ആധാര്‍ ; അതൊരു വിഡ്ഢിത്വമല്ലാതെ മറ്റെന്താണ്?

ആധാര്‍ ; അതൊരു വിഡ്ഢിത്വമല്ലാതെ മറ്റെന്താണ്?

ഭരണസംവിധാനത്തിന്റെ ദൃഷ്ടിയില്‍ ഞാനൊരു ദുശ്ശാഠ്യക്കാരനായ കിളവനാണ്. ചിലപ്പോള്‍ ഞാനങ്ങനെ തന്നെയായിരിക്കും. ഭരണകൂടം നിഷ്‌കര്‍ഷിക്കുന്ന എന്തിനോടും വിയോജിക്കുന്ന എന്നെക്കുറിച്ച് ദുശ്ശാഠ്യക്കാരനല്ലെന്ന് എങ്ങനെ പറയാനാകും?

അടിസ്ഥാന വസ്തുതകളെക്കുറിച്ച് എപ്പോഴും ചിന്തിക്കുന്നുവെന്നതാകാം വൈരുധ്യങ്ങള്‍ ചൂണ്ടിക്കാട്ടുന്ന എന്റെ ഈ ദുഃസ്വഭാവത്തിന് കാരണം. അടിസ്ഥാനമായ രേഖയുണ്ടെങ്കില്‍ ഞാന്‍ അതിനെ ആധാരമാക്കി സംസാരിക്കും. പുതിയ നിയമനിര്‍മാണമുണ്ടായാല്‍, അടിസ്ഥാന നിയമത്തിലേക്ക് പോകും. ഒന്നുമില്ലെങ്കില്‍ ഗൂഗിള്‍ ഗുരുവിലേക്ക്. കൗതുകത്തിന്റെയും വിഡ്ഢിത്വത്തിന്റെയും ഉറവിടമായി എന്നെ സുഹൃത്തുക്കള്‍ കാണുന്നത് അതുകൊണ്ടാകും. ഞാന്‍ നേരിട്ട ഭീതിദമായ ഏറ്റുമുട്ടലുകളെക്കുറിച്ചാണ് ഈ ദിവസങ്ങളില്‍ എന്റെ സുഹൃത്തുക്കള്‍ കൗതുകം കൂറുന്നത്. ലോകത്തിനൊരു കുഴപ്പവുമില്ലെന്നാണ് അവരുടെ പക്ഷം. ഭീതിയുണ്ടാകുന്നത് എനിക്ക് മാത്രമെന്നും.

സുഹൃത്തുക്കളുടെ അഭിപ്രായം എനിക്കത്ര പിടിക്കുന്നില്ല. ബാങ്ക് ജീവനക്കാരനുമായുണ്ടായ അസാധാരണ അഭിമുഖം ആദ്യത്തെ ഉദാഹരണമാണ്. എന്റെ ബാങ്ക് അക്കൗണ്ട്, ആധാറുമായി ബന്ധിപ്പിക്കണമെന്നും ആധാര്‍ കാര്‍ഡ് ഹാജരാക്കണമെന്നും ബാങ്ക് ജീവനക്കാരന്‍ നിര്‍ബന്ധം പിടിച്ചു. ആധാര്‍ നമ്പര്‍ കാര്‍ഡില്‍ എഴുതി എന്നു മാത്രമേയുള്ളൂ, തിരിച്ചറിയല്‍ കാര്‍ഡോ റേഷന്‍ കാര്‍ഡോ പോലെ ഒന്നല്ല അതെന്ന് ഞാന്‍ പറഞ്ഞു. കാര്‍ഡില്‍ നമ്പര്‍ എഴുതിയതാണെന്നും യഥാര്‍ത്ഥത്തില്‍ കാര്‍ഡല്ലെന്നുമുള്ള എന്റെ വാദം ബാങ്കിംഗ് രീതി മാത്രം ശീലിച്ച ജീവനക്കാരനെ ആശയക്കുഴപ്പത്തിലാക്കി.

അല്‍പ നേരത്തെ പതര്‍ച്ചയ്ക്ക് ശേഷം ജീവനക്കാരന്‍ പറഞ്ഞു, ”ക്ഷമിക്കണം സര്‍, നിങ്ങളുടെ അക്കൗണ്ട് നിങ്ങളുടെ ആധാറുമായി ബന്ധിപ്പിച്ചേ മതിയാകൂ. ഞങ്ങള്‍ക്ക് ഉത്തരവുകളുണ്ട്. അത് പാലിക്കണം”

”ഉത്തരവുകള്‍ പാലിച്ചേ മതിയാകൂ എന്ന് കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യത്തില്‍ മധ്യയൂറോപ്പിലെ ചിലയാളുകള്‍ പറഞ്ഞിരുന്നില്ലേ” – എന്റെ മറുചോദ്യം. ”നിങ്ങള്‍ ആധാര്‍ നിയമം നോക്കൂ. അര്‍ഹരായവരെ നിര്‍ണയിച്ച് സൗജന്യങ്ങള്‍ അവര്‍ക്ക് മാത്രമേ ലഭിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കുന്നതിനെക്കുറിച്ചാണ് അതില്‍ പറയുന്നത്. ഇത് എന്റെ പണമാണ്, എന്റെ അക്കൗണ്ടും. എനിക്ക് യാതൊരു സൗജന്യവും കിട്ടുന്നില്ല. തുറന്നുപറഞ്ഞാല്‍ വളരെക്കുറച്ച് സേവനങ്ങള്‍ മാത്രമാണ് ലഭിക്കുന്നത്. പിന്നെ എന്തിന് ആധാര്‍ ബന്ധിപ്പിക്കണം?”
ജീവനക്കാരന്‍ വഴങ്ങിയില്ല. ”ഇല്ല സര്‍. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാതെ നിങ്ങളുടെ അക്കൗണ്ട് സജീവമാക്കാന്‍ സാധിക്കില്ല”

ഭീതി ജനിപ്പിക്കുന്ന അഭിമുഖം അധികം വൈകാതെയുണ്ടായി, ഫോണ്‍ സേവനം പ്രദാനം ചെയ്യുന്ന കമ്പനിയുടെ ജീവനക്കാരനുമായി. അയാള്‍ക്കും കാണണം ആധാര്‍ കാര്‍ഡ്. ഞാന്‍ വിസമ്മതിച്ചു. അയാള്‍ ക്ഷമയോടെ വിശദീകരിച്ചു. ”നോക്കൂ, ഫോണ്‍ ദുരുപയോഗം ചെയ്യുന്നത് തടയാനാണിത്”

ഞാന്‍ ദുശ്ശാഠ്യമെടുത്തു. ”മിസ്റ്റര്‍, നിങ്ങളാദ്യം ദുരുപയോഗമെന്തെന്ന് നിര്‍വചിക്കൂ”
”ശരി, ഒരു ഭീകരവാദി ഫോണ്‍ ഉപയോഗിക്കാന്‍ ഇടയുണ്ട്”

”അതൊന്നു മനസ്സിലാക്കണമല്ലോ? ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ച സിമ്മുള്ള ഫോണ്‍, ഭീകരവാദിയുടെ കൈവശമെത്തിയാല്‍ പിന്നെ പ്രവര്‍ത്തിക്കില്ലേ?” – നിഷ്‌കളങ്കമെന്ന് തോന്നിപ്പിക്കുന്ന എന്റെ ചോദ്യം.

”ഇല്ല സര്‍, വിഡ്ഢിത്തം പറയാതിരിക്കൂ” – കമ്പനി ജീവനക്കാരന്റെ ക്ഷമ നശിച്ച് തുടങ്ങി. ”ഭീകരവാദി ഫോണ്‍ ഉപയോഗിക്കുകയാണെങ്കില്‍ ഞങ്ങള്‍ക്ക് തിരിച്ചറിയാനാകും. അയാളെ പിടിക്കാനും കഴിയും. അത്രയേ അര്‍ത്ഥമാക്കിയുള്ളൂ”

”എനിക്ക് സംശയമുണ്ട്.” സകലതിനെയും സംശയിക്കുന്ന എനിക്ക് ഇവിടെയും അത് ഒഴിവാക്കാനാകില്ലല്ലോ.

”എന്താണ് നിങ്ങള്‍ പറയുന്നത്” – ജീവനക്കാരന്റെ ശബ്ദത്തില്‍ രോഷം.
ഗൂഗിള്‍ ഗുരുവില്‍ നിന്ന് സ്വാംശീകരിച്ച സകല അറിവുമെടുത്ത് ഞാന്‍ വാചാലനായി. ” നോക്കൂ. ആ മാന്യന്‍ ഒരു ചാവേറാണെങ്കില്‍, നിങ്ങള്‍ക്ക് അയാളുടെ മൃതദേഹം പിടികൂടാം. ബുദ്ധിശേഷി കുറഞ്ഞ ഒരു ഭീകരവാദി പോലും മോഷ്ടിച്ച ഫോണോ കടം മേടിച്ച ഫോണോ മാത്രമേ ഉപയോഗിക്കൂ. അല്ലെങ്കില്‍ സിമ്മുകളുടെ പകര്‍പ്പ്. അത് പെട്ടിക്കടകളില്‍പ്പോലും വാങ്ങാന്‍ കിട്ടും. പരിശീലനം സിദ്ധിച്ച അക്രമിയാണെങ്കില്‍, കൈമാറ്റച്ചന്തയില്‍ കിട്ടുന്ന സിമ്മേ ഉപയോഗിക്കൂ എന്ന് ഉറപ്പ്. മാത്രമല്ല, നിയമപാലന ഏജന്‍സികളുമായൊന്നും ആധാര്‍ വിവരം പങ്കുവെക്കാനാകില്ലെന്നാണ് ഞാന്‍ മനസിലാക്കിയിരിക്കുന്നത്. ശരീര സവിശേഷതകളുടെ അടിസ്ഥാനത്തില്‍ ഭീകരവാദിയെ പിടികൂടുക എന്ന സങ്കല്‍പം പിന്നെയില്ലല്ലോ?”
”ഇല്ല സര്‍, ചട്ടങ്ങള്‍, ചട്ടങ്ങളാണ്”

”നോക്കൂ സുമനസ്സേ, എത്ര ആഢ്യത്വമുള്ള ഭരണകൂട ഉത്തരവായാലും സാമാന്യ ബുദ്ധിയെ തള്ളിക്കളയുന്നതാകരുത്. ഇനി അങ്ങനെയായാലും നിയമത്തിന്റെ അന്തസത്തക്ക് വിരുദ്ധമാകാന്‍ പറ്റില്ല.”

”ശരിയാണ് സര്‍. പക്ഷേ ചട്ടങ്ങള്‍ ചട്ടങ്ങളാണ്!”

”ഭീകരവാദിയെ പിടികൂടാന്‍ ഏറെ ചെലവുള്ള എലിക്കെണി. ഈ സമ്പ്രദായത്തിന് വേണ്ടി വരുന്ന ചെലവ്, 72 ഭീകരാക്രമണങ്ങളിലുണ്ടാകുന്ന നഷ്ടത്തെക്കാള്‍ വലുതാണ്”

”സര്‍, ഇതിലൂടെ മറ്റുള്ളവരാരെങ്കിലും നിങ്ങളുടെ പേരില്‍ കണക്ഷനെടുക്കുന്നത് തടയാനാകും”
”ദൈവത്തെയോര്‍ത്ത് അത് പറയരുത്. എന്റെ പേരുള്ള മറ്റാരെങ്കിലുമൊക്കെ കണക്ഷനെടുക്കട്ടെ. ഒരേ പേരുള്ള ഒന്നിലധികമാളുകളുണ്ടാകില്ലേ? ക്ഷമിക്കൂ, പക്ഷേ എവിടെയോ യുക്തിക്ക് കുറവുണ്ട്.” അവസാനം പറഞ്ഞത് ശീലം കൊണ്ടാണ്. നിങ്ങളൊരു ദുശ്ശാഠ്യക്കാരനാണെങ്കില്‍ അതങ്ങനെ തന്നെയായിരിക്കും.

പിന്നെയെനിക്കൊരു ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യണമായിരുന്നു. ഭീതി ജനിപ്പിച്ച മറ്റൊരു അഭിമുഖം. എല്ലാവരും ആധാര്‍ നമ്പര്‍ നല്‍കണമെന്നും കാര്‍ഡ് ഹാജരാക്കണമെന്നും റെയില്‍വേ ക്ലര്‍ക്ക് നിര്‍ബന്ധം പറഞ്ഞു. ഫലമില്ലാത്ത തര്‍ക്കത്തിന് ഞാന്‍ മുതിര്‍ന്നു. ക്ലര്‍ക്ക് ശ്രദ്ധിക്കുന്നേയില്ല.

”നിങ്ങളെന്തിന് ബഹളം വെക്കുന്നു? സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡിയുടെ ഗുണഭോക്താവാണ് നിങ്ങള്‍. മുതിര്‍ന്ന പൗരനുള്ള സൗജന്യം നിങ്ങള്‍ പറ്റുന്നില്ലേ?”

”അതെ, ഉണ്ട്. അര്‍ഹരായവര്‍ക്ക് മാത്രം പരിമിതപ്പെടുത്തിയ സബ്‌സിഡികള്‍ക്കല്ലേ ആധാര്‍ വേണ്ടൂ. മുതിര്‍ന്ന പൗരനുള്ള സൗജന്യം ഏതെങ്കിലും പ്രത്യേക വ്യക്തികളെ ഉദ്ദേശിച്ചുള്ളതല്ലല്ലോ. നിശ്ചിത പ്രായം കഴിഞ്ഞവര്‍ക്കൊക്കെ ആ ആനുകൂല്യം നിങ്ങള്‍ നില്‍കണമല്ലോ”

”ചട്ടങ്ങള്‍ ചട്ടങ്ങളാണ്” – ക്ലര്‍ക്കിന്റെ ഉത്തരവ്. എനിക്ക് പിറകില്‍ നിന്ന അറിവില്ലാത്ത ജനം ബഹളം വെച്ചു തുടങ്ങി. റെയില്‍വേ ക്ലര്‍ക്കല്ല, ഈ ജനമാണ് കൂടുതല്‍ പ്രകോപിതര്‍.
ആശുപത്രിയിലും ഇത് തന്നെ സ്ഥിതി. എനിക്ക് ഡോക്ടറെ കാണാന്‍ പറ്റിയില്ല. ആധാര്‍ നമ്പറില്ലെന്ന് ഞാന്‍ പ്രഖ്യാപിച്ചു.

പുറം രോഗികള്‍ക്കുള്ള ചീട്ട് നല്‍കുന്ന ക്ലര്‍ക്ക് പ്രഖ്യാപിച്ചു – ”നിങ്ങള്‍ ഉടന്‍ ആധാറെടുക്കണം. അത് നിര്‍ബന്ധമാണ്”

ആധാര്‍ നിര്‍ബന്ധമല്ലെന്ന് അയാളെ പഠിപ്പിക്കാന്‍ ഞാന്‍ ശ്രമിച്ചു. നിശ്ചിതമായ നടപടിക്രമങ്ങളിലൂടെ ആധാര്‍ എടുക്കാന്‍ പൗരന്‍മാര്‍ക്ക് സൗകര്യമുണ്ടെന്നാണ് നിയമം പറയുന്നത്. സൗകര്യമൊരുക്കലും ബാധ്യതപ്പെടുത്തലും തമ്മിലുള്ള വ്യത്യാസം ഞാന്‍ വിശദീകരിച്ച് തുടങ്ങി. വരിയില്‍ എനിക്ക് പിറകില്‍ നിന്ന ജനം ബഹളം വെച്ചു. ആശുപത്രിയിലെ ക്ലര്‍ക്കിനോടാണ് പ്രതിഷേധമെന്ന് ആദ്യം ഞാന്‍ വിചാരിച്ചു. തര്‍ക്കിച്ചു നില്‍ക്കുന്ന എന്നെ തല്ലണമെന്നാണ് അവരുടെ മതമെന്ന് പിന്നീടാണ് മനസിലായത്.
അടുത്ത അഭിമുഖം കൂടുതല്‍ മോശമായിരുന്നു. ആദായ നികുതി ഉദ്യോഗസ്ഥന്‍, കാര്‍ക്കശ്യം കാട്ടുക മാത്രമല്ല, ഭീഷണിപ്പെടുത്തുകയും ചെയ്തു. ആധാര്‍ കാര്‍ഡ് കാണിക്കാന്‍ ഉത്തരവിട്ടു. ആധാര്‍ കാര്‍ഡല്ലെന്നും നമ്പറാണെന്നും ഞാന്‍ ശക്തിയുക്തം വാദിച്ചു. ആദായ നികുതി വകുപ്പ് പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ (പാന്‍ – അതും കാര്‍ഡിലെഴുതിയ നമ്പറാണ്) നല്‍കിയിട്ടുണ്ടെന്നും അത് വര്‍ഷങ്ങളായി സുഗമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും അറിയിച്ചു. എന്റെ എല്ലാ സാമ്പത്തിക ഇടപാടുകളും പാന്‍ വഴി വല്യേട്ടന്‍ അറിയുന്നുണ്ടെന്നും. പിന്നെ എന്തിനാണ് കാര്യങ്ങള്‍ സങ്കീര്‍ണമാക്കുന്നത് എന്നായിരുന്നു എന്റെ ചോദ്യം.

”പക്ഷേ സര്‍, നിങ്ങളുടെ പാന്‍, നിങ്ങളുടെ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കണമെന്നാണ് ഞങ്ങള്‍ക്ക് ലഭിച്ച നിര്‍ദേശം”

”നിങ്ങള്‍ അര്‍ത്ഥമാക്കുന്നത്, സ്ഥിരം നമ്പര്‍ എന്ന് പറഞ്ഞ് എനിക്ക് തന്ന പാന്‍ സ്മാരകവസ്തുവായെന്നാണോ?”

”സര്‍, നിങ്ങളുടെ നികുതി കൃത്യമായി പന്തുടരാന്‍ ആധാര്‍ ഞങ്ങളെ സഹായിക്കും…”
”അത് ഇതുവരെ സാധ്യമായിരുന്നില്ലെന്നാണോ നിങ്ങള്‍ പറയുന്നത്. ഞാനൊരു വിഡ്ഢിയാണ്. ഇത്രയും നാള്‍ നികുതി കൃത്യമായി അടച്ചു. നികുതി അടക്കുന്നുണ്ടോ ഇല്ലയോ എന്ന് കൃത്യമായി മനസിലാക്കാന്‍ പാന്‍ കൊണ്ട് സാധിക്കില്ലെങ്കില്‍ എനിക്ക് നികുതിയടക്കാതിരിക്കാന്‍ കഴിയുമായിരുന്നു”

”സര്‍, ഞാന്‍ ആവര്‍ത്തിക്കുന്നു, ഞങ്ങള്‍ക്ക് നിര്‍ദേശമുണ്ട്, അത് പാലിച്ചേ മതിയാകൂ”
സി സി യു, ഐ സി യു, ഐ ടി യു തുടങ്ങി വിലയേറിയ ചുരുക്കപ്പേരുകളില്‍ അറിയപ്പെടുന്ന അറകളൊക്കെ കടന്നെത്തിയ അയല്‍വാസിയുമായിട്ടായിരുന്നു അടുത്ത അഭിമുഖം. മരണമുഖത്തു നിന്ന് മടങ്ങിയ അയാള്‍ക്ക്, എന്റെ സന്ദര്‍ശനം സന്തോഷമുണ്ടാക്കുമെന്നാണ് കരുതിയത്. എന്നാല്‍ എന്നെ കണ്ടതോടെ അയാള്‍ ദുര്‍മുഖനായി. എങ്കിലും സംസാരിച്ചു. സി സി യുവില്‍ കഴിയുമ്പോള്‍ അസാധാരണമായ സ്വപ്‌നം കണ്ടതിനെക്കുറിച്ച്. സ്വപ്‌നത്തില്‍ യമദേവനെയാണ് കണ്ടത്, അദ്ദേഹത്തിന് എന്റെ മുഖമായിരുന്നത്രെ. ആത്മാവിനെ കൂട്ടിക്കൊണ്ടുപോകാനാണ് യമദേവന്‍ വന്നത്. പക്ഷേ, അദ്ദേഹം ആ പരിപാടി ഉപേക്ഷിച്ചു. ആധാര്‍ നമ്പറില്ലാത്തവന്റെ ആത്മാവിനെ കൂട്ടിക്കൊണ്ടുപോകാന്‍ സാധിക്കില്ലത്രെ.
ഡ്രൈവിംഗ് ലൈസന്‍സ് പുതുക്കലും പാസ്‌പോര്‍ട്ട് എടുക്കലുമൊക്കെ ജോര്‍ജ് ഓര്‍വെല്ലിന്റെ ഏകാധിപത്യ രാജ്യത്തെ ദുഃസ്വപ്‌നം പോലെയായി എനിക്ക്. ഇവയ്‌ക്കൊക്കെ അപേക്ഷിക്കുമ്പോള്‍ ആധാറും മേല്‍വിലാസം തിരിച്ചറിയാനുള്ള രേഖയും ഹാജരാക്കണം. ഡ്രൈവിംഗ് ലൈസന്‍സോ ആധാറോ ഇപ്പോള്‍ പാസ്‌പോര്‍ട്ടോ മേല്‍വിലാസം ഉറപ്പിക്കാനുള്ള രേഖയല്ലെന്നതാണ് വൈരുധ്യം.

ഒരു സര്‍ക്കാര്‍ ഓഫീസില്‍, വിശുദ്ധ കവാടം കാക്കുന്ന സുരക്ഷാഭടന്‍ ‘ആധാര്‍ കാര്‍ഡി’ന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് ചോദിച്ചു. ‘പ്രാദേശിക’ കാര്‍ഡുള്ളവര്‍ക്ക് മാത്രമേ പ്രവേശമുള്ളൂവെന്ന് വാദിക്കുകയും ചെയ്തു. ആധാര്‍ നമ്പറോ അതിലൂടെയുള്ള ആധികാരികതപ്പെടുത്തലോ ഒരവകാശവും നല്‍കുന്നില്ലെന്നും പൗരത്വമോ ഇവിടെ താമസിക്കുന്നയാളെന്നതോ ഉറപ്പാക്കുന്നില്ലെന്നും ആളുകളെ ഓര്‍മിപ്പിക്കുന്നത് ഒരു ശീലമായിട്ടുണ്ട് എനിക്ക്. ദുശ്ശാഠ്യത്തിന്റെ പ്രേരണ കൊണ്ട്, ആധാര്‍ ബില്ല്, മണി ബില്ലായാണ് പാര്‍ലമെന്റില്‍ പാസ്സാക്കിയതെന്നും അതുകൊണ്ട് തന്നെ ഇന്ത്യാ ഗവണ്‍മെന്റിന്റെ സംയോജിത ഫണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രമേ ബാധകമാകൂ എന്നും വിവരമില്ലാത്ത സഹജീവികളെ പഠിപ്പിക്കാനും ശ്രമിച്ചു. ഒരു ദുശ്ശാഠ്യക്കാരനെ ആര് ശ്രദ്ധിക്കാന്‍? ചട്ടങ്ങള്‍ ചട്ടങ്ങളാണെന്ന് അവര്‍ ആവര്‍ത്തിച്ചു, യാന്ത്രികമായി.

ആയതിനാല്‍ ആധാര്‍ ബന്ധിപ്പിക്കണം – ഡിമാറ്റ് അക്കൗണ്ടുമായി, പ്രൊവിഡന്റ് ഫണ്ടുമായി, വീട് വാങ്ങുന്നതുമായി, കാറു വാങ്ങുന്നതുമായി, ലൈഫ് ഇന്‍ഷുറന്‍സ് പോളിസിയുമായി, പോസ്റ്റ് ഓഫീസിലെ നിക്ഷേപവുമായി, കുട്ടിയുടെ പ്രൈമറി സ്‌കൂള്‍ പ്രവേശവുമായി ഒക്കെ. ആധാര്‍ നമ്പര്‍ ഉദ്ധരിക്കാതെ തലമുടി വെട്ടാനോ ജിലേബി വാങ്ങാനോ സാധിക്കാതെ വരുന്നതാണ് അടുത്തത്. ഈ നമ്പറില്ലാതെ റോഡിലൂടെ വാഹനം ഓടിക്കാനാകില്ല. എന്തിന് ശ്വാസമെടുക്കാന്‍ പോലും!

ആധാറൊരു മഹത്തായ ഉപകരണമാണെന്നും ഭാവി കണക്കാക്കിയുള്ള ആശയവും രുപകല്‍പനയുമാണെന്നുമാണ് എന്റെ സുഹൃത്തുക്കളിലൊരാള്‍ അഭിപ്രായപ്പെട്ടത്. എനിക്ക് പ്രതികരിക്കാതിരിക്കാന്‍ സാധിച്ചിലല്ല. ”പിന്നെ എന്തിനാണ് നിങ്ങള്‍ അതിന്റെ ഭരണവും പ്രയോഗവും ഈ പഴയ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തെ ഏല്‍പ്പിച്ചത്. കൈയില്‍ ചുറ്റികയേന്തിയ മനുഷ്യനു മുന്നില്‍ ലോകം മുഴുവനൊരു നഖം മാത്രമാണെന്ന ചൊല്ല് നിങ്ങള്‍ കേട്ടിട്ടില്ലേ”
സദ്ഭരണം, കാര്യക്ഷമത, സുതാര്യത, അര്‍ഹരായവരുടെ പക്കലേക്ക് സബ്‌സിഡികളെത്തുന്നുവെന്ന് ഉറപ്പാക്കല്‍ തുടങ്ങിയവയുമായി യാതൊരു ബന്ധവുമില്ലാത്തയാളുകളാണ് ആധാറും ആധാര്‍ കാര്‍ഡും പതിവായി ആവശ്യപ്പെടുന്നത് എന്നാണ് ദുശ്ശാഠ്യക്കാരന്റെ പക്ഷം. ലഭ്യമാക്കുന്ന വിവരങ്ങള്‍ പരിശോധിക്കാനുള്ള യാതൊരു ഉപായവും ഈ ആവശ്യപ്പെടുന്നവരുടെ പക്കല്‍ ഇല്ലതാനും. ഉപദ്രവിക്കാനുള്ള പുതിയ ഉപകരണമായി ആധാര്‍ മാറിയിരിക്കുന്നുവെന്ന് ചുരുക്കം. ആധാറിന്റെ ഉപയോഗം അനന്തമായി വ്യാപിക്കുന്നതാണ്, ഈ പാവപ്പെട്ട അശുക്കള്‍ കാണുന്നത്. അവരുടെ പക്കല്‍ ചുറ്റികയുണ്ട്, അവരത് ഉപയോഗിക്കണമെന്ന് മാത്രം.

വിഡ്ഢിത്വങ്ങളുടെ, തെറ്റിദ്ധാരണകളുടെ കൂമ്പാരമുണ്ട്, ആധാറിനെ സംബന്ധിച്ച്. ഒരൊറ്റ വ്യവസ്ഥ മാത്രമേ ഇക്കാലത്തിനിടെ അഭിമുഖീകരിക്കാത്തതുള്ളൂ. ആധാര്‍ നമ്പറിന് അപേക്ഷിക്കണമെങ്കില്‍ ആധാര്‍ നമ്പര്‍ വേണമെന്നത്.

കെ സി വര്‍മ
(ഇന്ത്യന്‍ രഹസ്യാന്വേഷണ സംഘടനയായ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗിന്റെ മുന്‍ മേധാവിയാണ് കെ സി വര്‍മ)

വിവ. രാജീവ് ശങ്കരന്‍
കടപ്പാട്: thewire.in

One Response to "ആധാര്‍ ; അതൊരു വിഡ്ഢിത്വമല്ലാതെ മറ്റെന്താണ്?"

  1. Siyaul haq  February 16, 2018 at 12:51 pm

    good

You must be logged in to post a comment Login