ഇസ്‌ലാമിന്റെ നോട്ടം അവളുടെ അന്തസ്സിലാണ്

ഇസ്‌ലാമിന്റെ നോട്ടം അവളുടെ അന്തസ്സിലാണ്

‘സ്ത്രീ മൂടുപടമിടുന്നില്ലെങ്കില്‍ മുടി കത്രിച്ചുകളയട്ടെ. കത്രിക്കുന്നതോ ക്ഷൗരം ചെയ്യിക്കുന്നതോ സ്ത്രീക്കു ലജ്ജയെങ്കില്‍ മൂടുപടം ഇട്ടുകൊള്ളട്ടെ. പുരുഷന്‍ ദൈവത്തിന്റെ പ്രതിമയും തേജസ്സും ആകയാല്‍ മൂടുപടം ഇടേണ്ടതില്ല. സ്ത്രീയോ പുരുഷന്റെ തേജസ്സ് ആകുന്നു. പുരുഷന്‍ സ്ത്രീയില്‍ നിന്നല്ലല്ലോ സ്ത്രീ പുരുഷനില്‍ നിന്നത്രേ ഉണ്ടായത്. പുരുഷന്‍ സ്ത്രീക്കായിട്ടല്ല സ്ത്രീ പുരുഷന്നായിട്ടല്ലോ സൃഷ്ടിക്കപ്പെട്ടത്. ആകയാല്‍ സ്ത്രീക്കു ദൂതന്മാര്‍ നിമിത്തം തലമേല്‍ അധീനതാലക്ഷ്യം ഉണ്ടായിരിക്കേണം”. (1 കൊരിന്ത്യര്‍11:6-11)
‘അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടും കൂടെ തങ്ങളെ അലങ്കരിക്കേണം. പിന്നിയ തലമുടി, പൊന്ന്, മുത്ത്, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകള്‍ക്കു ഉചിതമാകുംവണ്ണം സല്‍പ്രവൃത്തികളെക്കൊണ്ടത്രേ അലങ്കരിക്കേണ്ടത്. സ്ത്രീ മൗനമായിരുന്നു പൂര്‍ണാനുസരണത്തോടും കൂടെ പഠിക്കട്ടെ. മൗനമായിരിപ്പാന്‍ അല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെമേല്‍ അധികാരം നടത്തുവാനോ ഞാന്‍ സ്ത്രീയെ അനുവദിക്കുന്നില്ല”. (1 തിമൊഥെയൊസ്: 2:9-12)

‘ആ വൃക്ഷഫലം തിന്നാന്‍ നല്ലതും കാണ്മാന്‍ ഭംഗിയുള്ളതും ജ്ഞാനം പ്രാപിപ്പാന്‍ കാമ്യവും എന്നു സ്ത്രീ കണ്ടു. ഫലം പറിച്ചു തിന്നു ഭര്‍ത്താവിനും കൊടുത്തു; അവനും തിന്നു. ഉടനെ ഇരുവരുടെയും കണ്ണു തുറന്നു. തങ്ങള്‍ നഗ്‌നരെന്നു അറിഞ്ഞു, അത്തിയില കൂട്ടിത്തുന്നി തങ്ങള്‍ക്കു അരയാട ഉണ്ടാക്കി.(ഉല്‍പത്തി 3:7)

സ്ത്രീകളുടെ വസ്ത്ര ധാരണത്തെക്കുറിച്ചും വസ്ത്രധാരണത്തിലടങ്ങിയ അടിസ്ഥാന ഫിലോസഫിയെക്കുറിച്ചും ബൈബിള്‍ പുതിയ നിയമവും പഴയ നിയമവും പറയുന്ന ചില വരികളാണ് മുകളിലുള്ളത്. ബൈബിളിന്റെ സ്ത്രീ നിലപാട് എന്തെന്ന് വിശദമാക്കുന്നതിലുപരി ഹിജാബ് എന്ന ആശയത്തിന്റെ ചരിത്രവും ജൂത-ക്രൈസ്തവ മതങ്ങളില്‍ അതിന്റെ സ്ഥാനവും ഇത് അടയാളപ്പെടുത്തുന്നു. ബൈബിള്‍ പ്രകാരവും വിശുദ്ധ ഖുര്‍ആന്‍ പ്രകാരവും ആദം നബിയെയും ഹവ്വാ ബീവിയെയും സൃഷ്ടിച്ചത് വിവസ്ത്രരായിട്ടാണ്. വിലക്കപ്പെട്ട പഴം ഭക്ഷിച്ചതിനു ശേഷമാണു ഇരുവരും പരസ്പരം തങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ കാണുന്നതും അത്തിയിലകള്‍ കൊണ്ട് മറക്കുന്നതും. അഥവാ മനുഷ്യന് സൃഷ്ടിപ്പോളം പഴക്കവും അടുപ്പവുമുണ്ട് അവന്റെ വസ്ത്രധാരണത്തോടും എന്ന് സെമിറ്റിക് മതങ്ങള്‍ വിശ്വസിക്കുന്നു. അഴിച്ചിട്ട് പരസ്പരം കാണിക്കുന്നത് ആദിമ മനുഷ്യര്‍ തന്നെ വളരെ ലജ്ജാ പൂര്‍വം കണ്ടുവെന്നും ഇത് വ്യക്തമാക്കുന്നു. അതിലുപരി സ്ത്രീയുടെ വസ്ത്രധാരണം എങ്ങനെയായിരിക്കണമെന്നും വസ്ത്ര ധാരണം കൊണ്ട് സ്ത്രീക്ക് അടിസ്ഥാന പരമായി ആര്‍ജിക്കേണ്ട മര്യാദകളും ഗുണങ്ങളും എന്തെല്ലാമാവണമെന്നും ബൈബിള്‍ വ്യക്തമാക്കുന്നു. എല്ലാ മേഖലയിലും സ്ത്രീയും പുരുഷനും സമമല്ലെന്നും വസ്ത്രധാരണമടക്കം സ്ത്രീക്ക് കൂടുതല്‍ കാര്‍ക്കശ്യം ആവശ്യമാണെന്നും ആവശ്യപ്പെടുന്ന ബൈബിള്‍ തലമുടി മറക്കേണ്ടതിന്റെ ആവശ്യകതയും ഗൗരവപൂര്‍വം ഉണര്‍ത്തുന്നു. ഇനിയും ധാരാളം ഭാഗങ്ങളില്‍ ബൈബിള്‍ ഇതേ ഭാഷയില്‍ തന്നെയാണ് സംസാരിക്കുന്നത്.

മനുഷ്യന്റെ സൃഷ്ടിപ്പ് മുതല്‍ ഇങ്ങോട്ടുള്ള ചരിത്രത്തിലെ വ്യത്യസ്ത നാഗരികതകളില്‍ സ്ത്രീയുടെ സ്ഥാനവും വസ്ത്രവും ചര്‍ച്ച ചെയ്യുന്ന ധാരാളം പഠനങ്ങളുണ്ടായിട്ടുണ്ട്. ബൈബിളിന്റെ വരികള്‍ വ്യക്തമാക്കുന്നതുപോലെ തന്നെയാണോ അന്നത്തെ കാലത്തെ സ്ത്രീ വസ്ത്രങ്ങള്‍ എന്നന്വേഷിക്കുന്ന പഠനങ്ങളൊക്കെയും ബൈബിളിനെ അംഗീകരിക്കുന്നതാണ് കാണുന്നത്. പ്രാചീന നാഗരികതകളായ മെസൊപൊട്ടോമിയയിലെ സുമേറിയന്‍, അസ്സീറിയന്‍, ബാബിലോണിയന്‍ സംസ്‌കാരങ്ങളിലും അനറ്റോളിയായിയിലും സിറിയ-ഫലസ്തീന്‍ സംസ്‌കാരങ്ങളിലും ക്രൈസ്തവ ജൂത സംസ്‌കാരങ്ങളിലുമുള്ള സ്ത്രീയുടെ വസ്ത്രങ്ങള്‍ ബൈബിള്‍ പറഞ്ഞ വസ്ത്രവുമായി ഒട്ടും വിഭിന്നമായിരുന്നില്ലെന്നാണ് കണ്ടെത്തലുകളൊക്കെയും. മെസൊപൊട്ടോമിയയിലെ അറിയപ്പെട്ട ആദ്യ സംസ്‌കൃതി സുമേറിയക്കാരുടേതാണ്. സുമേറിയന്‍ സ്ത്രീകളെക്കുറിച്ച് ധാരാളം പഠനങ്ങളും പഠനങ്ങളെ സഹായിക്കുന്ന സ്തൂപങ്ങളും കോലങ്ങളും പര്യവേക്ഷകര്‍ക്കു ലഭിച്ചിട്ടുണ്ട്. സുമേറിയന്‍ സ്ത്രീകളുടെ എല്ലാ സ്തൂപങ്ങളിലും അവര്‍ തലമറക്കുന്നതായാണ് കാണുന്നത് എന്ന് മാത്രമല്ല ഒട്ടുമിക്ക പ്രാചീന സംസ്‌കാരങ്ങളിലുമുള്ളത് പോലെ തന്നെ സ്ത്രീയുടെ സാമൂഹ്യ അന്തസിനനുസരിച്ച് അവള്‍ കൂടുതല്‍ മറച്ചിരുന്നു. രാജ കുടുംബത്തിലെ സ്ത്രീകള്‍ ശരീരവും തലയും മൊത്തം ചില പ്രത്യേക രൂപത്തില്‍ മറച്ചപ്പോള്‍ രാജ കൊട്ടാരത്തിലെ മറ്റു സ്ത്രീകള്‍ ഒട്ടും മോശമാക്കാത്ത രൂപം സ്വീകരിച്ചു . അടുത്തിടെ വരെ നമ്മുടെ മലബാറില്‍ പോലും സ്ത്രീയുടെ അന്തസ്സ് തീരുമാനിച്ചിരുന്നത് അവളുടെ മറയുടെ ആധിക്യമനുസരിച്ചായിരുന്നല്ലോ. സാമൂഹ്യ പദവി തീരെ ദുര്‍ബലമായ പെണ്ണുങ്ങള്‍ മാറ് പോലും മറക്കാനാവാതെ വിഷമിച്ചപ്പോള്‍ പ്രമാണി സ്ത്രീകള്‍ എല്ലാം ഭംഗി പൂര്‍വം മറച്ചു മാത്രമേ നടന്നുള്ളൂ.
മെസൊപൊട്ടോമിയയിലെ മറ്റൊരു സംസ്‌കൃതിയായ അസീറിയന്‍ നാഗരികത സ്ത്രീയുടെ വേഷങ്ങളില്‍ ശക്തമായ നിയമം കൊണ്ടുവന്നിട്ടുണ്ട്. വ്യാഖ്യാനങ്ങളില്‍ എതിരഭിപ്രായങ്ങളുണ്ടെങ്കിലും തല മറക്കേണ്ട സ്ത്രീകളെയും തല മറക്കാന്‍ പാടില്ലാത്ത സ്ത്രീകളെയും അവര്‍ തരം തിരിച്ചുവെന്ന് എല്ലാവരും സമ്മതിക്കുന്നു. ഈ തരം തിരിവും സാമൂഹ്യ പദവിക്കനുസരിച്ചായിരുന്നു. അസീറിയന്‍ നിയമമനുസരിച്ച് വിവാഹം കഴിച്ച പെണ്ണുങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും തലമറക്കേണ്ടിയിരിക്കുന്നു. അതേസമയം വ്യഭിചാരിയായ സ്ത്രീയോ അടിമ സ്ത്രീയോ ഒരിക്കലും തല മറക്കാന്‍ പാടില്ലെന്നു മാത്രമല്ല, മറച്ചാല്‍ അവരെ അറസ്റ്റ് ചെയ്യപ്പെടണമെന്നു പോലും അനുശാസിച്ചു. തലമറക്കുന്ന അടിമസ്ത്രീയുടെ കാതുകള്‍ മുറിച്ചെടുക്കണമെന്നായിരുന്നു നിയമം. ഇത്തരം സ്ത്രീകള്‍ തല മറക്കുന്നത് കാണുന്നവര്‍ അത് ഭരണകൂടത്തെ അറിയിക്കല്‍ നിര്‍ബന്ധമായിരുന്നു. അറിയിക്കാത്തവര്‍ക്ക് അമ്പതു അടിയും ഒരു മാസം അടിമ ജീവിതവും അവരുടെ നിയമത്തില്‍ പറഞ്ഞു. ഇത്തരം തല മറയ്ക്കല്‍ രീതി സ്വീകരിക്കുന്നതിന്റെ പിന്നിലെ രഹസ്യവും കൂടി നിയമത്തില്‍ പറയുന്നുണ്ട്. ഭര്‍ത്താവുള്ള സ്ത്രീയെ ഭര്‍ത്താവല്ലാത്ത മറ്റൊരാള്‍ തൊട്ടുപോകരുതെന്നും പെണ്മക്കളെ പിതാവ് ആഗ്രഹിക്കാത്തൊരാള്‍ അവിചാരിതമായി പോലും സ്പര്‍ശിക്കരുതെന്നും അതിനുള്ള രക്ഷാ കവചവും അടയാളവുമാണ് തലമറയ്ക്കലെന്നും അവര്‍ അനുശാസിച്ചു.

അസീറിയക്കാര്‍ക്കു ശേഷം വന്ന ബാബിലോണിയന്‍ സ്ത്രീകളുടെ വേഷം തെളിയിക്കുന്ന പുരാവസ്തുക്കളൊന്നും ലഭ്യമായിട്ടില്ലെങ്കിലും ബൈബിളിലെ തന്നെ ചില വചനങ്ങള്‍ അവര്‍ മൂടുപടം ധരിച്ചിരുന്നുവെന്നു തെളിയിക്കുന്നു. ബൈബിള്‍ യെശയ്യാവ് അധ്യായം നാല്‍പത്തിയേഴാം ഭാഗം തുടങ്ങുന്നത് തന്നെ ഇങ്ങനെയാണ്: ”ബാബേല്‍പുത്രിയായ കന്യകേ, ഇറങ്ങി പൊടിയില്‍ ഇരിക്ക; കല്ദയപുത്രീ, സിംഹാസനം കൂടാതെ നിലത്തിരിക്ക; നിന്നെ ഇനി തന്വംഗി എന്നും സുഖഭോഗിനി എന്നും വിളിക്കയില്ല. തിരികല്ലു എടുത്തു മാവു പൊടിക്ക; നിന്റെ മൂടുപടം നീക്കുക; വസ്ത്രാന്തം എടുത്തു കുത്തി തുട മറക്കാതെ നദികളെ കടക്ക”. സ്ത്രീകള്‍ മൂടുപടം അണിഞ്ഞായിരുന്നു നടന്നിരുന്നത് എന്ന് ഈ വരികള്‍ വ്യക്തമാക്കുന്നുണ്ട്. ഏകദേശം ഇതേ സമയത്ത് തന്നെ ജീവിച്ച അനറ്റോളിയന്‍ സംസ്‌കൃതിയിലെ സ്ത്രീയുടെ അവസ്ഥയും ഒട്ടും വിഭിന്നമായിരുന്നില്ല. സാധാരണ സ്ത്രീകള്‍ വരെ തലമറച്ചപ്പോള്‍ കല്യാണം കഴിഞ്ഞ സ്ത്രീകള്‍ മറയ്ക്കുന്നതില്‍ കൂടുതല്‍ ജാഗ്രത കാണിച്ചുവെന്നു അക്കാലത്തെ പെയിന്റിംഗുകള്‍ കാണിക്കുന്നു.

ജൂതന്മാര്‍ കൂടുതലും താമസിച്ച ഫലസ്തീന്‍, ഈജിപ്ത് തുടങ്ങിയ പ്രദേശങ്ങളിലെ സ്ത്രീകളുടെ വേഷവിധാനങ്ങളെ അടയാളപ്പെടുത്തുന്ന ധാരാളം ചിത്രങ്ങളും പ്രതിമകളും പുരാവസ്തു ഗവേഷകര്‍ക്ക് ലഭിച്ചിട്ടുണ്ട്. അവയെല്ലാം തലമുടി മറച്ച സ്ത്രീകളെയാണ് പരിചയപ്പെടുത്തുന്നത്. ബൈബിള്‍ പഴയ നിയമത്തില്‍ അഥവാ ജൂതന്മാരുടെ വേദപുസ്തകത്തിലെ മൂടുപടമണിഞ്ഞ സ്ത്രീകളെക്കുറിച്ച് ധാരാളം പരാമര്‍ശങ്ങള്‍ കാണാം: ‘ ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: മനുഷ്യാത്മാക്കളെ വേട്ടയാടാന്‍വേണ്ടി എല്ലാ കൈത്തണ്ടുകള്‍ക്കും മന്ത്രച്ചരടുകള്‍ നെയ്യുന്നവരും എല്ലാ വലുപ്പത്തിലുമുള്ളവരുടെ തലയ്ക്കു യോജിച്ച മൂടുപടമുണ്ടാക്കുന്നവരുമായ സ്ത്രീകള്‍ക്കും ദുരിതം! സ്വാര്‍ഥലാഭത്തിനുവേണ്ടി നിങ്ങള്‍ എന്റെ ജനത്തിന്റെ ജീവനെ വേട്ടയാടുകയും നിങ്ങളുടെ ജീവനെ രക്ഷിക്കുകയുമല്ലേ?’ (എസെക്കിയേല്‍ 13 : 18) ‘ലോലമായ വസ്ത്രവും പട്ടുവസ്ത്രവും തലപ്പാവും മൂടുപടവും എടുത്തുമാറ്റും’ (ഏശയ്യാ 3 : 23) ഗ്രീക്, റോം, പേര്‍ഷ്യ തുടങ്ങിയ സംസ്‌കൃതികളിലെ സ്ത്രീകളും ഇതേ വസ്ത്രധാരണ സ്വീകരിച്ചിരുന്നുവെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ഖുര്‍ആനും ഹദീസും ഹിജാബ് എന്ന ആശയത്തെ ലോകത്തിനു മുമ്പില്‍ പരിചയപ്പെടുത്തുന്നതിനു മുമ്പ് ലോകത്തനുവര്‍ത്തിച്ച ഹിജാബ് സംവിധാനങ്ങളാണ് ഇവയെല്ലാം. ക്രിസ്തുമതത്തിന്റെയും ജൂതമതത്തിന്റെയും അടിസ്ഥാന പ്രമാണങ്ങളും സ്ത്രീ സങ്കല്പവും ഇന്നും ഇതുതന്നെയാണ്. പക്ഷേ മതം വ്യക്തി ജീവിതത്തില്‍ നിന്നും പറ്റെ അപ്രത്യക്ഷമായ ക്രൈസ്തവ ലോകത്തിനും പാശ്ചാത്യര്‍ക്കും ഇത്തരം ബൈബിള്‍ വചനങ്ങള്‍ തള്ളിക്കളയേണ്ട ദുര്‍ഗതിയാണുള്ളത്. പകരം കന്യാസ്ത്രീകള്‍ ഇതെല്ലാം പാലിക്കുന്നുവെന്നു മാത്രം. മതം അവരില്‍ മാത്രം ഒതുക്കേണ്ടി വന്നു. കന്യാസ്ത്രീകളുടെ വേഷമാണ് യഥാര്‍ത്ഥത്തില്‍ ബൈബിള്‍ പറയുന്ന സ്ത്രീവേഷമെന്നര്‍ത്ഥം.

ഇനി വേണം ഇസ്‌ലാമിന്റെ നിലപാടുകളെ പരിശോധിക്കാന്‍. ഖുര്‍ആന്റെ ചില വചനങ്ങള്‍ ഇങ്ങനെ വായിക്കാം: ‘ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മ നിഷ്ഠയും സൂക്ഷ്മതയുമുള്ള വസ്ത്രമാണു കൂടുതല്‍ ഉത്തമം’.(7/26) ‘നബിയേ, താങ്കള്‍ സത്യവിശ്വാസികളായ പുരുഷന്മാരോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ ചെയ്യുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളായ സ്ത്രീകളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, ഭര്‍തൃപിതാക്കള്‍, പുത്രന്‍മാര്‍, ഭര്‍തൃപുത്രന്‍മാര്‍, സഹോദരന്‍മാര്‍, സഹോദരപുത്രന്‍മാര്‍, സഹോദരീ പുത്രന്‍മാര്‍, മുസ്‌ലിം സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍), സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്.’ (24/30, 31) ‘നിങ്ങള്‍ അവരോട് (നബിയുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കില്‍ മറയുടെ പിന്നില്‍ നിന്ന് ചോദിച്ചുകൊള്ളുക. അതാണ് നിങ്ങളുടെ ഹൃദയങ്ങള്‍ക്കും അവരുടെ ഹൃദയങ്ങള്‍ക്കും കൂടുതല്‍ സംശുദ്ധമായിട്ടുള്ളത്. നബിയേ, താങ്കളുടെ പത്‌നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.'(33/ 53, 59)

ഈ വചനങ്ങള്‍ വ്യക്തമാക്കുന്നതും ഇസ്‌ലാമിന്റെ ഇവ്വിഷയത്തിലുള്ള പൊതുനിലപാടുകളും ഇങ്ങനെ സംഗ്രഹിക്കാം: ‘ആണിനും പെണ്ണിനും ചില പ്രത്യേക വസ്ത്ര ധാരണങ്ങളുണ്ട്. എന്നാല്‍ വസ്ത്രങ്ങളില്‍ ഉത്തമം ധര്‍മനിഷ്ഠയും സൂക്ഷ്മതയുമുള്ള വസ്ത്രങ്ങളാണ്. ആണ് അന്യപെണ്ണിന് മുമ്പിലും പെണ്ണ് അന്യ ആണിന് മുമ്പിലും മറക്കപ്പെടേണ്ട ഭാഗങ്ങള്‍ പ്രദര്‍ശിപ്പിക്കരുത്. ഖുര്‍ആന്‍ അനുവദിക്കാത്ത അന്യ പുരുഷരുടെ മുമ്പില്‍ സ്ത്രീകള്‍ മൂടുപടം ധരിക്കണം. ഇതവര്‍ക്ക് കൂടുതല്‍ സംരക്ഷണം ലഭിക്കാനും അവരെ ശല്യം ചെയ്യപ്പെടാതിരിക്കാനുമാണ്.’
ഖുര്‍ആന്റെ ഈ നിലപാടുകളും ബൈബിള്‍ വചനങ്ങളും തമ്മില്‍ താരതമ്യം ചെയ്യുമ്പോഴാണ് ഇസ്‌ലാം കാതങ്ങള്‍ക്കു മുമ്പിലാണെന്നു വ്യക്തമാകുക. എന്ന് മാത്രമല്ല, ക്രിസ്തു മതവും ജൂത മതവും പുരോഹിത സ്ത്രീകള്‍ക്ക് അഥവാ കന്യാസ്ത്രീകള്‍ക്ക് മാത്രം പ്രത്യേകം വസ്ത്രധാരണം നിര്‍ബന്ധമാക്കുകയും ചെയ്തു. എന്നാല്‍ ഇസ്‌ലാം ലോകത്തുള്ള എല്ലാ സ്ത്രീകള്‍ക്കും ഒരൊറ്റ നിയമേ വെച്ചുള്ളൂ. എല്ലാ പുരുഷന്മാര്‍ക്കും ഒരൊറ്റ നിയമവും. പെണ്ണിന്റെയും ആണിന്റെയും മറക്കപ്പെടേണ്ട സ്ഥലങ്ങളും സന്ദര്‍ഭങ്ങളും വിശദീകരിച്ചുവെന്നല്ലാതെ യാതൊരു അന്തരവും സ്ഥാപിച്ചില്ല. കന്യാസ്ത്രീകളെ പോലെ സഹിക്കേണ്ട ഒരു വിഭാഗത്തെ സൃഷ്ടിച്ചില്ല. എല്ലാവര്‍ക്കും ഒരു ഗോപ്യസ്ഥാനമായാല്‍ അതില്‍ വേദനിക്കാനൊന്നുമില്ലതാനും. സ്ത്രീകള്‍ പ്രത്യേകമായ ചില വസ്ത്രങ്ങള്‍ ധരിക്കണമെന്ന വാശിയും ഇസ്‌ലാമിനില്ല. അഥവാ നിലവിലെ സ്ത്രീ വസ്ത്ര രൂപങ്ങളിലൊന്നായ പര്‍ദ്ദ ഇസ്‌ലാമിന്റെ വസ്ത്രമേയല്ല. അതേസമയം ഇസ്‌ലാം മറക്കാന്‍ പറഞ്ഞ ഭാഗങ്ങള്‍ മറയുന്നുവെങ്കില്‍ അവ ഇസ്‌ലാമികം ആവുന്നു എന്നുമാത്രം. അന്യ ആണിന് മുമ്പില്‍ ശരീരം കാണിക്കാത്ത വസ്ത്രം എന്തുമാവാം. ആണിനും അങ്ങനെതന്നെ.

മനുഷ്യരാശി എക്കാലവും വിശ്വസിച്ചും ആചരിച്ചും വന്നതുപോലെ ഇസ്‌ലാമും സ്ത്രീകള്‍ തലമറക്കുന്നതും മുഖം മറക്കുന്നതും അവളുടെ ആഭിജാത്യമായി കണ്ടു. നബി പത്‌നിമാരെയും പുത്രികളെയും സത്യവിശ്വാസിനികളെയും പ്രത്യേകം പരാമര്‍ശിച്ചാണ് ഖുര്‍ആന്റെ നിര്‍ദേശമെന്നത് എടുത്തുപറയേണ്ടതാണ്. അഥവാ അന്തസ്സുള്ള സ്ത്രീകള്‍ ഇങ്ങനെയാവട്ടെ എന്നാണതിന്റെ താല്പര്യം. പക്ഷേ മുതലാളിത്തം അന്തസ്സും ആഭിജാത്യവും നിര്‍വചിക്കുന്ന യുഗത്തില്‍ ഈ സംസ്‌കൃതിയെ ഇല്ലായ്മ ചെയ്യാനാണ് ശ്രമിച്ചത്. മുതലാളിത്തത്തിന് കൂടുതല്‍ വില്പന സാധ്യമാവാന്‍ പെണ്ണിന്റെ മേനിയാവശ്യമായി വന്നപ്പോള്‍ അന്തസ്സിന് പുതിയ നിര്‍വചനം അവര്‍ പടച്ചുണ്ടാക്കുകയും തങ്ങളുടെ വേദവാക്യങ്ങളെ പോലും തള്ളിക്കളയുകയും ചെയ്തു. ലോകത്തെ ബഹുഭൂരിഭാഗം മുസ്‌ലിം സ്ത്രീകളും ഇപ്പോഴും മാറിചിന്തിക്കാന്‍ തയാറാവാത്തതാണ് മുതലാളിത്തമനുഭവിക്കുന്ന പരാജയമെന്നതിനാല്‍ ഇസ്‌ലാമിക വസ്ത്ര ധാരണത്തെ അപഹസിക്കുന്ന പ്രചാരങ്ങള്‍ ഇനിയും കൂടാനേ സാധ്യതയുള്ളൂ. ഇത് തങ്ങളുടെ വേദവാക്യങ്ങളെ മറച്ചുവെച്ചോ അല്ലെങ്കില്‍ അറിയാതെയോ ആണെന്നും തങ്ങളുടെതന്നെ ചരിത്രത്തെ നിരാകരിച്ചുമാണെന്നും അവര്‍ ഓര്‍ക്കുന്നില്ല. ഓരോരുത്തര്‍ക്കും അവര്‍ക്കിഷ്ടമുള്ളതു ധരിക്കട്ടെ എന്നനുവദിച്ചു കൊടുക്കുന്നതിനു പകരം ഞങ്ങള്‍ തീരുമാനിക്കുന്നത് ധരിക്കണമെന്ന ദുര്‍വാശി എല്ലായിടങ്ങളിലെന്നപോലെ ഇവിടെയും മുതലാളിത്തം സൃഷ്ടിച്ചു . മതമെന്ന പേരില്‍ മുഴുവന്‍ ഇടങ്ങളിലും പരാജയപ്പെട്ടവര്‍ ചിലരുടെ മാത്രം ബാധ്യതയായി ഈ വിശുദ്ധ വസ്ത്രത്തെ തീറെഴുതി മുതലാളിത്തത്തിനു വഴിപ്പെട്ടു. അതേസമയം മുസ്‌ലിം സ്ത്രീകള്‍ അവരുടെ സ്വത്വം സംരക്ഷിച്ചു കൊണ്ടേയിരിക്കുന്നു- ചരിത്രത്തില്‍ നിന്നും വര്‍ത്തമാനത്തില്‍ നിന്നും അവരാര്‍ജിച്ചെടുത്ത അന്തസ്സും ആഭിജാത്യവും കാത്തുകൊണ്ട് തന്നെ.

ഡോ.ഉമറുല്‍ഫാറൂഖ് സഖാഫി കോട്ടുമല

You must be logged in to post a comment Login