‘മതം’ കന്നുകാലിക്കച്ചവടം പൂട്ടിച്ചുതുടങ്ങുമ്പോള്‍

‘മതം’ കന്നുകാലിക്കച്ചവടം പൂട്ടിച്ചുതുടങ്ങുമ്പോള്‍

രാജസ്ഥാനില്‍ കന്നുകാലിമേളകള്‍ക്കു മേല്‍ ചുമത്തിയ കടുത്ത നിയന്ത്രണങ്ങളുടെയും കന്നുകാലികളെ വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന കര്‍ഷകര്‍ക്കു നേരെ വര്‍ധിച്ചു വരുന്ന ആക്രമണങ്ങളുടെയും ഫലമായി സംസ്ഥാനത്ത് കന്നുകാലി മേളകള്‍ക്കെത്തുന്ന മൃഗങ്ങളുടെ എണ്ണം 2012-13നും 2017-18 നുമിടയില്‍ സംസ്ഥാനമൃഗപരിപാലനവകുപ്പിന്റെ കണക്കുകളനുസരിച്ച് 63 ശതമാനം കുറഞ്ഞിട്ടുണ്ട്. അതുകൊണ്ടു തന്നെ കന്നുകാലി ഉടമസ്ഥരുടെ മൊത്തവരുമാനം 2012-13ലെ 73.01 കോടിയില്‍ നിന്ന് 24.20 കോടിയിലേക്ക് കുത്തനെ ഇടിഞ്ഞിട്ടുണ്ട്. സംസ്ഥാനത്തിന്റെ ഈ മേഖലയിലെ വരുമാനമാകട്ടെ ഈ കാലയളവില്‍ 7 ലക്ഷത്തില്‍ നിന്ന് 1.04 ലക്ഷമായി കുറഞ്ഞു.
മൃഗങ്ങളുടെ വരവും പോക്കും വില്പനയിലൂടെ ലഭിക്കുന്ന വരുമാനവും ക്രമമായി കുറയുമ്പോള്‍ പുഷ്‌കര്‍, ഭരത്പൂര്‍, കരൗളി കന്നുകാലി മേളകളില്‍ കഴിഞ്ഞ വര്‍ഷം വിറ്റ മൃഗങ്ങളുടെ എണ്ണം 2248 ല്‍ നിന്ന് എട്ടിലേക്കും 4697 ല്‍ നിന്ന് ആറിലേക്കും 11848 ല്‍ നിന്ന് രണ്ടിലേക്കും ഇടിഞ്ഞു. 2016-17 ല്‍ ഒഴിച്ച് ബാക്കി വര്‍ഷങ്ങളിലെല്ലാം ആടുകളുടെ വില്‍പന പൂജ്യമായിരുന്നു. 2016-17ല്‍ മാത്രമാണ് എണ്‍പത് ആടുകളെ വിറ്റത്.

രാജസ്ഥാനിലെ കന്നുകാലിമേള നടത്തിപ്പ് സംബന്ധിച്ച നിയമം നടപ്പിലാക്കാത്തതിന് ഹൈക്കോടതി സംസ്ഥാനസര്‍ക്കാരിനെ വിമര്‍ശിച്ചെങ്കിലും കന്നുകാലി കര്‍ഷകരുടെ നേര്‍ക്കുള്ള ആക്രമണങ്ങളില്‍ നിന്നും യാതൊരു സംരക്ഷണവും ആവശ്യപ്പെട്ടിട്ടില്ല. 2014 മുതല്‍ അത്തരം ആക്രമണങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രാജസ്ഥാനില്‍ 2015 നും 2017 നുമിടക്ക് അത്തരം 1113 കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

”ഒരാള്‍ കന്നുകാലികളെ എത്ര നിയമപരമായി വാങ്ങിയാലും കടത്തിയാലും പൊലീസും സ്വയം പ്രഖ്യാപിത പശുസംരക്ഷകരും ഉപദ്രവിക്കും. അവരെ സംബന്ധിച്ചിടത്തോളം കടത്തപ്പെടുന്ന പശു കശാപ്പിനുള്ളതാണ്. അതുകൊണ്ടു തന്നെ മേളയില്‍ നിന്ന് കന്നുകാലിയെ വാങ്ങലെന്നാല്‍ പണം പിടുങ്ങലോ കൊലപാതകമോ ആണ്. അങ്ങനെയെങ്കില്‍ ജീവന്‍ അപകടത്തിലാക്കുന്നതെന്തിനാണ്?” രാജസമന്ദില്‍ നിന്നുള്ള കര്‍ഷകനായ ബിഹാരി ലാല്‍ ചോദിച്ചു. ആവശ്യമായ രേഖകളെല്ലാമുണ്ടായിട്ടും ഒരു കന്നുകാലി മേളയില്‍ നിന്ന് കന്നുകാലികളെ കടത്തുകയായിരുന്ന അയാളുടെ പേരില്‍ കള്ളക്കടത്ത് കേസ് ചുമത്തപ്പെട്ടു.
”കന്നുകാലിമേളയില്‍ നിന്നു വാങ്ങിയ പതിനഞ്ചു കാളകള്‍ക്കും ആവശ്യമായ നിയമാനുസൃത രേഖകള്‍ എന്റെ കയ്യിലുണ്ടായിരുന്നു. എന്നിട്ടും അവര്‍ കന്നുകാലികളെ പിടിച്ചെടുക്കുകയും കള്ളക്കടത്ത് കേസ് ചുമത്തുകയും ചെയ്തു. കള്ളക്കേസിനെതിരെ പോരാടി കയ്യിലുള്ള പണമെല്ലാം തീര്‍ന്നു. ഇപ്പോള്‍ ഞാന്‍ ഗ്രാമത്തില്‍ കര്‍ഷകത്തൊഴിലാളിയായി പണിയെടുക്കുന്നു.” അയാള്‍ കൂട്ടിച്ചേര്‍ത്തു.

കന്നുകാലിമേളയില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കുള്ള സുരക്ഷാ ഏര്‍പ്പാടുകളെ കുറിച്ച് ചോദിച്ചപ്പോള്‍ രാജസ്ഥാന്‍ മൃഗസംരക്ഷണവകുപ്പിന്റെ ഡയറക്ടറായ അജയ് കുമാര്‍ ഗുപ്ത, മേളകള്‍ പൂര്‍ണമായും കര്‍ഷകര്‍ക്കുനേരെയുള്ള ആക്രമണങ്ങളില്‍ നിന്ന് സുരക്ഷിതമാണെന്ന് അറിയിച്ചു. എന്നാല്‍ അവര്‍ ആക്രമിക്കപ്പെടുന്നത് വഴിയില്‍ വെച്ചാണ്. അത് ക്രമസമാധാനപ്രശ്‌നമാണെന്നും മൃഗസംരക്ഷണവകുപ്പിന്റെ പരിധിയില്‍ വരുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

”കന്നുകാലിമേളകള്‍ പൂര്‍ണമായും സുരക്ഷിതമാണ്. കന്നുകാലികളെ വാങ്ങുന്നവര്‍ക്ക് ആവശ്യമായ രേഖകള്‍ നല്‍കാന്‍ സംവിധാനവുമുണ്ട്. പക്ഷേ കര്‍ഷകര്‍ കന്നുകാലികളുമായി തിരിച്ചു പോകുമ്പോള്‍ പശുസംരക്ഷകര്‍ അവരെ ആക്രമിക്കുകയാണ്. ആദ്യമവര്‍ പണം ചോദിക്കും. കര്‍ഷകന്‍ അതിനു തയ്യാറായില്ലെങ്കില്‍ അയാളെ നിര്‍ദയം കൊന്നുകളയും. നെടുമ്പാതകളിലൂടെ സഞ്ചരിക്കാന്‍ കര്‍ഷകര്‍ക്ക് പേടിയാണ്. അതുകൊണ്ടു തന്നെ അവര്‍ കന്നുകാലിച്ചന്തകള്‍ ഒഴിവാക്കുകയാണ്. ഇത്തരം സാഹചര്യങ്ങളില്‍ മേളകളുടെ നടത്തിപ്പ് മെച്ചപ്പെടുന്നതിന്റെ യാതൊരു ലക്ഷണവുമില്ല,” ബന്‍ജാര വികാസ് ശക്തി സംഘടന ഭാരവാഹിയായ പരസ് ബന്‍ജാര പറഞ്ഞു.

ഒട്ടകങ്ങളുടെ എണ്ണം ഗണ്യമായി കുറയുന്നതു തടയാന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍ 2014 ല്‍ ഒട്ടകത്തെ സംസ്ഥാനമൃഗമായി പ്രഖ്യാപിച്ചു. പക്ഷേ ഒട്ടകക്കച്ചവടക്കാരുടെ വരവ് കുറഞ്ഞുകൊണ്ടേയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ഒട്ടകച്ചന്തയായ പുഷ്‌കര്‍ മേളയില്‍ കഴിഞ്ഞ വര്‍ഷം 410 ഒട്ടകങ്ങളെ മാത്രമാണ് വിറ്റത്. 2012-13 ല്‍ 2948 ഒട്ടകങ്ങള്‍ വിറ്റുപോയിരുന്നു.

”കഴിഞ്ഞ വര്‍ഷം പുഷ്‌കര്‍ മേളയില്‍, ഞാന്‍ ഏഴു വലിയ ഒട്ടകങ്ങളെ വെറും 17000 രൂപക്കാണ് വിറ്റത്. ഒട്ടകം സംസ്ഥാനമൃഗമായി പ്രഖ്യാപിക്കപ്പെടുന്നതിനു മുമ്പ് 15000 രൂപക്കാണ് ഒട്ടകങ്ങളെ വിറ്റിരുന്നത്. സര്‍ക്കാര്‍ തരുന്ന സഹായധനം അവയ്ക്ക് തീറ്റ കൊടുക്കാന്‍ പോലും തികയില്ല,” ഒട്ടകഉടമയായ ദുംഗാറാം പറഞ്ഞു. 2012-13 മുതല്‍ എല്ലാ ചന്തകളിലും ഒട്ടകക്കച്ചവടത്തില്‍ നിന്നുള്ള വരുമാനവും കുറഞ്ഞിട്ടുണ്ട്.

”രാജസ്ഥാനില്‍ നിന്ന് പുറത്തേക്ക് ഒട്ടകങ്ങളെ യാതൊരു കാരണവശാലും കൊണ്ടുപോകാന്‍ അനുവദിക്കാത്തത് പുഷ്‌കര്‍ മേളയില്‍ ഒട്ടകക്കച്ചവടം ഗണ്യമായി കുറയാന്‍ കാരണമായിട്ടുണ്ട്. വില്‍ക്കാനോ മറ്റു കാര്യങ്ങള്‍ക്ക് ഉപയോഗിക്കാനോ പറ്റില്ലെങ്കില്‍ ഒരാള്‍ ഏതെങ്കിലും മൃഗത്തെ പോറ്റിവളര്‍ത്തുന്നതെന്തിനാണ്? മഞ്ഞു കാലത്ത് ഒട്ടകങ്ങള്‍ ആക്രമണ സ്വഭാവം കാണിക്കും. ഒട്ടകങ്ങള്‍ ഗ്രാമീണരെ ആക്രമിക്കുന്നതായി പരാതികളുണ്ട്. ” മറ്റൊരു ഒട്ടക ഉടമ പറഞ്ഞു.
ഗോരക്ഷ ദള്‍ സേവ സമിതിയുടെ പരാതിയില്‍ ജോധ്പൂര്‍ ഹൈകോടതി സംസ്ഥാനസര്‍ക്കാരിനോട് ട്രാന്‍സ്‌പോര്‍ട്ട് ഓഫ് അനിമല്‍ റൂള്‍സ്, 1978 ലെ വകുപ്പുകള്‍ കണിശമായി നടപ്പിലാക്കാന്‍ നിര്‍ദേശം നല്‍കി. മൃഗങ്ങളുടെ ഏകദേശ ഭാരവും അവയുടെ സുരക്ഷയ്ക്കുവേണ്ടി കൊണ്ടുപോവുന്ന തീവണ്ടിയിലും ചരക്കു വണ്ടിയിലും ഏര്‍പ്പെടുത്തേണ്ട സൗകര്യങ്ങളും അതില്‍ പറയുന്നുണ്ട്. കൂടാതെ 2015 ജൂലൈയില്‍ കേന്ദ്ര സര്‍ക്കാര്‍ ഗസറ്റ് വിജ്ഞാപനത്തിലൂടെ സെന്‍ട്രല്‍ മോട്ടോര്‍ വെഹിക്കിള്‍സ് ചട്ടങ്ങള്‍ ഭേദഗതി വരുത്തുകയും ചെയ്തു. കരമാര്‍ഗം കന്നുകാലികളെ കൊണ്ടു പോകുന്ന മോട്ടോര്‍ വാഹനങ്ങളുടെ പ്രത്യേക ആവശ്യം പരിഗണിച്ചായിരുന്നു ഈ ഭേദഗതി. ഇതനുസരിച്ച് കന്നുകാലികളെ കൊണ്ടു പോകാനുപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പ്രാദേശിക ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ പ്രത്യേക ലൈസന്‍സ് നല്‍കണം. ഇത്തരം വാഹനങ്ങള്‍ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാന്‍ പാടില്ല.
”നമ്മുടെ രാജ്യത്ത് കന്നുകാലികളെ കൊണ്ടു പോകാന്‍ പ്രത്യേകമായി രൂപകല്‍പന ചെയ്ത വാഹനങ്ങളില്ല. കന്നുകാലികളെ കൊണ്ടു പോകുന്ന വാഹനങ്ങള്‍ മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനുമാകില്ല. ഇത്തരം അപ്രായോഗികമായ മാര്‍ഗനിര്‍ദേശങ്ങള്‍ പിന്തുടരാന്‍ ബുദ്ധിമുട്ടാണ് -” ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

കന്നുകാലിച്ചന്തകളിലേക്കും ചന്തകളില്‍ നിന്നും, കൊണ്ടുവരികയും കൊണ്ടുപോകുകയും ചെയ്യുന്ന മൃഗങ്ങളുടെ പരമാവധി എണ്ണം നിയന്ത്രിക്കുന്ന കേന്ദ്ര പരിസ്ഥിതി, വനം മന്ത്രാലയത്തിന്റെ പുതിയ നിയമങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചു കഴിഞ്ഞു.

”മുമ്പ് കര്‍ഷകര്‍ മേളകളില്‍ നിന്ന് ഒരുപാട് കന്നുകാലികളെ ഒരുമിച്ച് വാങ്ങുമായിരുന്നു. മറ്റു ചെറിയ മേളകളില്‍ കൊണ്ടുപോയി വില്‍ക്കാനായിരുന്നു അത്. എന്നാല്‍ ഇപ്പോള്‍ ഒരു കര്‍ഷകന് വാങ്ങാവുന്ന കാലികള്‍ക്ക് മേല്‍ അനധികൃതമായ നിയന്ത്രണങ്ങളുണ്ട്. ഒരാള്‍ പന്ത്രണ്ടു കാളകളെ വാങ്ങാന്‍ തീരുമാനിച്ചാല്‍ അതെന്തിനാണെന്ന് അന്വേഷണമുണ്ടാകും. സ്വന്തമായുള്ള ഭൂമിയുടെ തോതനുസരിച്ചേ കന്നുകാലികളെ വാങ്ങാനാകൂ. അതുകൊണ്ടു തന്നെ ചെറുകിട കര്‍ഷകര്‍ക്ക് ഇഷ്ടമുള്ളയത്ര കാലികളെ വാങ്ങാനാകുന്നില്ല.”

കന്നുകാലികളുടെ അനധികൃതമായ കടത്തിനുപയോഗിക്കുന്ന വാഹനങ്ങള്‍ കണ്ടുകെട്ടാനുള്ള വകുപ്പു കൂടി ഉള്‍പ്പെടുത്തി കന്നുകാലികളെ സംബന്ധിച്ച നിയമം പരിഷ്‌കരിക്കാന്‍ രാജസ്ഥാന്‍ സര്‍ക്കാരിന്റെ കാബിനറ്റ് യോഗം തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഭേദഗതി എരുമകളുടെ കടത്തിന് ബാധകമല്ല. കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ പൊലീസ് 1051 വാഹനങ്ങള്‍ ഇങ്ങനെ പിടിച്ചെടുത്തിട്ടുണ്ട്.

രാജസ്ഥാനിലെ കന്നുകാലികളുടെ കശാപ്പും കടത്തും നിയന്ത്രിക്കുന്ന നിയമമനുസരിച്ച് കന്നുകാലികളെന്നാല്‍ മൂന്നു വയസ്സിനു മുകളില്‍ പ്രായമുള്ള പശുവോ പശുക്കുട്ടിയോ കാളയോ കാളക്കുട്ടിയോ ആണ്. മൂന്നു വയസ്സിനു താഴെ പ്രായമുള്ള കന്നുകാലികളുടെ വില്‍പനക്ക് കടുത്ത നിയന്ത്രണമുണ്ട്. അതുകൊണ്ടു കൂടിയാണ് കാര്‍ഷികആവശ്യങ്ങള്‍ക്കായുള്ള കന്നുകാലികളുടെ വില്‍പന ഗണ്യമായി കുറഞ്ഞത്.

”കന്നുകാലികള്‍ക്ക് മൂന്നു വയസ്സു കഴിയുമ്പോഴേക്കും പുതിയ സാഹചര്യങ്ങളുമായി ഇണങ്ങാനുള്ള കഴിവ് കുറയും. കര്‍ഷകരെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ പ്രശ്‌നമാണ്. അതുകൊണ്ടു തന്നെ ഈ നിയമത്തില്‍ കന്നുകാലികളുടെ വയസ്സിന്റെ പരിധി കുറയ്ക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്.” അജയ് കുമാര്‍ ഗുപ്ത പറഞ്ഞു.

ബംഗ്ലാദേശില്‍ കന്നുകാലികളുടെ ഇറച്ചിക്കുള്ള വര്‍ധിച്ച ആവശ്യവും ഇറച്ചി സംസ്‌കരണ സാധ്യതകളും രാജസ്ഥാനില്‍ നിന്ന് കന്നുകാലികളെ കയറ്റിയയക്കുന്നതിന് പ്രേരണ നല്‍കുന്നുണ്ട്. അതുകൊണ്ടു തന്നെ ഇത്തരം മേളകളില്‍ പരമാവധി കന്നുകാലികളെ വില്‍ക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനും അങ്ങനെ പ്രാദേശിക തലത്തിലെ യഥാര്‍ത്ഥ ആവശ്യം നിവര്‍ത്തിക്കാനും ഹൈകോടതി അധികൃതരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്തെ കന്നുകാലി മേളകളെ സംബന്ധിച്ച് രാജസ്ഥാന്‍ ഹൈ േകാടതി സര്‍ക്കാരിന് നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തേക്ക് കന്നുകാലികളെ കൊണ്ടുപോകാന്‍ ഉദ്ദേശിക്കുന്നയാള്‍ അവയെ വാങ്ങിയത് കാര്‍ഷിക ആവശ്യങ്ങള്‍ക്കാണെന്ന സത്യവാങ്മൂലം നല്‍കേണ്ടതുണ്ട്. സ്വന്തമായുള്ള കൃഷിഭൂമിയുടെ രേഖകളും സമര്‍പ്പിക്കണം. അയാള്‍ മൃഗങ്ങളുടെ കശാപ്പില്‍ ഏര്‍പ്പെടുന്നയാളല്ലെന്നും ഏതെങ്കിലും കശാപ്പുശാലയുടെ ഏജന്റ് അല്ലെന്നും കാണിക്കുന്ന ജില്ലാ കലക്ടറുടെ സര്‍ട്ടിഫിക്കറ്റും ആവശ്യമാണ്.
കന്നുകാലികളുടെ ആരോഗ്യത്തെ സംബന്ധിച്ച സര്‍ട്ടിഫിക്കറ്റോ തിരിച്ചറിയല്‍ അടയാളങ്ങള്‍ വിവരിക്കുന്ന രേഖയോ കൂടാതെ അവയെ എങ്ങോട്ടും കൊണ്ടു പോകാനാകില്ല. ഇത്തരം ചട്ടങ്ങളുടെ നിര്‍വഹണം സംബന്ധിച്ച റിപ്പോര്‍ട്ട് ഓരോ രണ്ടു മാസം കൂടുമ്പോഴും കോടതിയില്‍ സര്‍ക്കാര്‍ സമര്‍പ്പിക്കേണ്ടതുണ്ട്.

”കന്നുകാലിക്കച്ചവടവും ഒരു വ്യവസായമാണ്. അതിനെ വ്യവസായമായി പരിഗണിക്കുകയാണെങ്കില്‍ ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥക്കു തന്നെ പ്രയോജനമുണ്ടാകും. എന്നാല്‍ അതിനെ മതവികാരങ്ങളുമായി കൂട്ടിക്കുഴയ്ക്കുകയാണെങ്കില്‍ ഞങ്ങളെക്കാള്‍ നിസ്സഹായമായ വകുപ്പ് ഈ രാജ്യത്തുണ്ടാകില്ല,” ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ശ്രുതി ജെയിന്‍

You must be logged in to post a comment Login