ഹാദിയ കേസ് നീതിപീഠത്തെ പഠിപ്പിച്ചത്; സമുദായത്തെയും

ഹാദിയ കേസ് നീതിപീഠത്തെ പഠിപ്പിച്ചത്; സമുദായത്തെയും

”’Justice has a protean face, capable of change, readily assuming different shapes, and endowed with highly variable features”-Edgar Bodenheimer
– ( Philosophy and Method of Law )

ഈ കുറിപ്പ് തയാറാക്കാനിരിക്കുമ്പോള്‍ മതം മാറി ഒരു മുസ്‌ലിം യുവാവിനെ വിവാഹം ചെയ്തതിന് രണ്ടുവര്‍ഷം നിയമപോരാട്ടം നടത്തേണ്ടി വന്ന ഹാദിയയും അവരുടെ ഭര്‍ത്താവ് ഷെഫിന്‍ ജഹാനും കോഴിക്കോട് പ്രസ് ക്ലബ്ബില്‍ വാര്‍ത്താസമ്മേളനം നടത്തുകയാണ്. തനിക്ക് നഷ്ടപ്പെട്ട സ്വാതന്ത്ര്യങ്ങള്‍ പരമോന്നത നീതിപീഠം പുനഃസ്ഥാപിച്ചുതന്നതിന്റെ അത്യാഹ്ലാദത്തിലാണവര്‍. 2016 ഡിസംബര്‍ 20ന് വിവാഹിതരായ ശേഷം ഭാര്യഭര്‍ത്താക്കന്മാരായി പൂര്‍ണ സ്വാതന്ത്ര്യത്തോടെ പൊതുജനമധ്യേ ഇറങ്ങിനടക്കാന്‍ ഹാദിയക്കും ഷെഫിനും കൈവന്ന സ്വാതന്ത്ര്യം ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയുടെ ചരിത്രത്തിലെ സുവര്‍ണ അധ്യായമായി മാറിയത് നിയമവിദ്യാര്‍ത്ഥികള്‍ക്ക് നാളെ ആഴത്തില്‍ പഠിക്കാനുള്ള കേസാണ്. ഒരു സ്ത്രീയുടെ വിശ്വാസ സ്വാതന്ത്ര്യം, ഇണയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ആ സ്വാതന്ത്ര്യത്തിനു നേരെ നീതിപീഠത്തില്‍നിന്ന് തന്നെ ഉയര്‍ന്ന വെല്ലുവിളികള്‍, മനുഷ്യാവകാശ പ്രവര്‍ത്തകരും മാധ്യമങ്ങളും അതിനെതിരെ തീര്‍ത്ത പ്രതിരോധങ്ങള്‍, സിവില്‍സമൂഹത്തിന്റെ നാനാതരത്തിലുള്ള ആധികള്‍, എല്ലാറ്റിനുമൊടുവില്‍ സുപ്രീംകോടതി 2018ന്റെ വനിതാ ദിനത്തില്‍ പുറത്തുവിട്ട ഉത്തരവ് കോട്ടയം വൈക്കം സ്വദേശി ഹാദിയ എന്ന ഇരുപത്തിനാലുകാരി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ട ഒരു കേസിലെ നായികയായി മാറിയതില്‍ കോടതികള്‍ക്കും ആ യുവതി വന്നുകയറിയ മതസമുദായത്തിനും ഒത്തിരി കാര്യങ്ങള്‍ പഠിക്കാനുണ്ട്. നിയമത്തിന്റെ തത്വശാസ്ത്രവും രീതിശാസ്ത്രവും വിവരിക്കുന്ന പുസ്തകത്തില്‍ പ്രശസ്ത നിയമജ്ഞന്‍ എഡ്ഗറുടെ (Edgar Bodenheime) ഒരു ഉദ്ധരണി തുടക്കത്തിലേ ചേര്‍ത്തത് അതുകൊണ്ടാണ്. നിയമം എന്നത് പെട്ടെന്ന് രൂപഭേദം വരുന്ന (അസ്ഥിരമായ) ഒന്നാണെന്നും വൈവിധ്യങ്ങളായ സ്വഭാവങ്ങള്‍ അത് ആര്‍ജിക്കുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തുന്നു. നീതിന്യായവ്യവസ്ഥ ഏത് ദിശയിലൂടെയും സഞ്ചരിച്ചേക്കാമെന്ന മുന്നറിയിപ്പ് അതുള്‍വഹിക്കുന്നുണ്ട്. രാജവാഴ്ചക്കാലത്ത് വാഴുന്നവരുടെ ഇച്ഛയായിരുന്നു രാജ്യത്തെ നിയമം. നീതിയോ പൗരബോധമോ നിയമത്തോട് ചേര്‍ത്തുപറയാനുണ്ടായിരുന്നില്ല. ആ കാലഘട്ടങ്ങളില്‍ മതങ്ങള്‍ നിര്‍വഹിച്ച വലിയ ദൗത്യം നിയമത്തില്‍ നീതിയുടെയും കാരുണ്യത്തിന്റെയും മുഖം പ്രദാനം ചെയ്യാന്‍ ഭരിക്കുന്നവരെ ഉണര്‍ത്തിക്കൊണ്ടിരുന്നു എന്നതാണ്. ആധുനിക ജനായത്ത വ്യവസ്ഥിതിയില്‍ നീതിന്യായ സംവിധാനം എവിടെ പരാജയപ്പെടുന്നുവോ അവിടെ അനീതി കടന്നുവരുകയും ദുര്‍ബലവിഭാഗത്തിന്റെ അവകാശങ്ങള്‍ ഹനിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഇസ്‌ലാം മതത്തിലേക്ക് കടന്നുചെന്ന ഹാദിയ എന്ന യുവതി രണ്ടുവര്‍ഷത്തോളം വേട്ടയാടപ്പെട്ടത് അവള്‍ മതം മാറി ഇസ്‌ലാമിലെത്തിയപ്പോഴുള്ള ആഗോള സാഹചര്യവും അതിനനുസൃതമായി കേരളീയ സമൂഹത്തില്‍ വേരോട്ടം നേടിയ ഇസ്‌ലാമോഫോബിയ ജുഡീഷ്യറിയിലേക്ക് പോലും പടര്‍ന്നുപിടിച്ചതും കേരള പോലിസ് കൈകൊണ്ട നിഷ്പക്ഷമെന്ന് പറയാനാവാത്ത നിലപാടുകളും മാധ്യമങ്ങള്‍ അവലംബിച്ച സത്യസന്ധമല്ലാത്ത സമീപനങ്ങളും മൂലമാണ്.

ഹൈകോടതിക്ക് പിഴച്ചതെവിടെ?
ന്യായാധിപന്മാര്‍ മാലാഖമാരല്ല. എത്രയോ നിരപരാധികളെ കഴുമരത്തിലേറ്റിയതിന്റെ പാപക്കറ ജുഡീഷ്യറിയുടെ കൈകളില്‍ മായാതെ കിടപ്പുണ്ടെന്ന് വിലപിച്ചത് സാക്ഷാല്‍ വി. ആര്‍. കൃഷ്ണയ്യരാണ്. ഹാദിയയും ഷെഫിന്‍ ജഹാനും തമ്മിലുള്ള വിവാഹം കേരള ഹൈകോടതി അസാധുവാക്കാന്‍ പാടില്ലായിരുന്നുവെന്നാണ് സുപ്രീംകോടതി ഇക്കഴിഞ്ഞ മാര്‍ച്ച് എട്ടിന്റെ വിധിയില്‍ അടിവരയിട്ട് പറഞ്ഞത്. 2017 മെയ് 24ന് ജസ്റ്റിസുമാരായ കെ. സുരേന്ദ്രമോഹനനും കെ. അബ്രഹാം മാത്യുവും വിവാഹം അസാധുവാക്കാന്‍ പറഞ്ഞ കാരണങ്ങളാണ് ദേശീയതലത്തില്‍ തന്നെ ചര്‍ച്ച ചെയ്യപ്പെട്ടതും കോടതി അവധാനതയോടെയല്ല വിഷയത്തെ സമീപിച്ചതെന്ന പ്രതീതി സൃഷ്ടിച്ചതും. ഹാദിയ എന്തിനു ഇസ്‌ലാം മതം സ്വീകരിച്ചുവെന്ന് കോടതി നേരത്തെ മനസിലാക്കിയിരുന്നു. ആ വസ്തുത 2017 മെയ് 14ന്റെ വിധിന്യായത്തില്‍ കോടതി വിവരിക്കുന്നുമുണ്ട്: ”സേലത്തെ പഠനകാലത്ത് പെരിന്തല്‍മണ്ണ സ്വദേശിനികളായ സഹോദരിമാരോടൊപ്പമായിരുന്നു താമസം. അവരുടെ സ്വഭാവഗുണങ്ങളും കൃത്യസമയത്തുള്ള നമസ്‌കാരവും തന്നെ ഹഠാദാകര്‍ഷിച്ചു. ഇസ്‌ലാമിനെ കുറിച്ച് പഠിക്കാന്‍ പുസ്തകങ്ങള്‍ വായിക്കുകയും വീഡിയോകള്‍ കാണുകയും ചെയ്തു. ഹിന്ദുമതത്തില്‍ ഒട്ടനവധി ദൈവങ്ങളുള്ളത് കൊണ്ട് ഏത് ദൈവത്തെയാണ് ആരാധിക്കേണ്ടതെന്ന ആശയക്കുഴപ്പമുണ്ട്. ഇസ്‌ലാം മുന്നോട്ട് വെക്കുന്ന ഏകദൈവവിശ്വാസം തന്റെ മനസിനെയും യുക്തിയെയും തൃപ്തിപ്പെടുത്തുന്നു. മതംമാറ്റം ഔപചാരികമായി പ്രഖ്യാപിക്കാതെ കുറെ കാലം നിശബ്ദമായി ഇസ്‌ലാമിക ആചാരാനുഷ്ഠാനങ്ങള്‍ പിന്തുടരുകയായിരുന്നു. അങ്ങനെയിരിക്കെ ഒരിക്കല്‍ വീട്ടില്‍വെച്ച് നമസ്‌കരിക്കുന്നത് അച്ഛന്‍ കാണാനിടയായി. ഇതാവര്‍ത്തിക്കരുതെന്ന് താക്കീത് നല്‍കി. ഇസ്‌ലാം ഭീകരതയുടെ മതമാണെന്നാണ് അച്ഛന്റെ കാഴ്ചപ്പാട്”. പക്ഷേ വിദ്യാസമ്പന്നയായ ആ യുവതി ബോധിപ്പിച്ച സത്യം സ്വീകരിക്കുന്നതിനു പകരം ഒരു ഹിന്ദുപെണ്‍കുട്ടി മതംമാറി ഇസ്‌ലാമിലേക്ക് പോകുന്നതിനെ കഠിനമായി എതിര്‍ക്കുന്ന ആര്‍.എസ്.എസിന്റെ ദുസ്വാധീനവലയത്തില്‍ കുടുങ്ങിയ പിതാവ് അശോകന്റെ വാക്കുകളാണ് നിയമപോരാട്ടം ഒരു ഘട്ടം പിന്നിട്ടപ്പോള്‍ ന്യായാസനം സ്വീകരിച്ചത്. ഷെഫിന്‍ ജഹാനുമായുള്ള വിവാഹം തട്ടിപ്പാണെന്നും മതം മാറ്റി ഇസ്‌ലാമിലെത്തിച്ച ശേഷം സിറിയയിലേക്ക് കടത്തിക്കൊണ്ടുപോവുകയാണ് ലക്ഷ്യമെന്നും ഇതിന്റെ പിന്നില്‍ ആഗോള ഭീകരവാദ ശൃംഖല പ്രവര്‍ത്തിക്കുന്നുണ്ടെന്നുമൊക്കെ അശോകന്‍ വാദിച്ചപ്പോള്‍ ജഡ്ജിമാര്‍ അത് വിശ്വസിച്ചുവെന്ന് വേണം കരുതാന്‍. അങ്ങനെയാണ് ഈ വിവാഹം കേവലം തട്ടിപ്പാണെന്നും ഹാദിയയുടെ സുരക്ഷിതത്വം ഉറപ്പാക്കേണ്ട ബാധ്യത തങ്ങള്‍ക്കുണ്ടെന്നും അതുകൊണ്ട് രക്ഷകര്‍ത്താവിന്റെ റോള്‍ തങ്ങള്‍ സ്വയം ഏറ്റെടുക്കുകയാണെന്നും പറഞ്ഞ് കോടതി, മാതാപിതാക്കളുടെ കസ്റ്റഡിയിലേക്ക് ഹാദിയയെ പറഞ്ഞുവിടുന്നത്. ഷെഫിന്‍ ജഹാന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നും കൊല്ലത്ത് ഏതാനും കേസുകളില്‍ പ്രതിയാണെന്നും നിരോധിക്കപ്പെട്ട സിമിയുടെ വകഭേദമായ പോപുലര്‍ ഫ്രണ്ടിന്റെ പ്രവര്‍ത്തകനാണെന്നും രാഷ്ട്രാന്തരീയ ഭീകരവാദ സംഘടനകളുമായി ബന്ധമുണ്ടെന്നും ഹാദിയയെ മതം മാറ്റി പോരാട്ട മുഖത്തേക്ക് എത്തിക്കുകയാണ് ലക്ഷ്യമെന്നുമൊക്കെ തട്ടിവിട്ടപ്പോള്‍ നീതിപീഠം അതു മുഖവിലക്കെടുത്തു. തീവ്ര വലതുപക്ഷം പ്രചാരണായുധമായി കൊണ്ടുനടക്കുന്ന ‘ലൗ ജിഹാദ്’ ഒരു യാഥാര്‍ത്ഥ്യമാണെന്ന് പരോക്ഷമായി അംഗീകരിച്ചുകൊണ്ട്, ഹാദിയക്കു ചുറ്റും മതില്‍ തീര്‍ക്കുകയാണ് പിന്നീട് കോടതി ചെയ്തത്. അതുകൊണ്ടാണ് നിയമവിദ്യാര്‍ത്ഥികള്‍ നാളെ പഠിക്കുമ്പോള്‍ അമ്പരന്നേക്കാവുന്ന തരം പരാമര്‍ശങ്ങള്‍ ഹൈകോടതിയുടെ ഭാഗത്തുനിന്നുണ്ടായത്.

”തടവില്‍കഴിയുന്ന യുവതി പ്രായം തികഞ്ഞവളാണെന്ന് അവളുടെ സീനിയര്‍ അഭിഭാഷകന്‍ ശക്തമായി വാദിക്കുന്നുണ്ടെങ്കിലും ഒരു കാര്യം മനസിലിരുത്തേണ്ടത് ഇരുപതുകളിലെ, ലോലമായ പ്രായത്തിലുള്ള സ്ത്രീ ആണ് അവള്‍ എന്നതാണ്. ഇന്ത്യന്‍ പാരമ്പര്യമനുസരിച്ച് പെണ്‍കുട്ടികളുടെ രക്ഷാകര്‍തൃത്വം, ശരിയാംവിധം വിവാഹം കഴിക്കുന്നത് വരെ മാതാപിതാക്കളുടേതാണ്. ചൂഷണം ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഒരാളെ കുടുതല്‍ അപകടത്തിലേക്ക് വിട്ടുകൊടുക്കാതിരിക്കേണ്ടത് കോടതിയുടെ കര്‍ത്തവ്യമാണെന്ന് കരുതുന്നു. ഇസ്‌ലാമിക മതാചാര പ്രകാരം മറ്റൊരാളുമായി വിവാഹകര്‍മം പൂര്‍ത്തിയാക്കപ്പെട്ട ചുറ്റുപാടില്‍ വിശേഷിച്ചും. അതും ആരുടെ കൂടെയാണോ കോടതി താമസിക്കാന്‍ അനുവദിച്ചത് അങ്ങനെയുള്ള ഏഴാം പ്രതിയുടെ ഗൂഢാലോചനയിലൂടെ.”

നിയമജ്ഞരുടെയും മാധ്യമങ്ങളുടെയും നിഷ്പക്ഷമായി ചിന്തിക്കുന്ന മുഴുവനാളുകളുടെയും വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ കോടതിഭാഷ്യമാണിത്. 24 വയസുള്ള, ഒരഭ്യസ്തവിദ്യയെ ആര്‍ക്കും വളക്കാന്‍ പറ്റുന്നവള്‍ എന്നാണ് ഹൈകോടതി വിശേഷിപ്പിച്ചത്. പെണ്‍കുട്ടികളെ വിവാഹം ചെയ്തുകൊടുക്കേണ്ടത് മാതാപിതാക്കളാണെന്നും ഇന്ത്യന്‍ പാരമ്പര്യം അനുശാസിക്കുന്നത് അതാണെന്നുമൊക്കെ നീതിപീഠം നിരീക്ഷിക്കുമ്പോള്‍ ജുഡീഷ്യറി എത്ര പിറകോട്ടാണ് സഞ്ചരിച്ചതെന്ന് ആലോചിച്ചുനോക്കൂ. ആണ്‍കുട്ടികള്‍ക്ക് 21 വയസും പെണ്‍കുട്ടികള്‍ക്ക് 18 വയസും പൂര്‍ത്തിയായാല്‍ സ്വേച്ഛ പ്രകാരം ഇണയെ തിരഞ്ഞെടുക്കാനും സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം അവ നിയമവിധേയമാക്കാനും സംവിധാനമുള്ള ഒരു രാജ്യത്താണ് ഒരു യുവതി മതംമാറി ഒരു മുസ്‌ലിമിനെ വിവാഹം ചെയ്തത് വലിയ അപരാധമായി കണ്ട് കോടതി അത് റദ്ദാക്കുന്നത്. ഹാദിയകേസ് സൂക്ഷ്മമായി അപഗ്രഥിച്ചുകൊണ്ട് കേരള ഹൈകോടതി വിധിയുടെ പോരായ്മകള്‍ ഇഴകീറി പരിശോധിച്ച സുപ്രീംകോടതി അഭിഭാഷകന്‍ വൈഭവ് എസ്. ചാര്‍ലാവാര്‍ ‘ദി വയര്‍’ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ എഴുതിയ കുറിപ്പ് (The Jurisprudential of Conundrum of Hadiya Case ) ഈ വിഷയത്തില്‍ പുറത്തുവന്ന ഏറ്റവും നല്ലൊരു വിശകലനമാണ്. തന്റെ വ്യക്തിജീവിതത്തെ കുറിച്ച് തീരുമാനമെടുക്കാന്‍ ഇരുപത്തിനാലുകാരിയായ ഹാദിയ പക്വത ആര്‍ജിച്ചിട്ടില്ല എന്ന നിരീക്ഷണം ലിംഗസമത്വത്തെയും വ്യക്തികളുടെ സ്വാതന്ത്ര്യത്തെയും സംബന്ധിച്ച ഗുരുതരമായ പാളിച്ചയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. സ്വന്തം ജീവിതത്തെ കുറിച്ച് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം ഹനിക്കുന്ന കോടതിയുടെ ഇടപെടല്‍ തനി പിന്തിരിപ്പനാണ് എന്ന് മാത്രമല്ല, നിയമലോകത്തിന്റെ മുന്നില്‍ ഇന്ത്യയുടെ യശസ്സ് ഇടിച്ചു താഴ്ത്തുന്നതുമാണ്. ഇസ്‌ലാമിലേക്ക് മതം മാറി എന്ന ഒരൊറ്റകാരണത്താല്‍ അച്ഛനമ്മമാരും ചുറ്റുമുള്ളവരും ഭീതിയില്‍ അകപ്പെടുന്ന സാഹചര്യം വ്യാജസൃഷ്ടിയാണ്. ഇസ്‌ലാം പേടിയാണ് എല്ലാറ്റിനും കാരണം. താങ്കളുടെ പുത്രി ആരുടെയും തടങ്കലില്‍ അല്ലെന്നും അവള്‍ പുതിയ മതം സ്വീകരിച്ച് സ്വതന്ത്രമായും സന്തോഷമായും ജീവിക്കുകയാണെന്നും മുമ്പ് ഇതേ കോടതി അശോകനെ ബോധ്യപ്പെടുത്തിയതാണ്. ഷെഫിന്‍ ജഹാനുമായുള്ള വിവാഹത്തോടെയാണ് കോടതിയുടെ മനസ്സ് പെട്ടെന്ന് മാറുന്നതും ആര്‍.എസ്.എസ് പ്രചരിപ്പിക്കുന്ന ഐ.എസ് ഭീകരവാദ ഭീഷണി ഏറ്റുപറയുന്ന വിചിത്രാവസ്ഥ സംജാതമാകുന്നതും. മനസ്സിരുത്തിയാല്‍ പൂ പറിക്കുന്ന ലാഘവത്തോടെ കേസിന്റെ കുരുക്കഴിക്കാന്‍ സാധിക്കുമെന്ന് സുപ്രീംകോടതി ഒടുവില്‍ തെളിയിച്ചു. ഭരണഘടനയുടെ 226ാം അനുച്ഛേദത്തിനു കീഴില്‍ തന്റെ മകളെ ഹാജരാക്കണമെന്ന അപേക്ഷയോടെ ഹേബിയസ് കോര്‍പ്പസ് ഹരജി സമര്‍പ്പിച്ചാല്‍ കോടതിക്ക് അവരുടെ വിവാഹത്തിലേക്ക് കടന്നുചെല്ലാന്‍ അധികാരമില്ല. 2017 നവംബര്‍ 27ന് ഹാദിയയെ നേരിട്ട് ഹാജരാക്കിയപ്പോള്‍ ഷെഫിന്‍ ജഹാനുമായുള്ള തന്റെ വിവാഹം അവള്‍ സമ്മതിച്ചതാണ്. അതോടെ തര്‍ക്കം തീര്‍ന്നു. വിവാഹം റദ്ദാക്കിയ ഹൈകോടതി നടപടി നിലനില്‍ക്കുന്നതല്ല. ഇത്തരം വിഷയങ്ങളെ അതത് കാലത്തെ സാമൂഹിക, രാഷ്ട്രീയ ചുറ്റുപാടുമായി കൂട്ടിക്കലര്‍ത്തി, സങ്കീര്‍ണമാക്കുന്ന ജഡ്ജിമാര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചിന്റെ ഉത്തരവ് .

പൊലീസ് കാട്ടിയ ക്രൂരത
11 മാസക്കാലം ഹാദിയ കേരളീയ മനഃസാക്ഷിയുടെ മുന്നില്‍ ഒരു ചോദ്യചിഹ്നമായി മാറിയത് എതിര്‍പ്പുകള്‍ തൃണവത്ഗണിച്ച് തനിക്കു ശരി എന്ന് തോന്നിയ വിശ്വാസസംഹിത മുറുകെ പിടിക്കാനും താന്‍ കണ്ടെത്തിയ ഒരു ചെറുപ്പക്കാരനോടൊപ്പം ദാമ്പത്യജീവിതം കെട്ടിപ്പടുക്കാനും തീരുമാനിച്ചപ്പോള്‍ വ്യവസ്ഥിതി അതിനെതിരെ കലഹിച്ചതാണ്. കേവലമൊരു മതംമാറ്റത്തിനു പിന്നില്‍ വര്‍ത്തമാനകാല ആകുലതകളെ സ്വന്തം പിതാവ് വലിച്ചിഴച്ചുകൊണ്ടുവന്നപ്പോള്‍, നമ്മുടെ കാലഘട്ടത്തിന്റെ രാഷ്ട്രീയ ആസുരതകളാണ് പത്തി ഉയര്‍ത്തി നൃത്തമാടിയത്. കേരളം മുസ്‌ലിം തീവ്രവാദികളുടെ വിഹാരകേന്ദ്രമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ സ്വാതന്ത്ര്യലബ്ധി തൊട്ട് ആര്‍.എസ്.എസ് നടത്തുന്ന കുത്സിത ശ്രമത്തിന്റെ കേന്ദ്രബിന്ദുവായി തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഹാദിയ വലിയൊരു ഗൂഢാലോചനയുടെ ഇരയായി മാറുന്നത്. മോഡി സര്‍ക്കാര്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യെ ഉപയോഗപ്പെടുത്തി കേരളം ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളുടെ റിക്രൂട്ടിങ് കേന്ദ്രമാണെന്ന് തെളിയിക്കാന്‍ വൃഥാശ്രമങ്ങള്‍ നടത്തുന്നതിനിടയിലാണ് ഹാദിയ കേസ് വീണുകിട്ടുന്നത്. ഒരുവേള സി.പി.ഐ പ്രവര്‍ത്തകനായിരുന്ന വൈക്കത്തുകാരന്‍ അശോകന്‍ അതോടെ ആര്‍.എസ്.എസിന്റെ കൈയിലെ കരുവായി. കഴിഞ്ഞദിവസം കോഴിക്കോട് വാര്‍ത്താസമ്മേളനത്തിലും ഹാദിയ ഊന്നിപ്പറഞ്ഞത് ആ സത്യമാണ്: ദേശവിരുദ്ധ ശക്തികളുടെ കൈയില്‍ തന്റെ പിതാവ് പാവയായി മാറുകയായിരുന്നുവെന്ന്. ഇസ്‌ലാമില്‍നിന്ന് പുറത്തേക്ക് വലിച്ചിഴച്ചുകൊണ്ടുവരാനായി മാനസികമായും ശാരീരികമായും മകളെ പീഡിപ്പിക്കുന്നതില്‍ ആ മനുഷ്യന്‍ തെറ്റ് കണ്ടില്ല. മകള്‍ക്ക് ഭ്രാന്താണെന്ന് പോലും അയാള്‍ വിളിച്ചുപറഞ്ഞു. പതിനൊന്നുമാസത്തെ വീട്ടുതടങ്കലില്‍ ഹാദിയ അനുഭവിച്ച പീഢനങ്ങളും യാതനകളും കേരളത്തിലെ ഒരു പെണ്‍കുട്ടിയും അനുഭവിക്കാത്തതായിരുന്നു. ആര്‍.എസ്.എസുകാരാലും അനുഭാവികളാലും വലയം ചെയ്യപ്പെട്ട അവസ്ഥയില്‍ കേരള പൊലീസ് നോക്കുകുത്തിയായി നിന്നു. ഒരു യുവതി ഇമ്മട്ടില്‍ പീഢിപ്പിക്കപ്പെട്ടപ്പോള്‍ ഇടതുസര്‍ക്കാറിന്റെ പൊലീസിന് ഒന്നും ചെയ്യാനില്ലായിരുന്നു. അതേസമയം,സംഘ്പരിവാറിന്റെ ആള്‍ക്കാര്‍ അനുസ്യൂതം അവളെ ചെന്നുകാണുകയും ഇസ്‌ലാമില്‍നിന്നും ഷെഫിനി ല്‍നിന്നും അകറ്റിനിറുത്താന്‍ എല്ലാ അടവുകളും പയറ്റുകയും ചെയ്തു. പക്ഷേ, ചരിത്രപുസ്തകത്തില്‍ വായിച്ച വിശ്വാസദാര്‍ഢ്യത്തിന്റെ ഉത്തമ മാതൃകാസ്ത്രീയെ പോലെ ഹാദിയ ഉറച്ചുനിന്നു. വെല്ലുവിളികളെ അതിജീവിച്ചു. പാരതന്ത്ര്യത്തിന്റെ കെട്ടുകള്‍ പൊട്ടിച്ച് പുറത്തുവന്നപ്പോള്‍ കേരളീയ സിവില്‍ സമൂഹത്തോട് അവള്‍ക്കു പങ്കുവെക്കാനുണ്ടായിരുന്നത് ഗൗരവപൂര്‍വം കാണേണ്ട കുറെ പരിഭവങ്ങളാണ്. ”സ്വതന്ത്ര ഇന്ത്യയില്‍ സംഭവിക്കാന്‍ പാടില്ലാത്തതാണ് എന്റെ കാര്യത്തില്‍ സംഭവിച്ചത്. പൊലീസ് നടപടി തീര്‍ത്തും ഏകപക്ഷീയവും നീതീകരിക്കാനാവാത്തതുമായിരുന്നു. ഞാന്‍ ഇഷ്ടപ്പെടാത്തവരെയാണ് പൊലീസ് എന്നെ കാണാന്‍ വീട്ടിലേക്ക് കടത്തിവിട്ടുകൊണ്ടിരുന്നത്. ഹിന്ദുമത പ്രചാരകരെയും സന്ന്യാസിമാരെയും തൊഴുതുകൊണ്ട് പൊലീസ് സ്വീകരിച്ചു. സനാതന ധര്‍മത്തെ കുറിച്ച് പറഞ്ഞുതരാന്‍ മനഃശാസ്ത്ര ഡോക്ടര്‍മാര്‍ വന്നു. ജഡ്ജി പറഞ്ഞിട്ടാണ് വരുന്നത് എന്നുവരെ കൗണ്‍സലിങ്ങിനെത്തിയ ചിലര്‍ ധരിപ്പിച്ചു. സഹിക്കാന്‍ പറ്റാത്തതായിരുന്നു പലരുടെയും പെരുമാറ്റം. എന്റെ മനോവേദന പൊലീസിന് ഒട്ടും പ്രശ്‌നമല്ലായിരുന്നു. എന്നെ വന്നു കണ്ടവരില്‍ മുസ്‌ലിം പേരിലുണ്ടായിരുന്നത് ജാമിദ ടീച്ചര്‍ മാത്രമായിരുന്നു. തുടര്‍ച്ചയായി രണ്ടുദിവസം വീട്ടില്‍ വന്ന അവര്‍ക്കും പറയാനുണ്ടായിരുന്നത് ഇസ്‌ലാം ഉപേക്ഷിക്കുന്നതിനെ കുറിച്ചായിരുന്നു. ഇസ്‌ലാം സ്വീകരിക്കുക വഴി ഇടത്തേ കാലിലെ മന്ത് വലത്തേ കാലിലേക്ക് ആക്കിയിരിക്കുകയാണെന്ന് ടീച്ചര്‍ പറഞ്ഞപ്പോള്‍ മന്തില്ലെന്ന് പറഞ്ഞ് കാല്‍പൊക്കി കാണിച്ചുകൊടുത്തു”വാര്‍ത്താസമ്മേളനത്തില്‍ ഭര്‍ത്താവ് ഷെഫിനെ അടുത്തിരുത്തി ഇത്രയും പറഞ്ഞുതീര്‍ത്തപ്പോള്‍, ലജ്ജിച്ചു ശിരസ്സ് കുനിക്കേണ്ടിയിരുന്നത് ‘പ്രബുദ്ധ’ കേരളമായിരുന്നു. പക്ഷേ, ഹാദിയയുടെ ‘ലൗ ജിഹാദി’നെ കുറിച്ച് പെരുത്തും എഴുതിയ കേരളത്തിലെ മാധ്യമങ്ങള്‍ക്ക്, ഇത്തരം സങ്കടങ്ങള്‍ക്ക് അര്‍ഹിക്കുന്ന വാര്‍ത്താമൂല്യം നല്‍കാന്‍ കഴിയാതെ പോകുന്നുവെന്നതാണ് മറ്റൊരു ദുരന്തം.

ഹാദിയയെ കരുവാക്കരുത്
ഹാദിയ വാര്‍ത്തകളില്‍ ഇടം പിടിച്ചപ്പോള്‍ കേരളീയ മുസ്‌ലിം സമൂഹം വളരെ കരുതലോടെയാണ് വിഷയത്തെ സമീപിച്ചത്. വൈകാരികമായി എടുത്തുചാടി ഇരുസമുദായങ്ങള്‍ തമ്മില്‍ അകല്‍ച്ച സൃഷ്ടിക്കാന്‍ ആരും മുതിര്‍ന്നില്ല. വാസ്തവത്തില്‍, ഒരു വിഭാഗത്തിന് വിവാദ നായിക അഖിലയും മറ്റൊരു വിഭാഗത്തിന് ഹാദിയയും ആയിരുന്നു ഇന്നലെ വരെ. ഉള്ളിന്റെയുള്ളില്‍ സാമുദായിക ധ്രുവീകരണം പൂര്‍ത്തിയാവുന്നുണ്ടായിരുന്നു. അഖില ഇസ്‌ലാം മതം സ്വീകരിച്ച് സമുദായത്തിലേക്ക് കടന്നുവന്നതിനെ മഹാസംഭവമായി ആഘോഷിക്കാന്‍ മുസ്‌ലിംകളിലെ ഒരു വിഭാഗവും അമിതാവേശം കാണിച്ചിരുന്നില്ല. എന്നാല്‍, ഷെഫിന്‍ ജഹാനുമായുള്ള വിവാഹമാണ് ഈ കേസില്‍ വഴിത്തിരിവായത് എന്ന് വിലയിരുത്തുന്നവരാണ് കൂടുതല്‍. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനായത് കൊണ്ടാണ് തീവ്രവാദബന്ധം ആരോപിക്കാനും ഹാദിയ കേസിനു മറ്റൊരു ഭാഷ്യം ചമക്കാനും പിതാവ് അശോകനും പൊലീസിനും സാധിച്ചതെന്ന ആഴത്തിലുള്ള വിശകലനം നേരത്തെ ഉണ്ടായിരുന്നു. ഹൈകോടതി വിധിക്കെതിരെ പ്രകടനം നടത്തിയ നടപടി പോലും മുസ്‌ലിംകളിലെ എല്ലാ വിഭാഗവും അംഗീകരിച്ചിരുന്നില്ല. വന്‍തുക ചെലവഴിച്ചുള്ള നിയമപോരാട്ടത്തിന്റെ വഴിയില്‍ ഹാദിയയെയും ഷെഫിന്‍ ജഹാനെയും ആരൊക്കെയാണ് സഹായിച്ചതെന്ന് ചിലര്‍ക്കെങ്കിലും ചില ധാരണയുണ്ടാവാം. ഷെഫിന്റെ രാഷ്ട്രീയമോ സംഘടനാ ബന്ധമോ നോക്കിയായിരുന്നില്ല കേരളീയ മുസ്‌ലിം സമൂഹം വിഷയത്തോട് പ്രതികരിച്ചിരുന്നത്. മതം മാറിയത് കൊണ്ടു മാത്രം ഇമ്മട്ടില്‍ ക്രൂശിക്കപ്പെടുന്നതിലായിരുന്നു അവരുടെ ആധി.

ഹാദിയ ഷെഫിന്‍ വിവാഹവും കേസും വിവാദവുമൊക്കെ കേരളീയ മുസ്‌ലിം സമൂഹത്തെ ചില പാഠങ്ങള്‍ പഠിപ്പിക്കുന്നുണ്ട്. രാഷ്ട്രീയത്തിനപ്പുറമാണ് അതിന്റെ സ്‌കോപ്പ്. വിഷയത്തെ സമുദായവത്കരിക്കാനും വര്‍ഗീയവത്കരിക്കാനും ശ്രമിക്കുന്നതിനു പകരം, പൊതുസമൂഹത്തിന്റെ മുന്നില്‍ ശതാവധാനതയോടെ കൈകാര്യം ചെയ്യുമ്പോഴാണ് നീതിപീഠത്തില്‍നിന്നെങ്കിലും അവസാന ആശ്വാസം കൈവരുന്നത്. മാധവിക്കുട്ടി മതം മാറി ഇസ്‌ലാമിലെത്തിയപ്പോള്‍ വിഷയം കൊണ്ടാടാതെ അവധാനതയോടെ കൈകാര്യം ചെയ്ത രീതി വിട്ട്, ഇത് തങ്ങളുടെ വിജയമാണെന്ന അവകാശവാദവുമായി ആരെങ്കിലും ഇറങ്ങിപ്പുറപ്പെടുന്നത് ഹാദിയയെപോലുള്ളവര്‍ക്കാണ് ദോഷം ചെയ്യുക. അവര്‍ക്ക് സാമുദായിക രാഷ്ട്രീയത്തിന്റെ ഉള്‍പിരിവുകളെ കുറിച്ച് വേണ്ടത്ര ധാരണ ഉണ്ടാവണമെന്നില്ല. അതുകൊണ്ട് അവരുടെ ജീവിതം കൊണ്ട് ആരും രാഷ്ട്രീയം കളിക്കരുത്. ആര്‍.എസ്.എസിന്റെ പിടിയില്‍നിന്ന് നിയമപോരാട്ടത്തിലൂടെ ആ സഹോദരിയെ രക്ഷപ്പെടുത്താന്‍ ചെലവിട്ട അവസാനത്തെ ചില്ലിക്കാശും സമുദായത്തിന്റേതാണെന്ന് ആരും മറക്കരുത്.

ശാഹിദ്

You must be logged in to post a comment Login