പട്ടേലിനെ മോഡിക്കറിയില്ല

പട്ടേലിനെ മോഡിക്കറിയില്ല

അഭിപ്രായങ്ങള്‍ സൗജന്യമാണ്. പക്ഷേ വസ്തുതകള്‍ പവിത്രമാണ്. എല്ലാ മാധ്യമപ്രവര്‍ത്തകരും അവരുടെ തൊഴിലിന്റെ ധര്‍മം പാലിക്കേണ്ടതുണ്ട്. പക്ഷേ, ഒരു രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി വസ്തുതകള്‍ ഇഷ്ടം പോലെ വളച്ചൊടിച്ചാല്‍ എന്താണ് സംഭവിക്കുന്നത്? അത് സാധാരണ അംഗങ്ങള്‍ പോലും സത്യസന്ധമായി സംസാരിക്കേണ്ടത് ഭരണഘടനാപരമായ ഉത്തരവാദിത്വമായ പാര്‍ലമെന്റിലാണെങ്കിലോ? പ്രധാനമന്ത്രി തനിക്കും പാര്‍ലമെന്റ് എന്ന സ്ഥാപനത്തിനും അതിലൂടെ ദുഷ്‌പേരാണ് സൃഷ്ടിക്കുന്നത്.
നരേന്ദ്രമോഡിക്ക് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്‌റുവിനോടുള്ള ശത്രുത എല്ലാവര്‍ക്കും അറിയുന്നതാണ്. സര്‍ദാര്‍ വല്ലഭായ് പട്ടേലിനോടുള്ള ആരാധനയും. എന്നാല്‍ അത്തരം ആരാധനയോ വസ്തുതകളോ അനാദരവില്‍ അധിഷ്ഠിതമാകരുത്.

പാര്‍ലമെന്റിനുള്ളിലെ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുമേല്‍ നടന്ന ചര്‍ച്ചക്കുള്ള ഗൗരവമായ മറുപടി പ്രസംഗത്തെക്കാള്‍ ആക്രമണോത്സുകമായ തിരഞ്ഞെടുപ്പു പ്രചാരണമായി തോന്നിയ സംസാരത്തില്‍ മോഡി രണ്ടു പ്രധാന നുണകള്‍ പറഞ്ഞു. ഒന്ന്, 1947 ല്‍ ഇന്ത്യ വിഭജിക്കപ്പെട്ടതിന് കോണ്‍ഗ്രസിനെ അദ്ദേഹം കുറ്റപ്പെടുത്തി. ‘എഴുപതു വര്‍ഷത്തിനു ശേഷവും 125 കോടി ഇന്ത്യക്കാര്‍ ദിവസവും നിങ്ങള്‍ വിതച്ച വിഷവിത്തുകളുടെ പ്രത്യാഘാതങ്ങള്‍ അനുഭവിക്കുകയാണ്’ മോഡി ലോകസഭയിലെ കോണ്‍ഗ്രസ് നേതാക്കളോട് പറഞ്ഞു. ഇന്നും നിലനില്‍ക്കുന്ന വിഷം എന്താണ്? ദുരൂഹമാവണ്ണം അദ്ദേഹമത് വിശദീകരിച്ചില്ല. രണ്ട്, സംഘ്പരിവാറിന്റെ വിഭജനകാല നായകന്റെ സംഭാവന ഒരിക്കല്‍ കൂടി അതിശയോക്തി കലര്‍ത്തി പറഞ്ഞിട്ട് അദ്ദേഹം ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി നെഹ്‌റുവിനു പകരം പട്ടേല്‍ ആയിരുന്നെങ്കില്‍ കശ്മീര്‍ മുഴുവനായും ഇന്ത്യയുടെ ഭാഗമായി മാറിയേനെ എന്ന് അവകാശപ്പെട്ടു. മോഡിയുടെ പ്രസംഗം കേട്ടവര്‍ക്ക് വിഭജനത്തെ കുറിച്ചുള്ള പരാമര്‍ശം വിചിത്രമായി തോന്നിയിരിക്കും. പൊതുതിരഞ്ഞെടുപ്പിനു മുമ്പ് ആന്ധ്രപ്രദേശിനെ മുറിച്ച് തിരക്കിട്ട് തെലങ്കാന രൂപീകരിച്ച യു.പി.എ സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിക്കുന്നതായിരുന്നു പരാമര്‍ശത്തിന്റെ പശ്ചാതലം. ബി.ജെ.പിയുമായുള്ള ബന്ധം മുറിക്കുമെന്നു ഭീഷണിപ്പെടുത്തുന്ന ആന്ധ്രാ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനും അദ്ദേഹത്തിന്റെ പാര്‍ട്ടിയായ തെലുഗുദേശത്തിനും അനുരഞ്ജനം പകരാനാണ് തീര്‍ച്ചയായും മോഡി ശ്രമിച്ചത്. ഛത്തീസ്ഗഡും ഝാര്‍ഖണ്ഡും ഉത്തരാഖണ്ഡും രുപീകരിച്ച എന്‍.ഡി.എ സര്‍ക്കാറിന്റെ സുഗമമായ രീതിയെ അദ്ദേഹം ശ്ലാഘിക്കാനും മറന്നില്ല. നമുക്ക് ഈ വിഷയത്തില്‍ അദ്ദേഹവുമായി യോജിക്കുകയോ വിയോജിക്കുകയോ ചെയ്യാം. എന്നാല്‍ നാലു സംസ്ഥാനങ്ങളായി ഇന്ത്യയെ വിഭജിച്ച നടപടി ഇന്ത്യയുടെ വിഭജനത്തോട് ചേര്‍ത്തുവെച്ചുകൊണ്ടുള്ള അദ്ദേഹത്തിന്റെ പരാമര്‍ശം ഭീതിദമാണ്. സമീപകാലത്തേത് സംസ്ഥാനങ്ങളുടെ പുനക്രമീകരണം മാത്രമാണ്. 1947 ല്‍ നടന്ന ഇന്ത്യാവിഭജനത്തിനോടോ രണ്ടുസ്വതന്ത്ര രാഷ്ട്രങ്ങളുടെ പിറവിയോടോ അതിനെ താരതമ്യം ചെയ്യാനാകില്ല. എന്നാല്‍ മോഡിക്ക് കോണ്‍ഗ്രസിനോടുള്ള യുക്തിരഹിതമായ വെറുപ്പ് സന്ദര്‍ഭങ്ങളെ വളച്ചൊടിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയാണ്.

രക്തത്തില്‍ കുതിര്‍ന്ന ഇന്ത്യാ വിഭജനത്തിന് കോണ്‍ഗ്രസ് മാത്രമാണോ ഉത്തരവാദി. വിഭജനത്തെ കുറിച്ചുള്ള പുസ്തകങ്ങള്‍ നിരവധിയാണ്. ചരിത്രത്തില്‍ വസ്തുതകളോട് കൂറുള്ള ആരും തന്നെ കോണ്‍ഗ്രസിന് ഇന്ത്യയെ വിഭജിക്കണമെന്നുണ്ടായിരുന്നില്ല എന്ന സത്യത്തെ നിഷേധിച്ചിട്ടില്ല. പാകിസ്ഥാന്റെ ശില്‍പിയായ മുഹമ്മദലി ജിന്ന പോലും രക്തപങ്കിലമായ വിഭജനം ആഗ്രഹിച്ചിട്ടില്ല. ഇന്ത്യയും പാകിസ്ഥാനും ബദ്ധശത്രുക്കളായി മാറുന്ന ഒരു വിഭജനം അവരുടെ ദുസ്വപ്‌നങ്ങളില്‍ പോലുമുണ്ടായിരുന്നില്ല. സ്വതന്ത്രമായ മുസ്‌ലിം സംസ്ഥാനം ആവശ്യപ്പെട്ടു കൊണ്ടുള്ള മുസ്‌ലിംലീഗിന്റെ മര്‍ക്കടമുഷ്ടിയും (1990 ലെ ലാഹോര്‍ പ്രമേയം പോലും മുസ്‌ലിം സംസ്ഥാനങ്ങളെ കുറിച്ചാണ്, പാകിസ്ഥാനെയോ ദ്വിരാഷ്ട്രനയത്തെ കുറിച്ചോ അല്ല സംസാരിച്ചത്.) വിഭജിക്കുക, പുറത്തുപോകുക എന്ന ബ്രിട്ടീഷ് നയവും ചേര്‍ന്ന് സംജാതമായ അവസ്ഥയാണ് വിഭജനത്തെ അംഗീകരിക്കാന്‍ കോണ്‍ഗ്രസിനെ നിര്‍ബന്ധിതമാക്കിയത്. തീര്‍ച്ചയായും കോണ്‍ഗ്രസിന് അതിന്റെ കുറ്റങ്ങളെ തള്ളിക്കളയാനാകില്ല. വിഭജനം തടയാന്‍ നിരവധി അവസരങ്ങള്‍ സ്വാതന്ത്ര്യപ്രസ്ഥാനത്തിലുടനീളമുണ്ടായിരുന്നു. കോണ്‍ഗ്രസിനും മുസ്‌ലിംലീഗിനുമിടയില്‍ അനുരഞ്ജനത്തിനും സഹകരണത്തിനുമുള്ള അവസരങ്ങള്‍ കോണ്‍ഗ്രസിന് ഉപയോഗിക്കാനായില്ല. എന്നാല്‍ മഹാത്മാഗാന്ധിയെയും നെഹ്‌റുവിനെയും ഇന്ത്യയുടെ വിഭജനത്തിലെ പ്രധാന വില്ലന്മാരാക്കുന്ന സംഘ്പരിവാര്‍ നേതാക്കന്മാരോട് ചില കാര്യങ്ങള്‍ പറയാനുണ്ട്. ഒന്ന്, ഇന്ത്യ വിന്‍സ് ഫ്രീഡം എന്ന പുസ്തകത്തില്‍ അബുല്‍ കലാം ആസാദ്, പട്ടേലാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ബ്രിട്ടീഷുകാരുടെ വിഭജന പദ്ധതി ആദ്യം അംഗീകരിച്ചതും ശക്തമായി പിന്തുണച്ചതുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വൈമനസ്യവും ദുഃഖവും കാണിച്ച മഹാത്മാഗാന്ധി അവസാനത്തെയാളും. ആസാദ് ഒരുപക്ഷേ സംഘ്പരിവാറിന് സജാതനല്ലായിരിക്കാം. എന്നാല്‍ മോഡിയുടെ മന്ത്രിസഭയിലെ സഹപ്രവര്‍ത്തകനായ എം.ജെ അക്ബര്‍ ഇക്കാര്യത്തില്‍ അദ്ദേഹത്തെ സഹായിക്കും. അദ്ദേഹം 1988 ല്‍ എഴുതിയ നെഹ്‌റു ദി മേകിംഗ് ഓഫ് ഇന്ത്യ എന്ന ജീവചരിത്രം ഇങ്ങനെ പറയുന്നു: ”ഇന്ത്യയുടെ ഉരുക്കു മനുഷ്യനായ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നെഹ്‌റുവിനെക്കാള്‍ മുന്നേ വിഭജനം എന്ന ആശയം അംഗീകരിച്ചു.”

അതിനാല്‍ തന്നെ ഇന്ത്യയുടെ വിഭജനത്തിന് കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുമ്പോള്‍ മോഡി താന്‍ കുറ്റപ്പെടുത്തുന്നത് ആദ്യമായും പ്രധാനമായും പട്ടേലിനെയാണെന്ന് സമ്മതിക്കേണ്ടതുണ്ട്. രണ്ട്, ഹിന്ദുത്വം- ഹിന്ദു രാഷ്ട്രം- അഖണ്ഡ ഭാരതം തുടങ്ങിയ സങ്കല്‍പങ്ങളില്‍ തൊട്ട് ആണയിടുന്ന സംഘ്പരിവാറിന്റെ ഭാഗമായ ഒരു പാര്‍ട്ടിയെയാണ് മോഡി നയിക്കുന്നത്. ആ പ്രത്യയശാസ്ത്രം വിഭജനത്തിന് കാരണമായിട്ടില്ലേ? ഇരുപതാം നൂറ്റാണ്ടിലെ ഇന്ത്യന്‍ രാഷ്ട്രീയ ചിന്തയെ രൂപപ്പെടുത്തിയ മൂന്നു മഹാന്മാരായ ഇന്ത്യക്കാരിലൊരാളായി മോഡി വിശേഷിപ്പിച്ച ഡോ.റാം മനോഹര്‍ ലോഹ്യയുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. (ഗാന്ധിയും പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായയുമാണ് മറ്റു രണ്ടുപേര്‍). അഖണ്ഡ ഭാരതത്തിന്റെയും ഹിന്ദുരാഷ്ട്രത്തിന്റെയും പ്രധാന വിമര്‍ശകനായിരുന്ന ലോഹ്യ തന്റെ ഗില്‍റ്റിമെന്‍ ഓഫ് ഇന്ത്യാസ് പാര്‍ട്ടീഷ്യനില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ”ഹിന്ദു മതഭ്രാന്താണ് രാജ്യത്തെ വിഭജിച്ച ശക്തികളിലൊന്ന്. അതുകൊണ്ട് തന്നെ അവര്‍ വിഭജനത്തെ എതിര്‍ക്കുന്നത് മനസിലാകുന്നേയില്ല. ചെയ്ത കുറ്റകൃത്യം കണ്ട് കൊലപാതകി ഞെട്ടിവിറക്കുന്നതു പോലെയാണത്. അഖണ്ഡഭാരതത്തിനു വേണ്ടി തൊണ്ട പൊട്ടിക്കുന്ന ജനസംഘവും കൂട്ടരുമാണ്, ബ്രിട്ടനെയും മുസ്‌ലിംലീഗിനെയും രാജ്യത്തിന്റെ വിഭജനത്തിന് സഹായിച്ചത്. മുസ്‌ലിംകളെയും ഹിന്ദുക്കളെയും ഒരു രാഷ്ട്രത്തിനകത്ത് അടുപ്പിക്കാന്‍ അവര്‍ യാതൊന്നും ചെയ്തിട്ടില്ല. മറിച്ച് ഇരുവിഭാഗക്കാര്‍ക്കിടയിലും സ്പര്‍ധ വര്‍ധിപ്പിക്കാന്‍ കൃത്യമായി യത്‌നിച്ചിട്ടുണ്ട്. സ്പര്‍ധ കൂട്ടലും അഖണ്ഡഭാരതമെന്ന മുദ്രാവാക്യം ഒരുമിച്ച് ഉയര്‍ത്തലും ആത്മവഞ്ചനയുടെ ഉദാഹരണം മാത്രമാണ്.” ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം 560 നാട്ടുരാജ്യങ്ങളെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ചതില്‍ പട്ടേലിന് വലിയ പങ്കാണുള്ളത്. നെഹ്‌റു തന്നെ ഇക്കാര്യത്തില്‍ പട്ടേലിനെ അഭിനന്ദിച്ചിട്ടുണ്ട്. എന്നാല്‍ പ്രശ്‌ന പ്രദേശങ്ങളായിരുന്ന ജനഗഥും ഹൈദരാബാദും ഇന്ത്യയില്‍ ചേര്‍ന്നപ്പോള്‍ കശ്മീര്‍ ഇന്നും ഇന്ത്യക്കും പാകിസ്ഥാനും ധാര്‍മികമായും സാമ്പത്തികമായും മുറിവുകളുണ്ടാക്കുകയും അനേകായിരങ്ങളെ കുരുതി കൊടുക്കുകയും ചെയ്യുന്നു. യാതൊരുവിധ പരിഹാരവും ഇപ്പോള്‍ ഇക്കാര്യത്തില്‍ നമ്മുടെ മുന്നിലില്ല. പട്ടേല്‍ കശ്മീര്‍ പ്രശ്‌നത്തില്‍ 1947-48 ല്‍ തന്നെ തൃപ്തികരമായ പരിഹാരം കണ്ടെത്തിയേനെ എന്ന മോഡിയുടെ അവകാശവാദത്തെ ചരിത്രവസ്തുതകള്‍ ശരിവെക്കുന്നില്ല. പാകിസ്ഥാന് കശ്മീര്‍ പരിപൂര്‍ണമായും വിട്ടു നല്‍കാനാണ് പട്ടേല്‍ ആദ്യം തുനിഞ്ഞത്. പട്ടേല്‍ എ ലൈഫ് എന്ന പുസ്തകത്തില്‍ രാജ്‌മോഹന്‍ ഗാന്ധി ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. ജനഗഥും ഹൈദരാബാദും ജിന്ന ഇന്ത്യക്ക് നല്‍കിയാല്‍ കശ്മീര്‍ പാകിസ്ഥാന് നല്‍കാമെന്ന് പട്ടേല്‍ സമ്മതിച്ചിരുന്നു. പട്ടേലിന്റെ മറ്റൊരു അംഗീകൃത ജീവ ചരിത്രകാരനായ ബല്‍രാജ് കൃഷ്ണ തന്റെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ എന്ന പുസ്തകത്തില്‍ എഴുതുന്നു: ”നെഹ്‌റു സമ്മതിച്ചിരുന്നെങ്കില്‍ കശ്മീര്‍ പ്രശ്‌നം പട്ടേല്‍ പരിഹരിക്കുമായിരുന്നു. പഞ്ചാബും സിന്ധും നോര്‍ത്ത് വെസ്‌റ്റേണ്‍ ഫ്രോന്റിയര്‍ പ്രോവിന്‍സും വിട്ടുനല്‍കിയ ഇന്ത്യക്ക് തീരെ ചെറിയ കശ്മീര്‍ താഴ്‌വര കൊണ്ടെന്തു കാര്യം എന്നാണത്രെ പട്ടേല്‍ കരുതിയിരുന്നത്. ഡോ. ദില്‍കര്‍ ജോഷി എന്ന ഗുജറാത്തി ചരിത്രകാരന്‍ തന്റെ സര്‍ദാര്‍ ദി സോവറിന്‍ സെയിന്റ് എന്ന പുസ്തകത്തില്‍ എഴുതുന്നു: ”മഹാരാജ ഹരിസിംഗിന്റെ നിശ്ചയമില്ലായ്മക്ക് കാരണം പട്ടേലിനറിയാമായിരുന്നു. പടിഞ്ഞാറന്‍ പാകിസ്ഥാനു തൊട്ടുകിടക്കുന്ന മുസ്‌ലിം ഭൂരിപക്ഷമുള്ള നാട്ടുരാജ്യമാണത്. ഹരിസിംഗ് പാകിസ്ഥാനില്‍ ചേരാന്‍ തീരുമാനിച്ചാല്‍ പട്ടേല്‍ ചില തന്ത്രങ്ങള്‍ തയാറാക്കിവെച്ചിരുന്നു. അദ്ദേഹം ജമ്മുവും ജോക്കും ഇന്ത്യക്കായി ആവശ്യപ്പെടുകയും കശ്മീര്‍ താഴ്‌വര പാകിസ്ഥാന് വിട്ടുകൊടുക്കുകയും ചെയ്‌തേനേ.”

നരേന്ദ്ര സിംഗ് സരിലയുടെ ദി ഷാഡോ ഓഫ് ദി ഗ്രേറ്റ് ഗേം, ദി അണ്‍ടോള്‍ഡ് ഹിസ്റ്ററി ഓഫ് ഇന്ത്യാസ് പാര്‍ട്ടീഷനും ഇതു ശരിവെക്കുന്നുണ്ട്. പ്രമുഖ ആര്‍.എസ്.എസ് നേതാവായ എച്ച്.വി ശേഷാദ്രിയും തന്റെ ദി ട്രാജിക് സ്റ്റോറി ഒഫ് പാര്‍ട്ടീഷനില്‍ പട്ടേലിന് കശ്മീര്‍ പാകിസ്ഥാന് നല്‍കാന്‍ എതിര്‍പ്പുണ്ടായിരുന്നില്ല എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇതൊന്നും മോഡിയെയും കൂട്ടരെയും തൃപ്തിപ്പെടുത്തുന്നില്ലെങ്കില്‍ ഡോ.ശ്യാമ പ്രസാദ് മുഖര്‍ജിയുടെ ജീവചരിത്രം പരിശോധിക്കാവുന്നതാണ്. എസ്.സി ദാസ് എഴുതിയ ഈ പുസ്തകത്തില്‍ കശ്മീര്‍ താഴ്‌വര പാകിസ്ഥാന് വിട്ടു നല്‍കാന്‍ മുഖര്‍ജിക്കും പട്ടേലിനുമിടയില്‍ ധാരണയുണ്ടായിരുന്നു എന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

എന്തുകൊണ്ടാണ് ഉരുക്കുമനുഷ്യന്‍ കശ്മീര്‍ പാകിസ്ഥാന് നല്‍കുന്നതിനെ അനുകൂലിച്ചത്? പട്ടേലിന്റെ തികഞ്ഞ പ്രായോഗികത്വമാണതിനു കാരണമെന്ന് ഏതാണ്ടെല്ലാ ചരിത്രകാരന്മാരും വിശ്വസിക്കുന്നു. പട്ടേലിന് കശ്മീരുമായി വൈകാരികമായ അടുപ്പമുണ്ടായിരുന്നില്ല. പാകിസ്ഥാനോട് ചേര്‍ന്നുകിടക്കുന്ന മുസ്‌ലിം ഭൂരിപക്ഷ പ്രദേശം ഇന്ത്യക്ക് പ്രശ്‌നകേന്ദ്രമാകുമെന്ന് അദ്ദേഹം ചിലപ്പോള്‍ കരുതിയിരിക്കാം. എന്നാല്‍ പാകിസ്ഥാന്‍ ജമ്മുവിനെയും കശ്മീരിനെയും ബലപ്രയോഗത്താല്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പട്ടേല്‍ ശക്തിയായി ആഞ്ഞടിക്കുകയും ചെയ്തു.

ഇന്ത്യയുടെ പാകിസ്ഥാനുമായുള്ള 1947-48 ലെ ആദ്യയുദ്ധം ഐക്യരാഷ്ട്ര സഭ അടിച്ചേല്‍പിച്ച വെടിനിര്‍ത്തലിലും ജമ്മുകശ്മീരിന്റെ വിഭജനത്തിലും അവസാനിച്ചു. ബ്രിട്ടന്‍ പാകിസ്ഥാനെ അന്യായമായി സഹായിച്ച യുദ്ധം കൂടിയാണത്. സ്വാതന്ത്ര്യം ലഭിച്ചെങ്കിലും ഇരു രാഷ്ട്രങ്ങളുടെയും സൈന്യങ്ങള്‍ നിയന്ത്രിച്ചിരുന്നത് ബ്രിട്ടീഷുകാരായിരുന്നല്ലോ. ജമ്മുവും കശ്മീരും ഇന്ത്യന്‍ നിയന്ത്രണത്തില്‍ എത്തുന്നതു വരെ യുദ്ധം തുടരണമെന്ന് പട്ടേല്‍ വാദിച്ചിരുന്നു.

പാകിസ്ഥാന്‍ അധിനിവേശ കശ്മീര്‍(POK) ഭാരതത്തിന്റെ അവിഭാജ്യ ഘടകമാണെന്നാണ് ഏതാണ്ടെല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ബി.ജെ.പിയും വാദിക്കുന്നത്. എന്നാല്‍ ജഛഗ തിരിച്ചുപിടിക്കുന്നതെങ്ങിനെ എന്ന കാര്യത്തില്‍ യാതൊരു പ്രവര്‍ത്തനതന്ത്രവും ഇവര്‍ക്കാര്‍ക്കുമില്ല. നയതന്ത്രജ്ഞനായ ചന്ദ്രശേഖര്‍ ദാസ് ഗുപ്ത തന്റെ വാര്‍ ആന്റ് ഡിപ്ലോമസി ഇന്‍ കശ്മീര്‍ എന്ന പുസ്തകത്തില്‍ പട്ടേല്‍ കശ്മീരില്‍ ജനഹിത പരിശോധനയ്ക്ക് എതിരായിരുന്നില്ലെന്ന് എഴുതിയിട്ടുണ്ട്. പൂഞ്ച് പ്രവിശ്യയില്‍ നിന്ന് സൈന്യത്തെ പൂര്‍ണമായും ജനഹിത പരിശോധനക്കായി പിന്‍വലിക്കാന്‍ പോലും അദ്ദേഹം തയാറായിരുന്നു. കശ്മീരില്‍ സൈനിക മുന്നേറ്റത്തിലൂടെയുള്ള പ്രശ്‌ന പരിഹാരത്തിന് നെഹ്‌റുവും പട്ടേലും തയാറായിരുന്നില്ലെന്ന് പാകിസ്ഥാനില്‍ ഇന്ത്യയുടെ നയതന്ത്ര പ്രതിനിധിയായിരുന്ന ടി.സി.എസ് രാഘവന്‍ എഴുതിയിട്ടുണ്ട്.

എന്നാല്‍ പ്രധാനമന്ത്രിയെ ഇതെല്ലാം പഠിപ്പിക്കാന്‍ നാം മിനക്കെടുന്നതെന്തിന്? കഴിഞ്ഞുപോയ കാര്യങ്ങളെ കുറിച്ചോ മണ്‍മറഞ്ഞ വ്യക്തികളെ കുറിച്ചോ ഉള്ള അക്കാദമിക സംവാദമല്ല ഇത്. സമകാലികവും ഗൗരവതരവുമായ കശ്മീര്‍ പ്രശ്‌നത്തിന് പരിഹാരം തേടേണ്ടതിനെ കുറിച്ചുള്ള സംവാദമാണിത്. ആയിരങ്ങളുടെ ജീവന്‍ പൊലിഞ്ഞുകൊണ്ടേയിരിക്കുകയാണ്. അങ്ങേയറ്റം തീവ്രമായ അപമാനത്തിനും മനുഷ്യത്വമില്ലായ്മക്കും വേദിയാണ് കശ്മീര്‍. കശ്മീരിനെ കുറിച്ചും പാകിസ്ഥാനെ കുറിച്ചുമുള്ള മോഡി സര്‍ക്കാറിന്റെ ആശയക്കുഴപ്പം ഫലമുണ്ടാക്കില്ല.
ഇന്ത്യയും പാകിസ്ഥാനും പട്ടേലില്‍ നിന്ന് പഠിക്കേണ്ടത് പ്രായോഗികതയും വിട്ടുവീഴ്ചാ മനോഭാവവും കശ്മീര്‍ പ്രശ്‌നത്തിന് സ്ഥായിയായ പരിഹാരം കണ്ടെത്താനുള്ള മനസുമാണ്. സമാധാനം നിലനിര്‍ത്താനായി കശ്മീര്‍ പാകിസ്ഥാനു കൈമാറാന്‍ പോലും തയാറായ നേതാവണദ്ദേഹം.

കശ്മീരിലെ ഒരിഞ്ചുഭൂമി പോലും ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന് പറയുന്ന രാജ്യസ്‌നേഹികള്‍ക്ക് പ്രായോഗികത എന്താണെന്നറിയില്ല. അവര്‍ അവരുടെ ഇഷ്ടനായകനായ പട്ടേലിന്റെ വാക്കുകളെങ്കിലും ശ്രവിച്ചാല്‍ നന്നായിരിക്കും. യഥാര്‍ത്ഥ്യങ്ങളെ അവഗണിക്കുന്നത് മൂഢതയാണ്. വസ്തുതകളെ മികച്ച രീതിയില്‍ അഭിമുഖീകരിച്ചില്ലെങ്കില്‍ അവ പ്രതികാരം ചെയ്യും.

(മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പെയിയുടെ ഉപദേശകനായിരുന്നു ലേഖകന്‍)

You must be logged in to post a comment Login