വര്‍ഗീയ രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരാവുകയാണോ മാധ്യമങ്ങള്‍?

വര്‍ഗീയ രാഷ്ട്രീയത്തിന്റെ നടത്തിപ്പുകാരാവുകയാണോ മാധ്യമങ്ങള്‍?

”ഹിന്ദുക്കളെ കൊല്ലുന്നതിനെ അവര്‍ ന്യായീകരിക്കുകയാണ്!” ”അനുവാദമില്ലാതെ ത്രിവര്‍ണ യാത്ര നടത്താന്‍ എങ്ങനെ ധൈര്യം വന്നു, ഭാരത് മാതാ കീ ജയ് പോലുള്ള പ്രകോപനപരമായ മുദ്രാവാക്യങ്ങള്‍ മുഴക്കുന്നത് എന്തിനാണ് തുടങ്ങിയ ചോദ്യങ്ങളാണ് അവരുന്നയിക്കുന്നത്”
‘ദൈനിക് ഭാരത്’ എന്ന പേരിലുള്ള ഫേസ്ബുക് പേജില്‍ പങ്കജ് ഝായെക്കുറിച്ചും എന്നെക്കുറിച്ചും ഇത്തരത്തില്‍ ധാരാളം പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഊഹാപോഹങ്ങള്‍ പ്രസിദ്ധീകരിച്ച് കലാപങ്ങള്‍ സൃഷ്ടിക്കുക എന്ന ഉദ്ദേശ്യമാണ് ഈ ഫേസ്ബുക് പേജിനുള്ളത്. ഉൗ ഹാപോഹങ്ങള്‍ പ്രചരിപ്പിക്കാനുള്ള ഈ യന്ത്രം അനുസ്യൂതം പ്രവര്‍ത്തിക്കുകയാണ്. വലിയ ജനക്കൂട്ടം ഇതിന് പിറകെയുണ്ടുതാനും. വസ്തുതകള്‍ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കാന്‍ യത്‌നിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ ജീവന് ഭീഷണി നേരിടുന്നതാണ് സാഹചര്യം. അവരുടെ കുടുംബാംഗങ്ങളെയും ഇക്കൂട്ടര്‍ വെറുതെവിടുന്നില്ല. പങ്കജ് ഝാ കസ്ഗഞ്ജില്‍ പോയിരുന്നു. അവിടെ സംഭവിച്ച കാര്യങ്ങള്‍, കൂട്ടിച്ചേര്‍ക്കലുകളോ പെരുപ്പിച്ചു കാട്ടലുകളോ ഇല്ലാതെ റിപോര്‍ട്ട് ചെയ്യുകയും ചെയ്തു. അതില്‍ അതൃപ്തരായവരുടേതാണ് ഭീഷണി.

”ഇന്ന് രാവിലെ മുതല്‍ എനിക്ക് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ള ഫോണ്‍ കോളുകള്‍ വരുന്നു. കൊന്നുകളയുമെന്നാണ് ഭീഷണി. എന്റെ മകളെ തട്ടിക്കൊണ്ടുപോകുമെന്ന മുന്നറിയിപ്പുമുണ്ട്. ത്രിവര്‍ണ പതാകയും പിടിച്ചുള്ള പ്രകടനം നടത്താന്‍ അനുവാദം വാങ്ങണോ എന്നതാണ് അവരുടെ മറ്റൊരു ചോദ്യം. പ്രകടനങ്ങള്‍ നടത്തുന്നതിന് അനുവാദം വാങ്ങണമെന്ന നിര്‍ദേശം ബറൈലി ജില്ലാ മജിസ്‌ട്രേറ്റിന്റേതാണ്. അനുവാദം വാങ്ങണമോ എന്ന ചോദ്യം ജില്ലാ മജിസ്‌ട്രേറ്റിനോടും ഉന്നയിക്കുമോ? ഇത്രയും കാലം മാധ്യമ പ്രവര്‍ത്തനം നടത്തിയപ്പോഴും കാര്യങ്ങള്‍ ഈ അവസ്ഥയിലേക്ക് എത്തുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല”
വികാരങ്ങളുടെയും സമ്മര്‍ദങ്ങളുടെയും മൂര്‍ധന്യാവസ്ഥയിലാണ് ഹിന്ദു – മുസ്‌ലിം സംഘര്‍ഷങ്ങളൊക്കെയുണ്ടാകുന്നത്. പ്രകോപനപരമായ ഒരു പ്രസ്താവന, വൈക്കോല്‍തുറുവിലേക്ക് തീക്കൊള്ളി എറിയുന്നത് പോലെയാണ്. തീവ്ര നിലപാടുകളുള്ള ഏതെങ്കിലും സംഘടനകളാണ് ഇത്തരം നടപടികളിലേക്ക് തിരിയുന്നതെങ്കില്‍ അതൊരു പരിധിവരെ മനസിലാക്കാവുന്നതാണ്. ഈ സംഭവത്തില്‍, വസ്തുതകളെ മറച്ചുവെച്ച് ജനങ്ങള്‍ക്ക് മുന്നില്‍ തെറ്റായ ചിത്രം വരഞ്ഞത് മുഖ്യധാരയിലുള്ള മാധ്യമ പ്രവര്‍ത്തകരാണ്.
ടെലിവിഷന്‍ അവതാരകനായ ഒരു മാധ്യമ പ്രവര്‍ത്തകന്റെ പ്രസ്താവനകളും ചോദ്യങ്ങളും ശ്രദ്ധിക്കുക,

നമ്മുടെ രാജ്യത്തിനകത്ത് നമ്മുടെ ദേശീയ പതാക വീശുന്നതിനെച്ചൊല്ലി സംഘര്‍ഷമുണ്ടാകുകയാണോ?

ഇന്ത്യയിലല്ലെങ്കില്‍ എവിടെയാണ് ത്രിവര്‍ണ പതാക ഉയര്‍ത്തുക? പാകിസ്ഥാനിലോ?
കസ്ഗഞ്ജില്‍ ത്രിവര്‍ണ പതാകയുടെ യഥാര്‍ത്ഥ ശത്രുക്കള്‍ ആരാണ്? അവരുടെ പേര് പൊലീസ് പുറത്തുവിടാത്തത് എന്തുകൊണ്ട്?

അത്തരത്തിലുള്ള എത്ര പാകിസ്ഥാനികള്‍ ഇന്ത്യയിലുണ്ട്?

വന്ദേ മാതരവും ഭാരത് മാതാ കീ ജയ്‌യും വര്‍ഗീയ മുദ്രാവാക്യങ്ങളാണോ?
കസ്ഗഞ്ജില്‍ ത്രിവര്‍ണ പതാകയുടെ ശത്രുക്കളാര് എന്ന ചോദ്യത്തിന്റെ ഭാവം പ്രത്യേകം ശ്രദ്ധിക്കണം. അവിടെ മുസ്‌ലിംകളും ദേശീയ പതാക ഉയര്‍ത്തിയിരുന്നു. എന്തുകൊണ്ടാണ് ഈ വസ്തുത മറച്ചുവെക്കുന്നത്? മുസ്‌ലിംകള്‍ ത്രിവര്‍ണ പതാക ഉയര്‍ത്തിയിരുന്നുവെന്നതിന് ചിത്രങ്ങള്‍ തെളിവാണ്. ഐ ജി താക്കുറും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ആ വസ്തുത മനസിലാക്കാന്‍ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിന്റെയൊന്നും ആവശ്യമില്ല.
ത്രിവര്‍ണ യാത്രയ്ക്ക് അനുവാദം നല്‍കിയിരുന്നില്ലെന്ന് ജില്ലാ ഭരണകൂടം തന്നെ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, ത്രിവര്‍ണ യാത്ര തടഞ്ഞുവെന്ന ആരോപണമുയര്‍ത്തിക്കൊണ്ട്, ഒരു പ്രത്യേക സമുദായത്തെ പാകിസ്ഥാനി എന്ന് മുദ്രകുത്താന്‍ ടെലിവിഷന്‍ അവതാകരന്‍ മടിക്കുന്നില്ല. അതും സംഘര്‍ഷമുണ്ടായതിന് തൊട്ടുപിറകെ. കസ്ഗഞ്ജിലെ മുസ്‌ലിംകള്‍ ദേശീയ പതാക ഉയര്‍ത്തിയിരുന്നുവെന്ന വസ്തുത മുന്നിലിരിക്കെ അവരെ ത്രിവര്‍ണത്തിന്റെ ശത്രുക്കളായി പ്രഖ്യാപിക്കേണ്ടതിന്റെ ആവശ്യമെന്ത്? ഇന്ത്യയില്‍ പാകിസ്ഥാന്‍ വളരുന്നുവെന്ന് പ്രസ്താവന നടത്തേണ്ടതിന്റെ കാര്യമെന്ത്? അന്തരീക്ഷം സംഘര്‍ഷഭരിതമായിരിക്കെ പാകിസ്ഥാനെ ചര്‍ച്ചയിലേക്ക് കൊണ്ടുവന്നത് എന്തിനാണ്? ആര്‍ക്ക് രാഷ്ട്രീയലാഭമുണ്ടാക്കാനാണ് ഇത്തരം പ്രസ്താവനകള്‍?

സംഗതി അവിടെ അവസാനിക്കുന്നില്ല. കള്ളം പുറത്തുവന്നതിന് ശേഷവും ക്ഷമാപണം നടത്താന്‍ ആരും തയാറല്ല. നുണ പ്രചരിപ്പിച്ചവര്‍ക്കെതിരെ നടപടിയുണ്ടായതുമില്ല. ഒരാളുടെ മരണം ഈ ഗണത്തില്‍പെടുന്ന മറ്റൊരു മാധ്യമ പ്രവര്‍ത്തകന്‍ റിപ്പോര്‍ട്ട് ചെയ്തു. ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്ന വ്യക്തിയെയാണ് ഇയാള്‍ ‘കൊന്നത്’. പക്ഷേ സാമൂഹ്യ മാധ്യമങ്ങളില്‍ ഈ വാര്‍ത്ത തരംഗങ്ങളുണ്ടാക്കി. ചന്ദന്‍ ഗുപ്തയ്‌ക്കൊപ്പം രാഹുല്‍ ഉപാധ്യായയും സംഘര്‍ഷത്തിനിടെ വെടിയേറ്റ് മരിച്ചു!

തെറ്റായ പ്രസ്താവനകള്‍, കല്ലുവെച്ച നുണകള്‍, അര്‍ധ സത്യങ്ങള്‍ ഒക്കെ മാധ്യമങ്ങള്‍ പ്രചരിപ്പിക്കാന്‍ തുടങ്ങിയത് എന്നുമുതലാണ്. മാധ്യമങ്ങള്‍ തെറ്റില്‍ നിന്ന് പൂര്‍ണമായും മുക്തമല്ല. പക്ഷേ മനഃപൂര്‍വം തെറ്റ് പ്രചരിപ്പിക്കാന്‍ തുടങ്ങിയാല്‍, അത് മറ്റൊരു സംഗതിയാണ്. ദേശീയ പതാക ഉയര്‍ത്തുന്നതില്‍ കസ്ഗഞ്ജിലെ മുസ്‌ലിംകള്‍ പ്രതിഷേധിച്ചുവെന്ന കെട്ടിച്ചമച്ച കഥ പ്രചരിപ്പിക്കുകയാണ് ഈ ടെലിവിഷന്‍ ചാനല്‍ ചെയ്തത്. ഈ നുണയുടെ പ്രത്യാഘാതം ഒരു സമുദായം ഏറ്റുവാങ്ങുക എന്നത് മാത്രമല്ല സംഭവിക്കുന്നത്, വിദ്വേഷത്തിന്റെ വിത്തിന്റെ ഫലം മറ്റു ചിലര്‍ കൊയ്യുകയും ചെയ്യും. വര്‍ഗീയതയുടെ തീ ആളിക്കത്തുമ്പോള്‍ അതില്‍ ഹോമിക്കപ്പെടുക തിരഞ്ഞെടുത്ത ആളുകളാകില്ല. മതമേത് എന്ന് ചോദിച്ചിട്ടാകില്ല, ഒരുവന്റെ വീടിന് അക്രമികള്‍ തീയിടുക. വര്‍ഗീയതയുടെ അഗ്നി ചിലപ്പോഴെങ്കിലും ജനാധിപത്യപരമായിരിക്കും, അത് എല്ലാവരെയും തുല്യരായി പരിഗണിക്കും.
പങ്കജ് ഝായെയും എന്നെയും പോലെയുള്ള മാധ്യമപ്രവര്‍ത്തകരും ഈ നുണകളുടെ ആഘാതം ഏറ്റുവാങ്ങേണ്ടി വന്നവരാണ്. ചന്ദന്‍ ഗുപ്തയെ കൊലപ്പെടുത്തിയതിനെ ഞാനോ പങ്കജ് ഝായോ ന്യായീകരിച്ചുവെന്ന് തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു. ഞങ്ങള്‍ പറഞ്ഞതൊക്കെ പൊതുവേദിയിലുണ്ട്, റിപോര്‍ട്ടുകളായി. വസ്തുതകളില്‍ മാത്രമായിരുന്നു ഞങ്ങള്‍ക്ക് താത്പര്യം. അതങ്ങനെ ആയിരിക്കുകയും ചെയ്യും. അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന ടെലിവിഷന്‍ അവതരണം എത്രത്തോളം ഉത്തരവാദിത്വമുള്ളതാണ് എന്നതാണ് പ്രധാന ചോദ്യം. സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ധിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ ആരുടെ രാഷ്ട്രീയ താത്പര്യത്തെയാണ് ഇവര്‍ പിന്തുണക്കുന്നത്? മുസ്‌ലിംകള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലൂടെ പ്രകോപനപരമായ മുദ്രാവാക്യങ്ങളുയര്‍ത്തിക്കൊണ്ട് പ്രകടനം നടത്താന്‍ അവസരമുണ്ടായത് എങ്ങനെ എന്ന ചോദ്യത്തിന് ബറൈലി ജില്ലാ മജിസ്‌ട്രേറ്റ് രാഘവേന്ദ്ര വിക്രം സിംഗ് മറുപടി പറയണം. വന്ദേ മാതരവും ഭാരത് മാതാ കീ ജയ്‌യും പ്രകോപനപരമായ മുദ്രാവാക്യങ്ങളല്ലെന്ന് വ്യക്തമാക്കുന്നു. പക്ഷേ, പാക്കിസ്ഥാനികളെന്ന് മുദ്രകുത്തും വിധത്തിലുള്ള മുദ്രാവാക്യങ്ങള്‍ പ്രകോപനപരം തന്നെയാണ്.

വര്‍ഗീയ സംഘര്‍ഷങ്ങള്‍ റിപോര്‍ട്ട് ചെയ്യുക എന്നത് കൂടുതല്‍ ബുദ്ധിമുട്ടേറിയ പ്രവൃത്തിയാകുകയാണ്, ദിവസം ചെല്ലുന്തോറും. രണ്ട് സമുദായങ്ങള്‍ക്കിടയില്‍ സംഘര്‍ഷമുണ്ടാകുമ്പോള്‍ ന്യൂനപക്ഷ സമുദായത്തെ എക്കാലത്തെയും വില്ലന്‍മാരായി മാധ്യമങ്ങള്‍ പ്രഖ്യാപിക്കണമെന്നാണ് ഭൂരിപക്ഷ സമുദായാംഗങ്ങളില്‍ ഒരു ഭാഗത്തിന്റെ ആവശ്യം, എന്നാല്‍ മാധ്യമ പ്രവര്‍ത്തനത്തിന്റെ സ്വഭാവം ഭൂരിപക്ഷത്തിനൊപ്പം നില്‍ക്കലല്ല. കസ്ഗഞ്ജില്‍ കൊല്ലപ്പെട്ട ചന്ദന്‍ ഗുപ്ത ഹിന്ദുവാണ്. പക്ഷേ നുണ സംപ്രേഷണം ചെയ്ത് അന്തരീക്ഷം കൂടുതല്‍ വഷളാക്കുന്നതിന് അത് ന്യായീകരണമല്ല. എത്ര ചന്ദന്‍ ഗുപ്തമാരുടെ ജീവന്‍ ബലിയായി നല്‍കണമെന്നാണ് ഈ ടെലിവിഷന്‍ അവതാരകര്‍ ആഗ്രഹിക്കുന്നത്.

നിങ്ങള്‍ ഹിന്ദുക്കളുടെ താത്പര്യം സംരക്ഷിക്കാന്‍ വേണ്ടിയല്ല സംസാരിക്കുന്നത് എന്നതാണ് ഏറ്റവും പ്രധാനം. നിങ്ങളൊരു പ്രത്യേക രാഷ്ട്രീയ സംവിധാനത്തിന്റെ അനൗദ്യോഗിക വക്താക്കളാകുകയാണ്. ഹിന്ദുക്കളും മുസ്‌ലിംകളും തമ്മിലുള്ള സംഘര്‍ഷം വളര്‍ത്തുക വഴി ആ രാഷ്ട്രീയ സംവിധാനത്തിന്റെ അജണ്ടകള്‍ നടത്തിക്കൊടുക്കുകയും. അന്തരീക്ഷം വഷളാക്കി, സമാധാനം ഇല്ലാതാക്കുക എന്നതാണോ നിങ്ങളുടെ രാജ്യ സ്‌നേഹം? രാജ്യം സംഘര്‍ഷത്തിന്റെ മുമ്പില്‍ തുടരുക എന്നതാണോ നിങ്ങളുടെ രാജ്യസ്‌നേഹം? സര്‍ക്കാറിന്റെ പരാജയം, തൊഴിലെടുക്കുന്നവര്‍ നേരിടുന്ന പ്രയാസങ്ങള്‍, കര്‍ഷകരുടെ പ്രതിസന്ധികള്‍ എന്നിവയില്‍ നിന്നൊക്കെ ജനങ്ങളുടെ ശ്രദ്ധ തിരിക്കുകയാണ് നിങ്ങള്‍ ചെയ്യുന്നത്. രാജ്യത്ത് അസ്ഥിരതയുണ്ടാക്കുന്നതിലൂടെ മോഡിയുടെ മേക്ക് ഇന്‍ ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സഹായിക്കുകയാണോ നിങ്ങള്‍? രാഷ്ട്രീയത്തിലുള്ള വിശ്വാസം പ്രകടിപ്പിക്കാന്‍ കുറേക്കൂടി ബുദ്ധിപൂര്‍വമായ വഴിയെങ്കിലും നിങ്ങള്‍ തിരഞ്ഞെടുക്കണം.
പ്രേക്ഷക പിന്തുണയുള്ള മാധ്യങ്ങളിലെ വലിയൊരു വിഭാഗം പിന്തുണക്കുമെന്ന് ഉറപ്പുള്ളതുകൊണ്ടാണ് തീവ്ര നിലപാടുള്ള ഗ്രൂപ്പുകള്‍ മുഖ്യധാരാ രാഷ്ട്രീയത്തിന്റെ ഭാഗമാകുന്നത്. ഇത്തരം സംഘങ്ങള്‍ ഉള്‍പ്പെടുന്ന കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ രഹസ്യങ്ങളൊന്നുമില്ല, കുറ്റകൃത്യങ്ങള്‍ സ്വയം ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കാന്‍ അവര്‍ മടികാട്ടാറുമില്ല. തങ്ങളെ ഇരകളായി ചിത്രീകരിച്ച്, സംഭവങ്ങളുടെ വഴിതിരിച്ചുവിടാന്‍ മാധ്യമ സംഘങ്ങളുണ്ടെന്ന തിരിച്ചറിവ് അവര്‍ക്കുണ്ട്. ഇത്തരം സംഘങ്ങള്‍ക്ക് അവസരമൊരുക്കുന്നതിലൂടെ രാജ്യത്തെ സാധാരണ പൗരന്‍മാരുടെ ജീവനാണ് ഇത്തരം മാധ്യമങ്ങള്‍ അപകടത്തിലാക്കുന്നത്. നിങ്ങള്‍ സത്യവിരുദ്ധമായ മാധ്യമ പ്രവര്‍ത്തനം നടത്തുക മാത്രമല്ല ചെയ്യുന്നത്, നമ്മുടെ കുടുംബങ്ങളോട് അനീതി കാട്ടുക കൂടിയാണ്. അവരുടെ മനഃസ്വാസ്ഥ്യത്തെയും സൈ്വര ജീവിതത്തെയും ആക്രമിക്കുകയുമാണ്. മാധ്യമപ്രവര്‍ത്തകനെന്ന നിലയിലും പിതാവ് എന്ന നിലയിലും ഇത് എനിക്ക് സ്വീകാര്യമല്ല.

അഭിസാര്‍ ശര്‍മ

You must be logged in to post a comment Login