ശശി തരൂര്‍ കെട്ട കാലത്തോട് സംവദിക്കുമ്പോള്‍

ശശി തരൂര്‍ കെട്ട കാലത്തോട് സംവദിക്കുമ്പോള്‍

നമ്മുടെ രാഷ്ട്രീയ നേതാക്കളില്‍ അക്ഷരംകൊണ്ട് പ്രഭ ചൊരിഞ്ഞ മഹാപ്രതിഭകളില്‍ ജവഹര്‍ലാല്‍ നെഹ്‌റു തന്നെയായിരിക്കും പ്രഥമ സ്ഥാനത്ത്. അദ്ദേഹത്തിന്റെ ‘ഇന്ത്യയെ കണ്ടെത്തലും'( The Discovery of India) ‘ലോകചരിത്രത്തിലേക്കുള്ള എത്തിനോട്ട’വും (Glimpses of World History) ക്ലാസിക് രചനകളാണ്. ജ്ഞാനപ്രകാശിതമായ അസാധാരണ രചനാ വൈഭവം കൊണ്ട് അനുഗൃഹീതനായ നെഹ്‌റു അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ ധൈഷണിക വ്യവഹാരങ്ങളെ സക്രിയമാക്കുന്നതില്‍ അനല്‍പമായ പങ്കാണ് വഹിച്ചത്. മഹാത്മാ ഗാന്ധിയും അക്ഷരസപര്യയില്‍ ലോകത്തിനു തന്നെ വഴികാട്ടിയായിരുന്നു. തന്റെ ചിന്തകളെയും ആത്മീയ അന്വേഷണങ്ങളെയും സ്വന്തം പ്രസിദ്ധീകരണങ്ങളിലൂടെ പ്രകാശിതമാക്കിയപ്പോഴാണ് ചരിത്രത്തിന്റെ ദിശ തന്നെ മാറ്റിമറിക്കപ്പെട്ടതും ധര്‍മാധിഷ്ഠിതമായ ഒരു സമൂഹത്തെ കുറിച്ചുള്ള സ്വപ്‌നങ്ങള്‍ക്ക് ജീവന്‍ പകര്‍ന്നതും. ജീവിതാനുഭവങ്ങളുടെ കലര്‍പ്പില്ലാത്ത കാഴ്ചകള്‍ നേരിന്റെ ദര്‍പണത്തിലൂടെ ലോകത്തിനു മുന്നില്‍ തുറന്നുപിടിച്ചപ്പോഴാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട, അല്ലെങ്കില്‍ വായിക്കപ്പെട്ട, ‘എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍’ തലമുറകള്‍ക്ക് പുതിയ വായനാനുഭവം സമ്മാനിക്കുന്നത്. പോയ തലമുറ വായിച്ചുവളര്‍ന്നവരും എഴുതിത്തെളിഞ്ഞവരുമായിരുന്നു. ചരിത്രത്തിന്റെ അഗാധതലങ്ങളിലേക്ക് ഈളിയിട്ടിറങ്ങി, ജ്ഞാനപ്രകാശിതമായ ജീവിതപരിസരത്തുനിന്ന് സ്വാംശീകരിച്ച അനുഭവസമ്പത്തിന്റെ കരുത്തോടെ, ധാര്‍മികചിന്തയില്‍ ചാലിച്ച രാഷ്ട്രീയദര്‍ശനങ്ങളാണ് ആധുനിക ഇന്ത്യയുടെ ദിശ പുതുക്കിപ്പണിതതും ഭാഗധേയം തിരുത്തിക്കുറിച്ചതും. വിഭാഗീയമോ വര്‍ഗീയമോ ആയ ചിന്തകളെ വകഞ്ഞുമാറ്റി, പാരസ്പര്യത്തിന്റെയും മാനവദര്‍ശനത്തിന്റെയും ഉദാത്ത ജീവിതകാഴ്ചപ്പാട് ഒരു തലമുറക്ക് വരദാനമായി കിട്ടിയത് ജ്ഞാനികളും ത്യാഗികളുമായ ഈ നേതൃപരമ്പരയില്‍നിന്നായിരുന്നു.

അക്ഷരദീപ്തമായ രാഷ്ട്രീയ ഗതകാലത്തെ കുറിച്ച് ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം, ബുദ്ധിപൂര്‍വമായ എഴുത്തിലൂടെ നമ്മുടെ കെട്ട കാലത്തിന്റെ ആസുരതക്ക് മറുപടി നല്‍കാനും ചരിത്രത്തിന്റെ ഇരുണ്ടറകളില്‍നിന്ന് നേരിന്റെ പ്രകാശവീചികള്‍ ജ്ഞാനാന്വേഷികള്‍ക്ക് പകര്‍ന്നുനല്‍കാനും ഉല്‍സാഹം കാട്ടുന്ന ശശി തരൂര്‍ എന്ന പുതിയ രാഷ്ട്രീയക്കാരന്റെ ആത്മാര്‍ത്ഥ ശ്രമങ്ങളെ അടുത്തറിയാന്‍ ശ്രമിച്ചതാണ്. ഐക്യരാഷ്ട്രസഭയില്‍ ഏറ്റവും ഉയര്‍ന്ന പദവി ( അണ്ടര്‍ സെക്രട്ടറി ജനറല്‍ ഫോര്‍ കമ്യൂണികേഷന്‍ ആന്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍) അലങ്കരിച്ച ഇന്ത്യക്കാരന്‍ എന്ന നിലയില്‍ ആഗോളരാഷ്ട്രീയത്തെ അടുത്തറിഞ്ഞ ശശിതരൂര്‍ ആ നിയോഗത്തില്‍നിന്ന് വിടവാങ്ങിയ ശേഷം രാഷ്ട്രീയക്കാരെന്റ ഉത്തരീയമണിഞ്ഞപ്പോള്‍ നമ്മുടെ പ്രതീക്ഷക്കൊപ്പം അദ്ദേഹം ഉയര്‍ന്നോ എന്ന സന്ദേഹം ബാക്കിവെച്ചിരുന്നു. തന്റെ പത്‌നിയുടെ ആകസ്മിക മരണം, ശശി തരൂരിന്റെ വ്യക്തിത്വത്തിനുമേല്‍ ചളി തെറിപ്പിച്ചത് രാഷ്ട്രീയമേഖലയില്‍നിന്ന് പെട്ടെന്ന് നിഷ്‌കാസിതനാകുമോ എന്ന് ചോദ്യമുയര്‍ത്തുകപോലുമുണ്ടായി. എന്നാല്‍, കോണ്‍ഗ്രസ് പാര്‍ട്ടി ശുഷ്‌കമായ അംഗബലത്തോടെ, ലോകസഭയില്‍ പ്രതിപക്ഷപാര്‍ട്ടി പദവിപോലും ഇല്ലാതെ, വനവാസദശയിയിലൂടെ കടന്നുപോകുമ്പോഴും ഈ പാലക്കാട്ടുകാരന്‍ മാധ്യമശ്രദ്ധ നേടുന്നത് അര്‍ഥവത്തായ പ്രഭാഷണം കൊണ്ടും കഴമ്പുള്ള രചനകളില്‍ വ്യാപൃതനായുമാണ്. ലോകപ്രശസ്തമായ ന്യൂയോര്‍ക്ക് ടൈംസ്, വാഷിങ്ടണ്‍ പോസ്റ്റ്, ടൈംസ്, ന്യൂസ് വീക്ക് തുടങ്ങിയ എണ്ണമറ്റ പ്രസിദ്ധീകരണങ്ങളില്‍ കോളമിസ്റ്റായും കോണ്‍ട്രിബ്യൂട്ടറായും മനോഹരമായ ഭാഷയില്‍, അവലോകനങ്ങളും അപഗ്രഥനങ്ങളും എഴുതാറുള്ള ശശി തരൂര്‍, ദി ഹിന്ദു പത്രത്തിന്റെ ഞായറാഴ്ച പതിപ്പുകളില്‍ എഴുതാറുണ്ടായിരുന്ന കോളങ്ങള്‍ വായനക്ഷമതയുള്ളതും പുതിയ അറിവുകള്‍ പ്രദാനം ചെയ്യുന്നതുമായിരുന്നു. 15ബെസ്റ്റ് സെല്ലറുകള്‍ ശശിയുടെ പേരിലുണ്ടെന്ന് കേള്‍ക്കുമ്പോള്‍ വിശ്വാസം വരണമെന്നില്ല. ഒരു ഇന്ത്യന്‍ പാര്‍ലമെന്റംഗം എന്ന് കേള്‍ക്കുമ്പോള്‍ നമ്മുടെ സങ്കല്‍പത്തില്‍ കയറിവരുന്ന ഒരു മനുഷ്യന്റെ ചിത്രവും മനസില്‍ തെളിയുന്ന പ്രകൃതവും ഉണ്ടല്ലോ. അവിടുന്നെല്ലാം വളരെ മുന്നോട്ടു പോയി, പ്രതികൂല സാഹചര്യങ്ങളിലും മന്ദസ്മിതം പൊഴിച്ച്, രാഷ്ട്രീയ പ്രതിയോഗികളെ പോലും ബോധ്യപ്പെടുത്തുന്ന ഒരാഖ്യാന, സംഭാഷണ ശൈലി ശശി തരൂരിന്റെ സവിശേഷ സിദ്ധിയാണ്. എന്നല്ല, ഒരപൂര്‍വ സിദ്ധി കൂടിയാണ്. കോണ്‍ഗ്രസില്‍ അനുഭവപ്പെടുന്ന ധൈഷണിക ഈഷരതക്ക് പ്രതിവിധിയായി എടുത്തുകാട്ടാന്‍ ഏതാനും പേരുകളേ നമ്മുടെ മുന്നിലുള്ളൂ. മണിശങ്കര്‍ അയ്യരും ശശി തരൂരുമല്ലാതെ മറ്റൊരു പേര് ചൂണ്ടിക്കാണിക്കാന്‍ കിട്ടണമെന്നില്ല. ഹിന്ദുത്വ ഉയര്‍ത്തുന്ന തീക്ഷ്ണമായ ഭീഷണികള്‍ക്കു മുന്നില്‍ കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും വിയര്‍ക്കുമ്പോള്‍, അല്ലെങ്കില്‍ ശ്വാസം കിട്ടാതെ വിഷമിക്കുമ്പോള്‍ കുറിക്കു കൊളളുന്ന അസ്ത്രങ്ങള്‍ തൊടുത്തുവിടാന്‍ ഏതു നേതാവിന്റെ ആവനാഴിയാണ് കാലിയാവാതെ കിടക്കുന്നത്. ഇവിടെയാണ് പരന്ന വായനയിലൂടെയും തെളിഞ്ഞ ചിന്തയിലൂടെയും ദേശീയ രാഷ്ട്രീയത്തെ അനായാസം കൈകാര്യം ചെയ്യാന്‍ കെല്‍പുള്ള, ആംഗലേയത്തില്‍ എല്ലാവരെയും സ്തബ്ധരാക്കുന്ന കൗശലത്തോടെ പ്രയോഗനൈപുണി പ്രകടമാക്കുന്ന ശശി തരൂരിന്റെ പങ്ക് തെളിഞ്ഞുകാണുന്നത്.

ശശി തരൂരിനെ ഇപ്പോള്‍ വായനക്കാരുടെ മുന്നിലേക്ക് കൈപിടിച്ചുകൊണ്ടുവരുന്നത് അദ്ദേഹത്തിന്റെ കൃതികള്‍ നല്‍കുന്ന വായനക്ഷമതക്കപ്പുറത്തെ ഉന്നതനിലവാരത്തിലേക്ക് വെളിച്ചം തെളിയിക്കാനാണ്. ശശി തരൂരിന് മറ്റേത് രാഷ്ട്രീയ നേതാവിനെക്കാളും കാലിക പ്രസക്തിയുണ്ടെന്ന് സമ്മതിച്ചുകൊടുക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ചും ഉടന്‍ പ്രകാശിതമാവുന്ന ‘ഞാന്‍ എന്തുകൊണ്ട് ഒരു ഹിന്ദുവാണ് (Why I Am a Hindu)’ എന്ന പുസ്തകത്തിലൂടെ അദ്ദേഹം മുന്നോട്ടുവെക്കുന്ന ആഖ്യാനപരവും വ്യാഖ്യാനപരവുമായ സൈദ്ധാന്തിക സംവാദങ്ങളിലൂടെ. ആ കൃതിയുടെ ഒരധ്യായം മാത്രം പ്രകാശിതമായപ്പോള്‍ ഹിന്ദുത്വയെ ഫലപ്രദമായി ചെറുക്കാനുള്ള ധൈണിക മുന്നൊരുക്കത്തിന്റെ വലിയൊരു തുടക്കത്തിന് ഈ 62കാരന്‍ കച്ചമുറുക്കുകയാണെന്ന് മനസിലാവുന്നുണ്ട്. വര്‍ത്തമാനകാല ഇന്ത്യനവസ്ഥയില്‍ അത്തരമൊരു കൃതിയുടെ പ്രാധാന്യം ഹിന്ദുത്വ/ഫാഷിസ്റ്റ് വിരുദ്ധ പോരാളികള്‍ക്ക് എത്രകണ്ട് പ്രയോജനപ്പെടുമെന്നാണ് പരിശോധിക്കാനുള്ളത്. അതിനുമുമ്പ്, രാജ്യത്തെ തമോമയമാക്കിയ ഒരു കാലഘട്ടത്തെ നവീനമായ ഒരു രചനാസങ്കേതത്തിലൂടെ കൈകാര്യം ചെയ്ത മറ്റൊരു ബെസ്റ്റ് സെല്ലറിനെ കുറിച്ച് പറയേണ്ടതുണ്ട്. 2016ല്‍ ഇറങ്ങിയ ‘ഇരുണ്ടകാലഘട്ടം- ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യം’ (An era of darkness- The British Empire in India) എന്ന കൃതി ആധുനിക ഇന്ത്യ കടന്നുപോയ നാലഞ്ച് നൂറ്റാണ്ടിനെ കുറിച്ച് നാമിതുവരെ വെച്ചുപുലര്‍ത്തിയ ധാരണകളെ മുഴുവന്‍ തിരുത്തുന്നതും സ്‌കൂള്‍ കുട്ടികളെ പോലും നാമിതുവരെ പഠിപ്പിച്ചത് വിവരക്കേടാണെന്ന് സ്വയം വിളിച്ചുപറയുന്നതുമാണ്.

കോളനിവാഴ്ചക്കാര്‍ എന്ന കൊള്ളക്കാര്‍
‘അപരിഷ്‌കൃതരും വിദ്യാവിഹീനരുമായ’ ആഫ്രോഏഷ്യന്‍ സമൂഹങ്ങളെ സംസ്‌കരിച്ചെടുക്കുക എന്ന ‘വെള്ളക്കാരന്റെ’ (ക്രിസ്ത്യാനികളുടേതെന്ന് സാരം) ഉത്തരവാദിത്വ ഭാണ്ഡം പേറി കടല്‍ കടന്നെത്തിയ കോളനിശക്തികള്‍ ഇവിടെ പൂര്‍ത്തീകരിച്ച ‘വിപ്ലവകരമായ മാറ്റങ്ങളെ’ കുറിച്ചേ നാമിതുവരെ പഠിച്ചിട്ടുള്ളൂ. കോളനിസമൂഹത്തോട് അവര്‍ ചെയ്ത ക്രൂരതകള്‍ പരശോധിക്കാന്‍ ഒരു സമൂഹത്തിനും സമയം കിട്ടാറില്ല. കാരണം, ആധിപത്യശക്തികള്‍ തിരിച്ചു കപ്പല്‍ കയറുമ്പോഴേക്കും ഇരകള്‍ പരസ്പരം കടിപിടി കൂടി, ചോര ചിന്തി ചിന്നിച്ചിതറിയിട്ടുണ്ടാവും. രാജ്യം വിഭജിക്കപ്പെടുകയോ സമൂഹങ്ങള്‍ ഉന്മൂലനം ചെയ്യപ്പെടുകയോ ചെയ്ത അനുഭവങ്ങളാവും കൂടുതല്‍. ഇന്ത്യയുടെ ദുര്യോഗം മതി മികച്ച ഉദാഹരണമായി മുന്നില്‍ വെക്കാന്‍. ബ്രിട്ടീഷുകാരും പോര്‍ച്ചുഗീസുകാരും ഡച്ചുകാരും ഫ്രഞ്ചുകാരുമൊക്കെ ചൂഷണമോഹത്തോടെ ഇവിടെ കപ്പലിറങ്ങുകയും നമ്മുടെ രാജ്യത്തെ വിലമതിക്കാനാവാത്ത വിഭവങ്ങള്‍ കൈക്കലാക്കാന്‍ പരസ്പര പോരാടുകയും ചെയ്തു. അവസാനം ബാക്കിയായത് ബ്രിട്ടീഷുകാരുടെ ആധിപത്യം; 1947വരെ. 1600ല്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി രൂപീകരിക്കപ്പെട്ടത് മുതല്‍ ഇങ്ങോട്ടുള്ള ഇരുണ്ട കാലഘട്ടത്തിലൂടെയുള്ള പ്രദക്ഷിണമാണ് ശശി തരൂര്‍ നടത്തുന്നത്. ഞെട്ടിപ്പിക്കുന്ന കുറെ വസ്തുതകള്‍, കണക്കുകളുടെയും ആധികാരിക വിവരങ്ങളുടെയും അകമ്പടിയോടെ നിരത്തുമ്പോള്‍, ചരിത്രത്തിന്റെ ഇതുവരെ വെളിച്ചം കടന്നുചെല്ലാത്ത ഏടുകളിലേക്കാണ് വായനക്കാര്‍ കടന്നുകയറുന്നത്. അമേരിക്കന്‍ ചരിത്രകാരനും തത്വചിന്തകനുമായ വില്‍ ഡ്യൂറാണ്ടിന്റെ ഒരുദ്ധരണിയോടെയാണ് ശശി തരൂര്‍ ചരിത്രാന്വേഷണത്തിന് തുടക്കം കുറിക്കുന്നത്. ‘ബ്രിട്ടന്റെ മനഃപൂര്‍വമുള്ള ഇന്ത്യയുടെ രക്തം ചോര്‍ത്തല്‍’ ചരിത്രത്തിലെ ഏറ്റവും വലിയ കുറ്റകൃത്യമായാണ് ഡ്യുറാണ്ട് രേഖപ്പെടുത്തുന്നത്. ‘നാഗരികതകളുടെ കഥ’ പറഞ്ഞ ആ ചരിത്രകാരന്‍ ഇന്ത്യയോട് ചെയ്ത ക്രൂരതകള്‍ കണ്ട് മനംമടുത്ത് ‘The Case for India’ എന്ന ഒരു കൊച്ചുപുസ്തകം പോലും രചിക്കുകയുണ്ടായി. അതിലെ ഒരു ഖണ്ഠിക മാത്രം മതി ഒരു ജനതയോട് കാണിച്ച നെറികേടിനോടുള്ള അദ്ദേഹത്തിന്റെ രോഷം അളക്കാന്‍:

”ഒരുന്നത നാഗരികതയെ തകര്‍ത്തുകൊണ്ട് ഇന്ത്യയെ കീഴടക്കിയ ഒരു കച്ചവട കമ്പനി ലവലേശം മാന്യത കാണിക്കാതെ, നിസ്സഹായരായ മനുഷ്യരെ കൊന്നും ഭൂപ്രദേശങ്ങള്‍ പിടിച്ചടക്കിയും കൈകൂലി കൊടുത്തും, ദുര ശമിപ്പിക്കാന്‍ ‘നിയമ’ വിധേയമായും അല്ലാതെയുമുള്ള കൊള്ള 172വര്‍ഷക്കാലം തുടരുകയായിരുന്നുവെന്ന് 1930ല്‍ ഡ്യൂറാണ്ട് ധര്‍മരോഷം കൊണ്ടത് ദുര്‍ഭരണത്തിന് കീഴില്‍ ഒരുനാടും ജനതയും അനുഭവിച്ച തീരാ കഷ്ടനഷ്ടങ്ങള്‍ കാണാന്‍ കരുത്തില്ലാത്തത് കൊണ്ടാണ്. ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ചെയ്തികള്‍ മൂലം മാത്രം മൂന്നരദശലക്ഷം ഇന്ത്യക്കാര്‍ക്ക് ജീവഹാനി നേരിട്ടുണ്ടത്രെ. മുഗിള ഭരണത്തിന്റെ ശൈഥില്യം മുതലെടുത്ത് കയറിക്കൂടിയ വെള്ളക്കാര്‍, എങ്ങനെ ഇന്ത്യയെ കട്ടുമുടിക്കാം എന്ന് മാത്രമേ ചിന്തിച്ചിരുന്നുള്ളൂ. ഡല്‍ഹി ഭരിച്ച സുല്‍ത്താന്‍ന്മാരാവട്ടെ, മുഗിളരാവട്ടെ ഈ മണ്ണില്‍നിന്ന് സംഭരിച്ച ചില്ലിക്കാശ് പോലും പുറത്തേക്ക് കടത്തിക്കൊണ്ടുപോയില്ല എന്നു മാത്രമല്ല, ആ പണം ഇവിടെ തന്നെ ചെലവഴിച്ചു രാജ്യത്തിന്റെ മുഖച്ഛായ മാറ്റിയെടുക്കുകയായിരുന്നു. കൃഷിക്കാരുടെയും കലകൗശലക്കാരുടെയും കൂലിപ്പണിക്കാരുടെയുമെല്ലാം ജീവിത നിലവാരം ഉയര്‍ത്താനാണ് ആ ഭരണാധികാരികള്‍ ശ്രദ്ധിച്ചത്. ചതിയും വഞ്ചനയും കൈമുതലാക്കിയ ബ്രിട്ടീഷുകാര്‍ക്ക് അങ്ങ് കാബൂള്‍ മുതല്‍ ഇങ്ങ് ബംഗാള്‍ വരെയും കശ്മീര്‍ മുതല്‍ കര്‍ണാടക വരെയും നീണ്ടുപരന്നുകിടക്കുന്ന മുഗിള സാമ്രാജ്യത്തിന്റെ പ്രഭാവം കണ്ടപ്പോള്‍ തന്നെ കണ്ണഞ്ചിപ്പോയതില്‍ അദ്ഭുതപ്പെടാനില്ല. മുഗിള ചക്രവര്‍ത്തി ജഹാംഗീറിന്റെ തൃപ്പാദങ്ങളില്‍ വീണ് വണങ്ങിയാണ് ബ്രിട്ടീഷ് അംബാസഡര്‍ സര്‍ തോമസ് റോ രാജ്ഞി കൊടുത്തയച്ച ഉപഹാരങ്ങളും ഔദ്യോഗിക സ്ഥാനപട്ടവും സമര്‍പ്പിച്ചത്. അവരുടെ സമ്മാനങ്ങള്‍ ദില്ലി ഭരണകര്‍ത്താക്കളുടെ മുന്നില്‍ ഒന്നുമല്ലായിരുന്നു. കല്‍ക്കത്തയിലും മദ്രാസിലും ബോംബെയിലും ഔട്ട്‌പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ അനുമതി നേടിയെടുത്തത് ഇന്ത്യന്‍ ചരക്കുകള്‍ക്ക് ആകര്‍ഷകമായ വില നല്‍കുമെന്നും വാണിജ്യം ത്വരിതപ്പെടുത്തുമെന്നുള്ള വാഗ്ദാനത്തോടെയാണ്.

പക്ഷേ, ബ്രിട്ടീഷുകാരുടെ ആഗമനത്തോടെ പ്രാപ്തരായ ഭരണകര്‍ത്താക്കള്‍ ചരിത്രത്തിലേക്ക് വിലയം പ്രാപിക്കുന്നതും നാനാഭാഗത്തുനിന്നും ശത്രുക്കള്‍ ആഭ്യന്തരമായും വൈദേശികമായും വെല്ലുവിളികള്‍ ഉയര്‍ത്തുന്നതുമായ കാഴ്ചയാണ് ചരിത്രം കണ്ടത്. 1739ല്‍ പേര്‍ഷ്യന്‍ ചക്രവര്‍ത്തി നാദിര്‍ഷാ ഡല്‍ഹി ആക്രമിച്ച് എല്ലാം ധൂമപടലങ്ങളാക്കി എന്ന് മാത്രമല്ല, കണ്ണില്‍ പെട്ടത് മുഴുവന്‍ കൊള്ളയടിച്ചുകൊണ്ടുപോവുകയും ചെയ്തു. സിഖുകാരും പേഷ്വാമാരും രജപുത്രരും ഡല്‍ഹി രാജാക്കന്മാര്‍ക്കെതിരെ കലാപം കൂട്ടിയ കാലമായിരുന്നു അത്. 1765ല്‍ ഷാ ആലം രണ്ടാമന്‍ എന്ന യുവാവായ, പ്രാപ്തി കുറഞ്ഞ മുഗിള രാജാവ് നികുതി പിരിക്കാനുള്ള അധികാരം (ദീവാനി ) ഈസ്റ്റ് ഇന്ത്യ കമ്പനിക്കു കൈമാറിയതോടെ ഭരണം കോളനിക്കച്ചവടക്കാരുടെ കൈകളിലെത്തുന്ന നടുക്കുന്ന കാഴ്ചക്കും രാജ്യം ദൃക്‌സാക്ഷിയായി. അധികം വൈകിയില്ല, 260,000 ഭടന്മാരടങ്ങുന്ന വന്‍ പടയെ ഉപയോഗിച്ച് ഈസ്റ്റ് ഇന്ത്യ കമ്പനി ബംഗാള്‍ നവാബ് സിറാജുദ്ദൗളയില്‍നിന്ന് പിടിച്ചെടുക്കുകയാണ്. അതിന് മീര്‍ ജാഫറിനെയും ഹിന്ദുപടയാളികളെയും വന്‍ വില കൊടുത്തു തങ്ങളുടെ പക്ഷത്തേക്ക് ചേര്‍ക്കുകയായിരുന്നു. 1847ആയപ്പോഴേക്കും ഡല്‍ഹൗസി പ്രഭു മുഗിള ആസ്ഥാനത്തേക്ക് ഇരച്ചുകയറുന്ന ഞെട്ടിക്കുന്ന അവസ്ഥയുമുണ്ടായി. ഹിന്ദുസ്ഥാനിലെ എല്ലാ വിഭാഗം ജനങ്ങളും ജാതിമത ചിന്തകള്‍ മറന്ന് വിദേശ അധിനിവേശകരെ തുരത്തിയോടിക്കാന്‍ ഒരു ശ്രമം നടത്തിയെങ്കിലും ആയുധമുഷ്‌കിന്റെ കരുത്തില്‍ ജയം ബ്രിട്ടീഷ്പക്ഷത്തായിരുന്നു. അങ്ങനെ ഒന്നാം സ്വാതന്ത്ര്യസമരം ലക്ഷ്യം കാണാതെ വന്ന ശപ്തമുഹൂര്‍ത്തത്തിലാണ് ബ്രിട്ടീഷ് രാജ്ഞി നേരിട്ട് ഇന്ത്യയുടെ കടിഞ്ഞാണ്‍ ഏറ്റെടുക്കുന്നതും ഇന്നാട്ടിന്റെ ഹൃദയധമനികളെ മരവിപ്പിച്ചുനിര്‍ത്തുന്നതും. അതിനിടയില്‍ ബ്രിട്ടനില്‍ തുടക്കം കുറിച്ച വ്യാവസായിക വിപ്ലവം കൊഴുപ്പിക്കാന്‍ ഇന്ത്യയില്‍നിന്ന് പരുത്തിയും നീലവും മറ്റു അസംസ്‌കൃത പദാര്‍ഥങ്ങളും യഥേഷ്ടം കടത്തിക്കൊണ്ടുപോയപ്പോള്‍ നിശ്ചലമായത് നമ്മുടെ പരമ്പരാഗത വ്യവസായ മേഖലയാണ്. ടെക്‌സ്‌റ്റൈല്‍ രംഗത്ത് വിദേശ ഉല്‍പന്നങ്ങളുടെ തള്ളിക്കയറ്റം ബംഗാളിലെയും ഗുജറാത്തിലെയും മറ്റും നാടന്‍ വസ്ത്രനിര്‍മാണ കമ്പനികള്‍ക്ക് എന്തുമാത്രം പ്രഹരമേല്‍പിച്ചുവെന്ന് ശശി തരൂര്‍ വ്യക്തമായ ചിത്രം നിരത്തുന്നുണ്ട്. ഇന്ത്യന്‍ തുണിത്തരങ്ങള്‍ക്ക് ഒരുവേള ലണ്ടന്‍ വിപണിയില്‍ വന്‍ ഡിമാന്റുണ്ടായിരുന്നു. ബംഗാളില്‍ നൂറ്റാണ്ടുകളായി ഉല്‍പാദിപ്പിച്ചുപോന്ന മസ്‌ലിന്‍ ഇനങ്ങള്‍ക്ക് ഈജിപ്ത്, തുര്‍ക്കി, പേര്‍ഷ്യ, ജാവ, ചൈന, ജപ്പാന്‍ തുടങ്ങി ലോകത്തിന്റെ അഷ്ടദിക്കുകളിലും വിപണിയും പ്രീതിയും ഉണ്ടായിരുന്നു. 16 ദശലക്ഷം രൂപയുടെ തുണിത്തരങ്ങള്‍ 1750കളില്‍ കയറ്റുമതി ചെയ്യപ്പെട്ടിരുന്നു. ബംഗാളില്‍ നെയ്യുന്ന പട്ടുവസ്ത്രങ്ങളുടെ 33ശതമാനവും യൂറോപ്യന്‍ മാര്‍ക്കറ്റിലേക്കാണ് പോയിരുന്നത്.

എന്നാല്‍ ബ്രിട്ടന്‍ നമ്മുടെ നാടിന്റെ ചെങ്കോല്‍ പിടിച്ചെടുത്തതോടെ അസംസ്‌കൃത പദാര്‍ഥങ്ങള്‍ മാത്രം കയറ്റുമതി ചെയ്യുകയും ഇവിടുത്തെ ഉല്‍പന്നങ്ങള്‍ക്കുള്ള മാര്‍ക്കറ്റ് അധീനതയില്‍ കൊണ്ടുവരികയും ചെയ്തു. അടഞ്ഞുകിടന്ന നെയ്ത്തുശാലകള്‍ക്ക് മുന്നില്‍ തൊഴിലാളികള്‍ പട്ടിണി കിടന്നു മരിക്കേണ്ട ഗതികേടുണ്ടായി. ബംഗാളിലെ കടുത്ത ക്ഷാമത്തില്‍ ലക്ഷങ്ങള്‍ മരിച്ചത് സാമ്രാജ്യത്വചൂഷണത്തിന്റെ അനന്തരഫലമായിരുന്നു. ഒടുവില്‍ പറഞ്ഞത് ഇന്ത്യക്കാര്‍ക്ക് കൃഷി ചെയ്യാന്‍ അറിയില്ലെന്നും കാലാവസ്ഥയെ മാത്രം ആശ്രയിച്ച് ചൂതാട്ടം നടത്തുകയായിരുന്നുവെന്നുമാണ്. മുഗിള സാമ്രാജ്യം തകര്‍ന്നുകൊണ്ടിരിക്കുമ്പോഴും ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തി ഇന്ത്യയായിരുന്നു. ദില്ലി ഏറ്റവും തിരക്കേറിയ, സമ്പന്നമായ മഹാനഗരവും. ഈസ്റ്റ് ഇന്ത്യ കമ്പനി ഇന്ത്യയിലേക്ക് വരുമ്പോള്‍ ലോകത്തിന്റെ മൊത്തം ജി.ഡി.പിയുടെ (മൊത്തം ആഭ്യന്തര ഉല്‍പാദനം ) 23ശതമാനമാണ് നമ്മുടെ സംഭാവന. 1947ല്‍ യൂണിയന്‍ ജാക്ക് താഴ്ത്തിക്കെട്ടി ലണ്ടനിലേക്ക് കോളനിവാഴ്ചക്കാര്‍ മടങ്ങുമ്പോള്‍ കേവലം മൂന്നുശതമാനമായിരുന്നു ഇന്ത്യയുടെ സംഭാവന. അത്ര കണ്ട് പാപ്പരായിക്കഴിഞ്ഞിരുന്നു നമ്മുടെ നാട്.

കാസിം ഇരിക്കൂര്‍

You must be logged in to post a comment Login