യൂറോ- അമേരക്കന്‍ മുസ്‌ലിംകളും ഇസ്‌ലാമിക വസ്ത്രാവിഷ്‌കാരങ്ങളും

യൂറോ- അമേരക്കന്‍ മുസ്‌ലിംകളും ഇസ്‌ലാമിക വസ്ത്രാവിഷ്‌കാരങ്ങളും

പടിഞ്ഞാറന്‍ രാജ്യങ്ങളിലെ മുസ്‌ലിംകള്‍ക്കിടയിലെ ഇസ്‌ലാമിക വേഷവിധാനങ്ങളെക്കുറിച്ചുള്ള വിശദീകരണങ്ങള്‍ക്ക് മുമ്പ്, ഇസ്‌ലാമിക വിശ്വാസ സംഹിതയുമായി ചില വസ്ത്രധാരണ ശൈലികള്‍ക്കുള്ള ഇഴയടുപ്പത്തെക്കുറിച്ച് ഒരു ആമുഖം ആവശ്യമുണ്ടെന്ന് തോന്നുന്നു. മുസ്‌ലിംകള്‍ ന്യൂനപക്ഷമായ ഇടങ്ങളില്‍ ഇസ്‌ലാമിക വേഷം ധരിക്കുക എന്നത്, സ്വന്തം സംസ്‌കാരത്തെ പ്രതിനിധീകരിക്കാനുള്ള ഉപാധിയോ, അല്ലെങ്കില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കാനുള്ള മാര്‍ഗമായോ ചുരുക്കിക്കാണുന്ന പശ്ചാതലമാണ് ഇത്തരമൊരു ആമുഖം അനിവാര്യമാക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ കോളജ് കാമ്പസിലെ തലപ്പാവ് ധരിച്ച ഇസ്‌ലാമിക പണ്ഡിതനും ഹിജാബിട്ട പെണ്‍കുട്ടിയും ദീപാവലി ദിവസം കാലിഫോര്‍ണിയയുടെ തെരുവിലൂടെ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ പ്രതീകമായി പലപ്പോഴും കണക്കാക്കാറുള്ള സാരി ധരിച്ച്, ആത്മവിശ്വാസത്തോടെ നടന്നു നീങ്ങുന്ന ഇന്ത്യക്കാരി പെണ്‍കുട്ടിയില്‍ നിന്ന് വ്യത്യസ്തരാണ്. ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം പ്രാഥമികമായി തന്റെ വിശ്വാസത്തെ ഉള്‍ക്കൊള്ളാനും ആവിഷ്‌കരിക്കാനുമുള്ള നൂല്‍ രൂപങ്ങളാണ് വസ്ത്രങ്ങള്‍. ആണ്‍ പെണ്‍ ഭേദമന്യേ, ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കുക എന്നത് ഒരു ഇസ്‌ലാമിക വിശ്വാസി എന്ന യോഗ്യത പൂര്‍ണാര്‍ത്ഥത്തില്‍ സ്വന്തമാക്കുന്നതില്‍ മുസ്‌ലിമിന്റെ ഒഴിവാക്കാനാവാത്ത ഘടകമാണ്. നിര്‍ബന്ധവും ഐഛികവുമായ അത്തരം നിഷ്‌കര്‍ഷകള്‍ മരണശേഷമുള്ള അനന്ത ലോകത്തെ ശാശ്വത സമാധാനം അനുഭവിക്കാനും ആസ്വദിക്കാനുമുള്ള സന്നദ്ധതയുടെ കൂടി ആവിഷ്‌കാരങ്ങളാണ്. മുസ്‌ലിം ലോകത്തെ വൈവിധ്യങ്ങള്‍ നിറഞ്ഞ വസ്ത്രഭേദങ്ങളെ കാണേണ്ടത്. ചില വസ്ത്ര രൂപങ്ങള്‍ക്ക് ഇസ്‌ലാമിക പാരമ്പര്യവുമായി വലിയ ബന്ധമുണ്ട്. തന്റെ തലപ്പാവില്‍ മുഹമ്മദുറസൂലുല്ലാഹിയിലേക്കെത്തുന്ന സനദ് ഒരു പ്രഭാഷണത്തില്‍ പ്രമുഖ പണ്ഡിതന്‍ ഹബീബ് അലി ജിഫ്‌രി വിശദീകരിക്കുന്നുണ്ട്.

കുടിയേറ്റവും, തദ്ദേശവാസികളുടെ ഇസ്‌ലാം ആശ്ലേഷവും അമേരിക്കയുള്‍പ്പെടെയുള്ള പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ ഇസ്‌ലാമിന് വലിയ സ്വാധീനമാണ് ഉണ്ടാക്കിയത്. വ്യൂ റിസര്‍ച്ച് സെന്റര്‍ ഈയിടെ നടത്തിയ പഠനം അമേരിക്കയിലും യൂറോപ്പിലും യഥാര്‍ത്ഥത്തില്‍ ഉള്ളതിനെക്കാള്‍ എത്രയോ അധികമാണ് അവിടുത്തെ മുസ്‌ലിംകളുടെ എണ്ണമെന്ന് മറ്റുള്ളവര്‍ കരുതുന്നുണ്ടെന്ന് കണ്ടെത്തുന്നു. അമേരിക്കയിലെ മുസ്‌ലിം ജനസംഖ്യ മുപ്പതുലക്ഷം(മൊത്തം ജനസംഖ്യയുടെ ഒരു ശതമാനം) മാത്രമാണെങ്കിലും അമേരിക്കന്‍ ജനസംഖ്യയുടെ പതിനഞ്ച് ശതമാനത്തിലധികം മുസ്‌ലിംകളാണെന്ന് കരുതുന്നവരാണ് അമേരിക്കക്കാരില്‍ നല്ലൊരു പങ്കും. ഫ്രാന്‍സില്‍ മൊത്തം ജനസംഖ്യയുടെ ഏഴര ശതമാനം മാത്രമാണ് മുസ്‌ലിംകളെങ്കിലും ഫ്രഞ്ച് ജനതയില്‍ ഒരു വലിയ വിഭാഗം മൊത്തം ജനസംഖ്യയുടെ മുപ്പത് ശതമാനത്തിലധികം മുസ്‌ലിംകളാണെന്ന് വിശ്വസിക്കുന്നതായി പ്രസ്തുത പഠനം കണ്ടെത്തുന്നു. ചുരുക്കത്തില്‍ യഥാര്‍ത്ഥത്തില്‍ ഉള്ളതിനെക്കാള്‍ എത്രയോ അധികമാണ് തങ്ങളുടെ രാജ്യങ്ങളിലെ മുസ്‌ലിം സാന്നിധ്യം എന്ന് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ തദ്ദേശവാസികള്‍ കരുതുന്നു. മുസ്‌ലിംകളെ കുറിച്ചും ഇസ്‌ലാമിനെ പറ്റിയും മാധ്യമങ്ങളില്‍ നിരന്തരം നടക്കുന്ന ചര്‍ച്ചകള്‍(മിക്കപ്പോഴും നെഗറ്റീവ് ആംഗിളില്‍ നിന്നുള്ള) ഇത്തരമൊരു ധാരണയെ ബലപ്പെടുത്തുന്നുണ്ടെന്ന് പഠനം സൂചിപ്പിക്കുന്നു.

അമേരിക്കയിലെയും ബ്രിട്ടനിലെയും യാത്രാനുഭവങ്ങളില്‍ നിന്ന് ഇതിനോട് ചേര്‍ത്തുവായിക്കേണ്ട മറ്റൊരു വസ്തുത ഈ ലേഖകന് ബോധ്യപ്പെട്ടിട്ടുണ്ട്. വസ്ത്രങ്ങളിലുള്‍പ്പെടെ പൊതുജീവിതത്തിലും മതം ആവിഷ്‌കരിക്കുന്ന മുസ്‌ലിംകള്‍ തങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് ഇവരെ നിരന്തരം ബോധ്യപ്പെടുത്തി കൊണ്ടിരിക്കുന്നു. ആധുനികതയുടെയും മുതലാളിത്തത്തിന്റെയും യുക്തികള്‍ക്കതീതമായി ഒരു സമാന്തര വസ്ത്ര സംസ്‌കാരമാണ് പടിഞ്ഞാറന്‍ രാജ്യങ്ങളില്‍ മുസ്‌ലിംകള്‍ സൃഷ്ടിക്കുന്നത്. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലെ കാമ്പസില്‍ കണ്ടതില്‍ കൂടുതല്‍ ഹിജാബ് ധാരികളെയാണ് അമേരിക്കയിലെ യൂണിവേഴ്‌സിറ്റി ഓഫ് കൊളറോഡോ ബൗള്‍ഡറില്‍ ഒരു ഗവേഷകനെന്ന നിലയില്‍ ചെലവഴിച്ച നാളുകളില്‍ എനിക്ക് കാണാനായത്. ബൗള്‍ഡറിലെ സഹപ്രവര്‍ത്തകയായിരുന്ന ക്രിസ്റ്റി പീറ്റേഴ്‌സന്റെ ഗവേഷണ വിഷയം ഹിജാബ് ആയിരുന്നു. തന്റെ ഗവേഷണത്തില്‍ 200 ബില്യണ്‍ ഡോളറിലധികം വരുന്നതാണ് ആഗോള തലത്തിലെ ഇസ്‌ലാമിക വസ്ത്ര വിപണി എന്ന് അവര്‍ രേഖപ്പെടുത്തുന്നു. ഒത്തുതീര്‍പ്പുകളിലെത്തുന്നതിന് പകരം ഒഴിച്ച് കൂടാനാവത്തതാണ് തങ്ങള്‍ക്ക് ഹിജാബെന്ന് മുസ്‌ലിം സ്ത്രീകള്‍ പശ്ചാത്യന്‍ സാഹചര്യങ്ങളില്‍ ആവര്‍ത്തിച്ചു പറയുന്നു.
ഒരു വസ്ത്രമെന്ന നിലയില്‍ ഹിജാബിന് ഒരു പരിധി വരെ അമേരിക്ക ഉള്‍പ്പെടെയുള്ള ഇടങ്ങളില്‍ സ്വീകാര്യത ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇരു കയ്യും നീട്ടിയാണ് ഇത്തരം വൈവിധ്യങ്ങളെ പടിഞ്ഞാറ് സ്വീകരിക്കുന്നത് എന്ന് കരുതുന്നത് മൗഢ്യമാണ്. തല മറച്ച് ഒളിമ്പിക്‌സില്‍ പങ്കെടുത്ത അമേരിക്കന്‍ മുസ്‌ലിം അത്‌ലറ്റും, നൈക്കി(ചകഗഋ) കമ്പനി പുറത്തിറക്കിയ ഹിജാബോടെയുള്ള നീന്തല്‍ വസ്ത്രവും, എല്ലാറ്റിലുമുപരി ഹിജാബ് ധരിച്ച് സ്വതന്ത്രമായും സ്വാഭാവികമായും സഞ്ചരിക്കുന്ന ആയിരക്കണക്കിന് സ്ത്രീകളും പടിഞ്ഞാറന്‍ സാഹചര്യങ്ങളില്‍ വസ്ത്ര വൈവിധ്യങ്ങളോട് തുറന്ന സമീപനമാണ് സ്വീകരിക്കുന്നത് എന്ന ധാരണ നല്‍കിയേക്കാം. യഥാര്‍ത്ഥത്തില്‍ ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്ന പശ്ചാത്യ മുസ്‌ലിംകളുടെ ധൈഷണിക പോരാട്ടങ്ങളും പക്വമായ ഇടപെടലുകളുമാണ് ഇത്തരമൊരു സാഹചര്യം സൃഷ്ടിച്ചത്. ഹിജാബിനോട് പ്രത്യേകിച്ച് പടിഞ്ഞാറന്‍ ഭരണകൂടങ്ങള്‍ സ്വീകരിച്ച അസഹിഷ്ണുതയെപറ്റി പ്രമുഖ സാമൂഹിക ശാസ്ത്രജ്ഞയായ ലീ അബൂലൂഗോദ്(Lila Abu Lughod) വാചാലയാവുന്നുണ്ട്. ഹിജാബ് ധരിച്ച മുസ്‌ലിം സ്ത്രീയെ അടിച്ചമര്‍ത്തലുകളില്‍ നിന്ന് രക്ഷിക്കുക എന്നത് മുസ്‌ലിം രാജ്യങ്ങളില്‍ തങ്ങള്‍ നടത്തുന്ന ചൂഷണങ്ങള്‍ക്കും അധിനിവേശങ്ങള്‍ക്കും ന്യായീകരണമായി സാമ്രാജ്യത്വ ശക്തികള്‍ ഉപയോഗിച്ചതായി അവര്‍ കണ്ടെത്തുന്നു. കുടിയേറ്റക്കാരായ മുസ്‌ലിംകളെ തങ്ങളുടെ സംസ്‌കാരവുമായി ലയിപ്പിക്കുക(Assimilation) എന്നായിരുന്നു പശ്ചാത്യ രാജ്യങ്ങള്‍ തുടക്കം മുതല്‍ സ്വീകരിച്ച നയം. മതം വീടുകളിലൊതുക്കേണ്ട ഒരു സ്വകാര്യ കാര്യമെന്ന സെക്കുലര്‍ യുക്തിയില്‍ നിന്ന് വരുന്ന വാദം ഹിജാബിനെതിരെയുള്ള അസഹിഷ്ണുത നിറഞ്ഞ നയങ്ങള്‍ക്ക് പുരോഗമനത്തിന്റെ മൂടുപടം നല്‍കാനും സഹായിച്ചു. ഈ ഒരു സാംസ്‌കാരിക- രാഷ്ട്രീയ പശ്ചാതലം മുസ്‌ലിം വസ്ത്രങ്ങളെ അപരിഷ്‌കൃതത്വത്തിന്റെ ചിഹ്നങ്ങളായി ഒതുക്കാന്‍ മതിയായ കാരണങ്ങളായിരുന്നു.

എന്നാല്‍ വസ്ത്രത്തിലുള്‍പ്പെടെ പടിഞ്ഞാറന്‍ ആധുനികത ഉയര്‍ത്തിയ ഇത്തരം വെല്ലുവിളികള്‍ക്ക് മുസ്‌ലിംകളില്‍ വലിയൊരു വിഭാഗവും എളുപ്പം കീഴടങ്ങിയില്ല. മുസ് ലിം ആധുനികതയെ കുറിച്ചുള്ള ഗവേഷകനായ നബീല്‍ ശൈബിയുടെ(Nabil Echchaibi) അഭിപ്രായത്തില്‍ സ്വീകരിക്കുക(accept), തിരസ്‌കരിക്കുക(reject), മാറ്റങ്ങള്‍ വരുത്തി സ്വീകരിക്കുക(appropriate and accept) എന്നിങ്ങനെയുള്ള മൂന്ന് രീതികളാണ് പടിഞ്ഞാറന്‍ ആധുനികതയോട്(Western modernity) യൂറോ- അമേരിക്കന്‍ സാഹചര്യങ്ങളില്‍ ജീവിക്കുന്ന മുസ് ലിംകള്‍ സ്വീകരിച്ച നയം. ഈ ഒരു നയം സ്വീകരിക്കുന്നതില്‍ തങ്ങളുടെ വിശ്വാസവുമായി സംഘര്‍ഷം വരുന്ന ഘടകങ്ങളുണ്ടോ എന്നതായിരുന്നു മുസ്‌ലിംകളുടെ പ്രധാന പരിഗണന. പടിഞ്ഞാറന്‍ ആധുനികത പരിചയപ്പെടുത്തിയ വസ്ത്ര സങ്കല്‍പങ്ങളോട് മുസ്‌ലിംകളുടെ വിയോജിപ്പ് വരുന്നത് ഈ സാഹചര്യത്തിലാണ്. ‘നിങ്ങളുടെ ഭാവനയിലും യുക്തിയിലും ഞങ്ങളുടെ വസ്ത്രങ്ങളില്‍ പ്രശ്‌നം കാണുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ കാഴ്ചപ്പാടിന്റെ കുഴപ്പമാണ്. അതിനെ മാറ്റുക’ ഹിജാബിനെക്കുറിച്ച് ബ്ലോഗെഴുതുന്ന ആമിന ഹെന്നയെപ്പോലെയുള്ള പുതുതലമുറ മുസ്‌ലിംകള്‍ സെക്കുലര്‍ യുക്തിയിലൊളിപ്പിച്ച അസഹിഷ്ണുതകളെ ധീരമായാണ് നേരിട്ടത്.

ഹിജാബ് ധാരികള്‍ക്ക് നേരെയുള്ള വംശീയവും, ശാരീരികവുമായ അക്രമങ്ങള്‍ ഉണ്ടാവുന്നത് ട്രംപ് ഭരണമേറ്റ ശേഷം വര്‍ധിച്ചിട്ടുണ്ട്. ‘വ്യത്യസ്ത സാഹചര്യമല്ലേ, ഹിജാബ് ഒഴിവാക്കി അഡ്ജസ്റ്റ് ചെയ്യാം’ എന്ന് ചിന്തിക്കുന്നതിനു പകരം ലീഗല്‍ സെല്ലുകള്‍ രൂപീകരിച്ചും, പൊതു സമൂഹത്തിന്റെ പിന്തുണ തേടിയുമാണ് ഇത്തരം സാഹചര്യങ്ങളെ അവര്‍ നേരിടുന്നത്. വംശീയ ആക്രമണങ്ങളെ പൊതു സമൂഹവുമായി അകലാനുള്ള ന്യായീകരണമായി കാണുന്നതിന് പകരം അവരുടെ പിന്തുണ കൂടുതല്‍ നേടാനുള്ള അവസരമായാണ് യൂറോ-അമേരിക്കന്‍ രാജ്യങ്ങളിലെ മുസ്‌ലിംകള്‍ ഉപയോഗപ്പെടുത്തുന്നത്. ‘സെല്‍ഫി വിത്ത് ഹിജാബ്’ എന്നത് വിജയകരമായി നടന്നു കൊണ്ടിരിക്കുന്ന അത്തരം ഒരു കാമ്പയിനാണ്. മുസ്‌ലിം പള്ളികളില്‍ വാരാന്ത്യങ്ങളില്‍ സംഘടിപ്പിക്കുന്ന ഡിന്നറുകളും പൊതു സമൂഹത്തെ ലക്ഷ്യമിട്ടുകൊണ്ടാണ്.

വിശ്വാസത്തില്‍ കൂടുതല്‍ കാലുറപ്പിച്ചു കൊണ്ടാണ് വെല്ലുവിളികള്‍ നേരിടേണ്ടതെന്ന വലിയ പാഠം യൂറോ-അമേരിക്കന്‍ സാഹചര്യങ്ങളിലെ പല ഇസ്‌ലാമിക മൂവ്‌മെന്റുകളും നല്‍കുന്നു. പക്വമായ ഇടപെടലുകളിലൂടെയും, സാഹചര്യങ്ങളെ തിരിച്ചറിഞ്ഞുള്ള ‘ഹിക്മത്തുകളിലൂടെയും’ പൊതു സമൂഹത്തില്‍ മുസ്‌ലിം ജന സമാന്യത്തെക്കുറിച്ചും അവരുടെ ചിഹ്നങ്ങളെക്കുറിച്ചുമുള്ള തെറ്റിദ്ധാരണകള്‍ ഒരു പരിധിവരെ തിരുത്താം എന്നതാണ് മറ്റൊരു പാഠം. മോദികാലത്തെ ഇന്ത്യയില്‍ നമുക്ക് പ്രസക്തമായ ചില പാഠങ്ങളാണ് ഇവ.

പ്രൊഫ. അഹ്മദ് ജുനൈദ്
Assistant professor, Amity University, Jaipur, India
Former visiting scholar,
University of Colorado Boulder, USA

You must be logged in to post a comment Login