മാറ്റിനിര്‍ത്തപ്പെട്ടവരുടെ ശബ്ദം മുഴങ്ങുന്നുണ്ട്

മാറ്റിനിര്‍ത്തപ്പെട്ടവരുടെ ശബ്ദം മുഴങ്ങുന്നുണ്ട്

അട്ടപ്പാടിയില്‍ മധു എന്ന ആദിവാസി യുവാവിനെ ചിലര്‍ അടിച്ചുകൊന്നതിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ നിറഞ്ഞുനില്‍ക്കുമ്പോഴാണ് ഇതെഴുതുന്നത്. അങ്ങനെയൊരു പ്രതിഷേധം രൂപപ്പെടുന്നു എന്നത് അല്‍പം അതിശയോക്തി കലര്‍ത്തി തന്നെ പറയേണ്ടതാണ്. എന്തുകൊണ്ട്? ആദിവാസികളെ നമ്മ ളിലൊരാളായി പരിഗണിക്കാന്‍ നമ്മളിപ്പോഴും പാകപ്പെട്ടിട്ടില്ല എന്നതാണുത്തരം. അതുകൊണ്ട് തന്നെ അവര്‍ എന്നും നമ്മുടെ ജീവിതവ്യവഹാരങ്ങള്‍ക്ക് പുറത്തുള്ളവരാണ് എന്നാണ് നമ്മുടെ വെപ്പ്. നമ്മള്‍ പരിഷ്‌കൃതര്‍ മാറ്റി നിര്‍ത്തിയവര്‍. ഭൂമിക്ക് വേണ്ടിയുള്ള അവരുടെ ആവശ്യങ്ങള്‍ക്ക് ഇപ്പോഴും ചെവികൊടുക്കുന്നില്ലല്ലോ നമ്മള്‍. അവരുടെ കാട് കൂടി കയ്യേറി റിസോര്‍ട്ടുകളും സാമ്രാജ്യങ്ങളും പണിയാന്‍ നമുക്ക് മടിയേതുമില്ല. അവര്‍ക്ക് വേണ്ടി നമ്മള്‍ പടച്ചുണ്ടാക്കിയ നിയമങ്ങളാകട്ടെ അവരെ വഞ്ചിക്കാന്‍ മാത്രമേ ഉപകരിച്ചിട്ടുള്ളൂ. നീതിക്ക് വേണ്ടിയുള്ള അവരുടെ നില്‍പ് സമരങ്ങള്‍ പോലും നമുക്കൊരു തമാശയായിരുന്നു! അന്തിയുറങ്ങാന്‍ ഒരു കൂര, കൃഷി ചെയ്യാന്‍ ഭൂമി- അവരുടെ ആവശ്യങ്ങളിപ്പോഴും അന്തരീക്ഷത്തിലാണ്. അതുകൊണ്ട് കൂടിയാണ് വിശപ്പ് സഹിക്കവയ്യാതെ അവര്‍ക്ക് നമ്മുടെ അടുക്കളപ്പാത്രത്തിലേക്ക് കയ്യിടേണ്ടി വരുന്നത്.

പൊതുബോധത്തിന്റെ നടത്തിപ്പുകാര്‍
ബ്രാഹ്മണിക്കല്‍ മൂല്യബോധത്തെയാണ് പൊതുബോധം എന്ന് എക്കാലവും നമ്മള്‍ വിളിച്ചുപോന്നത്. കലോത്സവങ്ങള്‍ മുതല്‍ റോഡ് ഉദ്ഘാടനം വരെയും നടക്കാറുള്ളത് പൂജയും ഹോമവും നടത്തിയാണ്. അപകടകരമാണ് ഈ പൊതുബോധം. ഏത് തെറ്റിനും മതങ്ങളെ പഴി ചാരുന്ന മതനിരാസ രാഷ്ട്രീയ പ്രത്യയശാസ്ത്രത്തിനു പോലും ഇതില്‍ നിന്ന് പുറത്തുകടക്കാന്‍ കഴിയാറില്ല. ഒരര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഏതാണ്ടെല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളും ഈ പൊതുബോധത്തിന്റെ നടത്തിപ്പുകാരാണ് എന്ന് പറയുന്നത് തെറ്റാകില്ല.
ബ്രാഹ്മണിക്കല്‍ അധീശത്വബോധം വരച്ചിട്ട നിയന്ത്രണരേഖയില്‍ വട്ടം കറങ്ങുകയാണ് രാജ്യമൊന്നടങ്കം. കൊളോണിയല്‍ വിരുദ്ധതയുടെ അടിത്തറയില്‍ വികാസം പ്രാപിച്ചുവന്ന ഇന്ത്യന്‍ മതേതരത്വം പോലും അവ്വിധം പരുവപ്പെടുത്താന്‍ ദേശീയ നേതൃത്വത്തിലുണ്ടായിരുന്ന സവര്‍ണ ബിംബങ്ങള്‍ക്ക് സാധിച്ചു. പ്രബുദ്ധതയുടെ ആകാശഗോപുരങ്ങള്‍ കയറിയെന്നവകാശപ്പെടുന്ന കേരളം പോലും അതില്‍ നിന്ന് ഭിന്നമല്ല എന്നിടത്താണ് മാറ്റി നിര്‍ത്തപ്പെട്ടവരെ കുറിച്ചുള്ള വിചാരങ്ങള്‍ക്ക്, അതിലെ രാഷ്ട്രീയവും സാമൂഹികവുമായ ഉള്ളടക്കത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് പ്രസക്തി കൈവരുന്നത്.

മതേതര ഇടര്‍ച്ചകള്‍
മാറ്റിനിര്‍ത്തലുകളുടെ വംശീയവും രാഷ്ട്രീയവുമായ അജണ്ടകള്‍ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നതിലും പ്രതിരോധം തീര്‍ക്കുന്നതിലും ഇന്ത്യയിലെ മതേതര, കീഴാള പ്രസ്ഥാനങ്ങള്‍ വലിയ പരാജയമാണ് എന്ന് പറയാതെ വയ്യ. ഗുജറാത്ത് തിരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ഗാന്ധിയുടെ മതം ബി ജെ പി പ്രശ്‌നവത്കരിച്ചല്ലോ. തന്റെ മതേതരമായ അസ്തിത്വം അഭിമാനത്തോടെ പ്രഖ്യാപിക്കുന്നതിനുള്ള അവസരമായി അതുപയോഗപ്പെടുത്തുന്നതിന് പകരം താനൊരു ശുദ്ധ ഹിന്ദു ബ്രാഹ്മിന്‍ ആണെന്ന് സ്ഥാപിക്കാനാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ശ്രമിച്ചത്. ഉറച്ച മതേതരവാദികള്‍ പോലും നിര്‍ണായക ഘട്ടങ്ങളില്‍ ഇങ്ങനെ പതറിപ്പോകുന്നത് എന്തുകൊണ്ടാണ്? പൊതുബോധം എങ്ങനെയാണ് നമ്മുടെ രാഷ്ട്രബോധമായി മാറുന്നത്?
1990 ലേക്ക് പോവുക. മണ്ഡല്‍ കമ്മീഷന്‍ ശിപാര്‍ശപ്രകാരം സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനങ്ങളില്‍ 27% ജോലി സംവരണം ചെയ്യാന്‍ ഗവണ്മെന്റ് തീരുമാനിച്ചിരിക്കുന്നുവെന്ന് ആഗസ്ത് ഏഴിന് പ്രധാനമന്ത്രി വി പി സിംഗ് പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുന്നു. അതേതുടര്‍ന്ന് രാജ്യമൊട്ടുക്കും മണ്ഡല്‍ വിരുദ്ധ പ്രക്ഷോഭം ആളിക്കത്തി. ഡല്‍ഹിയില്‍ വിദ്യാര്‍ത്ഥികള്‍ തെരുവിലിറങ്ങി. ജനജീവിതം സ്തംഭിച്ചു. രാജ്യത്തിന്റെ പലഭാഗങ്ങളിലും സമരക്കാര്‍ പൊലീസുമായി ഏറ്റുമുട്ടി. ചിലയിടങ്ങളില്‍ പട്ടാളമിറങ്ങി. തലസ്ഥാനത്ത് സുരീന്ദര്‍ സിങ് ചൗഹാന്‍ എന്ന വിദ്യാര്‍ത്ഥി സെപ്തംബര്‍ 19 ന് ജനമധ്യത്തില്‍ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു, സെപ്തംബര്‍ 25 ന് ആശുപത്രിയില്‍ മരിച്ചു. വി പി സിംഗ് നിലപാടില്‍ ഉറച്ചുനിന്നു. ഭരണക്ഷി പിളര്‍ന്നു, സര്‍ക്കാര്‍ നിലംപൊത്തി. ഇത്രയും ചരിത്രം. ഇനി ശേഷ ഭാഗം: 1984ല്‍ രണ്ടു അംഗങ്ങളുമായി പാര്‍ലമെന്റിന്റെ മൂലയില്‍ നിലയുറപ്പിച്ച ബി ജെ പി 120 അംഗ കക്ഷിയായി സംവരണ പ്രക്ഷോഭാനന്തര തിരഞ്ഞെടുപ്പില്‍ (1991) ജയിച്ചുകയറി. ഉത്തര്‍പ്രദേശില്‍ തിളക്കമുള്ള വിജയവുമായി കല്യാണ്‍ സിംഗ് സര്‍ക്കാര്‍ വന്നു. സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ക്ഷയിച്ചു. 1992ല്‍ ബാബരി മസ്ജിദ് തച്ചുതകര്‍ത്തു. 1996ല്‍ ബി ജെ പിയുടെ ആദ്യ സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറി. ഒരു പ്രക്ഷോഭം കൊണ്ട് ബി ജെ പി താണ്ടിക്കടന്ന രാഷ്ട്രീയദൂരങ്ങള്‍ ചെറുതല്ല. ഇന്ത്യയുടെ പൊതുബോധം എക്കാലവും കീഴാള വിരുദ്ധമായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു മണ്ഡല്‍ വിരുദ്ധ സമരത്തിന് ലഭിച്ച സ്വീകാര്യതയും തുടര്‍ന്നുണ്ടായ ബി ജെ പി വളര്‍ച്ചയും. അങ്ങനെയൊരു ഘട്ടത്തില്‍ ധീരമായ തീരുമാനം കൈകൊള്ളാന്‍ ഇടതുപക്ഷത്തിന് പോലുമായില്ല. രാഷ്ട്രീയ പാര്‍ട്ടികളുമായി ആലോചിക്കാതെ തീരുമാനം പ്രഖ്യാപിച്ചതിന് അവര്‍ ലോക്‌സഭയില്‍ വി പി സിംഗിനെ കുറ്റപ്പെടുത്തുകയാണുണ്ടായത്. എന്നുമാത്രമല്ല, ഇടതുധാരയുടെ ഭാഗമായി നിലകൊള്ളുന്ന ബിപിന്‍ ചന്ദ്ര പോലുള്ള ചരിത്രകാരന്മാരും സാംസ്‌കാരിക പ്രവര്‍ത്തകരും സംവരണ വിരുദ്ധപ്രക്ഷോഭത്തെ പിന്തുണക്കാനും മുന്നോട്ടുവന്നു.

ഫാഷിസവും അപരവത്കരണവും
എന്തുകൊണ്ടാണ് ഇന്ത്യന്‍ ഫാഷിസം മുന്‍കാല അനുഭവങ്ങളില്‍ നിന്ന് (ഇറ്റലി, ജര്‍മന്‍) വ്യത്യസ്തമാകുന്നത്? ഇന്ത്യന്‍ ഫാഷിസത്തിന്റെ വേരാഴ്ന്നുകിടക്കുന്നത് ജാതിവ്യവസ്ഥയിലാണ്. ഇന്ത്യയുടെ ജാതിയനുഭവങ്ങളാകട്ടെ, പൗരാണിക കാലത്തോളം പഴക്കമുള്ളതാണ്. ജാതിയെ ഫാഷിസം എങ്ങനെ ഉപയോഗപ്പെടുത്തി എന്നറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉത്തര്‍പ്രദേശിനെ പഠനത്തിനെടുക്കാം. ഗൊരഖ്പൂരിലെ മഠാധിപതിയാണല്ലോ അവിടെ ഇപ്പോള്‍ ഭരിക്കുന്നത്. ദളിതരെ തൊട്ടാല്‍ കുളിക്കണമെന്നു ചിന്തിക്കുന്നയാളാണദ്ദേഹം. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ സൂക്ഷ്മതലത്തില്‍ നേരത്തെ തന്നെ ഫാഷിസം പ്രയോഗവത്കരിക്കപ്പെട്ട സംസ്ഥാനം എന്ന വിശേഷണവും യുപിക്കുണ്ട്. ഹിന്ദുക്കളെ പൊതുവായി സംബോധന ചെയ്യുന്നു എന്ന് തോന്നിക്കുമ്പോഴും ഉപരിവര്‍ഗ, ബ്രാഹ്മണിക്കല്‍ താല്‍പര്യങ്ങളെയാണ് ആര്‍ എസ് എസ് എന്നും സംരക്ഷിച്ചുപോന്നിട്ടുള്ളത്. സവര്‍ണരാണ് തങ്ങളെ ഭരിക്കേണ്ടത് എന്ന ചിന്ത അവിടത്തെ കീഴാളമനസുകളിലേക്ക് കടത്തിവിടുന്നതിലും അവര്‍ വിജയിച്ചിട്ടുണ്ട്. ജാതീയതയുടെ പുറന്തോടിനുള്ളില്‍ ഒളിച്ചിരുന്നു കൊണ്ടും ബ്രാഹ്മണേതരരെ കൂടി അംഗീകരിച്ചുമാണ് (വാക്കില്‍ മാത്രം) ഇന്ത്യന്‍ ഫാഷിസം അതിന്റെ പ്രയാണം തുടരുന്നത്. അതുകൊണ്ടാണ് മനുസ്മൃതി ചിന്താപദ്ധതിയായി കൊണ്ടുനടക്കുമ്പോള്‍ തന്നെ നേര്‍വിപരീത ദിശയില്‍ നിലകൊള്ളുന്ന അംബേദ്കറിന്റെ ആശയങ്ങളെ കുറിച്ച് അവര്‍ക്ക് പറയാന്‍ കഴിയുന്നത്.
എങ്കില്‍ പോലും ആഗോള ഫാഷിസത്തില്‍ നിന്ന് എല്ലാ അര്‍ത്ഥത്തിലും വ്യത്യസ്തമാണ് ഇന്ത്യന്‍ ഫാഷിസം എന്ന് പറയാനാകില്ല. ഉംബര്‍ട്ടോ എക്കോ ഉള്‍പ്പെടെ ചിന്തകന്മാര്‍ എണ്ണിപ്പറഞ്ഞ ലക്ഷണങ്ങളെല്ലാം ഇന്ത്യന്‍ ഫാഷിസത്തിനും ബാധകമാണ്. എല്ലാവരെയും ഉള്‍കൊള്ളുന്ന ഒരു സംവിധാനമായല്ല ഫാഷിസം രാഷ്ട്രത്തെ നിര്‍വചിക്കുന്നത് എന്ന് എക്കോ നിരീക്ഷിച്ചിട്ടുണ്ട്. പലരെയും പുറത്തുനിര്‍ത്തുന്നതാണ് അവരുടെ രാഷ്ട്ര സങ്കല്‍പം. ജര്‍മനിയിലത് യഹൂദരായിരുന്നു. ഇറ്റലിയില്‍ അടിസ്ഥാന ജനവിഭാഗവും. ഇന്ത്യയിലാകട്ടെ മാറ്റിനിര്‍ത്തപ്പെടുന്നത് ഏതെങ്കിലും പ്രത്യേക വിഭാഗം മാത്രമല്ല. ദളിതര്‍, മുസ്ലിംകള്‍, ക്രിസ്ത്യാനികള്‍, സ്ത്രീകള്‍, ജാതിയില്‍ താഴ്ന്നവര്‍, ‘മ്ലേച്ഛമായ’ തൊഴിലില്‍ ഏര്‍പ്പെട്ടവര്‍, ലൈംഗിക ന്യൂനപക്ഷങ്ങള്‍, അടിസ്ഥാന ജനവിഭാഗങ്ങള്‍.. അങ്ങനെ നീളും ആ പട്ടിക. (തൊഴിലിലെ മ്ലേച്ചവും മെച്ചവും തീരുമാനിക്കുന്നത് ജാത്യാധിഷ്ഠിത പൊതുബോധം തന്നെ) ദുര്‍ബലരോട് ഫാഷിസത്തിന് പുച്ഛമായിരിക്കുമെന്ന് എക്കോ പറഞ്ഞത് വെറുതെയല്ല.

അപരദ്വേഷം
അവനവനാത്മ സുഖത്തിനാചരിപ്പത്/അപരന്റെ സുഖത്തിനായി വരേണം എന്നെഴുതിയത് ശ്രീനാരായണ ഗുരുവാണ്. അപരന്റെ ക്ഷേമത്തില്‍ സന്തോഷം കണ്ടെത്താനുള്ള മനസ് കൈമോശം വരുമ്പോഴാണ് പരദ്വേഷവും ശത്രുതയും ഉള്ളില്‍ കൂടൊരുക്കി സ്ഥിരവാസമാരംഭിക്കുന്നത്. ഫാഷിസം അപരത്വത്തെ നിഷേധിക്കുകയും ‘ഏകത്വത്തെ’ ആഘോഷിക്കുകയും ചെയ്യുന്നു. തങ്ങള്‍ക്ക് മാത്രമാണ് നിലനില്‍ക്കാന്‍ അര്‍ഹതയുള്ളത് എന്ന ‘അഹംബോധ’മാണ് ഫാഷിസ്റ്റുകളെ നയിക്കുന്നത്. അവര്‍ക്കെപ്പോഴും ശത്രുവിനെ വേണം. സ്വന്തം അണികളെ യുദ്ധോല്‍ത്സുകരായി നിലനിര്‍ത്തുന്നതിന് അവര്‍ക്ക് ‘ശത്രു’ കൂടിയേ തീരൂ. തങ്ങളുടെ ചിന്താപദ്ധതിക്ക് പുറത്തുള്ളവരെ അപരരാക്കുന്നത് അതിനുവേണ്ടിയാണ്. ഇന്ത്യയില്‍ മുസ്ലിംകളും ദളിതരുമാണ് ഫാഷിസം മാറ്റിനിര്‍ത്തിയവരില്‍ രണ്ടു പ്രധാനവിഭാഗങ്ങള്‍.
സംഘ്പരിവാര്‍ ‘വിശുദ്ധ ഗ്രന്ഥമായി’ കരുതുന്ന മനുസ്മൃതി ശൂദ്രരെക്കുറിച്ച് പറയുന്നത് കാണുക:
‘പൂര്‍ണ്ണ മനഃസമാധാനത്തോടെ ഒരു ബ്രാഹ്മണന് ശൂദ്രന്റെ വസ്തുവഹകള്‍ കൈവശം വെക്കാവുന്നതാണ്. കാരണം ശൂദ്രന് അവന്റേതായി ഒന്നും ഉണ്ടാകാന്‍ പാടില്ല. അവന്റെ ധനം അവന്റെ യജമാനന് എടുക്കാവുന്നതാണ്.’

‘കഴിവുണ്ടെങ്കില്‍ പോലും ശൂദ്രന്‍ ധനം സമ്പാദിച്ച് വെക്കാന്‍ പാടില്ല. കാരണം ശൂദ്രന്‍ ധനം സമ്പാദിച്ച് വെക്കുന്നതുതന്നെ ബ്രാഹ്മണനെ മുറിപ്പെടുത്തും’.
‘ബ്രാഹ്മണ പുരോഹിതന്മാരോട് അവരുടെ ചുമതലയെ കുറിച്ച് ഗര്‍വോട്കൂടി ഒരു ശൂദ്രന്‍ ഉപദേശം നല്‍കിയാല്‍ രാജാവ് അവന്റെ വായിലേക്കും ചെവികളിലേക്കും തിളപ്പിച്ച എണ്ണ ഒഴിക്കാന്‍ കല്‍പിക്കണം.’

‘ശൂദ്രരെയും, വൈശ്യരെയും, ക്ഷത്രിയരെയും നിരീശ്വര വിശ്വാസികളെയും കൊല്ലുന്നത്‌പോലെ സ്ത്രീകളെയും കൊല്ലുന്നത് ലഘുവായ കുറ്റമേ ആകുന്നുള്ളൂ.’
ശങ്കരാചാര്യര്‍ എഴുതി എന്ന് വിശ്വസിക്കുന്ന ശാങ്കര സ്മൃതിയിലും കീഴാള വിരുദ്ധമായ പരാമര്‍ശങ്ങള്‍ ധാരാളമുണ്ട്.

‘ബ്രാഹ്ണാദികള്‍ ശൂദ്രാദികളെ തൊട്ടാല്‍ കുളിക്കണം/താണ ജാതിക്കാരെ അടുത്താലും കുളിക്കണം/താണ ജാതിക്കാര്‍ തൊട്ട ജലാശയങ്ങള്‍ തൊട്ടാല്‍ കുളിക്കണം/പുറത്തായ സ്ത്രീകളെ തൊട്ട സ്ത്രീകള്‍ കുളിച്ചിട്ടേ ഉണ്ണാവൂ/കൈക്കോളന്റെ വേല ബ്രാഹ്മണര്‍ ചെയ്യരുത്/വെളുത്തേടന്റെ വേല ബ്രാഹ്മണര്‍ ചെയ്യരുത്/ദേവപ്രതിമയെ ശൂദ്രാദികള്‍ തൊട്ടുകൂടാ’ (കേരളം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ – കേരള സാഹിത്യ അക്കാദമി)
ഈ കീഴാളവിരുദ്ധതയാണ് രാജ്യത്ത് ദളിതര്‍ക്ക് നേരെയുള്ള അതിക്രമമായും കൊലവിളിയായും മാറികൊണ്ടിരിക്കുന്നത്. ഗുജറാത്തില്‍ പശുവിന്റെ തൊലിയുരിഞ്ഞ ദളിത് യുവാക്കളെ കെട്ടിയിട്ട് മര്‍ദിച്ചത് (2016 ജൂലൈ 11) സംഘ്പരിവാരമായിരുന്നു. 2017 ലെ നവരാത്രി ഉത്സവത്തോടനുബന്ധിച്ചുള്ള ഗര്‍ബ കാണാനെത്തിയ ജയേഷ് സോളങ്കി എന്ന ദളിത് യുവാവ് ക്രൂരമായ മര്‍ദനത്തിനിരയായി കൊല്ലപ്പെട്ടത് ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണ്. രജപുത്രരെ പോലെ മീശ വച്ചതിന് പീയൂഷ് പര്‍മാര്‍, കൃനാല്‍ മഹേരി എന്നീ ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനമേറ്റതും ഗുജറാത്തില്‍ തന്നെ. പശുവിന്റെ ജഡം നീക്കാത്തതിന് ദളിത് കുടുംബത്തിന് നേരെ ആക്രമണമുണ്ടായതും ഗര്‍ഭിണി (സംഗീത റണവാസിയ) ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് മര്‍ദനമേറ്റതും ഗുജറാത്തിലെ കര്‍ജയിലാണ്. ഗുജറാത്തില്‍ നിന്നുമാത്രം എണ്ണിപ്പറയാന്‍ ഇനിയുമേറെ അതിക്രമങ്ങള്‍. ദളിതര്‍ മാത്രമല്ല, ദളിതവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടവരും ബ്രാഹ്മണിക്കല്‍ ഫാഷിസത്തിന്റെ എതിര്‍പക്ഷത്തുള്ളവരും അക്രമത്തിനിരയായിട്ടുണ്ട്. കല്‍ബുര്‍ഗി മുതല്‍ ഗൗരി ലങ്കേഷ് വരെയുള്ളവരുടെ ജീവനെടുത്തത് ഏത് വിചാരധാരയുടെ താല്‍പര്യം സംരക്ഷിക്കാനാണെന്ന് ആര്‍ക്കാണിനിയുമറിയാത്തത്?
രോഹിത് വെമുലയെന്ന മിടുക്കനായ ദളിത് വിദ്യാര്‍ത്ഥിയെ മരണത്തിലേക്ക് ആട്ടിത്തെളിയിച്ചത് സംഘ്പരിവാര്‍ ദുഃ ശാഠ്യങ്ങളായിരുന്നു. കാമ്പസുകളില്‍ ദളിതരോട്, അവരുടെ കൂട്ടായ്മകളോട് ഹിന്ദുത്വ ശക്തികള്‍ സ്വീകരിക്കുന്നത് ഏതുതരം സമീപനമാണ് എന്നറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് രോഹിതിന്റെ ആത്മഹത്യാകുറിപ്പ് ഒരാവര്‍ത്തി വായിക്കാവുന്നതാണ്. ബ്രാഹ്മണിസത്തെയും ജാതി ശ്രേണിയെയും മഹത്വപ്പെടുത്തുന്ന എമ്പാടും അധ്യായങ്ങള്‍ സംഘ് സാഹിത്യത്തിലുമുണ്ടല്ലോ.

ആഭ്യന്തര ഭീഷണി
ആര്‍ എസ് എസ് സൈദ്ധാന്തികനും രണ്ടാം സര്‍ സംഘ് ചാലകുമായ ഗോള്‍വാള്‍ക്കര്‍ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ആഭ്യന്തര ഭീഷണിയായി അവതരിപ്പിച്ചത് മുസ്ലിംകളെയാണ്. തൊട്ടുതാഴെ ക്രൈസ്തവരും പിന്നെ കമ്യൂണിസ്റ്റുകളും. പാകിസ്ഥാനിലേക്ക് പോകാതെ ഇവിടെ അവശേഷിച്ച മുസ്ലിംകളെല്ലാം ഒറ്റരാത്രി കൊണ്ട് രാജ്യസ്‌നേഹികളായി മാറി എന്ന് കരുതുന്നത് അപകടകരമാണെന്ന് ‘നാം, നമ്മുടെ ദേശീയത നിര്‍വചിക്കപ്പെടുന്നു’ എന്ന പുസ്തകത്തില്‍ ഗോള്‍വാള്‍ക്കര്‍ പറയുന്നു: ‘പാകിസ്ഥാന്‍ ജന്മം കൊണ്ട ആ രാത്രിയോട് കൂടി ഇവരെല്ലാം രാജ്യസ്‌നേഹികളായി എന്ന് വിശ്വസിക്കുന്നത് തീര്‍ച്ചയായും ആത്മഹത്യാപരമാണ്. പാകിസ്ഥാന്റെ ജന്മത്തോട് കൂടി പ്രശ്‌നം തീരുകയായിരുന്നില്ല, രാജ്യത്തിന് നേരെയുള്ള മുസ്‌ലിം ഭീഷണി നൂറു മടങ്ങ് വര്‍ധിക്കുകയായിരുന്നു.’

ഒരാളെ കുറിച്ചോ ഒരു വിഭാഗത്തെ കുറിച്ചോ ഉന്നയിക്കാവുന്ന ഏറ്റവും കടുത്ത വിമര്‍ശനമാണ് ഗോള്‍വാള്‍ക്കര്‍ മുസ്ലിംകള്‍ക്കെതിരെ തൊടുത്തുവിടുന്നത്- അവരുടെ രാജ്യസ്‌നേഹത്തില്‍ സംശയം പ്രകടിപ്പിക്കുക. അവര്‍ കാരണം രാജ്യം അപകടത്തിലാണെന്ന് ധ്വനിപ്പിക്കുക. അതുവഴി അവരെ അപരവത്കരിക്കുക. മുസ്ലിംകള്‍ക്ക് മക്കയോടുള്ള വൈകാരികമായ ബന്ധത്തെപ്പോലും തെറ്റുധാരണ പരത്തുന്ന വിധം അവതരിപ്പിക്കുന്നുണ്ട് ഗോള്‍വാള്‍ക്കര്‍. അങ്ങനെയാകുമ്പോള്‍ കാര്യങ്ങള്‍ എളുപ്പമാണ്. അവര്‍ക്കെതിരെ നടത്തുന്ന ഏതതിക്രമവും ന്യായീകരിക്കാന്‍ കഴിയും.

ഇപ്പോള്‍ കുറേക്കൂടി വ്യക്തമാണ് ചിത്രം. മുസ്ലിം പേരോ വേഷമോ മതി അക്രമിക്കപ്പെടാനും ന്യായീകരിക്കപ്പെടാനും. രാജസ്ഥാനില്‍ അഫ്റസൂല്‍ എന്ന മുസ്‌ലിം യുവാവിനെ പച്ചക്ക് തീയിട്ടുകൊന്ന ശംഭുലാല്‍ റയ്ഗറിന് വേണ്ടി മാര്‍ച്ച് സംഘടിപ്പിക്കാനും പണം പിരിക്കാനും ഇവിടെ ആളുണ്ടായി. ദിവസങ്ങള്‍ കൊണ്ട് ലക്ഷങ്ങളാണത്രെ അയാളുടെ ബാങ്ക് അക്കൗണ്ടിലേക്കെത്തിയത്. അതിതീവ്രമായ ഹൈന്ദവ വികാരം സൃഷ്ടിക്കുകയും മുസ്ലിംകള്‍ ശത്രുക്കളാണ് എന്ന് ആവര്‍ത്തിച്ചുറപ്പിക്കുകയും ചെയ്യുന്ന രാഷ്ട്രീയ, അധികാര, പൊതുബോധ വാഴ്ചയുടെ ആനുകൂല്യമാണ് ശംഭുലാലിനെ പോലുള്ളവര്‍ ആഗ്രഹിക്കുന്നത്/കിട്ടിക്കൊണ്ടിരിക്കുന്നത്.

സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും രക്ഷയില്ല
മതവും ജാതിയും മാത്രമല്ല, മറ്റു പലതും ഉള്‍ചേര്‍ന്നാണ് അപരവത്കരണം മുന്നോട്ടുപോകുന്നത്. ഒരാളെ, ഒരു ജനതയെ പുറന്തള്ളാന്‍ ഫാഷിസത്തിന് കൂടുതല്‍ കാരണങ്ങള്‍ വേണ്ട. ഫാഷിസ്റ്റ് ഭരണകൂടത്തിന്റെയോ അതിനെ നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ശക്തികളുടെയോ (അത് മിക്കപ്പോഴും കോര്‍പറേറ്റുകള്‍ ആകാം- കോര്‍പ്പറേറ്റുകളും ഭരണകൂടവും തമ്മിലുള്ള സമ്പൂര്‍ണ ലയനമാണ് ഫാഷിസമെന്ന് മുസോളിനി) താല്പര്യങ്ങള്‍ക്ക് എതിരുനില്‍ക്കുന്നവര്‍ മുഴുവന്‍ മാറ്റിനിര്‍ത്തപ്പെടുകയോ നിശബ്ദരാക്കപ്പെടുകയോ ചെയ്‌തേക്കാം. അതിനു വേണ്ടി സര്‍ക്കാര്‍ മെഷിനറികള്‍ ആകെയും ഉപയോഗപ്പെടുത്താനും ഭരണകൂടത്തിന് മടിയുണ്ടാകില്ല. ഭരണഘടന തന്നെ ചിലപ്പോള്‍ മാറ്റിമറിക്കപ്പെടാം. അത്തരം നീക്കങ്ങളെ ജനാധിപത്യപരമായി തന്നെ നേരിടാനുള്ള കരളുറപ്പാണ് സമകാല ഇന്ത്യ പൗരസമൂഹത്തോടാവശ്യപ്പെടുന്നത്. അത്തരം ശബ്ദങ്ങള്‍ക്ക് ചെവികൊടുക്കുകയാണ് ഇക്കാലത്ത് നിര്‍വഹിക്കാനുള്ള പ്രധാനമായ രാഷ്ട്രീയധര്‍മം.

സാംസ്‌കാരിക പ്രവര്‍ത്തകരെ ഭയക്കുകയും അവരുടെ പ്രവര്‍ത്തനങ്ങളെ സംശയദൃഷ്ടിയോടെ കാണുകയും ചെയ്യുന്നത് ഫാഷിസത്തിന്റെ പൊതുസ്വഭാവമാണ്. എഴുത്തുകാരെയും പുസ്തകങ്ങളെയും ടാര്‍ഗറ്റ് ചെയ്യുന്ന സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ തന്നെയുണ്ട്. അവരുടെ വായടപ്പിക്കാന്‍ വ്യക്തിഹത്യ വരെയുള്ള മൂര്‍ച്ചയുള്ള ‘ആയുധങ്ങള്‍’ പുറത്തെടുക്കുമവര്‍. കവി കുരീപ്പുഴക്കെതിരായ അതിക്രമവും അധിക്ഷേപവും സമീപകാല ഉദാഹരണം. ഇറ്റലിയിലെയും ജര്‍മനിയിലെയും പോലെ സാംസ്‌കാരിക പ്രവര്‍ത്തകരെ കൂട്ടത്തോടെ ജയിലിലടക്കുന്നില്ല ഇന്ത്യയില്‍ എന്നേയുള്ളൂ. ഫാഷിസത്തിന്റെ ജീനില്‍ അതുണ്ട്. ഇന്ത്യയില്‍ വ്യാപകമായി നടപ്പാക്കപ്പെടുന്നത് എതിര്‍പക്ഷത്ത് നില്‍ക്കുന്നവരെ ദേശവിരുദ്ധ ശക്തികളായി മുദ്രകുത്തുകയെന്ന തന്ത്രമാണ്. ‘പാകിസ്താനിലേക്ക് പോകൂ’ ആക്രോശം ഇടയ്ക്കിടെ മുഴങ്ങുന്നത് അതിന്റെ ഭാഗമാണ്. പക്ഷേ, ഈ അടിച്ചമര്‍ത്തല്‍ നിശബ്ദമായി സഹിക്കാന്‍ ഇന്ത്യന്‍ ജനാധിപത്യം തയാറല്ല എന്നതിന്റെ സാക്ഷ്യമാണ് രാജ്യത്തുണ്ടാകുന്ന ദളിത്-മുസ്ലിം മുന്നേറ്റങ്ങളും സാംസ്‌കാരിക പ്രവര്‍ത്തനങ്ങളും.

സര്‍ക്കാറുകളുടെ തെറ്റായവികസന നയങ്ങളുടെ ഇരകളായി വീടുകളില്‍നിന്നും സ്വന്തം ഭൂമിയില്‍നിന്നും കുടിയിറക്കപ്പെട്ട ലക്ഷക്കണക്കിനാളുകളാണ് തെരുവിലലയുന്നത്. ഒരു നേരത്തെ അന്നത്തിന് വക കണ്ടെത്താന്‍ കൊടും ചൂടിലുരുകിയും പെരുമഴ നനഞ്ഞും അവര്‍ പൊതുഇടങ്ങളിലും വഴിയോരത്തും നമ്മുടെ മുമ്പില്‍ പ്രത്യക്ഷപ്പെടാറുണ്ട്. അവര്‍ സംഘടിതരല്ല. അവര്‍ വോട്ടുബാങ്കല്ല. അതുകൊണ്ടുതന്നെ അവരെ രാഷ്ട്രീയ കക്ഷികള്‍ക്കും ആവശ്യമില്ല. നമുക്ക് കൂറ്റന്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പടുത്തുയര്‍ത്താനും വീതിയേറിയ പാതകള്‍ നിര്‍മിച്ച് അതിവേഗത്തില്‍ കുതിച്ചുപായാനും സ്വന്തം ജീവിതം ബലികൊടുത്തവരാണവര്‍. അവരുടേത് കൂടിയാണ് ഇന്ത്യാരാജ്യം. ഭരണകൂട, ഫാഷിസ്റ്റ് സങ്കല്പങ്ങളില്‍ നിന്ന് പുറത്താക്കപ്പെട്ട, ജനസംഖ്യയില്‍ മഹാഭൂരിപക്ഷം വരുന്ന ജനം അവരുടെ രാഷ്ട്രീയവും സാമൂഹികവും സാംസ്‌കാരികവുമായ പങ്ക് ചോദിക്കുന്നതാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന ജനകീയ ജനാധിപത്യ സമരങ്ങളിലും ദളിത് പ്രക്ഷോഭങ്ങളിലും മുഴങ്ങുന്ന മുദ്രാവാക്യങ്ങള്‍. ഏറ്റവുമൊടുവില്‍ മധുവിന് വേണ്ടി സമൂഹമാധ്യമങ്ങളിലും തെരുവിലും ഒരേപോലെ അണപൊട്ടിയ രോഷവും പങ്കിനെക്കുറിച്ച ചോദ്യമല്ലാതെ മറ്റെന്താണ്?

മുഹമ്മദലി കിനാലൂര്‍

You must be logged in to post a comment Login