കാതോര്‍ത്താല്‍ കേള്‍ക്കാം; പ്രജാപതിക്ക് പേടിയാവുന്നുണ്ട്

കാതോര്‍ത്താല്‍ കേള്‍ക്കാം; പ്രജാപതിക്ക് പേടിയാവുന്നുണ്ട്

In this appeal I particularly address myself to German youth. In vowing ourselves to one another, we are entitled to stand before the Almighty and ask Him for His grace and His blessing. No people can do more than that everybody who can fight, fights, and that everybody who can work, works, and that they all sacrifice in common, filled with but one thought: to safeguard freedom and national honor and thus the future of life.
However grave the crisis may be at the moment, it will, despite everything, finally be mastered by our unalterable will, by our readiness for sacrifice and by our abilities. We shall overcome this calamity, too, and this fight, too, will not be won by central Asia but by Europe; and at its head will be the nation that has represented Europe against the East for 1 ,500 years and shall represent it for all times: our Greater German Reich, the German nation.
അഡോള്‍ഫ് ഹിറ്റ്‌ലര്‍
ജനുവരി 30 1945.

നാസി ജര്‍മനി അന്തിമമായ പതനത്തിലേക്ക് വീഴുകയാണ്. വന്‍ശക്തികള്‍ നാലുപാടും കടന്നുകയറുന്നു. യുദ്ധോന്മുഖതയും, ഊതിവീര്‍പ്പിച്ചതിനാല്‍ എപ്പോള്‍ വേണമെങ്കിലും പൊട്ടിച്ചിതറിയേക്കാവുന്ന ദേശീയബോധവും കൊണ്ടുമാത്രം പിടിച്ചുനില്‍ക്കല്‍ അസാധ്യമാണെന്ന് അഡോള്‍ഫ് ഹിറ്റ്‌ലര്‍ എന്ന ഏകഛത്രാധിപതി തിരിച്ചറിഞ്ഞുകഴിഞ്ഞു. ജര്‍മനി പരാജയപ്പെടുകയാണ്. അക്കാലങ്ങളിലെ ഹിറ്റ്‌ലറുടെ ശരീരഭാഷയും പ്രസംഗഭാഷയും ലോകത്തെ അധികാരപഠനങ്ങളുടെ ഭാഗമാണിപ്പോള്‍. പരാജയം മണക്കുന്ന ഏകാധിപതികള്‍ അമിതമായി സംസാരിക്കുമെന്നാണ് അതിന്റെ ഒരു കണ്ടെത്തല്‍. ഹിറ്റ്‌ലറിലും മുസോളിനിയിലും പോള്‍പോള്‍ട്ടിലും മാത്രമല്ല, അടിച്ചമര്‍ത്തിയും വ്യാജങ്ങള്‍ പ്രചരിപ്പിച്ചും അധികാരത്തില്‍ അവരോധിതമാവുകയും തുടരുകയും ചെയ്യുന്ന മുഴുവന്‍ ഏകാധിപതികളിലും ഈ അതിഭാഷണങ്ങള്‍ അധികാരപഠിതാക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ആ പഠനങ്ങള്‍ ആശ്രയിക്കുന്ന പ്രധാന പ്രസംഗങ്ങളിലൊന്നാണ് നിങ്ങള്‍ തലക്കുറിയായി തുടക്കത്തില്‍ വായിച്ചത്. അഡോള്‍ഫ് ഹിറ്റ്‌ലറുടെ അവസാന പ്രസംഗം. ജര്‍മന്‍ യുവതയോടാണ് ആ വാക്കുകള്‍. ജര്‍മന്‍ യുവാക്കളോട് ഉഗ്രശപഥമെടുക്കാനാണ് ഹിറ്റ്‌ലര്‍ ആവശ്യപ്പെടുന്നത്. മഹാശക്തിയായ പ്രപഞ്ചനാഥനോട് അനുഗ്രഹത്തിനായി, കടാക്ഷത്തിനായി അപേക്ഷിക്കുക. എല്ലാവര്‍ക്കും ഒന്നേ ചെയ്യാനുള്ളൂ. യുദ്ധം ചെയ്യുന്നവര്‍ യുദ്ധം തുടരുക. പ്രവര്‍ത്തിക്കാന്‍ കഴിയുന്നവര്‍ അത് തുടരുക. അതാണ് അവര്‍ക്ക് സാധ്യമാകുന്ന ത്യാഗം. ജീവിതത്തിന്റെ ഭാവിയും സ്വാതന്ത്ര്യത്തിന്റെ സംരക്ഷണവും ദേശത്തിന്റെ അഭിമാനവും നിലനിര്‍ത്താന്‍ അതാണ് വഴി. നമ്മള്‍ ഈ ദുരന്തത്തെ അതിജീവിക്കും. നമ്മുടെ ഐക്യരൂപമുള്ള ഇച്ഛയും ത്യാഗസന്നദ്ധതയും കൊണ്ട് നമ്മള്‍ അതിജീവിക്കും എന്നിങ്ങനെ നീളുന്ന ആ ഭാഷണത്തിന്റെ ഒടുവിലത്തെ വരികള്‍ ശ്രദ്ധിക്കുക. മഹത്തായ ജര്‍മനി ലോകത്തെ നയിക്കും എന്ന ശുഭാപ്തിയാണത്. ഈ പ്രഭാഷണത്തിന്റെ മൂന്നാം മാസം ഏപ്രില്‍ മുപ്പതിന് ഹിറ്റ്‌ലര്‍ ജീവനൊടുക്കി. അതിനും മുന്നേ നാസി ജര്‍മനി തീര്‍ന്നു. തീര്‍ന്ന ജര്‍മനിയില്‍ നിന്ന് നാസി ഭരണകൂടം മറച്ചുവെച്ച കഷ്ടതകളുടെ നാലുപാടും നിന്നുള്ള കണക്കുകള്‍ പുറത്തുവന്നു. എനിക്ക് തെറ്റിയാല്‍ എന്നെ കൊന്നുകളഞ്ഞേക്കൂ എന്ന മുസോളിനിയുടെ ഭാഷണവും വൈകാതെയുള്ള ഇറ്റാലിയന്‍ പതനവും മുസോളിനിയുടെ ആത്മഹത്യയും ഓര്‍ക്കാം. One woman, deciding Mussolini wasn’t dead enough for her, emptied a pistol into the dictator’s body and shouted, ‘Five shots for my five assassinated sons!’ എന്ന് ന്യൂയോര്‍ക്കര്‍. സ്വയം മരിച്ചുവീണ മുസോളിനിയുടെ ശവത്തിന്റെ ശിരസിലേക്ക് നിറയൊഴിക്കുന്ന റോമന്‍ സ്ത്രീയുടെ ചിത്രമാണ് ന്യൂയോര്‍ക്കര്‍ വരഞ്ഞിടുന്നത്. അഞ്ചുതവണ അവര്‍ മൃതദേഹത്തിന്റെ ശിരസ് ബുള്ളറ്റിനാല്‍ തകര്‍ത്തു. മുസോളിനിയാല്‍ കൊല്ലപ്പെട്ട അഞ്ചുമക്കള്‍ക്കുവേണ്ടി അഞ്ചു വെടിയുണ്ടകള്‍. ഏകാധിപതികളുടെ ദയനീയ പതനത്തിന്റെ അത്യുഗ്രമായ ദൃശ്യമായി ലോകം കാണുന്നുണ്ട് ആ അഞ്ച് റൗണ്ട് വെടിയുതിര്‍ക്കലും ശാപവാക്കുകളും. ലോകചരിത്രം ഇത്തരം അനവധി നാടകീയതകളുടെ സമാഹാരമാണ്. ഇതിപ്പോള്‍ ഇവിടെ പറയാന്‍ എന്താണ് പ്രകോപനമെന്ന് ചോദിക്കാം. പറഞ്ഞെന്നേയുള്ളൂ. ഇടക്ക് ലോകചരിത്രം കേള്‍ക്കുന്നതും നല്ലതാണ്.

ഡല്‍ഹിയിലും പോണ്ടിച്ചേരിയിലും ഉള്‍പ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ഒരു പ്രതിഷേധത്തെക്കുറിച്ച് ഇനി പറയാം. ചരിത്രമല്ല, വര്‍ത്തമാനമാണ്. പക്കോട പ്രതിഷേധം. യുവാക്കള്‍ തെരുവിലിറങ്ങി പക്കോട ഉണ്ടാക്കി പ്രതിഷേധിക്കല്‍. ഇന്ത്യാചരിത്രത്തില്‍ ആദ്യമായാണ് പക്കോട എന്ന ലഘുഭക്ഷണം ഒരു പ്രതിഷേധമുറയായി മാറുന്നത്. കാരണം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി രാജ്യസഭയില്‍ നടത്തിയ ഒരു പരാമര്‍ശമാണ്. അതിഭാഷണമായി സാമ്പത്തിക പണ്ഡിതര്‍ പിന്നീട് വിശേഷിപ്പിച്ച ഭാഷണം. പക്കോട ഉണ്ടാക്കുന്ന ഒരാള്‍ ദിവസവും 200 രൂപ വീതമെങ്കിലും നേടുന്നു. അതും എംപ്ലോയ്‌മെന്റായി കാണണം എന്നായിരുന്നു ആ പ്രസ്താവന. (ഇന്റര്‍ നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ സമീപകാലത്തെ കണക്കനുസരിച്ച് 2018-ല്‍ ഇന്ത്യയിലെ തൊഴിലില്ലായ്മ 18 മില്യണ്‍ ആകും. പ്രതിവര്‍ഷവര്‍ധന രണ്ട് ശതമാനത്തിലേറെയാണ്. ഒരു കോടി തൊഴിലവസരങ്ങളായിരുന്നു 2013-ല്‍ നരേന്ദ്ര മോഡിയുടെ വാഗ്ദാനം. ഓര്‍മിപ്പിച്ചു എന്നേയുള്ളൂ). വെറും വാക്കായിരുന്നില്ല അത്. തുടര്‍ന്ന് നടന്ന ചാനല്‍ അഭിമുഖത്തിലും പ്രധാനമന്ത്രി നരേന്ദ്രമോഡി ഇതേ വാക്കുകള്‍ ആവര്‍ത്തിച്ചു. കുറച്ചുകൂടി ഉറപ്പോടെ.

സാമ്പത്തിക വിശാരദര്‍ അമ്പരന്നു. എന്തുപറ്റി മോഡിക്ക് എന്ന് നെറ്റി ചുളിച്ചു. മോഡിയുടെ മുന്‍കൈയില്‍ രൂപീകരിച്ച ഒരു സംവിധാനമാണല്ലോ നീതി ആയോഗ്? നെഹ്‌റുവിയന്‍ ഓര്‍മകള്‍ പേറുന്ന, ജനാധിപത്യത്തിന്റെ പിന്‍ബലമുണ്ടായിരുന്ന ആസൂത്രണകമ്മീഷനെ മായ്ചുകളഞ്ഞ് മോഡി സര്‍ക്കാര്‍ പ്രതിഷ്ഠിച്ച സംവിധാനം. ആ സംവിധാനം 2017 ആഗസ്തില്‍ ഒരു കര്‍മപദ്ധതി തയാറാക്കിയിരുന്നു, മൂന്ന് വര്‍ഷത്തേക്കുള്ളത്. ”തൊഴിലില്ലായ്മയല്ല, അണ്ടര്‍ എംപ്ലോയ്‌മെന്റാണ് രാജ്യം നേരിടുന്ന ഗുരുതരമായ പ്രശ്‌നം” എന്നതായിരുന്നു നീതി ആയോഗിന്റെ നിലപാട്. അണ്ടര്‍ എംപ്ലോയ്‌മെന്റെന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചക്കും വ്യക്തിയുടെ യോഗ്യതാനുസാരമായ വളര്‍ച്ചക്കും ഉതകാത്ത വികസനം. പക്കോട അതില്‍പെടും.
പൊടുന്നനെയാണ് സംവാദമണ്ഡലം മാറിമറിഞ്ഞത്. മഹാരൂപിയായ ഒരു ഭരണാധികാരി അയാളുടെ ഇഷ്ടക്കാരാല്‍ തന്നെ അല്‍പജ്ഞാനിയായ ഒരു വിടുവായനായി അപഹസിക്കപ്പെട്ടു. അയാളുടെ വിമര്‍ശകരാവട്ടെ ആ വിടുവായത്തത്തെ വലിച്ചുകീറാന്‍ കണക്കുകളുമായെത്തി. സ്വിറ്റ്‌സര്‍ലന്റിലെ ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറത്തെ പശ്ചാതലമാക്കി, അതില്‍ പ്രതിനിധിയായിരുന്ന ജി. സമ്പത്ത് കണക്കുകള്‍ ഉദ്ധരിച്ച് ആ പ്രസ്താവനയിലെ അതിഭാഷണത്തെ പരിഹസിച്ചു. ”I am predicting that after zero, yoga, and Rajnikanth, indias greatest contribution to world civilisation will be pakodas”’ എന്ന വാചകമായിരുന്നു വിമര്‍ശനത്തിന്റെ ൈഹലൈറ്റ്. പൂജ്യം, യോഗ, രജനികാന്ത് എന്നിവക്ക് ശേഷം ലോകനാഗരികതക്ക് ഇന്ത്യ നല്‍കിയ കനപ്പെട്ട സംഭാവനയാണ് പക്കോടയെന്ന്. സമ്പത്ത് പറഞ്ഞ കണക്കുകള്‍ നോക്കാം. ” ഒരു പക്കോടാ വാല ദിവസം ശരാശരി 300 പക്കോട ഉണ്ടാക്കും. ഒരു വര്‍ഷം 109, 500 പക്കോടകള്‍. ഒരു പ്ലേറ്റ് പക്കോട രണ്ടെണ്ണമാണ്. പ്ലേറ്റൊന്നിന് വില 20 രൂപ. വാര്‍ഷിക വരുമാനം 1,095,000 രൂപ. തൊഴിലില്ലാത്തവരില്‍ മിനിമം രണ്ട് കോടി പേര്‍ പക്കോട സ്റ്റാള്‍ ഇട്ടാല്‍ 2.1 ട്രില്ല്യണ്‍ പക്കോട. വരുമാനം 21 ട്രില്ല്യണ്‍. അതിന് 25 ശതമാനം നികുതി ചുമത്തിയാല്‍ സര്‍ക്കാരിന് 5.25 ട്രില്ല്യണ്‍ വരുമാനം.’ 200 കോടി പശുക്കള്‍ക്ക് ഭക്ഷണവും ചികില്‍സയും അറ്റാച്ച്ഡ് പുല്‍തൊട്ടിയുള്ള മുറിയും നല്‍കാന്‍ ആ കാശ് മതിയെന്ന് സമ്പത്ത്. ഇന്ത്യയിലെ ഏറ്റവും വലിയ ദിനപത്രങ്ങളിലൊന്നായ ദി ഹിന്ദുവില്‍ സോഷ്യല്‍ അഫയേഴ്‌സ് എഡിറ്ററാണ് സമ്പത്ത്.
സി.പി.എമ്മിനും പിണറായിക്കുമപ്പുറത്ത് വാര്‍ത്തയില്ലെന്ന് ആത്മാര്‍ഥമായി വിശ്വസിക്കുന്ന മലയാള മാധ്യമങ്ങളിലെ നിഷ്‌കളങ്ക വിശാരദന്‍മാരൊഴികെ രാജ്യത്തെ കാര്യവിവരമുള്ള മാധ്യമങ്ങള്‍ പക്കോട പ്രസ്താവനയിലെ ജനവിരുദ്ധതയെ അന്തസായി പൊളിച്ചടുക്കി. ഫാഷിസത്തിന്റെ സാമ്പത്തിക സമീപനം ജനതയെ എത്രമേല്‍ പരിഹസിക്കുന്നതാണ് എന്ന ലോകചരിത്രം മുന്നില്‍ വെച്ചായിരുന്നു വിമര്‍ശനങ്ങള്‍. ധീരനും അതിപ്രതാപവാനുമായി നരേന്ദ്രമോഡിയെ വാഴ്ത്തിയ മാധ്യമങ്ങള്‍ പൊടുന്നനെ അദ്ദേഹത്തില്‍ അല്‍പവിഭവനായ ഒരു പാമരനെ ദര്‍ശിച്ചു. അഡോള്‍ഫ് ഹിറ്റ്‌ലറിലേക്ക് പരകായം ചെയ്ത ചാര്‍ളി ചാപ്ലിനെ കാര്യബോധമുള്ളവര്‍ ഓര്‍ത്തു.

പക്കോട ഒരു നാക്കുപിഴയോ യാദൃച്ഛികതയോ ആണെന്ന് കരുതാന്‍ വരട്ടെ. കൃത്യമായി ആസൂത്രണം ചെയ്‌തെടുത്ത ഒരു നേതൃശരീരം അങ്ങനെ നാവുപിഴകളിലോ യാദൃച്ഛികതകളിലോ വീണുപോവില്ല. അധികാരമേറ്റശേഷമുള്ള ആദ്യ രണ്ടുവര്‍ഷങ്ങളിലെ നരേന്ദ്രമോഡിയെ ഓര്‍ക്കാം. എത്ര പ്രസ്താവനകളുണ്ട് അത്തരത്തില്‍ ഒന്നായി നിങ്ങളുെട ഓര്‍മയില്‍? ഒന്നുമുണ്ടാവില്ല. തികഞ്ഞ പ്രൊഫഷണലിസം കൈമുതലുള്ള, ഒരു പ്രൊഫഷണല്‍ സംഘത്താല്‍ നിയന്ത്രിക്കപ്പെടുന്ന ആ ശരീരവും ഭാഷയും അത്തരത്തിലൊന്നിന് അക്കാലത്ത് വശംവദമായിട്ടില്ല. പടിയില്‍ നമസ്‌കരിച്ചുള്ള പാര്‍ലമെന്റ് പ്രവേശം മുതല്‍ അങ്ങോട്ട് നെടുനായകത്വത്തിന്റെ പുതിയ ബിംബമായി പെരുമാറിയിട്ടേയുള്ളൂ മോഡി. അളന്നും മുറിച്ചും കാര്യമാത്ര പ്രസക്തമായി മാത്രമേ സംസാരിച്ചിട്ടുള്ളൂ. അല്ലാതെയുള്ള ഉത്തരങ്ങള്‍ നല്‍കാന്‍ നിര്‍ബന്ധിതമായേക്കുമെന്ന സാഹചര്യത്തില്‍ ജനാധിപത്യത്തെയാകെ നോക്കുകുത്തിയാക്കി പാര്‍ലമെന്റിനെ ബഹിഷ്‌കരിച്ചിട്ടുണ്ട് മോഡി. പാളിപ്പോയ നോട്ടുപരിഷ്‌കാരത്തില്‍ ഉയരാവുന്ന മുഴുവന്‍ വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കാന്‍ മോഡി ചുമതലപ്പെടുത്തിയത് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയെ ആയിരുന്നു.

എന്നാല്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ച ഇതാ പുതിയൊരു മോഡിയെ അവതരിപ്പിച്ചിരിക്കുന്നു. നമുക്കറിയാം, പാര്‍ലമെന്ററി ജനാധിപത്യത്തില്‍ അതിപ്രധാനമാണ് നയപ്രഖ്യാപനം. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനമാണത്. സര്‍ക്കാറിന്റെ നയനിലപാടുകളുടെ രേഖകൂടിയാണത്. നന്ദിപ്രമേയത്തിലെ പ്രധാനമന്ത്രിയുടെ പ്രസംഗമാകട്ടെ ആ നയത്തിന്റെ ഉറപ്പിക്കലും. ആ പ്രസംഗം കേള്‍ക്കുക. ആധാര്‍ എന്ന ആശയത്തെക്കുറിച്ചുള്ള മോഡിയുടെ പരാമര്‍ശത്തെ സ്വാഭാവികമായ പൊട്ടിച്ചിരിയോടെ എതിര്‍ത്ത രേണുക ചൗധരിയെ രാമായണത്തെ കൂട്ടുപിടിച്ച് പരിഹസിക്കുകയായിരുന്നു മോഡി; അതും അങ്ങേയറ്റം സ്ത്രീവിരുദ്ധമായി. രാഷ്ട്രീയ പ്രചാരണത്തിനായുള്ള പൊതുയോഗങ്ങളില്‍ മാത്രം കണ്ടുപരിചയമുള്ള ശൈലിയായിരുന്നു ആ പരിഹാസത്തിന്. തീര്‍ന്നില്ല, കണ്‍മുന്നില്‍ വസ്തുതകളുടെ പിന്‍ബലത്തോടെ നിലനില്‍ക്കുന്ന ചരിത്രത്തെ കള്ളം പറഞ്ഞ് വളച്ചൊടിക്കുക എന്ന കൃത്യവും സാക്ഷാല്‍ നരേന്ദ്രമോഡി നിര്‍വഹിച്ചു. പട്ടേലായിരുന്നു ആദ്യ പ്രധാനമന്ത്രിയെങ്കില്‍ കശ്മീര്‍ പൂര്‍ണമായും ഇന്ത്യയുടെ ഭാഗമായേനെ എന്ന പ്രസ്താവനയാണ് ഒന്നാമത്തേത്. ൈഹസ്‌കൂള്‍ തലത്തില്‍ സാമൂഹ്യപാഠത്തിന്റെ ഭാഗമായെങ്കിലും ചരിത്രം പഠിച്ച ഒരാളും ഈ പ്രസ്താവന നടത്തില്ല. കശ്മീര്‍ പാകിസ്താനില്‍ ചേരുന്നതാവും ഉചിതമെന്നായിരുന്നല്ലോ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ നിലപാട്. നെഹ്‌റുവിന്റേത് മറിച്ചുമായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടത്തെ സംബന്ധിച്ച പരാമര്‍ശമാണ് മോഡി നൂല് പൊട്ടിയ പട്ടമായോ എന്നുപോലും സംശയിപ്പിച്ചത്. ആ കണക്കുകള്‍ നഷ്ടത്തിലോടുന്ന സ്ഥാപനങ്ങളുടേതായിരുന്നില്ല; മറിച്ച് പൊതുമേഖലാ ബാങ്കുകള്‍ നല്‍കിയ വായ്പകളുടേതാണ്. മോഡി സര്‍ക്കാരിന്റെ കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളുടെ നഷ്ടം ഇരട്ടിയായതിനെക്കുറിച്ച് പോലും അദ്ദേഹം അറിഞ്ഞ മട്ട് കാണിച്ചില്ല.
ആകാരം മുതല്‍ ആഹാരം വരെ ഒരു റോബോട്ടിലെന്നപോലെ ചിട്ടപ്പെടുത്തി 2013-ല്‍ സൃഷ്ടിക്കപ്പെട്ട് 2014-ല്‍ അധികാരമേറ്റ നരേന്ദ്രമോഡിക്ക് അധികാരത്തിന്റെ ഈ നാലാം വര്‍ഷത്തില്‍ എന്താണ് സംഭവിക്കുന്നത്? എന്തിനാണ് അദ്ദേഹം ഇങ്ങനെ പ്രകോപിതനാകുന്നത്? പാര്‍ലമെന്ററി മര്യാദകളെ ലംഘിച്ച് വെല്ലുവിളികളിലേക്ക് പോകുന്നത്? എന്തിനാണ് കവലപ്രസംഗങ്ങളില്‍ ചലിക്കുന്ന കേള്‍വിക്കാരെ പിടിച്ചുനിര്‍ത്താന്‍ എന്ന പോലെ കള്ളം പറയുന്നത്?

ഉത്തരമുണ്ട്. അത് കേന്ദ്ര സര്‍ക്കാരിന്റെ തുടര്‍ച്ച സംബന്ധിച്ച പരിഭ്രാന്തിയാണ്. അതിനര്‍ഥം മോഡി സര്‍ക്കാര്‍ അടുത്ത തിരഞ്ഞെടുപ്പോടെ തുടച്ചുനീക്കപ്പെടുമെന്നും ഇപ്പോള്‍ ദേശീയ തലത്തില്‍ നാമവശേഷമായ കോണ്‍ഗ്രസ് രാഹുല്‍ മാജിക്കിന്റെ മന്ത്രവടിയില്‍ കയറി അധികാരത്തിലേറുമെന്നോ അല്ല. തിരഞ്ഞെടുപ്പിലെ കേവല ജയം ഇപ്പോഴത്തെ കേന്ദ്ര സര്‍ക്കാരിന് മതിയാവില്ല എന്നതാണ്. അതെന്തുകൊണ്ട് എന്നത് നാമോരുരുത്തരുടെയും രാഷ്ട്രീയ ജീവിതവുമായി അഭേദ്യ ബന്ധമുള്ള ചോദ്യമാണ്.

ചങ്ങാത്ത മുതലാളിത്തം ബി.ജെ.പി ഗവണ്‍മെന്റിന്റെ വിധാതാക്കളാണ് എന്നും ആയതെങ്ങനെ എന്നും നമ്മള്‍ ഇതിന് മുന്‍പ് ചര്‍ച്ച ചെയ്തിട്ടുണ്ട്. ക്രോണി ക്യാപിറ്റലിസം അഥവാ ചങ്ങാത്ത മുതലാളിത്തം എന്താണെന്നും നമുക്കറിയാം. അത് ഭരണകൂടവുമായുള്ള ചങ്ങാത്തത്തിലൂടെ കോര്‍പറേറ്റുകള്‍ ലാഭം കൊയ്യുന്ന അവസ്ഥയാണ്. ഈ ക്രോണി ക്യാപിറ്റലിസം തഴച്ചുവളര്‍ന്നാണ് പിന്നീട് ഭരണകൂടം തന്നെ കോര്‍പറേറ്റുകളുടേതായി മാറുന്നത്. ഫാഷിസത്തിന്റെ ലക്ഷണങ്ങളിലൊന്നായി ഉംബര്‍ട്ടോ എക്കോയും ഫാഷിസം എന്നതിന്റെ നിര്‍വചനമായി ബെനിറ്റോ മുസോളിനിയും പറഞ്ഞ കാര്യമാണത്. കോര്‍പറേറ്റുകള്‍ക്കായുള്ള ഭരണം. ഈ കോര്‍പറേറ്റുകളുടെ ഇന്ത്യാവാഴ്ച നമ്മള്‍ കാണുന്നുണ്ട്. അദാനി-അംബാനി മുതല്‍ അമിത് ഷായുടെ മകന്‍ ജയ്ഷാ വരെ നീളുന്ന അക്കൂട്ടര്‍ നമ്മുടെ വിധി നിര്‍ണയിക്കുന്നതും ജീവിതത്തെ നിയന്ത്രിക്കുന്നതും നമ്മള്‍ അറിയുന്നുണ്ട്. പെട്രോളിയം വിലക്കയറ്റം പ്രധാന ആയുധമാക്കി അവതാരമെടുത്ത മോഡി യുഗത്തില്‍ പെട്രോളിയത്തിന് മുന്നില്‍ ഭരണകൂടം നിശബ്ദമായതും നമ്മള്‍ കണ്ടുകഴിഞ്ഞു. ആ ലാഭമെമ്പാടും കോര്‍പറേറ്റുകളുടെ കീശ വീര്‍പ്പിച്ചതും നമ്മള്‍ കണ്ടു. ഇടത്തരം വ്യാപാരികളെ, ഇടത്തരം വ്യവസായികളെ ഒന്നടങ്കം തുടച്ചുകളയാനും രണ്ടോ മൂന്നോ കോര്‍പറേറ്റുകള്‍ക്ക് ആധിപത്യമുറപ്പിക്കാനുമാണ് നോട്ട് നിരോധനം കൊണ്ടു വന്നത് എന്നും നമുക്കറിയാം. നമുക്ക് മാത്രമല്ല രേണുക ചൗധരിക്കും അറിയാം. അതുകൊണ്ടാണല്ലോ അവര്‍ പൊട്ടിച്ചിരിച്ചത്. നിസ്സഹായനും വെറും കാലാളുമായ ഒരാള്‍ പ്രധാനമന്ത്രിയുടെ കോട്ടിട്ട് സഭയില്‍ വന്ന് കള്ളങ്ങളും ഗീര്‍വാണങ്ങളും മുഴക്കിയാല്‍ ചിരിക്കാതെങ്ങനെ?
ഗുജറാത്ത് തിരഞ്ഞെടുപ്പ്, രാജസ്ഥാന്‍ ഉപതിരഞ്ഞെടുപ്പ്, രാജ്യമാകെ ജയരുന്ന ദളിത് മുന്നേറ്റം, പുതിയ നേതാക്കളുടെ വരവ്, രാഹുല്‍ എന്ന താരോദയം, സാഹിത്യ അക്കാദമിയില്‍ പോലും കടന്നു കയറാനാവാത്ത വിധം മതേതര ചേരി ഉയര്‍ത്തുന്ന വെല്ലുവിളി അങ്ങനെ നിരവധി ഘടകങ്ങളുണ്ട് പ്രധാനമന്ത്രിയുടെ പരിഭ്രാന്തിക്ക് പിന്നില്‍. 2014-ലേത് പോലെ ഈസി വാക്കോവറോ മൃഗീയത്തെ വെല്ലുന്ന ഭൂരിപക്ഷമോ ലഭിക്കില്ല എന്ന് കണക്കുകള്‍ നിരത്തി വിദഗ്ധര്‍ സമര്‍ത്ഥിക്കുന്നു. അത് ശരിയാണെന്ന് ബി.ജെ.പിക്ക് തോന്നിത്തുടങ്ങുന്നു. ന്യൂനപക്ഷങ്ങളും ദളിതുകളും സമ്പൂര്‍ണമായി ബഹിഷ്‌കരിക്കുന്ന ഒരു സര്‍ക്കാര്‍ രൂപീകരിക്കാനേ ഏറിയാല്‍ കഴിയൂ എന്ന് അവര്‍ തിരിച്ചറിയുന്നു. നേരിയ വിജയം; ചിലപ്പോള്‍ പരാജയം പോലും പ്രതീക്ഷിക്കുന്നു.

ഇന്ത്യന്‍ കോര്‍പറേറ്റുകളുടെ ഒരു ദീര്‍ഘകാല നിക്ഷേപമായിരുന്നു നരേന്ദ്രമോഡി. അത്രമാത്രം വലിയ നിക്ഷേപം. അത് അഞ്ചുവര്‍ഷത്തേക്കല്ല. ഈ സര്‍ക്കാര്‍ വന്ന വരവ് നിങ്ങള്‍ ഓര്‍ത്തുനോക്കുക. അതിനാല്‍ പരാജയം അവര്‍ സഹിക്കില്ല. ചെറിയ വിജയം അവരുടെ പദ്ധതികളെ സുഗമമാക്കില്ല. ശക്തമായ പ്രതിപക്ഷത്തെ അവര്‍ ഭയക്കുന്നു. പ്രതിപക്ഷത്തിരിക്കുന്ന കോണ്‍ഗ്രസിനെ കോര്‍പറേറ്റുകള്‍ ഭയക്കും. കാരണം ഭരണത്തോട് മാത്രം കൂറുള്ള സവിശേഷ രാഷ്ട്രീയ അസ്തിത്വമാണ് കോണ്‍ഗ്രസ്. ഇപ്പോള്‍ മനസിലായില്ലേ പ്രധാനമന്ത്രി പേടിക്കുന്നത് എന്തുകൊണ്ടെന്ന്. അതുകൊണ്ട് പേടിയുടെ മുനമ്പില്‍ നിന്ന് ഹിറ്റ്‌ലര്‍ നടത്തിയ ദയനീയമായ ആ അഭ്യര്‍ഥനയില്‍ നിന്നാണ് നമ്മള്‍ തുടങ്ങിയത്. അത് ഒന്നുകൂടി വായിക്കുക. അതില്‍ ഒരു മന്‍ കി ബാത്തിന്റെ ധ്വനിയുണ്ട്.

കെ.കെ. ജോഷി

You must be logged in to post a comment Login