ബജറ്റ് കണ്ടു കേട്ടു വായിച്ചു പക്ഷേ, ഏത് രാജ്യത്തിന്റെ കണക്കാണിത്?

ബജറ്റ് കണ്ടു കേട്ടു വായിച്ചു പക്ഷേ, ഏത് രാജ്യത്തിന്റെ കണക്കാണിത്?

we have secured freedom from foreign yoke, mainly through the operation of world events, and partly through a unique act of enlightened self-abnegation on behalf of the erstwhile rulers of the country…
ഇന്ത്യ എങ്ങനെ സ്വതന്ത്രമായി എന്ന ചോദ്യത്തിന് 1947-ല്‍ അന്നത്തെ പ്രമുഖ ഇന്ത്യന്‍ ബുദ്ധിജീവികളില്‍ ഒരാള്‍, അന്നത്തെ പ്രമുഖ ഭരണാധികാരികളില്‍ ഒരാള്‍ നല്‍കിയ മറുപടിയാണിത്. ലോകസാഹചര്യങ്ങളുടെയും ബ്രിട്ടീഷ്ഭരണകൂടത്തിന്റെ ഉന്നതമായ പരിത്യാഗത്തിന്റെയും ഫലമാണ് ഇന്ത്യന്‍ സ്വാതന്ത്ര്യമെന്ന്. എന്നുവെച്ചാല്‍ ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനമെന്ന് ഇന്ന് നമ്മള്‍ പാടിപ്പുകഴ്ത്തുന്ന, അന്ന് ആവേശത്തോടെ ഭാഗഭാക്കായ ആ മുന്നേറ്റത്തിന് ഇന്ത്യന്‍ സ്വാതന്ത്ര്യലബ്ധിയില്‍ ഒരു പങ്കുമില്ല എന്ന്. മഹാത്മാഗാന്ധി നയിച്ച, ലോകോത്തരമെന്ന് അഭിവാദ്യം ചെയ്യപ്പെട്ട സമരമല്ല ബ്രിട്ടനെ ഇന്ത്യ വിടാന്‍ പ്രേരിപ്പിച്ചതെന്ന്. അങ്ങേയറ്റം കടുത്ത ബ്രിട്ടീഷ് പക്ഷപാതിപോലും പറയാന്‍ മടിക്കുന്ന വാചകം. വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ പോലും ഇത്ര കടുപ്പിച്ചിട്ടില്ല എന്നോര്‍ക്കണം.

ഈ വാചകം ഒരിന്ത്യക്കാരന്‍േറതാണ്. ആര്‍.കെ. ഷണ്മുഖം ചെട്ടിയുടേത്. വ്യാപാരം കുലത്തൊഴിലായ തമിഴ് വണിയന്‍ ചെട്ടി പരമ്പരയാണ് ഷണ്മുഖത്തിന്‍േറത്. 1929ല്‍ നടന്ന അന്താരാഷ്ട്ര ലേബര്‍ ഓര്‍ഗൈനസേഷന്റെ കണ്‍വന്‍ഷനില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച ഷണ്മുഖം ചെട്ടിയെ മലയാളിക്ക് മറ്റൊരു രൂപത്തില്‍ അറിയാം; ചെറിയ കാലം കൊച്ചി ദിവാനായിരുന്നു മൂപ്പര്‍. കടുത്ത ബ്രിട്ടീഷ് അനുകൂലിയായിരുന്ന ഷണ്മുഖത്തെ അക്കാരണത്താല്‍ മാത്രമാണ് ഭരണഘടനാ നിര്‍മാണ സഭയില്‍ ഉള്‍പ്പെടുത്താതിരുന്നത്. ബ്രിട്ടനാണ് ശരി എന്ന് മരണം വരെ വിശ്വസിച്ചു ആര്‍.കെ ഷണ്മുഖം ചെട്ടി.
അങ്ങനെ ബ്രിട്ടന്‍ ശരിയാണെന്നും സ്വാതന്ത്ര്യസമരം തെറ്റാണെന്നും ഉറച്ചു വിശ്വസിച്ച അതേ ഷണ്മുഖം ചെട്ടി ഇന്ത്യാചരിത്രത്തില്‍ ഇപ്പോള്‍ ഓര്‍മിക്കപ്പെടുന്നത് മറ്റൊരു കാര്യത്താലാണ്. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ബജറ്റ് അവതരിപ്പിച്ചത് ഷണ്മുഖം ചെട്ടി ആയിരുന്നു. സാമ്പത്തികാസൂത്രണത്തില്‍ ചെട്ടിക്ക് വംശപരമായുള്ള കുശാഗ്രതയെ ഇന്ത്യന്‍ സമ്പദ്‌രംഗത്തിന് പ്രയോജനപ്പെടുത്തുകയായിരുന്നു നെഹ്‌റു. ഗാന്ധിയാണ് ആ നിയമനത്തിന് പിന്നിലെന്ന് കരക്കമ്പി. എന്തായാലും ഒന്നുറപ്പാണ്: 1947 നവംബര്‍ 26-ന് സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പൊതുബജറ്റ് അവതരിപ്പിച്ചത് ഷണ്മുഖം ചെട്ടിയാണ്.

രാഷ്ട്രീയമായി ജവഹര്‍ലാല്‍ നെഹ്‌റുവിന് സ്വീകാര്യനായിരുന്നില്ല ഒരിക്കലും ഷണ്മുഖം ചെട്ടി. ദേശീയ പ്രസ്ഥാനത്തിന്റെ ചൂടും ചൂരുമായി അധികാരത്തിലേറിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിനും സ്വീകാര്യനായിരുന്നില്ല. ഇന്ത്യ സ്വതന്ത്രമാകുമ്പോഴേക്കും റഷ്യന്‍ വിപ്ലവം അതിന്റെ മുപ്പതാം വാര്‍ഷികം പൂര്‍ത്തിയാക്കിയിരുന്നുവല്ലോ? സോവിയറ്റ് യൂണിയന്റെ വികസന വാര്‍ത്തകള്‍ പരക്കുന്ന കാലം. അഥവാ സമൃദ്ധിയുടെ വാര്‍ത്തകള്‍ മാത്രം അവിടെ നിന്ന് പുറത്തുവന്നിരുന്ന കാലം. ഗാന്ധിയുടെ അന്ത്യോദയ സങ്കല്‍പം കെട്ടുപോയിരുന്നില്ല. അവസാന മനുഷ്യനും അന്നമെത്തുക എന്ന സ്വപ്‌നം സജീവമായിരുന്നു. നെഹ്‌റുവാകട്ടെ സോവിയറ്റ് വിപ്ലവത്തിന്റെ ആരാധകനും. അങ്ങനെയുള്ള നെഹ്‌റു എന്തുകൊണ്ടാവും ഷണ്മുഖം ചെട്ടിയെപ്പോലെ സാമ്രാജ്യത്വ പക്ഷപാതിയായ ഒരാളെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ ചുക്കാന്‍ ഏല്‍പിച്ചത്? സാമ്പത്തിക ചരിത്രാന്വേഷകര്‍ അത്രയൊന്നും ആലോചിച്ചിട്ടില്ലാത്ത വിഷയമാണ്. ലഭ്യമാകുന്ന ഉത്തരം ലളിതമാണ്. അണ പൈസയുടെ മൂല്യമറിയുന്ന ഒരാള്‍, സാമ്പത്തിക ശാസ്ത്രത്തില്‍, വിഭവത്തിന്റെ വിനിമയത്തില്‍ പ്രയോഗിക ജ്ഞാനമുള്ള ഒരാളായിരുന്നു ചെട്ടി. ആ പ്രായോഗികതയായിരുന്നു പണ്ഡിറ്റ് നെഹ്‌റുവിന് വേണ്ടത്. രൂപപ്പെട്ടുവരുന്ന ഒരു രാഷ്ട്രത്തിന്റെ ചിതറിക്കിടക്കുന്ന വിഭവങ്ങളെ സമാഹരിക്കുകയും ആവശ്യക്കാര്‍ക്ക് കൊടുത്തുവീട്ടുകയും ചെയ്യുക. കോയമ്പത്തൂരിലെ തുണിമില്‍ വ്യവസായത്തിന്റെ ബാലപാഠം മതി അതിന്. പ്രായോഗികനായ ഒരു കണക്കപ്പിള്ള. ഏല്‍പ്പിക്കപ്പെട്ട ദൗത്യം ചെട്ടി നിര്‍വഹിക്കുകയും ചെയ്തു.

ഷണ്മുഖം ചെട്ടിയുടെ ആദ്യ ബജറ്റിന്റെ എഴുപത്തിയൊന്നാമാണ്ടാണിത്. ഇന്ത്യ സ്വതന്ത്രമായതിന്റെയും. സാമ്പത്തികശാസ്ത്രം പഠിച്ചയാളല്ല ഏഴാം പതിറ്റാണ്ടിലെ ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. പ്രയോഗിച്ചയാളുമല്ല. പഠിച്ചത് വാണിജ്യമാണ്. പ്രയോഗിച്ചത് നിയമവും. നരേന്ദ്രമോഡി സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണ് അവതരിപ്പിക്കപ്പെട്ടത്. അടുത്തത് ചട്ടപ്രകാരം വോട്ട് ഓണ്‍ അക്കൗണ്ടാണ്. കാരണം പൊതുതിരഞ്ഞെടുപ്പ്. ആദ്യബജറ്റില്‍ നിന്ന് എഴുപത്തിയൊന്നാമാണ്ടിലെ ബജറ്റിലേക്കുള്ള ദൂരമെന്ത് എന്ന ചോദ്യത്തിന് ഷണ്മുഖം ചെട്ടി എന്ന കുശാഗ്രനായ കണക്കപ്പിള്ളയില്‍ നിന്ന് അരുണ്‍ ജെയ്റ്റ്‌ലി എന്ന നവലിബറലിസത്തിന്റെ ആഗോളവക്താവിലേക്കുള്ള ദൂരം മാത്രമല്ല, ജനാധിപത്യം പിച്ചവെച്ചു തുടങ്ങിയ ഒരു രാജ്യത്ത് നിന്ന് ജനാധിപത്യം പടിയിറങ്ങാനൊരുങ്ങുന്ന ഒരു രാജ്യത്തേക്കുള്ള ദൂരമാണുള്ളത്.
ജനാധിപത്യം പടിയിറങ്ങുകയോ? അതും ബജറ്റ് പോലെ കാലാന്തരത്തില്‍ തികച്ചും യാന്ത്രികമായിത്തീര്‍ന്ന ബജറ്റവതരണം പോലുള്ള ഒരു പതിവ് നടപടിയെ മുന്‍നിര്‍ത്തി അങ്ങനെ പറയാമോ? പറയാം. കാരണമുണ്ട്. കാരണം കേള്‍ക്കും മുന്‍പ് നിങ്ങളില്‍ തല്‍പരരായവര്‍ക്ക് ബജറ്റ് എന്ന പരിപാടിയുടെ ചരിത്രം വായിക്കാം. അല്ലാത്തവര്‍ക്ക് മോഡി സര്‍ക്കാരിന്റെ പോയ വര്‍ഷങ്ങളിലെ സമ്പൂര്‍ണ ബജറ്റ് ഓര്‍മിക്കാം. എന്തിനാണ് അത് ഓര്‍മിക്കുന്നതെന്ന് സംശയമുള്ളവര്‍ക്ക് ബജറ്റിന് പിറ്റേന്നത്തെ ദി ഹിന്ദു ദിനപത്രത്തിന്റെ മുഖപ്രസംഗം വായിക്കാം. പ്രോമിസ് ആന്‍ഡ് ഡെലിവറി- വാഗ്ദാനവും പ്രദാനവും എന്ന് തലക്കെട്ടിട്ട മുഖപ്രസംഗം ഹിന്ദു തുടങ്ങുന്നത് പോയ വര്‍ഷത്തെ നാല് ബജറ്റുകളെയും ഈ വര്‍ഷത്തെ ബജറ്റിനെയും ഒറ്റ വാചകത്തില്‍ വിശേഷിപ്പിച്ചുകൊണ്ടാണ്. ജനപ്രിയതയും സാമ്പത്തിക ജാഗ്രതയും തമ്മിലെ ഒരു വടംവലിയാണ് കേന്ദ്ര ബജറ്റെങ്കില്‍ കഴിഞ്ഞ നാല് ബജറ്റുകളിലും രണ്ടാമത്തേതിനായിരുന്നു മേല്‍ക്കൈ എന്നാണ് ആ വാചകം. പുതിയ ബജറ്റാവട്ടെ ജനപ്രിയതക്ക് മേല്‍ക്കെ ഉള്ളതാണെന്നും കൂട്ടിച്ചേര്‍ക്കുന്നു ഹിന്ദു. ചാണക്യസൂത്രത്തെ അനുസ്മരിപ്പിച്ച് ഒന്നാം പേജില്‍ നല്‍കിയ ഫാര്‍മര്‍ സൂത്ര എന്ന തലക്കെട്ടിനെ അന്വര്‍ഥമാക്കി കര്‍ഷകര്‍, ഇടത്തരം ജീവനോപാധികളുള്ള മനുഷ്യര്‍, വൃദ്ധര്‍, സ്ത്രീകള്‍, ചെറുകിടക്കാര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കായി വാഗ്ദാനം ചെയ്ത നിരവധി പദ്ധതികളുടെ വിശദമായ വിവരണങ്ങള്‍ക്ക് ശേഷമാണ് മുഖപ്രസംഗത്തിലെ പ്രവചന സ്വഭാവമുള്ള തലക്കെട്ടിലേക്ക് നമ്മള്‍ തിരിച്ച് വരേണ്ടത്. ‘വാഗ്ദാനവും പ്രദാനവും’. അതെ. ഈ വാഗ്ദാനങ്ങളുടെ പുറംപൂച്ചുകള്‍ ഒരു തിരഞ്ഞെടുപ്പിനുള്ള പടക്കോപ്പുകളാണ്. പക്ഷേ, എങ്ങനെ ഇവ നിറവേറ്റും. ആഭ്യന്തരമായ എന്ത് വിഭവസമാഹരണമാണ് െജയ്റ്റ്‌ലിയുടെ പാത്രത്തില്‍ ഒളിച്ചിരിക്കുന്നത്? നിര്‍ഭാഗ്യവശാല്‍ ഇല്ല എന്ന് ഇന്ത്യന്‍ സമ്പദ്‌രംഗത്തിന്റെ ചലനങ്ങള്‍ വീക്ഷിക്കുന്നവര്‍ എളുപ്പത്തില്‍ തിരിച്ചറിയും.

ഹിന്ദു മടക്കി വെക്കാം. ബജറ്റിലേക്ക് വരാം. കേന്ദ്ര ബജറ്റിന്റെ കൊടിയടയാളങ്ങളായ പദ്ധതികള്‍ ശ്രദ്ധിച്ചോ? മൂന്നെണ്ണമുണ്ട്, ബജറ്റ് പ്രസംഗത്തില്‍ പതിവില്‍ കൂടുതല്‍ ശബ്ദമുയര്‍ത്തി, നാടകീയത സൃഷ്ടിച്ച് ധനമന്ത്രി പ്രഖ്യാപിച്ച പദ്ധതികള്‍. കിസാന്‍ സമ്പദ് യോജനയും ദേശീയ ആരോഗ്യനയത്തിന്റെ പുതുക്കിയ പരിപാടിയും നാഷണല്‍ ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ സ്‌കീമും. ആദ്യത്തേതിന് 1313 കോടി രൂപയാണ് വകയിരുത്തിയത്. ഭക്ഷ്യസംസ്‌കരണത്തിനാണ് ഊന്നല്‍. രണ്ടാമത്തേതിന് 1200 കോടി. ഒന്നര ലക്ഷം ആരോഗ്യ കേന്ദ്രങ്ങളിലാണ് പദ്ധതി വിപുലീകരിക്കുക. മൂന്നാമത്തേതാണ് സര്‍ക്കാറിന്റെ മാന്ത്രിക പദ്ധതിയെന്ന് തലക്കുറി ചാര്‍ത്തി അവതരിപ്പിക്കപ്പെട്ടത്. ലോകത്ത് സര്‍ക്കാര്‍ ഫണ്ട് മുഖേനയുള്ള ഏറ്റവും വലിയ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയാണത്. പത്ത് പൈസ വകയിരുത്തിയിട്ടില്ല എന്നത് വേറേ കാര്യം. കഴിഞ്ഞ ബജറ്റില്‍ ഇതേ കാര്യം മറ്റൊരു രൂപത്തില്‍ പറഞ്ഞതോര്‍ക്കുക. മ്രന്തിസഭ കാര്യമായൊന്നും ചെയ്തില്ല എന്നതും ചരിത്രം.

കഴിഞ്ഞിട്ടില്ല. മെറ്റാരു ജനപ്രിയതയിലേക്ക് നോക്കാം. ഓര്‍ക്കുന്നുണ്ടോ പി.എം.എം.വി.വൈ? പ്രധാന്‍മന്ത്രി മാതൃ വന്ദന യോജന. അമ്മാര്‍ക്ക് പോഷകാഹാരം നല്‍കുന്ന പദ്ധതി. കഴിഞ്ഞ ബജറ്റാഘോഷം ഓര്‍ക്കുന്നവര്‍ക്ക് അറിയാം അന്ന് നടത്തിയ അവകാശവാദങ്ങള്‍. 2013-ലെ ദേശീയ ആരോഗ്യ സുരക്ഷാ നിയമം അനുസരിച്ച് അമ്മമാരുടെ പോഷകാഹാരം എന്നത് നിയമപരമായി നിര്‍ബന്ധമാണെന്നത് സൗകര്യപൂര്‍വം മറച്ചുവെച്ചായിരുന്നു പ്രഖ്യാപനം. കേന്ദ്ര സര്‍ക്കാരിന്റെ മഹാകാരുണ്യമായി വാഴ്ത്തപ്പെട്ട ആ പദ്ധതി പാളീസായി. എങ്ങനെയെന്നോ? ഫണ്ട് നല്‍കിയില്ല. സംസ്ഥാനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തേണ്ട ആ പരിപാടിക്ക് മിനിമം വേണ്ടത് 8000 കോടിയാണ്. പോയവര്‍ഷം ബജറ്റില്‍ വകയിരുത്തിയത് കേള്‍ക്കണോ? 2700 കോടി. ഇക്കൊല്ലം പിന്നെയും കുറഞ്ഞു; 2400 കോടി.

ബജറ്റ് കണക്കിലെ കളിയാണ്. ഷണ്മുഖം ചെട്ടിയുടെ കാലത്ത് നിന്ന് ജയ്റ്റ്‌ലിയിലേക്ക് സഞ്ചരിച്ച എഴുപത് വര്‍ഷങ്ങളില്‍ അതൊരു വാര്‍ഷികാചാരമായി മാറിയിട്ടുണ്ട്. മന്ത്രി, പെട്ടി, തമാശകള്‍ തുടങ്ങിയ ഒറ്റ ദിവസത്തെ തലക്കെട്ടും പടവും കഴിഞ്ഞാല്‍ ഒട്ടും പ്രധാനമല്ലാത്ത ചടങ്ങ്. അതിനാല്‍ ആ കണക്കുകളില്‍ തൂങ്ങി നമ്മള്‍ വിരസരാവേണ്ട. നമുക്ക് രാഷ്ട്രീയം പറയാം. കാരണം ബജറ്റ് ഇപ്പോള്‍ ഒരു രാഷ്ട്രീയ പ്രസ്താവനയായി മാറിയിട്ടുണ്ട്. ഒരു തിരഞ്ഞെടുപ്പ് പ്രകടന പത്രിക പോലെ. പ്രഖ്യാപിക്കപ്പെട്ട പദ്ധതികളും അവയുടെ നടത്തിപ്പും തമ്മിലെ ലളിതമായ കണക്കെടുപ്പുകളില്‍ നിങ്ങള്‍ക്ക് അക്കാര്യം ബോധ്യപ്പെടും.

രാഷ്ട്രീയമെന്താ? കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഈ രാജ്യം ജീവിച്ച സാമ്പത്തിക ജീവിതത്തിന്റെ സത്യസന്ധമായ കണക്കെടുപ്പാണ് രാഷ്ട്രീയം. ബജറ്റ് നാളുകളില്‍ മാധ്യമങ്ങള്‍ നമ്മോട് പറയേണ്ടിയിരുന്നതും ആ രാഷ്ട്രീയമാണ്. അത് പറയപ്പെട്ടില്ല. സാമ്പത്തികമാണ് സാമൂഹ്യ നിര്‍മിതിയുടെ അടിസ്ഥാന ശിലകളിലൊന്ന്. ഇന്ത്യന്‍ സമ്പദ്ജീവിതം പോയനാളുകളില്‍ സഞ്ചരിച്ച വഴികള്‍ ഓര്‍മിച്ചുനോക്കൂ. ഒറീസയിലെയും പഞ്ചാബിലെയും പൊതുവഴികളിലെക്ക് കര്‍ഷകര്‍ വലിച്ചെറിഞ്ഞ വിളകള്‍. വാങ്ങാനാളില്ലാതെ വിളഭൂമിയില്‍ കിടന്ന് ചീഞ്ഞളിഞ്ഞ വിളകള്‍. ബിടി കോട്ടണ്‍ ഉള്‍പ്പെടെ ഇറക്കുമതി ചെയ്യപ്പെട്ട കാര്‍ഷിക ആശയങ്ങള്‍ കടക്കെണിയിലാക്കിയ പതിനായിരങ്ങളുടെ ദീനവിലാപങ്ങള്‍. വിദര്‍ഭയില്‍ മഹാവ്യാധിയായി പടരുന്ന ആത്മഹത്യകള്‍. ജി.എസ്.ടി മൂലം പൊറുതി മുട്ടിയ വിപണി. വിലക്കയറ്റത്താല്‍ നട്ടം തിരിഞ്ഞ ജനത. അമ്പതുകള്‍ക്ക് ശേഷം ആദ്യമായി പടര്‍ന്ന പട്ടിണി. നോട്ടുനിരോധനവും കാഷ്‌ലെസ് ഇക്കോണമിയും ചേര്‍ന്ന് അവശേഷിക്കുന്ന ജീവനും കവര്‍ന്ന ഇടത്തരക്കാര്‍. അമിതാധികാരത്താല്‍ ആവേശിതരായ ബാങ്കുകള്‍ നടത്തുന്ന തീവെട്ടിക്കൊള്ള, വിളകള്‍ നശിച്ച് , കൃഷി നശിച്ച് പറ്റേ പാപ്പരായ ജനങ്ങളില്‍ പടരുന്ന അസംതൃപ്തി, ആ അസംതൃപ്തി പടര്‍ത്തുന്ന അസ്വസ്ഥത. ആ അസ്വസ്ഥതകള്‍ വിദ്വേഷത്തിന്റെ വിത്താക്കി മാറ്റി വിളവെടുക്കുന്ന ഫാഷിസ്റ്റ് രാഷ്ട്രീയം. സാമ്പത്തികമായി ദുര്‍ബലരായവരില്‍ പടരുന്ന പലതരം സംഘര്‍ഷങ്ങളെ വര്‍ഗീയതയിലേക്ക് പരിവര്‍ത്തിപ്പിച്ച് നേട്ടം കൊയ്യുന്ന സംഘ്പരിവാര്‍. അടിസ്ഥാന വികസനത്തില്‍ പോലും മതവിദ്വേഷത്തിന്റെ അണുക്കള്‍ പ്രസരിപ്പിക്കുന്ന സര്‍ക്കാറുകള്‍. പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുന്ന ഭരണകൂടാനുകൂലികളായ ഹൂളിഗന്‍സ്. അങ്ങനെ സര്‍വത്ര പടരുന്ന അസ്വസ്ഥതയുടെ അന്തരീക്ഷമാണ് സ്വാതന്ത്ര്യത്തിന്റെ എഴുപതാമാണ്ടിലെ ഇന്ത്യന്‍ യാഥാര്‍ത്ഥ്യം. ആ അവസ്ഥയുടെ മൂലകാരണങ്ങളിലൊന്ന് സാമ്പത്തികനയത്തിലെ കടും വെട്ടുകളായിരുന്നു. ബജറ്റ് പ്രസംഗത്തിലെ വായ്ത്താരികളില്‍ ഒതുങ്ങിയ ക്ഷേമ പദ്ധതികളും കൃത്യമായി നടപ്പാക്കപ്പെട്ട അമിതഭാരവും ഈ രാജ്യത്തെ കര്‍ഷക-ഇടത്തര സമൂഹത്തെ സാമുഹികമായി തളര്‍ത്തി. ദാരിദ്ര്യവും അവഗണനയും പീഡനങ്ങളും കൊണ്ട് പൊറുതി മുട്ടിയ മനുഷ്യര്‍ സാമുദായികമായി സംഘടിക്കാന്‍ തുടങ്ങി. ദളിത് മുന്നേറ്റങ്ങള്‍ രാജ്യത്തെ പ്രകമ്പനം കൊള്ളിച്ചു. സംഘ്പരിവാര്‍ കോട്ടകളില്‍ വിള്ളലുണ്ടായി. നവ ഉദാരവത്കരണത്തിന്റെ അപ്പോസ്തലന്‍മാരായിരുന്ന കോണ്‍ഗ്രസിനോട് ജനങ്ങള്‍ ക്ഷമിക്കുന്ന അവസ്ഥയുണ്ടായി. രാജ്യത്തെ ഏറ്റവും വെറുക്കപ്പെട്ട പ്രധാനമന്ത്രി എന്ന പദവിയില്‍ നിന്ന് സാക്ഷാല്‍ മന്‍മോഹന്‍ സിംഗ് പോലും മോചിതനായി. മൗനത്തിന്റെ മാളത്തില്‍ നിന്ന് പുറത്തുവന്ന മന്‍മോഹന് അപ്രതീക്ഷിതമായ കയ്യടികള്‍ ലഭിച്ചു. തണുപ്പനും അലസനും അപക്വനും എന്ന് അപഹസിക്കപ്പെട്ട രാഹുല്‍ ഗാന്ധി അതിനായക പരിവേഷത്തില്‍ അവരോധിക്കപ്പെട്ടു. കേന്ദ്ര ഭരണകൂടം അതിന്റെ നാല് വര്‍ഷത്തെ ചരിത്രത്തില്‍ ആദ്യമായി ഭയന്നു. ഉപതിരഞ്ഞെടുപ്പുകളില്‍ തിരിച്ചടികള്‍ തുടര്‍ക്കഥയായി.
അങ്ങനെ സാമ്പത്തികമായി തകര്‍ന്ന, ആഭ്യന്തര ഉത്പാദനം കണക്കില്‍ മാത്രമായി തീര്‍ന്ന ഒരു രാജ്യത്താണ് ആ രാജ്യത്തിന്റെ സര്‍ക്കാര്‍ അവരുടെ അവസാനത്തെ പൊതുബജറ്റ് സമര്‍പ്പിച്ചത് എന്നോര്‍ക്കണം.

പുതിയ വാഗ്ദാനങ്ങളുടെ പെരുമഴകള്‍ എന്തുകൊണ്ട് എന്ന് ഇനി വിശദീകരിക്കേണ്ടതില്ലല്ലോ? All Dressed Up But Going No where എന്ന് പ്രവചനസ്വഭാവമുള്ള തലക്കെട്ട് നല്‍കി ഇക്കണോമിക് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്ക്‌ലി കേന്ദ്ര ബജറ്റിനെ വിലയിരുത്തിയതും അതിനാലാണ്. പുറപ്പെടാനൊരുങ്ങി, വേഷമൊക്കെ മാറി, പക്ഷേ, എങ്ങും പോകുന്നില്ല എന്ന്. ഷണ്മുഖം ചെട്ടിയിലേക്കും ജവഹര്‍ലാല്‍ നെഹ്‌റുവിലേക്കും വരാം.

രാജ്യത്തെ സാമ്പത്തികമായി പടുത്തുയര്‍ത്തുക, അതുവഴി സാമൂഹിക സുരക്ഷിതത്വവും വളര്‍ച്ചയും ഉറപ്പുവരുത്തുക എന്ന ധാരണയില്‍ നിന്നാണ് രാഷ്ട്രീയമായുള്ള കടുത്ത വിയോജിപ്പുകള്‍ക്കിടയിലും ഷണ്മുഖം ചെട്ടി ഇന്ത്യയുടെ ആദ്യ ധനമന്ത്രിയായത്. ഭരണകൂടത്തിന്റെ പക്ഷപാതങ്ങളെയും ചങ്ങാത്ത മുതലാളിത്തത്താല്‍ നിയന്ത്രിക്കപ്പെടുന്ന അതിന്റെ സാമ്പത്തിക സമീപനങ്ങളെയും മറച്ചുവെക്കാനും അത്തരം സമീപനങ്ങള്‍ സൃഷ്ടിക്കുന്ന അസ്വസ്ഥതകളെ താല്‍കാലികമായി മയക്കിക്കിടത്താനുമുള്ള വാചാടോപമായി ബജറ്റ് പരിവര്‍ത്തിക്കപ്പെട്ടു എന്നതാണ് എഴുപതാണ്ടുകളുടെ ബജറ്റ് ചരിത്രത്തിന്റെ ബാക്കിപത്രം.

പ്രതിരോധമുയരണ്ടേ? തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള വായ്ത്താളങ്ങള്‍ക്ക് പകരം ഒരു സര്‍ക്കാരിന്റെ വരും വര്‍ഷത്തെ സാമ്പത്തിക കാര്യപരിപാടിയായി ബജറ്റിനെ പുന:സ്ഥാപിക്കണ്ടേ? വേണം. ആര്‍ക്കാണത് സാധിക്കുക? സംശയമില്ല, ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക്. അതല്ല, ഇതാണ് ബജറ്റ് എന്ന് പ്രഖ്യാപിക്കാന്‍ സംസ്ഥാനങ്ങളുടെ ബജറ്റിന് കഴിഞ്ഞാല്‍ കേന്ദ്രം പറയുന്നതല്ല ഇന്ത്യന്‍ യാഥാര്‍ത്ഥ്യമെന്ന് ബോധ്യപ്പെടുത്താന്‍ കഴിയും. കാരണം സംസ്ഥാനങ്ങളുടെ ഫെഡറേഷനെയാണല്ലോ നമ്മള്‍ ഇന്ത്യ എന്ന് മനസിലാക്കുന്നത്.

ഫാഷിസ്റ്റ് എന്ന് ഉറപ്പായും വിളിക്കാവുന്ന, ഭൂരിപക്ഷ മത വര്‍ഗീയതയുടെ നടത്തിപ്പുകാരായ ഒരു കേന്ദ്ര ഭരണകൂടത്തിനെതിരെ അത്തരം പ്രതിരോധം പ്രതീക്ഷിക്കാവുന്നത് ഇപ്പോള്‍ ഇടതുപക്ഷത്ത് നിന്നാണ്. ആ ഇടതുപക്ഷം വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലിരിക്കുന്ന സംസ്ഥാനമാണല്ലോ കേരളം. അപ്പോള്‍ കേരളത്തിലെ, ധനകാര്യ വിദഗ്ധന്‍ കൂടിയായ ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റിന് ചരിത്രപരമായ ദൗത്യമുണ്ട്. എന്തായിരിക്കണം ആ ദൗത്യം?
സംശയമില്ല. സംസ്ഥാനത്തെ മുഴുവന്‍ ജനങ്ങളുടെയും സാമ്പത്തിക ജീവിതത്തെ ഗുണപരമായി മാറ്റല്‍. അതിന് ഉതകുന്ന ദീര്‍ഘവീക്ഷണമുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കല്‍. സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തെ സംബന്ധിച്ച കൃത്യമായ കണക്ക്, അത് വര്‍ധിപ്പിക്കാനുതകുന്ന ദീര്‍ഘകാല ലക്ഷ്യത്തോടെയുള്ള പദ്ധതികള്‍, കേന്ദ്ര ധനസഹായത്തിന്റെ കൃത്യമായ ലഭ്യതയും വിനിയോഗവും ഉറപ്പാക്കല്‍.

നമുക്ക് മുന്നില്‍ 2018-ലെ സംസ്ഥാന ബജറ്റുണ്ട്. ക്ഷേമം ആണ് മുന്‍ഗണനയെന്ന് താരതമ്യേന ഇടതുവിരുദ്ധമല്ലാത്ത മാധ്യമങ്ങളുടെ തലക്കെട്ട്. നിര്‍ഭാഗ്യകരമെന്ന് പറയട്ടെ, ക്ഷേമം എന്ന വാക്ക് അതിന്റെ അര്‍ഥത്തില്‍ നിന്ന് ബഹുദൂരം വഴുതിപ്പോയ കാലമാണിത്. ഗാന്ധിയന്‍ സാമ്പത്തിക ദര്‍ശനവും മാര്‍ക്‌സിയന്‍ ക്ഷേമ സങ്കല്‍പവുമല്ല ഇന്ന് ആ പദം ഉള്‍ക്കൊള്ളുന്നത്. മറിച്ച് ക്ഷേമം സമം ഔദാര്യം എന്ന ലിബറല്‍ സങ്കല്‍പമാണ്. അതായത് ഭരണകൂടം വെച്ചു നീട്ടുന്ന പണമാണ് ക്ഷേമം എന്നാണ് ഇന്ന് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നത്. ഉത്പാദനവളര്‍ച്ചയിലൂടെ ജനത സ്വയം ആര്‍ജിക്കേണ്ട ഒന്നായി ക്ഷേമം മനസിലാക്കപ്പെടുന്നില്ല. ഉദാരീകരണാനന്തര ഇന്ത്യന്‍ ഭരണകൂട സ്വഭാവത്തെ നിരുപാധികം പിന്‍പറ്റുകയാണ് ഇടതുപക്ഷ സര്‍ക്കാരുമെന്നതിന്റെ സംസാരിക്കുന്ന പ്രമാണമായി മാറുന്നുണ്ട് തോമസ് ഐസക് അവതരിപ്പിച്ച ബജറ്റും.

വസ്തുതകളെ ഇങ്ങനെ ഉപസംഹരിക്കാം. ലിബറല്‍ മൂലധനം അതിന്റെ ഹുങ്കാരം മുഴക്കുമ്പോള്‍ കാഴ്ചക്കാരാവുന്ന ഭരണകൂടങ്ങള്‍ ആണ്ടറുതിയില്‍ നടത്തുന്ന മായാജാലവും വാചാടോപവുമായി മാറിയിരിക്കുന്നു ബജറ്റുകള്‍. അത് രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ ദീര്‍ഘകാലാഭിവൃദ്ധിയെ ലക്ഷ്യം വെക്കുന്നില്ല. കാലത്തിനൊപ്പം ഒഴുകിമായുന്ന ജലരേഖകളായി അവ മാറിയിരിക്കുന്നു.

കെ കെ ജോഷി

You must be logged in to post a comment Login