അധാര്‍മികമായ ആഘോഷങ്ങള്‍

അധാര്‍മികമായ ആഘോഷങ്ങള്‍

ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയായ രാം മാധവ് ഇന്ത്യന്‍ എക്‌സ്പ്രസില്‍ ”ഇതൊരു ചെറിയ വിജയമല്ല” എന്ന പേരില്‍ എഴുതിയ ലേഖനം, മാര്‍ച്ച് മൂന്നിന് അദ്ദേഹത്തിന്റെ പാര്‍ട്ടി ത്രിപുരയില്‍ അധികാരത്തില്‍ വന്നതിനു ശേഷം അവിടെ അരങ്ങേറുന്ന അക്രമങ്ങളെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ അടങ്ങുന്നതാണ്. ബിജെപി എങ്ങനെയാണ് ത്രിപുരയില്‍ വിജയം രചിച്ചതെന്ന് വിശദീകരിക്കുന്നതിനിടയില്‍ മാധവ് സംസ്ഥാനത്ത് ഇടതുഭരണകാലത്ത് വ്യാപകമായിരുന്ന അക്രമത്തെക്കുറിച്ചും ഭീതിയുടെയും ഭീഷണിയുടെയും അടിച്ചമര്‍ത്തലിന്റെയും അന്ത:രീക്ഷത്തെക്കുറിച്ചും സംസാരിച്ചു. ലോകത്തിന് ചുരുങ്ങിയ കമ്യൂണിസ്റ്റുകളെ മാത്രമേ ആവശ്യമുള്ളൂ എന്ന സന്ദേശം ഒരു നയതന്ത്രപ്രതിനിധി അദ്ദേഹത്തിന് അയച്ചത്രേ.

നയതന്ത്രപ്രതിനിധി മാധവിനയച്ച ആ സന്ദേശം ത്രിപുരയിലെ ബിജെപി പ്രവര്‍ത്തകര്‍ അക്ഷരാര്‍ത്ഥത്തില്‍ മുഖവിലക്കെടുത്തിരിക്കുകയാണ്. അവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്‌സിസ്റ്റ്)യുടെ പ്രവര്‍ത്തകരെയും ഓഫീസുകളെയും ആക്രമിക്കുകയും ചിലയിടങ്ങളില്‍ ഓഫീസുകള്‍ പിടിച്ചടക്കുകയും ചെയ്യുകയാണ്. കമ്യൂണിസ്റ്റുകാരുടെ ആരാധനാബിംബവും പ്രചോദനവുമായ ലെനിന്റെ പ്രതിമ ബി ജെപി പ്രവര്‍ത്തകര്‍ തകര്‍ക്കുകയും തല മുറിച്ചെടുത്ത് പന്തു തട്ടുകയും ചെയ്തത് ത്രിപുരയില്‍ നടമാടുന്ന വിചിത്രരൂപിയായ ആക്രമണത്തിന്റെ ഉദാഹരണമാണ്.

സ്വാഭാവികരോഷത്തിന്റെ കുത്തൊഴുക്കെന്നാണ് ലെനിന്‍ പ്രതിമ തകര്‍ത്തതിനെ ബിജെപി ന്യായീകരിച്ചത്. എന്നാല്‍ ബാബരി മസ്ജിദിന്റെ തകര്‍ച്ചയും ഇങ്ങനെ തന്നെയാണ് അവര്‍ ന്യായീകരിച്ചത്. കന്നുകാലികളെ കടത്തുന്ന ഒരാളെ അടിച്ചു കൊല്ലുമ്പോഴും ഒരു ഹിന്ദു പെണ്‍കുട്ടി മുസ്‌ലിം ചെറുപ്പക്കാരനെ കല്യാണം കഴിക്കുമ്പോഴും ഹിന്ദുവലതുപക്ഷത്തിന്റെ രോഷം പതഞ്ഞൊഴുകുകയാണ്. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുസ്‌ലിം രാജാക്കന്മാര്‍ ഇന്ത്യയോട് ചെയ്ത പാതകങ്ങളില്‍ ഹിന്ദുവലതുപക്ഷം എപ്പോഴും തിളച്ചു കൊണ്ടിരിക്കുകയാണെന്നു തോന്നുന്നു. മുസ്‌ലിംകള്‍ ഹിന്ദുക്ഷേത്രങ്ങള്‍ നശിപ്പിക്കുകയും സ്ത്രീകളെ മാനഭംഗപ്പെടുത്തുകയും ഹിന്ദുക്കളെ മതം മാറ്റുകയും ചെയ്തതിനാല്‍ അവരെ ഹിന്ദുമതത്തിനുള്ളിലേക്ക് ഘര്‍വാപസിയിലൂടെ തിരികെക്കൊണ്ടു വരേണ്ടതുണ്ടത്രേ.

ലെനിന്റെ പ്രതിമയുടെ തലയെടുക്കാന്‍ മാത്രം അക്രമത്തോട് അറുതിവരാത്ത അഭിനിവേശമുള്ളവരായിരിക്കണം ഹിന്ദു വലതുപക്ഷം. കമ്യൂണിസത്തിനെ നാമാവശേഷമാക്കിയത് അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് റീഗനും ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചറുമാണെന്ന് അഭിപ്രായപ്പെട്ട മാധവ് ആ ദൗത്യം ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡി പൂര്‍ത്തീകരിക്കുമെന്നും പറഞ്ഞു. വാക്കുകളിലെ ഈ അക്രമമാണ് താമസിയാതെ പ്രാവര്‍ത്തികമായത്.

കമ്യൂണിസത്തെ നാമാവശേഷമാക്കുകയെന്ന മാധവിന്റെ സ്വപ്‌നം മോഡി പൂര്‍ത്തീകരിക്കുന്നതിനു മുമ്പ് അദ്ദേഹം ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്. ഓരോ ഇന്ത്യക്കാരന്റെയും സ്വപ്‌നഭൂമിയായ അമേരിക്കയില്‍ ലെനിന്റെ പ്രതിമകള്‍ കാണാനാകും. ന്യൂയോര്‍ക്കിലെ ഒരു ഭവനസമുച്ചയത്തിന്റെ മുകളില്‍ അദ്ദേഹം ചക്രവാളത്തിലേക്ക് ഉറ്റുനോക്കി നില്‍ക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പതിനെട്ടടി നീളമുള്ള ആ പ്രതിമ അവിടെ ഉറപ്പിക്കാന്‍ ചുമതലപ്പെടുത്തിയത് പഴയ സോവിയറ്റ് യൂണിയനാണ്.

എന്നാല്‍ പ്രതിമ അമേരിക്കയിലേക്ക് അയക്കുന്നതിനു മുമ്പ് സോവിയറ്റ് യൂണിയന്‍ 1989ല്‍ തകര്‍ന്നുവീണു. മോസ്‌കോയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ ആ പ്രതിമ അമേരിക്കയിലേക്ക് കടത്തിയതും ന്യൂയോര്‍ക്കിലെ റെഡ്‌സ്‌ക്വയര്‍ കെട്ടിടത്തിനു മുകളില്‍ 1994ല്‍ സ്ഥാപിച്ചതും രണ്ട് അമേരിക്കന്‍ കെട്ടിടനിര്‍മാതാക്കളാണ്. അടുത്ത ഇരുപത്തിരണ്ടു വര്‍ഷത്തോളം അത് ആ സ്ഥലത്തെ അടയാളപ്പെടുത്തി അങ്ങിനെ നിന്നു. അപ്പോഴാണ് ആ കെട്ടിടത്തിന് പുതിയ ഉടമസ്ഥരുണ്ടാകുന്നത്.

പുതിയ ഉടമസ്ഥര്‍ അതീവശ്രദ്ധയോടും കരുതലോടും കൂടെ ആ പ്രതിമ താഴേക്കിറക്കി. പിന്നീടത് റെഡ് സ്‌ക്വയര്‍ പണിത മൈക്കല്‍ റോസന്റെ ഉടമസ്ഥതയില്‍ നോര്‍ഫോക്കിലുള്ള ആസ്തിയിലേക്ക് മാറ്റി. പുതിയൊരു തറ പണിത് പ്രതിമ അവര്‍ അതിലേക്ക് മാറ്റി. വലതു പക്ഷക്കാരാരും തന്നെ, അത്തരക്കാര്‍ക്ക് അമേരിക്കയില്‍ പഞ്ഞമേയില്ല, ലെനിന്റെ പ്രതിമ പുന:സ്ഥാപിച്ചതിനെതിരെ മുദ്രാവാക്യങ്ങളുയര്‍ത്തുകയോ അത് വികൃതമാക്കുകയോ ചെയ്തില്ല.
മുമ്പ് സോവിയറ്റ് യൂണിയന്റെ ഭാഗമോ സ്വാധീനവലയത്തിലോ ആയിരുന്ന നിരവധി രാജ്യങ്ങളില്‍ ലെനിന്റെ പ്രതിമകള്‍ നിലം പൊത്തിയിട്ടുണ്ട്. ഉക്രെയ്‌നില്‍ നൂറുകണക്കിന് ലെനിന്‍ പ്രതിമകള്‍ തകര്‍ക്കപ്പെടുകയോ നീക്കം ചെയ്യപ്പെടുകയോ ചെയ്തു. തങ്ങള്‍ കമ്യൂണിസ്റ്റ് റഷ്യയുടെ പിടിയിലായിരുന്നുവെന്ന് വിശ്വസിച്ച ഈ രാജ്യങ്ങള്‍ പുത്തന്‍ സ്വാതന്ത്ര്യത്തിന്റെ ആവേശത്തില്‍ സോഷ്യലിസത്തിന്റെ പ്രതീകങ്ങളിലൊന്നായ ലെനിന്‍ പ്രതിമകള്‍ നീക്കം ചെയ്യാന്‍ ശ്രമിച്ചു. അവരുടെ ഇരുണ്ടതും രക്തപങ്കിലവുമായ ഭൂതകാലത്തിന്റെ ശേഷിപ്പായിരുന്നു ലെനിന്‍.

കമ്യൂണിസത്തെ നാമാവശേഷമാക്കിയതിന് മാധവ് മാര്‍ഗരറ്റ് താച്ചറെ പ്രശംസിക്കുന്നുണ്ട്. എന്നാല്‍ ലണ്ടനിലെ ഇസ്‌ലീംഗ്ടണ്‍ മ്യൂസിയത്തിലെ ലെനിന്റെ അര്‍ധകായപ്രതിമയുടെ ചരിത്രം അദ്ദേഹം മനസ്സിലാക്കേണ്ടതുണ്ട്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിറ്റ്‌ലറുടെ സൈന്യത്തിനു മേല്‍ കടുത്ത പ്രഹരം ഏല്‍പിച്ച സോവിയറ്റ് യൂണിയനോടുള്ള ബഹുമാനസൂചകമായാണ് ബ്രിട്ടനിലെ സര്‍ക്കാര്‍ ആ പ്രതിമ നിര്‍മിക്കാന്‍ തീരുമാനിച്ചത്. 1942ല്‍ ഹോള്‍ഫോര്‍ഡ് ചത്വരത്തിലാണ് അത് സ്ഥാപിക്കപ്പെട്ടത്. ഫാഷിസത്തിന്റെ ആരാധകര്‍ കമ്യൂണിസ്റ്റ് വിരുദ്ധ മുദ്രാവാക്യങ്ങള്‍ കോറിവരച്ചതിനെ തുടര്‍ന്ന് ആ പ്രതിമ ആദ്യം ഇസ്‌ലിംഗ്ടണ്‍ ടൗണ്‍ഹാളിലേക്കും പിന്നീട് മ്യൂസിയത്തിലേക്കും മാറ്റി സ്ഥാപിക്കപ്പെട്ടു.

ചരിത്രത്തിന്റെ സൂക്ഷ്മഭേദങ്ങള്‍ സംഘിന് മനസ്സിലാക്കാവുന്നതിലപ്പുറമാണ്. അതിന്റെ അനുഭാവികള്‍ക്ക് ചരിത്രമെന്നാല്‍ നാടകമാണ്, നായകന്മാരും പ്രതിനായകന്മാരുമുള്ള നാടകം. മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ ഇടതടവില്ലാതെ പോരാടുന്ന ഹിന്ദുക്കള്‍ മാത്രമേ ആ നാടകത്തില്‍ പ്രശംസ അര്‍ഹിക്കുന്നുള്ളൂ. ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ ഹിന്ദുപോരാളികളെ പ്രശംസിക്കാന്‍ മടിക്കുന്നത് അവരുടെ സംവേദനശേഷി പാശ്ചാത്യലോകത്ത് ഉത്ഭവിച്ച പ്രത്യയശാസ്ത്രത്തില്‍ വേരുറപ്പിച്ചതു കൊണ്ടാണ്. കമ്യൂണിസ്റ്റുകാര്‍ ഹിന്ദുക്കളുടെ പരിശ്രമങ്ങളില്‍ മൂല്യം കാണാത്തത് നീതിയെ പരിഹസിക്കലാണെന്ന് ആര്‍ എസ് എസിന്റെ പ്രത്യയശാസ്ത്രകാരന്‍ ദീന്‍ദയാല്‍ ഉപാദ്ധ്യായ പറഞ്ഞിട്ടുണ്ട്.

ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ മാര്‍ക്‌സിന്റെയോ ലെനിന്റെയോ ആശയങ്ങള്‍ സ്വാംശീകരിച്ചിട്ടുണ്ടാകാം. എന്നാലവര്‍ അട്ടിമറികളിലൂടെയോ രക്തരൂക്ഷിതവിപ്ലവങ്ങളിലൂടെയോ അല്ല അധികാരത്തിലെത്തിയതെന്ന് സംഘ് പരിവാര്‍ മറന്നുപോകുകയാണ്. ജനങ്ങളാണ് അവരെ വോട്ടു നല്‍കി അധികാരത്തിലെത്തിച്ചത്. ലോകത്ത് ആദ്യമായി കമ്യൂണിസ്റ്റ് സര്‍ക്കാരിനെ ബാലറ്റ് പെട്ടിയിലൂടെ അധികാരത്തിലെത്തിച്ചത് കേരളത്തില്‍ 1957 ലാണ്. ത്രിപുരയും പശ്ചിമബംഗാളും ഇടതുപക്ഷത്തിന് തുടര്‍ച്ചയായി അധികാരം നല്‍കി. പക്ഷേ ഈ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ നിന്ന് പുറന്തള്ളപ്പെട്ടപ്പോള്‍ അവര്‍ അധികാരം വീണ്ടും പിടിച്ചെടുക്കാന്‍ അധാര്‍മികമായ മാര്‍ഗങ്ങള്‍ അവലംബിച്ചില്ല. എന്നാല്‍ ബിജെപി വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ചെയ്തത് അതാണ്.

ഭൂതകാലത്തിലെ ബിംബങ്ങളോട് ബിജെപിയുടെ മനോഭാവം കാപട്യം നിറഞ്ഞതാണ്. 2016ല്‍ ഘാനയിലെ ഒരു സര്‍വകലാശാലയില്‍ പ്രൊഫസര്‍മാരും വിദ്യാര്‍ത്ഥികളും ഗാന്ധിജി വംശീയവാദിയാണെന്ന് ആരോപിക്കുകയും അദ്ദേഹത്തിന്റെ പ്രതിമ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. മോഡി സര്‍ക്കാര്‍ പെട്ടെന്ന് തന്നെ അക്കാര്യത്തില്‍ അതൃപ്തി പ്രകടിപ്പിച്ചു. പ്രതിമ ഘാനയിലെ സര്‍ക്കാര്‍ സുരക്ഷിതമായ സ്ഥാനത്തേക്ക് മാറ്റി സ്ഥാപിക്കുമെന്നുറപ്പു വരുത്താന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ആ രാജ്യവുമായുള്ള നയതന്ത്രബന്ധങ്ങള്‍ അറുത്തുമാറ്റി. വിദേശകാര്യമന്ത്രാലയത്തിന്റെ സെക്രട്ടറി അമര്‍ സിന്‍ഹ അക്കാലത്ത് പത്രങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ ജനങ്ങളോട് ഗാന്ധിജിയുടെ ചിന്തകളിലും വ്യക്തിയെന്ന നിലയില്‍ അദ്ദേഹത്തിന് കാലാനൃസൃതമായി സംഭവിച്ച മാറ്റങ്ങളിലും ശ്രദ്ധിക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ആദ്യകാല എഴുത്തുകളില്‍ നിന്ന് അടര്‍ത്തി മാറ്റിയ ഭാഗങ്ങളിലല്ല ശ്രദ്ധ ഊന്നേണ്ടതെന്നും പ്രസ്താവന പറഞ്ഞു.

ലെനിന്‍ അടക്കമുള്ള നൂറുകണക്കിന് ചിന്തകരാലും വിപ്ലകാരികളാലും സ്വാധീനിക്കപ്പെട്ട നിരവധി രാഷ്ട്രീയ ചിന്തകളുടെ വൈവിധ്യമാര്‍ന്ന മുദ്രകള്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റ്കാരിലുണ്ടെന്ന് സംഘ് പരിവാര്‍ അതിന്റെ പ്രവര്‍ത്തകരോട് നിശ്ചയമായും പറയേണ്ടതല്ലേ?

കേന്ദ്രത്തില്‍ ആദ്യമായി അധികാരം കിട്ടിയപ്പോള്‍ പാര്‍ലമെന്റില്‍ വീര്‍ സവര്‍ക്കറുടെ ഛായാചിത്രം സ്ഥാപിച്ചവരാണ് സംഘ് പരിവാറുകാര്‍. ബ്രിട്ടീഷ് കൊളോണിയല്‍ ഭരണം സായുധവിപ്ലവത്തിലൂടെ തൂത്തെറിയണമെന്ന് ആഗ്രഹിച്ചയാളാണ് സവര്‍ക്കര്‍. എന്നാല്‍ ജയില്‍വാസം അദ്ദേഹത്തെ ബ്രിട്ടീഷുകാരുമായി സമരസപ്പെടാന്‍ പ്രേരിപ്പിച്ചു. അതോടെ സവര്‍ക്കര്‍ തന്റെ രോഷം മുസ്‌ലിംകള്‍ക്കും അവരെ പിന്തുണക്കുന്നവര്‍ക്കുമെതിരെ തിരിച്ചു വിട്ടു. അദ്ദേഹം ഗാന്ധിയുടെ ഘാതകരായ നാഥുറാം വിനായക് ഗോഡ്‌സെയെയും നാരായണ്‍ ആപ്‌തെയെയും പ്രചോദിപ്പിച്ചു. സാങ്കേതികകാരണങ്ങളാല്‍ മാത്രമാണ് സവര്‍ക്കര്‍ ഗാന്ധിയുടെ വധം സംബന്ധിച്ച കേസില്‍ നിന്ന് ഒഴിവായിപ്പോയത്. സവര്‍ക്കര്‍ക്ക് ഗോഡ്‌സെയുമായി അടുത്ത ബന്ധമുണ്ടെന്ന്, അദ്ദേഹമത് നിരസിച്ചെങ്കിലും, ജസ്റ്റിസ് ജെ എല്‍ കപൂര്‍ അന്വേഷണ കമ്മീഷന്‍ കണ്ടെത്തുകയുണ്ടായി.

ഹിന്ദുക്കളോട് മുസ്‌ലിംകള്‍ ചെയ്ത അതിക്രമങ്ങള്‍ക്ക് പകരം ചോദിക്കാനായി രാഷ്ട്രീയ ആയുധമെന്ന നിലയില്‍ ബലാത്സംഗത്തെ സവര്‍ക്കര്‍ തന്റെ സിക്‌സ് ഗ്ലോറിയസ് ഇപ്പോക്‌സ് ഓഫ് ഹിസ്റ്ററി എന്ന പുസ്തകത്തില്‍ ന്യായീകരിച്ചു. അദ്ദേഹം തോല്‍പിക്കപ്പെട്ട കല്യാണിലെ മുസ്‌ലിം ഗവര്‍ണ്ണറുടെ മരുമകളെ തിരിച്ചയച്ചതിന് ശിവജിയെയും ബേസിന്‍ ഗവര്‍ണറുടെ ഭാര്യയെ തിരിച്ചയച്ചതിന് പേഷ്വാ ചിമാജി അപ്പാജിയെയും വിമര്‍ശിച്ചു.
സവര്‍ക്കര്‍ എഴുതുന്നു:”അങ്ങിനെ ചെയ്യുമ്പോള്‍ ശിവജി മഹാരാജാവും ചിമാജി അപ്പയും മുഹമ്മദ് ഗസ്‌നിയോ അലാവുദ്ധീന്‍ ഖില്‍ജിയോ മറ്റു മുസ്‌ലിം ഭരണാധികാരികളോ ആയിരക്കണക്കിന് ഹിന്ദു പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമെതിരെ നടത്തിയ അതിക്രമങ്ങളും മാനഭംഗങ്ങളും ഓര്‍ത്തുകാണില്ല.

ഹിന്ദുക്കള്‍ വിജയം വരിക്കുന്ന വേളകളില്‍ മുസ്‌ലിം സ്ത്രീകളുടെ മേല്‍ അവരും പകരം വീട്ടുമെന്ന് ശപഥം ചെയ്യണം. എങ്കില്‍ മാത്രമേ തങ്ങളുടെ സ്ത്രീകള്‍ക്കും അതേ ഗതി വരുമെന്ന ഭീതി മുസ്‌ലിം ഭരണാധികാരികള്‍ക്കിടയില്‍ പരക്കൂ. അങ്ങിനെയെങ്കില്‍ അവര്‍ ഹിന്ദു സ്ത്രീകളെ തൊടാന്‍ ധൈര്യം കാണിക്കില്ല.”

ഗുജറാത്തിലെയും മുസഫര്‍നഗറിലെയും കലാപങ്ങള്‍ക്കിടയില്‍ ഹിന്ദുത്വപോരാളികള്‍ സ്ത്രീകളെ പരസ്യമായി മാനഭംഗപ്പെടുത്തിയതെന്തു കൊണ്ടാണെന്ന് ഇതില്‍ നിന്ന് വ്യക്തമാണ്. അങ്ങനെയെങ്കില്‍ ലെനിനെയും സോവിയറ്റ് യൂണിയനെയും ഹിന്ദു വലതുപക്ഷം നിന്ദിക്കുന്നത് അവര്‍ നടത്തിയ അക്രമങ്ങളുടെ പേരിലാകണം.

എന്നാല്‍ ലെനിന്റെ പ്രതിമ നശിപ്പിച്ചതിന് മറ്റൊരു കാരണം കൂടിയുണ്ട്. ബിജെപിയുടെ ദേശീയ സെക്രട്ടറി എച്ച് രാജ ഫേസ്ബുക്കില്‍ ഇങ്ങനെ കുറിച്ചു: ”ആരാണ് ലെനിന്‍? അയാള്‍ക്ക് ഇന്ത്യയുമായി എന്താണ് ബന്ധം? കമ്യൂണിസ്റ്റുകാര്‍ക്ക് ഇന്ത്യയുമായി എന്താണ് ബന്ധം? ത്രിപുരയില്‍ ലെനിന്റെ പ്രതിമ തകര്‍ക്കപ്പെട്ടു. ഇന്ന് ലെനിന്റെ പ്രതിമയാണെങ്കില്‍ നാളെ തമിഴ് നാട്ടിലെ ഇ വി ആര്‍ രാമസ്വാമിയുടെ പ്രതിമ.”

പെരിയാര്‍ എന്ന് അറിയപ്പെടുന്ന ഇവിആര്‍ രാമസ്വാമി നായ്ക്കരുടെ ഊഴമാണ് ഇപ്പോള്‍. ബ്രാഹ്മണന്മാരല്ലാത്ത വിഭാഗക്കാരെ ബ്രാഹ്മണന്മാര്‍ ചൂഷണം ചെയ്യുന്നതിനെതിരെ പോരാട്ടം നയിച്ചയാളാണ് പെരിയാര്‍. ലെനിനെയും പെരിയാറിനെയും സംഘ് ലക്ഷ്യംവെക്കുന്നത് രണ്ടു പേരും സമത്വം എന്ന ആശയത്തെ സ്വാംശീകരിച്ചവരായതു കൊണ്ടാണ്. ഉച്ചനീചത്വങ്ങളില്ലാത്ത സമൂഹത്തെ സൃഷ്ടിക്കാന്‍ മുന്‍കയ്യെടുത്തതു കൊണ്ടാണ്. അത്തരം പോരാട്ടങ്ങളെ തീര്‍ച്ചയായും സംഘ് രൂക്ഷമായി എതിര്‍ക്കും.

അജാസ് അഷ്‌റഫ്

(ഡല്‍ഹിയിലെ പത്രപ്രവര്‍ത്തകനാണ് ലേഖകന്‍)

You must be logged in to post a comment Login