വടക്കന്‍ കുന്നില്‍ ജനാധിപത്യം നിലംപൊത്തുകയാണ്

വടക്കന്‍ കുന്നില്‍ ജനാധിപത്യം നിലംപൊത്തുകയാണ്

2018 ഫെബ്രുവരി 6ന് ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയോട് തൊട്ടടുത്ത് കിടക്കുന്ന ബലോനിയ പട്ടണത്തില്‍ സംഭവിച്ചത്, 1990ല്‍ സോവിയറ്റ് യൂണിയനില്‍ കമ്യൂണിസം തൂത്തെറിയപ്പെട്ട ശേഷം അരങ്ങേറിയ അതേ നാടകമാണ്. തെരുവുകളില്‍നിന്ന് സ്റ്റാലിന്റെയും ലെനിന്റെയും പ്രതിമകള്‍ തകര്‍ത്തെറിഞ്ഞത് പോലെ, ബലോനിയയുടെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്ത ലെനിന്റെ പ്രതിമ ജെ.സി.ബി ഉപയോഗിച്ച് തകര്‍ത്തു. ലെനിന്‍ മുഖം കുത്തി വീഴുന്ന രംഗം കണ്ടുനിന്ന ആര്‍.എസ്.എസ് ബി.ജെ.പി പ്രവര്‍ത്തകര്‍ അത്യുച്ചത്തില്‍ വിളിച്ചു; ‘ഭാരത് മാതാ കീ ജയ്’. വിദേശിയായ ലെനിന്റെ രൂപം എടുത്തുമാറ്റപ്പെട്ടതോടെ, ഭാരതം വിജയിക്കുകയാണെന്ന പ്രതീകാത്മക ചടങ്ങായി അത് മാറി. കാല്‍ നൂറ്റാണ്ടുകാലം കമ്യൂണിസം ഭരിച്ച മണ്ണില്‍ രാഷ്ട്രീയത്താമര വിരിഞ്ഞതോടെ, ഇനി കമ്യൂണിസ്റ്റാചാര്യന്റെ പ്രതിമക്ക് സ്ഥാനമില്ല എന്നതിനപ്പുറം, അധികാരക്കൈമാറ്റത്തോടെ പുതിയ ത്രിപുര പിറവി കൊണ്ടിരിക്കയാണെന്ന മുന്നറിയിപ്പ് നല്‍കുകയായിരുന്നു സംഘ്പരിവാര്‍ തീവ്രവാദികള്‍. തകര്‍ക്കപ്പെട്ട പ്രതിമയില്‍നിന്ന് വേര്‍പെട്ട ലെനിന്റെ തല കാല് കൊണ്ടുരുട്ടി ജനക്കൂട്ടം ഫുട്ബാള്‍ കളിക്കുകയായിരുന്നു. ‘കമ്യൂണിസം ഫോബിയ’ പിടിപെട്ട ആര്‍.എസ്.എസുകാരുടെ ക്രൂരത ലോകം നേരില്‍ കാണുന്നുണ്ട് എന്ന് പ്രാദേശിക സി.പി.എം നേതാവ് ദുഃഖത്തോടെ പ്രതികരിച്ചപ്പോള്‍ പലരുടെയും ഓര്‍മയിലൂടെ കടന്നുപോയത്, അഫ്ഗാനിസ്ഥാനിലെ ബാമിയാനില്‍ ബുദ്ധന്റെ വിഗ്രഹങ്ങള്‍ താലിബാന്‍ തീവ്രവാദികള്‍ തകര്‍ത്തപ്പോള്‍ ലോകം എന്തുമാത്രം കണ്ണീര്‍ വീഴ്ത്തി എന്നതാണ്. പക്ഷേ, ഇവിടെ അശ്രുപൊഴിക്കാന്‍ ഏതാനും സി.പി.എമ്മുകാരല്ലാതെ, കൂടുതല്‍ ആരുമുണ്ടായില്ല. ഇവിടെ വേണ്ടത് വിദേശിയായ ലെനിന്റെ പ്രതിമ അല്ലെന്നും ദേശസ്‌നേഹികളായ ഏതെങ്കിലും ഇന്ത്യന്‍ മഹദ്‌വ്യക്തിയുടെ കോലമാണെന്നും ബി.ജെ.പി നേതാവ് പറഞ്ഞപ്പോഴും ‘ഭാരത് മാതാ കീ ജയ്’ ദിഗന്തങ്ങളെ ഭേദിച്ച് മുഴങ്ങി. ‘ഛലോ പാല്‍ത്തായി'(നമുക്ക് എല്ലാം മറിച്ചിടാം) എന്ന തിരഞ്ഞെടുപ്പ് മുദ്രാവാക്യം പ്രയോഗവത്കരിക്കുന്ന തിരക്കില്‍ മുമ്പ് ഹിറ്റ്‌ലറുടെ നാസികള്‍ കണ്ടുവെച്ച കമ്യൂണിസ്റ്റുകാരെയും സെമിറ്റിക് വിഭാഗത്തെയും (അവിടെ ജൂതരെങ്കില്‍ ഇവിടെ മുസ്‌ലിംകള്‍) കണ്ടുപിടിച്ച് മര്‍ദിച്ചു, അവരുടെ ആവാസകേന്ദ്രങ്ങള്‍ തീവെച്ചുനശിപ്പിച്ചു. ഇതുവരെ ഹിന്ദി(ഹിന്ദു) ബെല്‍റ്റില്‍ ഒതുങ്ങിനിന്ന ഹിന്ദുരാഷ്ട്രം ക്രിസ്ത്യാനികള്‍ക്ക് മേധാവിത്തമുള്ള വടക്കുകിഴക്കന്‍ മേഖലയില്‍, മലയാളിയായ കണ്ണന്താനത്തിന്റെയും (ഒരു പരിധിവരെ ഉമ്മന്‍ചാണ്ടിയുടെയും) സഹായത്തോടെ സ്ഥാപിതമായതോടെ, അഹങ്കാരം മൂര്‍ധന്യതയില്‍ എത്തിയതിന്റെ ലക്ഷണങ്ങളാണ് പ്രത്യക്ഷപ്പെട്ടത്. ഇതുവരെ വംശീയവും ഗോത്രബോധാധിഷ്ഠിതവുമായ സ്വത്വം നിലനിര്‍ത്താന്‍ അക്രമത്തിന്റെയും തീവ്രവാദത്തിന്റെയും പാത പിന്തുടര്‍ന്ന ഒരു ജനത ഹിംസാത്മക ഹിന്ദുത്വയുടെ വക്താക്കളായതോടെ ആര്‍.എസ്.എസിന്റെ ഉന്മൂലന അധ്യാപനങ്ങള്‍ നടപ്പാക്കാന്‍ ആവേശപൂര്‍വം പുറപ്പെട്ടു. അതിന്റെ ആദ്യ ഇരയാണ് ലെനിന്‍. വലിയൊരു മാറ്റത്തിന്റെ തുടക്കം എന്ന് കൂട്ടിയാല്‍ മതി.

ഹിന്ദിബെല്‍റ്റ് കടന്ന ഹിന്ദുത്വ
മോഡിയുഗത്തില്‍ ‘പുതിയ ഇന്ത്യ’ പിറക്കുന്നത് ഇങ്ങനെയാണ്. രാജ്യത്തിന്റെ മൊത്തം ജനസംഖ്യയുടെ 0.70ശതമാനം മാത്രം വരുന്ന ജനം അധിവസിക്കുന്ന, നാം ഇതുവരെ ഒന്ന് ശ്രദ്ധിച്ചുനോക്കാന്‍ പോലും കൂട്ടാക്കാതിരുന്ന മൂന്ന് കൊച്ചു സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് ത്രിപുര, മേഘാലയ, നാഗാലാന്‍ഡ്- നടന്ന തിരഞ്ഞെടുപ്പ് ഫലം മാര്‍ച്ച് മൂന്നിന് പുറത്തുവന്നപ്പോള്‍ ആദ്യമൊന്നും ജനം അമ്പരന്നില്ലെങ്കിലും അന്തിമവിലയിരുത്തലും തുടര്‍ സംഭവവികാസങ്ങളും എല്ലാവരുടെയും കണ്ണു തുറപ്പിച്ചു. കമ്യൂണിസ്റ്റുകാരുടെ ഇന്ത്യയിലെ മൂന്നു കോട്ടകളിലൊന്ന് ഇടതും വലതും തമ്മിലുള്ള പോരാട്ടത്തില്‍ ദയനീയമാം വിധം തകര്‍ത്തു എന്നതാണ് ത്രിപുര തിരഞ്ഞെടുപ്പ് ഫലത്തെ ദേശീയരാഷ്ട്രീയത്തില്‍ ഇത്രമാത്രം ചര്‍ച്ചാവിഷയമാക്കിയത്. ബംഗാളിനു ശേഷം ത്രിപുരയും സി.പി.എമ്മിന് നഷ്ടപ്പെട്ടുവെന്ന് കേട്ടപ്പോള്‍ ബി.ജെ.പിയുടെ വിജയത്തെക്കാള്‍ സി.പി.എമ്മിന്റെ തകര്‍ച്ചയാണ് ആഘോഷിക്കപ്പെട്ടത്. മിസോറാമിലും നാഗാലാന്‍ഡിലും ബി.ജെ.പി കാര്യമായ നേട്ടമൊന്നും ഉണ്ടാക്കിയില്ലെങ്കിലും ത്രിപുരയിലെ ‘താമരതരംഗം’ വിപ്ലവമായി മാധ്യമങ്ങള്‍ വിധി എഴുതി. 1978ല്‍ ഇടതുമുന്നണി ആദ്യമായി അധികാരത്തിലേറിയത് മുതല്‍ ത്രിപുര സി.പി.എമ്മിന്റെ ശക്തിദുര്‍ഗയാണ്. 1988ല്‍ കോണ്‍ഗ്രസ് ത്രിപുര ഉപജാതി ജൂബാ സമിതി സഖ്യത്തിനു മുന്നില്‍ അധികാരം ഒഴിഞ്ഞുകൊടുത്തത് മാറ്റിനിര്‍ത്തിയാല്‍ ഇക്കാലമത്രയും ഇടതു കുത്തകയാണീ കൊച്ചുസംസ്ഥാനം. 1998ല്‍ മണിക് സര്‍ക്കാര്‍ എന്ന ലാളിത്യത്തിന്റെയും സംശുദ്ധിയുടെയും പ്രതീകമായ കമ്യൂണിസ്റ്റുകാരന്‍ അമരത്ത് വന്നതോടെ ആര്‍ക്കും ചൂണ്ടിക്കാട്ടാന്‍ പറ്റുന്ന മാതൃകയായി അദ്ദേഹം അപ്രതിരോധ്യമായി തുടര്‍ന്നു. സി.പി.എമ്മിന് അതിന്റെ കോട്ടകളിലൊന്ന് കൈമോശം വന്നതിനെക്കാള്‍ രാജ്യം ഞെട്ടിയത് കോണ്‍ഗ്രസിന്റെ പതനം കണ്ടാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 10സീറ്റും 36.53ശതമാനം വോട്ടുമായി പ്രതിപക്ഷത്തിരുന്ന കോണ്‍ഗ്രസ് എല്ലാം കൊണ്ടും വട്ടപ്പൂജ്യമായി.1.54ശതമാനം വോട്ടായിരുന്നു പാര്‍ട്ടിക്കു കിട്ടിയ വിഹിതം. കോണ്‍ഗ്രസിന്റെ കൈയിലുണ്ടായിരുന്ന വോട്ടില്‍ 96ശതമാനം ഹിന്ദുത്വപാര്‍ട്ടിക്ക് പിടിച്ചെടുക്കാനായി എന്നതാണ് ബി.ജെ.പിയുടെ മുന്നേറ്റത്തിന്റെ രഹസ്യം. കോണ്‍ഗ്രസിനെ രാജ്യവാസികള്‍ക്കു മുന്നില്‍ ഏറ്റവുമധികം അപഹാസ്യമാക്കിയതും ആ പാര്‍ട്ടിയുടെ മതേതര പ്രതിബദ്ധത പൂര്‍ണമായി ചോദ്യം ചെയ്യപ്പെട്ടതും ആറ് എം.എല്‍.എമാരടക്കം നേതാക്കളെല്ലാം ബി.ജെ.പിയിലേക്ക് ചേക്കേറിയതിനാലമാണ്. ദില്ലി ഭരിക്കുന്നവര്‍ കോടികള്‍ ചെലവഴിച്ചു ഒരു പാര്‍ട്ടിയെ തന്നെ വിലക്കുവാങ്ങി എന്നതാണ്. ബി.ജെ.പിയുടെ 66 സ്ഥാനാര്‍ഥികളില്‍ 44ലും മുന്‍കോണ്‍ഗ്രസുകാരായിരുന്നു. സി.പി.എമ്മിന് 2013ല്‍ വരെ 50ശതമാനം വോട്ട് കിട്ടിയിരുന്നത് 43ശതമാനമായി ഇക്കുറി കുറഞ്ഞപ്പോള്‍ ബി.ജെ.പിയുടെ വോട്ട് വിഹിതവും അത്രതന്നെയായിരുന്നു. സി.പി.എം അവരുടെ അടിത്തറ ഇളകാതെ കാത്തുസൂക്ഷിക്കുന്നതില്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാരിന്റെ വ്യക്തിപ്രഭാവം വലിയ പങ്കുവഹിച്ചിട്ടുണ്ടാവാം.
രണ്ടു ഘടകങ്ങളാണ് ഹിന്ദുത്വവാദികളെ തുണച്ചത്. ഒന്നാമതായി കോണ്‍ഗ്രസിന്റെ പൂര്‍ണ തിരോധാനം. രണ്ടാമതായി ഗോത്രവര്‍ഗക്കാരുടെ പാര്‍ട്ടിയായ ഇന്റിജീനിയസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐ.പി.എഫ്.ടി)യുമായുള്ള കൂട്ടുകെട്ട്. ആദിവാസികള്‍ തിങ്ങിത്താമസിക്കുന്ന മലഞ്ചെരുവുകളില്‍ സ്വാധീനമുള്ള ഈ പാര്‍ട്ടിക്ക് എട്ട് ശതമാനം വോട്ട് നേടാനായപ്പോള്‍ ബി.ജെ.പി മുന്നണിയുടെ വിഹിതം 50ശതമാനമായി ഉയര്‍ന്നു. പശുമാര്‍ക്ക് ദേശസ്‌നേഹികളായ സംഘ്പരിവാരം അധികാരമുറപ്പിക്കുന്നതിനു വേണ്ടി വിഘടനവാദികളും തീവ്രവാദികളുമായ പീപ്പ്ള്‍സ് ഫ്രണ്ടുമായി ഉണ്ടാക്കിയ ധാരണ മാധ്യമങ്ങള്‍ വേണ്ടവിധം ചര്‍ച്ച ചെയ്തില്ല. ബി.ജെ.പിയല്ല മറ്റേതെങ്കിലും പാര്‍ട്ടിയാണ് ഇങ്ങനെയൊരു കൂട്ടുകെട്ടിന് മുതിര്‍ന്നതെങ്കില്‍ രാജ്യേദ്രാഹ മുദ്ര ചുമത്തി ആയിരം തവണ ക്രൂശിക്കപ്പെട്ടേനെ. നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് ഓഫ് ത്രിപുര എന്ന വിഘടനവാദികളുമായി ഒത്തുപ്രവര്‍ത്തിക്കുന്ന ഐ.എഫ്.പി.ടി തിരഞ്ഞെടുപ്പ് പടക്കളം പരുവം വരുത്തിയത് ഇവരുടെ സായുധ ഗറില്ലകളുടെ സഹായത്തോടെയാണ്. സി.പി.എം പ്രവര്‍ത്തകര്‍ക്ക് ഒരിക്കലും നേരിടാന്‍ പറ്റാത്തവിധം ആക്രമണോല്‍സുകരായ ഈ മിലിഷ്യ, ആര്‍.എസ്.എസിന് പറ്റിയ കൂട്ടാളികള്‍ തന്നെ. 20 സംവരണ സീറ്റുകളില്‍ 11ലും ബി.ജെ.പി തന്നെയാണ് മല്‍സരിച്ചത്. ബംഗാളികളായ ഹിന്ദു അഭയാര്‍ത്ഥികളുടെ വോട്ട് മുഴുവനും ലഭിച്ചതും മതത്തിന്റെ പേരില്‍ അഭയാര്‍ത്ഥികളെ വേര്‍തിരിക്കുന്ന കാവിരാഷ്ട്രീയത്തിന് തന്നെയാവണം. വാസ്തവത്തില്‍ സി.പി.എമ്മിനെ ഇക്കണ്ടവിധം കുഴിയില്‍ വീഴ്ത്തിയത് കോണ്‍ഗ്രസാണ്. കോണ്‍ഗ്രസ് ഏറ്റവും മോശം കാലാവസ്ഥയില്‍ പോലും 34 ശതമാനം വോട്ട് നേടിയതാണ് ചരിത്രം. ഇക്കുറി 10 ശതമാനം വോട്ടെങ്കിലും തങ്ങളുടെ പെട്ടിയിലാക്കാന്‍ അവര്‍ക്ക് സാധിച്ചിരുന്നുവെങ്കില്‍ ത്രിപുരയുടെ ജനവിധി മറ്റൊന്നാകുമായിരുന്നു. പക്ഷേ, സി.പി.എമ്മും ബി.ജെ.പിയും നേര്‍ക്കുനേര്‍ പൊരുതി തുലയട്ടെ എന്ന നിശ്ചയത്തില്‍ രാഹുല്‍ ഗാന്ധി ഒരു തവണ മാത്രമാണ് ഇവിടെ പ്രചാരണത്തിന് എത്തിയത്. പാര്‍ട്ടി മുമ്പ് നിലകൊണ്ടിരുന്ന മണ്ണടക്കം ബി.ജെ.പിയിലേക്ക് കോരിക്കൊണ്ടുപോയപ്പോള്‍ രാഹുലിനെ സ്വീകരിക്കാന്‍ ഇവിടെ ആണ്‍കുട്ടികളാരുമുണ്ടായിരുന്നില്ല.

ത്രിപുരയിലെ വിജയത്തെ ഒരു സംസ്ഥാനത്ത് അധികാരം നേടുന്നതിനപ്പുറം ‘ആദര്‍ശപരമായ വിജയം’ ആയാണ് ആര്‍.എസ്.എസ് വിശേഷിപ്പിക്കുന്നത്. സംഘ്പരിവാറിന്റെ സൈദ്ധാന്തിക ശത്രു ക്കളില്‍ മുഖ്യം കമ്യൂണിസ്റ്റുകാരാണ്. അവരെ തറ പറ്റിച്ചതോടെ ‘വിജയദിനം’ കൊണ്ടാടാന്‍ അമിത് ഷാ ആഹ്വാനം ചെയ്തത് തങ്ങള്‍ക്കെതിരെ കരുത്തുറ്റ ചെറുത്തുനില്‍പ് നടത്തുന്ന ശക്തികളെ മലര്‍ത്തിയടിച്ചതിലുള്ള ആഹ്ലാദം പങ്കിടാനാണ്. അപ്പോഴും അമിത് ഷാ പറഞ്ഞത് മലയാളികള്‍ ഓര്‍ത്തുവെക്കണം. ത്രിപുരയിലെ ഈ ജയമൊന്നും സുവര്‍ണ വിജയമായി ഞങ്ങള്‍ കാണുന്നില്ല. ഉടന്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കര്‍ണാടകയിലും ഞങ്ങള്‍ ജയിക്കും. എന്നാല്‍, ഒഡീഷയിലും ബംഗാളിലും കേരളത്തിലും അധികാരം പിടിച്ചെടുക്കുമ്പോഴേ സുവര്‍ണ വിജയമായി ഞങ്ങള്‍ ആഘോഷിക്കുകയുള്ളൂ. അധികാരത്തിനപ്പുറം, പ്രത്യയശാസ്ത്രപരമായ കടന്നുകയറ്റമാണ് ആര്‍.എസ്.എസ് ലക്ഷ്യമിടുന്നത്. ത്രിപുരയിലെ അധികാരലബ്ധി, നാഗ്പൂര്‍ സംഘത്തിന്റെ വര്‍ഷങ്ങള്‍ നീണ്ട ആസൂത്രിത പദ്ധതിയുടെ സന്തതിയാണ്. ആര്‍.എസ്.എസ് മുന്‍ വക്താവും ബി.ജെ.പി ദേശീയ ജന.സെക്രട്ടറിമാരിലൊരാളും വടക്കുകിഴക്കന്‍ മേഖലയുടെ ചുമതലക്കാരനുമായ രാം മാധവ് പ്രദേശത്ത് തമ്പടിച്ച് നടത്തിയ തൃണമൂല്‍ തലത്തിലുള്ള മുന്നൊരുക്കങ്ങള്‍ സി.പി.എമ്മിന്റെ അടിത്തട്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വെക്കാനായിരുന്നു. ത്രിപുര തെരഞ്ഞെടുപ്പ് ഫലം താമരക്കനുകുലമായി ഭവിച്ചപ്പോള്‍ ഏറ്റവും കൂടുതല്‍ കേള്‍ക്കുന്ന പേര് സുനില്‍ ദിയോധറുടേതാണ്. യു.പിയിലെ വാരാണസിയില്‍ നരേന്ദ്രമോഡിയുടെ വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ബി.ജെ.പി നേതാവിനെ ഇക്കുറി ഏല്‍പിച്ച ദൗത്യം ‘കമ്യൂണിസ്റ്റ് മുക്ത ഭാരതം’ ആയിരുന്നുവത്രെ. ‘മോഡി ദൂത്’ എന്ന പുതിയൊരു ആശയത്തിലൂടെ ബി.ജെ.പിയെ ജനങ്ങളുമായി ബന്ധിപ്പിക്കാന്‍ സാധിച്ചുവെന്നതാണ് ഈ വിജയത്തിന്റെ രഹസ്യമെന്ന് അദ്ദേഹം തുറന്നുപറയുന്നു. നഗരപ്രദേശങ്ങളില്‍ തീവണ്ടി യാത്രക്കാരുമായി ഇടപഴകാനും ബുക്‌ലെറ്റുകള്‍ വിതരണം ചെയ്യാനും സ്വപ്‌നങ്ങള്‍ വില്‍ക്കാനും കമ്യൂണിസ്റ്റുകള്‍ക്കെതിരെ വെറുപ്പ് ഉല്‍പാദിപ്പിക്കാനും 2530 അംഗങ്ങളുള്ള സംഘങ്ങളെ കൂലി കൊടുത്തു നിയോഗിക്കുകയായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണങ്ങള്‍ വേറെയും. കോണ്‍ഗ്രസില്‍നിന്ന് പരമാവധി നേതാക്കളെയും അണികളെയും കാവിധ്വജത്തിനു പിന്നില്‍ അണിനിരത്താന്‍ കെണിയൊരുക്കുന്ന ജോലി ഏറ്റെടുത്ത് ഭംഗിയായി പൂര്‍ത്തിയാക്കിയത് മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ഗൊഗോയിയുടെ വലം കൈയും ഒരു വേള കോണ്‍ഗ്രസ് നേതാവുമായിരുന്ന ഹിമാന്ത വിശ്വാസ് ശര്‍മയായിരുന്നു. ഡല്‍ഹിഭരണത്തില്‍നിന്ന് പണം നിര്‍ബാധം ഒഴുകിയെത്തി. വന്‍കിട മുതലാളിമാരുടെ അനുഗ്രഹാശിസ്സുകളോടെ തെരഞ്ഞെടുപ്പ് ഗോദയില്‍ കോടികള്‍ വലിച്ചെറിഞ്ഞു. ഓരോ വോട്ടര്‍ക്കും കിട്ടി കള്ളപ്പണത്തിന്റെ ഒരംശം. സ്വാതന്ത്ര്യാനന്തരം ഇത്രമാത്രം പണം വാരിയെറിഞ്ഞ തിരഞ്ഞെടുപ്പ് ഈ മേഖലയില്‍ അരങ്ങേറിയിട്ടില്ല എന്ന് എല്ലാവരും സാക്ഷ്യപ്പെടുത്തുന്നു. അങ്ങനെയാണ് ക്രിസ്ത്യാനികള്‍ക്ക് മേധാവിത്വമുള്ള വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ കാവി പരന്നൊഴുകുന്നതും താമര വിരിഞ്ഞ് വര്‍ഗീയ രാഷ്ട്രീയത്തിന്റെ ദുര്‍ഗന്ധം പരത്തിയതും. രാജ്യത്തിന്റെ ഏത് മുക്കിലും മൂലയിലും കടന്നുചെല്ലാനും ഏത് രാഷ്ട്രീയ പാര്‍ട്ടിയെയും പ്രത്യയശാസ്ത്രത്തെയും നേരിടാനും തങ്ങള്‍ക്ക് സാധിക്കുമെന്ന് തെളിയിച്ചുകാണിച്ചതാണ് ഹിന്ദുത്വപാര്‍ട്ടിയുടെ ഏറ്റവും വലിയ വിജയമായി വിലയിരുത്തപ്പെടുന്നത്.

കുതിരക്കച്ചവടത്തിന്റെ മുന്തിയ മാതൃകകള്‍
ഇന്ദിരാ ഗാന്ധിയെ കുറിച്ച് വിമര്‍ശകര്‍ ഉന്നയിക്കാറുള്ള ഏറ്റവും വലിയ ആക്ഷേപം അവര്‍ ജനാധിപത്യ മാര്‍ഗങ്ങള്‍ ദുരുപയോഗം ചെയ്ത് ഭരണഘടനയെ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്നതാണ്. എന്നാല്‍ നരേന്ദ്രമോഡിയുടെ നാലുവര്‍ഷത്തെ ഭരണം സാക്ഷ്യപ്പെടുത്തുന്നത് നേരെ തിരിച്ചാണ്. ഭരണഘടന ഉപയോഗിച്ച് ജനാധിപത്യത്തെ അട്ടിമറിക്കുന്നതില്‍ അദ്ദേഹവും പിണിയാളുകളും കാണിക്കുന്ന മിടുക്ക് എല്ലാ വ്യവസ്ഥാപിത മൂല്യങ്ങളെയും തകര്‍ത്തെറിയുന്നതാണ്. മിസോറാമില്‍ നാമിപ്പോള്‍ കണ്ടത് അതാണ്. 60ല്‍ 21സീറ്റുമായി വലിയ ഒറ്റക്കക്ഷിയായ കോണ്‍ഗ്രസിന് അവസരം നിഷേധിച്ചുകൊണ്ട് കേവലം രണ്ടു സീറ്റ് മാത്രമുള്ള ബി.ജെ.പി അഞ്ചുപാര്‍ട്ടികളുടെ പിന്‍ബലത്തോടെ അധികാരത്തിലേറിയിരിക്കുന്നു. നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടി നേതാവ് കോണ്‍റാഡ് സാങ്മ (അതേ, മുന്‍ സ്പീക്കറും കോണ്‍ഗ്രസ് നേതാവുമായിരുന്ന പി.എ സാങ്മയുടെ പുത്രന്‍) മുഖ്യമന്ത്രിയായി സ്ഥാനമേറ്റപ്പോള്‍ അണ്ടിപോയ അണ്ണാനെ പോലെ വിഷണ്ണരായിരിക്കാനാണ് കോണ്‍ഗ്രസിന്റെ വിധി. തിരഞ്ഞെടുപ്പ് ഫലം വന്ന ഉടന്‍ ഷില്ലോങ്ങിലേക്ക് പറന്ന കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേലും കമല്‍ നാഥും വെറും കൈയോടെ ദില്ലിയിലേക്ക് തിരിച്ചുപറന്നപ്പോഴേക്കും ഇറ്റലിയില്‍ മുത്തശ്ശിയോടൊപ്പം ‘ഹോളി ഹോളിഡേ’ കൊണ്ടാടി രാഹുല്‍ മടങ്ങിയെത്തിയിരുന്നു; നാണംകെട്ട തോല്‍വിയില്‍ അശ്രുപൊഴിക്കാന്‍. മുമ്പ് ഗോവയിലും മിസോറാമിലും അവസരം നഷ്ടപ്പെടുത്തിയ കഥ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ പാര്‍ട്ടി നേതൃത്വത്തിന്റെ കഴിവുകേട് ഒരിക്കല്‍ കൂടി അനാവൃതമായി. ഡല്‍ഹിയിലെ അധികാരവും കോര്‍പറേറ്റ് ശക്തികള്‍ ഒഴുക്കുന്ന പണവും ഉപയോഗിച്ച് രാഷ്ട്രീയഗോദയില്‍ നിറഞ്ഞാടാന്‍ തങ്ങള്‍ക്കുള്ള വിരുത് മറ്റൊരു പാര്‍ട്ടിക്കുമില്ല എന്ന് ബി ജെ പി തെളിയിച്ചുകൊണ്ടിരിക്കുമ്പോള്‍ രാഷ്ട്രീയ നൈതികതയെ കുറിച്ചുള്ള എല്ലാ ഉത്കണ്ഠകളും രാജ്യം സ്വയം വിഴുങ്ങുകയാണ്.

വടക്കുകിഴക്ക് കൊണ്ട് അവസാനിക്കാന്‍ പോകുന്നില്ല മോഡിയുടെ ഈ അശ്വമേധം. ഇന്ത്യാ മഹാരാജ്യം മുഴുവന്‍ ആര്‍.എസ്.എസിന്റെ സ്വാധീനവലയത്താല്‍ മൂടപ്പെടുന്നത് വരെ ത്രിപുരയിലും മേഘാലയയിലും ഗോവയിലുമൊക്കെ കണ്ടത് ആവര്‍ത്തിക്കപ്പെടും. ജനാധിപത്യം എന്നത് സുരക്ഷിതവും സുതാര്യവുമായ സംവിധാനമാണെന്ന നമ്മുടെ മിഥ്യാബോധത്തിനേറ്റ ക്ഷതം പോലും തൊട്ടറിയാന്‍ സാധിക്കാത്തവിധം ഇന്ത്യയുടെ മനോഘടന മാറ്റിമറിക്കപ്പെട്ടിരിക്കുന്നു. ഈ ദുരന്തഗര്‍ത്തത്തില്‍നിന്ന് കരകയറാന്‍ എന്താണ് പോംവഴി എന്നതിനെ കുറിച്ച് ആഴത്തില്‍ പരിചിന്തനം നടത്താന്‍ ഇനിയും വൈകിക്കൂടാ.

ശാഹിദ്‌

You must be logged in to post a comment Login