മതങ്ങളെ പുറത്തുനിര്‍ത്തിയാല്‍ ഇടതുപക്ഷമാവുമോ?

മതങ്ങളെ പുറത്തുനിര്‍ത്തിയാല്‍ ഇടതുപക്ഷമാവുമോ?

ജീവിത വ്യവഹാരങ്ങളില്‍ മതങ്ങള്‍ക്ക് വളരെയധികം മേല്‍ക്കൈയുള്ള സമൂഹമാണ് നമ്മുടേത്. വ്യക്തികളുടെ സ്വകാര്യ ജീവിതത്തില്‍ മാത്രമല്ല, പൊതുമണ്ഡലങ്ങളിലും ഇതു പ്രകടമാണ്. ഒന്നര നൂറ്റാണ്ടുകാലം നീണ്ടുനിന്ന ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്ചക്ക് പൊതുജീവിതത്തെ മതമുക്തമാക്കാന്‍ സാധിച്ചിട്ടില്ല. സ്വതന്ത്രരാഷ്ട്രമെന്ന നിലയില്‍ മതേതര ജനാധിപത്യ വ്യവസ്ഥയാണ് ഇന്ത്യയില്‍ നിലനില്‍ക്കുന്നതെങ്കിലും സര്‍ക്കാറാപ്പീസുകള്‍ ഗണപതി ഹോമത്തോടെ ഉദ്ഘാടനം ചെയ്യുന്നതും തേങ്ങയുടച്ച് കപ്പലുകള്‍ നീറ്റിലിറക്കുന്നതും റോക്കറ്റയക്കുമ്പോള്‍ പോലും പൂജാദികര്‍മങ്ങള്‍ ചെയ്യുന്നതും മറ്റുമാണ് നമ്മുടെ ശീലം. രാഷ്ട്രീയ രംഗത്ത് മതപരിഗണനകള്‍ കൂടുതല്‍ പ്രകടവുമാണ്. സ്ഥാനാര്‍ത്ഥിയാക്കുന്നതും മന്ത്രിസ്ഥാനവും വകുപ്പും നല്‍കുന്നതും മതാടിസ്ഥാനത്തിലാണ്.
പൊതുഅവധി നല്‍കുന്നതിലും ടെക്സ്റ്റ്ബുക്കുകള്‍ തയാറാക്കുന്നതിലും കോളജുകളനുവദിക്കുന്നതിലും വൈസ് ചാന്‍സലറെ നിയമിക്കുന്നതിലുമെല്ലാം മതം നേരിട്ട് കയറിവന്ന് ഇടപെടുന്നു. ഈ സാഹചര്യത്തിലും, പക്ഷേ രാഷ്ട്രീയത്തെ മതമുക്തമാക്കണമെന്ന ആവശ്യം സമൂഹത്തിന്റെ പല കോണുകളില്‍നിന്നും ഉയരാറുണ്ട്. അഥവാ മതമുക്തമായ രാഷ്ട്രീയാവസ്ഥയാണ് മതേതരവാദത്തിന്റെ ആദര്‍ശ രൂപം.
ദേശീയ സ്വാതന്ത്ര്യ സമരത്തിന്റെ കാലം മുതല്‍ക്കുതന്നെ ഇന്ത്യയുടെ രാഷ്ട്രീയ മുന്നേറ്റങ്ങളില്‍ മതം അതിന്റെ സ്വാധീനം സ്ഥാപിച്ചുപോന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. സോഷ്യലിസ്റ്റ്- കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ മതത്തിന്ന് വിപരീതമായ സമീപനങ്ങള്‍ പുലര്‍ത്തിയിരുന്നു എന്നതൊഴിച്ചാല്‍ ദേശീയ പ്രസ്ഥാനവും കോണ്‍ഗ്രസും സാമാന്യമായി മതമൂല്യങ്ങള്‍ കൈവെടിഞ്ഞിരുന്നില്ല. സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം രാജ്യം ഭരിച്ച കോണ്‍ഗ്രസില്‍ നെഹ്‌റുവിനെപോലെ ചുരുക്കം ചില നേതാക്കളൊഴിച്ച് മറ്റെല്ലാവരും മതാനുഷ്ഠാനങ്ങള്‍ കൃത്യമായി കൊണ്ടുനടക്കുന്നവരും മതമൂല്യങ്ങളില്‍ കഠിനമായി വിശ്വസിക്കുന്നവരുമായിരുന്നു. മതസഹിതമായ മതേതരത്വമാണ് കോണ്‍ഗ്രസ് ഭരണത്തിനു കീഴില്‍ ഇന്ത്യ അനുവര്‍ത്തിച്ചുപോന്നത്. ഇന്ത്യയിലെ പ്രാദേശികപാര്‍ട്ടികളും മതത്തെ നിരാകരിച്ചിട്ടില്ല. കമ്യൂണിസ്റ്റ് ആശയങ്ങളോട് കൂറുപുലര്‍ത്തുന്ന വിപ്ലവ രാഷ്ട്രീയ പാര്‍ട്ടികള്‍(ആര്‍ എസ് പി പോലെയുള്ളവ) മാത്രമാണ് മതത്തിന് സമൂഹ നിര്‍മിതിയില്‍ സ്ഥാനം വേണ്ട എന്ന നിലപാട് കൈക്കൊള്ളുന്നത്. ഈ കക്ഷികള്‍ കാള്‍മാര്‍ക്‌സ് മതത്തോട് വെച്ചുപുലര്‍ത്തിയിരുന്ന സമീപനങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. എന്നാല്‍ ആശയതലത്തില്‍ മാത്രമാണ് കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്കും മതത്തോട് എതിര്‍പ്പുള്ളത്. പ്രയോഗത്തില്‍ മതത്തെ കമ്യൂണിസ്റ്റുകാരും അംഗീകരിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ മതാധിഷ്ഠിതമാണ് ഇന്ത്യന്‍ രാഷ്ട്രീയം; ഇടതായാലും വലതായാലും.

മതാത്മകത വര്‍ധിക്കുമ്പോള്‍
അടുത്ത കാലത്ത് ഇന്ത്യന്‍ രാഷ്ട്രീയം കൂടുതല്‍ മതാത്മകമാവുന്നതാണ് നാം കാണുന്നത്. ബിജെപിക്ക് അധികാരം കൈവന്നതോടെയാണ് അങ്ങനെ സംഭവിച്ചതെങ്കിലും രാഷ്ട്രീയത്തിന്റെ മതവത്കരണം ഇന്ത്യയില്‍ പുതിയ പ്രതിഭാസമല്ല. ദേശീയ പ്രസ്ഥാനത്തിന്റെ കാലത്തുതന്നെ ഹൈന്ദവ വര്‍ഗീയതയെ പ്രതിനിധാനം ചെയ്യുന്ന ആശയധാര കോണ്‍ഗ്രസില്‍ പ്രബലമായിരുന്നു. ദേശീയ രാഷ്ട്രീയത്തില്‍ ഹിന്ദു മഹാസഭയായും ഭാരതീയ ജനസംഘമായുമൊക്കെ ഹിന്ദുത്വബോധം പ്രത്യക്ഷപ്പെട്ടു. ഹൈന്ദവ രാഷ്ട്രീയം സാമാന്യജനങ്ങള്‍ക്കിടയില്‍ വേരൂന്നുന്നത് തടയാന്‍ കോണ്‍ഗ്രസ് പ്രയോഗിച്ച തന്ത്രം ഹിന്ദു വികാരങ്ങളെ കുറെയൊക്കെ പ്രീതിപ്പെടുത്തുക എന്നതാണ്. പലപ്പോഴും കോണ്‍ഗ്രസ് മൃദുഹിന്ദുത്വ സമീപനമാണ് പുലര്‍ത്തുന്നത് എന്ന് മതേതരവാദികള്‍ ആക്ഷേപിക്കാനിടയായത് ഈ പശ്ചാതലത്തിലാണ്. അതേസമയം കോണ്‍ഗ്രസിനെ അധികാരത്തില്‍നിന്ന് പുറത്തിറക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഭാരതീയ ജനസംഘവുമായി സഖ്യത്തിലേര്‍പ്പെടാന്‍ പലേടങ്ങളിലും മതേതരപാര്‍ട്ടികള്‍ തയാറാവുകയും ചെയ്തു. ഈ ‘ലെജിറ്റിമസി’ പില്‍ക്കാലത്ത് ഹിന്ദു ശക്തികള്‍ക്ക് ഗുണകരമായി ഭവിച്ചു എന്നതാണ് സത്യം. അടിയന്തരാവസ്ഥയിലെ അതിക്രമങ്ങളും ജനാധിപത്യ ധ്വംസനവും രാജ്യത്തുടനീളം കോണ്‍ഗ്രസ് വിരുദ്ധ തരംഗം സൃഷ്ടിച്ചപ്പോള്‍, പ്രസ്തുത പോരാട്ടത്തില്‍ സ്വാഭാവികമായും ആര്‍ എസ് എസും ജനസംഘവുമൊക്കെ പങ്കുചേര്‍ന്നു. ജനസംഘത്തിന് ജനതാപാര്‍ട്ടിയില്‍ ഇടം കിട്ടിയതോടെയാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഹിന്ദുത്വ ശക്തികള്‍ അവഗണിക്കാനാവാത്ത സ്ഥാനം കയ്യടക്കിയത്. ഇന്ത്യയില്‍ പിന്നീടുണ്ടായ ഓരോ രാഷ്ട്രീയ ചലനത്തിലും ഹിന്ദുത്വം നിര്‍ണായക പങ്കുവഹിച്ചിട്ടുണ്ട്. ജനതാ പാര്‍ട്ടി പിളര്‍ന്നത് ഹിന്ദുത്വ രാഷ്ട്രീയവുമായി ബന്ധപ്പെട്ടാണ്. തുടര്‍ന്ന് ഭാരതീയ ജനതാ പാര്‍ട്ടി രൂപീകരിക്കപ്പെടുകയും തുടര്‍ച്ചയായി ഇന്ത്യയില്‍ സംഭവിച്ച രാഷ്ട്രീയ മാറ്റങ്ങളിലൂടെ അത് ശക്തി സംഭരിക്കുകയും ചെയ്തു. ബാബരി മസ്ജിദിന്റെ തകര്‍ച്ച, ഇന്ദിരാഗാന്ധി വധത്തെത്തുടര്‍ന്നുണ്ടായ കലാപം, ശാബാനു കേസ്, മണ്ഡല്‍ കമ്മീഷന്‍ ശുപാര്‍ശകള്‍ നടപ്പാക്കല്‍, ഗുജറാത്ത് കലാപം തുടങ്ങിയ സംഭവങ്ങളെല്ലാം ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുകയാണുണ്ടായത്. കാവിരാഷ്ട്രീയം നരേന്ദ്രമോഡി എന്ന വിരാട് രൂപത്തെ സൃഷ്ടിച്ചതോടെ ഇന്ത്യയുടെ ഹിന്ദുത്വവത്കരണം അതിന്റെ പാരമ്യത്തിലെത്തി. മോഡിയുടെ ഭരണത്തിനു കീഴില്‍ ഇന്ത്യയിലെ പൊതുജീവിതം കുറേക്കൂടി മതാത്മകമാവുകയാണുണ്ടായത്. ഹിന്ദുത്വത്തിന്റേതല്ലാത്ത എല്ലാ സാംസ്‌കാരിക മുദ്രകളും മായ്ച്ചുകളയാനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടക്കുന്നത്. അതിന്റെ അടയാളങ്ങള്‍ പൊതുജീവിതത്തില്‍, വിവിധ രൂപങ്ങളില്‍ വളരെയധികം പ്രകടമാണ്.

മതേതരത്വത്തിന്റെ തോല്‍വി
ഈ ഹിന്ദുത്വവത്കരണത്തെ ഫലപ്രദമായി എതിര്‍ക്കുന്നതില്‍ ഇന്ത്യന്‍ മതേതരത്വം ദയനീയമായി പരാജയപ്പെടുന്നു എന്നതാണ് നമ്മുടെ ദുരന്തം. കോണ്‍ഗ്രസിന് തങ്ങളുടെ മതേതര മൂല്യങ്ങളില്‍ ഉറച്ചുനിന്ന് ഹിന്ദുത്വ രാഷ്ട്രീയത്തിന് ബദലാവാന്‍ സാധിച്ചില്ല. സോഷ്യലിസ്റ്റ് രാഷ്ട്രീയം പ്രാദേശിക പാര്‍ട്ടികളായി ചുരുങ്ങിപ്പോയി. മറ്റു പ്രാദേശിക പാര്‍ട്ടികളാവട്ടെ, തഞ്ചവും തരവും പോലെ ഹിന്ദുത്വത്തോട് രാജിയുമായി. കോണ്‍ഗ്രസ് പലപ്പോഴും മൃദുഹിന്ദുത്വത്തിന്റെ വഴിയിലൂടെയാണ് സഞ്ചരിച്ചത്. കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങളില്‍നിന്ന് വലിയ അകലം പാലിച്ചുകൊണ്ടും ഹിന്ദുത്വവികാരങ്ങളെ പുറമേക്കെങ്കിലും താലോലിച്ചുകൊണ്ടുമാണ് കോണ്‍ഗ്രസ് തന്ത്രങ്ങള്‍ ആവിഷ്‌കരിച്ചത് എന്നോര്‍ക്കുക. ഇതൊരു രാഷ്ട്രീയ ദിശാസൂചകമായി എടുക്കാമെങ്കില്‍ കോണ്‍ഗ്രസടക്കം മതേതര ശക്തികളെല്ലാം തന്നെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുവേണ്ടി ഹിന്ദുത്വത്തോട് ചായ്‌വ് കാണിച്ചേക്കാം എന്ന സാധ്യത അസംഭവ്യമല്ല. ഈ അവസ്ഥയില്‍ ന്യൂനപക്ഷങ്ങള്‍ ആശങ്കാകുലമാവുന്നത് സ്വാഭാവികമാണ്. ഭൂരിപക്ഷ വര്‍ഗീയതക്കെതിരായി ന്യൂനപക്ഷ രാഷ്ട്രീയം വളര്‍ത്തിക്കൊണ്ടുവരിക എന്നത് പ്രായോഗികമായ ഒരു പരിഹാരമാര്‍ഗമല്ലതാനും. ആ നിലക്ക് ലോകത്ത് എവിടെയുമെന്നപോലെ ഇന്ത്യയിലും ഇടതുപക്ഷ ശക്തികളാണ് ന്യൂനപക്ഷത്തിന് സഹായവുമായെത്തുക. ഇടതുരാഷ്ട്രീയത്തിന്റെ ജനാധിപത്യ മൂല്യങ്ങള്‍ ന്യൂനപക്ഷ വികാരങ്ങള്‍ ഉള്‍ക്കൊള്ളുകയും അവര്‍ക്കുവേണ്ടി ശബ്ദമുയര്‍ത്തുകയും ചെയ്യുന്നു. ഇന്ത്യയില്‍ ഇടതുപക്ഷം ശക്തമായ സാന്നിധ്യമറിയിച്ചിട്ടുള്ളേടത്തെല്ലാം ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കൊപ്പം ഉറച്ചുനില്‍ക്കുന്നത് ഇടതു പുരോഗമന ശക്തികളാണ്. കേരള രാഷ്ട്രീയത്തിലും ഇടതുപക്ഷത്തിലാണ് ന്യൂനപക്ഷങ്ങള്‍ പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ളത്. തീവ്ര ഹിന്ദുത്വം ന്യൂനപക്ഷ വിരുദ്ധ നടപടികള്‍ കൈക്കൊള്ളുമ്പോള്‍, ഇടതുശക്തികളായിരിക്കാം തങ്ങളെ സഹായിക്കാനെത്തുക എന്നവര്‍ കരുതുന്നു. ഇടതുവിരുദ്ധ ചേരിയില്‍ നില്‍ക്കുമ്പോള്‍ പോലും പ്രതിസന്ധിഘട്ടങ്ങളില്‍ ഇടതുപക്ഷം തങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന വിശ്വാസം അവര്‍ക്കുണ്ട്. വിശേഷിച്ചും തീവ്ര ഹിന്ദുത്വത്തിന്റെ ശത്രുപ്പട്ടികയില്‍ ഒന്നാം സ്ഥാനത്ത് തങ്ങളാണെന്ന തികഞ്ഞ ബോധ്യമുള്ള മുസ്‌ലിംകള്‍ക്ക്.

ഇക്കഴിഞ്ഞ കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മുസ്‌ലിംകള്‍ സ്വീകരിച്ച നിലപാട് അതിന്റെ പ്രത്യക്ഷോദാഹരണമാണ്. മുസ്‌ലിംകള്‍ക്കിടയില്‍ ഏറ്റവുമധികം സ്വാധീനമുള്ള രാഷ്ട്രീയപ്പാര്‍ട്ടിയായ മുസ്‌ലിം ലീഗ് ഇടതുവിരുദ്ധ ചേരിയിലായിരുന്നു. ലീഗ് ഭൂരിപക്ഷ പ്രദേശങ്ങളില്‍ പാര്‍ട്ടി വലിയ പരിക്കൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടുവെങ്കിലും മറ്റു മിക്ക മണ്ഡലങ്ങളിലും മുസ്‌ലിം ജനസാമാന്യം പിന്തുണച്ചത് ഇടതുപക്ഷത്തെയാണ്. ഒരുതരം സംരക്ഷക പ്രതിഛായയായിരുന്നു ഇടതുപക്ഷത്തിന്റേത്. മുസ്‌ലിം ന്യൂനപക്ഷം നല്‍കിയ പിന്തുണയാണ് കേരളത്തിലെ എല്‍ ഡി എഫ് വിജയം എളുപ്പമാക്കിയത്. തീവ്രഹിന്ദുത്വം ശക്തിയാര്‍ജിക്കുകയും മതപരമായ ധ്രുവീകരണം സംഭവിക്കുകയും ചെയ്യുമ്പോള്‍ തങ്ങള്‍ക്കൊപ്പമുണ്ടാവുക ഇടതുപക്ഷമായിരിക്കും എന്ന തികഞ്ഞ ബോധ്യം മുസ്‌ലിം സമൂഹത്തിന്നുണ്ട്. ഇടതുവിരുദ്ധ ചേരിയില്‍ നില്‍ക്കുന്ന മുസ്‌ലിം ലീഗ് പോലും ഇടതുപക്ഷത്തോട് മനസില്‍ ഒരു സോഫ്റ്റ് കോര്‍ണര്‍ സൂക്ഷിക്കുന്നുണ്ട്. തങ്ങള്‍ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കേണ്ടവരാണ് എന്ന ചിന്ത അവരില്‍ പ്രബലമാണ്. അക്രമാസക്തമായ ഹിന്ദുത്വമാണ് ഇങ്ങനെയൊരു മനസ്സ് രൂപപ്പെടാന്‍ കാരണം.
മുസ്‌ലിം ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഇത്തരത്തിലുള്ള ഇടതുചായ്‌വ് രൂപപ്പെട്ടത് ഒരുപാടുകാലത്തെ അനുഭവങ്ങള്‍ അവരിലേല്‍പ്പിച്ച സമ്മര്‍ദത്തിന്റെ ഫലമായിത്തന്നെയാണ്. ഇന്ത്യയിലും കേരളത്തിലും കമ്യൂണിസത്തോട് വിട്ടുവീഴ്ചയില്ലാത്ത എതിര്‍പ്പ് പ്രകടിപ്പിച്ച സമുദായങ്ങള്‍ മുസ്‌ലിംകളും ക്രിസ്ത്യാനികളുമായിരുന്നു. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം നിരീശ്വരത്വത്തില്‍ വിശ്വസിക്കുന്നു എന്നതായിരുന്നു അതിനുകാരണം. കടുത്ത ഈശ്വര വിശ്വാസികളായ മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കും നിരീശ്വരത്വം പൊറുപ്പിക്കാനാവുമായിരുന്നില്ല. മതപണ്ഡിതന്മാരും സഭകളും കമ്യൂണിസത്തിന് എക്കാലത്തും പ്രതികൂലമായി നിന്നു. കമ്യൂണിസം നിരീശ്വരത്വം, നിരീശ്വരത്വം നമുക്കുവേണ്ടാ, നമുക്കുവേണ്ടത് ജനാധിപത്യം എന്നായിരുന്നു ഒരുകാലത്ത് മുസ്‌ലിം ലീഗിന്റെ മുദ്രാവാക്യം. ഈ സമീപനത്തില്‍നിന്ന് മാറി മതത്തിലും ദൈവത്തിലുമുള്ള തങ്ങളുടെ വിശ്വാസം നിലനിര്‍ത്തിക്കൊണ്ടുതന്നെ കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി രാഷ്ട്രീയ സഖ്യത്തിലേര്‍പ്പെടാനും അവര്‍ക്കൊപ്പം എം എല്‍ എയും എം പിയും മന്ത്രിയുമായി രാജ്യ ഭരണത്തിലേര്‍പ്പെടാനുമെല്ലാം പില്‍ക്കാലത്ത് മുസ്‌ലിം രാഷ്ട്രീയ കക്ഷികള്‍ക്ക് സാധിച്ചു; ഒരു ചരിത്ര സന്ദര്‍ഭത്തില്‍ കമ്യൂണിസ്റ്റ് വിരുദ്ധ ചേരിയിലേക്ക് മാറിയെങ്കിലും. കേരളത്തിലെ മുസ്‌ലിം ലീഗിന് ഇപ്പോള്‍ ഇടതുപക്ഷ ആശയങ്ങള്‍ അലര്‍ജിയല്ല. ലീഗിന്ന് പുറത്തുനില്‍ക്കുന്ന മുസ്‌ലിംകള്‍ക്കും ഇടതുപക്ഷത്തോടൊപ്പം അടിയുറച്ച് നില്‍ക്കുന്നതിന് തങ്ങളുടെ മതവിശ്വാസം തടസ്സമാകുന്നില്ല. മതമില്ലാത്ത ഇടതുരാഷ്ട്രീയത്തോട് മതവിശ്വാസികളുടെ മനസ്സ് തീര്‍ത്തും പൊരുത്തപ്പെട്ടിരിക്കുന്നു എന്ന് ചുരുക്കം. ചുവപ്പ് അവരില്‍ കലിയുണര്‍ത്തുന്നില്ല.

ഇടതുപക്ഷത്തിന്റെ സമീപനങ്ങള്‍
മതവിശ്വാസികളുടെ വിശേഷിച്ചും മുസ്‌ലിംകളുടെ മനോനിലയില്‍ ഉണ്ടായ ഈ മാറ്റത്തോട് ഇടതുപക്ഷം പ്രതിപ്രവര്‍ത്തനം നടത്തുന്നത് എത്രമാത്രം ക്രിയാത്മകമായിട്ടാണ് എന്ന് തീര്‍ച്ചയായും നാം ആലോചിക്കേണ്ടതുണ്ട്. നിര്‍ഭാഗ്യവശാല്‍ മതവിരുദ്ധമായ ഇടത് ആശയങ്ങളുടെ നേരെ ചാഞ്ഞുനില്‍ക്കാന്‍ മതവിശ്വാസികളുടെ സമൂഹത്തിന് സാധിച്ചിട്ടുള്ള അളവില്‍ മതവിശ്വാസങ്ങളുമായി പൊരുത്തപ്പെടാന്‍ ഇടതുപക്ഷ രാഷ്ട്രീയത്തിന് സാധിച്ചിട്ടുണ്ടോ എന്നതാണ് ചോദ്യം. ഇപ്പോഴും മതാചാരങ്ങളും അനുഷ്ഠാനങ്ങളും അവയുമായി ബന്ധപ്പെട്ട സാംസ്‌കാരിക മുദ്രകളും സ്വത്വബോധവും വര്‍ജ്യമാണെന്ന സമീപനമാണ് മുഖ്യധാരാ ഇടതുപക്ഷം പുലര്‍ത്തുന്നത്. മതേതരത്വത്തെ മതരഹിതമായ ജീവിത വ്യവസ്ഥ എന്ന് ഇടതുപക്ഷ പൊതുബോധം വ്യാഖ്യാനിക്കുന്നു. പടിഞ്ഞാറന്‍ സെക്കുലറിസത്തിന്റെ സ്വാധീനത്താല്‍ ആവേശഭരിതരായ ഒരു വിഭാഗം മതേതര ബുദ്ധിജീവികള്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ മതവുമായി ബന്ധപ്പെട്ട എല്ലാറ്റിനെയും പ്രതിലോമമായാണ് കാണുന്നത്. അസഹിഷ്ണുതയില്‍ നിന്നുടലെടുത്ത ഭൂരിപക്ഷ വര്‍ഗീയതയെയും അരക്ഷിതബോധത്തിന്റെ രാസമാറ്റം വഴി സൃഷ്ടിക്കപ്പെട്ട ന്യൂനപക്ഷ വര്‍ഗീയതയെയും ഒരേ കള്ളിയില്‍ നിര്‍ത്തി ചെന്നായക്കും ആട്ടിന്‍കുട്ടിക്കുമിടയില്‍ നിഷ്പക്ഷ നീതി നടപ്പാക്കുന്ന മതേതര ബോധമാണ് സാമാന്യമായി ഇടതുപക്ഷം ഇപ്പോള്‍ പുലര്‍ത്തുന്നത്. മതത്തെയും മതമുദ്രകളെയും ഈ മതേതര ബോധം പാടേ എഴുതിത്തള്ളുന്നു. മതപരമായ കാരണങ്ങള്‍ മൂലം നിലവിളക്ക് കൊളുത്താന്‍ ഒരു മുസ്‌ലിം വിസമ്മതിക്കുമ്പോള്‍ അതിന്ന് പിന്നിലെ വിശ്വാസപരമായ സമ്മര്‍ദങ്ങള്‍ തിരിച്ചറിയാന്‍ ഈ മതേതരത്വ വാദികള്‍ക്ക് സാധിക്കുന്നില്ല. മറിച്ച് അതൊരു പ്രതിലോമ കര്‍മമാണെന്നു കരുതുന്ന സെക്കുലര്‍ പൊതുബോധത്തെയാണ് അവര്‍ പിന്തുടരുന്നത്. ഈ മതേതരത്വം എല്ലാ മതമുദ്രകളെയും സാംസ്‌കാരിക സവിശേഷതകളെയും പൊതുജീവിതത്തില്‍നിന്ന് പുറത്താക്കുന്നുണ്ട്. ഇത് ഫലത്തില്‍ തീവ്രഹിന്ദുത്വത്തിന്ന് ഗുണകരമായാണ് ഭവിക്കുന്നത്. മതസഹിതമായ മതേതരചിന്ത എന്ന അവസ്ഥയിലേക്ക് നടന്നെത്താന്‍ കഴിയാതെ പോയതാണ് ഇന്ത്യയിലെ ഇടതുപക്ഷം അനുഭവിക്കുന്ന ഒരു പ്രതിസന്ധി. ഇപ്പോള്‍ രാജ്യത്ത് നടക്കുന്ന എല്ലാ വ്യവഹാരങ്ങളും മതപരമായ വിഭജനത്തിന്റെ അടിസ്ഥാനത്തിലാണ്. ജാതിപോലും അപ്രസക്തമായി. ഹിന്ദു/ മുസ്‌ലിം എന്നീ മതസ്വത്വാടിസ്ഥാനത്തിലാണ് പൊതുജീവിതത്തില്‍ കാര്യങ്ങള്‍ നിര്‍ണയിക്കപ്പെടുന്നത്. ഭൗതിക സാഹചര്യങ്ങള്‍ അങ്ങനെയായിരിക്കെ ന്യൂനപക്ഷങ്ങളുടെ സ്വത്വബോധത്തെ അംഗീകരിക്കാത്ത മതേതരത്വം എങ്ങനെയാണ് ഇടതുപക്ഷം കൊണ്ടുനടക്കുക? മതങ്ങളുടെ അസ്തിത്വം അംഗീകരിക്കാത്ത മതേതര ചിന്ത മതവിശ്വാസികളെ ഇടതുപക്ഷത്തില്‍നിന്ന് അകറ്റുകയേ ഉള്ളൂ.

പലപ്പോഴും ഈ അകല്‍ച്ച വര്‍ധിപ്പിക്കുകയാണ് വ്യവസ്ഥാപിത ഇടതുപക്ഷം ചെയ്യുന്നത്. 1992ല്‍ ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടു. മുസ്‌ലിംകള്‍ നൂറ്റാണ്ടുകളായി ആരാധന നടത്തിപ്പോന്ന ഒരു പള്ളി ശരിയായ എല്ലാ മുന്നൊരുക്കങ്ങളോടും കൂടി ആസൂത്രിതമായി ഹിന്ദു തീവ്രവാദികള്‍ തകര്‍ക്കുകയാണുണ്ടായത്. ആധുനിക ജനാധിപത്യ സമൂഹങ്ങളിലൊരിടത്തും ഒരു വിഭാഗത്തിന്റെ ആരാധനാലയം മറ്റൊരു വിഭാഗം ആസൂത്രിതമായി തകര്‍ത്ത മറ്റൊരു സംഭവമുണ്ടായിട്ടില്ല. ലോക ചരിത്രത്തിലുമില്ല. ഈ സന്ദര്‍ഭത്തില്‍ മതേതരവാദികളും ജനാധിപത്യവാദികളും കൈകൊള്ളേണ്ടത് ഏത് നിലപാടാണ്? ബാബരി മസ്ജിദ് മുസ്‌ലിംകള്‍ക്ക് വിട്ടുനല്‍കണം എന്ന നിലപാടായിരിക്കണം ഇടതുപക്ഷം അര്‍ത്ഥശങ്കക്കിടയില്ലാതെ പുലര്‍ത്തേണ്ടത്. എന്നാല്‍ ഈ ചരിത്ര സന്ദര്‍ഭത്തില്‍ അങ്ങനെയൊരു ആര്‍ജവം ഇന്ത്യയിലെ വ്യവസ്ഥാപിത ഇടതുപക്ഷത്തിന് ഉണ്ടായില്ല. ഹിന്ദുക്കള്‍ക്കും മുസ്‌ലിംകള്‍ക്കും സ്ഥലം വിഭജിച്ചു നല്‍കണം, ബാബരി മസ്ജിദ് ചരിത്രസ്മാരകമാക്കണം എന്നൊക്കെയുള്ള എങ്ങും തൊടാത്ത നിലപാടുകളാണ് വ്യവസ്ഥാപിത ഇടതുപക്ഷ പാര്‍ട്ടികളും ഇടതു-മതേതര ചിന്തകളും വെച്ചുപുലര്‍ത്തിയത്. ഇതൊരു നിഷ്പക്ഷതാ നാട്യമാണ്. പ്രത്യയശാസ്ത്രപരമായ ഭാരങ്ങള്‍ അടിച്ചേല്‍പ്പിച്ച നിലപാടാണ്. യഥാര്‍ത്ഥത്തില്‍ ബാബരി മസ്ജിദിനു മേല്‍ മുസ്‌ലിംകള്‍ക്കുള്ള അവകാശം ഉറപ്പിച്ചുപറയുന്നതാണ് നിഷ്പക്ഷത. ഹിന്ദു ഭൂരിപക്ഷത്തിന്റെ വികാരങ്ങളും ന്യൂനപക്ഷനിലപാടുകളും തമ്മില്‍ സംഘര്‍ഷമുണ്ടാകുന്ന പല പ്രതിസന്ധി മുഹൂര്‍ത്തങ്ങളിലും ഇടതുപക്ഷം ഇതേപോലെ പതറിപ്പോവുന്നതാണ് കാണാറുള്ളത്. വ്യവസ്ഥാപിത ഇടതുബോധം വെച്ചുപുലര്‍ത്തുന്ന മതത്തോടുള്ള അലര്‍ജി മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. മതം ഒരു യാഥാര്‍ത്ഥ്യമാണെന്ന് അംഗീകരിക്കുമ്പോള്‍ മാത്രമേ, ന്യൂനപക്ഷങ്ങളുടെ മതപരമായ സ്വത്വത്തെ ഇടതുചിന്തക്ക് ഉള്‍ക്കൊള്ളാനാവൂ. ഭൂരിപക്ഷത്തിന്റെ മതവും ഭൂരിപക്ഷത്തിന്റെ സംസ്‌കാരവും ഭൂരിപക്ഷത്തിന്റെ ഭാഷയും ന്യൂനപക്ഷങ്ങള്‍ക്കുമേല്‍ ആധിപത്യം സ്ഥാപിക്കുകയും അവരുടെ നിലനില്‍പ്പ് പോലും അസാധ്യമാക്കുകയും ചെയ്യുമ്പോള്‍, അവരുടെ മതത്തെയും സംസ്‌കാരത്തെയും ഹൃദയത്തോട് ചേര്‍ത്തുനിര്‍ത്തുകയാണ് ഇടതുപക്ഷം ചെയ്യേണ്ടത്. പലപ്പോഴും അതില്ലാതെ പോവുകയും സംഘ്പരിവാര്‍ സങ്കല്‍പങ്ങളിലുള്ള മതേതരവാദത്തോട് അടുത്തുനില്‍ക്കുന്ന സമീപനങ്ങളില്‍ വ്യവസ്ഥാപിത ഇടതുപക്ഷം അഭിരമിക്കുകയും ചെയ്യുന്നതാണ് അനുഭവം. ഇത് ന്യൂനപക്ഷങ്ങളില്‍, വിശേഷിച്ചും മുസ്‌ലിംകളില്‍ സൃഷ്ടിക്കുന്ന അരക്ഷിതത്വ ബോധം കുറച്ചൊന്നുമല്ല.

സി പി എമ്മിന്റെ നിലപാടുകള്‍
അടുത്തകാലത്ത് സി പി എം കൈക്കൊണ്ടുപോരുന്ന രാഷ്ട്രീയ സമീപനങ്ങളുടെ പശ്ചാതലത്തില്‍ ഈ അരക്ഷിതബോധത്തെ വിശകലനം ചെയ്യേണ്ടതുണ്ട്. ആപത്കരമായ തരത്തില്‍ ഇന്ത്യയില്‍ ഹിന്ദു ഫാഷിസം പിടിമുറുക്കിക്കൊണ്ടിരിക്കുകയാണ്. ഇടതുപക്ഷത്തിന് മേല്‍ക്കൈയുള്ള പ്രദേശങ്ങള്‍ അതത്ര എളുപ്പമല്ലെന്ന് മാത്രമേ ഏറിവന്നാല്‍ നമുക്ക് പറയാനാവുകയുള്ളൂ. കേരളത്തില്‍ ഇടതുപക്ഷം അതിശക്തമായതിനാല്‍ ബി ജെ പിക്ക് വേരോട്ടമില്ല(അതേസമയം കേരളത്തിലും ആര്‍ എസ് എസ് ശാഖകള്‍ ധാരാളമുണ്ട് എന്നത് നാം മറക്കരുത്). പശ്ചിമ ബംഗാളിലും ഇടതുപക്ഷ ചിന്തയില്‍നിന്ന് പ്രസരിച്ച പൊതുബോധം നിലനില്‍ക്കുന്നതുകൊണ്ടാണ് സംഘ്പരിവാര്‍ ശക്തികള്‍ക്ക് പകരം തൃണമൂല്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തുന്നത്. അല്ലായിരുന്നുവെങ്കില്‍ മറ്റുകാരണങ്ങളാല്‍ ഇടതുപക്ഷം ദുര്‍ബലമായ അവിടെ ബി ജെ പി കയറിപ്പറ്റിയേനെ. അതായത് ഇടതുപക്ഷ രാഷ്ട്രീയം ശക്തമായേടത്ത് വലതുപക്ഷ രാഷ്ട്രീയത്തില്‍പോലും ഒരുതരം ഇടതുപുരോഗമന സ്വഭാവം നിലനില്‍ക്കുന്നുണ്ട്. ഇത് ബി ജെ പിക്കെതിരില്‍ ഒറ്റക്കെട്ടായി നില്‍ക്കാനുള്ള രാഷ്ട്രീയ ഇഛയെ സജീവമാക്കുന്നു. കോണ്‍ഗ്രസുമായി ചേര്‍ന്ന് സംഘ്പരിവാര്‍ രാഷ്ട്രീയത്തെ എതിര്‍ത്ത് തോല്‍പിക്കുന്നതില്‍ ഇടതുപക്ഷത്തിന് നിര്‍ണായക പങ്കുണ്ടെന്ന് പറയുന്നതിന്റെ യുക്തി അതാണ്. ഇന്ത്യയിലെല്ലായിടത്തും, ഇത്തിരിയെങ്കിലും വേരുകളുള്ള ബി ജെ പി വിരുദ്ധ- മതേതര ബദല്‍ കോണ്‍ഗ്രസാണ്. കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്ന് കാവിരാഷ്ട്രീയത്തെ എതിര്‍ത്തുതോല്‍പിക്കുന്ന പ്രക്രിയയില്‍ ഇടതുപക്ഷത്തിനുള്ള ഉത്തരവാദിത്വം വളരെ പ്രസക്തമാണ്. പക്ഷേ സി പി എം ഇത് തിരിച്ചറിയുന്നില്ല. ഇത് ഏറ്റവും നിരാശ ഉളവാക്കിയിട്ടുള്ളത് ന്യൂനപക്ഷങ്ങള്‍ക്കിടയിലാണ്. സി പി എമ്മിന്റെ കോണ്‍ഗ്രസ് വിരോധം ഫലത്തില്‍ ഹിന്ദുത്വ ശക്തികള്‍ക്ക് സഹായകമാവുകയാണ് ചെയ്യുക എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. മറ്റൊരു ഹിസ്റ്റോറിക്കല്‍ ബ്ലണ്ടര്‍ ആയിരിക്കും അത് എന്ന് ന്യൂനപക്ഷങ്ങള്‍ തിരിച്ചറിയുന്നുണ്ട്. അത് അവരുടെ അരക്ഷിത ബോധം വര്‍ധിപ്പിക്കുന്നുമുണ്ട്.
മതവിരുദ്ധമായ പ്രത്യയശാസ്ത്ര നിര്‍ബന്ധങ്ങള്‍ വെച്ചുപുലര്‍ത്തുവാനുള്ള സ്വാന്ത്ര്യം ഇടതുപക്ഷത്തിനുണ്ട്. പക്ഷേ മതം എന്ന യാഥാര്‍ത്ഥ്യത്തെ അംഗീകരിക്കാതെ ആയിരിക്കരുത് അത്. മതമുദ്രകളെ നിരാകരിച്ചുകൊണ്ടുമായിരിക്കരുത് അത്. ലാറ്റിനമേരിക്കയില്‍ ക്രിസ്തീയ പുരോഹിതന്മാരുടെ മുന്‍കൈയില്‍ പരീക്ഷിക്കപ്പെട്ട ലിബറേഷന്‍ തിയോളജിയെപ്പറ്റി ഈ സന്ദര്‍ഭത്തില്‍ നമുക്ക് ഓര്‍ക്കാം. ഒരു കൈയില്‍ അരിവാളും മറ്റേ കൈയില്‍ െൈബെബിളുമായാണ് താന്‍ വരുന്നതെന്ന് പണ്ട് ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സെക്രട്ടറി എന്റിക്കോ ബര്‍ലിംഗര്‍ പറയുകയുണ്ടായി. പരാജയപ്പെട്ട പരീക്ഷണങ്ങളായിപ്പോയെങ്കിലും അവ അവശേഷിപ്പിച്ച ചില ഊര്‍ജങ്ങള്‍ ഇന്നും നിലനില്‍ക്കുന്നുണ്ട്. മതത്തെ വിമോചന പ്രസ്ഥാനമെന്ന നിലയില്‍ സമീപിക്കുക എന്നത് ഈ ഊര്‍ജത്തിന്റെ ഉപലബ്ധിയാണ്. മതങ്ങളുടെ- അത് ഹിന്ദു മതമോ ഇസ് ലാമോ ക്രിസ്തുമതമോ ഏതുമാവട്ടെ- വിമോചന മൂല്യങ്ങള്‍ തിരിച്ചറിയുകയാണ് ഇക്കാലത്ത് ഇടതുപക്ഷത്തിന്റെ രാഷ്ട്രീയ ഉത്തരവാദിത്വം. ഇന്ത്യന്‍ സാഹചര്യത്തില്‍ ഇടതുപക്ഷം ഹിന്ദു ഭൂരിപക്ഷത്തിന്ന് ശരിയായ ദിശാബോധം നല്‍കാനും, ഹിന്ദുമതത്തിലെ വിമോചന മൂല്യങ്ങളെക്കുറിച്ച് അവരെ ബോധവാന്മാരാക്കാനും ശ്രമിക്കണം. അതേസമയത്ത് ന്യൂനപക്ഷങ്ങള്‍ക്ക് ആത്മവിശ്വാസമുണ്ടാകുന്ന തരത്തില്‍ അവരുടെ മതപരമായ അസ്തിത്വം അംഗീകരിക്കുകയും വേണം. മതേതരത്വത്തിന്റെ പേരില്‍ മതങ്ങളെ പടിക്കുപുറത്ത് നിര്‍ത്തരുത്. നിര്‍ത്തിയാല്‍ പിന്നെ അത് എങ്ങനെയാണ് ഇടതുപക്ഷമാവുക?

എ പി കുഞ്ഞാമു

You must be logged in to post a comment Login