കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

കേന്ദ്ര സര്‍വകലാശാലകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം

കാസര്‍കോട്ടെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള ഉള്‍പ്പെടെ രാജ്യത്തെ 10 കേന്ദ്ര യൂണിവേഴ്‌സിറ്റികളിലും ബംഗളൂരുവിലെ ഡോ.ബി.ആര്‍. അംബേദ്കര്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും അഡ്മിഷന് പൊതുപ്രവേശന പരീക്ഷ നടത്തുന്നു. സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റീസ് കോമണ്‍ എന്‍ട്രന്‍സ് ടെസ്റ്റ് (സി.യു.സി.ഇ.ടി.) എന്നാണീ പരീക്ഷയുടെ പേര്. ഇന്റഗ്രേറ്റഡ്, ബിരുദ, ബിരുദാനന്തര കോഴ്‌സുകളിലേക്കും റിസര്‍ച്ച് പ്രോഗ്രാമുകളിലേക്കുമാണ് അഡ്മിഷന്‍. ഇന്റഗ്രേറ്റഡ് ബി.എ./ബി.എസ്‌സി., ബി.എഡ്., ഇന്റഗ്രേറ്റഡ് എം.എ., ഇന്റഗ്രേറ്റഡ് എം.ബി.എ., ഇന്റഗ്രേറ്റഡ് എം.ടെക്, ഇന്റഗ്രേറ്റഡ് എം.എസ്‌സി. ബി.എഡ്., ഇന്റഗ്രേറ്റഡ് ലോ, എംഎ, എം.എല്‍.ഐ.എസ്. സി., എം.എ./ എം.എസ്‌സി. ഇന്‍ ആന്ത്രപ്പോളജി, എം.എ./ എം.എസ്‌സി. ഇന്‍ മാതമാറ്റിക്‌സ്, എം.എസ്‌സി. ടെക് ഇന്‍ മാതമാറ്റിക്‌സ്, എം.കോം., എം.ഫാം, എം.എ./ എം.എസ്‌സി. സ്റ്റാറ്റിസ്റ്റിക്‌സ്, എം.ആര്‍ക്. പ്രോഗ്രാം, എം.ബി.എ., എം.ടെക്, പി.എച്ച്.ഡി., ബി.എഡ്., എം.എഡ്., ഇന്റഗ്രേറ്റഡ് എം.ഫില്‍/പി.എച്ച്.ഡി., എം.ഫില്‍, എല്‍.എല്‍.എം., ഇന്റഗ്രേറ്റഡ് എം.ഫാം/ പി.എച്ച്.ഡി. പ്രോഗ്രാമുകളാണ് വിവിധ യൂണിവേഴ്‌സിറ്റികള്‍ നല്‍കുന്നത്. രാജസ്ഥാന്‍ കേന്ദ്ര യൂണിവേഴ്‌സിറ്റിക്കാണ് ഇത്തവണത്തെ പരീക്ഷാ നടത്തിപ്പിന്റെ ചുമതല.

കാസര്‍കോട്ടെ സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരളയിലെ കോഴ്‌സുകളുടെ വിശദാംശങ്ങള്‍. കോഴ്‌സ്, സീറ്റുകളുടെ എണ്ണം, യോഗ്യത ക്രമത്തില്‍.
ബി.എ. (ഇന്റര്‍നാഷണല്‍ റിലേഷന്‍സ്): 40സിറ്റ്, പ്ലസ്ടുവിന് 50 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. പ്രായം 2018 ജൂലൈ ഒന്നിന് 19 കവിയരുത്.

എം.എ. (ഇക്കണോമിക്‌സ്, ഇംഗ്ലീഷ് ആന്റ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ലിംഗ്വിസ്റ്റിക്‌സ് ആന്റ് ലാംഗ്വേജ് ടെക്‌നോളജി, ഹിന്ദി ആന്‍ഡ് കംപാരറ്റീവ് ലിറ്ററേച്ചര്‍, ഇന്റര്‍ നാഷണല്‍ റിലേഷന്‍സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ്, മലയാളം, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് പോളിസി സ്റ്റഡീസ്), എം.എസ്.ഡബ്ല്യൂ. ഓരോ കോഴ്‌സിനും 26 സീറ്റുകള്‍ വീതം. ഏതെങ്കിലും വിഷയത്തില്‍ 50 ശതമാനം മാര്‍ക്കോടെ ബിരുദമാണു യോഗ്യത. പ്രായം 2018 ജൂലായ് ഒന്നിന് 25 കവിയരുത്. എം.എഡിന് 50 സീറ്റുകളുണ്ട്. ബന്ധപ്പെട്ട വിഷയത്തില്‍ ബി.എഡ്. ആണു യോഗ്യത. കുറഞ്ഞത് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.

എം.എസ്‌സി. (ബയോ കെമിസ്ട്രി ആന്‍ഡ് മോളിക്യുളാര്‍ ബയോളജി): 20 സീറ്റുകളാണുള്ളത്. കെമിസ്ട്രി, ബയോകെമിസ്ട്രി പഠിച്ച് 55 ശതമാനം മാര്‍ക്കോടെ ബി.എസ്‌സി. നേടിയവര്‍ക്ക് അപേക്ഷിക്കാം.

എം.എസ്‌സി. (കെമിസ്ട്രി): 16 സീറ്റ്. കെമിസ്ട്രി പ്രധാന വിഷയമായി പഠിച്ച് 55 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയിരിക്കണം. എം.എസ്‌സി. (കംപ്യൂട്ടര്‍ സയന്‍സ്): 20 സീറ്റ്. ബിഎസ്‌സി കംപ്യൂട്ടര്‍ സയന്‍സ്, ബി.സി.എ., ബിടെക് കംപ്യൂട്ടര്‍ സയന്‍സ് പഠിച്ച് 55 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവരായിരിക്കണം അപേക്ഷകര്‍.

എം.എസ്‌സി. (എന്‍വയണ്‍മെന്റല്‍ സയന്‍സ്): 20 സീറ്റ്. സയന്‍സ്, എന്‍ജിനിയറിങ്, അഗ്രിക്കള്‍ച്ചറല്‍ സയന്‍സ്, ജിയോളജി, ജ്യോഗ്രഫി എന്നിവയില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്ക് അപേക്ഷിക്കാം.

എം.എസ്‌സി. (ജിനോമിക് സയന്‍സ്): 20 സീറ്റ്. ബയോ ടെക്‌നോളജി, ബയോ കെമിസ്ട്രി പഠിച്ച് 55 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയിരിക്കണം.

എം.എസ്‌സി. (മാത്തമാറ്റിക്‌സ്): 26 സീറ്റ്. മാത്തമാറ്റിക്‌സില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദം.
എം.എസ്‌സി. (പ്ലാന്റ് സയന്‍സ്): 20 സീറ്റ്. ബോട്ടണി അല്ലങ്കില്‍ പ്ലാന്റ് സയന്‍സ് മുഖ്യവിഷയമായി പഠിച്ച് 55 ശതമാനം മാര്‍ക്കോടെ ബിരുദം.

എം.എസ്‌സി. (ഫിസിക്‌സ്): 20 സീറ്റ. ഫിസിക്‌സില്‍ 55 ശതമാനം മാര്‍ക്കോടെ ബിരുദം. എം.എസ്‌സി. കോഴ്‌സുകള്‍ക്ക് പ്രായം 2018 ജൂലൈ ഒന്നിന് 25 കവിയരുത്.
എല്‍.എല്‍.എം.: 30 സീറ്റ്. നിയമ ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

മാസ്റ്റര്‍ ഓഫ് പബ്ലിക് ഹെല്‍ത്ത്: 30 സീറ്റ്. എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എസ്‌സി. നഴ്‌സിങ്, ബി.ടെക്, ബി.ഫാം, ഫിസിയോതെറാപ്പി, ബി.എ.എം.എസ്., വെറ്ററിനറി സയന്‍സ് എന്നിവയില്‍ ബിരുദം നേടിയവര്‍ക്കും എം.എസ്.ഡബ്ല്യു, ഇക്കണോമിക്‌സ് പോളിസി സയന്‍സ്, സോഷ്യോളജി, ന്യൂട്രീഷന്‍, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, സൈക്കോളജി എന്നിവയില്‍ ബിരുദാനന്തര ബിരുദം നേടിയവര്‍ക്കും അപേക്ഷിക്കാം.

ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിഎ കോഴ്‌സിന് പ്ലസ്ടുക്കാര്‍ക്ക് അപേക്ഷിക്കാം.
മറ്റ് കേന്ദ്രസര്‍വകലാശാലകളുടെ കോഴ്‌സുകളറിയാന്‍ അതത് യൂണിവേഴ്‌സിറ്റികളുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

കാസര്‍ഗോഡ്, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, കൊച്ചി, കണ്ണൂര്‍, കോട്ടയം, പാലക്കാട്, തൃശൂര്‍, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രങ്ങളുണ്ടാകും. ഓണ്‍ലൈനായി മാര്‍ച്ച് 26 വരെ അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് പരമാവധി മൂന്ന് യൂണിവേഴ്‌സിറ്റികളിലേക്ക് മൂന്നു കോഴ്‌സുകള്‍ക്കു വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ്: 800 രൂപ. പട്ടിക ജാതിവര്‍ഗക്കാര്‍ക്ക് 350 രൂപ. അംഗപരിമിതര്‍ക്ക് അപേക്ഷാ ഫീസ് ഇല്ല. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പ്രവേശന പരീക്ഷയില്‍ നെഗറ്റീവ് മാര്‍ക്ക് ഉണ്ട്. ഏപ്രില്‍ 28,29 തീയതികളില്‍ രാവിലെ, ഉച്ചക്ക്, വൈകുന്നേരം എന്നിങ്ങനെയാണു വിവിധ വിഷയങ്ങളുടെ പരീക്ഷാക്രമം. പരീക്ഷക്ക് രണ്ടു പാര്‍ട്ട് ഉണ്ടായിരിക്കും. പാര്‍ട്ട് ഒന്ന് ഇംഗ്ലീഷ്, ജനറല്‍ അവേര്‍നെസ്, മാതമാറ്റിക്കല്‍ ആപ്റ്റിറ്റിയൂഡ്, അനലിറ്റിക്കല്‍ സ്‌കില്‍. പാര്‍ട്ട് രണ്ടിലായിരിക്കും വിഷയവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍.

കൂടുതല്‍ വിവരങ്ങള്‍ക്ക് www.cukerala.ac.in എന്ന വെബ്‌സൈറ്റ് കാണുക.

സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയില്‍ പി.ജി. പഠിക്കാം
ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്യാട്രിയില്‍ വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി., എം.ഫില്‍, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കില്‍ എം.ഫില്‍, സൈക്യാട്രിക് നഴ്‌സിങില്‍ ഡിപ്ലോമ കോഴ്‌സുകള്‍ക്കാണ് അപേക്ഷിക്കാവുന്നത്.

ക്ലിനിക്കല്‍ സൈക്കോളജിയില്‍ പി.എച്ച്.ഡി.: സൈക്കോളജിയില്‍ എം.എയോ എം.എസ്‌സിയോ ഉള്ളവര്‍ക്കു മൂന്നു വര്‍ഷവും എം.ഫില്‍ ഉള്ളവര്‍ക്ക് രണ്ടു വര്‍ഷവുമാണു കോഴ്‌സിന്റെ കാലാവധി. സൈക്കോളജിയില്‍ ഫസ്റ്റ് ക്ലാസ് മാസ്റ്റേഴ്‌സ് ബിരുദം അല്ലെങ്കില്‍ എം.ഫില്‍ ആണ് അപേക്ഷിക്കാനുള്ള യോഗ്യത. സീറ്റുകളുടെ എണ്ണം നാല്.

ക്ലിനിക്കല്‍ സൈക്കോളജിയില്‍ എം.ഫില്‍: രണ്ടു വര്‍ഷത്തെ കോഴ്‌സിന് സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. സീറ്റുകളുടെ എണ്ണം 12.
എം.ഫില്‍ ഇന്‍ സൈക്യാട്രിക് സോഷ്യല്‍ വര്‍ക്ക്: 50 ശതമാനം മാര്‍ക്കോടെ എം.എ. സോഷ്യോളജിയോ എം.എസ്.ഡബ്ല്യുവോ പാസായവര്‍ക്ക് അപേക്ഷിക്കാം. രണ്ടു വര്‍ഷമാണു കോഴ്‌സിന്റെ കാലാവധി. സീറ്റുകളുടെ എണ്ണം 12.

മൂന്നു കോഴ്‌സുകള്‍ക്കും ഷോര്‍ട്ട് ലിസ്റ്റ് ചെയ്യുന്നവരില്‍ നിന്ന് എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആദ്യ രണ്ടു കോഴ്‌സുകള്‍ക്ക് പ്രതിമാസം 8000 രൂപ സ്‌കോളര്‍ഷിപ് ലഭിക്കും. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരീക്ഷക്ക് 100 മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളാകും ഉണ്ടാകുക. ബിരുദാനന്തര ബിരുദ നിലവാരത്തിലുള്ളതായിരിക്കും ചോദ്യങ്ങള്‍. ഏപ്രില്‍ എട്ടു മുതല്‍ 12 വരെ എഴുത്തു പരീക്ഷ, ഇന്റര്‍വ്യൂ, പ്രാക്ടിക്കല്‍ ടെസ്റ്റ് എന്നിവ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കും.

ഡിപ്ലോമ ഇന്‍ സൈക്യാട്രിക് നഴ്‌സിംഗ്: നഴ്‌സിംഗില്‍ എ ഗ്രേഡ് സര്‍ട്ടിഫിക്കറ്റോ ജനറല്‍ നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറിയില്‍ ഡിപ്ലോമയോ ഉള്ളവര്‍ക്ക് അപേക്ഷിക്കാം. സ്റ്റാഫ് നഴ്‌സായി രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. ഒരു വര്‍ഷമാണ് കോഴ്‌സിന്റെ കാലാവധി. ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണു തിരഞ്ഞെടുപ്പ്. പ്രതിമാസം 2500 രൂപ സ്‌റ്റൈപന്‍ഡ് ലഭിക്കും. സീറ്റുകളുടെ എണ്ണം 18.

ജനറല്‍ വിഭാഗത്തിനു 400 രൂപയും സംവരണ വിഭാഗങ്ങള്‍ക്ക് 300 രൂപയുമാണ് അപേക്ഷാ ഫീസ്. മാര്‍ച്ച് 15നകം ഓണ്‍ലൈനായി അപേക്ഷിച്ച ശേഷം പ്രിന്റൗട്ട് എടുത്ത് അപേക്ഷാ ഫീസ് സഹിതം മാര്‍ച്ച് 20നകം ഡയറക്ടറുടെ പേരില്‍ അയച്ചു കൊടുക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.cipranchi.nic.in.

കാര്‍ഷിക സര്‍വകലാശാലയില്‍ എം.ബി.എ.
കേരള കാര്‍ഷിക സര്‍വകാലാശാല അഗ്രി ബിസിനസ് മാനേജ്‌മെന്റില്‍ എം.ബി.എ. കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. വെള്ളാനിക്കര കോ-ഓപ്പറേഷന്‍, ബാങ്കിങ് ആന്റ് മാനേജ്‌മെന്റില്‍ നടത്തുന്ന കോഴ്‌സിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് 24. അപേക്ഷയുടെ പ്രിന്റൗട്ട് മതിയായ രേഖകള്‍ സഹിതം ഏപ്രില്‍ അഞ്ചിനകം രജിസ്ട്രാര്‍ക്ക് ലഭിക്കത്തക്കവിധം അയക്കണം. അപേക്ഷാ ഫീസ് 750 രൂപ. പട്ടിക ജാതി, വര്‍ഗക്കാര്‍ക്ക് 375 രൂപ.
കെ-മാറ്റ്/ സി-മാറ്റ്/ക്യാറ്റ് സ്‌കോറിന്റെ അടിസ്ഥാനത്തില്‍ അഭിമുഖവും ഗ്രൂപ്പ് ചര്‍ച്ചയും നടത്തിയാണ് തിരഞ്ഞെടുപ്പ്. ആകെ 40 സീറ്റുകളാണുള്ളത്. കാര്‍ഷിക ബിരുദധാരികള്‍ക്കും മറ്റു പ്രഫഷണല്‍ ബിരുദമുള്ളവര്‍ക്കും അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം. സംവരണ വിഭാഗങ്ങള്‍ക്ക് ഇളവുണ്ട്. എസ്.എസ്.എല്‍.സി. മുതല്‍ എല്ലാ കോഴ്‌സുകള്‍ക്കും 60 ശതമാനം മാര്‍ക്ക് വാങ്ങി ജയിച്ചവരായിരിക്കണം. ഗ്രൂപ്പ് ചര്‍ച്ചയും അഭിമുഖവും ഏപ്രില്‍ 19, 20, 21 തീയതികളില്‍ നടക്കും.

ഒരു സെമസ്റ്ററില്‍ 25000 രൂപയാണ് ട്യൂഷന്‍ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.admissions.kau.in/ www.kau.in. എന്ന വെബ്‌സൈറ്റ് കാണുക.

രാജഗിരിയില്‍ മാനേജ്‌മെന്റ് കോഴ്‌സുകളില്‍ പ്രവേശനം
കൊച്ചിയിലെ രാജഗിരി സെന്റര്‍ ഫോര്‍ ബിസിനസ് സ്റ്റഡീസില്‍ എം.ബി.എ., പി.ജി.ഡി.എം., എം.എച്ച്.ആര്‍.എം., ഇന്റര്‍നാഷണല്‍ എംബിഎ കോഴ്‌സുകളിലേക്ക് അടുത്ത മാസം 15വരെ അപേക്ഷിക്കാം. ക്യാറ്റ്, സി-മാറ്റ്, കെ-മാറ്റ് ഫലങ്ങള്‍ എല്ലാ കോഴ്‌സുകളിലേക്കും മാറ്റ് ഫലം പി.ജി.ഡി.എം., എം.എച്ച്.ആര്‍.എം. എന്നീ കോഴ്‌സുകളിലേക്കും പരിഗണിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് www.rcbs.rajagiri.edu എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഇ-മെയില്‍: admission@rajagiri.edu. ഫോണ്‍: 04842660601 / 9645081287

റീഹാബിലിറ്റേഷന്‍ സൈക്കോളജിയില്‍ പി.ജി ഡിപ്ലോമയ്ക്ക് അപേക്ഷിക്കാം
കാലിക്കറ്റ് സര്‍വകലാശാലാ സൈക്കോളജി പഠനവകുപ്പിലെ പി.ജി. ഡിപ്ലോമ ഇന്‍ റീഹാബിലിറ്റേഷന്‍ സൈക്കോളജി (പി.ജി.ഡി.ആര്‍.പി.) കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്‌സിന് പത്ത് സീറ്റുകളാണ് ഉള്ളത്. യോഗ്യത: 55 ശതമാനം മാര്‍ക്കോടെ കാലിക്കറ്റ് സര്‍വകലാശാല/തത്തുല്യ സൈക്കോളജി പി.ജി. എസ്.സി.,എസ്.ടി., ഒ.ബി.സി. വിഭാഗക്കാര്‍ക്ക് 50 ശതമാനം മാര്‍ക്ക് മതി. മാര്‍ച്ച് 17ന് നടക്കുന്ന പ്രവേശന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. അപേക്ഷാ ഫീസ് 300 രൂപ. സംവരണ വിഭാഗത്തിന് 100 രൂപ. വിവരങ്ങള്‍ സര്‍വകലാശാലാ വെബ്‌സൈറ്റില്‍. ഫോണ്‍: 9447832329. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി: മാര്‍ച്ച് 12.

റസല്‍
thozhilvazhikal@gmail.com

You must be logged in to post a comment Login