നമുക്ക് നല്ല ഒരു വരള്‍ച്ച തന്നെയാണ് വേണ്ടത്

നമുക്ക് നല്ല ഒരു വരള്‍ച്ച തന്നെയാണ് വേണ്ടത്

രാജ്യാന്തര പ്രശസ്തനായ കാര്‍ഷികഗ്രാമീണ വിദഗ്ധനായ പി സായിനാഥിന്റെ ഒരു പുസ്തകത്തിന്റെ പേര് തന്നെ ‘ഒരു നല്ല വരള്‍ച്ച ആരാണ് ആഗ്രഹിക്കാത്തത്?’ എന്നാണ്. ഇത് ഉത്തരഭാരതത്തെക്കുറിച്ചാണ്. ഇവിടെയും അത് തന്നെയല്ലേ സ്ഥിതി? ജലസ്രോതസ്സുകള്‍ നശിപ്പിക്കുന്നത് പണം സമ്പാദിക്കാനുള്ള അത്യാര്‍ത്തി കൊണ്ടാണ്. വരള്‍ച്ചയോ വെള്ളപ്പൊക്കമോ കൊടുങ്കാറ്റോ സുനാമിയോ ഉണ്ടായാല്‍ അതില്‍ നിന്നും ലാഭം ഉണ്ടാക്കാന്‍ കഴിയുമെന്ന് കരുതുന്നവര്‍ നമ്മുടെ ഭരണകര്‍ത്താക്കളായാല്‍ പിന്നെ ആരുണ്ട് നമ്മെ രക്ഷിക്കാന്‍?

കടുത്ത വരള്‍ച്ച വരുമ്പോള്‍ വെള്ളത്തെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും ഉച്ചത്തില്‍ പ്രസംഗിക്കുകയും, അക്കാലത്തുപോലും ജലം എന്നതിനെ ശരിയായി മനസിലാക്കാതിരിക്കുകയും ചെയ്യുന്ന ഒരു ജനസമൂഹമാണ് കേരളത്തിലേത്. സര്‍വ സാക്ഷരര്‍ എന്ന് അഭിമാനിക്കുമ്പോഴും ജീവന്റെ അടിസ്ഥാനഘടകമായ ജലത്തെക്കുറിച്ചു തീര്‍ത്തും നിരക്ഷരരായിരിക്കുകയും ചെയ്യുന്നവരാണ് നമ്മള്‍. പോയ നൂറ്റാണ്ടിന്റെ അവസാനവര്‍ഷങ്ങള്‍ മുതല്‍ തന്നെ കേരളത്തിലെ ജലപ്രതിസന്ധിയെക്കുറിച്ച് വേവലാതിപ്പെട്ടിരുന്ന പലരില്‍ ഒരാളാണ് ഈ ലേഖകനും. ‘പെരുമഴയത്തും വെള്ളം കുടിക്കാതെ മരിക്കുന്ന മലയാളി’ എന്നത് അന്ന് ഞാന്‍ എഴുതിയ ഒരു ലേഖനത്തിന്റെ തലക്കെട്ടായിരുന്നു. ഇപ്പോള്‍ തിരുവാതിര ഞാറ്റുവേലയിലും പെരിയാറിന്റെയോ പമ്പയുടെയോ പേരാറിന്റെയോ തീരത്തുള്ളവര്‍ പോലും കുപ്പിവെള്ളം വാങ്ങി കുടിക്കുമെന്നു രണ്ട് പതിറ്റാണ്ട് മുമ്പ് നമുക്ക് ആലോചിക്കാന്‍ കൂടി കഴിയുമായിരുന്നില്ല. അതുകൊണ്ടാണ് 2002 ല്‍ പ്ലാച്ചിമടയില്‍ നാല് ആദിവാസി സ്ത്രീകള്‍ കൊക്കകോള കമ്പനിക്കെതിരെ സമരമിരുന്നപ്പോള്‍ സാക്ഷരകേരളത്തിലെ മുഖ്യധാരകക്ഷികള്‍ അതിന്റെ പൊരുളറിയാന്‍ ഒന്‍പതു മാസം എടുത്തതും. ദശ ലക്ഷക്കണക്കിന് ലിറ്റര്‍ ഭൂഗര്‍ഭജലം ദിനം പ്രതി ഊറ്റി എടുത്ത് നിറവും വിഷവും ചേര്‍ത്തും ചേര്‍ക്കാതെയും സിനിമ ക്രിക്കറ്റ് താരങ്ങളുടെ ചിത്രത്തോടെ ബഹുരാഷ്ട്രക്കമ്പനികള്‍ വില്‍ക്കുന്ന പദ്ധതിക്ക് അനുമതി നല്‍കിയത് തെറ്റാണെന്നു ഇടതു വലതു സര്‍ക്കാരുകള്‍ക്ക് തോന്നാതിരുന്നതും. (ഇപ്പോഴും അവര്‍ക്കതു തോന്നുന്നില്ല. പാലക്കാട് ജില്ലയില്‍ തന്നെ പെപ്‌സി കമ്പനിയും മറ്റു നിരവധി മദ്യകമ്പനികളും യഥേഷ്ടം മലമ്പുഴയിലെ കുടിവെള്ളമൂറ്റുന്നതിനെ തടയാന്‍ സര്‍ക്കാരുകള്‍ ശ്രമിക്കുന്നില്ലല്ലോ.)

ഭൂമിയും ജലവും തമ്മിലുള്ള ബന്ധം നമ്മുടെ ശരീരവും രക്തവും തമ്മിലുള്ള ബന്ധം തന്നെയാണെന്ന പ്രാഥമിക ജ്ഞാനമാണ് നമുക്കില്ലാതെ പോയത്. അതുകൊണ്ട് തന്നെയാണ് ജലത്തെ നശിപ്പിക്കുന്ന ഒരു പദ്ധതി തെറ്റാണെന്നു പറയുമ്പോള്‍ നമുക്ക് മനസ്സിലാകാത്തതും. ശരീരത്തിലെ രക്തവും ഭൂമിയിലെ ജലവും അളവില്‍ പരിമിതമാണ്. മനുഷ്യന്റെ ശരീരത്തില്‍ രക്തം കുറവായാല്‍ മറ്റൊരാളില്‍ നിന്നെടുക്കാം. പക്ഷെ ഭൂമിയില്‍ ജലം കുറഞ്ഞാല്‍ എവിടെ നിന്ന് എടുക്കും? ശരീരത്തില്‍ എവിടെ ജീവന്‍ ഉണ്ടോ അവിടെയെല്ലാം രക്തവും ഉണ്ടാകും. അതുപോലെ ഭൂമിയില്‍ എവിടെ ജീവന്‍ നിലനില്‍ക്കണമെങ്കിലും അവിടെയെല്ലാം ജലം വേണം. രക്തം പോലെ ജലം നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കണം. കെട്ടിനിന്നാല്‍ കേടാകും. രണ്ടും സ്വാഭാവികമായി ഒഴുകണം. അല്ലാതെ വന്നാല്‍ അത് പ്രകൃതിയെ ബാധിക്കും. ഒഴുകുമ്പോള്‍ രക്തമെന്ന പോലെ പോകുന്ന വഴിയിലെല്ലാം ഒട്ടനവധി ജൈവ പ്രവര്‍ത്തനങ്ങള്‍ നടത്തിക്കൊണ്ടിരിക്കും. ശരീരത്തിന്റെ എല്ലാ ഭാഗത്തും പ്രാണവായുവും ഭക്ഷണവും എത്തിക്കുന്നതും അവിടെ നിന്ന് മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതും രക്തമാണ്. ജലവും അത് തന്നെ ചെയ്യുന്നു. ഒരു നീര്‍ച്ചാല്‍ ഒഴുകുമ്പോള്‍ അതിനു ചുറ്റുമുള്ള സസ്യജീവജാലങ്ങളെ അത് ജീവനുള്ളതാക്കുന്നു. ഒരു നീര്‍ച്ചാലിന് പകരം പൈപ്പിലൂടെയാണ് വെള്ളം പോകുന്നതെങ്കില്‍ അതിനു ചുറ്റുമുള്ള ജീവന് അതൊരു സഹായമാകുന്നില്ല. മനുഷ്യശരീരത്തിലെ ഒന്നോ രണ്ടോ പ്രധാന രക്തക്കുഴലുകള്‍ അടഞ്ഞു പോയി പകരം ബൈപാസുകള്‍ വച്ചാല്‍ ആ ശരീരം ദുര്‍ബലമാണെന്ന് നാം പറയും. ഭൂമിയിലെ ജലപാതകള്‍ മുഴുവന്‍ ബൈപാസ് ചെയ്താല്‍ അഥവാ പൈപ്പ് വഴി ആക്കിയാല്‍ അത് പോകുന്ന വഴിയെല്ലാം മരുവല്‍കരിക്കപ്പെടും. വെള്ളം വെറുതെ ഒഴുകി കടലില്‍ പോകുന്നു എന്ന് പരിതപിക്കുന്നവര്‍ ജലവും സമുദ്രവും അതിലെ ആവാസവ്യവസ്ഥയും സംബന്ധിച്ച് ഒരു ജ്ഞാനവും ഇല്ലാത്തവരാണെന്നു പറയേണ്ടിവരും. നമ്മുടെ സമ്പദ്ഘടനക്കും ഭക്ഷണത്തിനും ആരോഗ്യത്തിനുമെല്ലാം നിര്‍ണായകമായ ഒന്നാണ് സമുദ്രം എന്നതും ആ സമുദ്രത്തിലേക്ക് ഭൂമിയിലെ ജലം ഒഴുകി ചെന്നില്ല എങ്കില്‍ അതിനു നാശം സംഭവിക്കും എന്നും നാം അറിയുന്നുവോ?

കേരളത്തില്‍ ഇത്ര വലിയ തോതില്‍ വരള്‍ച്ച അനുഭവപ്പെടുന്നതെന്തുകൊണ്ട് എന്ന് നാം സത്യസന്ധമായി വിലയിരുത്താന്‍ തയാറായിട്ടുണ്ടോ എന്ന് സംശയമാണ്. ഇത് ചെയ്യാന്‍ പൊതുസമൂഹത്തിനും സര്‍ക്കാറുകള്‍ക്കും അവയെ നയിക്കുന്ന രാഷ്ട്രീയകക്ഷികള്‍ക്കും കഴിഞ്ഞിട്ടുണ്ടോ? ശരീരത്തിന്റെ ആരോഗ്യനില അറിയാനുള്ള പ്രധാന ഉപാധി രക്തപരിശോധനയാണല്ലോ. രക്തക്കുറവോ അതില്‍ അളവില്‍കൂടിയ മാലിന്യങ്ങളോ ഉണ്ടെങ്കില്‍ ആ ശരീരം രോഗാതുരമാണെന്നു മനസിലാക്കാന്‍ കഴിയും. അതുപോലെ തന്നെ ഒരു ഭൂഭാഗത്തെ ജലം ശുദ്ധമല്ലെങ്കില്‍ അവിടം ആവാസയോഗ്യമല്ല. മനുഷ്യന്‍ പൈപ്പിലോ കുപ്പിയിലോ വെള്ളം കൊണ്ടുവന്നേക്കാം. എന്നാല്‍ ആ പ്രദേശത്തെ സസ്യജീവജാലങ്ങള്‍ എങ്ങനെ നില നില്‍ക്കും? അവയൊന്നുമില്ലെങ്കിലും നമുക്ക് ജീവിക്കാനാകും എന്ന് ആരെങ്കിലും കരുതുന്നു എങ്കില്‍ അവര്‍ പ്രാഥമിക ജീവശാസ്ത്രം അറിയാത്തവരാണ്. നിരക്ഷരരാണ്. നമ്മുടെ മഴയുടെ അളവില്‍ കുറവുണ്ട്, വിന്യാസത്തില്‍ വ്യത്യാസമുണ്ട്. കാലാവസ്ഥാമാറ്റം എന്നത് ഒരു യാഥാര്‍ത്ഥ്യമായി ട്രംപിനെപോലെ കുറച്ചു പേരൊഴികെ മറ്റെല്ലാവരും അംഗീകരിച്ചിട്ടുണ്ട്. പക്ഷെ അതിനെ മുന്നില്‍ കണ്ട് നയങ്ങള്‍ മാറ്റാന്‍ തയാറായില്ലെങ്കില്‍ നമ്മളും ട്രംപും തമ്മില്‍ എന്ത് വ്യത്യാസം? ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് ഞങ്ങളെപ്പോലെ ചിലര്‍ ഉന്നയിച്ച ഒരു ചോദ്യമുണ്ട്. ഒരു മുന്നണിയും അവരുടെ പ്രകടനപത്രികയില്‍ കാലാവസ്ഥാമാറ്റം എന്ന പ്രശ്‌നം എന്തുകൊണ്ട് പരിഗണിച്ചിട്ടേയില്ല എന്നതായിരുന്നു ആ ചോദ്യം. ഇനി വരുന്ന വര്‍ഷങ്ങളില്‍ നമ്മുടെ വികസന നയങ്ങള്‍ തീരുമാനിക്കുന്നത് കാലാവസ്ഥ ആയിരിക്കും എന്നത് ഇവര്‍ ആരും മനസിലാക്കാത്തത് എന്തുകൊണ്ട്? ഇതൊരു കേവല മറവിയുടെ പ്രശ്‌നമല്ല. ആ സത്യം അംഗീകരിച്ചാല്‍ നാം നാളിതുവരെ തുടര്‍ന്ന് പോന്ന സാമ്പത്തിക വികസനനയങ്ങള്‍ മാറ്റേണ്ടി വരും. ഇത് തന്നെയാണ് ട്രംപിന്റെ പ്രശ്‌നവും. അദ്ദേഹം അത് തുറന്നു പറയുന്നു, ഇവര്‍ മറച്ചു പിടിക്കുന്നു എന്ന് മാത്രം.

ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനോടുള്ള ഇവരുടെ പ്രതികരണങ്ങളില്‍ നിന്ന് തന്നെ ഇക്കാര്യം വ്യക്തമായിരുന്നു. കേരളത്തിന്റെ ജലഗോപുരമാണ് പശ്ചിമഘട്ടം എന്ന് ഉറക്കെ വിളിച്ചു പറഞ്ഞ മാധവ് ഗാഡ്ഗിലിന്റെ കാലു തല്ലി ഒടിക്കണം എന്നും അദ്ദേഹം തയാറാക്കിയ റിപ്പോര്‍ട്ട് കടലില്‍ എറിയണമെന്നും ആവശ്യപ്പെട്ടവരാണ് നമ്മുടെ മിക്ക രാഷ്ട്രീയകക്ഷികളും. അതില്‍ ഭരണ പ്രതിപക്ഷ വ്യത്യാസം ഉണ്ടായിരുന്നില്ല. കര്‍ഷകരെ കൂട്ടത്തോടെ കുടിയിറക്കുമെന്നുള്ള ഭീതി പരത്തി എല്ലാവിധ കയ്യേറ്റ മാഫിയകള്‍ക്കും വേണ്ടി ഇവരെല്ലാം മത്സരിച്ചു കളിച്ചു; ഗാഡ്ഗില്‍ റിപ്പോര്‍ട്ടിന്റെ അന്തസത്ത തകര്‍ക്കുന്ന കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടും പിന്നീട് എല്ലാ കയ്യേറ്റങ്ങള്‍ക്കും സാധുത നല്‍കുന്ന ഉമ്മന്‍ വി ഉമ്മന്‍ റിപ്പോര്‍ട്ടുമായി. കേരളത്തില്‍ ഏറ്റവുമധികം മഴ ലഭിക്കുന്നത് പശ്ചിമഘട്ടത്തിലാണ്. അവിടുത്തെ ഭൂഘടനയും ജൈവ വൈവിധ്യവും നീര്‍ത്തടങ്ങളും സംരക്ഷിക്കാതെ കേരളം ജല സമൃദ്ധമാകില്ല. പക്ഷെ അതിനൊന്നും ഒരു മുന്‍ഗണനയും നല്‍കാതെ സര്‍വവും വിറ്റു പണമാക്കി ആ പണം കൊണ്ടു സുഖവും സന്തോഷവും നേടാം എന്ന് കരുതുന്നവരായിപ്പോയി നമ്മെ ഭരിക്കുന്നവര്‍.
പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ചും ഹരിതമിഷനെക്കുറിച്ചുമൊക്കെ വാതോരാതെ സംസാരിക്കുന്നുണ്ട്. ശരി തന്നെ. പക്ഷെ അതെല്ലാം ഉപരിപ്ലവവും ഫലത്തില്‍ കാപട്യവുമാകുന്നു എന്നതാണ് സത്യം. നമ്മുടെ നാല്പത്തിനാല് നദികളില്‍ ഒന്ന് പോലും ഒഴുകുന്നില്ല. അല്‍പം ജലം വരുന്നിടത്തെല്ലാം നാം അണകെട്ടി. അണക്കെട്ട് ജലക്ഷാമം തീര്‍ക്കും എന്ന് ചെറിയ ക്ലാസില്‍ നാം പഠിച്ചിട്ടുണ്ട്. എന്നാല്‍ കേരളത്തില്‍ ഏറ്റവുമധികം അണക്കെട്ടുകള്‍ ഉള്ള പാലക്കാട് ജില്ലയാണ് ഏറ്റവും കടുത്ത വരള്‍ച്ചക്കിരയാകുന്നത്. ഒരുവശത്ത് പരിസ്ഥിതി സംരക്ഷണത്തെ പറ്റി പറയുമ്പോഴും മറ്റൊരിടത്ത് കുന്നുകള്‍ നിരന്തരം ഇടിച്ചുകൊണ്ടിരിക്കുന്നു, മലകള്‍ തുരന്നുകൊണ്ടേയിരിക്കുന്നു, പാടങ്ങളും തണ്ണീര്‍തടങ്ങളും നികത്തിക്കൊണ്ടിരിക്കുന്നു, അവശേഷിക്കുന്ന പച്ചപ്പും അരിഞ്ഞുകൊണ്ടേയിരിക്കുന്നു, പുഴകളിലേക്കും നീര്‍ചാലുകളിലേക്കും നിരന്തരം മാലിന്യങ്ങള്‍ ഒഴുക്കിക്കൊണ്ടേയിരിക്കുന്നു, കയ്യേറ്റങ്ങള്‍ നിര്‍ബാധം തുടരുന്നു, കീടനാശിനികള്‍ വ്യാപിച്ചുകൊണ്ടേയിരിക്കുന്നു. അങ്ങനെ പലതും നടക്കുന്നു. ആരും ഇത് തടയുന്നില്ല. തടയുന്ന പ്രാദേശിക ജനതക്കെതിരെ ഭരണകൂടശക്തി പ്രയോഗിക്കപ്പെടുന്നു. നിയമം ലംഘിക്കുന്നവരെയല്ല അത് പാലിക്കണം എന്നാവശ്യപ്പെടുന്നവരെയാണ് സര്‍ക്കാര്‍ ശിക്ഷിക്കുന്നത്. ഇപ്പോള്‍ കീഴാറ്റൂരിലെ അവശിഷ്ട നെല്‍വയല്‍ കൂടി ഇല്ലാതാക്കിയാലേ തളിപ്പറമ്പിലെ ഗതാഗതപ്രശ്‌നം തീരൂ എന്ന് വാദിക്കുകയാണ്. മണ്ണിന്റെ മനസറിഞ്ഞ ജാനകി ചേച്ചിയും വയല്‍കിളികളും ജീവന്മാരണപോരാട്ടത്തിലാണ്. അതിരപ്പിള്ളിയില്‍ അണകെട്ടി വനം മുക്കി, ആദിവാസികളെ തുരത്തിയില്ലെങ്കില്‍ കേരളം ഇരുട്ടിലാകുമത്രെ. വിനാശമാണെന്നുറപ്പുള്ള വികസനങ്ങള്‍ക്ക് വേണ്ടി ഭരണകൂടം പോലീസിനെയും രാഷ്ട്രീയകക്ഷികളെയും ഉപയോഗിക്കുന്നു. ഓരോ വര്‍ഷവും ജൂണ്‍ അഞ്ചിന് സര്‍ക്കാരും സന്നദ്ധ സംഘടനകളും രാഷ്ട്രീയകക്ഷികളും മത്സരിച്ചു നടുന്ന വൃക്ഷത്തൈകള്‍ക്ക് എന്ത് സംഭവിക്കുന്നു എന്ന് മാത്രം നോക്കിയാല്‍ മതി.
മഴയായി ലഭിക്കുന്ന ജലം മണ്ണിലേക്കിറങ്ങാന്‍ നാം അനുവദിക്കില്ല. അങ്ങനെ വെള്ളവും താഴേക്കിറക്കി മലനിരകളിലും സമതലങ്ങളിലും തീരങ്ങളിലും വരെ ജലം സമൃദ്ധമായി ചുരത്തിയിരുന്ന സംവിധാനങ്ങളാണ് നാം നശിപ്പിച്ചത്. പക്ഷെ ഇതിനെ ചോദ്യം ചെയ്താല്‍ ഉടനെ മറുചോദ്യം വരും, മണ്ണിനും പാറക്കും മണലിനും ഒക്കെ ബദല്‍ എന്ത് എന്ന്? ഖനനവും കയ്യേറ്റവും നിരോധിച്ചാല്‍ വികസനം എങ്ങനെ നടക്കുമെന്ന്. ഇപ്പറഞ്ഞവയെല്ലാം ജീവിതത്തില്‍ വല്ലപ്പോഴും മാത്രം വേണ്ടവയാണ്. അവക്കല്‍പം വിലകൂടിയാലും സഹിക്കാം. പക്ഷെ അനുനിമിഷം നമ്മുടെ നിലനില്പിനാവശ്യമായ ജലത്തിന് ക്ഷാമമുണ്ടായാല്‍ അതിനെന്തു ബദല്‍ എന്ന മറുചോദ്യത്തിനു ആര്‍ക്കും ഉത്തരമില്ല. വെള്ളത്തിനു ലിറ്ററിന് 20 രൂപയായതില്‍ ഒരു കക്ഷിക്കും മതവിശ്വാസികള്‍ക്കും യാതൊരു ഉത്കണ്ഠയുമില്ല. മനുഷ്യന്‍ എങ്ങനെയെങ്കിലും പണമുണ്ടാക്കി ജലം വാങ്ങിയേക്കാം. മേല്‍പറഞ്ഞ വികസനമെന്ന കൊള്ളയുടെ ഒരു പങ്കു കിട്ടുന്ന കുറെ മനുഷ്യരുണ്ടല്ലോ. പക്ഷെ പണമെന്നാല്‍ എന്താണെന്ന് പോലുമറിയാത്ത സസ്യജീവജാലങ്ങള്‍ക്കു എങ്ങനെ വെള്ളം കിട്ടും? ഭൂമിയിലെ സസ്യജീവജാലങ്ങള്‍ ഇല്ലാതായാല്‍ മനുഷ്യന് നിലനില്‍ക്കാന്‍ കഴിയില്ലെന്ന സത്യം ശാസ്ത്രീയമായി നമുക്കറിയാം. പക്ഷെ ആ അറിവ് സ്വന്തം ജീവിതത്തില്‍ പ്രയോഗിക്കാന്‍ കഴിയാതെ വരുന്നതെന്തു കൊണ്ട്?

ഇന്നത്തെ ഭരണക്കാരുടെ പ്രകടനപത്രികയില്‍ പറഞ്ഞ രണ്ട് കാര്യങ്ങള്‍ ഇവിടെ ഓര്‍മിപ്പിക്കട്ടെ. അധികാരം കിട്ടിയാല്‍ ആറു മാസങ്ങള്‍ക്കകം നടപ്പിലാക്കുമെന്ന് വാഗ്ദാനം ചെയ്തവയാണത്. കേരളത്തിന്റെ പാരിസ്ഥിതികാവസ്ഥ സംബന്ധിച്ച് ഒരു ധവളപത്രം ഇറക്കും എന്നതായിരുന്നു ആദ്യത്തേത്. അതിനെ പറ്റി ഇപ്പോള്‍ ആരും ഒന്നും പറയുന്നില്ല. അത് വന്നാല്‍ പിന്നെ ഇന്ന് നടക്കുന്ന കൊള്ളകള്‍ പലതും നിര്‍ത്തേണ്ടി വരും. നെല്‍വയല്‍ തണ്ണീര്‍തട നിയമം നടപ്പിലാക്കാന്‍ വേണ്ട ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കും എന്നതായിരുന്നു മറ്റൊന്ന്. കേരളത്തിന്റെ പാരിസ്ഥിതിക ഘടനയും ജലലഭ്യതയും സംരക്ഷിക്കുന്നത് പ്രധാനമായതിനാലാണ് എല്ലാവരും ചേര്‍ന്ന് 2008ല്‍ നിയമം പാസാക്കിയത്. ഒമ്പതു വര്‍ഷമായിട്ടും നിയമം നടപ്പിലായില്ല. അതില്‍ വെള്ളം ചേര്‍ക്കാന്‍ ഇരുമുന്നണികളും നിരവധി ശ്രമങ്ങള്‍ നടത്തി. ഇപ്പോള്‍ എല്ലാ നികത്തലുകളും സാധൂകരിക്കാനുള്ള വഴിയും തെളിഞ്ഞിരിക്കുന്നു. വയലുകളും തണ്ണീര്‍തടങ്ങളും നികത്തിക്കൊണ്ടേയിരിക്കുന്നു. ഇവ ഒട്ടും തന്നെ ഇല്ലാതായാല്‍ മാത്രമേ ഡാറ്റാ ബാങ്ക് അംഗീകരിക്കൂ എങ്കില്‍ പിന്നെ അതിനെന്തര്‍ത്ഥം? ഇനി വികസനവും പരിസ്ഥിതിയും എന്ന് ഒരുമിച്ചു പറയുന്നത് തന്നെ കാപട്യമാണ്. എല്ലാവര്‍ക്കും വെള്ളം കിട്ടാന്‍ പോലും കഴിയാത്ത കാലത്ത് എന്താണ് വികസനം? ടാങ്കര്‍ ലോറികളില്‍ ഒട്ടും തന്നെ ശുദ്ധമല്ലാത്ത വെള്ളം എത്തിക്കുന്നതിനെ വികസനം ആയി കാണണമോ?

കേരളത്തില്‍ ഏറ്റവുമധികം വികസിതമെന്നു പറയുന്ന കൊച്ചിയിലും അതിനു ചുറ്റുമുള്ള പ്രദേശങ്ങളിലുമായി അരക്കോടി മനുഷ്യര്‍ക്കും അനേക കോടി സസ്യജീവജാലങ്ങള്‍ക്കും ജീവജലമായ പെരിയാറിലേക്ക് എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് വിഷമൊഴുക്കുന്നവരെ സംരക്ഷിക്കാനും അവര്‍ക്ക് തന്നെ എല്ലാ വര്‍ഷവും മികച്ച പരിസ്ഥിതി സംരക്ഷകര്‍ക്കുള്ള അവാര്‍ഡ് തരപ്പെടുത്താനും മത്സരിക്കുന്നത് യൂണിയന്‍, രാഷ്ട്രീയ നേതാക്കളും ഉദ്യോഗസ്ഥരുമാണ്. പെരിയാറിനെ സംരക്ഷിക്കണമെന്നും സുപ്രീം കോടതി വിധിയെങ്കിലും പാലിക്കണം എന്നും പറയുന്നവര്‍ ഭീകരവാദികളും രാജ്യദ്രോഹികളുമാകുന്നു. പ്രചാരണങ്ങള്‍ കൊണ്ടോ ബോധവല്‍കരണം കൊണ്ടോ ഇനി ഒന്നും സംഭവിക്കില്ല. നിയമങ്ങള്‍ എങ്കിലും പാലിക്കും എന്ന് ഉറപ്പാക്കാന്‍ കഴിയാത്ത അഥവാ അതിനുശ്രമിക്കാത്ത ഭരണകൂടങ്ങളുടെ രാഷ്ട്രീയം ജനങ്ങള്‍ തിരിച്ചറിയുന്നത് വരെ ഇത് തുടരും. ഒരു പക്ഷെ നാമെല്ലാം ഒരു ദുരന്തത്തിനായി കാത്ത് നില്‍ക്കുകയാകും? ദുരന്തം വന്നാലും അതില്‍ നിന്നും ലാഭം കിട്ടുന്നവരാകും അധികാരികള്‍.

സി ആര്‍ നീലകണ്ഠന്‍

You must be logged in to post a comment Login