്‍ശകരും ശത്രുക്കളും കൂടുതലാണല്ലോ…

ഹര്‍ഷ ഫര്‍ഹാന
(തമിഴ്‌നാട്ടിലെ വില്ലുപുരം ഗവ: മെഡിക്കല്‍ കോളജില്‍ രണ്ടാം വര്‍ഷ എം ബി ബി എസ് വിദ്യാര്‍ത്ഥിയാണ് ഹര്‍ഷ)

—————————————————————————————————————————————–

ഹിജാബ് തടയണയാണ്

‘എനിക്ക് തീരെ ഇഷ്ടമില്ലാത്ത വസ്ത്രമാണിത്. ഇതൊക്കെ അവരുടെ തട്ടിപ്പാണ്. സ്വന്തം മുഖം മറച്ചുവെക്കുകയും മറ്റുള്ള എല്ലാവരെയും നോക്കുകയും ചെയ്യും.’ ഹിജാബ് ധരിക്കാന്‍ തുടങ്ങുന്നതിന് മുമ്പേ സ്ഥിരം കേട്ടിരുന്ന കാര്യമാണിത്. അന്നെനിക്ക് മറുപടി ഉണ്ടായിരുന്നില്ല. പക്ഷേ എപ്പോഴും എന്റെ മനസ്സ് അതിനൊരു ചുട്ട മറുപടിക്കായി തിരച്ചിലിലായിരുന്നു.
ഹിജാബ് ജീവിതത്തിന്റെ ഭാഗമായി മാറുന്നത് പ്ലസ് വണ്‍ മുതലാണ്. ധരിച്ചുതുടങ്ങിയപ്പോള്‍- ആസ്വദിച്ചുതുടങ്ങിയപ്പോള്‍ എന്ന് വേണമെങ്കില്‍ പറയാം- കുറെ കാലം തിരഞ്ഞു നടന്ന ആ ചോദ്യത്തിനെനിക്ക് ഉത്തരം ലഭിച്ചു. അത് ഹിജാബ് ധരിക്കുന്നതിലൂടെ ഉണ്ടാവുന്ന അനുഭൂതിയില്‍നിന്ന് വന്ന ഉത്തരമായിരുന്നു. ഞാനെന്തിനാണ് ഇത് ധരിച്ചത്? അല്ലാഹുവിന്ന് വേണ്ടിയാണെങ്കില്‍ ഞാന്‍ ഒരിക്കലും ഈ വേഷം ചൂഷണം ചെയ്യാന്‍ പാടില്ല. മറ്റുള്ളവരില്‍നിന്ന് കണ്ണ് താഴ്ത്തിപ്പിടിക്കുന്ന ഒരു സവിശേഷത ഹിജാബിനുണ്ടെന്ന് എനിക്ക് ബോധ്യമായി.
പ്രശ്‌നകലുഷിതമായ കാമ്പസ് ജീവിതങ്ങള്‍ ഏറെ വായിക്കുകയും അറിയുകയും ചെയ്ത എനിക്ക് വളരെ ഭയമായിരുന്നു കോളജിലേക്ക് വരുമ്പോള്‍. അതുകൊണ്ടുതന്നെ കോളജ് എത്താനായി എന്ന് തോന്നിയത് മുതല്‍ കണ്ണുകളടച്ച് ഞാന്‍ ദുആയിലായിരുന്നു. ഹിജാബ് അഴിക്കേണ്ടിവരുമോ? അത് സ്ഥാപനത്തിന്റെ റൂള്‍ ആണോ? എന്നൊക്കെയുള്ള ഭയങ്ങളുണ്ടായിരുന്നു. അഡ്മിഷനെടുക്കാന്‍ വന്നപ്പോള്‍ ഇതൊന്നും ഇനി ക്ലാസില്‍ വരുമ്പോള്‍ പറ്റില്ലട്ടോ എന്നൊരാള്‍ പറഞ്ഞതായിരുന്നു ഈ ഭയത്തിന്റെ ഹേതു. എന്നാല്‍ പ്രതീക്ഷിച്ചതിന് വിപരീതമായി സ്‌നേഹവും ബഹുമാനവുമായിരുന്നു ഞാന്‍ അവിടെ അനുഭവിച്ചത്. അധ്യാപകര്‍ പോലും ഈ വേഷത്തെ അത്യധികം ബഹുമാനിക്കുന്നത് സന്തോഷത്തോടെ ഓര്‍ക്കുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട പ്രിന്‍സിപ്പല്‍ ഹാറൂന്‍ റശീദ് സര്‍ എക്‌സാമിന്റെ റൂള്‍സ് വായിക്കുമ്പോള്‍ വളരെയേറെ സങ്കടത്തോടെ പറഞ്ഞതോര്‍ക്കുന്നു: ‘I am Very sorry my hijab students.you have to remove it during exams’ എന്നിട്ടും എക്‌സാമിനറോട് കാര്യങ്ങള്‍ ബോധിപ്പിച്ച് ഞങ്ങള്‍ക്ക് ഹിജാബ് ധരിക്കാന്‍ അദ്ദേഹം സമ്മതം വാങ്ങിത്തന്നു. വിദേശ രാജ്യങ്ങളില്‍നിന്ന് വരുന്ന അതിഥികളോട് ‘കൊടുംചൂടില്‍പോലും എന്റെ ചില വിദ്യാര്‍ത്ഥികള്‍ ഹിജാബ് പാലിക്കുന്നു’ എന്ന് സാര്‍ അഭിമാനത്തോടെ പറഞ്ഞത് ഞാനിന്നും സന്തോഷത്തോടെ കേള്‍ക്കുന്നു.

ചിലര്‍ ‘തട്ടിപ്പ്, പഴഞ്ചന്‍’ എന്നൊക്കെ ഹിജാബിനെ മുദ്രകുത്തിയാലും ചിന്തിക്കുന്നവര്‍ ഹിജാബിനെ പഴിക്കില്ല എന്നെനിക്ക് നൂറുശതമാനം ഉറപ്പാണ്. കാന്റീനില്‍ ഞങ്ങള്‍ ഭക്ഷണം കഴിക്കുമ്പോള്‍ ആണ്‍കുട്ടികള്‍ വന്നാല്‍ ഹിജാബീസ് ഉണ്ടിവിടെ എന്ന് ഇത്ത പറയുമ്പോള്‍ അവര്‍ സവിനയം മാറിനില്‍ക്കാറുണ്ട്. എന്നാല്‍ ഇങ്ങനെയാണെങ്കില്‍ ക്ലാസില്‍ ഒരു മറകൂടി വെച്ച് തരാന്‍ പറ എന്ന ഡയലോഗും കേള്‍ക്കാതില്ല. ഹൊ, ഇങ്ങനെയൊക്കെ ആണെങ്കില്‍ ഇവര്‍ക്ക് കോളേജില്‍ വരുന്നതും പഠിക്കുന്നതുമൊക്കെ ഹറാമാണല്ലോ, ഇതൊന്നും ചെയ്യാതിരുന്നാല്‍ പോരേ എന്ന പല്ലവിയും സാധാരണമായിരുന്നു തുടക്കത്തില്‍. പക്ഷേ പിന്നീടവരും ഹിജാബിനെ ബഹുമാനിക്കുന്നവരായി മാറി.

ഹിജാബ് ധരിച്ച് കാമ്പസിലെത്തിയതിന് ആക്ഷേപങ്ങള്‍ സഹിക്കാനാവാതെ ഈ വേഷം ഉപേക്ഷിക്കേണ്ട അവസ്ഥ എന്റെ കുറച്ച് കൂട്ടുകാര്‍ക്കുണ്ടായിട്ടുണ്ട്. ദീനോ പഠനമോ എന്ന ചോദ്യത്തിന് മുന്നില്‍ കുഴങ്ങിയ ചില കൂട്ടുകാരെക്കുറിച്ച് കേട്ടറിഞ്ഞപ്പോള്‍ ഞാന്‍ നാഥനെ മനസ്സറിഞ്ഞ് സ്തുതിച്ചിട്ടുണ്ട്, ഈ വക പൊല്ലാപ്പുകളൊന്നുമില്ലാതെ എന്റെ പഠനജീവിതം മുന്നോട്ടുകൊണ്ടുപോകാനായതില്‍.

ഫെബിന്‍ വന്ന് ഏറെ സന്തോഷത്തോടെയായിരുന്നു അത് പറഞ്ഞത്. ഞങ്ങളുടെ കൂടെ പഠിക്കുന്ന ഒരു വിദ്യാര്‍ത്ഥി അവളോട് പറഞ്ഞുവത്രെ: അഡ്മിഷന്‍ സമയത്ത് കൊടുത്ത ഫോട്ടോകള്‍ ലൈബ്രറി സിസ്റ്റത്തിലുണ്ട്. അതാര് തുറന്നാലും കാണും. എന്തെങ്കിലും ചെയ്‌തോളീ. നിങ്ങളൊക്കെ ഹിജാബ് ധരിക്കുന്ന കുട്ടികളല്ലേ… ശ്രദ്ധിച്ചോട്ടേന്ന് കരുതി പറഞ്ഞതാ.’ അല്ലാഹുവിന്റെ കല്‍പനയെ ബഹുമാനിക്കുന്നവര്‍ക്ക് അല്ലാഹു കൊടുക്കുന്ന ബഹുമാനം! ഇക്കാലത്ത് ഇങ്ങനെയുമോ എന്നാലോചിച്ചുപോയി. നന്മ മരിച്ചിട്ടില്ല എന്നൊരു സന്തോഷം ഉള്ളില്‍ തിരതല്ലി.

സ്‌പോര്‍ട്‌സില്‍ പരിപാടികള്‍ക്ക് പങ്കെടുക്കുന്ന പെണ്‍കുട്ടികള്‍, ഞങ്ങളുടെ പരിപാടികളൊന്നും ആണ്‍കുട്ടികള്‍ കാണരുതെന്ന് പറഞ്ഞപ്പോള്‍ അവര്‍ മാറിനിന്നിടത്തും ഹിജാബിന്റെ ലങ്കലുണ്ടായിരുന്നു. ഇനി വരുന്ന വര്‍ഷങ്ങളിലെ പരിപാടികളെല്ലാം അങ്ങനെത്തന്നെ ആവണമെന്ന് എല്ലാവരും ആഗ്രഹിക്കുകയും ചെയ്യുന്നു.

മനസ്സിന് മറയിട്ടിട്ടേ കാര്യമുള്ളൂ, അല്ലാതെ മുഖം മറച്ചിട്ട് വലിയ കാര്യമൊന്നുമില്ല എന്ന് പറയുന്നവരും കുറച്ചല്ല. എന്നാല്‍ മുഖം മറക്കുന്നതിലൂടെ മനസ്സിനും കടിഞ്ഞാണ്‍ വരുന്നു എന്നതാണ് ഹിജാബിന്റെ വിജയം. ആരോഗ്യകരമായ അന്തരീക്ഷവും വൃത്തിയും വെടിപ്പുമുള്ള പരിസരവും നമ്മുടെ മനസ്സിനെ എത്രത്തോളം സ്വാധീനിക്കുന്നു എന്ന് മനസ്സിലാക്കിയവര്‍ക്ക് ഇതും മനസ്സിലാവുന്നതേയുള്ളൂ. അതുപോലെ വിശുദ്ധ ഖുര്‍ആനിലും ഹദീസുകളിലും ളാഹിര്‍, ബാത്വിന്‍ എന്ന ക്രമത്തിലാണല്ലോ പരാമര്‍ശിക്കാറ്. ളാഹിര്‍ എന്നത് ആദ്യം വരുന്നതില്‍ നിന്ന് തന്നെ നമുക്ക് മനസ്സിലാകുന്നു, ബാഹ്യം നന്നാക്കുന്നതിലൂടെ ആന്തരിക സ്ഥിതിയും നന്നാവുന്നു എന്ന്. വിശുദ്ധ ഖുര്‍ആന്‍ ഹിജാബിന് നല്‍കിയ പരിശുദ്ധത കാത്തുസൂക്ഷിക്കേണ്ടത് ഹിജാബ് ധരിക്കുന്നവരുടെ ബാധ്യത കൂടിയാണ്.

കോളജില്‍ ഹിജാബ്കാരി എന്ന നിലക്ക് ഞാന്‍ സന്തുഷ്ടയാണ്. ഹിജാബ് ധരിക്കുന്നതിനാല്‍ എനിക്കൊന്നിനും കഴിയില്ല എന്ന മനോഭാവം വെടിഞ്ഞ് പഠനത്തിലും മറ്റ് കാര്യങ്ങളിലും നമ്മള്‍ മുന്നോട്ട് പോകുമ്പോള്‍ ബഹുമാനവും പരിഗണനയും നമ്മെ തേടിയെത്തും. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായി ജീവിതത്തിലെ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ എനിക്കെന്റെ വിശ്വാസത്തിന് എവിടെയെങ്കിലും വെച്ച് പോറലേറ്റ സാഹചര്യം ഉണ്ടായിട്ടില്ല. ഹിജാബ് വലിയ സുരക്ഷയാണ്, സമാധാനമാണ്, അന്തസാണ്. ലഭിക്കുന്ന ആദരവിനും പരിഗണനക്കുമിടയില്‍ ഇടക്കെപ്പോഴോ തലനീട്ടുന്ന പരിഹാസങ്ങളെയും നീരസങ്ങളെയും ശ്രദ്ധിക്കാന്‍ പോലും നേരമില്ലാതെ ഞങ്ങള്‍ നടക്കട്ടെ, വിജയത്തിലേക്ക്, ഹിജാബും ധരിച്ചുകൊണ്ട്.

നഫീസ തഹ്‌സീന്‍
(മര്‍കസ് യൂനാനി മെഡിക്കല്‍ കോളേജ് മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് നഫീസ തഹ്‌സീന്‍)

—————————————————————————————————————————————–

ഈ പരിമളം ആരെയാണ് അസ്വസ്ഥമാക്കുന്നത്?

ഇസ്‌ലാമോഫോബിയക്ക് ഒരു മറയായാണ് പലപ്പോഴും ഫെമിനിസം പ്രവര്‍ത്തിക്കുന്നത്. തുല്യതക്കും സ്ത്രീ ശാക്തീകരണത്തിനും വേണ്ടി എന്ന് അത് സ്വന്തം നെറ്റിയില്‍ എഴുതിവെക്കുമ്പോഴും പര്‍ദയിലൂടെ സ്വയം വിശദീകരിക്കുന്ന മുസ്‌ലിം സ്ത്രീയെയാണ് ഫെമിനിസം എപ്പോഴും പേടിക്കുന്നത്. ഈ പേടി പുറത്തുകാണിക്കാന്‍ വയ്യാഞ്ഞിട്ടാണ് അത് ഫെമിനിസം എന്ന് വെളിച്ചപ്പെടുന്നത്. മറ്റേത് മതങ്ങളിലെയും സ്ത്രീ ജീവിതത്തെ വിശദീകരിക്കേണ്ടിവരുമ്പോഴും ചില എഴുത്തുകാര്‍ പര്‍ദയെ കുറിച്ച് കൂടി പറയാന്‍ നിര്‍ബന്ധിതരാവുന്നതും ഇസ്‌ലാം പേടി കൊണ്ടുതന്നെയാണ്. പര്‍ദയിലൂടെ സ്വയം വിശദീകരിക്കുകയും ആവിഷ്‌കരിക്കുകയും ചെയ്യുന്ന സ്ത്രീയെ വാക്കുകള്‍ കൊണ്ട് അപമാനിക്കുന്നത് വരേണ്യ സമൂഹങ്ങളില്‍നിന്ന് പകര്‍ന്നുകിട്ടിയ പുരുഷ മേധാവിത്വത്തിന്റെ കൂടി ക്രോധമായേ എനിക്ക് കാണാനാവുന്നുള്ളൂ. പക്ഷേ ഈ പുരുഷ മേധാവിത്വം ജനിച്ചപടി പ്രത്യക്ഷപ്പെടുന്നതിന് പകരം പര്‍ദക്ക് മുകളിലേക്ക് ചാരി അതിന്റെ തനത് സ്വത്വം മറച്ചുവെക്കാനാണ് പലപ്പോഴും തിടുക്കപ്പെടാറുള്ളത്.

ഇക്കാരണത്താല്‍ ചില പെണ്‍കുട്ടികള്‍ക്ക് പര്‍ദയോട് ഇഷ്ടമുണ്ടായിട്ട് പോലും അത് ധരിക്കാന്‍ കഴിയുന്നില്ല. പര്‍ദയും നിഖാബും അണിഞ്ഞെത്തുന്ന രോഗികളെപ്പോലും മറ്റൊരു കണ്ണ് കൊണ്ട് കാണുന്ന ഇസ്‌ലാമോഫോബിയ ചിലപ്പോഴെങ്കിലും ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. അപ്പോഴൊക്കെ അതേക്കുറിച്ച് ചോദ്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴവര്‍ പറഞ്ഞത് ആ പര്‍ദയുടെയും മുഖംമൂടിയുടെയും നാറ്റം അസഹ്യമാണെന്നാണ്. പണം കൊടുത്ത് വിലകൂടിയ പെര്‍ഫ്യൂമുകള്‍ പൂശി അതിനകത്ത് സ്വന്തം ദുര്‍ഗന്ധം ഒളിപ്പിക്കുന്ന സെലിബ്രിറ്റികള്‍ക്കില്ലാത്ത നാറ്റം പര്‍ദ ധരിക്കുന്നവരില്‍ ആരോപിക്കുന്നതെന്തുകൊണ്ടാവാം? ഇസ്‌ലാമോഫോബിക്കുകള്‍ ഇതിന് മറുപടി പറയില്ല. ‘എന്തിനാടേ ഇതിങ്ങനെ മൂടിപ്പുതച്ച് നടക്കുന്നത്. ശരീരത്തിന് സൗന്ദര്യം തന്നത് മറച്ചുവെക്കാനാണോ’ എന്ന് ചോദിച്ച നല്ല സുഹൃത്തുക്കള്‍ ഉണ്ടെനിക്ക്. അവര്‍ ഇസ്‌ലാമോഫോബിക്കുകളൊന്നും അല്ല. അവരെ ഞാന്‍ തിരുത്തി: ഇസ്‌ലാമില്‍ ഈ സൗന്ദര്യം ഇഷ്ടപ്പെട്ട ഇണക്ക് പങ്ക് വെക്കാനുള്ളതാണ്. ഞാന്‍ ഇസ്‌ലാം വിശ്വാസിയായതുകൊണ്ട് എനിക്ക് ആ മതത്തെ/ ഏകദൈവത്തെ/ പ്രവാചകനെ അനുസരിച്ചേ പറ്റൂ. ഇത് ഞാന്‍ പറഞ്ഞപ്പോള്‍ അവര്‍ക്ക് തൃപ്തിയായി.

പ്രകൃതിയിലെ പൂക്കളൊക്കെ എല്ലാവര്‍ക്കുമുള്ളതല്ലേ. അതൊക്കെ തുണിയിട്ട് മൂടണമെന്നാണോ നീ പറയുന്നതെന്ന് ചോദിച്ച ആളോട് ഞാന്‍ പറഞ്ഞു: ശരിയാണ്, പ്രകൃതിയിലെ പൂവുകള്‍ എല്ലാവര്‍ക്കുമുള്ളതാണ്. അതില്‍ മനുഷ്യര്‍ക്കിടയിലെ പൂവുകള്‍ വ്യത്യസ്തമാണ്. അത് സ്വന്തം ഇണകള്‍ക്ക് മാത്രമുള്ളതാണ്. പൂവും പെണ്ണും സൗന്ദര്യത്തിലേ തുല്യമാവുന്നുള്ളൂ. ബുദ്ധിയിലും പദവിയിലും രണ്ടാണ്. ആ പൂവ് ഏതാനും മണിക്കൂറിനുള്ളതാണ്. ഈ പൂവ് ജീവിതത്തിലാകെ പരിമളം വീശാനുള്ളതാണ്.

എന്റെ സുഹൃത്തിന്ന് പര്‍ദ അതോടെ നന്നായി ഇഷ്ടപ്പെട്ടു. ചിലപ്പോഴെങ്കിലും ഇതൊക്കെ പരിഹാസ പൂര്‍വം ചോദിച്ചവരോട് ചുട്ട മറുപടി തന്നെ കൊടുത്തിട്ടുമുണ്ട്. പര്‍ദ എനിക്ക് തടസ്സമായല്ല, സാധ്യതയായാണ് തോന്നിയിട്ടുള്ളത്. ഓരോ ദിവസവും ആര്‍ജവവും ഉത്സാഹവും ജയിക്കാനാകുമെന്ന ആത്മവിശ്വാസവും പര്‍ദ എനിക്ക് നല്‍കിയിട്ടുണ്ട്.

മുസ്‌ലിം വീടുകളില്‍ പെണ്‍കുട്ടികള്‍ക്ക് മേല്‍ ഇതൊന്നും അടിച്ചേല്‍പ്പിക്കുന്ന സ്ഥിതിയില്ല എന്നുള്ളത് പ്രത്യേകം പറയേണ്ടതുണ്ട്. ഉപ്പയുടെയോ ഉമ്മയുടെയോ അല്ലെങ്കില്‍ ഇണയുടെയോ ആഗ്രഹപ്രകാരമാണ് പലരും പര്‍ദ അണിഞ്ഞുതുടങ്ങുന്നത്. പിന്നീട് അതുമായി പൊരുത്തപ്പെടുന്നു. ക്രമേണ അത് ഒഴിവാക്കാനാവാത്ത വിധം സ്ത്രീ ജീവിതവുമായി അലിഞ്ഞുചേരുന്നു. പരിഷ്‌കൃത വേഷം ധരിക്കാന്‍ നിര്‍ബന്ധിച്ച പുരുഷനോട് പര്‍ദക്ക് വേണ്ടി വാദിച്ച സ്ത്രീ ഡോക്ടറെ എനിക്കറിയാം. ഇവിടെ പുരുഷമേധാവിത്വം എങ്ങനെ പ്രവര്‍ത്തിച്ചു എന്ന് ശ്രദ്ധിക്കുക. കോണ്‍വൊക്കേഷന്‍ വേളയില്‍ പോലും പര്‍ദയും നിഖാബും തന്നെയാണ് എന്നെ ആവിഷ്‌കരിക്കാന്‍ ഞാന്‍ ഉപയോഗിച്ചത്.

പൊതുസ്ഥലങ്ങളില്‍ സാധാരണ വേഷങ്ങളിലുള്ള സ്ത്രീകള്‍ നേരിട്ട തരം കുഴപ്പങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല. അപ്പോഴൊക്കെ പര്‍ദയും നിഖാബും മറയായി നിന്നു. അന്യര്‍ക്ക് ശരീരത്തിലെവിടെയും സ്പര്‍ശിക്കാന്‍ ഇടയുണ്ടായതുമില്ല. പര്‍ദ ഒരു സമരചിഹ്നമായി മാറുകയാണിവിടെ. അതുകൊണ്ടാണത് പുരുഷമേധാവിത്വത്തെയും ഫെമിനിസത്തെയും ഇത്രമേല്‍ ക്രൂദ്ധമാക്കിയത്.

ക്യാമറകള്‍ പോലും അവര്‍ക്ക് മുന്നില്‍ കണ്ണുപൂട്ടി. കണ്ണ് തുറന്നാല്‍ തന്നെ അത് ആ കറുപ്പിന്റെയും അതിന്റെ പശ്ചാതലത്തിന്റെയും നിറങ്ങളില്‍ അഭിരമിക്കുക മാത്രം ചെയ്തുവെന്നല്ലാതെ ആ പൂവിതളില്‍ തൊടാന്‍ ഇപ്പോഴും ടെക്‌നോളജിക്കായിട്ടില്ല.
കണ്ടുകൂടാത്തവരെ കള്ളികളോ ചാരന്മാരോ ഭീകരവാദികളോ ഒക്കെ ആക്കി അവര്‍ക്കുമേല്‍ പ്രതികാര ശിക്ഷ നടപ്പിലാക്കലാണല്ലോ പുതിയ കാലത്തെ വരേണ്യ പൊതുബോധ കോടതികളുടെ നടപടി. അങ്ങനെയും കാമ്പസില്‍നിന്ന് ചോദ്യങ്ങളുണ്ടായി. ഒരു കള്ളലക്ഷണമില്ലേ പര്‍ദയില്‍ എന്ന ചോദ്യം മേല്‍ സൂചിതശിക്ഷ നടപ്പാക്കുന്നതിന്റെ മുന്നൊരുക്കമാണ്. അങ്ങനെയെങ്കില്‍ ഒളിച്ചുസൂക്ഷിക്കുന്ന അമൂല്യവസ്തുക്കളുണ്ട്. ഒളിച്ചുവെക്കുന്ന പുണ്യങ്ങളുണ്ട്. ഇടതുകൈ അറിയാതെ വലതുകൈ ചെയ്യുന്ന ധര്‍മങ്ങളുണ്ട്. ഒളിച്ച് നിര്‍വഹിക്കേണ്ട കാര്യങ്ങളുണ്ട്. ഇതൊക്കെ കള്ള ലക്ഷണം ഉള്ളതുകൊണ്ടാണോ? അല്ല, അക്കാര്യങ്ങള്‍/ വസ്തുക്കള്‍ അമൂല്യമായതുകൊണ്ടാണ്.

മനുഷ്യന് ബുദ്ധിയുറക്കുംതോറും അവര്‍ വേഷവിധാനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. എല്ലായിടത്തും ഈ പുരോഗതിയുണ്ടായി. ഇലകളില്‍നിന്ന് തുണികളിലേക്ക്. തുണികളില്‍ തന്നെ തൊങ്ങലും തുന്നലും മടക്കും ഞൊറിയും വന്നു. ഷൂവും ഷോക്‌സും മാസ്‌കും വന്നു. ഹെല്‍മറ്റ് വന്നു. സീറ്റ് ബെല്‍റ്റ് വന്നു. ഇന്നര്‍ വെയറുകളുടെ നൂറ് കൂട്ടങ്ങളിലേക്ക് മനുഷ്യന്‍ വളര്‍ന്നത് ബുദ്ധിവികാസമാണ്. പരിഷ്‌കാരമാണ്. ഇനി, ഇവിടെ നിന്ന് ഉടുക്കാത്ത ഒരു കാലത്തിലേക്ക് പോവുമ്പോഴാണ് മനുഷ്യന്‍ ആദിമമനുഷ്യരെയും ചാടിക്കടന്ന് ഗര്‍ത്തങ്ങളിലേക്ക് വീഴുന്നത്.

ഡോ. ഫാത്തിമ ശാക്കിറ

—————————————————————————————————————————————–

ജാഗ്രതയാണ് ഹിജാബ്

പ്രിലിമിനറി ക്ലാസ് മുതലേ ഹിജാബ് ഇടുമായിരുന്നു. പിന്നീടെപ്പോഴോ അത് വസ്ത്രധാരണത്തിന്റെ ഭാഗമോ ശീലമോ ആയി മാറി. ഹിജാബ് ഇടുകയോ ഇടാതിരിക്കുകയോ ചെയ്യാം എന്നു വന്നപ്പോഴൊക്കെ ഹിജാബ് ആണ് തിരഞ്ഞെടുത്തത്.
അതായത് മുതിര്‍ന്നു കഴിഞ്ഞപ്പോഴുള്ള സ്വയം തിരഞ്ഞെടുക്കലായിരുന്നു ഹിജാബ്. അത് നല്‍കുന്ന കംഫര്‍ട്ട്, സൗകര്യം എന്നിവ മതപരമായ കാരണങ്ങള്‍ക്ക് അപ്പുറമാണ് എന്നാണനുഭവം.

ഒരു സ്ത്രീ എന്ന നിലയില്‍ എന്റെ പെര്‍ഫോമന്‍സിനെയോ ഡിഗ്നിറ്റിയെയോ ഹിജാബ് തടഞ്ഞിട്ടില്ല. സ്‌കൂള്‍ മുതല്‍ ഗവേഷണം വരെയുള്ള നീണ്ട കാലയളവില്‍ ഹിജാബ് ഒരു ബുദ്ധിമുട്ടോ ഭാരമോ ആയ സാഹചര്യങ്ങള്‍ കാര്യമായി ഉണ്ടായിട്ടില്ല.
എങ്കിലും ‘തട്ടമിടുന്ന പെണ്‍കുട്ടിയോ?, നിങ്ങള്‍ക്കിതെങ്ങനെ കഴിയുന്നു?’ എന്ന മുഖം ചുളിഞ്ഞുള്ള ചോദ്യങ്ങള്‍ ചിലപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ട്. അക്കാദമിക മികവുകൊണ്ട് അതിനെ മറികടക്കാനാണ് ശ്രമിച്ചത്. അതില്‍ വിജയിക്കുകയും ചെയ്തു.
വലിയ വലിയ പ്ലാറ്റ്‌ഫോമുകളിലോ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സുകളിലോ അഭിമുഖീകരിച്ചിട്ടില്ലാത്ത ഹിജാബ് വിരുദ്ധ അനുഭവങ്ങള്‍ നാട്ടിലെ സാധാരണ അധ്യാപക വിദ്യാര്‍ത്ഥി സമൂഹത്തില്‍ നിന്നാണ് ചെറുതായെങ്കിലും നേരിട്ടിട്ടുള്ളത് എന്നത് മനസ്സിനെ വിഷമിപ്പിച്ചിട്ടുണ്ട്.

ഭൂരിഭാഗം ഇടങ്ങളിലും ശിരോവസ്ത്രം ധരിച്ചവര്‍ക്ക് ആദരവ് ലഭിക്കാറുണ്ട്. അനാവശ്യ കമന്റുകളോ ബുദ്ധിമുട്ടുകളോ പുരുഷന്‍മാരില്‍ നിന്ന് നേരിടേണ്ടി വന്നിട്ടില്ല. ഹിജാബ് ഉള്ളവരെ അവര്‍ ഒഴിവാക്കി വിടലാണ്.

ഹിജാബ് ധരിക്കുമ്പോള്‍ നാം കൂടുതല്‍ പക്വതയും ഉത്തരവാദിത്വബോധവും പ്രകടിപ്പിക്കുന്നു. ഞാന്‍ ധരിച്ചിരിക്കുന്നത് ഒരുത്തരവാദിത്വപ്പെട്ട വസ്ത്രമാണ്, അതിന്റെ മാന്യത ഞാന്‍ കാണിക്കണം എന്ന ബോധ്യം ഹിജാബ് നല്‍കുന്നു. അതായത് ധരിക്കുന്നവരിലും കാണുന്നവരിലും ഒരേപോലെ ജാഗ്രതയുണ്ടാക്കാന്‍ സഹായിക്കുന്ന വസ്ത്രരൂപമാണ് ഹിജാബ്.

ഹസീന സുല്‍ഫത്ത് ഹകീം

(പി. എച്ച്. ഡി സ്‌കോളര്‍, CSIR, NIIST, തിരുവനന്തപുരം)

—————————————————————————————————————————————–

തട്ടമിട്ടവരുടെ റിസല്‍ട്ട്

മതം നിഷ്‌കര്‍ഷിക്കുന്നത് എന്നതിനപ്പുറം എന്റെ ഐഡന്റിറ്റി സൂക്ഷിക്കാനുള്ള ഉപാധിയായാണ് ഹിജാബ് സെലക്ട് ചെയ്യുന്നത്. ചുരിദാര്‍ പോലെയുള്ള സ്ത്രീ വേഷങ്ങളെക്കാള്‍ സുഖപ്രദമായി പര്‍ദയെ തിരഞ്ഞെടുക്കുന്നതും സുരക്ഷയുടെ ഭാഗമായാണ്. ഭൂരിഭാഗം പെണ്‍കുട്ടികളും ശരീരം പൊതു മധ്യത്തില്‍ വെളിപ്പെടുന്നത് താത്പര്യപ്പെടുന്നില്ല. മാത്രമല്ല, പര്‍ദയും ഹിജാബും ധരിച്ചാല്‍ അന്യരുടെ കണ്ണുകളെ ഭയപ്പെടേണ്ടി വരുന്നില്ല. ഏത് വസ്ത്രം ധരിക്കുന്നവരും അതവര്‍ക്ക് സുരക്ഷിതത്വമാണ് എന്ന ബോധത്തോടുകൂടെയാണല്ലോ ഉപയോഗിക്കുന്നത്. ഓരോരുത്തരുടെയും മൂല്യങ്ങളെയും കാഴ്ചപ്പാടുകളേയും ആശ്രയിച്ചിരിക്കും അവരുടെ വസ്ത്ര സങ്കല്‍പം.

എന്നാല്‍ സമൂഹത്തിന്റെ കാഴ്ചപ്പാട് നമ്മള്‍ സ്ത്രീകള്‍ നിനക്കുന്നതിലും അപ്പുറമായിരിക്കും. പ്രത്യേകിച്ച്, സ്ത്രീകളെ അത്ര പന്തിയല്ലാത്ത കണ്ണുകളോടെ വീക്ഷിക്കുന്ന ഒരുപാട് പേരുണ്ടിവിടെ.

പുരുഷന്‍മാരുടെ നോട്ടമോ ആസ്വാദനമോ കമന്റുകളോ പ്രശ്‌നമാക്കാത്ത, അത് സമൂഹത്തിന്റെ ഭാഗമാണെന്ന് വിശ്വസിക്കുന്ന സ്ത്രീകള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട വസ്ത്രമാവാം. എനിക്കങ്ങനെയല്ല. അന്യര്‍ എന്റെ വസ്ത്രധാരണത്തെ, ശരീരത്തെ അത്ര സുഖകരമല്ലാത്ത കണ്ണോടുകൂടെ കാണരുത് എന്നതാണ് എന്റെ താത്പര്യം. അതിനാല്‍ പുറത്തിറങ്ങുമ്പോള്‍ പര്‍ദയും ഹിജാബും എനിക്ക് നല്‍കുന്ന ആത്മവിശ്വാസവും കരുത്തും ഏറെ വലുതാണ്.
വസ്ത്രധാരണത്തിലെ നിഷ്‌കര്‍ഷകള്‍ നമ്മുടെ അവസരങ്ങള്‍ നഷ്ടപ്പെടുത്തില്ല. നമ്മുടെ സമീപനത്തെയും ഇടപെടലുകളെയും ആശ്രയിച്ചിരിക്കും പൊതുസമൂഹത്തിന്റെ പ്രതികരണം. ഏകദേശം ഒരു വര്‍ഷം മുമ്പ് വാഗമണ്‍ ഉഇടങഅഠ കാമ്പസില്‍ നടന്ന ഓള്‍ ഇന്ത്യാ മാനേജ്‌മെന്റ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചിരുന്നു. സാധാരണ ചുരിദാറും മുഖമക്കനയും ധരിച്ചാണ് ഞങ്ങള്‍ അവിടെ എത്തിയത്.

ഓള്‍ ഇന്ത്യാ ഫെസ്റ്റ് ആയതിനാല്‍ തന്നെ അവിടെയെത്തിയ ബഹുഭൂരിഭാഗം പേരുടെയും വസ്ത്രധാരണം വളരെ മോഡേണ്‍ ആയിരുന്നു. ഞങ്ങള്‍ മാത്രമായിരുന്നു ഈ വേഷത്തിലുണ്ടായിരുന്നത്. മറ്റുള്ളവരുടെ വസ്ത്രവിധാനമൊക്കെ കണ്ടപ്പോള്‍ തന്നെ മനസ്സ് ചെറുതായി പതറാന്‍ തുടങ്ങി. ‘ഇവരുടെ മുന്നില്‍ ഞങ്ങളെങ്ങനെ പിടിച്ചു നല്‍ക്കും, ജയിക്കും ? ഞങ്ങളെയൊന്നിനും കൊള്ളില്ലല്ലോ, ഞങ്ങള്‍ വളരെ പഴഞ്ചനായല്ലോ’ എന്നൊക്കെയുള്ള തോന്നല്‍. മൂന്ന് ദിവസത്തെ പ്രോഗ്രാമിനിടയിലെ ഓരോ രാത്രിയും വര്‍ണാഭമായ കലാപരിപാടികളുണ്ടായിരുന്നു. അതു കണ്ടിട്ടൊന്നും ഞങ്ങള്‍ വസ്ത്രധാരണ ശൈലി മാറ്റിയില്ല. അപ്പോഴെല്ലാം മറ്റു കുട്ടികള്‍ ഞങ്ങളെ പ്രത്യേകം വീക്ഷിക്കുന്നുണ്ടായിരുന്നു; ‘ഇവര്‍ എവിടുന്നാ ഈ തട്ടമിട്ടവര്‍’ എന്ന ചോദ്യാരവത്തോടെ.

എന്നാല്‍ റിസള്‍ട്ട് വന്ന സമയത്ത് യാതൊരു മുന്‍പരിചയവുമില്ലാത്ത ഞങ്ങള്‍ ഇന്ത്യയിലെ തന്നെ വലിയ കോളജുകളെ പിന്തള്ളി രണ്ടാം സ്ഥാനം കൈവരിക്കുകയുണ്ടായി. ആ സമയത്ത് ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനായില്ല.

ഷഫ്‌ന കെ
(മര്‍കസ് ലോ കോളജ് നാലാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്)

—————————————————————————————————————————————–

ഹിജാബ് എന്റെ ഇഷ്ടം

ഹിജാബ് ധരിക്കുന്നത് ഒരു തടസ്സമാവുമോ എന്ന ആശങ്ക ആദ്യമായി ഞാന്‍ കാണുന്നത് എന്റെ സുഹൃത്തിന്റെ അനിയത്തിയില്‍ നിന്നാണ്. മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതുമ്പോള്‍ ഹിജാബ് ധരിക്കാന്‍ പാടുണ്ടോ ഇല്ലയോ എന്നൊക്കെയുള്ള വിവാദങ്ങള്‍ നിലനില്‍ക്കുന്ന സന്ദര്‍ഭമായിരുന്നു അത്. അവള്‍ക്ക് മുമ്പ് എന്‍ട്രന്‍സ് എഴുതിയ വ്യക്തി എന്ന നിലയിലാണ് ആ കുട്ടി എന്നോട് അതേകുറിച്ച് ചോദിച്ചിട്ടുണ്ടാവുക. എന്നാല്‍ പ്ലസ്ടു പഠനത്തിനുശേഷം എന്‍ജിനീയറിംഗ്/മെഡിക്കല്‍ എന്‍ട്രന്‍സ് എഴുതിയ എന്റെ കാലത്തെ കുട്ടികള്‍ക്കൊന്നും അത്തരമൊരു ദുരനുഭവം നേരിടേണ്ടി വന്നിട്ടില്ല.

എന്റെ ഇഷ്ടപ്രകാരം ഞാന്‍ സെലക്ട് ചെയ്തിട്ടുള്ളതാണ് എന്റെ ഹിജാബ്. വിശ്വാസത്തിന്റെ ഭാഗമായും എന്റെ സുരക്ഷയുടെ ഭാഗമായുമെല്ലാം ഞാനതിനെ കാണുന്നു. ബിരുദ പഠനകാലത്തോ ഇപ്പോഴുള്ള ബിരുദാനന്തര പഠന സമയത്തോ ഒന്നും പറയത്തക്ക തടസ്സങ്ങള്‍ മുഖമക്കനയുമായി ബന്ധപ്പെട്ട് നേരിടേണ്ടി വന്നിട്ടില്ല.

ബിരുദ പഠനത്തിന് ശേഷം ഫാഷന്‍ ടെക്‌നോളജിക്ക് അപേക്ഷിക്കുന്ന സമയത്ത് മിക്കവാറും നോര്‍ത്തിന്ത്യന്‍ സംസ്ഥാനങ്ങളിലാവും അഡ്മിഷന്‍ ലഭിക്കുക എന്ന ധാരണയുണ്ടായിരുന്നു. മാത്രമല്ല, പഠിക്കുന്നത് ഫാഷന്‍ ടെക്‌നോളജിയുമാണല്ലോ. അതിനാലൊക്കെ എന്റെ കാമ്പസ് അന്തരീക്ഷം എങ്ങനെയാവുമെന്ന ചില മുന്‍ധാരണകളും ഉണ്ടായിരുന്നു.

വളരെ മോഡേണ്‍ ആണിവിടത്തെ ഓരോരുത്തരും. എങ്കിലും അവരുടെ ഇടയിലൊന്നും നമ്മുടെ വസ്ത്രധാരണ രീതി തന്നെ തുടരുന്നതില്‍ മനസ്സിന് യാതൊരു ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല. ഞങ്ങള്‍ കേരളത്തില്‍ നിന്നു വരുന്ന മൂന്ന് മുസ്‌ലിം പെണ്‍കുട്ടികള്‍ മാത്രമേ ഹിജാബ് ധരിക്കാറുള്ളു. നോര്‍ത്ത് ഇന്ത്യയില്‍ നിന്ന് ഏതാനും മുസ്‌ലിം പെണ്‍കുട്ടികള്‍ ഉണ്ടെങ്കിലും അവര്‍ വസ്ത്രധാരണത്തില്‍ അത്ര ചിട്ട സൂക്ഷിക്കാറില്ല. അതുകൊണ്ടാവാം ചില സുഹൃത്തുകള്‍ ഇതൊരു കേരളീയ വസ്ത്രസങ്കല്‍പമാണെന്ന് വിചാരിച്ചിരുന്നു. അത് പിന്നീട് അവര്‍ തുറന്ന് സംസാരിച്ചപ്പോഴാണ് ഞങ്ങളറിയുന്നതും അവരുടെ ധാരണ തിരുത്തുന്നതും. വസ്ത്രധാരണത്തില്‍ അവരെ പോലെയാവൂ എന്ന് അവര്‍ തന്നെ നിര്‍ബന്ധിച്ച ഒരു സന്ദര്‍ഭത്തിലാണ് ഇതെന്റെ വിശ്വാസത്തിന്റെ ഭാഗമാണെന്ന് ഞാന്‍ പറയുന്നത്.
ഫാഷന്‍ ടെക്‌നോളജി പഠിക്കുന്നവരാകയാല്‍ ഇവിടുത്തെ സഹപാഠികള്‍ക്ക് ഡ്രസ്സിംഗിലും മേക്കപ്പിലുമെല്ലാം വളരെ ശ്രദ്ധയാണ്. പൂര്‍ണമായും വെസ്റ്റേണ്‍,മോഡേണ്‍ സങ്കല്‍പങ്ങളാണ് അവര്‍ പിന്തുടരുന്നത്. സ്‌കാര്‍ഫ് ധരിച്ചാല്‍ ഭംഗി നഷ്ടപ്പെടുമെന്നാണ് അവര്‍ ഞങ്ങള്‍ മലയാളി മുസ്‌ലിം പെണ്‍കുട്ടികളോട് പറയാറുള്ളത്. അപ്പോഴെല്ലാം ഞങ്ങളതിനോട് സൗഹൃദപൂര്‍വം വിയോജിക്കാറാണ് പതിവ്. ഹിജാബും സ്‌കാര്‍ഫുമൊക്കെയാണ് എനിക്കൊരു വൃത്തിയും ഭംഗിയുമൊക്കെയായി തോന്നിയിട്ടുള്ളത്.

സുമിന്‍ പി സി

B.ds, National Institute of Fashion Technology, Bhopal

—————————————————————————————————————————————–

പര്‍ദ ശരീരത്തെയാണ് മൂടുന്നത്

ഇസ്‌ലാം സ്ത്രീവിരുദ്ധതയുടെ മതമാണ്, പര്‍ദ സ്ത്രീയുടെ സ്വത്വത്തെയും സ്വാതന്ത്ര്യത്തെയും മൂടിവെക്കുന്ന കറുപ്പാണ് എന്നെല്ലാം കാലങ്ങളായി ചിലര്‍ പറഞ്ഞുവരുന്നു. എന്നാല്‍ ഒരു സ്ത്രീ എന്ന നിലക്ക് എനിക്ക് എന്റെതായ ചില നിലപാടുകള്‍ ഇക്കാര്യത്തിലുണ്ട്. വസ്ത്രം എന്നാല്‍ കേവലം നാണം മറക്കുക എന്നതില്‍ നിന്നും മാറി ഒരു വ്യക്തിയുടെ വ്യക്തിത്വത്തെ അടയാളപ്പെടുത്തുന്നതിന്റെ വലിയൊരു ഭാഗമായി മാറിയിരിക്കുന്നു. ശരിയായ വസ്ത്രധാരണം ഉറച്ച ആത്മവിശ്വാസം നല്‍കുന്നു. ഒരു സാമൂഹ്യജീവി എന്ന നിലക്ക് പല അവസരങ്ങളിലും സമൂഹത്തില്‍ ഇടപെടേണ്ടതായി വരാറുണ്ട്. ആ അവസരങ്ങളിലെല്ലാം, പ്രത്യേകിച്ച് തനിച്ചുള്ള ദീര്‍ഘ യാത്രകളില്‍ പര്‍ദയും ഹിജാബും നല്‍കുന്ന ധൈര്യവും ആത്മവിശ്വാസം ചെറുതല്ല. പെണ്ണുടലിന് നേരെയുള്ള നോട്ടങ്ങളില്‍ നിന്ന് പര്‍ദ ഒരു സ്ത്രീക്ക് വലിയ രക്ഷാകവചമാണ്. സഊദി അറേബ്യയില്‍ താമസിക്കുന്ന അമുസ്‌ലിമായ എന്റെ ഒരു സുഹൃത്ത് പര്‍ദയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ഇവിടെ കുറിക്കട്ടെ: സഊദിയിലെ നിര്‍ബന്ധിത നിയമപ്രകാരമാണ് പര്‍ദ ധരിച്ച് തുടങ്ങിയത്. എന്നാല്‍ പിന്നീട് പര്‍ദ തനിക്ക് നല്‍കുന്ന സുരക്ഷ എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞു. പ്രത്യേകിച്ച് പുരുഷന്മാരുമായി ഇടപെടേണ്ടി വരുന്ന സമയങ്ങളില്‍. എന്നിലെ സ്ത്രീത്വം എന്നെ ബോധ്യപ്പെടുത്തിയത് ഈ വേഷമാണ്.

ഇതാണ് ‘പര്‍ദസംസ്‌കാരം’. പുറത്ത് നിന്ന് നോക്കുന്നവര്‍ക്ക് പര്‍ദ ഇരുട്ടാണ്. എന്നാല്‍ അനുഭവിക്കുന്നവര്‍ക്ക് അത് വെളിച്ചമാണ്.

ഏഴാം ക്ലാസ് മുതലാണ് ഞാന്‍ പര്‍ദയും ഹിജാബും ശീലിച്ച് തുടങ്ങിയത്. കൂട്ടുകാര്‍ പല ഫാഷനുകളിലും വസ്ത്രം ധരിച്ച് വരുമ്പോള്‍ തട്ടമിട്ട പെണ്ണ് പലപ്പോഴും അവര്‍ക്കിടയില്‍ ഒരു അധികപ്പറ്റായിരുന്നു. പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയതിനാലാവാം, പിന്നീട് ഏത് ആള്‍ക്കൂട്ടത്തിനിടയിലും പര്‍ദയും ഹിജാബും ധരിച്ച് കയറിച്ചെല്ലാനുള്ള ആര്‍ജവം കൈവന്നു. കുട്ടികളില്‍ മതം കുത്തിവെക്കുന്നത് കൊണ്ടാണ് ഈ പ്രായത്തില്‍ തന്നെ പര്‍ദയും ഹിജാബും ധരിച്ച് തുടങ്ങുന്നതെന്ന് വിമര്‍ശകര്‍ പറയാറുണ്ട്. ഞങ്ങള്‍ക്കാരും കുത്തിവെച്ചതല്ല, ഞങ്ങള്‍ പൂര്‍ണ സംതൃപ്തിയില്‍ അണിഞ്ഞതാണ് ഈ വേഷം. ഇസ്‌ലാം സ്ത്രീകളെ അടിമകളാക്കി വെക്കുന്നു എന്നും അവളുടെ സ്വപ്‌നങ്ങള്‍ക്കോ കാഴ്ചപ്പാടുകള്‍ക്കോ ഇസ്‌ലാമില്‍ യാതൊരു സ്ഥാനവുമില്ലെന്നും അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് പര്‍ദയെന്നും അവര്‍ ചെവിയടച്ചുപിടിച്ച് പറയും. എന്നാല്‍ പര്‍ദ സ്ത്രീയുടെ ശരീരത്തെയാണ് പൊതിഞ്ഞ് സൂക്ഷിക്കുന്നത്. അല്ലാതെ അവളുടെ സ്വപ്‌നങ്ങളെയോ കഴിവുകളെയോ അല്ല. അല്ലാഹുവിന്റെ അനുഗ്രഹം കൊണ്ട് ഇന്ന് ഞാന്‍ കേരളത്തിലെ അറിയപ്പെടുന്ന സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിയാണ്. പല എതിര്‍പ്പുകളും പരിഹാസങ്ങളും നേരിട്ടുവെങ്കിലും തനതായ വേഷത്തില്‍ പല കാമ്പസുകളിലും പഠിക്കാനും പഠനം പൂര്‍ത്തിയാക്കാനും സാധിച്ചു. സംസ്‌കൃത ഭാഷയില്‍ ഗവേഷണം നടത്താന്‍ സംസ്‌കൃത സര്‍വകലാശാലയില്‍ പര്‍ദയും ഹിജാബും ധരിച്ച് അഡ്മിഷന് പോയപ്പോള്‍ ‘ഇത് മക്കയല്ല പര്‍ദയിട്ട് വരാന്‍’ എന്ന് ചില അപരിചിതര്‍ പറഞ്ഞത് ഓര്‍ക്കുന്നു. പര്‍ദ മാന്യമായ ഒരു വേഷമാണ്. അതിനോട് ആളുകള്‍ക്കുള്ള കാഴ്ചപ്പാടാണ് മാറേണ്ടത്. ഇസ്‌ലാമികമായ അന്തരീക്ഷത്തില്‍ നിന്ന് കാമ്പസുകളില്‍ എത്തുന്ന എത്രയോ സുഹൃത്തുക്കള്‍ പാരമ്പര്യത്തെയും സംസ്‌കാരത്തെയും പാതിവഴിയില്‍ ഉപേക്ഷിച്ച് ‘പരിഷ്‌കാരികളായി’ത്തീരുന്ന കാഴ്ച ഏറെ വേദനിപ്പിക്കുന്നതാണ്. പരിഹാസങ്ങള്‍ ഭയന്നും, ഇസ്‌ലാമികമായ വേഷം മുന്നോട്ടുള്ള കുതിപ്പിന് പ്രതിബന്ധമാവുമെന്ന് ആരുടെയൊക്കെയോ സ്വാധീനത്താല്‍ തെറ്റിദ്ധരിക്കപ്പെട്ടും ചില സുഹൃത്തുക്കള്‍ ഇസ്‌ലാമിക സംസ്‌കാരത്തെ വെടിയുകയാണ്. കഴിവുകള്‍ വേഷവിധാനത്തിലല്ല ഓരോരുത്തരുടെയും ഉള്ളിലാണ് എന്ന് തിരിച്ചറിയണം. ആത്മവിശ്വാസത്തിലൂടെയും നിശ്ചയദാര്‍ഢ്യത്തിലൂടെയുമാണ് കഴിവുകളും സ്വപ്‌നങ്ങളും സാക്ഷാത്കരിക്കപ്പെടുക. അതില്‍ വേഷം തടസ്സമല്ല. ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്ന മാന്യതയുടെ അടയാളമാണ് പര്‍ദ. അത് അവളുടെ ബാഹ്യ ശരീരത്തെ മാത്രമെ മൂടിവെക്കുന്നുള്ളൂ. ഏത് ഉയരങ്ങളും അവള്‍ക്ക് കീഴടക്കാം. കാരണം അവളുടെ സ്വപ്‌നങ്ങളില്‍ ആരും കറുപ്പ് വീഴ്ത്തുന്നില്ല.

സഹ്‌ല വികെ
(കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ ഗവേഷകയാണ് ലേഖിക)

—————————————————————————————————————————————–

നെതര്‍ലാന്റില്‍

ഹിജാബ് എന്റെ ആദര്‍ശത്തിന് വേണ്ടി ഞാന്‍ നടത്തിയ തിരഞ്ഞെടുപ്പാണ്. എന്റെ ആദര്‍ശം, എന്റെ തിരഞ്ഞെടുപ്പ്. എനിക്ക് വ്യക്തിസ്വാതന്ത്ര്യമുണ്ടെങ്കില്‍, വിശ്വാസ സ്വാതന്ത്ര്യമുണ്ടെങ്കില്‍ എന്റെ തിരഞ്ഞെടുപ്പിനെ മാനിക്കാന്‍ മറ്റുള്ളവര്‍ക്ക് കടമയുണ്ട്. ഹിജാബ് ധരിച്ചതിനാല്‍ ഞാന്‍ സ്റ്റീരിയോടേപ്പ് ചെയ്യപ്പെടുകയോ എന്റെ അവസരങ്ങള്‍ നഷ്ടപ്പെടുകയോ ചെയ്തിട്ടില്ല.

അടുത്തിടെ ഒരു ഫെല്ലോഷിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് നെതര്‍ലാന്റ് സന്ദര്‍ശിക്കേണ്ടി വന്നു. അന്താരാഷ്ട്ര വേദികളില്‍ ഹിജാബിന് ഒരു നിയന്ത്രണവുമില്ല. അതുപയോഗിച്ചതുകൊണ്ട് എന്നെ ആരും മറ്റൊരാളായി കണ്ടിട്ടുമില്ല. മാത്രമല്ല; അവിടെ വലിയ പദവികളിലുള്ള ഒരുപാട് പേര്‍ ഹിജാബ് ധരിക്കുന്നവരുമാണ്.

എന്റെ വേഷം തടസ്സമാവുന്നത് എനിക്കല്ല. പുറത്തുനിന്നുള്ള കണ്ണുകള്‍ക്ക് അതൊരു തടസ്സമായേക്കാം. അത് കംഫര്‍ട്ടിന്റെ സിംബല്‍ ആയാണ് ഞാന്‍ കണ്ടത്. ഞാന്‍ വളര്‍ന്നു വന്ന സാഹചര്യത്തില്‍ ശീലിച്ചതാണ്. അതിപ്പോഴും മുറുകെപ്പിടിച്ച് പോവാന്‍ കഴിയുന്നുണ്ട്. അതിലൂടെ എനിക്കൊന്നും നഷ്ടപ്പെടുന്നില്ല. എന്നല്ല കൂടുതല്‍ നേട്ടം കൈവരിക്കാന്‍ സാധിച്ചിട്ടുമുണ്ട്.

റജ് വ കമാൽ

Former Fellow at Netherland Fellowship Program

—————————————————————————————————————————————–

ഞാന്‍ കാഴ്ചവസ്തു അല്ല

എന്തുകൊണ്ടാണ് ഹിജാബ് ധരിക്കുന്നതെന്ന് പല അമുസ്‌ലിം സുഹൃത്തുക്കളും അപരിചിതരും എന്നോട് ഒരുപാട് തവണ ചോദിച്ചിട്ടുണ്ട്. അല്ലാഹു കല്‍പിച്ചതിനാല്‍ എന്നായിരുന്നു അപ്പോഴെല്ലാം എന്റെ മറുപടി. എനിക്ക് പതിമൂന്ന് വയസായിരുന്ന സമയത്ത് ഞാന്‍ മുഖമക്കന ധരിക്കാന്‍ തുടങ്ങിയ വേളയില്‍ എന്റെ ഉപ്പ ‘നീ വളര്‍ന്നു വരികയാണ്, ഇത് നീ ധരിക്കേണ്ട സമയമാണ്’ എന്ന് എന്നോട് പറഞ്ഞതോര്‍ക്കുന്നു. അതിനെ തുടര്‍ന്നാണ് ഞാന്‍ ഹിജാബ് ധരിക്കുന്നത്. അല്ലാതെ പലരും കരുതുന്ന പോലെ അതൊരു നിര്‍ബന്ധിപ്പിക്കലോ കടമ നിര്‍വഹിക്കലോ അടിമപ്പെടുത്തലോ ആയിരുന്നില്ല. എന്റെ നാഥന്റെയും തിരുദൂതരുടെയും വചനങ്ങളോടുള്ള ഒരു വിശ്വാസിയുടെ നീതി പുലര്‍ത്തലായിരുന്നു അത്.

എന്റെ സ്വാതന്ത്ര്യങ്ങളെയും ഉത്തരവാദിത്വങ്ങളെയും ഭംഗിയായി നിര്‍വഹിക്കാനനുവദിക്കാത്ത ഒരു മറയായിട്ടല്ല, എനിക്ക് കൂടുതല്‍ കര്‍തവ്യബോധം നല്‍കുന്നതും അനാവശ്യങ്ങളില്‍നിന്ന് എന്നെ സംരക്ഷിക്കുന്നതുമായ ഒരു കവചമായാണ് ഹിജാബിനെ ഞാന്‍ കാണുന്നത്. പലരും കരുതുന്നതില്‍നിന്ന് വ്യത്യസ്തമായി ഹിജാബെനിക്ക് കൂടുതല്‍ ഊര്‍ജം നല്‍കുകയാണ് ചെയ്തത്.

ശരീര പ്രദര്‍ശനത്തിലൂടെ മറ്റുള്ളവരുടെ അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങാനല്ല; എന്റെ ബുദ്ധികൊണ്ട് നേട്ടങ്ങള്‍ കൊയ്ത് അതിലൂടെ സമൂഹത്തിന് നന്മകള്‍ സമ്മാനിക്കണമെന്നാണ് ഞാന്‍ ആഗ്രഹിക്കുന്നത്.

സ്ത്രീ എന്നാല്‍ മറ്റുള്ളവരുടെ കാഴ്ചവസ്തുവല്ല. ടെലിവിഷന്‍ പരസ്യങ്ങളും റിയാലിറ്റി ഷോകളും മറ്റും അത്തരം സ്ത്രീ സങ്കല്‍പമാണ് നല്‍കുന്നത്. സ്ത്രീക്ക് അവരുടേതായ അസ്തിത്വവും ബൗദ്ധിക വ്യവഹാരങ്ങളുമുണ്ട്. അതിന് പ്രാധാന്യം നല്‍കി സമൂഹത്തിലിടപെടാന്‍ സ്ത്രീക്ക് പര്‍ദ തടസ്സമല്ല.

സൗന്ദര്യ വര്‍ധക വസ്തുക്കള്‍ നല്‍കി പെണ്‍കുട്ടികളെ സുന്ദരികളാകാന്‍ പഠിപ്പിക്കുന്ന ഒരു അധമ വ്യവസ്ഥിതി ഇന്ന് വളര്‍ന്നുവരുന്നുണ്ട്. അതിനപ്പുറം അവളുടെ സ്വപ്‌നങ്ങള്‍ക്ക് സംരക്ഷണമുള്ള ചിറകുകള്‍ നല്‍കി ബൗദ്ധികമായി മക്കളെ വളര്‍ത്താനാണ് നാം ശ്രമിക്കേണ്ടത്.

ഡോ. അനീസ ഖാത്തൂന്‍

—————————————————————————————————————————————–

ഒഴുക്കിനെതിരെ

ഈയിടെ എന്റെ നാട്ടില്‍ ഒരു കുടുംബ സംഗമം നടന്നു. ഉദ്ഘാടന സെഷനില്‍ സംസാരിച്ചിരുന്നത് വിദ്യാര്‍ത്ഥി കൂട്ടായ്മയുടെ സാരഥിയായ മുസ്ലിം യുവ അഭിഭാഷക ആയിരുന്നു. മുന്‍പേ അവരെ കേട്ട പരിചയവും പ്രസംഗം സോഷ്യല്‍ മീഡിയ വഴി കണ്ട പരിചയവും മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഇന്നാണ് നേരിട്ട് അത് കേള്‍ക്കാന്‍ അവസരം ഉണ്ടായത്. പെണ്‍കുട്ടികളെ സംബന്ധിച്ച് ഇന്‍സ്പിറേഷന്‍ ഉള്ളതും ഉമ്മമാരെ സംബന്ധിച്ച് ഇരുത്തി ചിന്തിപ്പിക്കുന്നതുമായിരുന്നു പ്രസംഗം. അവരുടെ പ്രസംഗം കേട്ടപ്പോള്‍ എനിക്ക് പറയണമെന്നു തോന്നിയ ചില കാര്യങ്ങള്‍ പറയട്ടെ.

ബുദ്ധിയും സാമര്‍ഥ്യവും ഉള്ള പെണ്‍കുട്ടികളെ വളര്‍ത്തികൊണ്ടുവരാന്‍ വിദ്യാഭ്യാസം നല്‍കുക എന്നതാണ് ഏറ്റവും നല്ല മാര്‍ഗം. അതിനു സന്നദ്ധരായ രക്ഷിതാക്കള്‍ തന്നെയാണ് നമുക്കിടയില്‍ ഇന്ന് ഏറെക്കുറേയും. ഉന്നത വിദ്യാഭ്യാസത്തോടൊപ്പം അവര്‍ മത വിദ്യാഭ്യാസവും നേടട്ടെ.
അവരുടെ പ്രസംഗത്തിനിടെ ഒരനുഭവം പങ്കുവെച്ചു: ‘ഒരു തവണ ഓണവും നോമ്പും ഒരുമിച്ചു വന്നപ്പോള്‍, നോമ്പുള്ള അന്നേ ദിവസം കോളജിലെ ഓണ പരിപാടിയില്‍ സെറ്റ് സാരി ഉടുത്ത് മുന്‍നിരയില്‍ ഇരുന്ന് സദ്യ ഉണ്ടത് മുസ്‌ലിം പെണ്‍കുട്ടികളായിരുന്നു’. കേള്‍ക്കുന്ന സമയത്ത് ചില ഉമ്മമാര്‍ക്കെങ്കിലും ഞെട്ടി. ഒരു കോളജ് വിദ്യാര്‍ത്ഥിനി എന്ന നിലക്ക് എനിക്കും പറയാനുണ്ട് ഇങ്ങനെ ഒട്ടേറെ അനുഭവങ്ങള്‍. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഞാനും സുഹൃത്തുക്കളും പ്രാര്‍ത്ഥന മുറിയിലിരുന്ന് ഇത്തരം ചില അനുഭവങ്ങള്‍ പങ്കുവെച്ചു. ആ സമയത്ത് ഞങ്ങളും പറയുകയുണ്ടായി. വിരലിലെണ്ണാവുന്ന പെണ്‍കുട്ടികള്‍ മാത്രമാണല്ലോ എന്നും നിസ്‌കരിക്കാന്‍ വരുന്നത്. എല്ലാ സൗകര്യങ്ങളുണ്ടായിട്ടും ആരും എന്താ നിസ്‌കരിക്കാന്‍ വരാത്തത്? ‘അത് മേക്കപ്പ് പോവൂന്ന് കരുതീട്ടാ..വുളൂ എടുക്കുമ്പം ഇട്ടതൊക്കെ പോവൂലെ… പിന്നെ ചുറ്റി കുത്തിയ തട്ടം ഊരിയാ വീണ്ടും ചുറ്റി ക്കുത്തണേല്‍ കുറച്ച് പണിയും’. തമാശക്ക് പറഞ്ഞതായിരുന്നെങ്കിലും അതൊക്കെ വസ്തുതകളായിരുന്നു. ഒരു കാരണവുമില്ലാതെ നിസ്‌കാരം ഉപേക്ഷിക്കുന്നത് എത്രയേറെ പെണ്‍കുട്ടികളാണ്! പക്ഷേ ആണ്‍ കുട്ടികളില്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമേ നിസ്‌കാരം ഉപേക്ഷിക്കുന്നുള്ളൂ എന്നാണ് മനസിലായത്. ഒഴുക്കിനെതിരെ നീന്താനുള്ള പ്രാപ്തിയാണ് ഞങ്ങള്‍ ഹിജാബിലൂടെ നേടിയത്. സമയമാവുമ്പോള്‍ നിസ്‌കരിക്കാന്‍, ഹിജാബണിയാന്‍, മതസൗഹൃദം ഉറപ്പിക്കുമ്പോള്‍ തന്നെ ആദര്‍ശ ജീവിതം കളയാതിരിക്കാനുമൊക്കെ ഞങ്ങള്‍ക്ക് ധൈര്യം പകര്‍ന്നത് ഹിജാബ് തന്നെ.

ഷഫ്ന റഹ്മാന്‍ കെ പി

You must be logged in to post a comment Login