ഓരോ തുള്ളിയും വിലപ്പെട്ടതാണ്

ഓരോ തുള്ളിയും വിലപ്പെട്ടതാണ്

കൊടും വരള്‍ച്ചാ ബാധിത പ്രദേശമായ മഹാരാഷ്ട്രയിലെ ലത്തൂരിലേക്ക് കേന്ദ്രസര്‍ക്കാര്‍ അയച്ച വെള്ളം നിറച്ച തീവണ്ടി ഗ്രാമീണരാല്‍ കൊള്ളയടിക്കപ്പെട്ടതിന്റെയും, അതിനെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് ലാത്തിച്ചാര്‍ജ് ചെയ്തതിന്റെയും, 144 പ്രഖ്യാപിച്ചതിന്റെയും വാര്‍ത്തകള്‍ നാം വായിച്ചിട്ട് അധികമൊന്നുമായിട്ടില്ല. കുടിവെള്ളം മോഷ്ടിക്കാന്‍ അടുത്ത ഗ്രാമത്തില്‍ നിന്നെത്തുന്നവരെ നേരിടാന്‍ തടാകത്തിന് ചുറ്റും ആയുധമേന്തിയ യുവാക്കള്‍ കാവല്‍ നില്‍ക്കുന്ന ഉത്തരേന്ത്യന്‍ ഗ്രാമീണ ചിത്രവും നമ്മുടെ മനസില്‍നിന്ന് മാഞ്ഞുകാണില്ല. ഒരു ലിറ്റര്‍ കുടിവെള്ളത്തിന് ഒരു ലിറ്റര്‍ പെട്രോളിനെക്കാള്‍ പണം മുടക്കണമെന്ന പ്രവാസികളായ നമ്മുടെ ഉറ്റവരുടെ വാക്കുകേട്ട് നമുക്ക് അന്തമില്ലാതായിപ്പോയതും അത്ര പണ്ടൊന്നുമല്ല.
കേട്ടാല്‍ അത്ഭുതമെന്ന് മാത്രം തോന്നാവുന്ന കാര്യങ്ങളായിരുന്നു ജലദാരിദ്ര്യത്തെയും ദൗര്‍ലഭ്യത്തെയും കുറിച്ച് കഴിഞ്ഞ കാലങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും അന്യസംസ്ഥാനങ്ങളില്‍നിന്നും നാം അറിഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍ അതിവിദൂരമല്ലാത്ത ഭാവിയില്‍ നമ്മെ ആശ്ചര്യപ്പെടുത്തിയ ഈ ജലദൗര്‍ലഭ്യതയും തുടര്‍ന്നുണ്ടാവുന്ന അനിഷ്ട സംഭവങ്ങളും നമ്മെയും പിടികൂടിയേക്കാമെന്ന അപകടകരമായ അവസ്ഥയിലേക്കാണ് നമ്മുടെ നാടും ചുറ്റുപാടും നീങ്ങിക്കൊണ്ടിരിക്കുന്നത്. അങ്ങനെയൊരു വേനലും വരള്‍ച്ചയുമാണ് നമ്മുടെ നേരെ വരുന്നത്. മുന്നില്‍ കാണുമ്പോള്‍ മാത്രമാണ് നാം കേട്ട പലതും കെട്ടുകഥകളല്ലെന്ന് നമുക്ക് ബോധ്യപ്പെടുക.

ജലത്തിനു വേണ്ടി ലോകത്ത് എത്രയോ തര്‍ക്കങ്ങളും യുദ്ധങ്ങളും നടന്നിട്ടുണ്ട്. എത്രയോ പേര്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്. ജലം ഉത്പാദിപ്പിക്കാന്‍ കഴിയില്ലെന്നത് തന്നെയാണ് ജലത്തിന് വേണ്ടിയുള്ള അവകാശ തര്‍ക്കങ്ങളുടെയും സംഘട്ടനങ്ങളുടെയുമെല്ലാം അടിസ്ഥാന പ്രേരകം. എല്ലാം ശാസ്ത്രീയമായി കണ്ടുപിടിക്കാമെന്ന് അഹങ്കരിക്കുന്ന മനുഷ്യര്‍ ജലത്തിന്റെ വിഷയത്തില്‍ തന്നെയാണ് നിസ്സഹായരാവുന്നതും. ഭൂമിയില്‍ ജീവന്റെ നിലനില്‍പിന് ആധാരമായ ജലത്തെ സംവിധാനിച്ചത് അല്ലാഹുവാണ്: ‘ആകാശത്തുനിന്ന് നാം നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും എന്നിട്ട് അത് ഭൂമിയില്‍ തങ്ങിനില്‍ക്കുന്ന വിധത്തിലാക്കുകയും ചെയ്തിരിക്കുന്നു'(അല്‍മുഅ്മിനൂന്‍). അഖിലേശ്വരന്റെ വാക്കുകളാണിത്.

കരുതണം, ഓരോ തുള്ളിയും
ജലമില്ലാതെ ഒരു ജീവനും ഇവിടെ നിലനില്‍പില്ല. ഭൂലോകത്ത് ഏറ്റവും കൂടുതല്‍ ജലമുപയോഗിക്കുന്നത് മനുഷ്യരാണ്. കുടിക്കാന്‍ വേണ്ടി മാത്രമല്ല, മറ്റ് അനേകം ആവശ്യങ്ങള്‍ക്കും നമുക്ക് ജലം ഒഴിവാക്കാനാവാത്തതാണ്. ഭൂമിയില്‍ സൃഷ്ടിക്കപ്പെടുന്ന ജീവജാലങ്ങളുടെ ഉപയോഗത്തിനുള്ള വെള്ളം മാത്രമേ ഇവിടെ സംവിധാനിച്ചിട്ടുള്ളൂ. അതിനാല്‍ മിതമായി ഉപയോഗിക്കുകയും കരുതിവെക്കുകയും ചെയ്യുക. ഓരോ തുള്ളി വെള്ളവും അമൂല്യമാണ്.

ഭൂമിയുടെ എഴുപത് ശതമാനം ജലമാണല്ലോ. ഇത്രയും വിശാലമായ ജലസമ്പത്ത് ഭൂമിയിലുണ്ടായിരിക്കെ എങ്ങനെയാണ് വരള്‍ച്ച നമ്മെ ബാധിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? സാധാരണ ഗതിയില്‍ മനുഷ്യനും മറ്റും കുടിക്കാനുപയോഗിക്കുന്ന വെള്ളം ആകെ ജലസമ്പത്തിന്റെ ആറ് ശതമാനം മാത്രമേ വരൂ. അതില്‍ തന്നെ ഏറിയ പങ്കും നമ്മുടെ അനിയന്ത്രിതമായ കൈകടത്തല്‍ മൂലം മലിനീകരിക്കപ്പെട്ടിരിക്കുകയാണ്. ഇവിടെയാണ് ശുദ്ധജലത്തിന്റെ പ്രാധാന്യത്തെയും അതിന്റെ സംരക്ഷണത്തെയും കുറിച്ച് നാം ഗൗരവമായി ആലോചിക്കേണ്ടത്. ‘നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപറ്റി നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? നിങ്ങളാണോ അത് മേഘത്തില്‍നിന്നിറക്കിയത്. അതോ നാമാണോ? നാമുദ്ദേശിച്ചിരുന്നെങ്കില്‍ അതിനെയും ഉപ്പ് വെള്ളമാക്കുമായിരുന്നു എന്നിരിക്കെ നിങ്ങള്‍ നന്ദികാണിക്കാത്തതെന്തുകൊണ്ടാണ്?'(അല്‍വാഖിഅ). ഭൂമിയില്‍ ശുദ്ധജലം സംവിധാനിച്ചതില്‍ സ്രഷ്ടാവിന്റെ സാന്നിധ്യം നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട് ഉപരിവാക്യങ്ങള്‍.
ദൈവാനുഗ്രഹമായ വെള്ളം എങ്ങനെ വിനിയോഗിക്കണമെന്ന നിര്‍ദേശം കൃത്യമായി ഖുര്‍ആനും തിരുചര്യയും പങ്കുവെക്കുന്നുണ്ട്. അമിതമായി ഉപയോഗിക്കരുത് എന്നതാണ് അതില്‍ പ്രധാനം. ‘നിങ്ങള്‍ ഭക്ഷിക്കുക, കുടിക്കുക. അമിതമാക്കരുത്. നിശ്ചയം അമിതവ്യയം ചെയ്യുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല'(അഅ്‌റാഫ്). കുടിക്കുന്ന ജലമാണല്ലോ മറ്റെല്ലാത്തിനെക്കാളും പ്രധാനം. അതുപോലും അമിതമാകരുത് എന്ന് പറയുന്നതിലൂടെ ജലവുമായുള്ള നമ്മുടെ ഇടപെടലിലെല്ലാം സൂക്ഷ്മമായ കരുതല്‍ വേണമെന്നാണ് ഗ്രഹിക്കാനാവുക.

ജലസമ്പത്ത് അമിതമായി ഉപയോഗിക്കുന്നതിനെതിരെ തിരുദൂതര്‍ പറഞ്ഞ വചനങ്ങള്‍ ഏറെ പ്രസക്തമാണ്. പ്രവാചക ശിഷ്യനായ സഅദ് ബ്‌നു അബീവഖാസ്(റ) വുളൂഅ്(അംഗസ്‌നാനം) ചെയ്യുമ്പോള്‍ അതുവഴി കടന്നുപോവുകയായിരുന്ന തിരുദൂതര്‍ (സ) സഅ്ദിന്റെ(റ) വുളൂഅ് കണ്ട് ചോദിച്ചു: ‘സഅ്‌ദേ, ഇതെന്തു അമിതോപയോഗമാണ്?’
സഅ്ദ്(റ) ആശ്ചര്യത്തോടെ പറഞ്ഞു: ‘വുളൂഇലും അമിതോപയോഗം വരുമോ?’
‘അതെ, ഒഴുകുന്ന നദിയില്‍നിന്ന് വുളൂഅ് ചെയ്യുകയാണെങ്കില്‍ പോലും മിതവ്യയം വേണം’ എന്നായിരുന്നു തിരുദൂതരുടെ മറുപടി. ഉപയോഗത്തിന്റെ ഏത് ഘട്ടത്തിലും കരുതലും ശ്രദ്ധയും വേണമെന്നതാണ് തിരുദൂതരുടെ ഈ നിലപാടിന്റെ പാഠം.

ഓസ്‌ട്രേലിയന്‍ കുടിവെള്ള കമ്പനിയായ ആക്ടീവ് ഓര്‍ഗാനിക് സ്പ്രിംഗ് 2012ല്‍ തങ്ങളിറക്കുന്ന ഓരോ കുടിവെള്ള ബോട്ടിലും ‘Do not waste water even if you are a running stream(Prophet Muhammed)’ എന്ന് രേഖപ്പെടുത്തിയ കാര്‍ഡ് അറ്റാച്ച് ചെയ്താണ് വിപണിയിലിറക്കിയത്. 1400 വര്‍ഷങ്ങള്‍ക്ക് മുമ്പ് അറേബ്യയിലെ മരുഭൂമിയുടെ പശ്ചാതലത്തിലിരുന്ന് തിരുദൂതര്‍ പറഞ്ഞ ഈ വചനത്തിന് കുടിവെള്ളത്തിന്റെ ദൗര്‍ലഭ്യകാലത്ത് എത്രമേല്‍ പ്രസക്തിയുണ്ടെന്ന് അടുത്തറിയാന്‍ ഈ ഉദാഹരണം ഏറെ പര്യാപ്തമാണ്.

കുടിക്കുന്നതിനെക്കാളെല്ലാം മനുഷ്യന്‍ ജലം ഉപയോഗിക്കുന്നത് വൃത്തിയാക്കാനാണ്. സ്വശരീരവും വസ്ത്രവും പാര്‍പ്പിടവും വാഹനവുമെല്ലാം വൃത്തിയോടെ സംരക്ഷിക്കാന്‍ ഓരോ ദിവസവും നാമെത്ര ജലമാണ് വിനിയോഗിക്കുന്നത്. പലപ്പോഴും അത്യാവശ്യത്തില്‍ കവിഞ്ഞ് ഉപയോഗിക്കുന്നുണ്ടെന്നത് നമുക്ക് തന്നെ ബോധ്യപ്പെടാറുണ്ട്. എന്നിട്ടും ‘ജലമല്ലേ, അതിനിയും കിട്ടുമല്ലോ’ എന്ന നിസാര മനോഭാവത്തില്‍ നാം അശ്രദ്ധ കാണിക്കാറാണ് പതിവ്.
ശുചിത്വത്തിലും പ്രാര്‍ത്ഥനയിലും അതിര് കവിയുന്ന ഒരു വിഭാഗം എന്റെ സമുദായത്തില്‍ ഉണ്ടാകുമെന്ന് തിരുദൂതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്(അബൂദാവൂദ്(റ).

ശുചിത്വാവശ്യത്തിനുപയോഗിക്കുന്ന വെള്ളത്തിന്റെ മിതത്വ പരിധി ലംഘിക്കുന്നവര്‍ എന്നാണ്, ശുചിത്വത്തില്‍ അതിര് കവിയുന്നവര്‍ എന്നതിന്റെ വിവക്ഷ. തന്റെ കാലശേഷം ജലം അനാവശ്യമായി വിനിയോഗിക്കുന്ന സമൂഹത്തെക്കുറിച്ച് തിരുദൂതര്‍ പ്രവചിക്കുകയും വേദന പ്രകടിപ്പിക്കുകയും ചെയ്തതായി ഇമാം അഹ്മദ്(റ) മുസ്‌നദില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ പ്രവചനം അക്ഷരംപ്രതി പുലരുന്ന കാഴ്ചയാണല്ലോ നാമിന്ന് ചുറ്റും കാണുന്നത്.
അമിതോപയോഗത്തിനെതിരെ വെറും വാക്കുകളില്‍ മാത്രം ഒതുങ്ങിനിന്നായിരുന്നില്ല തിരുദൂതരുടെ പോരാട്ടം. അവിടുന്ന് വുളൂഅ് ചെയ്തിരുന്നത് 1 മുദ്ദ്(800 മില്ലി ലിറ്റര്‍) വെള്ളത്തിലും കുളിച്ചിരുന്നത് ഒരു സ്വാഅ്(3.2 ലിറ്റര്‍) വെള്ളത്തിലുമായിരുന്നുവെന്ന് സഫീന(റ) പറയുന്നതായി ഇമാം മുസ്‌ലിം രേഖപ്പെടുത്തിയിട്ടുണ്ട്. കുളിക്കുന്നതിനും അംഗശുദ്ധി വരുത്തുന്നതിനുമെല്ലാം ഒരുപാട് ലിറ്റര്‍ ജലം ഉപയോഗിക്കുന്ന നമുക്ക് തീര്‍ച്ചയായും പ്രവാചകര്‍ വലിയൊരു മാതൃക തന്നെയാണ്.

കുടിവെള്ളമാണ് പ്രധാനം
വേനല്‍ ആസന്നമായ ഈ സമയത്ത് മറ്റെല്ലാത്തിനെക്കാളുമുപരി ഗ്രാമ-നഗര ഭേദമന്യേ എല്ലാവരും ആശങ്കപ്പെടുന്നത് കുടിവെള്ളത്തിന്റെ കാര്യത്തിലാണ്. ഉള്ള ജലാശയങ്ങള്‍ തന്നെ മലിനീകരിക്കപ്പെടുകയും വറ്റിവരളുകയും ചെയ്ത ഈ അവസ്ഥയില്‍ കുടിവെള്ളത്തിനായി നാം അലയേണ്ടിവരും. മുന്‍ അനുഭവങ്ങളും സംഭവങ്ങളും ഓര്‍ത്ത് കരുതലോടെ വിനിയോഗിച്ചും സംരക്ഷിച്ചും പെരുമാറിയാല്‍ മാത്രമേ കുടിവെള്ളം പൊരി വെയിലിലും നമുക്ക് കുളിരേകുകയുള്ളൂ.

ശുചിത്വാവശ്യങ്ങളെക്കാളെല്ലാമുപരി കുടിവെള്ളം എന്ന നിലക്കാണ് വെള്ളത്തിന്റെ പ്രാധാന്യമെന്നതിലേക്ക് വെളിച്ചം വീശുന്ന തിരുവചനങ്ങളുണ്ട്. ഒരിക്കല്‍ ഒരാള്‍ തിരുദൂതരോട് ചോദിച്ചു: ‘അല്ലാഹുവിന്റെ ദൂതരേ, സമുദ്രയാത്ര നടത്തുന്ന ഞങ്ങള്‍ കുറച്ച് വെള്ളം കൂടെ കരുതാറുണ്ട്. അതുപയോഗിച്ച് വുളൂഅ് ചെയ്താല്‍ കുടിക്കാന്‍ പ്രയാസപ്പെടും. സമുദ്രജലം ഉപയോഗിച്ച് വുളൂഅ് ചെയ്യാമോ?’ തിരുദൂതര്‍(സ) ഇങ്ങനെ പ്രതിവചിച്ചു: ‘സമുദ്രത്തിലെ ജലം ശുദ്ധമാണ്. അതിലെ ശവം അനുവദനീയമാണ്.’ ജലദൗര്‍ലഭ്യം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ തയമ്മും ചെയ്‌തോ കടല്‍വെള്ളം ഉപയോഗിച്ചോ ശുദ്ധീകരണം നടത്തി ശുദ്ധജലം കരുതല്‍ കുടിവെള്ളമായി മാറ്റിവെക്കണമെന്ന് ഈ സംഭവത്തില്‍നിന്ന് മനസിലാക്കാവുന്നതേയുള്ളൂ.

മലിനീകരണമരുത്
ലോകത്ത് നിലവില്‍ 1.8 ദശലക്ഷം ജനങ്ങള്‍ കുടിക്കാനുപയോഗിക്കുന്നത് ശുദ്ധജലമല്ല. മലിനജലമാണ്. തത്ഫലമെന്നോണം ഓരോ രണ്ട് മിനിട്ടിലും ഒരു വയറിളക്ക മരണം ലോകത്ത് നടക്കുന്നു. ശുദ്ധജല സ്രോതസ്സുകളായിരുന്ന നമ്മുടെ പല ജലാശയങ്ങളും ഇന്ന് അത്യന്തം മലിനീകരിക്കപ്പെട്ടിരിക്കുകയാണ്. ഒരു നാളില്‍ തെളിഞ്ഞൊഴുകിയിരുന്ന ചാലിയാറില്‍ വിഷാംശത്തിന്റെ അളവ് കൂടിയതിനെതുടര്‍ന്ന് ഈ സമയത്ത് കുളിക്കാന്‍ പോലുമിറങ്ങരുതെന്ന് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ് വന്നുകഴിഞ്ഞു. പൊതുകിണറുകളും കുളങ്ങളും പോലും മനുഷ്യകരങ്ങളാല്‍ മലിനീകരിക്കപ്പെട്ടു.

വേനല്‍ കടുത്തതോടെ എവിടുന്നെങ്കിലും കുടിവെള്ളം കിട്ടിയാല്‍ മതിയെന്നായി നമുക്ക്. ലഭ്യമായ ഇടങ്ങളില്‍നിന്നെല്ലാം സംഭരിക്കാന്‍ നാം ശ്രമിക്കുകയും ചെയ്യും. ഈയവസരത്തില്‍ ഉറവ വറ്റാതെ കിടക്കുന്ന നമ്മുടെ ജലസ്രോതസ്സുകള്‍ മലിനീകരണ മുക്തമാക്കാനും ഭാവിയില്‍ മലിനീകരിക്കപ്പെടാതിരിക്കാനുമാണ് നാം ഊന്നല്‍ നല്‍കേണ്ടത്.

ജനങ്ങള്‍ ഉപയോഗിക്കാനിടയുള്ള ഒഴുകാതെ കെട്ടിനില്‍ക്കുന്ന ജലാശയത്തില്‍ നിങ്ങളാരും മൂത്രിക്കരുത് എന്ന പ്രവാചക വചനം അബൂഹുറൈറ(റ) പങ്കുവെക്കുന്നുണ്ട്. ഒരു രീതിയിലുള്ള മലിനീകരണം എന്ന നിലയിലാണ് തിരുദൂതര്‍(സ) മലമൂത്ര വിസര്‍ജനം വെള്ളത്തില്‍ അരുത് എന്ന് പറഞ്ഞത്. ഇന്നത്തെ കാലത്ത് ജലത്തെ മലിനീകരിക്കുന്ന മാരകവും വിദൂര പ്രത്യാഘാതങ്ങള്‍ ഉളവാക്കുന്നതുമായ അനേകം രാസ-ജൈവ മാലിന്യങ്ങള്‍ ജലാശയങ്ങളിലേക്ക് പുറന്തള്ളപ്പെടുന്നുണ്ട്. അത്തരം നശീകരണ പ്രവര്‍ത്തനങ്ങളില്‍നിന്നെല്ലാം മാറി ജലസംരക്ഷണ ഉദ്യമത്തില്‍ പങ്കാളികളാവാന്‍ പ്രേരിപ്പിക്കുകയാണ് തിരുദൂതര്‍(സ).

ലോകജനതയുടെ അറുപത് ശതമാനത്തിന് ആവശ്യമായ അളവിലുള്ള ശുദ്ധജലം ഇന്ന് നേരിട്ടുള്ള സ്രോതസ്സുകളില്‍നിന്ന് കിട്ടാതായിരിക്കുന്നു. അടുത്ത ദശകങ്ങളില്‍ നിലവിലുള്ളതിന്റെ നാല്‍പത് ശതമാനം ജലക്കുറവ് അനുഭവപ്പെടുമെന്ന ഭീതിദമായ സ്ഥിതിവിവരക്കണക്കുകള്‍ പുറത്തുവന്നുകഴിഞ്ഞു. മനുഷ്യരുള്‍പ്പെടെയുള്ള ജീവജാലങ്ങള്‍ക്ക് വെള്ളമില്ലാതെ ജീവിക്കാന്‍ കഴിയാതിരിക്കുകയും വെള്ളം പരിമിതപ്പെടുകയും മലിനീകരിക്കപ്പെടുകയും ചെയ്യുന്ന വര്‍ത്തമാന സാഹചര്യത്തില്‍ ഈ അമൂല്യ പ്രകൃതി നിക്ഷേപത്തെ ഉത്തരവാദിത്വബോധത്തോടെ കൈകാര്യം ചെയ്യാന്‍ നാം ബാധ്യസ്ഥരാണ്.

ജലം പങ്കുവെക്കാം
‘വെള്ളം വെള്ളം സര്‍വത്ര, തുള്ളികുടിക്കാനില്ലത്ര’- കുട്ടിക്കാലത്ത് നാം ഈണത്തില്‍ ചൊല്ലിയ വാക്യമായിരുന്നു ഇതെങ്കിലും അന്നൊന്നും ഇത്ര തീവ്രമാണ് കുടിവെള്ള ദൗര്‍ലഭ്യമെന്ന് അടുത്തറിഞ്ഞിരുന്നില്ല. ഏതോ നാട്ടില്‍ എവിടെയോ ഉണ്ടാവാനിടയുള്ള ഒന്ന് എന്ന നിലയില്‍ പാടെ അവഗണിച്ച ഒന്നായിരുന്നു ജലദൗര്‍ലഭ്യം എന്ന ദുരന്തം. എന്നാലിന്ന് സ്ഥിതി ആകെ മാറി. ജല ദാരിദ്ര്യം നമ്മുടെ അകത്തളം വരെയെത്തി. ഈ അവസരത്തില്‍ വെള്ളം ഒരു പൊതുആവശ്യമാണെന്ന ബോധത്തില്‍ നമ്മുടെ ഉപയോഗം കഴിഞ്ഞാല്‍ ഇല്ലാത്തവര്‍ക്ക് ലഭ്യമാക്കാന്‍ നാം മനസുകാണിക്കണം. എല്ലാം നമ്മുടെ സ്വന്തമെന്നവകാശപ്പെടാതെ അന്യര്‍ക്കും ഒരു പങ്ക് നല്‍കണം. പത്തും ഇരുപതും കുടുംബങ്ങള്‍ ഒരു കിണറില്‍നിന്ന് കൊടും വേനലിലും ജലം പങ്കിട്ടെടുത്തിരുന്ന ഭൂതകാലമുണ്ടായിരുന്നല്ലോ നമുക്ക്.

നമ്മുടെ വീട്ടുമുറ്റത്തുള്ള കിണറിലുള്ള വെള്ളത്തിന്റെ പൂര്‍ണ അവകാശി നാം മാത്രമല്ല, നമ്മുടെ അയല്‍വാസികള്‍ക്കും അതില്‍ അവകാശമുണ്ട്. നാം വിലകൊടുത്ത് വാങ്ങിയ സ്ഥലത്ത് നാം പണമിറക്കി കുഴിച്ച കിണറില്‍ അയല്‍വാസിക്ക് എന്തവകാശം എന്ന് ചിന്തിക്കുന്നവരോട് ഇസ്‌ലാം ഉണര്‍ത്തുന്നത്, നിന്റെ കിണറിലേക്ക് ഉറവയായി ഊര്‍ന്നിറങ്ങിയ ജലം അയല്‍വാസികളുടെ കൂടി പറമ്പില്‍ പെയ്തിറങ്ങിയ മഴവെള്ളമാണെന്നതാണ്. അതിനാല്‍ കൈവശക്കാരന്‍ എന്ന നിലക്ക് കുടിക്കാനുള്ള വെള്ളം നാമെടുത്തതിന് ശേഷം കുളിക്കുന്നതിന് മുമ്പ് അയല്‍ക്കാരന് വേറെ കുടിവെള്ളമില്ലെങ്കില്‍ നിര്‍ബന്ധമായും നാം ആ ജലം നല്‍കണം. നമ്മുടെ അധീനതയിലുള്ള കുളത്തിലും കിണറിലും നമ്മുടെ ആവശ്യം കഴിഞ്ഞും വെള്ളമുണ്ടെങ്കില്‍ അവ ഇല്ലാത്തവര്‍ക്ക് നല്‍കണം. വലിയ പുണ്യമാവുമത്.

മുന്‍ഗാമികള്‍ ദൈവപ്രീതിക്ക് വേണ്ടിയും മരണപ്പെട്ടവരുടെ പാരത്രിക നന്മക്കുവേണ്ടിയും കിണര്‍ കുഴിച്ച് വഖ്ഫ് ചെയ്ത് പൊതുജനത്തിന് വിട്ടുനല്‍കിയവരായിരുന്നു. സഅദ്(റ) തന്റെ മാതാവ് മരണപ്പെട്ടപ്പോള്‍ അവരുടെ പേരില്‍ ദാനധര്‍മം ചെയ്യാനുള്ള ആഗ്രഹം തിരുദൂതരോട് പറയുകയുണ്ടായി. ഉമ്മയുടെ പേരില്‍ കിണര്‍ കുഴിച്ച് നല്‍കാനാണ് അദ്ദേഹത്തോട് തിരുദൂതര്‍(സ) ഉപദേശിച്ചത്.

ഉള്ള ജലം മലിനീകരിക്കപ്പെടാതെയും സൂക്ഷ്മതയോടെയും ഉപയോഗിച്ചും ഇല്ലാത്തവര്‍ക്ക് കൂടെ നല്‍കിയും ഈ വേനലില്‍ നാം ജലദാരിദ്ര്യത്തെ നേരിടേണ്ടതുണ്ട്. വിശുദ്ധ ഖുര്‍ആനും പ്രവാചകനും നിര്‍ദേശിച്ച വഴിയെ സഞ്ചരിച്ചാല്‍ വിശ്വാസികള്‍ക്ക് ജലസംരക്ഷണത്തില്‍ ഒട്ടും ആശങ്കപ്പെടേണ്ടതില്ല. കേവലം ഇഹലോക നന്മ മാത്രമല്ല, പാരത്രിക പുണ്യം ലഭിക്കുന്ന കാര്യം കൂടിയാണ് ജലസംരക്ഷണമെന്ന വിശ്വാസത്തില്‍ യാതൊരു മടിയും കൂടാതെ അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നിട്ടിറങ്ങാനും ഉപയോഗത്തില്‍ കരുതല്‍ പുലര്‍ത്താനുമാണ് നാം ശ്രമിക്കേണ്ടത്.

മുബശ്ശിര്‍ മുഹമ്മദ്‌

You must be logged in to post a comment Login