ചരിത്രത്തിന്റെ ഹിന്ദുവത്കരണമോ കെട്ടുകഥകളുടെ ചരിത്രവത്കരണമോ?

ചരിത്രത്തിന്റെ ഹിന്ദുവത്കരണമോ കെട്ടുകഥകളുടെ ചരിത്രവത്കരണമോ?

കഴിഞ്ഞ വര്‍ഷം ജനുവരി ആദ്യആഴ്ചയില്‍ മധ്യഡല്‍ഹിയിലെ ഇലച്ചാര്‍ത്തുകള്‍ വിരിച്ച നടപ്പാതകളിലൊന്നില്‍ സ്ഥിതിചെയ്യുന്ന വെളുത്ത ബംഗ്ലാവില്‍ ഒരുകൂട്ടം പണ്ഡിതന്മാര്‍ ഒത്തുചേര്‍ന്നു. അവരുടെ ചര്‍ച്ചയുടെ കേന്ദ്രബിന്ദു ഇതായിരുന്നു: രാഷ്ട്രത്തിന്റെ ചരിത്രം എങ്ങനെ തിരുത്തിയെഴുതാം?

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ സര്‍ക്കാര്‍ ആരുമറിയാതെ ഈ വിഷയത്തില്‍ പണ്ഡിതന്മാരുടെ ഒരു സമിതിയെ ആറുമാസങ്ങള്‍ക്കു മുമ്പ് നിയമിച്ചിരുന്നു. ആ സമിതിയുടെ വിശദാംശങ്ങള്‍ ആദ്യമായാണ് ആ യോഗത്തില്‍ ഹാജരാക്കപ്പെട്ടത്.
ആ യോഗത്തിന്റെ കാര്യപരിപാടിക്കുറിപ്പുകളും സമിതിയിലെ അംഗങ്ങളുമായുള്ള അഭിമുഖങ്ങളും അതിന്റെ ലക്ഷ്യങ്ങള്‍ തുറന്നു കാട്ടി. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രദേശത്തെ ഏറ്റവും ആദ്യത്തെ സ്ഥിരനിവാസികളില്‍ നിന്ന് നേരിട്ടുണ്ടായവരാണ് ഹിന്ദുക്കള്‍ എന്ന് തെളിയിക്കാന്‍ ഡി എന്‍ എയും പുരാവസ്തുഖനനവുമടക്കമുള്ള തെളിവുകള്‍ ഉപയോഗിക്കുക, പൗരാണിക ഹിന്ദു വിശുദ്ധഗ്രന്ഥങ്ങള്‍ മിത്തുകളല്ലെന്ന് തെളിയിക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍.

വിവിധ മതങ്ങളുടെ കാലിഡോസ്‌കോപായ, 1.3 ബില്യണ്‍ ജനങ്ങളുള്ള ഇന്ത്യയുടെ രാഷ്ട്രീയാധികാരം കയ്യാളുന്നതിനുപരിയായി ചില അഭിലാഷങ്ങള്‍ മോഡി സര്‍ക്കാരിനുണ്ടെന്നു തന്നെയാണ് ഇതില്‍ നിന്നെല്ലാം വ്യക്തമാകുന്നത്. ഇന്ത്യ ഹിന്ദുക്കളുടെ മാത്രം രാജ്യമാണെന്ന മതപരമായ കാഴ്ചപ്പാടുകള്‍ക്ക് യോജിക്കുന്ന തരത്തില്‍ രാഷ്ട്രീയ സ്വത്വം രൂപപ്പെടുത്താനാണ് ആത്യന്തികമായി അവര്‍ ആഗ്രഹിക്കുന്നത്. ആധുനിക ഇന്ത്യയെന്നാല്‍ കുടിയേറ്റങ്ങളുടെയും അധിനിവേശങ്ങളുടെയും മതപരിവര്‍ത്തനങ്ങളുടെയും ചിത്രകമ്പളമാണെന്ന തരത്തില്‍ കൂടുതല്‍ ബഹുമുഖ സംസ്‌കാരത്തിലൂന്നിയ കാഴ്ചപ്പാടിനെയാണ് അവര്‍ വെല്ലുവിളിക്കുന്നത്. ആ കാഴ്ചപ്പാട് ജനസംഖ്യാശാസ്ത്രസംബന്ധിയായ വസ്തുതകളില്‍ അധിഷ്ഠിതമാണ്.

സമിതിയുടെ അധ്യക്ഷനായ കെ എന്‍ ദീക്ഷിത് റോയ്‌ട്ടേഴ്‌സിനോട് പറഞ്ഞു: ”പൗരാണിക ഇന്ത്യയുടെ ചരിത്രത്തിലെ ചില പ്രത്യേക കാഴ്ചപ്പാടുകള്‍ തിരുത്താന്‍ സര്‍ക്കാറിനെ സഹായിക്കാന്‍ ആവശ്യമായ ഒരു റിപ്പോര്‍ട്ട് അവതരിപ്പിക്കാനാണ് എന്നോട് ആവശ്യപ്പെട്ടിരിക്കുന്നത്.” സമിതി രൂപീകരിച്ചയാളും സാംസ്‌കാരിക വകുപ്പ് മന്ത്രിയുമായ മഹേഷ് ശര്‍മ ഇന്ത്യയുടെ ചരിത്രം പുനഃപരിശോധിക്കുന്നതിന്റെ ഭാഗമാണതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

2014 ല്‍ മോഡി സര്‍ക്കാര്‍ ഭരണത്തില്‍ വന്നതു മുതല്‍ മുസ്‌ലിംകള്‍ക്കെതിരെയുള്ള വര്‍ഗീയ അക്രമങ്ങളും വിവേചനവും വര്‍ധിച്ചുണ്ട്. അതുകൊണ്ടു തന്നെ അവരെ സംബന്ധിച്ചിടത്തോളം ഈ സംഭവവികാസങ്ങള്‍ അശുഭസൂചകമാണ്. ഇന്ത്യയുടെ ചരിത്രത്തില്‍ മുസ്‌ലിംകള്‍ ഇത്രയും പാര്‍ശ്വവല്‍കരിക്കപ്പെട്ട കാലമുണ്ടായിട്ടില്ലെന്ന് ഓള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്റെ തലവനായ അസദുദ്ദീന്‍ ഉവൈസി അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ മുസ്‌ലിംകള്‍ രണ്ടാംകിട പൗരന്മാരായി താമസിക്കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.
ഇന്ത്യന്‍ ചരിത്രം തിരുത്തിയെഴുതാനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നത് രാഷ്ട്രീയ സ്വയം സേവക് സംഘാണ്. മോഡിയുടെ ബിജെപിയെ അധികാരത്തിലേറാന്‍ പിന്തുണച്ച ആര്‍ എസ് എസിന്റെ പ്രതിനിധികളാണ് കൃഷി, ദേശീയപാതകള്‍, ആഭ്യന്തര സുരക്ഷ എന്നിവയുടെ ചുമതലയുള്ള മന്ത്രിമാര്‍.

ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും, മുസ്‌ലിംകളുടേതടക്കം, പൂര്‍വികന്മാര്‍ ഹിന്ദുക്കളായിരുന്നു എന്നാണ് ആര്‍ എസ് എസ് അവകാശപ്പെടുന്നത്. അതുകൊണ്ടുതന്നെ ഭാരതമാതാവിന്റെ ഭാഗമായ പൊതുസ്വത്വം അവര്‍ അംഗീകരിക്കേണ്ടതുണ്ട്. മോഡി ബാല്യകാലം മുതല്‍ ആര്‍ എസ് എസ് അംഗമാണ്. സാംസ്‌കാരികവകുപ്പ് മന്ത്രിയും നിരവധി വര്‍ഷങ്ങള്‍ ആര്‍ എസ് എസിന്റെ സഹചരനായിരുന്നു.

ഇന്ത്യന്‍ ചരിത്രത്തിന്റെ നേരായ നിറം കാവിയാണെന്നും സാംസ്‌കാരികമായ മാറ്റങ്ങള്‍ കൊണ്ടു വരാന്‍ ഇന്ത്യന്‍ ചരിത്രം തിരുത്തിയെഴുതേണ്ടതുണ്ടെന്നും ആര്‍ എസ് എസ് വക്താവ് മന്‍മോഹന്‍ വൈദ്യ പറഞ്ഞു. സ്ഥിരമായി സാംസ്‌കാരികവകുപ്പ് മന്ത്രിയുമായി കൂടിക്കാഴ്ച നടത്താറുണ്ടെന്ന് ആര്‍ എസ് എസിന്റെ ചരിത്രഗവേഷണവിഭാഗം തലവന്‍ ബാല്‍മുകുന്ദ് പാണ്‌ഡേ സമ്മതിച്ചിട്ടുണ്ട്. പൗരാണിക ഹിന്ദുവിശുദ്ധ ഗ്രന്ഥങ്ങള്‍ മിത്തുകളല്ലെന്ന് സ്ഥാപിക്കുന്നതിലൂടെ ഇന്ത്യയുടെ പൗരാണിക പ്രൗഢി വീണ്ടെടുക്കേണ്ട നേരമാണിതെന്ന് അദ്ദേഹം പറഞ്ഞു.
പ്രത്യേക സമിതിയുടെ കണ്ടെത്തലുകള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളിലും അക്കാദമിക ഗവേഷണങ്ങളിലും ഇടം പിടിക്കുമെന്ന് മഹേഷ് ശര്‍മ പറഞ്ഞു. 12000 വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഇന്ത്യന്‍ ചരിത്രത്തിന്റെ ഉത്ഭവത്തെയും പരിണാമത്തെയും കുറിച്ചും ലോകത്തിലെ മറ്റു സംസ്‌കാരങ്ങളുമായി അതിനുള്ള കൂടിക്കാഴ്ചകളെ കുറിച്ചുമുള്ള സമ്പൂര്‍ണ പഠനത്തിനായുള്ള സമിതി എന്നാണ് പ്രത്യേക സമിതി സര്‍ക്കാര്‍ രേഖകളില്‍ പരാമര്‍ശിക്കപ്പെടുന്നത്.
ഇന്ത്യയില്‍ മൂവായിരമോ നാലായിരമോ വര്‍ഷങ്ങള്‍ക്ക് മുമ്പ് മധ്യേഷ്യയില്‍ നിന്ന് എത്തിച്ചേര്‍ന്ന കുടിയേറ്റക്കാരാണ് മാറ്റങ്ങളുണ്ടാക്കിയതെന്നാണ് ഇതുവരെ വിശ്വസിച്ചിരുന്നതെന്നും ആ വിശ്വാസം താമസിയാതെ പാഠപുസ്തകങ്ങളില്‍ തിരുത്തപ്പെടുമെന്നും ശര്‍മ്മ പറഞ്ഞു. വലിയ കുടിയേറ്റങ്ങളിലൂടെയാണ് ഇന്ത്യ രൂപപ്പെട്ടതെന്ന ആശയം ഹിന്ദുത്വവാദികള്‍ക്ക് ഇഷ്ടമല്ല. ആദ്യകാലനിവാസികളില്‍ നിന്ന് നേരിട്ട് ഉടലെടുത്തവരാണ് ഹിന്ദുക്കളെന്ന് അവര്‍ വിശ്വസിക്കുന്നു. ആരാണ് ഇന്ത്യയില്‍ ആദ്യമുണ്ടായതെന്ന ചോദ്യം ദേശീയവാദികളെ സംബന്ധിച്ചിടത്തോളം സുപ്രധാനമാണെന്ന് ചരിത്രകാരിയായ റോമിലാ ഥാപ്പര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഹിന്ദുരാഷ്ട്രത്തിലെ പൗരന്മാരെന്ന നിലയില്‍ ഹിന്ദുക്കള്‍ക്ക് അധീശത്വം അവകാശപ്പെടാന്‍ അത് അത്യാവശ്യമാണ്. അതിനവര്‍ക്ക് തദ്ദേശീയമായ മതവും പൂര്‍വീകരും ആവശ്യമാണ്.

ഇന്ത്യന്‍ സംസ്‌കാരത്തെ ഹിന്ദു സംസ്‌കാരമെന്ന് പരാമര്‍ശിക്കുന്നത് പൂര്‍ണമായും തെറ്റിദ്ധാരണാജനകമാണെന്ന് ജവഹര്‍ലാല്‍ നെഹ്‌റു പറഞ്ഞിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടനയില്‍ സമുദായങ്ങള്‍ക്കെതിരായ വിവേചനം നിരോധിക്കുന്നതടക്കം ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനുള്ള വകുപ്പുകളുമുണ്ട്.

ഇന്ത്യ എന്ന ആശയത്തെ തന്നെ വീണ്ടും കണ്ടുപിടിക്കാനുള്ള രാഷ്ട്രീയ പ്രചാരണമാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവായ ശശി തരൂര്‍ പറഞ്ഞു. രാജ്യത്തിന്റെ ബഹുസ്വരതയിലുള്ള വിശ്വാസത്തിലാണ് സ്വാതന്ത്ര്യം നേടിയതിനു ശേഷമുള്ള ഏഴു പതിറ്റാണ്ടുകളില്‍ ഇന്ത്യന്‍സ്വത്വം നിലനിന്നത്. എന്നാല്‍ ഹിന്ദു ദേശീയതയുടെ വളര്‍ച്ച സാംസ്‌കാരിക ആധിപത്യവും കൂടെ കൊണ്ടുവന്നിരിക്കുകയാണ്.

പ്രത്യേക ചരിത്രസമിതി, ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയുടെ ഡയറക്ടര്‍ ജനറലിന്റെ ഓഫീസിലാണ് ചേരുന്നത്. സമിതിയിലെ പതിനാലു അംഗങ്ങളില്‍ ഉദ്യോഗസ്ഥരും അക്കാദമിക വിദഗ്ധരുമുണ്ട്. അധ്യക്ഷനായ ദീക്ഷിത് ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ മുന്‍ഉദ്യോഗസ്ഥനാണ്. സമിതിയുടെ അവസാന റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിക്കുമെന്നും കണ്ടെത്തലുകള്‍ സ്‌കൂള്‍ പാഠപുസ്തകങ്ങളിലുള്‍പ്പെടുത്താന്‍ മനുഷ്യവിഭവശേഷി മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും മോഹന്‍ ശര്‍മ പറഞ്ഞു.

സാംസ്‌കാരിക വകുപ്പ് സമര്‍പ്പിക്കുന്ന ശുപാര്‍ശകള്‍ ഗൗരവത്തോടെ പരിഗണിക്കുമെന്ന് ജാവേദ്കര്‍ പറഞ്ഞു. സ്‌കൂളുകളിലും കോളജുകളിലും പഠിപ്പിച്ചുകൊണ്ടിരിക്കുന്ന ചരിത്രപാഠങ്ങള്‍ ചോദ്യം ചെയ്യാനുള്ള ധൈര്യമെങ്കിലും കാണിച്ച ആദ്യത്തെ സര്‍ക്കാരാണ് തങ്ങളുടേതെന്ന് അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യന്‍ സംസ്‌കാരം ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്കപ്പുറത്തേക്ക് വ്യാപിച്ചു കിടക്കുന്നുവെന്ന സത്യം തെളിയിക്കാനായി പൗരാണിക ഹിന്ദുഗ്രന്ഥങ്ങളും ചരിത്രപരമായ തെളിവുകളും തമ്മിലുള്ള ബന്ധം സ്ഥാപിക്കേണ്ടത് അത്യാവശ്യമാണെന്ന് സമിതി അഭിപ്രായപ്പെട്ടു. ഹിന്ദുഗ്രന്ഥങ്ങളില്‍ വിവരിക്കുന്ന കാര്യങ്ങള്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചവയാണെന്നും ഹിന്ദുക്കള്‍ അക്കാലത്തുള്ളവരുടെ പിന്‍മുറക്കാരാണെന്നും സമിതിക്ക് തെളിയിക്കേണ്ടതുണ്ട്. ഇതിന് പൗരാണിക ഇടങ്ങളുടെ കാലനിര്‍ണയവും മനുഷ്യാവശിഷ്ടങ്ങളുടെ ഡി എന്‍ എ പരിശോധനയും ആവശ്യമാണ്. ഹിന്ദുക്കളുടെ വിശുദ്ധഗ്രന്ഥങ്ങള്‍ ശരിയായ സംഭവങ്ങളാണ് വിവരിക്കുന്നതെന്ന് സ്ഥാപിച്ചെടുക്കേണ്ടതുണ്ടെന്ന് മോഹന്‍ ശര്‍മ പറഞ്ഞു. രാമായണം ചരിത്രഗ്രന്ഥമാണ്. അത് കെട്ടുകഥയാണെന്ന് വിശ്വസിക്കുന്നവര്‍ തെറ്റാണു ചെയ്യുന്നത്.
വേദങ്ങളില്‍ വര്‍ണിച്ചിട്ടുള്ള നദിയായ സരസ്വതിയുടെ സ്വത്വം പുരാവസ്തുഖനനങ്ങളിലൂടെ തെളിയിക്കേണ്ടതുണ്ട്. ഗ്രന്ഥങ്ങളില്‍ വിവരിച്ചിട്ടുള്ള സ്ഥലങ്ങളില്‍ നിന്നു കണ്ടെടുത്ത കലാവസ്തുക്കള്‍ പരിശോധിക്കുകയും ജ്യോതിഷസംബന്ധിയായ സംഭവങ്ങള്‍ കാലനിര്‍ണയം നടത്തുകയും മഹാഭാരതത്തിലെ യുദ്ധസ്ഥലങ്ങള്‍ ഖനനം നടത്തുകയും ചെയ്യേണ്ടതുണ്ട്.
നോഹയുടെ പെട്ടക കഥയില്‍ വിവരിച്ച മഹാപ്രളയത്തിന് ക്രിസ്ത്യാനികള്‍ തെളിവ് കണ്ടെത്തിയതു പോലെ, ഇന്ത്യയിലെ പൗരാണികഗ്രന്ഥങ്ങള്‍ യഥാര്‍ത്ഥമെന്ന് തെളിയിക്കാനായാല്‍ അതിലെ കഥകളും യഥാര്‍ത്ഥമാണെന്ന് തെളിയും. ഖുര്‍ആനും ബൈബിളും ലോകചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ ഹിന്ദുക്കളുടെ മതഗ്രന്ഥങ്ങള്‍ ഇന്ത്യന്‍ ചരിത്രത്തിന്റെ ഭാഗമാകുന്നതിന് എന്താണു തടസ്സം? -മോഹന്‍ ശര്‍മ ചോദിച്ചു.
മോഡിയല്ല, മോഹന്‍ ശര്‍മയാണ് പ്രത്യേക ചരിത്രസമിതിയുടെ രൂപീകരണത്തിന് കരുക്കള്‍ നീക്കിയത്. പക്ഷേ മോഡിയുടെ കാഴ്ചപ്പാടുകള്‍ക്ക് അനുയോജ്യമാണത്. 2014ല്‍ മുംബൈയില്‍ ഒരു ആശുപത്രി ഉദ്ഘാടനം ചെയ്യുകയായിരുന്ന മോഡി പൗരാണികഗ്രന്ഥങ്ങളിലെ ശാസ്ത്രീയനേട്ടങ്ങള്‍ പരാമര്‍ശിച്ചിരുന്നു. ആനത്തലയുള്ള ഹിന്ദു ദൈവമാണ് ഗണേശന്‍, പൗരാണിക ഇന്ത്യയില്‍ ഒരു പ്ലാസ്റ്റിക് സര്‍ജനുണ്ടായിരുന്നു എന്ന് അതില്‍ നിന്ന് അനുമാനിക്കാമെന്നും മോഡി പറഞ്ഞു.

പ്രത്യേക ചരിത്രസമിതിയിലെ അംഗങ്ങളിലൊരാളായ സന്തോഷ് കുമാര്‍ ശുക്ല, ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ സംസ്‌കൃതവിഭാഗം പ്രൊഫസറാണ്. ഇന്ത്യയുടെ ചരിത്രത്തിന് ദശലക്ഷം വര്‍ഷമെങ്കിലും പഴക്കമുണ്ടെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. മറ്റൊരു അംഗമായ രമേഷ്ചന്ദ് ശര്‍മ ഡല്‍ഹി സര്‍വകലാശാലയിലെ ഭാഷാവിഭാഗത്തിന്റെ മുന്‍മേധാവിയാണ്. കണിശമായും ശാസ്ത്രീയമായ രീതി താന്‍ അവലംബിക്കുമെന്നും തനിക്ക് പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ വിശ്വാസമില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ മഹത്തായ പൗരാണിക പ്രൗഢിയും അധീശത്വവും തെളിയിക്കാനുള്ള നൂറുകണക്കിന് ശില്പശാലകളും സെമിനാറുകളും തന്റെ മന്ത്രാലയം സംഘടിപ്പിച്ചുവെന്ന് സാംസ്‌കാരികമന്ത്രി മോഹന്‍ ശര്‍മ പറഞ്ഞു. ഡോക്ടറും ആശുപത്രിശൃംഖല തന്നെ സ്വന്തമായുള്ളയാളുമാണ് ശര്‍മ. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രിയായ നെഹ്‌റു ആവേശത്തോടെ സ്വീകരിച്ചതും തുടര്‍ന്നുവന്ന സര്‍ക്കാറുകള്‍ മുന്നോട്ടു കൊണ്ടു പോയതുമായ ഉദാരവും മതേതരവുമായ തത്വചിന്തയെ സമീകരിക്കാന്‍ ഒരു പുത്തന്‍ ആഖ്യാനം പടുത്തുയര്‍ത്തുകയാണ് ലക്ഷ്യമെന്ന് ശര്‍മ പറഞ്ഞു.

നെഹ്‌റു സ്മാരക മ്യൂസിയത്തിന്റെയും ഗ്രന്ഥാലയത്തിന്റെയും നിയന്ത്രണം ഇപ്പോള്‍ ശര്‍മയുടെ മന്ത്രാലയത്തിനാണ്. മ്യൂസിയവുമായി ബന്ധപ്പെട്ട് നടക്കുന്ന സമ്മേളനങ്ങളില്‍ മന്ത്രാലയം ഹിന്ദുവലതുപക്ഷക്കാരെ പങ്കെടുപ്പിക്കുന്നുണ്ട്. അത്തരമൊരു സമ്മേളനത്തില്‍ വെച്ച് ബിജെപിയുടെ പ്രസിഡന്റ് അമിത് ഷാ പശ്ചാത്യലോകത്താല്‍ സ്വാധീനിക്കപ്പെട്ടയാളെന്ന് നെഹ്‌റുവിനെ പരിഹസിച്ചു. നമ്മുടെ നയങ്ങള്‍ക്ക് ഇന്ത്യന്‍ മണ്ണിന്റെ മണം വേണമെന്നാണ് നമ്മുടെ വിശ്വാസമെന്ന് ഷാ പറഞ്ഞു. നമ്മുടെ മഹത്തായ ഭൂതകാലത്തെ കുറിച്ചുള്ള വസ്തുതകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇന്ത്യന്‍ ചരിത്രത്തിന്റെ നേരമാണിതെന്ന് അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നുണ്ട്.

രൂപം ജെയിന്‍, ടോം ലെയ്സ്റ്റര്‍

You must be logged in to post a comment Login