ഉറവകളും തേനറകളും

ഉറവകളും തേനറകളും

അസിര്‍ പ്രവിശ്യയിലേക്കുള്ള യാത്ര അരുവിക്കും മാലികിനുമൊപ്പമായിരുന്നു. നന്നേ പുലര്‍ച്ചെ യാത്ര പുറപ്പെട്ടാല്‍ ഖമീസ് മുഷെയ്ത്തിലെത്താന്‍ രാത്രി പത്തുമണിയെങ്കിലുമാവും. മരുഭൂമിയുടെ വന്യതയിലൂടെ വേണം യാത്ര ചെയ്യാന്‍. മരുമണലിനും മണല്‍കൂനകള്‍ക്കും ഒറ്റ നിറമല്ല. മരുഭൂമിയുടെ നിറവൈവിധ്യം വിസ്മയകരമാണ്.

നല്ല കവിയും ചിത്രകാരനുമാണ് അരുവി മോങ്ങം. ഒരിക്കലും അറേബ്യയിലെത്താന്‍ അയാള്‍ ആഗ്രഹിച്ചിട്ടില്ല. കുടുംബത്തിലെ ചുറ്റുപാടുകള്‍ ഉപരിപഠനത്തിന് പ്രയാസം സൃഷ്ടിച്ചു. ചിത്രകല പഠിക്കാനും ചിത്രകാരനെന്ന നിലയില്‍ മുന്നേറാനും മോഹിച്ചു. പക്ഷേ അതും സാധിച്ചില്ല. ഒടുവില്‍ പ്രവാസിയായി. കവിതയിലും ചിത്രകലയിലും നല്ല കയ്യടക്കമുണ്ട് അരുവിക്ക്. നന്നായി കവിത ആലപിക്കുകയും ചെയ്യും. വണ്ടിയോടിക്കുമ്പോള്‍ അരുവി കവിത ചൊല്ലിക്കൊണ്ടിരുന്നു. മോഹിച്ച ജീവിതം പടുത്തുകെട്ടാന്‍ കഴിയാതെ പോയവന്റെ തേങ്ങലുകള്‍ അരുവിയുടെ കവിതകളില്‍ പലയിടത്തും ഞാന്‍ കണ്ടു. സഹയാത്രികരായി ഇങ്ങനെയുള്ളവരെ കിട്ടുക എന്നതുതന്നെ മഹാഭാഗ്യം. ഒറ്റ വേഗത്തില്‍ എണ്ണൂറ് കിലോമീറ്റര്‍ കാറോടിക്കാനും നല്ല മനക്കരുത്ത് വേണം. സംസാരിച്ചുകൊണ്ട് യാത്ര ചെയ്യുമ്പോള്‍ വിരസതയറിയില്ല. യാത്രക്കിടയില്‍ ചെറിയ ചെറിയ ഗ്രാമങ്ങളും പട്ടണങ്ങളുമുണ്ട്. ഒട്ടകത്തെയും ആടിനെയും മേയ്ക്കുന്ന ഇടയന്മാരെ ധാരാളം കാണാം. ഇടക്ക് ചിലയിടങ്ങളില്‍ വാഹനം നിര്‍ത്തി ഫോട്ടോ എടുത്തു.

ജിസാനിലേക്ക് പോകുന്ന വഴിക്കൊരിടത്ത് ചുടുനീരുറവയുണ്ടെന്ന് മാലിക് പറഞ്ഞിരുന്നു. അല്ലീത്ത് എന്ന സ്ഥലത്തിനടുത്താണത്. ഐനെഹാര്‍ എന്ന് പറയും. വെള്ളത്തിന്റെ കണ്ണ് എന്നാണര്‍ത്ഥം. ഉറവകളുടെ ദേശമാണത്. അസന്‍സമറാഹ് എന്ന കാട്ടുചെടി നിറയെ പൂക്കുന്ന കാലമായിരുന്നു അത്. ആ മരുസസ്യം ധാരാളമുള്ള പ്രദേശമാണത്. അതൊരു ഗ്രാമപ്രദേശവുമാണ്. ചതുപ്പുനിലങ്ങള്‍ ധാരാളമുണ്ടവിടെ. ഗ്രാമീണര്‍ കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നു. ധാരാളം പാറക്കെട്ടുകളുണ്ടവിടെ. അതിനിടയിലാണ് ചുടുനീരുറവ പൊടിയുന്നത്. അത് ഒഴുകി ചെറു അരുവിയാവുന്നു. വെള്ളം കെട്ടിനിന്ന് തടാകമാവുന്നു. സമറാഹ് എന്നാല്‍ തേനെന്നാണ് അര്‍ത്ഥം.

കര്‍ഷക കുടുംബങ്ങള്‍ അവിടുത്തെ മുള്‍ക്കാട്ടില്‍നിന്ന് വിറകുശേഖരിക്കാന്‍ വരും. പിതാവിനൊപ്പം വിറകുശേഖരിച്ചുമടങ്ങുന്ന കുട്ടികള്‍ ട്രാക്ടറിലിരുന്ന് ഞങ്ങള്‍ക്ക് നേരെ കൈവീശി. ധാരാളം ആളുകള്‍ ചുടുനീരുറവയിലെ വെള്ളം ശേഖരിക്കാന്‍ വരും; ദൂരെദൂരെ ദേശങ്ങളില്‍നിന്ന്. ആ വെള്ളം പലതരം ത്വക്ക് രോഗങ്ങള്‍ക്കുള്ള ഔഷധമാണ്. മാലിക് മഖ്ബൂലും ഒരു കുപ്പിയില്‍ വെള്ളം ശേഖരിച്ചു. തോട്ടില്‍നിന്ന് ഉറവപോലെ തിളച്ചുമറിയുന്ന വെള്ളത്തിലേക്ക് കാലുവെക്കാന്‍ ഒരു ശ്രമം നടത്തി. ചൂട് സഹിക്കവയ്യാതെ ഞാന്‍ കാല്‍ പിന്‍വലിച്ചു. ഏറെ നേരം ഞങ്ങള്‍ അവിടെ നിന്നില്ല. അസീറിലെത്താന്‍ വൈകും.
ഗൊമേഖയില്‍നിന്ന് ഇരുപത് കിലോമീറ്റര്‍ പിന്നിട്ടപ്പോഴാണ് ചില കൂടാരങ്ങള്‍ എന്റെ ശ്രദ്ധയില്‍ പെട്ടത്. അറബികള്‍ സാധാരണയായി മരുഭൂമിയില്‍ പണിയുന്ന വിശ്രമത്താവളമാണെന്നാണ് ഞാനാദ്യം കരുതിയത്. വെറുമൊരു കൗതുകത്തിന് കൂടാരത്തിനരികെ വണ്ടിനിര്‍ത്തി. മരുഭൂമിയില്‍ തേനീച്ച വളര്‍ത്തുന്നവരുടെ കൂടാരങ്ങളായിരുന്നു അത്. അസന്‍ സമറാഹ് എന്ന മരം പൂക്കുമ്പോഴാണ് തേന്‍ കൂടുകളുമായി അവര്‍ വരുന്നത്. അവര്‍ സഊദി അറേബ്യയിലുള്ളവരായിരിക്കില്ല. തേനീച്ച വളര്‍ത്തുന്നവരില്‍ മികവുതെളിയിച്ചവരുണ്ട്. യമനികളും സുഡാനികളും ഈജിപ്തുകാരും ഒക്കെ അതില്‍പെടും. ഞങ്ങള്‍ കണ്ട കൂടാരത്തിനടുത്ത് അസന്‍സമറാഹ് ധാരാളമായി പൂത്തുനിന്നിരുന്നു. മഞ്ഞനിറത്തിലുള്ള പൂക്കളാണവ. ഇതിന്റെ പൂക്കള്‍ തേനീച്ചകള്‍ക്ക് വളരെ പ്രിയമാണ്. തേനീച്ചകള്‍ക്ക് കുടിക്കാന്‍ മാത്രം തേനൊന്നും ഈ പൂക്കളിലുണ്ടാവില്ല. അതുകൊണ്ട് വലിയ പാത്രങ്ങളില്‍ പഞ്ചസാരലായനി വെക്കും. അവിടേക്ക് തേനീച്ചകള്‍ വരും. അവിടെ തേനീച്ചക്കൂട് വെച്ചവര്‍ യമന്‍കാരായ മഹാത്തറും അബ്ദുമുഹസ്സിനും സുഡാന്‍കാരനായ അബ്ദുല്‍റത്തനുമായിരുന്നു.
ആദ്യം ഞങ്ങള്‍ക്ക് വെള്ളം തന്ന് സത്കരിച്ചു അവര്‍. പിന്നെ തേന്‍കൂടുകളില്‍നിന്നും ശേഖരിച്ചുകൊണ്ടുവന്ന തേനറകള്‍ തന്നു. കേക്കുപോലെ മുറിച്ചെടുത്താണ് തന്നത്. അത് അങ്ങനെത്തന്നെ കഴിക്കാന്‍ പറഞ്ഞു. മരുഭൂമിയിലെ ഔഷധമാണെന്നും പറഞ്ഞു. എന്നെപറ്റി അരുവി പറഞ്ഞുകൊടുത്തപ്പോള്‍ അവര്‍ക്ക് സന്തോഷമായി. നാട്ടില്‍ ചെല്ലുമ്പോള്‍ ഭാര്യക്ക് സമ്മാനിക്കൂ എന്ന് പറഞ്ഞ് അവര്‍ ഒരു കുപ്പി തേന്‍ എനിക്ക് തന്നു. മരുഭൂമിയിലൂടെ യാത്ര ചെയ്യുമ്പോള്‍ സ്‌നേഹത്തിന്റെ തേനറകള്‍ നിങ്ങള്‍ക്ക് കണ്ടെത്താനാകും.

യാത്രക്കിടയിലെ ഒരു പട്ടണം ഖുന്‍ഫുദയാണ്. ജിദ്ദ ജിസാന്‍ പാതയിലാണത്. മക്കയില്‍നിന്ന് 290 കിലോമീറ്റര്‍ ദൂരത്ത് ചെങ്കടല്‍ തീരത്തെ ഏറ്റവും വലിയ കച്ചവടപ്പാതയിലെ ഈ പട്ടണത്തില്‍ കച്ചവടക്കാര്‍ തമ്പടിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അധിനിവേശകാലത്ത് തുര്‍ക്കികളും ഇവിടെ താവളമടിച്ചു. ജിദ്ദയൊക്കെ ഈ വിധം വികസിക്കും മുമ്പ് മക്കയിലേക്കുള്ള തീര്‍ത്ഥാടകര്‍ ഖുന്‍ഫുദ തുറമുഖത്താണ് വന്നത്.

നന്നായി സംവിധാനം ചെയ്ത പട്ടണമാണ്. നഗരചത്വരങ്ങളില്‍ മനോഹരമായ ശില്‍പങ്ങള്‍, വീതിയേറിയേ റോഡുകള്‍, പുല്‍തകിടികള്‍, മനോഹരമായ കെട്ടിടങ്ങള്‍. ഈ പട്ടണത്തിന്റെ പ്രാന്തപ്രദേശങ്ങളിലുമുണ്ട് മനോഹരമായ കാഴ്ചകള്‍. കുന്നുകളും പാറക്കെട്ടുകളും അവക്കിടയിലൂടെ ഒഴുകുന്ന നീരരുവിയും മരുഭൂമിയിലെ ഹരിത സാന്ത്വനമാണ്. കണ്ണുകളെ വിശ്വസിക്കാന്‍ കഴിയില്ല. അത്രമേല്‍ മനോഹാരിത. പാറക്കെട്ടുകള്‍ക്കും പച്ചത്തഴപ്പുകള്‍ക്കുമിടയില്‍ ഈന്തപ്പനകള്‍. അരുവിയുടെ തീരത്ത് മേയുന്ന നാല്‍കാലികള്‍. ഈ പട്ടണത്തില്‍ ഒന്നോ രണ്ടോ ദിവസം താമസിക്കേണ്ടതായിരുന്നു. തിരക്കിട്ട യാത്രയില്‍ ഒന്നും സാധ്യമാവില്ല. ഇവിടെ കടലോരഗ്രാമങ്ങളില്‍ സവിശേഷമായ ഗോത്രജീവിതമുണ്ട്. ഭക്ഷണ രീതികളുണ്ട്. ഗോത്രവര്‍ഗസ്ത്രീകള്‍ കലത്തിലിട്ട് ചുട്ടെടുക്കുന്ന മത്സ്യത്തിനും പ്രശസ്തമാണിവിടം. ഈ വഴി കടന്നുപോകുന്നവര്‍ ആ മത്സ്യത്തിന്റെ രുചി കൂടി അറിയും. സഊദി അറേബ്യയുടെ ഉള്ളറകളില്‍ എല്ലായ്‌പ്പോഴും ഇത്തരം വിസ്മയങ്ങള്‍ നിങ്ങളെ കാത്തുനില്‍ക്കുന്നുണ്ടാവും.

മഹായിന്‍ എന്ന സ്ഥലത്തെത്തുമ്പോള്‍ സന്ധ്യയായിരുന്നു. അവിടെ നിന്ന് ചുരം കേറി വേണം അബഹയിലെത്താന്‍. ഈ പട്ടണത്തിലെ ഭോജനശാലകള്‍ യമനി മന്തിക്ക് പ്രശസ്തമാണ്. യഥാര്‍ത്ഥ യമനി മന്തി ഉണ്ടാക്കുന്നത് കാണണമെന്ന് ഞാന്‍ മാലികിനോട് പറഞ്ഞിരുന്നു. അവന്റെ ബന്ധുക്കളില്‍ ചിലര്‍ അവിടെ മന്തി ഹോട്ടല്‍ നടത്തുന്നുണ്ട്. യാത്രക്കിടയില്‍ അവിടെ കേറണമെന്ന് നേരത്തെ തീരുമാനിച്ചിരുന്നു. തീര്‍ത്തും അറബ് ശൈലിയില്‍ സംവിധാനം ചെയ്ത ഭക്ഷണശാലയാണത്. തീന്‍മേശകളില്ല. നിലത്ത് ചമ്രം പടിഞ്ഞിരുന്ന് ഒരേ തളികയില്‍നിന്ന് എല്ലാവരും ആഹാരം കഴിക്കും. പരവതാനി വിരിച്ച് അതിനുമേല്‍ കുഷ്യനിട്ട ചെറിയ ക്യാബിനുകള്‍. സൊറ പറഞ്ഞും മന്തികഴിച്ചും ഏറെ നേരം ചിലവഴിക്കും അറബികള്‍. യമന്‍ അതിര്‍ത്തി പ്രദേശങ്ങളിലെ അറബികള്‍ക്ക് നിത്യഭക്ഷണമാണ് മന്തി. അവരുടെ ആരോഗ്യ രഹസ്യവും അതാണ്. യഥാര്‍ത്ഥ മന്തിക്ക് മസാലക്കൂട്ടൊന്നുമില്ല. മന്തിച്ചോറിന്റെ വേവ് കൃത്യമായ ഒരു കണക്കാണ്. കണക്ക് തെറ്റിയാല്‍ എല്ലാം പോയി. അടുക്കളയില്‍ പോയി ഞാന്‍ മന്തി ഉണ്ടാക്കുന്നതുകണ്ടു. ലളിതമായ പാചകമാണത്. മന്തിച്ചോറ് ഗ്യാസ് അടുപ്പില്‍ അല്‍പ നേരം വേവിക്കും. അല്‍പം ഉള്ളിയൊക്കെ അരിഞ്ഞിടും എന്നല്ലാതെ മറ്റൊന്നുമില്ല. അല്‍പനിമിഷം കഴിഞ്ഞാല്‍ അതെടുത്ത് കുഴിയടുപ്പില്‍ ഇറക്കിവെക്കും. തന്തൂരി അടുപ്പാണത്. അടുപ്പിന്റെ മുഖത്ത് ഉപ്പുപുരട്ടിയ ആട്ടിറച്ചി കമ്പിയില്‍ കോര്‍ത്ത് തൂക്കിയിടും. അതിനുശേഷം അടുപ്പ് മൂടിയിടും. വേവുമ്പോള്‍ ഇറച്ചിയിലെ നെയ്യ് അരിപ്പാത്രത്തിലേക്ക് ഇറ്റുവീഴും. ആ നെയ്യ് ചോറില്‍ കലരും. അരിപ്പാത്രത്തിലെ വെള്ളം വറ്റിത്തീരുമ്പോഴേക്ക് ഇറച്ചിയും വേവും. മന്തി കഴിക്കാന്‍ വരുന്നവര്‍ക്ക് ആവശ്യത്തിന് അളവില്‍ ചോറും ഇറച്ചിയും തളികയില്‍ വിളമ്പിക്കൊടുക്കും. യാതൊരു മസാലക്കൂട്ടുമില്ല. ഇറച്ചിയുടെയും ചോറിന്റെയും രുചി മാത്രം. ജീവിതത്തിലാദ്യമായി യമനി മന്തിയുടെ രുചി ഞാനറിഞ്ഞു.

ഞങ്ങള്‍ ഖമീസ് മുഷെയ്ത്തിലേക്ക് യാത്ര തുടര്‍ന്നു. മലകേറുമ്പോള്‍ നല്ല തണുപ്പ് അനുഭവപ്പെടുന്നു. പാറകള്‍ നിറഞ്ഞ മലഞ്ചെരുവിലൂടെ നിര്‍മിച്ച മനോഹരമായ റോഡ്. പണി പൂര്‍ത്തിയായി വരുന്നതേയുള്ളൂ. പര്‍വതങ്ങള്‍ക്കിടയിലൂടെ തുരന്നുണ്ടാക്കിയതാണ് പാതയുടെ പല ഭാഗങ്ങളും. മുകളിലേക്ക് കയറുംതോറും താഴ്‌വരകളുടെ മനോഹാരിത വെളിവാകും.
ഞങ്ങള്‍ ഖമീസിലെത്തുമ്പോള്‍ രാത്രി ഒമ്പത് മണിയായിരുന്നു.

പി സുരേന്ദ്രന്‍

You must be logged in to post a comment Login